ഹിംസ ഒരു ദൈനംദിന അനുഭവമായി പത്രവാർത്തകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും ന്യൂസ് ഫ്ലാഷുകളിലും ഒടുങ്ങുന്ന കാലത്ത്, പ്രതികരണങ്ങൾ തോക്കുമുനകളാൽ നിർദ്ദയം നിർല്ലജ്ജം ഒതുക്കപ്പെടുന്ന കാലത്ത്, വിദ്യാർത്ഥികൾ പ്രതിഷേധസ്വരങ്ങളും സർവ്വകലാശകൾ സമരമുഖങ്ങളുമാകുന്ന കാലത്ത് പഠനം എങ്ങിനെയാവും അഹിംസയിലേക്കുള്ള മാർഗ്ഗം ആകുന്നത്? തീർച്ചയായും ബഹുഭൂരിപക്ഷവും അഹിംസയുടെ മാർഗ്ഗമന്വേഷിച്ചാണ് മതങ്ങളിലേക്കും ആചാരങ്ങളിലേക്കും ആൾദൈവങ്ങളിലേക്കും ശാന്തിയാത്രകളിലേക്കും ഒക്കെ തിരിയുന്നത്. എന്നാൽ ഈ മാർഗ്ഗങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഹിംസാരൂപങ്ങൾ നിറഞ്ഞിരിക്കുന്നു എന്നറിയുമ്പോള്‍ എങ്ങിനെയാണ് ആത്യന്തികമായി ഹിംസയെ പ്രതിരോധിക്കുക എന്നത് സങ്കീര്‍ണമായ ചോദ്യമാകുന്നു.  അഹിംസയിലേക്കുള്ള വഴി വിമർശനാത്മകമായ പഠനം ആണ് എന്ന് പ്രശസ്ത ഫ്രെഞ്ച് ഫെമിനിസ്റ്റ് ചിന്തക ജൂഡിത് ബ്റ്റ്ലർ പറയുന്നു. യഥാർത്ഥത്തിൽ ഇന്ന് വിമർശനാത്മകത, വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന അംശമായി കണക്കാക്കപ്പെടുന്നതേയില്ല എന്നതാണ് സത്യം. വിശേഷിച്ചും ഇന്ത്യയിൽ, ഗുരു ദൈവമായി അവരോധിക്കപ്പെടുന്ന ധാർമ്മികബോധത്തിനുള്ളിൽ വിമർശനം ഒരു ഹിംസയായും തെറ്റായും ആണ് വ്യാഖ്യാനിക്കപ്പെടുന്നത്.

അടിച്ചേൽപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും സിലബസ് പരിഷ്കരണങ്ങൾക്കെതിരെയും ഫണ്ട് തടഞ്ഞുവയ്ക്കലുകൾക്കെതിരെയും നിലവിലുള്ള ജാതീയമായ സവിശേഷാവകാശങ്ങളുടെ തുടർച്ചയായി സർവ്വകലാശാലകൾ മാറുന്നതിനെതിരെയും ഒക്കെ ഒറ്റയ്ക്കും കൂട്ടമായും വിദ്യാർത്ഥികൾ പ്രതികരിക്കുകയും ചിലപ്പോൾ അവർ സ്വയഹത്യയിലേക്കു വരെയും തിരിയുകയും PTI9_2_2017_000111ചെയ്യുന്നുണ്ട് ഇന്ന്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ നിജപ്പെടുത്തുന്ന 2015 ലെ കണക്കനുസരിച്ച് ഓരോ മണിക്കൂറും ഒരു വിദ്യാർത്ഥിയെങ്കിലും ഇന്ത്യയിൽ പഠനസംബന്ധ്മായ കാരണങ്ങളാൽ ആത്മഹത്യ ചെയ്യുന്നുണ്ട്. രാജസ്ഥാനിലെ കോട്ട എന്ന സ്ഥലം കേന്ദ്രീകരിച്ച് നടക്കുന്ന മെഡിക്കൽ-എഞ്ചിനിയറിങ്ങ് പ്രവേശന തീവ്രപരിശീലന ക്യാമ്പുകളിലെ തുടർച്ചയായ വിദ്യാർത്ഥി ആത്മഹത്യകൾ ഈ നിഴൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയമവിധേയമാക്കേണ്ടുന്നതിന്റെ ആവശ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത് എന്ന് റിപ്പോർട്ടുകളും പഠനങ്ങളും പറയുന്നു. പൊതുബോധം ഈ ആത്മഹത്യകളെ കുട്ടികളുടെ തോൽവി സമ്മതവും കഴിവില്ലായ്മയും അമിതപ്രതീക്ഷയും രക്ഷിതാക്കളുടെ അത്യാഗ്രഹവും ഒക്കെയായി വ്യാഖ്യാനിക്കുമ്പോൾ ഇതിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സംവിധാനത്തിന്റെ പങ്ക് എന്താണ് എന്ന ചോദ്യം പലപ്പോഴും സൌകര്യപൂർവ്വം വിസ്മരിക്കപ്പെടുന്നു. ഏകീകൃത പ്രവേശനപരീക്ഷയായ നീറ്റിൽ നിന്ന് തമിൾനാടിനെ ഒഴിവാക്കണം എന്ന ആവശ്യവുമായി സുപ്രീംകോർട്ടു വരെ ചെന്ന അനിത എന്ന ദലിത് പെൺകുട്ടി ഒടുവിൽ കോടതി വിധിയിൽ നിരാശപ്പെട്ട് ആത്മഹത്യചെയ്തപ്പോഴും ആ ANITHAAAകുട്ടിയുടെ അതിമോഹം ആണ് ഇതിനു കാരണം എന്ന നിലയ്ക്ക് പലരും വാദിച്ചു കണ്ടു. യഥാർത്ഥത്തിൽ, പ്രാദേശിക ഭാഷയിൽ എൻട്രൻസ് എഴുതാനാവുക, ഏകീകൃത സ്വഭാവം ഇല്ലാത്ത പ്രവേശന പരീക്ഷയിലൂടെ സാമൂഹികമായ പരിരക്ഷകൾ ഇല്ലാത്ത കുട്ടികൾക്കും പ്രൊഫെഷണൽ പഠനം പ്രാപ്യമാക്കുക തുടങ്ങിയ തികച്ചും ജനാധിപത്യപരമായ ആവശ്യങ്ങൾ തിരസ്കരിക്കപ്പെടുകയും കൂടെയായിരുന്നു അനിതയുടെ ആത്മഹത്യയിലൂടെ. വിമർശിക്കാനും പ്രതികരിക്കാനും സംഘടിക്കാനും പ്രതിരോധിക്കാനും ഒക്കെ വിദ്യാർത്ഥികൾക്ക് ആത്മഹത്യ വരെ എത്തേണ്ടുന്ന അവസ്ഥയാണ് ഈ രംഗത്തുള്ളത് എന്ന ഭീകരമായ സത്യം സമൂലമായി തന്നെ നേരിടേണ്ടതാണ്. ഇതിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന ചില ഹിംസകൾ ഇന്ന് ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിൽ പൊതുവായും ഭരണകൂടപരമായും ആന്തരീകവൽക്കരിക്കപ്പെട്ടിട്ടുള്ള ചില നിലപാടുകളിൽ തെളിയുന്നുണ്ട്. ശാസ്ത്ര- ശാസ്ത്രേതര-618641-neet-tamil-naduമാനവിക എന്നിങ്ങനെ വസ്തുനിഷ്ഠമല്ലാത്തതും ചരിത്രബദ്ധ്മല്ലാത്തതുമായ വേർതിരിവുകളുടെ യാതൊരു അടിസ്ഥാനവും ഇല്ലാത്ത പ്രയോഗം, അദ്ധ്യാപനം-ഗവേഷണം എന്ന വേർതിരിവ്, ഫെഡറൽ സിസ്റ്റത്തിനു തുരങ്കം വയ്ക്കുന്ന തരത്തിൽ സ്റ്റേറ്റ് സർവ്വകലാശാലകൾക്ക് മീതെയുള്ള കേന്ദ്രഭരണകൂടത്തിന്റെയും ഏജെൻസികളുടെയും മേൽക്കോയ്മ തുടങ്ങിയ ചില ആത്യന്തികമായ ഹിംസകൾ നിലനിൽക്കെ ആണ് വിമർശനാത്മ പഠനത്തോട് പരക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന എതിർപ്പ് എന്നത് വലിയ വിരോധാഭാസം തന്നെയായി തോന്നുന്നു.

അക്കാഡമിക്ക് ആയിത്തെന്നെ വിമർശനാത്മക ചിന്തയിലെക്കെത്താന്‍  പ്രേരിപ്പിക്കുന്നവയാണ് മാനവീക വിഷയങ്ങൾ എങ്കിൽ നിലവിൽ ശാസ്ത്രവിഷയങ്ങൾ ആകട്ടെ സിലബസ് വിഭാവനം മുതൽ ക്ലാസ് റൂം കൈകാര്യം ചെയ്യുന്നതിൽ വരെ പ്രകടമാക്കുന്ന അതിരു കവിഞ്ഞ ഫാക്റ്റ്-ഫെറ്റിഷിസം കൊണ്ട് പലപ്പോഴും ദൈനംദിന ജീവിതരാഷ്ട്രീയത്തിൽ നിന്ന് വളരെ അകന്നു പോകുന്നു. ശാസ്ത്രം പഠിക്കുന്ന കുട്ടികളുടെ മനസ്സും ക്ലാസ്സ് മുറികളും ഒരുപോലെ ജീവശ്ച്ഛവമാക്കുന്നുണ്ട് ഇത്. ഫാക്റ്റ്- വാസ്തവികത യഥാർത്ഥത്തിൽ ഹിംസയേ ചെറുക്കാനുള്ള ആയുധമാണ്. പക്ഷെ വാസ്തവികതയെ മനുഷ്യയുക്തിയുടെ ഒരേയൊരു സാധ്യതയാക്കി ചുരുക്കിയ യൂറോപ്പ്യൻ റാഷണലിസത്തിന്റെ കൊളോണിയൽ തുടർച്ചകളായും അതിന്റെ പുതിയ നവലിബറൽ സാധ്യതകളായും മാത്രം ഇന്നത്തെ ശാസ്ത്രപഠനം ഏറെക്കുറെ അധ:പതിച്ചു കഴിഞ്ഞു. ഇതേ വഴിക്ക് മാനവീക വിഷയങ്ങളെയും തിരിച്ചു വിടാനുള്ള ശ്രമങ്ങൾ ഇന്ന് പ്രത്യക്ഷവും പരോക്ഷവുമായി സ്ക്കൂൾ തലം മുതൽ സർവ്വകലാശാലകൾ വരെയുള്ള വിദ്യഭ്യാസ മേഖലകളിൽ നടക്കുന്നു.  ടെക്സ്റ്റ് ബുക്കുകളിലും ലബോറട്ടറികളിലും ഉള്ള വസ്തുനിഷ്ഠമായ സത്യങ്ങൾ മാത്രമല്ല, അതിനു പുറത്തുള്ള ആത്മനിഷ്ഠമായ സത്യങ്ങളും ശാസ്ത്രത്തിന്റെ പരിപ്രേക്ഷ്യങ്ങൾക്ക് നിദാനമായിരുന്നു എന്ന തോമസ് കുഹ്ന്നിന്റെ പ്രധാനമായ വാദം ഓർക്കുക. ബിരുദ-ബിരുദാനന്തര തലത്തിലെ ശാസ്ത്രപഠനത്തിന് അതാതു വിഷയങ്ങളിലുള്ള ആത്മനിഷ്ഠവും, ചരിത്രപരവും, സാമൂഹികപരവുമായ സത്യങ്ങൾ അടങ്ങുന്ന ‘ഹ്യുമാനിറ്റീസ് കമ്പോണെന്റ്’ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ പരമ്പരാഗതമായ വിഷയ വേർതിരിവുകൾക്കടിമപ്പെട്ട് തുടർന്നു പോകുന്ന സർവ്വകലാശാലാ പഠന വിഭാഗങ്ങളിൽ ആകട്ടെ നിലവിൽ ശാസ്ത്രത്തിനും മാനവീകതയ്ക്കും ഇടയിൽ നിർമ്മിക്കപ്പെട്ട വലിയ ഒരു കിടങ്ങാണ് ഉള്ളത്. ഈ വേർതിരിവിന്റെയും ഇതിൽ അധിഷ്ഠിതമായ അറിവുല്പാദനത്തിന്റെയും സർവ്വകലാശാലാ വിഭാഗങ്ങളുടെ ശാസ്ത്ര-ശാസ്ത്രേതര-മാനവീകതാ വേർതിരിവുകളുടെ സങ്കുചിതത്വത്തിന്റെയും ഏറ്റവും വലിയ ബലിയാട് ഒരുപക്ഷെ ഇന്ത്യൻ സർവ്വകലാശാലകളിലെ ബിരുദപഠനം ആയിരിക്കും.

വിദ്യാഭ്യാസത്തെ ഒരു തുടർച്ചയായിട്ടാണ് പൊതുവേ ഇന്ത്യൻ സാഹചര്യത്തിൽ കണക്കാക്കിവരുന്നത്. പ്രീഡിഗ്രി വേർപ്പെടുത്തിയതിനെ വലിയ വിപ്ലവമായി vijayan3കണക്കാക്കുന്നതിനെക്കുറിച്ച് പ്രൊഫ. എം.എൻ വിജയൻ കളിയാക്കുന്നത് എങ്ങിനെയൊക്കെ കൂട്ടിയാൽ പതിനഞ്ചാക്കാം എന്നതിലൊതുങ്ങുന്നു ഈ പരിവർത്തനം എന്നാണ്. 10+2+3 എന്ന ഈ തുടർച്ചയുടെ പിൻ തുടർച്ചകളായിട്ടാണ് ബിരുദാനന്തര ബിരുദവും എം.ഫിലും പി. എച്ച്. ഡിയുമൊക്കെ. വേരുറച്ചുപോയ ഈ ഫോർമുലയ്ക്ക് വിദ്യാഭ്യാസത്തിനകത്ത് വളരെ നിരങ്കുശമായി (ആർബിറ്റ്രറിയായി) നിലനിൽക്കുന്ന വ്യതിരിക്തതകളാണ് ശാസ്ത്രവിഷയങ്ങളും മാനവികവിഷയങ്ങളും എന്നത്. തുടർ പഠനങ്ങളിൽ ഈ വ്യത്യാസങ്ങൾ അറിവിലേക്കുള്ള കേവല പ്രവൃത്തിസമ്പ്രദായങ്ങൾ (മെത്തഡോളജി) മാത്രമായി അനുഭവപ്പെടുന്ന അവസ്ഥകൾ എല്ലാ ഗവേഷകർക്കും ഉണ്ടാകും. അടുത്തകാലത്ത് ഒരു അക്കഡിമിക് വർക്ഷോപ്പിൽ വച്ച് ഒരു സുഹൃത്തിനെ പരിചയപ്പെട്ടു. എം.എസ്.സി. കമ്പ്യൂട്ടർ സയസ് കഴിഞ്ഞ് ആ മേഖലയിൽ ഡിജിറ്റൽ പ്രൊസെസ്സിങ്ങിൽ പി. ച്ച്.ഡിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന  ഇദ്ദേഹവും ഇംഗീഷ് സാഹിത്യത്തിൽ കർതൃത്വത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് പി.എച്ച്.ഡി എടുത്ത ഞാനും പഠിച്ചു കൊണ്ടിരിക്കുന്ന വിഷയം അൽഭുതകരമാം വിധം സാമ്യമുള്ളതാണെന്ന് ഞങ്ങൾ പറഞ്ഞു വന്നപ്പോൾ മനസ്സിലാക്കി. എന്തു കൊണ്ട് കമ്പ്യൂട്ടർ സയൻസിനെ ഹ്യുമാനിറ്റീസിന്റെ ഭാഗമായി കണ്ടുകൂടാ എന്നതായിരുന്നു ഞങ്ങൾക്കിടയിൽ ഉയർന്നുവന്ന ഒരു ചോദ്യം. എന്നാൽ കോളെജുകളുടെയും സർവ്വകലാശാലകളുടെയും പ്രാവർത്തികമായ നിലനിൽപ്പ് പുതിയ പുതിയ വിഭാഗങ്ങൾ ഉണ്ടാക്കി ഈ വേർതിരിവുകളെ വരമ്പുകൾ കെട്ടി പുനർനിർവ്വചിക്കുക എന്നതാണ്. ഉറച്ചുപോയ ഇത്തരം നിർവ്വചനങ്ങളെയാണ് ഇന്റർ ഡിസിപ്ലിനറി റിസേർച്ച് എന്നു പറഞ്ഞ് ഇപ്പോൾ പുതുക്കി അവതരിപ്പിക്കുന്നതും. ഇതു പക്ഷെ ഗവേഷണമേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്നമല്ല. ഇന്ന് സർവ്വകലാശാലാ വിഭാഗങ്ങളിൽ ഈ വേർതിരിവ് ഏതാണ്ട് പൂർണ്ണമായി വേരൂന്നുകയും ഉന്നതവിദ്യഭ്യാസമേഖലയിൽ തന്നെ ഇതുകൊണ്ട് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുകയും ചെയ്യുന്നുണ്ട്.

