അരുന്ധതി റോയുടെ മിനിസ്ട്രി ഓഫ് അട്ട്മോസ്റ്റ് ഹാപ്പിനസ്സ് എന്ന പുസ്തകത്തെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം സംബന്ധിച്ച ഒരു ചർച്ചയിൽ ആ പുസ്തകത്തെ വിശദീകരിച്ച് സുഹൃത്തായ ഇ എ സലീം  പല കാര്യങ്ങൾക്കുമൊപ്പം അതിലെ ഒരു രംഗവും വിവരിച്ചു. തന്റെ സ്ത്രീ സ്വത്വത്തെ തൃപ്തിപ്പെടുത്തുന്ന വിധം ഹിജഡയായി ജീവിക്കാൻ തീവ്രമായി ആഗ്രഹിച്ച, ഇസ്ലാംകുടുംബത്തിൽ ജനിച്ച, അതിലെ അഞ്ജും എന്ന മുഖ്യകഥാപാത്രം ഗോധ്ര കലാപത്തിൽ തന്റെ സഹയാത്രികർ വധിക്കപ്പെടുമ്പോൾ തന്നെ മാത്രം ഹിന്ദുവർഗ്ഗീയവാദികൾ കൊല്ലതെ വിട്ടത് താനൊരു ഹിജഡ ആയതുകൊണ്ടാണ് എന്ന് മനസ്സിലാക്കുകയും അതിനുശേഷം തനിക്ക് അത്രമേൽ പ്രിയപ്പെട്ട തന്റെ സ്വത്വം ഉപേക്ഷിച്ച് പുരുഷനായി ജീവിക്കാൻ തീരുമാനിക്കുന്നതുമായ ഒരു സന്ദർഭം. അതേ ചർച്ചയിൽത്തന്നെ മറ്റൊരു സുഹൃത്തായ അനിൽ വെങ്കോട് പരിചയപ്പെടുത്തിയത് ചെർണോബിൽ പ്രെയർ എന്ന പുസ്തകമാണ്. കൊടിയ ആണവാപയത്തിന്റെ അനന്തരഫലങ്ങളും പേറി കണ്ണുകളൊഴികെ മറ്റു നവദ്വാരങ്ങളേതുമില്ലാതെ ജനിച്ച് വീണ കുട്ടിയെ കണ്ട് ആകെത്തകർന്ന് ഇനി ഞാനൊരു കുട്ടിയെ ഗർഭം ധരിക്കില്ല എന്ന് തീരുമാനിക്കുന്ന സ്ത്രീ തുടർന്ന് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് – how could we love each other again after that? എന്തുകൊണ്ടാണെന്റെ കവിത പൂക്കളെക്കുറിച്ച് പാടാത്തതെന്ന നെരൂദച്ചോദ്യം തന്നെ. അതുപോലെതന്നെയുള്ള മറ്റൊരാളാണ് ചുറ്റുപാടുമുള്ള മനുഷ്യരുടെ ദുരന്തങ്ങളിൽ മനംനൊന്ത്, എന്നിട്ടും അവർക്കായി ഒന്നും ചെയ്യാൻ കഴിയാതെപോകുന്നതിലെ തീവ്രമായ നിസഹായതയും നിരാശയും പേറി, അങ്ങനെ ജീവിച്ചിരിക്കുന്നതിലെ അപമാനഭാരത്താൽ, സ്വയം കഥാവശേഷനാകുന്ന ടി വി ചന്ദ്രൻ കഥാപാത്രം.nimn-6

രക്തബന്ധം കൊണ്ട്, സമാനമായ മനുഷ്യാവസ്ഥകൾ കൊണ്ട് സഹോദരരായിരിക്കുക എന്നതൊരു സ്വാഭാവികതയാണു, പ്രകൃതിനിയമമാണു. എന്നാൽ താനുമായി ഒരു ബന്ധവുമില്ലാത്ത ഒരാളോട് താദാത്മ്യം പ്രാപിക്കുക, അയാൾക്ക് താനൊരു സഖാവായിരിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണെന്ന് സാർതൃ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ തർക്കത്തിനിടയ്ക്ക് ആൽബർട്ട് കമുവിനെ ഓർമ്മിപ്പിക്കുന്നുണ്ട്. അപരസ്നേഹം കൊണ്ട് മാത്രം മനുഷ്യൻ സ്വയം ത്യജിക്കുന്ന സ്വന്തം സൗകര്യങ്ങളുണ്ട്, ഏറ്റെടുക്കുന്ന അല്പമാത്രങ്ങളെങ്കിലുമായ ബുദ്ധിമുട്ടുകളുണ്ട്. മുൻപ് പറഞ്ഞ കഥാപാത്രങ്ങളെല്ലാം അസാമാന്യമായ മനുഷ്യസ്നേഹത്തിൽ നിന്നും മറ്റൊരു മനുഷ്യാവസ്ഥയുമായി താദാത്മ്യം പ്രാപിക്കലിലേക്കു വളരുന്ന, സ്വയം കത്തിയമരുന്ന, പ്രതിരോധപ്രഖ്യാപനങ്ങളായി സ്വന്തം ചിതകൾ തെരഞ്ഞെടുക്കുന്ന വ്യക്തികളാണു. തങ്ങളുടെ സ്വത്വങ്ങളിലെയും പ്രവൃത്തികളിലെയും നിസ്സഹായതകളിൽ നിരാശരായി അവകളുടെ അസ്തിത്വങ്ങൾ ഉപേക്ഷിച്ചുകളയുന്ന, ഹോമിക്കുന്ന, ഇവ തങ്ങളുടേതല്ലായെന്നു പറയുന്ന മനുഷ്യർ. ആ ചിതകൾ രാഷ്ട്രീയപരമായി സാഹിത്യത്തിന്റെ, സൃഷ്ടികളുടെ ഉദാത്തമായ ഉത്ബോധന താൽപര്യങ്ങളിൽ നിന്നുള്ളതാണു. എന്നാൽ ദുരന്തങ്ങളുടെ പരാവർത്തനം തോൽവികളെ ശീലമാക്കാനോ തോറ്റു കളയാൻ വേണ്ടിയുള്ള ഉപദേശങ്ങളോ അല്ല. അവകളെ പ്രതിരോധിക്കാനുള്ള ആഹ്വാനങ്ങളാണ്.

നോട്ട് ഇൻ മൈ നെയിം എന്ന പൊതുവായ ഒരു മുദ്രാവാക്യം സ്വീകരിച്ച് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഇക്കഴിഞ്ഞ ദിവസം സാംസ്കാരിക പ്രവർത്തകരടക്കം ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ തെരുവിലിറങ്ങി. കേരളമാധ്യമങ്ങൾ പതിവു പോലെ മറ്റു വിഷയങ്ങൾക്കു പിന്നാലെ പോയി. പൊതുവേ നവസമരങ്ങളെയും പ്രതിരോധങ്ങളെയും പിന്തുണയ്ക്കുന്ന മലയാളം സോഷ്യൽ മീഡിയ പ്രതിരോധത്തിന് അനുക്രമമായ തരംഗമുയർത്താതെ, ചുരുക്കം ചിലരെ മാറ്റി നിർത്തിയാൽ, അത്ഭുതകരമായ മൗനം പാലിച്ചു. ഇനിയും ചിലർ സ്വത്വവാദത്തിന്റെയും ശുദ്ധതാവാദത്തിന്റെയും വിശകലന കോളങ്ങളിലിട്ട് ആ പ്രതിരോധത്തെ ഇഴനാരിഴ കീറി, സൈദ്ധാന്തികമായി തള്ളിക്കളയേണ്ടുന്ന ഒരു തർക്ക വിഷയം മാത്രമാക്കി ചുരുക്കി. ജാഗരൂകമായിരിക്കാനും അത്തരം പ്രതിരോധങ്ങൾ പടർത്താനും ഉത്തരവാദിത്തമുള്ള ചില നവ മാധ്യമസംരംഭങ്ങൾ പകരം ആ സൈദ്ധാന്തിക ശസ്ത്രക്രിയയെ ആഘോഷിച്ചു പ്രോൽസാഹിപ്പിച്ചു. ചില നിലപാടുകൾ ആത്യന്തികമായി പക്ഷം നിർണ്ണയിക്കുന്നവ കൂടിയാണ്. ഫാസിസത്തിനെതിരെ വിശാലമുന്നണി വേണമെന്ന് നാം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണു.

