(ന്യൂസ് 18 ചാനലുമായി ബന്ധപ്പെട്ടു വരുന്ന വിവരങ്ങളുടെ റിപ്പോർട്ടിംഗിൽ നിന്ന് മുഖ്യധാരാ മാധ്യമങ്ങൾ ഒഴിഞ്ഞുനിൽക്കുന്നതായും വ്യക്തിബന്ധങ്ങളോ, നിജസ്ഥിതി സംബന്ധിച്ചുള്ള വ്യക്തതയില്ലായ്മയോ മൂലമോ സാധാരണഗതിയിൽ നിന്ന് വിരുദ്ധമായി ഉത്തരവാദിത്തപ്പെട്ട മാദ്ധ്യമപ്രവർത്തകർ മൗനം പുലർത്തിവരുന്നതായുമാണു കാണാനാകുന്നത്. വ്യക്തിഹത്യകളും ദുരാരോപണങ്ങളും വിഴുപ്പലക്കുകളും ഒഴിച്ചുനിർത്തിയാൽ ഇതിൽ തൊഴിലിടം, മാനേജ്മെന്റുകളുടെ അപ്രമാദിത്തം, തൊഴിലാളി സ്വത്വം, ലിംഗം, ജാതി എന്നിങ്ങനെയുള്ള, തീർച്ചയായും അഭിമുഖീകരിക്കേണ്ടുന്ന രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ ഉൾച്ചേർന്നിട്ടുണ്ടെന്നാണു പ്രാഥമികമായി കാണാൻ കഴിയുന്നത്. പ്രശ്നകരമായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണു നിലവിലിരിക്കുന്ന വ്യവസ്ഥകളെ ചൊല്ലിയുള്ള ചർച്ചകളും അവയിൽ നീതിക്കു നിരക്കാത്ത അംശങ്ങളുണ്ടെങ്കിൽ അവയ്ക്കെതിരെ ചെറുത്തുനിൽപ്പുകളും മുന്നേറ്റങ്ങളും ഉയർന്നു വരാറുള്ളത് എന്നതിനാൽ വിഷയത്തിലെ മുഖ്യധാരയുടെ മൗനം ആ തരത്തിലുള്ള ചർച്ചയുടെയും സംഭാഷണങ്ങളുടെയും അവയുടെ വികാസങ്ങളുടെയും സാധ്യതകളെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മാധ്യമങ്ങളെ സംബന്ധിച്ചുള്ള സാമൂഹ്യ ഓഡിറ്റിംഗ് തടയുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കാവുന്ന രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങൾ സംബന്ധിച്ച് ഗുണപരവും ക്രിയാത്മകവുമായ ചർച്ചകൾ നടക്കേണ്ടത് പ്രധാനമാണു എന്നതിനാൽ ഇതുമായി ബന്ധപ്പെട്ടുള്ള വിവിധപക്ഷങ്ങളുടെ അഭിപ്രായങ്ങൾ നവമലയാളി ഓപ്പൺ ഫോറത്തിലൂടെ ഉയർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നു.)
ഈയടുത്ത് ഇറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ ഒരു പ്രത്യേകത അകിര കുറോസവയുടെ വിഖ്യാതമായ റാഷമോണിന്റെ രീതിയിൽ ഒരു സവിശേഷ സംഭവം (event) നടന്ന പരിസരത്തുള്ള വ്യക്തികളിലെ ഓരോ സാക്ഷിയും ഓരോ കാഴ്ച്ചകള്‍ കാണുന്നുവെന്നുള്ളതാണ്. ബസില്‍ വെച്ച് നായികയുടെ മാല പ്രതി കട്ടെടുക്കുന്നു. തുടര്‍ന്നുണ്ടാകുന്ന പ്രതികരണത്തില്‍ ഇതേ ബസില്‍ യാത്രചെയ്തിരുന്ന ഒരു ഇത്താത്ത പ്രതിയെ തല്ലുന്നുണ്ട്. ബസ് പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നു. പ്രതി കുറ്റം നിക്ഷേധിക്കുന്നു. തുടര്‍ന്നു ഈ മാല കണ്ടെടുക്കുന്നതു വരെയുള്ള സംഭവങ്ങളാണ് സിനിമയുടെ കഥ. ഈ വിഷയത്തില്‍ ഇടപെട്ട ബസില്‍ ഉണ്ടായിരുന്ന ഓരോ യാത്രക്കാരുടെയും കാഴ്ച്ച വ്യത്യസ്ഥമായിരുന്നെന്നാണ് കഥാകാരന്‍ സജീവ് പാഴൂരും, സംവിധായകന്‍ ദിലീഷ് പോത്തനും, ക്രിയേറ്റീവ് ഡയറക്ടർ ശ്യാം പുഷ്ക്കറും ചേര്‍ന്ന് കാണികളെ ബോധ്യപെടുത്തുന്നത്. ഇത്താത്തയുടെ കാഴ്ച്ചയല്ല, ബസ് കണ്ടക്ടറുടെ കാഴ്ച്ച, കണ്ടക്ടറുടെ കാഴ്ച്ചയല്ല അതേ ബസില്‍ തന്നെയുണ്ടായിരുന്ന മറ്റുള്ളവരുടെ കാഴ്ച്ച, ഇതല്ല നായികയുടെ ഭര്‍ത്താവിന്‍റെ കാഴ്ച്ച. പോലീസ് ചോദ്യം ചെയ്യുന്നിടത്ത് ശ്രീജ നുണ പറയുകയില്ലെന്നുള്ള തന്‍റെ ‘ബോധ്യം’ മാത്രമാണു അയാള്‍ക്ക് നിയമ സംവിധാനത്തിനു മുന്നില്‍ വെക്കാന്‍ ഉണ്ടായിരുന്നത്. അമ്പലത്തിലെ ഉത്സവം കാണാന്‍ പോകണമെന്ന വ്യക്തിഗത താല്പര്യത്തിനു മുന്നില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആദ്യം ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. മാല മോഷണം പോയത് നേരിട്ട് കണ്ട ഏകവ്യക്തി എന്ന നിലയിലും ഇര എന്ന നിലയിലുമുള്ള ശ്രീജയുടെ മൊഴിയാണു സാങ്കേതികത്വത്തില്‍ ഊന്നി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും. പിന്നീട് ഇതേ പോലീസ് സംവിധാനം തൊണ്ടിമുതല്‍ നിര്‍മ്മിക്കുന്നതും ശ്രീജയുടെ മൊഴി മാറ്റി രേഖപെടുത്തുന്നതും സിനിമയിലെ വഴിത്തിരിവുകളാണ്.