2006 ൽ ആണ് ഇന്ത്യയുടെ റ്റെലകോം ത്സാർ ആയി ആറിയപ്പെടുന്ന അമേരിക്കൻ റ്റെക്നോക്രാറ്റ് സാം പിറ്റ്രോഡ യുടെ നേതൃത്വത്തിൽ വിദ്യഭ്യാസ നയങ്ങളിൽ വരുത്തേണ്ട സമൂലപരിഷ്കരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് Sam-Pitroda11010സമർപ്പിക്കുന്നത്. ഇതിനു മുന്നെ 2000ലെ എൻ ഡി ഏ ഭരണം ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള ഉദ്ദ്യമം ഏൽപ്പിച്ചത് കോർപ്പറേറ്റ് വമ്പന്മാരായ അംബാനിയേയും ബിർലയേയും ആയിരുന്നു. അതായത് 1964-66ൽ ശാസ്ത്രജ്ഞനും ഡിഫെൻസ് മിനിസ്റ്റ്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായിരുന്ന കൊത്താരിയും (കൊത്താരി കമ്മീഷൻ), പിന്നീട് 1986ൽ ഗാന്ധിയനും വിദ്യാഭ്യാസവിചക്ഷണനുമായ ആചാര്യ രാമമൂർത്തിയും ഒക്കെ ഏറ്റെടുത്തു ചെയ്ത വിദ്യാഭ്യാസ നയരൂപികരണം 2000 മുതൽ ചെയ്തുവരുന്നത് കോർപ്പറേറ്റ് തലവന്മാർ ആണ്. Dr D S Kothari(ഇടയ്ക്ക് 2009ൽ നിയമിച്ച യഷ് പാൽ കമ്മിറ്റിയുടെ ഉപദേശങ്ങൾക്ക് വലിയ മതിപ്പ് കൽപ്പിക്കുകയുണ്ടായില്ല) ഇത് കേവലം അതാതു ഗവണ്മെന്റുകളുടെ പൊതുവായ നവലിബറൽ നയങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക് മാത്രമല്ല വിരൽചൂണ്ടുന്നത്. ആരായിരിക്കണം ഉന്നത വിദ്യാഭ്യാസത്തിന്റെ ഉപഭോക്താക്കളും പ്രയോക്താക്കളും വക്താക്കളും എന്നത് 2000 നു ശേഷം നിസ്സംശയം വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ചിന്ത നിരർത്ഥകമായ ഒരു പ്രവർത്തിയാണെന്നും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പഠനരീതികൾ ആവശ്യമില്ലാ എന്ന നിലയ്ക്കും ഉള്ള പാഠ്യപരിഷ്കരണങ്ങളുടെ ഒരു മലവെള്ള പാച്ചിലാണ് സർവ്വകലാശാലകളെ മുൻനിർത്തി നടക്കുന്നത്. പിറ്റ്രോഡ കമ്മീഷന്റെ ഏറ്റവും പ്രധാനപ്പെട്ട റെക്കമെൻഡേഷനുകളിൽ ഒന്നായിരുന്നു അഫിലിയേറ്റഡ് ബിരുദ കോളെജുകളെ ഇല്ലാതെയാക്കുക എന്നത്. ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിന്റെ വലിയ ഒരു പങ്കും യൂണിവേഴ്സിറ്റികളുമായി അഫിലിയേറ്റ് ചെയ്ത ചെറിയ കോളെജുകൾ ആണ്. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലുള്ള ബഹുഭൂരിപക്ഷത്തിന്റെയും ആശ്രയമായ ഈ കോളെജുകളെ സ്വയംഭരണാവകാശം നൽകിയിട്ടോ വൊക്കേഷണൽ ട്രെയിനിങ്ങ് സെന്ററുകളായിട്ടോ മാറ്റുക എന്നതാണ് പിറ്റ്രോഡ കമ്മീഷൻ മുന്നോട്ടു വച്ച ഒരു വലിയ ആവശ്യം. ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കൽപ്പം തന്നെ മാറ്റിമറയ്ക്കുന്ന ഈ പരിഷ്കാരത്തെ എതിർത്തും അനുകൂലിച്ചും കേരളത്തിലെ കോളെജുകളിലും ഒരു പാട് ചർച്ചകളും പ്രതിഷേധങ്ങളും ഉണ്ടായി. എന്നാൽ വാസ്തവത്തിൽ ഈ പരിഷ്കാരങ്ങൾ അതേപടി ഉണ്ടായാലും ഇല്ലെങ്കിലും പെറ്റ്രോഡ കമ്മീഷന്റെ വിദ്യാഭ്യാസാദർശങ്ങൾ ഇന്ന് സമൂഹത്തിലും കാമ്പസുകളിലും പൊതുവായി പല രീതിയിലും പടർന്ന് വേരെടുത്തു കഴിഞ്ഞിരിക്കുന്നു എന്ന് കാണാം. ബിരുദതലം മുതൽ ഗവേഷണതലം വരെ റെഗുലർ കോളെജുകൾ മുതൽ കേന്ദ്രസർവ്വകലാശാലകൾ വരെ പടർന്നു കിടക്കുന്ന ചില നയങ്ങളും വിദ്യാഭ്യാസ വീക്ഷണങ്ങളും സൂചിപ്പിക്കുന്നത് മാനവീക വിഷയങ്ങൾ ഒരു രണ്ടാംതരം തിരഞ്ഞെടുപ്പായി തരം തിരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ആർട്ട്സ് ആൻഡ് സയൻസ് കോളെജുകൾ പാഴ്ചിലവാണെന്നും ഇൻഡസ്റ്റ്രിക്കോ റിസേർച്ചിനോ കാര്യമായ ഒരു സംഭാവനയും ഇവയ്ക്ക് നൽകാൻ കഴിയുന്നില്ല എന്നതുകൊണ്ടും ഇവയെ ഉന്നതവിദ്യാഭ്യാസത്തിന്റെ പരിധിയിൽ നിന്ന് മാറ്റി മറ്റൊരു വോക്കെഷണൽ ബോർഡിന്റെ കീഴെ കൊണ്ടുവരാൻ പിറ്റ്രോഡ കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്. യഥാർത്ഥിൽ ഈ കോളെജുകൾ പാഴ്ചിലവും ആവശ്യമില്ലാത്തതും ആണെന്ന തോന്നൽ ഉണ്ടാകുന്നത് എവിടെ നിന്നാണ്? വിദ്യാഭ്യാസം എന്തിനു വേണ്ടിയാണ് എന്ന ആത്യന്തിക ചോദ്യത്തിൽ നിന്നു തന്നെയാണ് ഈ ‘പാഴ്ചിലവ്’ എന്ന വികാരവും ഉണ്ടാകുന്നത്. ഈ ആത്യന്തികമായ ചോദ്യത്തിൽ അടങ്ങിയിട്ടുള്ളത്, ജീവിതോപാധിക്കുള്ള വഴിയാണ് വിദ്യാഭ്യാസം എന്നുള്ള സത്യം മാത്രമല്ല. തീർച്ചയായും ജീവിതോപാധിക്കുള്ള വഴിയും ആണ് വിദ്യാഭ്യാസം. മെച്ചപ്പെട്ട ജീവിതം എന്ന ഓരോ പൌരന്റെയും അവകാശത്തിലേക്കുള്ള ദൂരം കുറയ്ക്കേണ്ടത് വിദ്യാഭ്യാസത്തിലൂടെ തന്നെയാണ്. പക്ഷെ ജീവിതോപാധി ജീവിതത്തിന്റെ കേവലം ഒരു അംശം മാത്രമല്ലെ ആകുന്നുള്ളു? ഒരു വ്യക്തിയുടെ ജീവിതം ഉരുവപ്പെടുന്നത് അവന്റെ ഉൾക്കാഴ്ച്ചകളിലൂടെയും കൂടെയാണ്. സമൂലമായ ഒരു വിദ്യാഭ്യാസം ഒരിക്കലും ഇത് അവഗണിച്ചുകൂടാ. ആത്മവിമർശനപരമായ ഉൾക്കാഴ്ച്ചയുണ്ടാക്കേണ്ടുന്നതിന്റെ ആവശ്യം ഇന്ന് സ്കൂൾ തലത്തിൽ പോലും മുഖവിലയ്ക്ക് എടുക്കപ്പെടുന്നില്ല.

പിറ്റ്രോഡ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയാൽ ഏറ്റവും അധികം ഭീഷണി നേരിടുക ചെറിയ  ആര്‍ട്സ് /സയൻസ് കോളെജിലെ ഹ്യുമാനിറ്റീസ് വിഭാഗങ്ങളാണ്. ഇതിനെ ചെറുക്കുന്നതിലേക്കായി പല യൂണിവേഴ്സിറ്റികളും പുതിയ കോഴ്സുകളായി ഹ്യുമാനിറ്റീസിനെ പരിഷ്കരിക്കുകയുണ്ടായി. നിലവിലുള്ള ഇംഗ്ലിഷ്, ഹിസ്റ്ററി തുടങ്ങിയ കോഴ്സുകൾ പുതിയ മോഡ്യൂളുകൾ കൊണ്ട് സ്വയം നവീകരിക്കാനും ശ്രമിക്കുന്നുണ്ട്. അതീവ ദയനീയമായ ഈ പരിഷ്കാരങ്ങൾ മിക്കതും ഈ ‘പഴഞ്ചൻ’ കോഴ്സുകളെ തൊഴിൽ മേഖലകൾക്ക് ഉതകുന്ന വിധം പരിഷ്കരിക്കാനുള്ള ശ്രമങ്ങളാണ്. ഹിസ്റ്ററിക്ക് ടൂറിസം, ഇംഗ്ലീഷിനു കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ്, ഇൻഫോമാറ്റിക്സ് തുടങ്ങിയ സാധ്യതകൾ യഥാർത്ഥത്തിൽ ഈ കോഴ്സുകളുടെ ‘പഴഞ്ചത്വത്തെ’ നവലിബറൽ സാധ്യതകൾക്ക് അനുകൂലമായി തേച്ചു മിനുക്കിയെടുക്കൽ മാത്രമാണ്. എന്താണ് ഇവയിൽ ആരോപിക്കപ്പെടുന്ന ഈ പഴഞ്ചത്വം എന്ന് രൂക്ഷമായി, ആത്മവിമർശനപരമായി പഠിക്കാൻ നിലവിൽ ഈ കോഴ്സുകൾ പഠിപ്പിക്കുന്നവരോ രൂപകൽപ്പന ചെയ്യുന്നവരോ പലരും മിനക്കെടുന്നില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നത് സത്യത്തിൽ അത്ര നിഷ്കളങ്കമായ ഒരു വിൽപ്പന രീതി മാത്രമല്ല. അതിഗൂഢവും അപകടകരമാം വിധം അന്തസാരശൂന്യവുമായ ഒരു പദ്ധതിയാണ് ഇത്.