നോട്ട് ഇൻ മൈ നെയിം, ഇസ്ലാമിനെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും കയ്യൊഴിഞ്ഞുകൊണ്ടുള്ള ഒരു കൈകഴുകലാണെന്നാണു സ്വത്വവാദരാഷ്ട്രീയക്കാരുടെയും പ്യൂരിറ്റനുകളുടെയും പക്ഷം. പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളും ഈ വിമർശനം  ഉന്നയിച്ചുകണ്ടു. സ്വാഭാവികപ്രതികരണം. സംഘപരിവാരം ഇന്ത്യയിൽ അവരുടെ പ്രഖ്യാപിതനയങ്ങൾ നിശിതമായി നടപ്പിലാക്കി തുടങ്ങിയ കാലം മുതൽ ഇവിടെ പ്രതിഷേധങ്ങളുമുണ്ട് – നാമമാത്രമായ, ചിതറിയ, ചെറുപ്രതിഷേധങ്ങൾ. അക്രമങ്ങൾക്കെതിരെ പാൻ ഇന്ത്യൻ സ്വഭാവമുള്ള ഒരു വൻ ബഹുജനമുന്നേറ്റം രൂപപ്പെട്ടു വന്നില്ല. ഒരുപക്ഷേ നാം ശരിയായ രാഷ്ട്രീയ സൈദ്ധാന്തികയുക്തിക്കു വേണ്ടി കാത്തുനിന്നതിനാൽ മാത്രം സാധ്യമാകാതെ പോയ, ജനങ്ങളുടെ വലിയ രീതിയിലുള്ള പങ്കാളിത്തമുള്ള, ഗവണ്മെന്റിന്റെ പേടിപ്പിക്കുന്ന വിധത്തിലുള്ള, സംഘടിതപ്രതിഷേധം.

സബാ ദേവൻ എന്ന ഡോക്യുമെന്ററി സംവിധായിക ഫേയ്സ്ബുക്കിലെഴുതിയ ഒരു പോസ്റ്റാണു നോട്ട് ഇൻ മൈ നെയിം എന്ന മുന്നേറ്റത്തിലേക്ക് നയിച്ചത്. ദളിതരും മുസ്ലീമുകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുമ്പോൾ, സർക്കാർ അതിനു മൗനാനുവാദം കൊടുക്കുമ്പോൾ, അതിലിടപെടാതിരിക്കുമ്പോൾ അതിനെതിരെ നമുക്ക് പ്രതിഷേധിക്കേണ്ടതില്ലേ എന്നതായിരുന്നു അവരുയർത്തിയ ചോദ്യം. അതിനു പിന്തുണയുമായി അനേകർ രംഗത്തുവന്നു. നോട്ട് ഇൻ മൈ നെയിം എന്ന പേരു പൊടുന്നനെ തന്റെ മനസ്സിലേക്ക് വന്ന ഒന്നാണെന്ന് പറഞ്ഞ അവർ അത് മുൻപ് അമേരിക്കയിൽ ഉണ്ടായ വിയറ്റ്നാം വിരുദ്ധസമരത്തിന്റെ പേരിനെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും വിശദമാക്കി. ‘ഞാനതിനെ അംഗീകരിക്കുന്നില്ല, ഞാനതിന്റെ ഭാഗമല്ല’ എന്ന പ്രഖ്യാപനമാണത്. സംഘപരിവാരത്തിന്റെ തീവ്രഹിന്ദുത്വത്തിന്റെ ഭാഗമായി അടുത്ത് കൊല്ലപ്പെട്ട ഹാഫിസ് ജുനൈദിന്റെയും പെഹ്ലു ഖാന്റെയും കുടുംബങ്ങളോട് അനുശോചനവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് ദില്ലിയിലാരംഭിച്ച സമരം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ സമാനമനസ്കരെ ഒരുമിച്ച്  ഒരേ സമയം തെരുവുകളിലേക്കിറക്കി. ലോകത്തിന്റെ സിവിൽ മനസ്സിന്റെ ശ്രദ്ധ അതിലേക്ക് ക്ഷണിക്കപ്പെട്ടു. പിറ്റേന്ന് നാമമാത്രമായെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിച്ചു. സിവിൽ മൂല്യങ്ങൾ കൊണ്ടാണു ലോകമനസാക്ഷിക്കു മുന്നിൽ സിവിൽ സമൂഹങ്ങളിലെ പ്രതിഷേധങ്ങളുടെ വിലപേശലുകളെന്നത് പുതിയ കാര്യമല്ല. ഇതുവരെ തെരുവിലൊരു സമരത്തിനും ഇറങ്ങിയിട്ടില്ലാത്ത ഒരു സാധാരണ പൗരപ്രതിനിധാനം മാത്രമാണു താൻ എന്ന് ഒരു അഭുമുഖത്തിൽ പറയുന്ന സബാ എന്തുകൊണ്ടാണു നമുക്ക് ഈ അക്രമങ്ങൾക്കെതിരെ ഒരു സംഘടിത പ്രതിഷേധവും പ്രതിരോധവും ഇതുവരെ സംഘടിപ്പിക്കാൻ കഴിയാതെ പോയതെന്ന് അത്ഭുതപ്പെടുന്നുമുണ്ട്. അതിൽ അത്ഭുതം കൊള്ളേണ്ട കാര്യമില്ല എന്നതാണു വാസ്തവം.

