കെ. ആര്‍. മോഹനന്‍ എന്ന പ്രതിഭാശാലിയായ ചലച്ചിത്രകാരന്‍ ഞങ്ങള്‍ക്കെല്ലാം
മോഹനേട്ടനാണ്‌. മോഹനേട്ടനെ അറിയുന്നവരൊക്കെ അദ്ദേഹത്തെ അങ്ങിനെയാണ്
വിളിക്കുക. വളരെ അപൂര്‍വ്വമായി കാണുന്ന സൌഹൃദത്തിന്‍റെയും എളിമയുടേയും ഈഗോ ഇല്ലായ്മയുടേയും ഒരു സൌഹൃദത്തണല്‍ ആയിരുന്നു മോഹനേട്ടന്‍. മലയാള സിനിമയിലെ എഴുപതുകളിലും എണ്‍പതുകളിലും രൂപപ്പെട്ട നവസിനിമയുടെ
സൌഹൃദക്കൂട്ടായ്മയിലെ മഹാസാന്നിധ്യങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹം. അരവിന്ദന്‍, പി.എ.ബക്കര്‍, പവിത്രന്‍, ചിന്തരവി, ബാങ്ക് രവി, പത്മകുമാര്‍, കെ.ആര്‍. മോഹനന്‍ അങ്ങനെ എല്ലായ്പ്പോഴും ഒരുമിച്ചുണ്ടായിരുന്ന സൌഹൃദത്തിന്റെയും സര്‍ഗ്ഗാത്മകതയുടേയും
വന്മരത്തിന്റെ ചില്ലകള്‍ കരിഞ്ഞുവീണ് ഭൂമിയിലേക്ക്‌ തന്നെ മടങ്ങി. ഇനി അക്കാലത്തിന്റെ സൌഹൃദ സാന്നിധ്യങ്ങളായി അവശേഷിക്കുന്നത് കുറച്ചുമാത്രം. ഈ സൌഹൃദത്തിന്റെ
ഭാഗമായ ഓരോരുത്തരും സ്വന്തം സിനിമ ചെയ്യുമ്പോള്‍ അത് മറ്റുള്ളവരുടേയും കൂടി സിനിമയായി മാറുന്ന ഒരു മാന്ത്രികബന്ധം ഉണ്ടായിരുന്നു.