എന്തായിരുന്നു മാനവീകവിഷയങ്ങളിൽ ആരോപിക്കപ്പെടുന്ന പഴഞ്ചത്വം? ക്രിട്ടിക്കൽ തിയറി പഠിപ്പിക്കുന്ന ഇംഗ്ലീഷും ഫിലോസഫിയും ഹിസ്റ്ററിയും പൊളിറ്റിക്കൽ സയൻസും ഒക്കെ എന്തുകൊണ്ട് ‘പഴഞ്ചൻ’ ആയി? ഈ ചോദ്യം അതിന്റെ അർഹിക്കുന്ന ഗൌരവത്തോടെ അന്വേഷിച്ചാൽ എത്തുന്നത് മാനവീകവിഷയങ്ങളിൽ രണ്ടു പതിറ്റാണ്ടിലേറെയായി യൂറോപ്പിലും അമേരിക്കയിലും സർവ്വകലാശാലകളെ മുൻ നിർത്തി രൂപപ്പെട്ടുവരുന്ന ശക്തമായ ഒരു ആന്തരീകമായ മാറ്റമാണ്. ഈ മാറ്റത്തോടുള്ള ഭയവും അപ്രീതിയും വിദേശത്തും ഇന്ത്യയിലും ഒരുപോലെ പ്രകടമാകുന്നുണ്ട്. വ്യവസ്ഥയ്ക്ക് ഉള്ളിൽ നിന്നു വരുന്ന മാറ്റങ്ങൾ ആണല്ലോ വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ ഭീഷണിയുണ്ടാക്കുക. അതുകൊണ്ടു തന്നെ ഏതു നിലയ്ക്കും ഈ മാറ്റത്തെ വിപണിയുടെയും കച്ചവടകുത്തകകളുടെയും ഭരണകൂടാധികാരത്തിന്റെയും പരിധിയിലേക്ക് കൊണ്ടു വരാൻ അധികാരവ്യവസ്ഥ ശ്രമിക്കുകയും ചെയ്യും.

അടുത്തകാലത്ത് അമേരിക്കയിലെയും യൂറോപ്പിലെയും സർവ്വകലാശാലകളിൽ ഇംഗ്ലീഷ് ഡിപ്പാർറ്റുമെന്റുകളിൽ തരംഗമായി പടർന്നു പിടിച്ച ‘ഡിജിറ്റൽ ഹ്യുമാനിറ്റീസ്’ എന്ന ഒരു മേഖല എങ്ങിനെ ഈ അപകടം സൃഷ്ടിക്കുന്നു എന്നതിനെ പറ്റിയുള്ള ചില നിരീക്ഷണങ്ങൾ ഇതിനു ഉദാഹരണമായിട്ട് വിശദീകരിക്കാം. ഇന്റെർനെറ്റിന്റെ വരവോടെ ഡിജിറ്റാലിറ്റിയുടെ താത്വീകവും പ്രാവർത്തികവുമായ സാധ്യതകൾ സാമ്പ്രദായിക സാഹിത്യപഠനങ്ങളിൽ പല രീതിയിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. തത്ഫലമായി ഫോക് ലോറുകളുടെയും സാംസ്കാരികചരിത്രങ്ങളുടെയും മറ്റും ഡിജിറ്റൽ ആർക്കൈവുകൾ ഉണ്ടാക്കുന്നതിനും, കമ്പ്യൂട്ടർ പ്രോഗ്രാമ്മിങ്ങ് സാധ്യതകൾ ഉപയോഗിച്ച് സൂക്ഷ്മ പാഠബദ്ധ വിശകലനങ്ങൾ (close textual analysis) നടത്തി വിശകലനാത്മ സിദ്ധാന്തങ്ങളുടെ (interpretative theory) അതിസൂക്ഷ്മമായ രാഷ്ട്രീയവശങ്ങൾ പോലും അപഗ്രഥിക്കുന്നതിനായും,ടെക്സ്റ്റിന്റെയും എഴുത്തിന്റെയും സങ്കീർണ്ണമായ കൂട്ടിക്കുഴയലുകൾ ആരായുന്നതിനായും ഒക്കെയായി ഉയർന്നുവന്ന ഒരു മേഖലയാണ് ‘ഡിജിറ്റൽ ഹ്യുമാനിറ്റീസ്’. ഇന്ന് പക്ഷെ സർവ്വകലാശാലകളെ എങ്ങിനെ നവലിബറലിസവും വിപണിയും ഗ്രസിക്കുന്നു എന്നതിന്റെ സൂചനയാവുകയും കൂടെയാണ് അമേരിക്കയിലെയും യൂറോപ്പിലെയും സർവ്വകലാശാലകളിൽ സാഹിത്യവിഭാഗങ്ങളിൽ ഉണ്ടാകുന്ന ഡിജിറ്റൽ ഗവേഷണം. നവലിബറൽ നയങ്ങൾക്കും സ്ഥാപനങ്ങൾക്കും ആവശ്യം വിപണിക്കു മൂല്യമുണ്ടാക്കുന്ന ഗവേഷണങ്ങൾ ആണല്ലൊ. സാഹിത്യത്തിൽ നടത്തുന്ന ഗവേഷണത്തിനു കോർപ്പറേറ്റ് മൂല്യം പോയിട്ട് ധാർമ്മികമൂല്യം പോലും ഇല്ല എന്നു കരുതപ്പെടുന്ന കാലത്ത് ഇൻഡസ്ട്രീയൽ സാധ്യതയുള്ള ഗവേഷണ മേഖലയായിട്ടാണ് ഡിജിറ്റൽ ഹ്യുമാനിറ്റീസ് അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ ഇപ്പോൾ ഫണ്ട് ചെയ്യപ്പെടുന്നത്. അതായത് ഡിജിറ്റൽ മേഖലയിലുള്ള ഗവേഷണം ആണെങ്കിൽ അതിന്റെ വിപണിമൂല്യം അനുസരിച്ച് ഫണ്ടിങ്ങ് ലഭിക്കും.ഫണ്ട് റിസര്‍ച്ചിന്റെ         ഭീകരമായ ഈ ചൂഷണം അമേരിക്കയിലെ  ഇംഗ്ലീഷ് ഡിപ്പാർറ്റുമെന്റുകളിൽ വലിയ ഒരു വിഭാഗം ഒരു സാധ്യതയായിട്ട് കാണുമ്പോൾ മറുവശത്ത് സാഹിത്യവിഭാഗങ്ങളിലെ ഗവേഷണത്തിൽ ഇത്തരത്തിൽ വിപണിയുടെ ആദർശങ്ങൾ കലരുന്നതിനെക്കുറിച്ച് പലരും ഗൌരവത്തോടെ ചിന്തിച്ചു തുടങ്ങിയിട്ടുമുണ്ട്. ഗവേഷണത്തിൽ, പ്രത്യേകിച്ചും മാനവീകവിഷയങ്ങളിൽ ഫലം, നേട്ടം എന്നിവ വിപണിയുടെയോ ഭരണകൂട മൂല്യങ്ങളുടെയോ ആദർശങ്ങളിൽ നിന്ന് സ്വതന്ത്രമായി ഇരിക്കേണ്ടുന്നതിന്റെ ആവശ്യമാണ് ഈ കാര്യങ്ങൾ എടുത്തു പറയുന്നത്.

