ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശരിയാണ്. പ്രതിപക്ഷമില്ല. ഇന്ത്യന്‍ ചക്രവാളത്തിലെങ്ങും മറ്റൊരു രാഷ്ട്രീയ സന്ദേശം തെളിയുന്നില്ല. ഭരണപക്ഷത്തിനു മറുപക്ഷമില്ല. ജയപ്രകാശ് നാരായണ്‍ / മണ്ഡല്‍ / രാഷ്ട്രീയത്തിലൂന്നി കോൺഗ്രസ്സില്‍ നിന്ന് ചിതറിത്തെറിച്ചു പ്രാദേശിക സത്രപ്പുമാരായി മാറിയവരൊക്കെ അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ അതിന്റെ ഭിക്ഷാംദേഹികളായി മാറി. ദളിതന്റെ ഉന്നമനത്തിനു അത് രണ്ടു പതിറ്റാണ്ട് ചെറിയ സംഭാവനകള്‍ ചെയ്തില്ലെന്നല്ല. ആ ഘട്ടം പിന്നിട്ടുപോയിരിക്കുന്നു. ആ പാർട്ടികളെയൊക്കെ ഹിന്ദുത്വ തീവ്രവാദം അതിവേഗം വിഴുങ്ങുകയാണ്. താൽക്കാലിക കസേരകള്‍ ചൂണ്ടയില്‍ കൊളുത്തിയാണ് അവരെ കുരുക്കുന്നത്. അധികാരമോഹമുള്ള രാഷ്ട്രീയക്കാരൊക്കെ മോഡി ഗ്യാങ്ങില്‍ എത്തുമെന്ന് തുറന്ന്, സ്വയം ന്യായീകരിച്ചുകൊണ്ട് ആ ജീർണ്ണതയുടെ ഭീകര മുഖം ചൂണ്ടിക്കാട്ടുകയാണ് നിതീഷ് കുമാര്‍. നിർലജ്ജമായ ആ പ്രഖ്യാപനത്തിലുമുണ്ട് സത്യത്തിന്റെ മുഖം. ഇന്ത്യയില്‍ വർഗ്ഗീയ തീവ്രവാദത്തിന് പകരമായി മറ്റൊരു രാഷ്ട്രീയ പാഠമില്ല ഇന്ന്. അതുകൊണ്ട് അധികാരമോഹികളായ രാഷ്ട്രീയക്കാര്‍ സംഘചേരിയില്‍ ചേരുന്നു. എത്രമേല്‍ അസഭ്യമായ സത്യം !!! ഇന്ത്യയിലെനിക്ക് ചേരാന്‍ പ്രതിപക്ഷമെവിടെ എന്നു ചോദിക്കുന്ന നിതീഷ് താമസിയാതെ അപ്രത്യക്ഷനാവും. പക്ഷെ നിതീഷ് കുമാർമാർക്ക് ക്ഷാമമില്ലാത്ത നാടാണ് ഇന്ത്യ. ഗുജറാത്തില്‍, യു പി യില്‍ ഒക്കെ കോൺഗ്രസ് എം എല്‍ എ മാരെയും പ്രാദേശിക മാടമ്പിമാരെയും വരെ സംഘപരിവാരം പണം കൊടുത്ത് വാങ്ങുന്ന വാർത്തകളാണു ഇപ്പോള്‍ പുറത്തു വരുന്നത്. നിതീഷിനു കിട്ടിയത് പരശതം കോടികളാണ് എന്ന വാർത്തയ്ക്ക് തെളിവില്ലാത്തത് കൊണ്ട് മാത്രം നമുക്ക് വിശ്വസിക്കാതിരിക്കാം എന്നേയുള്ളൂ. സത്യമായിക്കൂടെന്നില്ല.
ധാര്‍മ്മികതയുടെ കണിക പോലുമില്ലാത്ത ഈ അടക്കം കൊല്ലലില്‍ ലക്ഷ്യ ബോധമില്ലാതെ അലയുകയാണ് പലപക്ഷങ്ങളായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഈ നിര്‍ണ്ണായക ഘട്ടത്തിലും പരസ്പരം ഇല്ലായ്മ്മ ചെയ്യാന്‍ ശ്രമിച്ച് നേരമ്പോക്കുന്ന കോൺഗ്രസ്സും സി പി ഐ എം അടക്കമുള്ള ഇടതുപാർട്ടികളും ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ഒന്നാന്തരം ഫലിത ചിത്രമാണ്. വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളെപ്പോലെ കളിച്ചു കളിച്ചു കളിച്ചു ബംഗാളില്‍ നിന്ന് രാജ്യ സഭയിലേക്ക് ഒരാളെ അയക്കാന്‍ പോലും ആവാതെ സിപി ഐ എം ചുരുളുന്നത് കാണുമ്പോള്‍ ഭയം തോന്നുന്നു. ഇന്ത്യ സമഗ്രാധിപത്യത്തിലേക്ക് അതിവേഗം അടുക്കുകയാണ്.