പറഞ്ഞു വന്നത് ഒരു സംഭവത്തെ സംബന്ധിച്ച പലതരം കാഴ്ച്ചകളെ കുറിച്ചാണ്. ഇത്തരം കാഴ്ച്ചകളാണ് കണ്ടിരിക്കുന്നവരുടെ ഭാഗത്തു നിന്നും ന്യൂസ് 18-ലെ തൊഴില്‍ പീഡനത്തിന്‍റെ കാര്യത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സംഘപരിവാര്‍ വീണു കിട്ടിയ സുവര്‍ണ്ണാവസരം ഉപയോഗിക്കുന്നു എന്നുള്ളതില്‍ സംശയമില്ല. എന്നാല്‍ അതായിരുന്നോ ന്യൂസ് 18-ലെ യാഥാര്‍ത്ഥ പ്രശ്നം? ആ തൊഴിലിടത്തിൽ നടന്ന ഗൂഡാലോചനയുടെ യഥാര്‍ത്ഥ ഇര ആരാണ്? ഈ വിഷയത്തില്‍ ആദ്യ ദിവസം മുതല്‍ ആശുപത്രിയില്‍ പോകുകയും പിരിച്ചു വിടല്‍ ഭീഷണി നേരിടുന്നതും അല്ലാത്തതുമായ ആളുകളോട് സംസരിച്ചതില്‍ നിന്നുമായി ഞാന്‍ മനസിലാക്കുന്ന കാര്യങ്ങള്‍ എഴുതണമെന്ന് തോന്നിയതുകൊണ്ടും കൂടിയാണ് ഈ കുറിപ്പ് എഴുതുന്നത്. ഇതില്‍ എന്‍റെ കാഴ്ച്ചയ്ക്കൊപ്പം രാഷ്ട്രീയവും പക്ഷവും കൂടി ഉറപ്പിക്കുകയുമാണ്.
പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നവരെ കുറിച്ച്: നിലവില്‍ 18 തൊഴിലാളികളാണ് പിരിച്ചു വിടല്‍ ഭീഷണി നേരിടുന്നത്. ഇതില്‍ ഒരു വനിത ജേര്‍ണലിസ്റ്റിനെ ഭീഷണിപെടുത്തി രാജി എഴുതി വാങ്ങിയിരുന്നു.ഇതിന്‍റെ തൊട്ടടുത്ത ദിവസമാണ് ദലിത് മാദ്ധ്യമ പ്രവര്‍ത്തകയെ ആത്മഹത്യയിലേക്ക് തള്ളിവിടും വിധമുള്ള ഇടപെടലുകള്‍ എച്ച്. ഓ. ഡി അടക്കമുള്ള മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഭാഗ്യം കൊണ്ടു മാത്രമാണു ആ ജീവന്‍ തിരിച്ചു കിട്ടിയത്. പെര്‍ഫോര്‍മന്‍സിന്റെ പേരില്‍ ഈമെയില്‍ ലഭിച്ച തൊഴിലാളികള്‍ എല്ലാം തന്നെ ഇപ്പോള്‍ ഗ്രൂപ്പ് എഡിറ്റര്‍ ആയി സ്ഥലം മാറി പോയ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് റിക്രൂട്ട് ചെയ്തത റിസോഴ്സുകൾ ആണു. ഈ 18 പേരില്‍ തന്നെ 3.5-ഉം, 3-ഉം പെര്‍ഫോര്‍മന്‍സ് റേറ്റിംഗ് ലഭിച്ചവര്‍ ഉണ്ട് (പെർഫോർമൻസ്റേ റ്റിംഗ് : കുറഞ്ഞത് -1, കൂടിയത് -5). ഇവരില്‍ ചിലര്‍ സി.പി.എം അനുഭാവികളും ചിലര്‍ കോൺഗ്രസ് അനുഭാവികളും മറ്റുചിലര്‍ സംഘപരിവാര്‍ പക്ഷത്തുമുള്ളവരുമാണ്. പുറത്താക്കാന്‍ ശ്രമിച്ചത് ഈ 18 പേരെയാണ്. ഒരു തൊഴിലാളിയെ ഫോണിൽ വിളിച്ച് എച്ച്.ആര്‍ (H.R) രാജി ആവശ്യപ്പെടുന്ന സംഭാഷണത്തില്‍ എച്ച്.ഓ.ഡിയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും പറയുന്നുമുണ്ട്.
നിര്‍ബന്ധിച്ച് രാജി എഴുതി വാങ്ങപ്പെട്ട മാദ്ധ്യമപ്രവർത്തകയും ഇതില്‍ എച്ച്.ഓ.ഡിക്കുള്ള പങ്കിനെ ശരിവെക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പക്ഷപാതിത്വങ്ങളുള്ള ഈ തൊഴിലാളികളെയെല്ലാം ഒറ്റയടിക്ക് സംഘപരിവാര്‍ ആക്കി പ്രചരിപ്പിക്കുന്ന ഗൂഡാലോചന സിദ്ധാന്തം പലരും കേട്ടു കാണും. തൊഴിലാളികള്‍ തങ്ങള്‍ക്കു കഴിയുന്ന വിധത്തില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ പ്രതിരോധത്തെ റിലയന്‍സിന്‍റെയും സംഘപരിവാറിന്‍റെയും തലയില്‍ കെട്ടിവെച്ചു കൊണ്ട് പ്രതിസ്ഥാനത്തു വരുന്നവരെ സംരക്ഷിക്കാനാണ് ഒരു കൂട്ടം മാദ്ധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. റിലയന്‍സിനു തീര്‍ച്ചയായും അവരുടെ മുതലാളിത്ത താല്‍പര്യങ്ങള്‍ ഉണ്ടാകുമെങ്കിലും മാനേജ്മെനിന്റെ പ്രീതിപെടുത്താനും, അല്ലെങ്കിൽ ആ താല്പര്യങ്ങൾക്കൊപ്പം നിൽക്കാനുമായി 18 തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കാന്‍ നടന്ന ശ്രമമാണ് ന്യൂസ് 18-ലെ തൊഴില്‍ പ്രശ്നത്തിന്‍റെ കാതല്‍.
ഈ സംഭവുമായി നേരിട്ട് ബന്ധമില്ലെങ്കിലും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞ ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ – 100-ല്‍ പരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ന്യൂസ് 18-ൽ നാളിത്രയായിട്ടും Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, 2013 – നിർദ്ദേശിക്കുന്ന പ്രകാരമുള്ള, സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഇന്റെര്‍ണല്‍ കമ്പ്ലെയ്ന്റ് കമ്മിറ്റി ഉണ്ടായിട്ടില്ല. ആകെയുള്ളത് ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇമെയിലില്‍ കൂടി മാത്രം ബന്ധപെടാവുന്ന ഒരു കമ്മിറ്റിയാണു. 10 സ്ത്രീകളില്‍ കൂടുതല്‍ പേര്‍ തൊഴില്‍ ചെയ്യുന്ന എല്ലാ തൊഴിലിടങ്ങളിലും ഇത്തരം കമ്മിറ്റികള്‍ നിര്‍മ്മിക്കണമെന്നുള്ള നിയമ വ്യവസ്ഥയുടെ ലംഘനം നടത്തിയിട്ടുള്ള ഒരു തൊഴിലിടം കൂടിയാണ് ഈ സ്ഥാപനം. തൊഴിലിടങ്ങളിൽ പല സംഘങ്ങളും ഗ്രൂപ്പുകളും പരസ്പരശത്രുതകളും അധികാര വടംവലികളുമൊക്കെ പൊതുവായി ഉണ്ടാകുമെങ്കിലും ഒരു സഹപ്രവര്‍ത്തകയുടെ/ സഹപ്രവര്‍ത്തകന്റെ തൊഴിലും ജീവിതവും അവസാനിപ്പിക്കുന്ന തരത്തിലേക്കുള്ള പ്രവര്‍ത്തനങ്ങളിലേക്ക് അവ നീങ്ങാറില്ല. ഇവിടെയാണ് ഒരു കോര്‍ ഗ്രൂപ്പ് പുലർത്തിയ ഹിംസാത്മകമായ നിലപാടും അവരുടെ തൊഴിലാളി വിരുദ്ധ സമീപനങ്ങളെ കുറിച്ചും പുറത്താക്കാനുള്ള പദ്ധതിയില്‍ പെടുത്തപ്പെട്ട 18-പേരും സംസാരിക്കുന്നത്.