ഇന്ത്യയിൽ പക്ഷെ ഈ വെല്ലുവിളി കടന്നുവരുന്നത് വ്യക്തമായ ഭരണകൂട പിന്തുണയോടെയും ആ പിന്തുണ ലക്ഷ്യം വച്ചു നീങ്ങുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹകരണത്തോടെയും ആണ്. ഇ- ഗവണ്മെന്റ്, ബയോമെറ്റ്രിക് സർവ്വെലെൻസ്, സോഷ്യൽ മീഡിയ സർവെയിലെൻസ് റ്റൂളുകൾ, സാംസ്കാരിക ഫാഷിസത്തിനു സഹായകരമാകുന്ന ഡിജിറ്റൽ ആർകൈവിങ്ങും പങ്കാളിത്തവും ഉറപ്പാക്കൽ, ഇങ്ങിനെ വ്യക്തമായ ഉൽപ്പന്നാടിസ്ഥാനത്തിൽ (product-based) ഗവേഷണങ്ങൾക്കാണ് ഈ മേഖലയിൽ സാധ്യതയും പിന്തുണയും കിട്ടുന്നത്. അടുത്ത കാലത്ത ഗുജറാത്ത് ഗവണ്മെന്റ് ഗവേഷണത്തിനു സാധ്യതയുള്ള വിഷയങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ച് സ്റ്റേറ്റ് ഫണ്ട് ഗവേഷണം നടപ്പിലാക്കുന്ന വഴി എളുപ്പമാക്കി കാണിച്ചു തരികയുമുണ്ടായി. സർവ്വകലാശാലകളിൽ ആർ എന്തു ഗവേഷണം നടത്തുന്നു എന്ന് മാനവികമന്ത്രാലയം മേൽനോട്ടം ചെയ്ത് സാക്ഷ്യപ്പെടുത്തുന്ന തരത്തിൽ ഭീകരമാകാവുന്ന ഒരു ഭീഷണി ആണ് ഇത്. അതുപോലെ തന്നെ അപകടകരമാണ് ഏതു ഗവേഷണം ഫണ്ട് ചെയ്യപ്പെടുന്നു എന്നത്. ഒക്ക്യുപ്പൈ യു.ജി.സി തുടങ്ങിയ നവസമരങ്ങൾ ഉയിർത്തുവന്ന സാഹചര്യം ഗവേഷണത്തിൽ ഫണ്ടിങ്ങിന്റെ മാനദണ്ഢങ്ങൾ സ്റ്റേറ്റ് ഏകപക്ഷീയമായി തീരുമാനിക്കുന്നു എന്നതാണല്ലോ. ഇതോടൊപ്പം വിപരീതമായ ഒരു ദിശയിൽ ഗവേഷണ വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ചും മാനവിക വിഷയങ്ങളിൽ ഗവേഷണം ചെയ്യുന്നവർക്ക്, എതിരെ ഒരു പൊതു ബോധം ഉണ്ടാക്കിയെടുക്കപ്പെടുന്നുമുണ്ട്. ജ.എൻ.യൂ വിലെയും മറ്റും ഗവേഷക വിദ്യാർത്ഥികൾ പൊതുമുതൽ ദുർവിനിയോഗം ചെയ്ത് വർഷങ്ങളായി പഠിക്കുകയും അവർക്ക് ഇടപെടേണ്ട ആവശ്യമില്ലാത്ത രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുകയാണ് എന്ന ആരോപണങ്ങൾ ഉണ്ടായി എന്നതുകൂടെ ചേര്‍ത്തു വെക്കുമ്പോൾ ആണ് മാനവീക വിഷയങ്ങളുടെ പഠനം വിപണിയിൽനിന്നും ഭരണകൂടത്തിൽ നിന്നും സ്വതന്ത്രമായി നിലനിൽക്കേണ്ടത് എന്തുകൊണ്ട് അത്യാവശ്യമാണ് എന്നു വ്യക്തമാകുന്നത്.

ഡീംഡ് യൂണിവേഴ്സിറ്റികൾ മാത്രമല്ല, ഇന്ന് പബ്ലിക് യൂണിവേഴ്സിറ്റികളും കോർപ്പറേറ്റ് ഭരണമാതൃകകൾ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളും ബ്യൂറാക്രെറ്റിക്ക് ഭരണക്രമത്തിലേക്ക് സ്വയം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇതേ മാതൃക അഫിലിയേറ്റഡ് കോളെജുകളും തുടരുന്നു. സർവ്വകലാശാലകളുടെയും കോളെജുകളുടെയും സ്വയം ഭരണാവകാശം എന്നത് പ്രത്യേകം കോർപ്പറേറ്റ് ഭരണകൂടാവകാശം എന്ന നിലയ്ക്കാണ് ഇപ്പോൾ രൂപപ്പെട്ടു വരുന്നത്. എന്നാൽ സർവ്വകലാശാലകൾ ഭരണകൂടങ്ങളിൽ നിന്ന് ആശയപരമായും പ്രാവർത്തികമായും സ്വതന്ത്രമായിരിക്കണം എന്നതായിരുന്നു സ്വയംഭരണവാദത്തിന്റെ കാതൽ. ഈ ആവശ്യം ഇന്ന് മിക്കവാറും എവിടെയും ഉയർന്നു കേൾക്കുന്നില്ല – മാനവികവിഷയങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും അവയിൽ ഗവേഷണം നടത്തുകയും ചെയ്യുന്ന ഒരു ചെറിയ ന്യൂനപക്ഷം വ്യക്തികളിൽ നിന്നല്ലാതെ. ഇതുകൊണ്ടു തന്നെ ഈ ‘പ്രശ്നക്കാർക്ക്’ എതിരെ ശക്തമായ ഒരു ഭൂരിപക്ഷം കാമ്പസുകളിൽ തന്നെയുണ്ട്. ഇവർ പഠനത്തെ വേണ്ട ഗൌരവത്തോടെ കാണുന്നില്ല. ഇവർ പഠിക്കുന്നും പഠിപ്പിക്കുന്നുമില്ല. ഇവർ സിനിമ കണ്ടും ചർച്ച നടത്തിയും ആൺപെൺ ഭേദമെന്യേ കൂട്ടുകൂടി പ്രതിഷേധിച്ചും രാഷ്ട്രീയമായി ഇടപെട്ടും കാമ്പസുകൾ അരാജകകേന്ദ്രങ്ങളാക്കുകയാണ് എന്ന നിലയ്ക്കുള്ള പഴികൾ കേൾക്കാത്ത ഒരു ന്യൂനപക്ഷം ഇല്ലാത്ത കാമ്പസുകൾ കേരളത്തിൽ ഉണ്ടെങ്കിൽ അവയിൽ മാനവീകവിഷയങ്ങൾക്ക് ഒരു നിലയും ഇല്ല എന്നു തന്നെവേണം മനസ്സിലാക്കാൻ.

ഒരു ഇരുപതു വർഷം മുൻപേയും കേരളത്തിലെ കാമ്പസുകളിൽ ഏറ്റവും സാമൂഹ്യരാഷ്ട്രീയബോധവും പ്രതികരണശേഷിയും ഉണ്ടായിരുന്നത് മാനവീക വകുപ്പുകളിൽ തന്നെയായിരുന്നു. എങ്കിലും അന്ന് ഈ വകുപ്പുകൾക്ക് ഉണ്ടായിരുന്ന പ്രതിച്ഛായ അല്ല ഇന്നത്തെ കാമ്പസുകളിൽ. ഇതിനു കാരണം ഈ വകുപ്പുകളുടെ അധ:പതനം ആണെന്നും സമയോജിതമായി അവർ സ്വയം നവീകരിക്കാത്തതുകൊണ്ടാണെന്നും ആണ് പരക്കെയുള്ള ഒരു ആരോപണം. സത്യത്തിൽ ഈ കാലഘട്ടത്തിൽ ഏറ്റവും അധികം ആന്തരികമായ മാറ്റം സംഭവിച്ചിട്ടുള്ളതും താത്വീകമായും പ്രാവർത്തികമായും നവീകരിക്കപ്പെട്ടിട്ടുള്ളതും മാനവിക വിഷയങ്ങൾ ആണ്. ഇതിന്റെ കാരണം, 60കൾക്കു ശേഷം പൊതുവായിട്ട് ഈ വിഷയങ്ങളിൽ ആശയപരമായി സംഭവിച്ച അതിപ്രധാനവും സങ്കീർണ്ണവുമായ മാറ്റങ്ങളാണ്. 80 കളിലെ മാനവീക വിഷയങ്ങൾ പഠിച്ച തലമുറയിലെ ഏറ്റവും ധിഷണാശാലികളായ ചിലരെങ്കിലും സർവ്വകലാശാലാ സിലബസുകൾക്കും മുന്നേ ഈ മാറ്റങ്ങൾ പുസ്തകങ്ങളിൽനിന്ന് ഉൾക്കൊണ്ട്, വ്യവസ്ഥാപിതചിന്തകളെയും ഘടനകളെയും ചോദ്യങ്ങളായും സംശയങ്ങളായും വെല്ലുവിളികളായും ക്ലാസ് മുറികളിൽ നേരിടുകയും ഉണ്ടായി. ആ ആന്തരിക മാറ്റങ്ങൾ ആണ് ഇന്നത്തെ മാനവീക വിഷയങ്ങളുടെ പഠനം പ്രതിഫലിപ്പിക്കുന്നത്. ഇതിന്റെയർത്ഥം ഒരുപക്ഷെ വ്യവസ്ഥാപിതമായിത്തീരുന്ന കോർപ്പറേറ്റ്/ബ്യുറോക്രെറ്റ് വിദ്യാഭ്യാസ മൂല്യങ്ങൾക്ക് വ്യവസ്ഥയ്ക്ക് അകത്തുനിന്ന് തന്നെ ഉയരുന്ന ഏറ്റവും ശക്തമായ വെല്ലുവിളിയാണ് മാനവീകവിഷയങ്ങൾ എന്നതാണ്.