കോൺഗ്രസ്സിനെ – സെൻടറിസ്റ്റ് കക്ഷികളെ – ഇല്ലായ്മ്മ ചെയ്ത് വര്‍ഗ്ഗീയ ഫാസിസത്തെ നേരിടാമെന്ന് വ്യാമോഹിക്കുന്ന ഇടതുപക്ഷവും – എന്ന് പറയുമ്പോള്‍ അവര്‍ അങ്ങിനെ പോലും ആലോചിക്കുന്നുണ്ടോ എന്നും സംശയിക്കണം — ദില്ലിയിലെ ലുത്തിയന്‍സ് വരേണ്യര്‍ക്കു ഒപ്പം ഉണ്ടുറങ്ങി കഴിയുന്ന കോൺഗ്രസ്സ് നേതാക്കളും നിതീഷിനു മാത്രമല്ല ഇന്ത്യന്‍ ജനതക്കാകെ ഒരു പ്രതീക്ഷയും നല്‍കുന്നില്ല. ഹിന്ദുത്വ തീവ്രവാദം പടരുന്ന മുറക്ക് ആ ഹിസ്ടീരിയക്ക് അടിപ്പെട്ടു കസേരയും വോട്ടുബാങ്കും ഉറപ്പിക്കുന്ന പ്രാദേശിക മാടമ്പി നേതാക്കളില്‍ ഇനി പ്രതീക്ഷ അര്‍പ്പിക്കുന്നത് അത്രയ്ക്ക് ഭദ്രവുമല്ല. പിന്നെ ?
“ഇന്ത്യന്‍ നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുത്ത് ഉണരൂ” എന്ന് സാംസ്കാരിക ഇന്ത്യ നിലവിളിക്കുന്നത് കേള്‍ക്കുക. കവി സച്ചിദാനന്ദന്‍ എന്നുമുരുവിടുന്നത് ശ്രദ്ധിക്കുക. യൂറോപ്പിലേക്ക് നോക്കുക. ദേശീയതീവ്രവാദത്തെയും വംശീയ തീവ്രവാദത്തെയും അവര്‍ ഈയിടെ പല രാജ്യത്തും തടഞ്ഞു നിർത്തിയത് സെന്ററിസ്റ്റ് / ഇടത് ഐക്യത്തിലൂടെയാണ്. ആ മാർഗ്ഗം ഇന്ത്യക്ക് അന്യമാവേണ്ടതല്ല. പക്ഷെ പുതിയൊരു പൊളിറ്റിക്കല്‍ നരേട്ടീവ് മുന്നോട്ടു വയ്ക്കാൻ കഴിയണം. അതിനു കൂട്ടായ്മ്മ വേണം.
ഇന്ത്യയില്‍ ഫാസിസ്റ്റ് സൂചനകളേയില്ലെന്നു വാദിക്കുന്ന സൈന്താന്തികപടുവായ പ്രകാശ് കാരാട്ടൊക്കെ ഉദ്ദേശിക്കുന്നത് എന്താണാവോ! കോൺഗ്രസ്സിന്റെയും സംഘ തീവ്രവാദികളുടെയും സാമ്പത്തിക നയം ഒന്നാണെന്നോ? ആണോ? സബ്സിഡി നിലനിർത്തിയും സോഷ്യല്‍ ഇടങ്ങള്‍ പോഷിപ്പിച്ചും ഇന്ത്യയുടെ ഏകവും അനേകവുമായ വൈവിധ്യങ്ങളെ കടന്നാക്രമിക്കാതെയും കോൺഗ്രസ്സ് നിലനിർത്തിയ സാമ്പത്തിക രാഷ്ട്രീയ നയങ്ങള്‍ ആണോ സംഘതീവ്രവാദികള്‍ പിന്തുടരുന്നത് ? ബംഗാളില്‍ സി പി ഐ എം നടപ്പാക്കാന്‍ ശ്രമിച്ച നയങ്ങളും അധികാരാസക്തിയും ആണ് പാർട്ടി കോട്ട തകർന്നടിയാന്‍ കാരണം എന്ന് വിലയിരുത്തിയത് പാർട്ടി സെക്രട്ടറി യെച്ചൂരി തന്നെയല്ലേ ? കേരളത്തില്‍ നവലിബറല്‍ മാർക്കറ്റ് സാമ്പത്തിക രീതിയല്ലേ പിണറായി സർക്കാർ പിന്തുടരുന്നത്?