നിസഹായരായും നിസ്സംഗരായും കൊലപാതകങ്ങളും നീതിനിഷേധങ്ങളും കണ്ടുനിന്ന ഭൂരിപക്ഷജനത ലോകത്തിനു പുതിയതല്ല. ഇന്ത്യയ്ക്കുമതെ. ഇന്നത്തെ സ്വത്വരാഷ്ട്രീയക്കാർ ആപാദം പുച്ഛിക്കുന്ന ഗാന്ധിയെന്ന ഒരു വയസ്സൻ അഹിംസ, സത്യഗ്രഹം എന്നിങ്ങനെ ഏറ്റവും ദുർബലനു വരെ പങ്കെടുക്കാൻ കഴിയുന്ന ഒരു സമരരീതിയും ആയുധവും അതിന്റെ സ്വാതന്ത്ര്യസമരത്തിനു പകർന്ന്, പിന്നീടത് ലോകം കണ്ട ഏറ്റവും വലിയ ബഹുജന മുന്നേറ്റങ്ങളിലൊന്നാകുന്നതുവരെ. അതിസാഹസികരായ ഒരു ഭൂരിപക്ഷം ജനത സമരങ്ങൾ ജയിപ്പിക്കാൻ ലോകത്തെവിടെയും കാറ്റത്ത് പറന്നിറങ്ങിയിട്ടില്ല. ഒന്നുകിൽ വിപ്ലവകാരികളും സാഹസികരുമായ ഒരു ന്യൂനപക്ഷത്തിന്റെ ക്ഷണനേരം കൊണ്ടുള്ള വിപ്ലവപ്രവർത്തനം. അല്ലെങ്കിൽ നീണ്ടകാലങ്ങളിലേക്ക് നീങ്ങുന്ന രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെയും അതിന്റെ ആശയമേധാവിത്തപരമായ വളർച്ചയുടെ സാധ്യതകളും നൽകുന്ന സമാധനപരമായ ബഹുജനപങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭം. അതിനു പാവപ്പെട്ട, ജീവസന്ധാരണത്തിന്റെ ദൈനംദിന ഓട്ടങ്ങളിൽ വ്യാപൃതനായ തൊഴിലാളിക്കും വിദ്യാർഥിക്കും കർഷകനും എല്ലാ പാവപ്പെട്ടവനും വേണ്ടത് ഏറ്റവും ചെറിയ നഷ്ടങ്ങൾ അവർക്ക് നൽകുന്ന സമരായുധങ്ങളാണു. ഏറ്റവും ചെറിയ നഷ്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന, ഏറ്റവും ദുർബലനെ വരെ കൈകോർക്കാനായി ക്ഷണിക്കുന്ന ഒരു സമരം. നോട്ട് ഇൻ മൈ നെയിം എന്നത് അത്തരത്തിലൊരു  ഉൾക്കൊള്ളലിന്റെ മുദ്രാവാക്യമാകുമെങ്കിൽ, അത് വളരേ ശക്തവും യുദ്ധതന്ത്രപരവുമായ ഒരു മുദ്രാവാക്യമാണു.

മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയം പ്രതിരോധത്തിന്റെ വഴിയറിയാതെ ഉഴറുമ്പോൾ സംഘപരിവാർ നയങ്ങൾക്കെതിരായ സിവിൽ സമൂഹപോരാട്ടങ്ങളെല്ലാം തന്നെ പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണു. സംഘപരിവാരത്തിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള, സാംസ്കാരികാധിനിവേശത്തിന്റെയും സ്വന്തമാക്കലിന്റെയും അജണ്ടകൾക്കെതിരായുള്ള,  അതിനെയും അതിന്റെ ഉത്പന്നവും ഒപ്പം ലെജിറ്റിമേറ്റ് സ്റ്റേറ്റ് പ്രതിനിധാനവുമായി മാറിക്കഴിഞ്ഞ സർക്കാരിനെയും പ്രതിരോധത്തിലാക്കുകയും തോല്പിക്കുവാനുമുള്ള, ജനപങ്കാളിത്തമുള്ള പോരാട്ടം, പല തലങ്ങളുള്ളതാണു. പ്രധാനമായിരിക്കെത്തന്നെ അതിലൊന്നുമാത്രമാണു മതത്തിന്റെ രാഷ്ട്രീയം. അതിനതിനു പുറമേ മാനവിക- ജനാധിപത്യ – സാമൂഹ്യബോധങ്ങളുടെയും പ്രാതിനിധ്യരാഷ്ട്രീയത്തിന്റെ വിമർശനാധികാരത്തിന്റെയും മുഖങ്ങളുണ്ട്. അതിന്റെ ഏറ്റവും അടിസ്ഥാനത്തിൽ ഏറ്റവും സാധാരണക്കാരനായ മനുഷ്യനോട് വരെ സംവദിക്കുന്ന സിവിൽ- ധാർമ്മിക  പ്രശ്നങ്ങളുണ്ടതിൽ.