vkj2

മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന സിനിമകള്‍ ആണ് മോഹനേട്ടന്റെ മൂന്ന് സിനിമകളും. അക്കാലത്തിന്റെ സൌഹൃദക്കൂട്ടായ്മയുടെ സ്മാരകങ്ങളും കൂടിയാണ് ആ സിനിമകള്‍. മാടമ്പ് കുഞ്ഞുകുട്ടന്റെ പ്രശസ്തമായ നോവല്‍ “അശ്വത്ഥാമാവു്” ചലച്ചിത്രാവിഷ്കാരം നിര്‍വ്വഹിച്ചുകൊണ്ട് മലയാളത്തിന് ചലച്ചിത്രഭാഷയുടെ വ്യാകരണവും സൌന്ദര്യബോധവും തികഞ്ഞ ഒരു സിനിമ നല്‍കുകയായിരുന്നു അദ്ദേഹം
ചെയ്തത്. 1978ല്‍ ആയിരുന്നു അത്. തീവ്രവിപ്ലവാദര്‍ശങ്ങളുടേയും അസ്തിത്വവാദത്തിന്‍റെയും ബ്രാഹ്മണ്യമൂല്യങ്ങളുടേയും നാരുകള്‍ കൂട്ടിപ്പിരിഞ്ഞു
മുറുകിയ, അറുപതുകളിലേയും എഴുപതുകളിലേയും കേരളീയ യുവത്വത്തിന്‍റെ സഞ്ചാരം കൂടിയാണീ സിനിമ. പ്രധാന കഥാപാത്രമായ കുഞ്ഞുണ്ണിയായി മാടമ്പ്
തന്നെയാണ് അഭിനയിച്ചത്. സുകുമാരനെ ആയിരുന്നു ആദ്യം നായകനായി തീരുമാനിച്ചിരുന്നതെങ്കിലും ചിത്രീകരണത്തിന് തൊട്ടുമുന്‍പ് അദ്ദേഹം പിന്മാറി. പെട്ടെന്ന് അക്കാലത്ത് സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായിരുന്ന
സൌഹൃദക്കൂട്ടായ്മയാണ് സുകുമാരന് പകരം മാടമ്പ് അഭിനയിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്. പി.ടി.കുഞ്ഞുമുഹമ്മദ് ആയിരുന്നു മുഖ്യനിര്‍മ്മാതാവ്.
“മോഹന്‍ മുഹമ്മദ്‌” എന്ന ബാനറില്‍ ആയിരുന്നു നിര്‍മ്മാണം. മോഹനേട്ടന്റെ മൂന്ന് സിനിമകളുടേയും നിര്‍മ്മാതാവ് കുഞ്ഞുമുഹമ്മദ് തന്നെയായിരുന്നു. ഈ കൂട്ടായ്മകളില്‍ അരവിന്ദന്‍, ടി.വി.ചന്ദ്രന്‍, പവിത്രന്‍, ചിന്ത രവി, വി.കെ.ശ്രീരാമന്‍, ചെലവൂര്‍ വേണു, ബാങ്ക് രവി തുടങ്ങി നിരവധി ആളുകള്‍ എപ്പോഴും ഉണ്ടാകുമായിരുന്നു.
അക്കാലത്ത്, ഈ സൌഹൃദങ്ങളുടെ ചലച്ചിത്രങ്ങളിലൊക്കെ പലരും സ്വന്തം ചിത്രങ്ങളായി കരുതി, സര്‍ഗ്ഗാത്മകമായി ഇടപെട്ടിട്ടുണ്ട്. അരവിന്ദന്‍ പലരുടേയും സിനിമകളുടെ സംഗീതനിര്‍വ്വഹണത്തില്‍ ഇടപെട്ടിട്ടുണ്ട്. അതുപോലെ മോഹനേട്ടന്‍ പല സിനിമകളുടേയും തിരക്കഥ രൂപപ്പെടുത്തുന്നതില്‍ കാര്യമായ സംഭാവനകള്‍
നല്‍കിയിട്ടുണ്ട്. പക്ഷെ അതൊന്നും ടൈറ്റിലുകളില്‍ പേര് പ്രത്യക്ഷപ്പെടുന്ന സഹകരണമായിരുന്നില്ല. സമാനമനസ്കരായ ഓരോരുത്തരും ചെയ്യുന്ന സിനിമകള്‍ തങ്ങളുടേത് കൂടിയാണെന്ന് കരുതുന്ന മനസ്സുകളുടെ കൂടിച്ചേരലും ഐക്യദാര്‍ഢ്യവുമായിരുന്നു അതൊക്കെ.

5070

1987ല്‍ ആണ് രണ്ടാമത്തെ സിനിമയായ “പുരുഷാര്‍ത്ഥം” വരുന്നത്. മനുഷ്യജീവിതങ്ങളുടെ ഗണിതങ്ങളും സൂത്രവാക്യങ്ങളും മുറിയുകയും പിളരുകയും ചെയ്യുന്ന ആത്മീയ, ഭൌതിക തലങ്ങളുടെ സംഘര്‍ഷത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യരെക്കുറിച്ചാണ് “പുരുഷാര്‍ത്ഥം” സംസാരിക്കുന്നത്. കേവലമായ അനുഷ്ടാനങ്ങളുടേയും ആചാരങ്ങളുടേയും ആത്മീയതയിലേക്ക് വഴുതിവീഴാവുന്ന ഒരു പ്രമേയത്തെയാണ് മോഹനേട്ടന്‍ സ്ത്രീയും പുരുഷനും അനുഭവിക്കുന്ന കാമനകളുടെ സന്നിഗ്ദതകള്‍ ആയി രൂപാന്തരപ്പെടുത്തുന്നത്. ഈ സിനിമയില്‍ അശ്വത്ഥാമാവിന്‍റെ
ഭാവനാത്മകമായ ഒരു തുടര്‍ച്ച കാണാനാവും. അതും സൌഹൃദങ്ങളുടെ സുഗന്ധം പരത്തുന്ന
ചലച്ചിത്രസംരംഭമായിരുന്നു. പ്രശസ്ത കഥാകൃത്ത് സി.വി. ശ്രീരാമന്‍റെ “ഇരിക്കപ്പിണ്ഡം” എന്ന കഥയില്‍ നിന്നാണ് “പുരുഷാര്‍ത്ഥം” രൂപം കൊള്ളുന്നത്‌. സുഹൃത്തുക്കള്‍ ബാലേട്ടന്‍ എന്ന് വിളിക്കുന്ന സി.വി ശ്രീരാമന്‍ ഈ സദസ്സുകളിലെ ഒരു സാന്നിദ്ധ്യം ആയിരുന്നു.