ആത്മഹത്യ നാടകം (നാടകമെന്ന ആരോപണം)
സൂര്യനെല്ലി പെണ്‍കുട്ടിയാണോ അതോ അതിൽ കുറ്റാരോപിതരായ രാഷ്ട്രീയക്കാരും മറ്റു പ്രമുഖരുമാണോ യഥാര്‍ത്ഥ ഇര? ന്യൂസ് 18-ലെ തൊഴിലാളി വിരുദ്ധ നടപടികളിലെ ഇര ദലിത് മാദ്ധ്യമപ്രവർത്തകയോ അതോ അവരുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചവരോ?
ദലിത് മാദ്ധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം നാടകമാണെന്ന് ഫെസ്ബുക്കിൽ എഴുതാൻ മാദ്ധ്യമ പ്രവര്‍ത്തര്‍ ഉണ്ടായി. ഒരേ പാറ്റേണിലാണു അത്തരത്തിലൊരു വിക്റ്റിം ഷെയിമിങ്ങിനു പല മാദ്ധ്യമപ്രവര്‍ത്തകരും മുതിർന്നത്. ഇതിന്‍റെ കൂടെയാണു ദലിത് പേടിയെന്ന ആയുധവും പുറത്തു വന്നത്. മറ്റൊരു ഗൂഡാലോചന തിയറി ഇരയാക്കപെട്ട വനിത സംഘപരിവാര്‍ ആയതുകൊണ്ടു പ്രതിസ്ഥാനത്ത് സംഘപരിവാറിന്റെ ശത്രുക്കൾ വരുന്നുവെന്നാണ്. എന്നാൽ അവർ സംഘപരിവാര്‍ പക്ഷപാതിത്വമുള്ള ഒരാളല്ല എന്നതാണു യാഥാർത്ഥ്യം. ഇത്തരം വിക്റ്റിം ഷെയിമിംഗ് തൊടുത്തു വിടുന്നവരെ പ്രതിരോധിക്കേണ്ടതുണ്ട്. അങ്ങിനെ ഒരു ചര്‍ച്ച സൈബര്‍ സ്പെയ്സിലെങ്കിലും നടന്നോ? ഇരയാക്കപെട്ട മാദ്ധ്യമപ്രവർത്തക നല്‍കിയ പരാതി പുറത്തു വന്നിട്ടും ഒരു ചെറിയ കൂട്ടം മാദ്ധ്യമ പ്രവര്‍ത്തകരും network of women in media-യും ഒഴികെയുള്ളവർ തുറന്നു സംസാരിക്കാൻ വിമുഖത കാണിച്ചു. മിക്ക മാദ്ധ്യമ സിംഹങ്ങളും ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞതായി കാണാൻ കഴിയില്ല. ലോകത്തെ എല്ലാ പ്രശ്നങ്ങളിലും നിശിതമായ അഭിപ്രായം പറയുന്ന, ക്ഷോഭിക്കുന്ന യുവത്വങ്ങളും വീരവിപ്ലവകാരികളും നിശബ്ദരായിരിക്കുന്നതാണു കാണുന്നത്. എന്തുകൊണ്ടാണിവര്‍ ഇരയുടെ ഭാഗത്തു നില്‍ക്കാത്തതെന്നുള്ള ചോദ്യം ഓരോ മലയാളിയും പലയാവര്‍ത്തി ചിന്തിക്കേണ്ടതാണു. ഈ പരാതിയുടെ കോപ്പി നാടറിയാതെ മുക്കിയതിൽ (ചിലമാദ്ധ്യമങ്ങള്‍ ഒഴിവാക്കപെട്ടാല്‍) പൊതുവില്‍ എല്ലാ മാദ്ധ്യമങ്ങള്‍ക്കും പങ്കുണ്ട്. അതാണ് പുരുഷ ജേര്‍ണലിസ്റ്റ് സാഹോദര്യക്കൂട്ടായ്മയുടെ ശക്തി. ആത്മഹത്യ ചെയ്യാൻ കഴിച്ചത് പാരസെറ്റമോള്‍ ആണെന്നും ചില ഇൻവെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകള്‍ ഇതിനിടയില്‍ കണ്ടെത്തിയിരുന്നു. (എന്നാല്‍ പരിശോധിച്ച ഡോക്ടർ പറയുന്നത് പെയിന്‍ കില്ലറുകള്‍ ആണെന്നാണു. പെയിന്‍ കില്ലര്‍ കഴിച്ചാല്‍ മരിക്കുമോ എന്നായിരിക്കും അടുത്തതായി ഉണ്ടാകാന്‍ പോകുന്ന ചോദ്യം). ഇതൊരു ആത്മഹത്യാ നാടകം ആണെന്ന് ഒളിഞ്ഞും തെളിഞ്ഞും വാട്സ് ആപ്പിലും ഫോണിലും കൂടി പ്രചരിപ്പിക്കുകയാണ് വേറൊരു വിഭാഗം മാദ്ധ്യമപ്രവര്‍ത്തകര്‍.
തന്നെ “കഴിവു”കെട്ടവളാക്കി ചിത്രീകരിച്ചവര്‍ക്ക് മുന്നില്‍, ഈ തൊഴില്‍ നഷ്ടപെട്ടാല്‍ മറ്റൊരു ജോലി പെട്ടെന്ന് ലഭിക്കുകയെന്നുള്ളത് ദുഷ്കരമായ അവസ്ഥയില്‍, ഇനി മുന്നോട്ടു പോക്കില്ലെന്നു തിരിച്ചറിയുന്ന അവസ്ഥയില്‍ ഒരു മനുഷ്യജീവി സ്വന്തം ജീവന്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ഭാഗ്യം എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് ജീവിച്ചിരിക്കുകയും ചെയ്യുന്ന ഒരു സംഭവത്തിനു പിന്നിലുള്ളത് ഗൂഡാലോചനയാണെന്നു പറയാനുള്ള മാനസ്സികാവസ്ഥയെ ക്രൂരതയെന്നേ വിശേഷിപ്പിക്കാനാകൂ. ഇത് ഇരക്കെതിരെ നടത്തുന്ന ഇരട്ട ആക്രമണമാണെന്ന് മനസിലാക്കാനുള്ള ബുദ്ധി ഇല്ലാത്തവരല്ല ഇതെഴുതി പിടിപ്പിച്ചിരിക്കുന്നത് എന്നുള്ളതാണ് ജേര്‍ണലിസ്റ്റ് സാഹോദര്യക്കൂട്ടായ്മാ ഇടപെടലുകളുടെ ആന്റി ക്ലൈമാക്സ്. ഇവരില്‍ ആരും തന്നെ മുഖ്യാധാര മാദ്ധ്യമങ്ങൾ വാര്‍ത്ത പൂഴ്ത്തിയതിനെ കുറിച്ച് സംസാരിക്കുന്നില്ല. പകരം വാര്‍ത്തകള്‍ കൊടുത്ത മാദ്ധ്യമങ്ങളിലെ ഫാക്ച്വല്‍ തെറ്റുകൾ കണ്ടെത്തി ക്ലാസ്സെടുക്കുന്ന തിരക്കിലാണ്.