ഇന്ത്യ നമ്മുടേതെന്ന്, ആധുനികഹിന്ദുമതത്തിന്റെ അനുഷ്ഠാനശീലങ്ങളുടെ അടരുകളിൽ പെട്ടുപോയ ഒരു വലിയവിഭാഗത്തെ ഒരൊറ്റ ബ്രായ്ക്കറ്റിലേക്കാക്കി തങ്ങളുടെ തീവ്രഹിന്ദുത്വരാഷ്ട്രീയത്തിനു ലെജിറ്റിമൈസേഷൻ നൽകാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്ക് സമൂർത്തമായ സാഹചര്യത്തിൽ സമൂർത്തമായിത്തന്നെ മറുപടിനൽകിക്കൊണ്ട് തള്ളിപ്പറയാൻ എന്തു തന്നെയായാലും ഇന്നിന്റെ യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന ഹിന്ദു എന്ന പുതിയകാലത്തിന്റെ  അനുഷ്ഠാന മതബോധത്തിനും അതിനെ പ്രതിനിധാനം ചെയ്യുന്ന ജനങ്ങൾക്കും ബാധ്യതയുണ്ട്. പൊളിറ്റിക്കൽ ഹിന്ദുമതം എന്ന പുതിയകാല യാഥാർത്ഥ്യം തന്ത്രപരമായ ഒരു നിലപാട് എടുത്തേ മതിയാകൂ എന്ന ഒരു സ്ഥിതിയിലേക്ക് നമ്മെ എത്തിക്കുന്ന ഒരു പരിസരമുണ്ട്. സംഘപരിവാർ പതിയെ നടത്തിയത് ഹിന്ദുമതത്തിന്റെ സ്വന്തമാക്കലാണു. ഗോരക്നാഥ് പോലെയുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ബൈ ഔട്ടുകളെക്കുറിച്ച് നൂറാനിയുൾപ്പടെയുള്ളവർ പരാമർശിച്ചിട്ടുള്ളത് ഓർക്കുക. വടക്കൻ സംസ്ഥാനങ്ങളിൽ മാത്രമല്ല പിന്നോക്കസമുദായങ്ങൾക്കും പ്രാമുഖ്യമുണ്ടായിരുന്ന പല ആത്മീയാന്വേഷണസംഘങ്ങളിലേക്കും മഠങ്ങളിലേക്കും സംഘപരിവാറും അതിന്റെ സവർണ്ണ-ഉന്നതകുല ഹിന്ദുത്വരാഷ്ട്രീയവും നൂഴ്ന്നുകയറിയതും അവയെ സ്വന്തമാക്കിയതും കേരളത്തിലെയും യാഥാർത്ഥ്യമാണു. ഹിന്ദുമതത്തെ തീവ്രഹിന്ദുഗ്രൂപ്പുകളിൽ നിന്ന് മുക്തമാക്കി സംവേദനക്ഷമതയും സമാധാനവുമുള്ള ഒരു കക്ഷിയെ തൽക്കാലത്തേയ്ക്കെങ്കിലും ഏൽപ്പിച്ചുകൊടുക്കുക എന്നത് അതുകൊണ്ടെല്ലാം തന്നെ നീണ്ടുനിൽക്കുന്ന ഒരു പ്രതിരോധ യുദ്ധതന്ത്രത്തിന്റെ ഭാഗവുമാണു.