മതത്തിന്റെയും ജാതിയുടെയും പേരിൽ ദളിതർക്കും മുസ്ലീമുകൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്കുമെതിരായുള്ള അക്രമങ്ങൾ. ഇന്ന് സ്വാഭാവികതയായി മാറിക്കഴിഞ്ഞ മട്ടാണു. അധികാരത്തിലിരിക്കുന്ന വർഗ്ഗീയതയോളം ആപത്ത് വേറൊന്നില്ല എന്ന് തിരിച്ചറിയാതെ മറ്റൊരു പൊളിറ്റിക്കല്‍ നരേട്ടീവ് സാധ്യമല്ല. അതിന്റെ അഭാവം നിതീഷ് കുമാര്‍മാരെ സൃഷ്ടിക്കുന്നു എന്ന് പറയാനാണ് നിതീഷ് ശരിയാണെന്ന് ആദ്യം പറഞ്ഞത്. ഒരു സാധ്യതയുടെ പ്രതീതിയെങ്കിലും മതി നിതീഷുമാർ ഉണ്ടാകാതിരിക്കാൻ. ഒരു യുദ്ധതന്ത്രമെന്ന നിലയ്ക്ക് അങ്ങനെ തൽക്കാലത്തേക്കെങ്കിലും വർഗ്ഗീയപക്ഷത്തെ കൂടുതൽ വളർത്താതിരിക്കാൻ. പക്ഷേ അതിനു, രാഷ്ട്രപതി തെരഞ്ഞെടുപ്പിനു തലേദിവസം മാത്രമാണു തെരഞ്ഞെടുപ്പിനെപ്പറ്റി തങ്ങൾ അറിഞ്ഞത് എന്ന മട്ടിലുള്ള പ്രതിപക്ഷത്തിന്റെ കുട്ടിക്കളി പറ്റില്ല. തങ്ങളുടെ ഏറ്റവും നല്ല സാമാജികനെ പാർലമെന്റിലേക്ക് വിടില്ല, കോൺഗ്രസ്സ് പിന്തുണ വാങ്ങിക്കൊണ്ട് എന്തായാലും വിടില്ല എന്ന മട്ടിലുള്ള സിപിഎമ്മിന്റെ മുരട്ടുസൈദ്ധാന്തിക തീരുമാനങ്ങൾ പറ്റില്ല. വേണ്ടത് നിതാന്ത ജാഗ്രതയോടെ കൂട്ടായി നിൽക്കുന്ന പ്രതിപക്ഷമാണു. വീണുകിട്ടുന്ന അവസരങ്ങളെ തന്ത്രപൂർവ്വം വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്നൊരു കൂട്ടായ പ്രതിപക്ഷ നേതൃത്വമാണു.
പത്തു വർഷത്തിനിടയില്‍ അഞ്ചു തവണ കൂറുമാറി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷെന്ന മനുഷ്യൻ സത്യത്തില്‍ പരാമർശം പോലും അർഹിക്കുന്നില്ല. ജനങ്ങളുടെ മാൻഡേറ്റിനു ഒരു മൂല്യവും കൽപ്പിക്കാത്ത അയാളും അയാളെ പ്രശംസിച്ച മോഡിയും ഒരേ ജനുസ്സാണ്. ചേരും പടി തന്നെ ചേരട്ടെ. അപ്പോഴും അയാള്‍ പറഞ്ഞ ആ പരിഹാസ സത്യം മുഴങ്ങുന്നു. “എവിടെ മറ്റൊരു സാധ്യത ?” മറുപടി പറയേണ്ടത് രാജ്യത്തെ പ്രതിപക്ഷമാണു. വർഗ്ഗീയതയ്ക്ക് വോട്ട് ചെയ്യാതിരുന്ന ഭൂരിപക്ഷം ജനത ആ മറുപടി അവരിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
Be the first to write a comment.