1992ല്‍ “സ്വരൂപം” നിര്‍മ്മിക്കപ്പെട്ടു. കേരളീയ സമൂഹത്തിന്റെ അപകടകരമായ പരിണാമത്തെക്കുറിച്ചുള്ള പ്രവചനാത്മകമായ സിനിമയാണത്. പ്രേക്ഷകര്‍ക്ക്‌ തീരെ അന്യമല്ലാത്ത ഒരു ശൈലിയിലൂടെ അവരെ അവര്‍
ജീവിക്കുന്ന വര്‍ത്തമാനാവസ്ഥകളുടെ ചതിക്കുഴികളെപ്പറ്റി ഓര്‍മ്മിപ്പിക്കുന്ന ഒരു സിനിമയാണ് “സ്വരൂപം”. ജീവിതത്തിന്റെ സന്നിഗ്ധതകള്‍ക്കും ദുരിതങ്ങള്‍ക്കുമിടയില്‍ വീണുപോവാതെ, കുടുംബം പോറ്റിയിരുന്ന ഒരു
മനുഷ്യന്‍ എങ്ങിനെയാണ്, എന്തുകൊണ്ടാണ് വംശപാരമ്പര്യത്തിന്‍റെയും കുടുംബപുരാണത്തിന്റേയും ജാതിബോധത്തിന്റെയും “സുവര്‍ണ്ണ” സങ്കല്‍പ്പങ്ങളുടെ
മിഥ്യയില്‍ കുരുങ്ങിയൊടുങ്ങുന്നതെന്ന് ഈ സിനിമ നമ്മോട് പറയുന്നു. മോഹനേട്ടന്റെ മൂന്ന് സിനിമകള്‍ക്കും സംസ്ഥാന-ദേശീയ-അന്തര്‍ദ്ദേശീയ പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിരുന്നു. പതിനഞ്ചില്‍ അധികം ഡോക്യുമെന്ററികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