മുസ്ലീമെന്ന സ്വത്വത്തെ ശത്രുപക്ഷത്ത് നിർത്തുന്ന സംഘപരിവാരത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ മുസ്ലീം വിശ്വാസികൾ അതിന്റെ മതരീതികൾ ഉപയോഗിക്കുന്നതിൽ ഒരപാകതയുമില്ല. അത് വേണ്ടതാണു താനും. എന്നാൽ ഈ പ്രതിഷേധം  പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീം ജീവിതങ്ങൾക്കു വേണ്ടി സർക്കാരുകളിൽ സമ്മർദ്ദം ചെലുത്താനോ  നീതിന്യായസംവിധാനങ്ങളിൽ നീതിക്കായി ആവശ്യമുയർത്താനോ മെനക്കെട്ടിട്ടില്ലാത്ത പൊളിറ്റിക്കൽ  ഇസ്ലാം ഗ്രൂപ്പുകളെ ഏതെങ്കിലും വിധത്തിൽ  പ്രീണിപ്പിക്കുന്ന തരത്തിലോ ഇടം കൊടുക്കുന്ന തരത്തിലോ പിന്തുണയ്ക്കുന്നതല്ല  എന്നത് പ്രധാനമാണു – പൊളിറ്റിക്കൽ ഇസ്ലാം എന്ന സങ്കല്പനം സംഘപരിവാർ  രാഷ്ട്രീയത്തിന്റെ വ്യാകരണനിയമങ്ങളിൽ തന്നെ പടുത്തുയർത്തിയ ഒന്നാണെന്നുള്ളതിനാൽ നിശ്ചയമായും. പൊളിറ്റിക്കൽ  ഇസ്ലാമിക ഗ്രൂപ്പുകളുടെ വിമർശനത്തിന്റെ കാരണവും ഇതുതന്നെ.nimn-4

സംഘപരിവാരത്തിന്റെ ഇസ്ലാം വിരുദ്ധതയ എതിരിട്ട് തോൽപ്പിക്കപ്പെടേണ്ടതാണു.  ബീഫിന്റെ പേരിൽ കൊല്ലുമെന്ന് പറഞ്ഞാൽ എങ്കിലത് തിന്നിട്ട് തന്നെയെന്ന് വെല്ലുവിളിക്കാനും ആളുവേണം. ആളുവേണമെന്ന് പറയുമ്പോൾ നിസാരമല്ലാത്ത, വലിയ തോതിലുള്ള ഒരു സംഘടിതപ്രതിഷേധമായി സമരങ്ങൾ മാറണം. ഹൈന്ദവജീവിതം നയിക്കുന്ന, ശീലിച്ച ഒരു സാധാരണക്കാരൻ മുസ്ലീം അല്ലെങ്കിൽ മറ്റൊരു അരികുവൽക്കരിക്കപ്പെട്ട സ്വത്വം പ്രഘോഷിച്ചുകൊണ്ടുവേണം സമരത്തിലേക്ക് ചേരുവാനെന്നത് ഐഡിയലായ ഒരു ആവശ്യമാണു, ആഗ്രഹമാണു- യാഥാർത്ഥ്യബോധത്തിൽ നിന്നുയിർക്കാത്ത ഒരു ആഗ്രഹം. മറ്റുമതസ്ഥരായവരും അവിശ്വാസിഅകളുമടക്കം എല്ലാവരും തങ്ങൾ മുസ്ലീങ്ങളാണെന്ന് പ്രതീതാത്മകമായി പ്രഖ്യാപിച്ചുകൊണ്ട് സമരത്തിലേക്കെത്തണമെന്ന് ആരെങ്കിലും വാശിപിടിച്ചാൽ, ഇതുവരെ നിങ്ങൾ നിശബ്ദത പാലിച്ചില്ലേ, അതിനാൽ നിങ്ങൾക്കിനി സമരം ചെയ്യാൻ അവകാശമില്ലെന്ന് വാദിച്ചാൽ, ഐക്യദാർഢ്യങ്ങൾക്ക് വിശ്വാസ്യതയും തീവ്രതയുമില്ലെന്ന് കെറുവുപറഞ്ഞാൽ, അതിൽ പങ്കെടുക്കുന്നവരുടെ ബൂർഷ്വാ ലിബറലും ലിബറലും ഇടതുമായ രാഷ്ട്രീയബോധത്തെ രാഷ്ട്രീയലക്ഷ്യങ്ങളാലും തങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയബോധ്യങ്ങളാലും  ഇകഴ്ത്തിയാൽ, ആ പറച്ചിലുകൾ ചരിത്രപരമായതും തന്ത്രപരമായതുമായ വിഡ്ഢിത്തങ്ങളാകും.  സമരസാധ്യതകളെ നുള്ളിയെറിയുന്ന അത്തരം ശബ്ദങ്ങളെ അവഗണിച്ചുകൊണ്ടല്ലാതെ രാജ്യം മുഴുവൻ അണിനിരക്കുന്ന നിലയിലുള്ള വലിയ ബഹുജന മുന്നേറ്റങ്ങൾ സൃഷ്ടിക്കുവാൻ കഴിയില്ല. നോക്കൂ, നാം നിസാരരായ, ഇതുവരെ അശക്തരെന്ന് സ്വയം കരുതിപ്പോരുന്ന, ജീവിതത്തിരക്കുകൾക്കിടയ്ക്കൊരു സമരത്തിനു സമയമില്ലാത്ത, രാഷ്ട്രീയശരികളുടെ ഇഴകീറാനറിയാത്ത, നിസംഗരും നിസഹായരുമായ, മറ്റു മതസ്ഥരും മറ്റുവർഗ്ഗക്കാരുമൊക്കെയായ അനേകം മനുഷ്യരെക്കൂടി ഒരു വലിയ സമരത്തിനായി ഉൾച്ചേർക്കുന്നതിനെക്കുറിച്ചാണു സംസാരിക്കുന്നത്. ഒരു സാംസ്കാരികപ്രതിരോധമായുള്ള അതിന്റെ വളർച്ചാസാധ്യതയെക്കുറിച്ചാണു പറയുന്നത്. എന്നതിനാൽ അത് മതത്തിനു പുറത്ത്, ഒരു സാധാരണമനുഷ്യന്റെ ആദ്യബോധങ്ങളിലൊന്നായിരിക്കേണ്ടുന്ന മാനവികതയെയും പൗര-സാമൂഹ്യബോധങ്ങളെയും കൂടി കണക്കിലെടുത്തുകൊണ്ടുള്ളതാണു.