വാര്‍ത്താഫാക്ടറിയിലെ ഉല്‍പന്നമായ വാര്‍ത്ത ഏതെങ്കിലുമൊരു വ്യക്തിയുടെ മാത്രം ഉൽപ്പന്നമല്ല. നിരവധി തൊഴിലാളികളുടെ അദ്ധ്വാനം അതിനു പിറകിലുണ്ട്. അതില്‍ സാങ്കേതിക തൊഴിലാളികളും വരും. വാര്‍ത്ത അവതാരകര്‍ക്കു വാര്‍ത്തയെന്ന ഉല്‍പന്നത്തിന്റെ സെയില്‍മാന്‍/ വുമണ്‍ എന്ന റോള്‍ ആണുള്ളത്. ഫീല്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരായാലും ‘ഭൂരിപക്ഷം’ കേസിലും ഇതര സോഴ്സുകള്‍ നല്‍കുന്ന വാര്‍ത്തകളാണ് എക്ലൂസീവ് എന്ന പേരില്‍ വ്യക്തിഗത അക്കൗണ്ടില്‍ ആക്കുന്നതും. കൂട്ടായ പ്രവര്‍ത്തനത്തെ പരിഗണിക്കാതെ, തൊഴിലിടങ്ങിലെ ഇതര തൊഴിലാളികളുടെ അദ്ധ്വാനത്തെ പരിഗണിക്കാതെ നടത്തുന്ന ആക്ഷേപങ്ങളും അട്ടഹാസങ്ങളും പ്രശ്നകരമാണു. സ്വന്തം തൊഴിലില്‍ ഒരിക്കല്‍ പോലും തെറ്റുപറ്റാത്ത സമ്പൂർണ്ണത കൈവരിച്ച ബിംബങ്ങളായി ഉത്തമ പുരുഷന്മാരെ പൊതുസമൂഹത്തിനു മുന്നില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമവും കാണാം. തൊഴിലാളി വിരുദ്ധ നടപടികള്‍ പക്ഷേ ചര്‍ച്ചയേ ആകുന്നില്ല. എന്നാൽ അത്തരം ശ്രമങ്ങള്‍ തിരിച്ചറിയാൻ കഴിവുള്ളവര്‍ സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് എന്നതാണു ആശ്വാസകരം. ഉല്‍പാദനപ്രക്രിയയില്‍ പങ്കാളികളായ മുഴുവന്‍ തൊഴിലാളികളെയും ബഹുമാനിക്കുക എന്നുള്ളത് തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്നവര്‍ പ്രാഥമികമായും പുലർത്തേണ്ട ഉത്തരവാദിത്തമാണ്.
തൊഴില്‍ ചൂഷണവും, ലിംഗ വിവേചനവും, ജാതീയതയും:
പല സാക്ഷികളുടെയും കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന കഥാതന്തുവാണ് മുകളിൽ സൂചിപ്പിച്ച സിനിമയില്‍ ഉള്ളതെങ്കിലും അവസാനം എന്തുകൊണ്ട് പ്രകാശ് കളവ് നടത്തിയെന്ന് പ്രേക്ഷകനെ ബോധ്യപെടുത്തിയാണ് സിനിമ അവസാനിപ്പിക്കുന്നത്. കളവിനെ ഒരു സംഭവമായി ആയി ചിത്രീകരിക്കാതെ ഒരു പ്രക്രിയയായി ചിത്രീകരിക്കുകയും പട്ടിണി ഒരു വ്യക്തിയെ മാറ്റി മറിക്കുന്നതും കഥാകാരന്‍ പ്രേക്ഷകരെ ബോധ്യപെടുത്തുന്നുണ്ട്. അതുവരെ ഉണ്ടായിരുന്ന പലതായ കാഴ്ച്ചകളെയും തകിടം മറിച്ചാണ് ആ സിനിമ അവസാനിക്കുന്നത്. ന്യൂസ് 18-ലെ തൊഴില്‍ പ്രശ്നവുമായി ബന്ധപെട്ടു പുറത്തുവന്ന പല കാഴ്ച്ചകളില്‍ നിന്നും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുവാനും വ്യവസ്ഥയുടെ പ്രശ്നങ്ങള്‍ (ആ പ്രക്രിയയെ) പരിശോധിക്കുക എന്നുള്ള കാഴ്ച്ച കൂടി അനിവാര്യമായി വരുന്നു.
ഈ സ്ഥാപനത്തിലെ തൊഴില്‍ ചൂഷണത്തിനൊപ്പം തന്നെ ആത്മഹത്യക്ക് ശ്രമിച്ച ദലിത് മാദ്ധ്യമപ്രവർത്തകയുടെ കാര്യം മറ്റൊരു സവിശേഷ പ്രശ്നവും കൂടിയാണു. രണ്ടു പ്രശ്നവും വ്യത്യസ്ഥമായി പരിശോധിക്കുകയും വിശദാംശങ്ങളിലേക്ക് കടക്കേണ്ടതുമുണ്ട്. ഒരു സ്ഥാപനത്തിന്‍റെ ഉല്‍പാദനത്തില്‍ തുടക്കം മുതല്‍ തന്‍റെ അദ്ധ്വാനം സംഭാവന ചെയ്ത തൊഴിലാളിയെ (തൊഴിലാളികളെ) ചില സ്ഥാപിത താല്‍പര്യങ്ങളുടെ പേരില്‍ പുറത്താക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് തോൽപ്പിക്കേണ്ടതാണു. മാറി മാറി വരുന്ന സ്ഥാപിത താല്പര്യങ്ങള്‍ക്കനുസരിച്ച് തൊഴിലാളികളുടെ ജീവിതം ഇല്ലാതാക്കാതെയിരിക്കാന്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചേ മതിയാകൂ. അതുകൊണ്ടു തന്നെ തൊഴില്‍ പ്രശ്നവും, മനുഷ്യാവകാശപ്രശ്നവും വരുമ്പോള്‍ പ്രൊഫഷണലിസം, പെര്‍ഫോര്‍മന്‍സ് തുടങ്ങിയ മുതലാളിത്ത ഗീര്‍വാണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യമേ തള്ളികളയുന്നു. എന്നിട്ട് തൊഴിലാളി വര്‍ഗത്തിനൊപ്പം നിലയുറപ്പിക്കുന്നു. അടിസ്ഥാനപരമായി മാര്‍ക്സിസ്റ്റുകളെന്നു അവകാശപെടുന്നവര്‍ ചെയ്യേണ്ട ഉത്തരവാദിത്വം കൂടിയാണത്. ‘തൊഴിലാളി വര്‍ഗത്തിനൊപ്പം പ്രാഥമികമായും നില്‍ക്കേണ്ടവര്‍ അങ്ങിനെ ചെയ്യാതിരിക്കുമ്പോഴാണ് റിഗ്രസീവ് എലമെന്റുകള്‍ അവിടേക്ക് പിറകില്‍ കൂടെ കടന്നു വരികയെന്നുള്ള ബോധ്യവുമുണ്ടാകണം’.