കണ്ടല്‍ക്കാടുകളെക്കുറിച്ച് ‘വിശുദ്ധ വനങ്ങളും’ കൃഷ്ണന്‍കുട്ടി പൊതുവാളിനെക്കുറിച്ചുള്ള സിനിമയും ദേശീയ പുരസ്കാരങ്ങള്‍ നേടിയതാണ്. അവസാനമായി ചെയ്തത് ഗൌരിയമ്മയെക്കുറിച്ചും എസ് കെ പൊറ്റക്കാടിനെക്കുറിച്ചും ഉള്ള സിനിമകള്‍ ആയിരുന്നു. പ്രേംജിയെക്കുറിച്ചുള്ള ഡോക്യുമെന്ടറിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു ആശുപത്രിയില്‍ ആകുന്നതിനു മുന്‍പുവരെ.
ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്‍റെ ജീവിതം. കേരളത്തിന്‍റെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്കൊപ്പം അദ്ദേഹം എന്നും ഉണ്ടായിരുന്നു. ഫിലിം സൊസൈറ്റിEuro-Arab Foundation bldgspain 058 ഫെഡറെഷന്റെ കേരള ഘടകം വൈസ് പ്രസിടന്റ്റ് ആയി മോഹനേട്ടന്‍ ഒരു സാധാരണ ഫിലിം സൊസൈറ്റി പ്രവര്‍ത്തകനെപ്പോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ സെക്രട്ടറിയായും അദ്ദേഹം വൈസ് പ്രസിടന്റുമായും പലപ്പോഴും കൌണ്‍സില്‍ അംഗങ്ങള്‍ ആയും ഈ പ്രസ്ഥാനത്തിന് വേണ്ടി നിരന്തരം ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ വൈകുന്നേരത്തിലും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയുമൊപ്പം തിരുവനതപുരത്തെ ഓഫിസില്‍ മോഹനേട്ടനും ഉണ്ടാവും. കേരളത്തിലെ മറ്റു ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങളിലെ സ്നേഹസാന്നിധ്യമായി മോഹനേട്ടന്‍ ഞങ്ങള്‍ക്കൊപ്പം നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. ചലച്ചിത്ര മേളകള്‍,ചലച്ചിത്രാസ്വാധന ക്യാമ്പുകള്‍ എന്നിവയ്ക്ക് വേണ്ടി ഏറെ സമയം നീക്കി വച്ചു.
കേരളത്തിലെ ചലച്ചിത്രോല്‍സവങ്ങളുടെ വളര്‍ച്ചയില്‍ മോഹനേട്ടന്റെ സാന്നിധ്യമുണ്ട്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍  ആരംഭിച്ച് പിന്നീട് ചലച്ചിത്ര അക്കാദമിയുടെ രൂപീകരണത്തോടെ
അക്കാദമിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന IFFK യുടെ എല്ലാ എഡിഷനുകളിലും മോഹനേട്ടനും ഉണ്ടായിരുന്നു. 2007 – 11 വര്‍ഷങ്ങളില്‍ അക്കാദമിയുടെ ചെയര്‍മാനായി മോഹനേട്ടനും വൈസ് ചെയര്‍മാനായി ഞാനും പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ അക്കാദമികമായ നിരവധി കാര്യങ്ങള്‍ ആരംഭിക്കുന്നതില്‍ മോഹനേട്ടന്റെ നേതൃത്വവും
പിന്തുണയും ഉണ്ടായിരുന്നു. മേളയെ കൂടുതല്‍ ഗൌരവപൂര്‍ണവും ജനകീയവുമാക്കുന്നതിനൊപ്പം നിരവധി
ചലച്ചിത്രാസ്വാധനപഠനക്യാമ്പുകള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്നതിലും മോഹനേട്ടന്‍ തന്‍റെ പങ്കു വഹിച്ചു.അക്കാദമികമായ ഗവേഷണ പ്രോജക്ട്ടുകള്‍ക്ക് ഫെല്ലോഷിപ്പ് അനുവദിച്ചുകൊണ്ട് നടത്തിയ ഇടപെടലുകളും ടൂറിംഗ് ടാക്കിസ് വിപുലമാക്കുന്നതിന്റെ ഭാഗമായി കണ്ണീരും തൃശൂരും ഓരോ റീജിയണല്‍ സെന്ററുകള്‍ ആരംഭിച്ചതുമൊക്കെ അക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രമാണ്.ചലച്ചിത്ര രംഗത്ത് എനിക്ക് നവീകരണ നിര്‍ദ്ദേശങ്ങള്‍ക്കും ഒപ്പം മോഹനേട്ടന്‍ തര്‍ക്കങ്ങളില്ലാതെ നിലകൊള്ളുമായിരുന്നു.

ഫിലിം ഫെസ്ടിവലിന് ഒരു സ്ഥിരം കോമ്പ്ലക്സ് ഉണ്ടാക്കുന്നതിന്റെയും ചലച്ചിത്ര രംഗത്തും മറ്റു കലാരംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ആരംഭിച്ചത്. വലിയ ബഹളങ്ങളോ മാധ്യമ പരസ്യങ്ങളോ ഇല്ലായിരുന്നു. നിശ്ശബ്ധവും അക്ഷോഭ്യവും ആയ തരത്തിലാണ് മോഹനേട്ടന്‍ പ്രവര്‍ത്തിച്ചത്. നാട്യങ്ങളും ജാടകളും ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്‍റെ ജീവിതം പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് അദ്ദേഹം തന്‍റെ വ്യക്തി ജീവിതത്തിലെ ദുരന്താനുഭവങ്ങളെ മറികടന്നത്. സൌഹൃദങ്ങളുടെ ഒരു നദി മോഹനെട്ടനോപ്പം ഒഴുകിക്കൊണ്ടിരുന്നു. തിരുവനതപുരത്തും തൃശൂരും കോഴിക്കോടും അതിന്റെ ശാഖകള്‍ മോഹനേട്ടനെ പൊതിഞ്ഞു നിന്നു.