ബുദ്ധിജീവികളും പ്രതിഷേധക്കാരും ഒരുപോലെ മാനവികവിഷയങ്ങൾ പഠിക്കുന്നവരിലേ ഉണ്ടാകുന്നുള്ളു എന്ന ഉയർന്നു വരുന്ന വാദങ്ങൾ സത്യത്തിൽ ഈ വിഷയങ്ങൾക്കകത്തു കഴിഞ്ഞ അൻപതു വർഷത്തിനകം സംഭവിച്ച ഘടനാപരമായ മാറ്റങ്ങളുടെ പശ്ചാലത്തലത്തിൽ വേണം കാണാൻ. ഇത്തരത്തിൽ ഒരു മാറ്റം എന്തുകൊണ്ട് ശാസ്ത്രവിഷയങ്ങളുടെ സാമ്പ്രദായിക പഠനത്തിൽ സംഭവിച്ചില്ലാ എന്നത് ചിന്തിക്കുമ്പോൾ എത്രകണ്ട് നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസഘടനയിൽ യൂറോപ്പ്യൻ റാഷണലിസത്തിന്റെ ശാസ്ത്ര/മാനവീക തരം തിരിവിന്റെ വേരുകൾ ചൂഴ്ന്നു നിൽക്കുന്നു എന്നു മനസ്സിലാവും.

വിദ്യഭ്യാസം ഒരേ സമയം ഒരു പ്രക്രിയയും പ്രതിക്രിയയും ആണ്. പഠിക്കുന്നതിനൊപ്പം പഠിക്കുന്നതിന്റെ ചരിത്രവും തത്വവും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയും വേണം. പാദമൂന്നി നിൽക്കുന്ന അറിവിനെ തന്നെ ചോദ്യം ചെയ്യാനുള്ള ഈ ആർജ്ജവം ശാസ്ത്രപഠനങ്ങളുടെ ഭാഗമല്ലാതായതോടെയായിരിക്കും മാനവിക വിഷയങ്ങൾ എന്ന തരം തിരിവ് ചരിത്രപരമായ ഒരു ആവശ്യമായത്. അല്ലാതെ ഒരു പരസ്പരധാരണയുടെ പാലം കൊണ്ട് നികത്താവുന്ന വിടവ് അല്ല ഇത്. കാലാകാലമായി നിലനിൽക്കുന്ന ഒരു അജ്ഞതയാണ് ശാസ്ത്ര/മാനവീക വിഷയങ്ങൾ തമ്മിലുള്ള വേർതിരിവ്. ഈ വേർതിരിവിനെക്കുറിച്ച് 1959ലെ തന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട റീഡ് ലെക്റ്ററിൽ സി.പി.സ്നോ പറയുന്നത് ഇത് ഒരു പാരസ്പര്യത്തിലൂടെ തീർക്കാവുന്നതാണ് snow_two_culturesഎന്നാണ്. അതായത് മാനവീകവിഷയങ്ങൾ പഠിക്കുന്നവരിൽ ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയും ശാസ്ത്ര വിദ്യാഭ്യാസത്തിൽ മാനവീകവിഷയങ്ങളെക്കുറിച്ചുള്ള അജ്ഞതയും മാറ്റുന്ന ഒരു പാരസ്പര്യത്തിലൂടെ തീർക്കാവുന്ന പ്രശ്നമാണ് ഈ വിടവ് എന്നാണ് സ്നോ അവകാശപ്പെടുന്നത്. പക്ഷെ അങ്ങിനെ ഒരു പരസ്പര അറിവുകൊണ്ട് ശാസ്ത്രവും മാനവികതയും തമ്മിൽ ഇന്നു നിലവിലുള്ള അന്തരം നികത്താൻ ആകുമെന്ന് തോന്നുന്നില്ല.ഇംഗ്ലണ്ടിലെ അന്നത്തെ വിദ്യാഭ്യാസ നയങ്ങൾ ശാസ്ത്രപഠ്നത്തിനു വേണ്ട മൂല്യം കൽപ്പിച്ചിട്ടില്ലാ എന്നു കണ്ട് ശാസ്ത്രത്തിന്റെ പബ്ലിക് റിലേഷൻസ് വക്താവായിട്ട് സ്വയം അവരോധിക്കുകയായിരുന്നു സ്നോ എന്ന് എഫ്. ആർ ലുയിസ്, സ്നോയുടെ വാദത്തെ ഘണ്ടിക്കുകയുണ്ടായിട്ടുണ്ട്. സത്യത്തിൽ ‘രണ്ടു സംസ്കാരങ്ങൾ‘ എന്ന സ്നോയുടെ പ്രയോഗത്തിൽ തന്നെ സ്നോയുടെ കാഴ്ചയിലെ ഇതരവത്കരണം ദൃശ്യമാണ്. ഈ പുരാതനമായ ഇതരവത്ക്കരണത്തിന്റെ ജീർണ്ണിച്ച അംശങ്ങളാണ് കാമ്പസുകളിൽ ശാസ്ത്രവിഭാഗങ്ങൾക്കും മാനവീകവിഭാഗങ്ങൾക്കും ഇടയിൽ ഇന്നും വേരുകുത്തി വാഴുന്നത്. ഈ ജീർണ്ണതയുടെ ദുർഗ്ഗന്ധം ഏറ്റവും അധികം വമിക്കുന്നത് ഒരുപക്ഷെ ഇന്ത്യൻ സർവ്വകലാശാലകളിലെ ബിരുദ കോഴ്സുകളിലെ കോമൺ പേപ്പർ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ക്ലാസ്സുകളിലായിരിക്കും. കേരളത്തിലെ സർവ്വകലാശാലകളിൽ ആറു സെമസ്റ്റർ പഠനത്തിൽ ആദ്യത്തെ നാലു സെമസ്റ്ററിലും എല്ലാ വിദ്യാർത്ഥികളും ചെയ്തിരിക്കേണ്ട് 5 കോർ പേപ്പറുകളാണ് ഇത്. പണ്ട് ഒന്നാം ഭാഷ (first language) എന്ന് അറിയപ്പെട്ടിരുന്ന ഈ പേപ്പറുകൾ പഠിപ്പിക്കുന്നത് ഇംഗ്ലീഷ് വിഭാഗമാണ്. കുറച്ച് കഥയും കവിതകളും സാമൂഹ്യ വിശകലനവും ഒക്കെയായി വർഷാവർഷം സർവ്വകലാശാലകളിലെ പഠന ബോർഡുകൾ രൂപം ചെയ്ത് ഇറക്കുന്ന പാഠപുസ്ത്കങ്ങളാണ് ഈ കോഴ്സുകളിൽ പഠിപ്പിക്കുന്നത്. അഫിലിയേറ്റഡ് കോളെജുകളിലെ ഇംഗ്ലീഷ് വിഭാഗങ്ങളിലെ പ്രവർത്തിസമയത്തിന്റെ വലിയ ഒരു പങ്കും ഈ കോഴ്സുകൾ പഠിപ്പിക്കുന്നതിനായിട്ട് നീക്കിവയ്ക്കപ്പെടുന്നു. ശാസ്ത്ര-ശാസ്ത്രേതര-മാനവിക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ഒരുപോലെ പഠിക്കേണ്ടുന്ന കോമൺ കോഴ്സുകൾ ഇതുകൊണ്ടു തന്നെ മാനവികവിഷയങ്ങൾ ഐച്ഛികമായി വരുന്ന കോഴ്സുകളുടെ ഉള്ളടക്കത്തോടൊപ്പം പ്രാധാന്യം അർഹിക്കുന്നുണ്ട്. അതായത് ഉന്നത വിദ്യാഭ്യാസത്തിൽ മാനവീക പഠനം യഥാർത്ഥത്തിൽ മാനവിക വിഷയം ഐച്ഛികമായി എടുത്ത് പഠിക്കുന്ന വിദ്യാർത്ഥികളിൽ ഒതുങ്ങി നിൽക്കുന്ന വിധമല്ല വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഭാഷാപഠനം, ചരിത്രപഠനം, സാമൂഹികശാസ്ത്രപഠനം, രാഷ്ട്രമീമാംസയും സിവിക്സും ഒക്കെ ഉൾപ്പെടുന്ന ഈ കോമൺ കോഴ്സ് കൊമ്പോണെന്റുകൾ വിദേശസർവ്വകലാശാലകളിലും മിക്കവാറും ക്രിട്ടിക്കൽ തിയറി (വിമർശനാത്മ സിദ്ധാന്തം) അടങ്ങുന്ന ഒരു വിഭാഗം എന്ന നിലയ്ക്ക് ഇംഗ്ലീഷ് സ്റ്റഡീസ്/കമ്പാരിറ്റീവ് ലിറ്ററേച്ചർ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന രീതി നിലവിൽ ഉണ്ട്. എന്നാൽ choice-based credit പിന്തുടർന്ന് വിദ്യാർത്ഥികൾക്ക് കോഴ്സ് തിരഞ്ഞെടുക്കാൻ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്ന പല വിദേശസർവ്വകലാശാലകളിലും ഈ കോഴ്സ് കണ്ടെന്റുകൾ ചരിത്രം, ഫിലോസഫി, സാഹിത്യം, തുടങ്ങിയ മാനവീക വിഭാഗങ്ങളിൽ പരക്കെ പങ്കു വയ്ക്കപ്പെടുകയുമാണ്. തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം പരിമിതമായ ഇന്ത്യൻ സർവ്വകലാശാലകളിൽ നിലവിൽ ഇവയെ പാഠപുസ്തകങ്ങളിലേക്ക് സമീഹരിച്ച് നിർത്തി ‘ഇംഗ്ലീഷ്’/ഭാഷാ പഠനമാക്കി തരംതാഴ്ത്തുകയാണ്. ഇതാണ് കോമൺ കോഴ്സ് പഠനത്തിന്റെ താത്വിക വശം.