മാദ്ധ്യമ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതില്‍ ഇടപെടാന്‍ പലരേയും കാണാറില്ല. അതിന്‍റെ കാരണം ഏതൊരു മനുഷ്യന്‍റെയും ജീവിതം തന്നെ ഇല്ലാതാക്കാന്‍ സാധിക്കും വിധം പോതുബോധനിര്‍മ്മിതി സൃഷ്ടിക്കാന്‍ ശക്തിയുള്ളവർ ഇക്കൂട്ടരില്‍ ഉണ്ടെന്നുള്ളതാണ്. പലപ്പോഴും ആരോഗ്യകരമായ സംവാദം പോലും സാധ്യമല്ലാത്ത വ്യക്തിഗത റിപബ്ലിക്കുകള്‍. വിമര്‍ശനം തുറന്നു പറഞ്ഞാല്‍ അതോടെ തീരും പണി. എന്നാല്‍ ഇവരുടെ സൌഹൃദവലയത്തില്‍ കയറി കൂടിയാല്‍ ആവശ്യം പോലെ ലഭിക്കും വിസിബിലിറ്റി.
ജാതിപേര് വിളിച്ചാല്‍ മാത്രമാണ് ജാതീയതയുണ്ടാകൂ എന്നൊരു തെറ്റിദ്ധാരണ പല പുരോഗമനകാരികള്‍ക്കിടയിലും ഉണ്ടെന്ന് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ നിന്നും മനസിലാക്കാം. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ദലിത് വനിതയുടെ വിഷയം, ജീവിതസാഹചര്യം, പരിശോധിച്ചാല്‍ അവര്‍ക്ക് നിലവില്‍ ഈ ജോലിയില്‍ തുടര്‍ന്നേ മതിയാകൂ എന്നു കാണാന്‍ കഴിയും. ഈ കാഴ്ച്ച ഇല്ലാത്തവര്‍ എച്ച്.ഒ.ഡിയായി വന്നാല്‍ അവര്‍ക്ക് എത്രമാത്രം പ്രൊഫഷണലിസം ഉണ്ടെന്നു പറഞ്ഞിട്ടും അവര്‍ പുരോഗമന നിലപാടുകൾ പരസ്യമായി എടുക്കുന്നവരാണെന്നു ആണയിട്ടിട്ടും കാര്യമില്ല. അവകാശവാദങ്ങളില്‍ അല്ല, പ്രവൃത്തികളില്‍ അവയുണ്ടാകണം. ഈ സഹപ്രവര്‍ത്തക ജനിച്ചു വളര്‍ന്ന സമൂഹം, അവരിന്നു ജീവിക്കുന്ന വീട്, അതിന്‍റെ പരിസരം, അതിന്‍റെ കാരണം എന്നിവ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരാള്‍ തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ അയാള്‍ക്കു മറ്റെന്തു സാമൂഹ്യബോധമുണ്ടെന്നും, പുരോഗമന രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും അവകാശപെട്ടിട്ട് കാര്യമില്ല.
സാമൂഹ്യ ജീവി, കുടുംബത്തിലെ അംഗം, സ്ഥാപനത്തിലെ തൊഴിലാളി എന്നിങ്ങനെ 3 നിലയില്‍ വിഭജിതമാണ് ദൃശ്യമാദ്ധ്യമപ്രവര്‍ത്തകയുടെ ജീവിതം. ഈ തൊഴില്‍ തുടരണോ അതോ വിട്ടു പോകണോ എന്നു നിര്‍ണ്ണയിക്കുന്നതും ഇവയെല്ലാം കൂടിയാണ്. പുരുഷനേക്കാള്‍ സ്ത്രീക്കു ഉണ്ടാകുന്ന ജോലി-ജീവിത സംഘർഷത്തിന്റെ (വര്‍ക്ക് ലൈഫ് കൊണ്ഫ്ലിക്റ്റ്) ആഘാതം കൂട്ടുകയല്ല ഉത്തരവാദിത്തബോധമുള്ള പുരോഗമന പക്ഷത്തുള്ളവര്‍ ചെയ്യേണ്ടത്, മറിച്ച് വര്‍ക്ക് ലൈഫ് ബാലന്‍സ് ഉണ്ടാക്കാന്‍ അവരെ സഹായിക്കുകയാണ്. ദലിത് സ്ത്രീകളുടെ കാര്യം വരുമ്പോള്‍ ഇതിനെല്ലാം പുറമേ സമൂഹം അടിച്ചേല്‍പ്പിക്കുന്ന മറ്റൊരു കീഴാള നിലയെ കൂടി മറികടക്കേണ്ടതായി വരുന്നു. ഇവയൊന്നും പരിഗണനാ വിഷയങ്ങളാക്കാതെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം നിങ്ങള്‍ അവരെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ നിങ്ങളുടെ വീഴ്ച്ച അവിടെ തുടങ്ങുന്നു, അല്ലാ, സാമൂഹ്യജീവി എന്ന നിലയിലും രാഷ്ട്രീയജീവി എന്നനിലയിലും നിങ്ങൾക്കൊരുപാട് വീഴ്ച പറ്റിക്കഴിഞ്ഞിരിക്കുന്നു. അടിസ്ഥാന രാഷ്ട്രീയമില്ലാത്തതാണു കുഴപ്പം എന്ന് വരുന്നു. അവയുടെ അടിസ്ഥാന സങ്കൽപ്പങ്ങൾ പഠിക്കാൻ കഴിയട്ടേ എന്നാശംസിക്കാനേ കഴിയൂ. അതു തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം അയാലും, അംബേദ്‌ക്കറൈറ്റ് രാഷ്ട്രീയം ആണെങ്കിലും. ആ വനിത ആരുടേയെങ്കിലും അടിമയായി ആ സ്ഥാപനത്തില്‍ കയറിയതല്ല. ഒരു സെലക്ഷന്‍ പ്രക്രിയയിൽ കൂടി തെരഞ്ഞെടുക്കപെട്ടതാണ്. തന്‍റെ ‘ആര്‍ജ്ജിത’ അറിവുകളുമായി ‘സ്വാഭാവിക അറിവധികാരങ്ങള്‍’ ലഭിച്ചിട്ടുള്ളവര്‍ക്കിടയിലേക്ക് കടന്നു വരുമ്പോള്‍ അവരെ പ്രത്യേകമായി പരിഗണിക്കുകയും, ഒഴിവാക്കപെടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണമായിരുന്നു. ജാതിപേര് വിളിച്ചു പരിഹസിക്കുന്നിടത്തു ‘മാത്രമാണു’ ജാതിപ്രവര്‍ത്തിക്കുന്നതെന്നുള്ള തോന്നലുകൾ തെറ്റാകുന്നത് ഇങ്ങനെയെല്ലാമാണ്. ഒഴിവാക്കലുകളില്‍ ജാതി പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസിനകത്തെ ഗ്രൂപ്പുകളില്‍ ഈ ജാതി പ്രവര്‍ത്തിക്കുന്നുണ്ട്. രോഹിത്ത് വെമുലയുടെ ആത്മഹത്യ institutional murder ആയിരുന്നെങ്കില്‍ ഇവിടെയും പ്രതിസ്ഥാനത്ത് ആ തൊഴിലിടത്തിൽ നിലനിൽക്കുന്ന വ്യവസ്ഥയാണു. ആ സ്ത്രീയുടെയും കുടുംബത്തിന്‍റെയും ഭാഗ്യത്തിനു മരണം ഒഴിവായെന്നേയുള്ളൂ.