നോട്ട് ഇൻ മൈ നെയിം അത്തരത്തിൽ മാനവികതയെയും പൗര-സാമൂഹ്യബോധങ്ങളെയും അഭിസംബോധനചെയ്യുന്ന വിശാലമായ ഒരു ആഹ്വാനമാണെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ടാണു ഈ കൊലപാതകങ്ങൾ അപലപിക്കപ്പെടാതെ പോകുന്നത്, എന്തുകൊണ്ടാണു അപരാധികൾ ശിക്ഷിക്കപ്പെടാത്തത്, എന്തുകൊണ്ടാണു ഈ സർക്കാർ ഇതിലൊന്നും ഇടപെടാത്തതെന്നും അപലപിക്കാത്തതെന്നുമാണു അവർ ചോദിക്കുന്നത്. പ്രതിരോധസൈദ്ധാന്തികതകളുടെ ഏറ്റവും വലിയ രാഷ്ട്രീയശരിക്കാരും ഉയർത്തുന്ന ചോദ്യങ്ങൾ തന്നെയാണവ. സഹജീവികൾ ആക്രമിക്കപ്പെടുന്നത് പതിവായിമാറിയ ഒരു കാലത്ത് നിസ്സഹായതയുടെ ആൾപ്പൊക്കങ്ങളിൽ നിന്നും, നിസ്സംഗതയുടെ തലപ്പുകളിൽ നിന്നും സംഘടിതശക്തിയുടെ കരുത്തുമായി താഴെയിറങ്ങിവന്ന് ഉയർത്തുന്ന ആ ചോദ്യങ്ങൾ ഉയിർക്കുന്നത് മറ്റൊരു മനുഷ്യനെക്കുറിച്ചുള്ള ആകുലതയിൽ നിന്നാണു, മാനവികതയുടെ മണ്ണിൽ നിന്നാണു, പുതുതായി വീണ്ടും കണ്ടെത്തപ്പെടുന്ന പൗര-സാമൂഹ്യബോധങ്ങളിൽ നിന്നാണു, ഇവയ്ക്ക് ഉത്തരങ്ങൾ നേടുമെന്ന ഉത്തരവാദിത്തതിൽ നിന്നാണു. അതിന്റെ സ്വാഭാവികമായ വളർച്ച തീർച്ചയായും ചെന്നു തട്ടി തടഞ്ഞുകളയുന്നതും ചോദ്യം ചെയ്യുന്നതും രാജ്യത്തിന്റെ ഭാഗദേയം തീരുമാനിക്കാൻ സംഘപരിവാർ രാഷ്ട്രീയത്തിനുണ്ട് എന്ന് അവർ സ്വയം കരുതി വശായ പ്രാമാണ്യത്തെയും അധികാരബോധത്തെയുമാണു. രാജ്യത്തിന്റെ വൈവിധ്യവും ഫെഡറലിസവും അതിന്റെ സത്തകളിൽ കാത്തുസൂക്ഷിക്കുന്ന സമ്മതിദായകന്റെ വലിയ അവകാശബോധത്തിലധിഷ്ഠിതമാണത്.nimn-2

മാനവികതയുടെയും ജനാധിപത്യബോധത്തിന്റെയും കാരണങ്ങളാൽ കൂടി നയിക്കപ്പെടുന്ന ഐക്യദാർഢ്യപ്പെടലുകളുടെ വലിയ സമരരൂപങ്ങളിൽ മൂർത്തമായിരിക്കുന്നത് സ്വത്വബോധങ്ങൾ മാത്രമാണെന്ന് ധരിക്കുന്നവർ മനസിലാക്കാതെ പോകുന്ന, അതിനുള്ളിൽ ലീനമായിരിക്കുന്ന ഒരു പ്രധാന സംഗതി രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത, സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്ത