ഇത് പ്രാവർത്തികമാക്കേണ്ടതാകട്ടെ അതാത് സർവ്വകലാശാലകൾ തയ്യാറാക്കുന്ന കോമൺ കോഴ്സ് സിലബസുകളും.

കാലിക്കറ്റ് സർവ്വകലാശാ‍ല ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സ്കീമിൽ ബിരുദത്തിനു കോമൺ പേപ്പർ ആയി എല്ലാ ശാസ്ത്രശാസ്ത്രേതര വിഭാഗക്കാരെയും പഠിപ്പിക്കുന്നതിനായി നിഷ്കർഷിച്ച് രൂപകൽപ്പന ചെയ്യുന്ന ചില പുസ്തകങ്ങൾ പരിശോദിച്ചാൽ മാനവീക പഠനത്തിന്റെ തത്വങ്ങൾ ഫലത്തിൽ ചോർന്നു പോകുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കാം. പ്രെസ്സ് മുതലാളിമാരും കൂലി സിലബസ് എഴുത്തുകാരും ചേർന്ന് സംയുക്തമായി നടത്തുന്ന ഒരു ചൂടൻ വിപണിയാണ് വർഷാവർഷം ഇറങ്ങുന്ന ഈ പാഠപുസ്തകങ്ങൾ എന്നത് പരസ്യമായ രഹസ്യമാണ്. ഉള്ളുപൊള്ളയായ ഈ പുസ്തകങ്ങളിൽ ശാസ്ത്രവും മാനവികതയും തമ്മിലുള്ള സാങ്കൽപ്പിക വിടവിനെ കെട്ടി നികത്താനുള്ള പല ശ്രമങ്ങളും കാണാം. ലക്ഷക്കണക്കിനുവരുന്ന ബിരുദ വിദ്യാർത്ഥികൾ എല്ലാവരും നിർബന്ധ്മായും ചെയ്തിരിക്കേണ്ട കോമൺ കോഴ്സ് ടെക്സ്റ്റ് ബുക്കുകൾ യാതൊരു ഗവേഷണബദ്ധതയും ഇല്ലാതെയാണ് നിർമ്മിക്കപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒരു പറ്റം കവിതാ കഥാശകലങ്ങളുടെ നിരന്തര തിരമറിയലുകൾക്ക് പുറമേ ഇപ്പോൾ വളരെ റാഡിക്കൽ/ലേറ്റസ്റ്റ് എന്ന് പ്രഘോഷിക്കപ്പെട്ട് ഇറങ്ങുന്ന ടെക്സ്റ്റ് ബുക്കുകളും ഉണ്ട്.  ഉദാഹരണത്തിനു രണ്ടു വർഷം മുന്നെ നിലവിൽ ഉണ്ടായിരുന്ന ‘ഹിസ്റ്ററി ആൻഡ് ഫിലോസഫി ഓഫ് സയൻസ്’ എന്ന പുസ്തകം. ശാസ്ത്രം എന്നാൽ ചില വാസ്തവങ്ങളുടെ ലിസ്റ്റ് മാത്രമാണെന്ന് ധരിച്ചു വശമാക്കിയവർ ഉണ്ടാക്കിയ ഒരു പുസ്തകമായിരുന്നു ഇത്. ശാസ്ത്രത്തിന്റെ ചരിത്രമോ ഫിലോസഫിയോ ഇതിൽ മഷിയിട്ടു നോക്കിയാൽ പോലും കാണുകയുമില്ല. ഈ പുസ്തകത്തിനു ശേഷം 2014ൽ നിലവിൽ വന്ന മറ്റൊരു പുസ്തകമാണ് ‘നേറ്റിവ് മീഡിയ ഇൻ ഇംഗ്ലീഷ്’. എന്താണ് ഈ ‘നേറ്റിവ്’ മീഡിയ എന്നോ നേറ്റിവും മീഡിയയും തമ്മിൽ എന്തു ബന്ധമാണുള്ളത് എന്നോ പുസ്തകത്തിലെവിടെയും പറയുന്നില്ല എന്നതു പോട്ടെ, ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജിയും മാനവീക വിഷയങ്ങളും തമ്മിൽ ന്യൂ മീഡിയയുടെ വരവോടെ രൂപം കൊള്ളുന്ന ആഴമേറിയ ബന്ധത്തിനെ ഇതിലുപരി ബാലിശവും വികലവുമായി ഒരു പാഠപുസ്തകത്തിൽ സംയോജിപ്പിക്കുക സാധ്യമല്ല. അത്രയ്ക്കും അശ്രദ്ധമായും അപക്വമായും ആണ് ഈ പുസ്തകം രൂപംചെയ്യപെട്ടിട്ടുള്ളത്.

ഇവിടെ സംഭവിക്കുന്നത്, ശാസ്ത്രവിഷയങ്ങൾ പഠിക്കുന്ന കുട്ടികൾക്ക്  താന്താങ്ങളുടെ വിഷയങ്ങളിൽ അടങ്ങിയിട്ടുള്ള മാനവീകതയെക്കുറിച്ചും, പൊതു കാര്യങ്ങളെക്കുറിച്ചും, രാഷ്ട്രീയവും സാംസ്കാരികവുമായ വിമർശനങ്ങൾ ഉന്നയിക്കാനും വിമർശനാത്മകമായി ചിന്തിക്കാനുമുള്ള കെൽപ്പ് ഉണ്ടാക്കിയെടുക്കുന്നതിനു പകരം മാനവികവിഷയങ്ങളെ വികലമായ ഒരു ശാസ്ത്രവഴക്കത്തിനു ചിട്ടപ്പെടുത്തി എടുക്കുക എന്ന ഏർപ്പാടാണ്. സെമെസ്റ്ററൈസേഷൻ എന്ന ഭൃഹത് ആശയത്തെ വികലമായി മനസ്സിലാക്കുകയും തള്ളുകയും കൊള്ളുകയും ഒക്കെ ചെയ്യുമ്പോൾ ഭാഷാവിഭാഗങ്ങളെ സംബന്ധിച്ച് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം ഏച്ചുകൂട്ടി തയ്യാറാക്കപ്പെടുന്ന കോമൺ കോഴ്സ് സിലബസുകളാണ്. റ്റെക്സ്റ്റുകളെ മറികടക്കുന്ന വിശാലമായ ക്ലാസ് മുറികളെ ദാർശനീകമായി വിഭാവനം ചെയ്യ്ത മാനവികവിഷയങ്ങളെ തന്നെ ഇടുങ്ങിയ പാഠങ്ങളിലും സിലബസ്സിലും തളച്ചിടുകയാണ് പൊതുവേ കോമൺ കോഴ്സ് ക്ലാസ് മുറികളിൽ. സർവ്വകലാശാല അഫിലിയേറ്റഡ് കോളെജുകളിലെ ഇംഗ്ലീഷ് വിഭാഗങ്ങൾ പലപ്പോഴും തസ്തികകൾ നഷ്ടപ്പെട്ടു പോകാതിരിക്കാനായി കോഴ്സുകൾ നിലനിർത്തി യാതൊരു വീക്ഷണവും ഇല്ലാതെ നിർമ്മിക്കുന്ന പാഠപുസ്തകങ്ങൾക്ക് വഴങ്ങുകയും ചെയ്യുന്നു. ഈ റ്റെക്സ്റ്റ് ബുക്കുകൾ വരി വിടാതെ വായിച്ച് സിലബസ് തീർക്കുന്നതിനു നിയോഗിക്കപ്പെട്ടവരാണ് ഈ പേപ്പറുകൾ പഠിപ്പിക്കുന്ന അദ്ധ്യാപകർ എന്നും ഇതോടെ ബിരുദ വിദ്യാർത്ഥികളുടെ മാനവിക പഠനത്തിന്റെ ആവശ്യം പൂർണ്ണമാകുന്നു എന്നും ആണ് പൊതു ധാരണ. എന്നാൽ ഇത്തരത്തിൽ ഒരു കോഴ്സ് കണ്ടെന്റിലേക്കോ തിരഞ്ഞെടുത്ത ഐച്ഛിക വിഷയത്തിലേക്കോതന്നെ ഒതുക്കാവുന്ന ഒന്നല്ല ഉന്നതവിദ്യാഭ്യാസത്തിലെ മാനവിക പഠനം.