ഇടതു പക്ഷത്തിനൊപ്പം എന്നും പതറാതെ നിലകൊണ്ടതിന്റെ ബലം അദ്ദേഹം ഉള്ളില്‍ സൂക്ഷിച്ചു. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഇടതു പക്ഷ ജനാധിപത്യ മുന്നണി നിര്‍മിച്ച പ്രചാരണ ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എന്‍റെ ഉള്ളിലുണ്ട്. ഞങ്ങളുടെ കൂട്ടായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍spain 032 അതിന്റെ തിരക്കഥയെഴുതിയത് മോഹനേട്ടനായിരുന്നു. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്ന്, ആ സിനിമയില്‍ ഉടനീളം ഉണ്ടായിരുന്ന നര്‍മ ബോധമുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും ആയിരുന്നു. അന്ന് ആ സംഘത്തിൽ പി.ടി കുഞ്ഞുമുഹമ്മദ് ,മണിലാൽ, പ്രിയനന്ദൻ എന്നിവരൊക്കെ ഉണ്ടായിരുന്നു. മാമുക്കോയയും കുതിരവട്ടം പപ്പുവും ജോസ് പെല്ലിശ്ശേരിയും സീനത്തും അതിൽ അഭിനേതാക്കൾ ആയിരുന്നു. മോഹനേട്ടനായിരുന്നു ആ സിനിമയുടെ പ്രധാന ശില്പി .കൈരളി ചാനൽ എന്ന ഒരു ആശയവുമായി പിണറായി വിജയന്റെ അടുത്ത് ആദ്യ ചർച്ചയ്ക്ക് പോയത്
പി.ടി കുഞ്ഞുമുഹമ്മദും മോഹനേട്ടനും ഞാനും ആയിരുന്നു. പിന്നീട് അത് പ്രാവർത്തികമാക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ആദ്യകാലത്ത് പ്രോഗ്രാംസ് ഡിവിഷന്റെ ഡയറക്ടർ ആയി മോഹനേട്ടനാണ് പ്രവർത്തിച്ചത്. അങ്ങനെ നിശബ്ദമായി ആരവങ്ങളില്ലാതെ പ്രവർത്തിച്ചതിന്റെ നിരവധി ഓർമ്മകൾ മോഹനേട്ടനെക്കുറിച്ച് രേഖപ്പെടുത്താനുണ്ടാവും. ഇന്ത്യയിലും വിദ്ദേശത്തും ചലച്ചിത്രമേളകളിൽ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചതിന്റെ അനുഭവങ്ങളും നിരവധി പങ്കുവയ്ക്കാനുണ്ട്. ഇനിയും ചെയ്തു തീർക്കാനുള്ള നിരവധി കാര്യങ്ങളും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അഹങ്കാരമില്ലാത്ത കള്ളത്തരമില്ലാത്ത തുറന്ന മനസ്സോടെയാണ് മോഹനേട്ടൻ തന്റെ ജീവിതം ജീവിച്ചു തീർത്തത്.

മോഹനേട്ടനോടൊപ്പം നടത്തിയ യാത്രകൾ എനിക്ക് വേദനയായും ആഹ്ളാദമായും ആശ്വാസമായും വന്നെത്താറുണ്ട്. എല്ലാ യാത്രകളിലും മോഹനേട്ടൻ ഉത്കണ്ഠകളോടെയും ഏറെ കരുതലുകളോടെയും ഭാര്യ രാഗിണിയുടെ കാര്യങ്ങൾ അന്വേഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മോഹനേട്ടന്റെ ശ്രദ്ധയില്ലെങ്കിൽ അവർ പലപ്പോഴും മരുന്ന് കഴിക്കാൻ മറക്കും. അതൊക്കെ എപ്പോഴും മോഹനേട്ടനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എങ്കിലും മറ്റു പലർക്കും സാധ്യമല്ലാത്ത തരത്തില്‍  മോഹനേട്ടൻ അവർക്കൊരു തികഞ്ഞ കാവലാളായി നിന്നു. പക്ഷെ രാഗിണി അപ്രതീക്ഷിതമായി മരണത്തിലേയ്ക്ക് സ്വയം നടന്നു പോയപ്പോൾ മോഹനേട്ടൻ അവസാനിക്കാത്ത നിലവിളിയുടെ തീച്ചൂളകളിലാണ് കുറേ ദിവസങ്ങൾ കഴിഞ്ഞുകൂടിയത്. അപ്പോഴൊക്കെ മോഹനേട്ടന്റെ സൗഹൃദങ്ങൾ അദ്ദേഹത്തിന് കാവലിരുന്നു.