എന്‍റെ പരിമിതമായ അന്വേഷണത്തില്‍ മനസ്സിലായ കാര്യം കേരളത്തിലെ വിവിധ ദൃശ്യ മാദ്ധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീകളെ ഇത്തരത്തില്‍ ഒഴിവാക്കുന്ന പ്രക്രിയ പ്രാബല്യത്തിലുണ്ട് എന്നാണു. വനിത വാര്‍ത്ത അവതാരകര്‍, വനിതാ റിപ്പോര്‍ട്ടര്‍മാര്‍ എന്നിവരുടെ ‘ലുക്ക് ആന്‍ഡ് ഫീലിന്റെ’ കാര്യത്തില്‍ കണിശതയാര്‍ന്ന നിയമങ്ങളുണ്ടാക്കിയ സ്ഥാപനമാണ് മനോരമ. സ്ക്രീന്‍ ഹൈജീൻ ആദ്യമായി വന്നത് മനോരമയിലാണ്. നിര്‍ബന്ധപൂര്‍വ്വം മുടി മുറിപ്പിക്കുക, മുടി സ്ട്രേയ്റ്റൻ ചെയ്യിപ്പിക്കുക, ഇന്ന വേഷം ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുക എന്നിവയെല്ലാം ആ സ്ഥാപനം ചെയ്തതാണ്. ഉദാരവൽക്കരണക്കാലത്ത് വാർത്ത കമ്പോളത്തിനു ചേരുന്ന മട്ടിൽ വിൽക്കാൻ ഇവ ആവശ്യമായിരിക്കാം. മംഗളത്തിലെ ട്രെയ്നി വനിത ജേര്‍ണലിസ്റ്റിനു പുരുഷ പ്രജകള്‍ നല്‍കിയ അസൈന്‍മെന്റിനെ കുറിച്ചു നാം ചര്‍ച്ചചെയ്തിട്ടു കുറച്ചു നാളുകളെ ആയുള്ളൂ.
“ആഗോളതലത്തില്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ മാറ്റി നിറുത്തപെട്ട ബീറ്റുകളിലൊന്ന് സ്പോര്‍ട്സ് ജേര്‍ണലിസമാണ്. സ്പോര്‍ട്സ് ജേര്‍ണലിസത്തില്‍ വനിതകളെ തടയുന്ന gate keeping ഇപ്പോഴും നിലനില്‍ക്കുന്നു” -എന്നു കേലാനിയ യൂണിവേര്‍സിറ്റിയിലെ സ്പോട്സ് സൈക്കോളജി ലെക്ച്ചറര്‍ ആയ D.L.I.H.K. Peiris വിലയിരുത്തിയിട്ടുണ്ട്. കേരളത്തില്‍ മീഡിയ വണ്ണില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. സ്പോർട്സ് അവതാരയാകാനുള്ള വനിത ജേര്‍ണലിസ്റ്റിന്‍റെ ശ്രമത്തെ ഗേയ്റ്റ് കീപ്പര്‍മാര്‍ പരിഹാസത്തോടെയും ആക്ഷേപങ്ങളോടെയുമാണ് നേരിട്ടത്. അതുപോലെ പുരുഷ അറിവാളികളോട് പോരാടി അവസാനം സ്ഥാപനത്തില്‍ നിന്നും രാജി വെച്ച് പുറത്തു പോരേണ്ടി വന്ന ഒരാളാണ് വിധു വിന്‍സെന്റ്. കീഴാള വിഭാഗങ്ങളുടെ പുറം തള്ളല്‍ പ്രക്രിയകള്‍ക്ക് ഇത്തരത്തില്‍ വിവിധ പതിപ്പുകള്‍ ഉണ്ട്. വാര്‍ത്തയെ സംഭവമാക്കി കാണുകയും പ്രക്രിയയായി കാണാതിരിക്കുകയും ചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തന സമ്പ്രാദായത്തിനും അതിലെ പ്രൊഫഷണലുകളും തങ്ങള്‍ കൂടി ഉള്‍പെട്ട തൊഴില്‍ സമൂഹം തൊഴിലാളിക്കും സ്ത്രീക്കും ദലിതര്‍ക്കും നിഷേധിക്കുന്ന ഇടത്തെ കുറിച്ച് ബോധവാന്മാരാകണം എന്നില്ല. പുറംതള്ളല്‍ എന്ന പ്രക്രിയയെ ജാഗ്രതയോടെ സമീപിച്ചാല്‍ മാത്രമേ അതിനെ തിരിച്ചറിയാന്‍ കഴിയൂ. ഇതിനെല്ലാം പുറമേ sexual assault, body shaming, sex shaming എന്നിവയെല്ലാം മാദ്ധ്യമസ്ഥാപനങ്ങളില്‍ പലതവണ ഉണ്ടാകുകയും സ്ത്രീകള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. സ്വതവേ തന്നെ സത്യസന്ധരും പുരോഗമനകാരികളും ആയ പുരുഷപ്രജകൾ ഇത്തരം ആക്ഷേപങ്ങളിലും പുറം തള്ളല്‍ പ്രക്രിയകളിലും അവയുടെ തമസ്കരണങ്ങളിലുമൊക്കെ ഒരിക്കലും ഭാഗമായിരുന്നില്ലെന്നു പറഞ്ഞാല്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. മുകളില്‍ പരാമര്‍ശിച്ച വിഷയങ്ങളില്‍ ഇരകളാക്കപെട്ടവര്‍ പറഞ്ഞ പേരുകള്‍ പുറത്തു പറയുന്നില്ല, മാദ്ധ്യമസ്ഥാപനങ്ങളിലെ പുരുഷന്മാരുടെ ഐഡെന്‍റ്റിറ്റി വെളിപെടുത്തിയാൽ തങ്ങള്‍ക്കു നേരെ വീണ്ടും അനീതിയുണ്ടാകുമെന്ന ഭീതി ഇരകള്‍ക്കു തന്നെയുണ്ട്. അതാണീ ദുഷിച്ച വ്യവസ്ഥയുടെ കാഠിന്യവും. അതേ വ്യവസ്ഥയോട് ‘ഇരട്ടപ്രതിരോധം’ തീര്‍ക്കുകയായിരുന്നു ന്യൂസ് 18-ലെ ദലിത് മാദ്ധ്യമപ്രവർത്തക.