ഇന്ത്യയിലെ എഴുപത് ശതമാനത്തോളമുള്ള അസ്വസ്ഥരായ മനുഷ്യരുടെ പ്രതിനിധാനത്തിന്റെ പ്രഖ്യാപനം കൂടി അതിലുണ്ടെന്നുള്ളതാണു. മതസ്പർദ്ധ വളർത്തി, വൈവിധ്യത്തിന്റെയും സാഹോദര്യത്തിന്റെയും ഭരണഘടനാപരമായ മൂല്യങ്ങൾ ഇല്ലാതെയാക്കി, അവയെ തല്ലിക്കെടുത്തുവാനുള്ള ശ്രമങ്ങളും അതിനെ പിന്തുണയ്ക്കുന്ന സർക്കാരും എന്റെയും ഞങ്ങളുടെയും പേരിലല്ല എന്ന പ്രഖ്യാപനമാണു. മുൻപ് പറഞ്ഞതുപോലെ പ്രതിരോധത്തിന്റെ വ്യാകരണം കണ്ടെത്തുന്നതിലും പ്രയോഗിക്കുന്നതിലും മുഖ്യധാരാപ്രതിപക്ഷം ഇരുട്ടത്ത് തപ്പിക്കൊണ്ടിരിക്കുമ്പോൾ സാമൂഹികമായ എതിർപ്പുനിൽപ്പുകൾക്ക് പ്രകാശനത്തിന്റെ വഴികൾ വേണം, അവ അത് തേടുകയും ചെയ്യും.

തീവ്രബാലാരിഷ്ഠകളുടെ രാഷ്ട്രീയങ്ങൾക്ക്, ശുദ്ധതവാദികൾക്ക്, അരാജകവാദികൾക്ക്, തീവ്രസ്വത്വവാദത്തിന്റെ കള്ളികളിൽ സ്വയം തളച്ചിട്ടവർക്ക് – ഇവ മനസ്സിലായിക്കൊള്ളണമെന്നില്ല. സാധ്യതകളുടെ ഓരോ ഘട്ടത്തിലും നിമിഷത്തിലും ഒത്തൊരുമയുടെ വലിയ സാധ്യതകളെ ചിതറിക്കുക എന്നതല്ലാതെ അവകൊണ്ട് പ്രയോജനങ്ങളില്ലതന്നെ. ഒറ്റപ്പെട്ട കള്ളികളിൽ പെടുത്താതെ മനുഷ്യരെ ഒരുമിച്ചു ചേർത്തുനിർത്തുന്ന പ്രതിഷേധങ്ങളിലൂടെ നിലനിൽക്കുന്ന ഭീഷണമായ ചിത്രം പതിയെ മാറുമെന്ന ശുഭാപ്തിവിശ്വാസമാണു മെച്ചമായത്. അതിനു ചെയ്യേണ്ടത് നോട്ട് ഇൻ മൈ നെയിം പോലെയുള്ള പ്രക്ഷോഭങ്ങളെ പ്രോൽസാഹിപ്പിക്കുക എന്നതാണു. ഇവ ഒറ്റയ്ക്ക് നിൽക്കേണ്ടവയല്ല.ഉയർന്നുവരുന്ന വിവിധങ്ങളായ പ്രതിഷേധങ്ങൾ പതിയെ പരസ്പരം തുന്നിച്ചേരേണ്ടതുണ്ട്. പുതിയവ നാമ്പെടുക്കേണ്ടതുണ്ട്. അവയെ സ്തുതിക്കണ്ട. പക്ഷേ ഇകഴ്ത്തരുത്. സാധ്യതയുടെ ഒരടരിനെ ഉണക്കിക്കളയരുത്. പ്രതിഷേധങ്ങൾ വളരട്ടെ. വളർന്നു പടരട്ടെ. വിരോധത്തിന്റെ  രാഷ്ട്രീയത്തിനു ഞങ്ങളുടെ പിന്തുണയില്ലായെന്ന് ഉറക്കെ പ്രഖ്യാപിക്കട്ടെ.

Comments

comments