മോഹനേട്ടനെ ഏകാന്തതയുടെ മരുഭൂമിയിലേയ്ക്ക് തള്ളിയിടാതെ സൗഹൃദങ്ങളുടെ കൂട്ടായ്മകളിലേയ്ക്കും അതിന്റെ ആരവങ്ങളിലേയ്ക്കും തിരിച്ചു കൊണ്ടുവരാനായിspain 033 - Copy അദ്ദേഹത്തെ ഫിലിം സൊസൈറ്റി ഫെഡറേഷന്റെ വൈസ് പ്രസിഡണ്ടാക്കി. പ്രാദേശിക ചലച്ചിത്രമേളകളിലേയ്ക്കും ചലച്ചിത്രാസ്വാദന ക്യാംപുകളിലേയ്ക്കും മോഹനേട്ടൻ ഞങ്ങൾക്കൊപ്പം സഞ്ചരിച്ചു. ഇന്ത്യയിലും വിദേശത്തും മോഹനേട്ടനോടൊപ്പം ഞാൻ ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എല്ലാ വർഷവും നവംബർ മാസത്തിൽ ഗോവ ഫിലിം ഫെസ്റ്റിവലിലേയ്ക്കുള്ള യാത്രകളിൽ മോഹനേട്ടൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു; പ്രശസ്തനായ ചലച്ചിത്രകാരണനാണെന്നോ ചലച്ചിത്ര അക്കാദമി ചെയര്മാന് ആണെന്നോ ഭവിക്കാതെ ഞങ്ങളിലൊരാളായി മോഹനേട്ടൻ ഈ യാത്രകളിൽ മാറും. നേത്രാവതി എക്സ്പ്രെസ്സിൽ തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങി, ഗോവക്ക് അടുത്ത സ്റ്റേഷനായ കർമാലിയിൽ ഇറങ്ങി പല ടാക്ക്സികളിലായി ഞങ്ങൾ സുഹൃത്തുക്കൾ പനാജിയിലെ കാരിത്താസ് ഹോളിഡേയിലേക്കു എത്തുന്നതുവരെയുള്ള അനുഭവങ്ങൾ ഇനി ആവർത്തിക്കുകയില്ലല്ലോ എന്ന സങ്കടത്തിലാണ് ഞങ്ങൾ. മോഹനേട്ടനും ഞാനും ഒരു മുറിയിലായിരിക്കും എപ്പോഴും. ഈ യാത്രയിൽ കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷൻസിൽ നിന്ന് ഓരോ ചെറു നദികൾ പോലെ സുഹൃത് സംഘങ്ങൾ ഈ ട്രെയിനിലേക്കെത്തുമായിരുന്നു. അടുത്ത നവംബറിൽ മോഹനേട്ടനില്ലാത്ത ഒരു ശൂന്യത ഇപ്പോഴേ ഞങ്ങളുടെ ഉള്ളിൽ നിറഞ്ഞിട്ടുണ്ട്. “ലോർക്കയുടെ നഗരത്തിലൂടെ” എന്ന സ്പെയിൻ യാത്രാനുഭവം എഴുതി പ്രസിദ്ധീകരിക്കാൻ ഒരു കാരണക്കാരൻ മോഹനേട്ടനാണു . ഞങ്ങൾ ഒരുമിച്ചു സ്പെയിനിന്റെ തെക്കേ അറ്റത്തുള്ളspain 120 ആന്ഡല്യൂഷൻ പ്രവശ്യയുടെ തലസ്ഥാനമായ ഗ്രാനഡയിലെ ചലച്ചിത്രോത്സാവത്തിൽ പങ്കെടുത്തതും പിന്നീടു രണ്ടു പ്രാവശ്യം ഞാനൊറ്റക്ക് ആഫ്രോ – ഏഷ്യൻ – ലാറ്റിൻ അമേരിക്കൻ ഫെസ്റ്റിവലുകളുടെ കോൺഫറൻസുകളിലും പോയത് കൊണ്ടാണ് ആ പുസ്തകം എഴുതിയത്. ഞങ്ങൾ ഒരുമിച്ചുള്ള യാത്രയും ഫ്ലൈറ്റുകളൊക്കെ സമയക്രമം തെറ്റിച്ചു പറന്നത് കൊണ്ട്, ഞങ്ങൾ ദോഹയിൽ കുടുങ്ങിപോയതും ഞങ്ങളുടെ രണ്ടുപേരുടെ ബാഗുകൾ നഷ്ടപ്പെട്ടതും ഉടുതുണിക്ക് മറുതുണിയില്ലാതെ അലഞ്ഞതും ഒക്കെ പ്രത്യേക അനുഭവങ്ങളാണ്. ഏത് പരിതസ്ഥിതിയിലും മോഹനേട്ടൻ ക്ഷുഭിതനാവാതെ, ഒരു ചിരിയോടെ എല്ലാറ്റിനെയും അഭിമുഖീകരിക്കുമായിരുന്നു. എത്രയോ വട്ടം പലപ്പോഴും മോഹനേട്ടനോട് ഞാൻ ഓരോ പ്രശ്നങ്ങളിൽ ക്ഷുഭിതനായി സംസാരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മോഹനേട്ടൻ ഒരു ചിരിയുടെ പൂനിലാവിൽ എന്നെ തണുപ്പിക്കുമായിരുന്നു.