പെര്‍ഫോര്‍മന്‍സ് അപ്രൈസല്‍ എന്ന പുറംതള്ളല്‍ പ്രക്രിയ:
സര്‍ക്കാര്‍ സര്‍വീസുകളില്‍ മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങളിലടക്കം സംവരണം നടപ്പിലാക്കണമെന്നുള്ള അഭിപ്രായമാണ് അംബേദ്‌ക്കറൈറ്റുകൾക്കും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുമുള്ളത്. സര്‍ക്കാര്‍ സര്‍വീസിനേക്കാള്‍ വലിയ തൊഴില്‍ മേഖലയെന്നുള്ള നിലയില്‍ സ്വകാര്യ മേഖലയിലേക്കു കൂടി സംവരണം വ്യാപിപ്പിച്ചാലേ പുറംതള്ളപെട്ട സാമൂഹ്യ ജനവിഭാഗങ്ങളുടെ തൊഴില്‍ രാഹിത്യത്തിനു വലിയൊരു പരിധിവരെ പരിഹാരമുണ്ടാകൂ എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മാദ്ധ്യമങ്ങളിലും സംവരണം ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ ഉണ്ടാകണം. അങ്ങിനെ ഉണ്ടായാല്‍ അതൊരു സര്‍ക്കാര്‍ സംവിധാനമായി മാറുമെന്ന അറുപിന്തിരിപ്പന്‍ വ്യാഖ്യാനങ്ങളെ തൊഴിലാളിവര്‍ഗ്ഗവും കീഴാള ജനവിഭാഗങ്ങളും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. അതിനോടൊപ്പം തന്നെ പ്രധാനപെട്ടതാണ് അഫിര്‍മെറ്റീവ് ആക്ഷന്‍ കേവലം റിക്രൂട്ട്മെന്റില്‍ മാത്രം ഒതുങ്ങണോ അതോ തൊഴിലിടങ്ങളില്‍ അതിനു തുടര്‍ച്ചകള്‍ ഉണ്ടാകണോയെന്നുള്ള സംവാദം. നിരന്തരം മത്സരങ്ങള്‍ സംഘടിപ്പിച്ച് മനുഷ്യാദ്ധ്വാനത്തിനു യാതൊരു വിലയും നല്‍കാതെ പുറംതള്ളാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്ന മുതലാളിത്ത-ബ്രാഹ്മണിക്കല്‍ വ്യവസ്ഥയില്‍ അഫര്‍മേറ്റീവ് ആക്ഷന്‍റെ തുടര്‍ച്ചകള്‍ ഉണ്ടായില്ലെങ്കില്‍ ഇത്തരം അരിപ്പകളില്‍ കൂടി കീഴാള ജനവിഭാഗങ്ങള്‍ പുറംതള്ളപെടുമെന്നുള്ളത് നിശ്ചയമാണ്.
വിവിധതരം സാങ്കേതിക ജോലികള്‍ക്കു ആവശ്യം ഉണ്ടായിരിക്കേണ്ട വൈദഗ്‌ദ്ധ്യമല്ല മാദ്ധ്യമ രംഗത്തെ തൊഴിലിനു ആവശ്യം. മാൺപാത്ര നിര്‍മ്മാണമെന്ന തൊഴിലിനാവശ്യമായ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യമല്ല മാദ്ധ്യമതൊഴില്‍ രംഗത്തു വേണ്ടത്. സ്വാഭാവികമായി പോലും അറിവുകള്‍ ലഭിക്കുന്ന പ്രിവിലെജ്ട് കമ്മ്യൂണിറ്റിയില്‍ ജനിച്ചു വളര്‍ന്നു വരുന്നവര്‍ക്കുള്ള സാംസ്ക്കാരിക മൂലധനം ആര്‍ജ്ജിത അറിവുമായി വരുന്നവര്‍ക്കുണ്ടാകണമെന്നില്ല. ഒന്നാം/ രണ്ടാം തലമുറ സാക്ഷരര്‍ക്കും (first/ second generation literates) നൂറ്റാണ്ടുകളായി അറിവധികാരം കൈവശം വെച്ചിരിക്കുന്നവര്‍ക്കും ഒരേ പരിഗണനയല്ല നല്‍കേണ്ടത്. ഒരേ മാനദണ്‌ഡങ്ങള്‍ ഉപയോഗിച്ചാകരുത് സാമൂഹ്യമായി പുറംതള്ളപെട്ട സാമൂഹ്യജനവിഭാഗങ്ങളില്‍ നിന്നും വരുന്നവരുടെയും അല്ലാത്തവരുടെയും താരതമ്യം നടത്തേണ്ടത്. ഒറ്റവരികോപ്പിയില്‍ നടക്കുന്ന പെര്‍ഫോര്‍മന്‍സ് അപ്രൈസല്‍ എന്ന പദ്ധതി തന്നെ വിമര്‍ശന വിധേയമാക്കുകയും പരിഷ്കരിക്കപെടുകയും വേണം. ഇതൊക്കെ മറ്റു മാദ്ധ്യമസ്ഥാപനങ്ങളിലും നടക്കുന്നതാണല്ലോ എന്നുള്ള ചിന്തയിലേക്ക് എത്തുന്നതിനു പകരം ഈ വ്യവസ്ഥയെ വിമര്‍ശന വിധേയമാക്കുകയും കൂടുതല്‍ മെച്ചപെട്ട തൊഴിലിടം നിര്‍മ്മിക്കുന്നതിനു ആവശ്യമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിലേക്കു തൊഴിലാളികള്‍ക്കു നീങ്ങുകയും ചെയ്യാവുന്ന സന്ദര്‍ഭമാണിത്. നാളിത്രയുമുള്ള തൊഴിലാളിയുടെ അദ്ധ്വാനത്തെ അദൃശ്യവല്‍ക്കരിക്കുകയും ഓരോ വര്‍ഷത്തെയും പെര്‍ഫോര്‍മന്‍സ് എന്ന അരിപ്പയുപയോഗിച്ച് തൊഴിലാളിയുടെ ജീവിതം താറുമാറാക്കുന്ന ഒരു വ്യവസ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുകയും ചെയ്യുന്നത് തടയേണ്ടത് പ്രബുദ്ധരും പുരോഗമനകാരികളും ജോലി ചെയ്യുന്ന ആ മേഖലയിലെങ്കിലും, പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്.അലാത്തപക്ഷം ഇങ്ങനെ നിര്‍മ്മിക്കപെടുന്ന, നിലനിൽക്കുന്ന, ചൂഷണ വ്യവസ്ഥയുടെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക പുരുഷനുമായി തുലനം ചെയ്യുമ്പോള്‍ കീഴാള നിലയുള്ള സ്ത്രീകള്‍ ആയിരിക്കും. അതില്‍ തന്നെ ഇരട്ടകീഴാളത്വ നിലയുള്ള ദലിത് സ്ത്രീകളെ ഇതു ക്രൂരമായി ബാധിക്കും.
തൊഴിലാളികള്‍ ഗൂഡാലോചന നടത്തുന്നു:
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ‘തൊഴിലാളികളും കമ്മ്യൂണിസ്റ്റുകളും’ എന്ന അധ്യായത്തിൽ നിന്നും: “മൊത്തത്തില്‍ തൊഴിലാളികളുമായുള്ള ബന്ധത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ എവിടെ നില്‍ക്കുന്നു? മറ്റു തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികള്‍ക്കെതിരായ ഒരു പ്രത്യേക പാര്‍ട്ടിയായല്ല കമ്മ്യൂണിസ്റ്റുകാര്‍ നിലകൊള്ളുന്നത്. തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ ഒട്ടാകെയുള്ള താല്‍പര്യങ്ങളില്‍നിന്നും വിഭിന്നവും വ്യത്യസ്തവുമായ യാതൊരു താല്‍പ്പര്യവും അവര്‍ക്കില്ല. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിനും വാര്‍ത്തെടുക്കുന്നതിനും എന്തെങ്കിലും വിഭാഗീയ തത്വങ്ങള്‍ അവര്‍ സ്ഥാപിക്കുന്നില്ല.”
