മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അതിന്റെ ആരംഭത്തിലും അതിനുശേഷമുള്ള കുറേ വർഷങ്ങളിലും കേരളത്തിന്റെ അഭിമാനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു. 1983-ൽ സ്ഥാപിച്ച ഈ സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയി ചുമതലയേറ്റത് ലോകം മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരനും അക്കാദമീഷ്യനുമായ ഡോ. യു. ആർ അനന്തമൂര്‍ത്തിയാണ്. അദ്ദേഹം മാറുന്ന ലോകത്തിന്റെ ആവശ്യത്തിനനുസരിച്ച്ur-21 വളർന്നുകൊണ്ടിരിക്കുന്ന നിരവധി ആധുനികമായ വിഷയങ്ങളെ അടിസ്ഥാനമാക്കി വൈജ്ഞാനിക അന്വേഷണം സാധ്യമാകുന്ന തരത്തിലാണ് ഡിപ്പാര്‍ട്ട്മെന്റുകൾ വിഭാവനം ചെയ്തത്. അതിൽ നിന്നുണ്ടായ പ്രധാനപ്പെട്ട ഒന്നായിരുന്നു സ്കൂൾ ഓഫ് ലെറ്റേഴ്സ് – നരേന്ദ്രപ്രസാദ്, രാജൻ ഗുരുക്കൾ, ഡി. വിനയചന്ദ്രൻ, പി. പി രവീന്ദ്രൻ, വി. സി ഹാരിസ്, സിബി സുധാകരൻ തുടങ്ങിയ നിരവധി അദ്ധ്യാപകർ സാധാരണ അദ്ധ്യാപകർ മാത്രമായിരുന്നില്ല. അവർ എഴുത്തുകാരും നിരൂപകരും കലാകാരന്മാരും മികച്ച അക്കാദമീഷ്യന്മാരും ആയിരുന്നു. ആ കൂട്ടത്തിൽ അവിടെ അവശേഷിക്കുന്നത് വി. സി ഹാരിസ് മാത്രമാണ് എന്നാണ് ഞാൻ കരുതുന്നത്. ഹാരിസിനേപ്പോലെ കേരളത്തിലെ വൈജ്ഞാനികമണ്ഡലവും സാഹിത്യ – സിനിമ – നാടക മേഖലകളും അംഗീകരിക്കുന്ന ഒരു പ്രതിഭാശാലിയെ ഉൾക്കൊള്ളാൻ ആവാത്ത വിധം എം ജി യൂണിവേഴ്‌സിറ്റി ജീർണ്ണിച്ചിരിക്കുന്നു എന്നാണു ഇപ്പോൾ അദ്ദേഹത്തിന് എതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ തെളിയിക്കുന്നത്.

ഡോക്ടർ യു ആർ അനന്തമൂർത്തിയിൽ നിന്ന് ഇപ്പോഴത്തെ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യനിലേക്കുള്ള ദൂരം നമ്മുടെ യുണിവേഴ്സിറ്റികളുടെ അക്കാദമികമായ തകർച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. എം ജി യൂണിവേഴ്സിറ്റിയുടെ വെബ്‍സൈറ്റും, വിക്കിപീഡിയയിലെ വിവരങ്ങളും പരിശോധിച്ചപ്പോൾ കണ്ട കാര്യം എന്നെ അമ്പരപ്പിച്ചു. എവിടെയും ഡോ. യു ആർ അനന്തമൂർത്തിയുടെ പേരില്ല. ഒരുപക്ഷെ അദ്ദേഹം വളരെ ശ്രമകരമായും, ജനാധിപത്യപരവും, സർഗാത്മകവുമായി വളർത്തിയെടുത്ത സ്വതന്ത്രമായ വീക്ഷണവും മൗലികതയും ഉണ്ടായിരുന്ന ഈ സ്ഥാപനത്തെ വിസ്മരിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യാതെ ഇപ്പോഴുള്ള ഭരണാധികാരികൾക്ക് നിലനിൽക്കാനാവില്ല എന്നുള്ളത് കൊണ്ടാവും ഇങ്ങിനെ സംഭവിക്കുന്നത് എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടു തന്നെ ഹാരിസിനെ പോലുള്ള ഒരു സർഗാത്മക ചിന്തകനെ, എഴുത്തുകാരനെ, വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന അദ്ധ്യാപക സുഹൃത്തിനെ ഈ സ്ഥാപനത്തിന്  ഇനി ആവശ്യമില്ല  എന്ന  പ്രഖ്യാപനമായാണു സാംസ്കാരിക കേരളം ഈ നടപടികളെ കാണുന്നത്. അദ്ദേഹത്തെ സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കാൻ സിൻഡിക്കേറ്റും വൈസ് ചാൻസലറും തീരുമാനിച്ചത് മുഴുവൻ വിദ്യാർഥികളെയും പ്രകോപിതരും ആക്കിയിട്ടുണ്ട്. പക്ഷേ ഇത് വിദ്യാർഥികളുടെ പ്രശ്നമായി മാത്രം ഒതുങ്ങാൻ പോകുന്ന ഒന്നല്ല എന്ന് ഞാൻ കരുതുന്നു. ഹാരിസിനൊപ്പമായിരിക്കും കേരളത്തിലെ ബൗദ്ധിക മണ്ഡലവും കലാകാരന്മാരും അക്കാദമീഷ്യന്മാരും.

വി സി ഹാരിസ് (ചിത്രം - മൈത്രേയൻ)
വി സി ഹാരിസ് (ചിത്രം – മൈത്രേയൻ)

സാഹിത്യത്തിലെ ആധുനിക-ഉത്തരാധുനിക ചിന്തകളെയും സിദ്ധാന്തങ്ങളെയും ആഴത്തിൽ പഠിച്ചിട്ടുള്ള ഒരു നിരൂപകൻ, സിനിമയെക്കുറിച്ച് അതിസൂക്ഷ്മനിരീക്ഷണങ്ങൾ നടത്തി നിലപാടെടുത്തിട്ടുള്ള ചലച്ചിത്രനിരൂപകൻ, ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗമായി പ്രവർത്തിച്ചുകൊണ്ട് ആ മേഖലയിൽ ഗണ്യമായ സംഭാവനകൾ നൽകിയ ആൾ, നാടകരചയിതാവ്, വിവർത്തകൻ, അഭിനേതാവ് എന്നീ നിലകളിലൊക്കെ കഴിവ് തെളിയിച്ചിട്ടുള്ള ഒരാൾ എന്നൊക്കെയുള്ള വിശേഷണങ്ങൾ ഉള്ള ഹാരീസിനെ പുറത്താക്കുന്നതിലൂടെ യൂണിവേഴ്സിറ്റികളിൽ കോടിക്കണക്കിനു രൂപ ചിലവഴിച്ച് നടത്തുന്ന കെട്ടിട-നിർമ്മാണജോലികൾ മാത്രം മതിയെന്നും അക്കാദമിക ഗവേഷണങ്ങളോ മികവോ വേണ്ടതില്ലെന്നും തീരുമാനിക്കുകയാണു ചെയ്യുന്നത്. തീർച്ചയായും കേരളത്തിന്റെ അക്കാദമിക മണ്ഡലം ഇതോടൊപ്പം ആയിരിക്കില്ലെന്നും വിദ്യാഭ്യാസമന്ത്രിയും  മുഖ്യമന്ത്രിയും ഈ പ്രശ്നത്തിൽ ഇടപെട്ട് എം ജി യൂണിവേഴ്സിറ്റിയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അക്കാദമിക മികവിനെ വീണ്ടെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഞാൻ കരുതുന്നു.

Comments

comments