മോഹനേട്ടന് ആരോടും  ശത്രുതയുണ്ടായിരുന്നില്ല. ആരെക്കുറിച്ചെങ്കിലും മോശം പറയുകയോ അപവാദം പറയുകയോ ചെയ്യുന്നത് ഞങ്ങളാരും കണ്ടിട്ടില്ല. ഒരു നല്ല മനുഷ്യനായി എങ്ങനെ ജീവിക്കാം എന്നാണ് മോഹനേട്ടൻ സ്വന്തം ജീവിതത്തിലൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നത്. മോഹനേട്ടനൊരു പുതിയ സിനിമ ചെയ്യാനായി ആലോചനകളും നടത്തുകയും ചില സുഹൃത്തുക്കളുടെ കൂട്ടായ്മ രൂപം കൊടുക്കുകയും kr-mohananചെയ്തപ്പോഴും മോഹനേട്ടന്റെ ഉത്കണ്ഠ ഇവരുടെയൊക്കെ പണം തിരിച്ചുകിട്ടുമെന്നു ഉറപ്പില്ലാത്ത ഒരു സിനിമ ഞാൻ ചെയ്യണോ എന്നാണ്. അങ്ങനെ പലപ്പോഴും മോഹനേട്ടൻ ഉൾവലിയുമായിരുന്നു. മോഹനേട്ടന്റെ വിയോഗം ഇനിയും ഒരു യാഥാർഥ്യമാണെന്ന് ഞങ്ങൾ സുഹൃത്തുക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. ഒരു മാസത്തോളം ആശുപത്രിയിലായിരിക്കുമ്പോൾ കുടുംബത്തോടൊപ്പം സുഹൃത്തുക്കളും കാവലിരുന്നു. സർജറിയുടെ പ്രശ്നങ്ങൾ തീർന്ന് മോഹനേട്ടൻ സാവധാനം തിരിച്ചെത്തുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചു. പക്ഷെ ഉള്ളിലേയ്‌ക്കപ്രത്യക്ഷമായ ഒരു വേദനയും ആഹ്ലാദത്തിന്റെ ഓർമ്മകളും ആയി മോഹനേട്ടൻ കാലത്തിന്റെ ചുവരുകൾക്കപ്പുറത്തേയ്‌ക്ക്‌ നിശബ്ദനായി നടന്നു പോയി.

 

Comments

comments