സംഘപരിവാര്‍ അംബാനിയുടെ ന്യൂസ് 18-ൽ മുകളില്‍ നിന്നും സമ്മർദ്ദം ചെലുത്തിക്കൊണ്ട് അതിലെ ഇതര രാഷ്ട്രീയ പക്ഷമുള്ളവരെ പിരിച്ചു വിടാന്‍ തീരുമാനിച്ചാല്‍ എങ്ങിനെ പ്രതിരോധിക്കും? ഇതെല്ലാം മാദ്ധ്യമരംഗത്തുള്ള അരക്ഷിതാവസ്ഥയാണെന്നും അതിനാല്‍ തൊഴിലാളികള്‍ക്ക് സംഘടിക്കാനും പ്രതിരോധിക്കാനും പാടില്ലെന്നും സ്റ്റാറ്റസ്ക്വോ വാദികള്‍ പറയുന്നത് രാഷ്ട്രീയനിലപാടുകൾ ഉള്ളവർക്ക് ദഹിക്കാത്ത വാദമാണു. നേഴ്സിംഗ് തൊഴില്‍ രംഗത്തെ സ്റ്റാറ്റസ്ക്വോയ്ക്ക് അന്ത്യമുണ്ടായത് തൊഴിലാളികള്‍ പ്രതിരോധിക്കാന്‍ തുടങ്ങിയപ്പോഴാണ്. അവര്‍ സംഘടിക്കാനും സമരം ചെയ്യുവാനും പ്രതിരോധിക്കുവാനും തുടങ്ങിയപ്പോള്‍ പൊതുസമൂഹം ഒപ്പം നിന്നു. സിനിമ മേഖലയിലെ അത്തരത്തിലൊരു സ്റ്റാറ്റസ്ക്വോ തകരാനാരംഭിക്കുന്നത് ആ തൊഴിലിടത്തില്‍ അടിമകളെ പോലെ പരിഗണിക്കപെട്ട ഒരു ലിംഗ വര്‍ഗം പ്രതികരിക്കുവാനും പ്രതിരോധിക്കുവാനും തുടങ്ങിയപ്പോഴാണ്. സ്റ്റാറ്റസ്ക്വോയ്ക്കെതിരെ നടക്കുന്ന എല്ലാ സമരങ്ങളുടെ സവിശേഷതയും അതു തന്നെയാണ് – പ്രതിരോധങ്ങൾ അതാതു മേഖലകളിൽ നിന്നുമാണു ഉണ്ടായിവരിക. ഓരോ തൊഴിലിടങ്ങളും സമൂഹത്തിന്റെ പരിച്ഛേദങ്ങളായതിനാൽ അവിടങ്ങളിൽ സമൂഹത്തിലെ ബലതന്ത്രങ്ങൾ സ്വാഭാവികമായി നിലനിൽക്കുന്നുണ്ടാകാം. എന്നാൽ നിലനില്‍ക്കുന്ന ആ “സ്വാഭാവികതകൾ” പുരോഗമനപരമല്ലായെങ്കില്‍, അനീതിയാണെങ്കിൽ, തിരുത്തപെടണം. അതുനടക്കാതെ പ്രൊഫഷണലിസം എന്ന തേന്‍ പുരട്ടി നിലനിൽക്കുന്ന അനീതികളെ സംരക്ഷിച്ച് നിർത്തിയിട്ട് കാര്യമില്ല. തൊഴിലിടങ്ങളിലെ സഹപ്രവര്‍ത്തകര്‍ ആത്മാഭിമാനം ഉള്ളവരാണെന്നും അവരുടെ അഭിമാനബോധത്തിനു മുകളില്‍ കയറി നിന്ന് അട്ടഹസിക്കാന്‍ തങ്ങൾക്ക് യാതൊരു അവകാശവുമില്ലെന്നും അതിനാർക്കും അവകാശം നൽകാനാവില്ലായെന്നും ഉത്തമ പുരുഷന്മാർ തിരിച്ചറിയണം. സ്വയം തിരുത്തണം. തങ്ങളുടെ ജനാധിപത്യ സാമൂഹിക മൂല്യബോധങ്ങള്‍ സ്വയം വിമര്‍ശനം നടത്തുകയും പരിഷ്ക്കരിക്കുകയും വേണം. തങ്ങളുയർന്നുവന്ന മാദ്ധ്യമ സ്കൂളുകളും അതിലെ മാഷുമാരും പകര്‍ന്നാടിയ പുരുഷ ആക്രോശങ്ങളുടെ കാലം കഴിഞ്ഞെന്നു മനസിലാക്കണം. അത്തരം ആക്രോശങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട്, ഒന്നുകില്‍ തിരുത്തുക, അല്ലെങ്കില്‍ വഴിമാറുക.
മുതലാളിക്കും അവരുടെ കങ്കാണിമാര്‍ക്കും ഗൂഡാലോചന നടത്തി തൊഴിലാളിയുടെ തൊഴിലും ജീവിതവും ഇല്ലാതാക്കാമെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ തൊഴിലാളിക്കും ഗൂഡാലോന നടത്താം. നടത്തണം, കൂടിയാലോചിക്കണം, സംഘടിക്കണം, പോരാടണം. അതിനെയെല്ലാം കമ്മ്യൂണിസ്റ്റുകള്‍ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും ഇടതുപുരോഗമന ചിന്താഗതിക്കാർക്കും വർഗ്ഗതാല്പര്യത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമികമായി തന്നെ പിന്തുണയ്ക്കേണ്ടതായും വരും. വിശദാംശങ്ങളില്‍, രാഷ്ട്രീയത്തില്‍, അഭിപ്രായങ്ങളില്‍, വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ പോലും തൊഴില്‍ പ്രശ്നങ്ങളില്‍ വിഭാഗീയ തത്വങ്ങള്‍ അല്ല സ്വാധീനിക്കേണ്ടത്. അതുണ്ടായില്ലെങ്കില്‍ ഇതര രാഷ്ട്രീയ നിലപാടുള്ളവരെ തെരഞ്ഞുപിടിച്ച് പുറത്താക്കാനാവുന്ന ഒരു മാനദന്ധത്തിനു സാധുത നല്‍കലായി ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ മാറും. നാളെ ഇതേ മാനദണ്ഡമുപയോഗിച്ചു മാര്‍ക്സിസ്റ്റ്/അംബേദ്‌ക്കറൈറ്റ് രാഷ്ട്രീയമുള്ളവരെ തെരഞ്ഞുപിടിച്ച് തൊഴില്‍ ഇടങ്ങളില്‍ നിന്നും പിരിച്ചു വിടാന്‍ മാനേജ്മെന്റുകള്‍ തീരുമാനിച്ചാല്‍ തൊഴിലാളി വര്‍ഗ്ഗം അതിനെ എങ്ങിനെ പ്രതിരോധിക്കും? ഈയൊരു ചോദ്യത്തിന് ഉത്തരം നല്‍കിയേ പറ്റൂ. ന്യൂസ് 18-ലെ 18 തൊഴിലാളികള്‍ക്കും പിന്തുണ. തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണം, മുഴുവന്‍ തൊഴിലാളികളുടെയും തൊഴിലും ജീവിതങ്ങളും സംരക്ഷിക്കപെടണം. തൊഴിലാളി വർഗ്ഗത്തോടൊപ്പം. ദലിത് മാദ്ധ്യമപ്രവര്‍ത്തകയ്ക്കൊപ്പം.
Be the first to write a comment.