മാനവിക വിഷയങ്ങൾ ഐച്ഛികമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ രണ്ടാം തരക്കാരാണെന്നും അവരുടെ ഗവേഷണം നിരർത്ഥകമാണെന്നും കരുതുന്നതിൽ ഒതുങ്ങുന്നില്ല ഉന്നതവിദ്യാഭ്യാസമേഖലയിൽ മാനവീകവിഷയങ്ങളോട് പരക്കെയുള്ള അന്ധത. ബിരുദബിരുദാനന്തര പഠനം എന്നതു കൊണ്ട് ഏതെങ്കിലും ഒരു വിഷയത്തെ അതിന്റെ ചരിത്രമോ സാമൂഹ്യ പശ്ചാത്തലമോ രാഷ്ട്രീയതയോ മനസ്സിലാക്കാതെ വെറുതെ 3+2 വർഷം കൊണ്ട് പഠിച്ചെടുക്കുക എന്നതല്ല എന്ന് മനസ്സിലാക്കണമെങ്കിൽ ഓരോ വിഷയത്തിനും അതിന്റെ മാനവിക അംശം (humanities component) ഉണ്ടായേ തീരു. ഇത്തരത്തിൽ കുറേകൂടെ വിശാലമായ മാനവികപഠനം ഉൾക്കൊള്ളുന്ന കോഴ്സുകൾ ഉയർന്നു വരേണ്ടുന്നതിന്റെ അവശ്യകതയും കണക്കിലെടുക്കപ്പെടണം. ഉദാഹimagesരണത്തിന്ന് സയൻസ് ആൻഡ് റ്റെക്നോളജി സ്റ്റഡീസ്. ഹൈദരബാദ് സെന്‍ട്രല്‍ സർവ്വകലാശാലയിൽ ജാതിവിവേചനത്തിന്റെ ബലിയാടായ പിന്നീട് ഒരു വലിയ ദളിത് മുന്നേറ്റത്തിന്റെ ആത്മാവായി തീർന്ന രോഹിത് വെമുല ഗവേഷണത്തിനു തിരഞ്ഞെടുത്തത് ഈ മേഖലയായിരുന്നു എന്നത് കേവലം ആകസ്മികമല്ല. രോഹിതിന്റെ മരണക്കുറിപ്പിലെ കാൾ സെഗ്ഗന്റെ സാന്നിധ്യം ശാസ്ത്ര-മാനവിക യുക്തികൾ സമ്മേളിച്ച ഒരു ഗവേഷണ കുതുകിയെ നമുക്ക് കാണിച്ചു Cosmosതന്നിരുന്നു. ഇതുപോലെ ഇന്ന് വളരെയധികം രാഷ്ട്രീയ സാധ്യതകൾ ഉള്ള മറ്റൊരു മേഖലയാണ് ജെൻഡർ സ്റ്റഡീസ്. വിമെൻ സ്റ്റഡീസ് എന്ന ആദ്യകാല ഫെമിനിസ്റ്റ് രൂപത്തിൽ നിന്നും ലിംഗാത്മകതയെക്കുറിച്ചുള്ള കൂടുതൽ വിശാലവും ഇതര ലിംഗസാധ്യതകൾ കൂടെ അടങ്ങിയതുമായ ജെൻഡർ സ്റ്റഡീസ്, പ്രാദേശിക ചരിത്രപഠനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഹിസ്റ്റോറിയോഗ്രഫി, പരിസ്ഥിതി പഠനം, തുടങ്ങിയ പല നവ ധൈഷണിക സാധ്യതകളും ഉണ്ട്. ഈ മേഖലകളെ സമീകരിച്ചു കൊണ്ട് അതാത് കോളെജുകൾക്ക് സ്വന്തം വിഭാഗങ്ങളിലെ അദ്ധ്യാപകരുടെതന്നെ ഗവേഷണ പഠങ്ങൾ ഉൾപ്പെടുത്തി ഈ കോഴ്സുകൾ നവീകരിക്കുന്നതു വഴി, ശാസ്ത്രവും ശാസ്ത്രേതരവും തമ്മിലുള്ളതും അദ്ധ്യാപനവും ഗവേഷണവും തമ്മിലുള്ളതും ആയ വിടവുകൾ നികത്താവുന്നതും ആണ്.

കനേഡിയൻ ഹ്യുമാനിറ്റീസ് പ്രഫസർമാരായ മാഗ്ഗി ബേർഗും ബാർബറ സീബറും ചേർന്നു രചിച്ച “വേഗം കുറഞ്ഞ പ്രഫസർ: അക്കഡെമിയിലെ വേഗത്തിനുള്ള വെല്ലുവിളികൾ” (The Slow Professor: Challenging the Culture of Speed in the Academy) എന്ന പുസ്തകത്തിൽ ശരവേഗത്തിൽ 4122OznMy5L._SX320_BO1,204,203,200_കോർപ്പറേറ്റ് വത്കരിക്കപ്പെടുന്ന യൂണിവേഴ്സിറ്റികളുടെ പ്രവർത്തനങ്ങളുമായി നിസ്സഹകരിച്ച് വിദ്യാഭ്യാസ കച്ചവടവത്തെ ആത്യന്തികമായി മാനവീക അദ്ധ്യാപകർ തന്നെ ചെറുത്തു തോൽപ്പിക്കേണ്ടുന്നതിന്റെ ആവശ്യത്തെക്കുറിച്ച് പറയുന്നുണ്ട്.  മാർത്താ നൌസ്ബോമിന്റെ “ലാഭത്തിനായിട്ടല്ല: ജനാധിപത്യത്തിൽ മാനവീക വിഷയങ്ങൾ എന്തിന്?” (Not for Profit: Why Democracy needs The Humanities) എന്ന പ്രസിദ്ധമായ k9112പുസ്തകത്തിന്റെ വാദങ്ങളുടെ ചുവടുപിടിച്ച് ഗ്രന്ഥകർത്താക്കൾ വാദിക്കുന്നത് ഉന്നത വിദ്യാഭ്യാസത്തെ ഇന്നു ഗ്രസിച്ചിരിക്കുന്ന നിശബ്ധമായ പ്രതിസന്ധിയാണ് മാനവിക വിഷയങ്ങളോടുള്ള അവജ്ഞ എന്നാണ്. ക്ലാസ് മുറികളിലൊതുങ്ങാത്ത പഠനപ്രക്രിയകളെ അവഗണിച്ച് കോർപ്പറേറ്റുകളുടെ ഭാഷയായ ജോലിഭാരം (workload), സമയപരിധി (deadline), ലാഭസാധ്യത (profitability), സഹായധന സ്വരൂപണം (grant generation),  എന്നൊക്കെ സംസാരിക്കുന്ന സർവ്വകലാശാലകളുടെ പി.ആർ.ഓ- കളാവുകയാണ് അദ്ധ്യാപകസമൂഹം എന്ന് ഈ പുസ്തകം പറയുന്നു. അക്കാഡമിക് പ്രകടന ഇൻഡെക്സിങ്ങ് (എ.പി.ഐ) നിർബന്ധമാക്കിക്കൊണ്ട് 2016ൽ യു.ജി.സി ഇറക്കിയ പുതിയ ഗസെറ്റ് നോറ്റിഫിക്കേഷനും അതിനെതുടർന്നുണ്ടായ പ്രതിഷേധങ്ങളും ഈ അടുത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ ഗവേഷണം റെഗുലർ കോളെജ് അദ്ധ്യാപകർക്ക് നിർബന്ധമാക്കേണ്ടതില്ല എന്ന് പ്രസ്താവിക്കുകയും ഒക്കെ ചെയ്യുന്നത് ഗവേഷണവും അദ്ധ്യാപനവും രണ്ടു വ്യത്യസ്ത അംശങ്ങളായി കാണുന്നതു കൊണ്ടാണ്. 2015ൽ ഏ.പി.ഐ മാനദണ്ഡങ്ങളെക്കുറിച്ച് പഠിക്കാൻ മാനവശേഷി മന്ത്രാലയം നിയമിച്ച നിഗവേക്കർ കമ്മിറ്റിയുടെ ഉപദേശങ്ങൾ സ്വീകരിച്ചു കൊണ്ട് ക്ലാസ് റൂം ലെക്ചറുകൾക്കുള്ള ഗ്രേഡ് പോയിന്റുകൾ നേടുന്നതിനായിട്ട് അദ്ധ്യാപകർ കൂടുതൽ മണിക്കൂറുകൾ പഠിപ്പിക്കണം എന്നാണ് വിവാദമായ 2015 ഗസെറ്റ് വിജ്ഞാപനത്തിന്റെ ഒരു നിഷ്കർഷ. എന്നാൽ അതേ സമയം ഗവേഷണത്തിനുള്ള പോയിന്റുകളെയും എത്താക്കനികളാക്കാൻ നിഷ്കർഷിക്കുകയും ചെയ്യുന്നുണ്ട് ഈ വിജ്ഞാപനം എന്നതാണ് സത്യം. ഇതേ മാനദണ്ഢങ്ങളുടെ ചുവടുപിടിച്ചാണ് ജാവേദ്കർ റെഗുലർ കോളെജുകളിൽ ക്ലാസ് റൂം-പഠനത്തിനാണ്, ഗവേഷണത്തിനല്ല പ്രാധാന്യം എന്നു പറയുന്നതും. അതായത് റെഗുലർ കോളെജ് അദ്ധ്യാപകർ ഗവേഷണത്തിനും ജ്ഞാനസംഭാദനത്തിനും ആയി ചിലവിടുന്ന സമയം പാഴ്ചിലവാണെന്നും, അത് യാതൊരു വിധത്തിലും അവരുടെ അദ്ധ്യാപനവുമായി ബന്ധമില്ലാത്തതും തികച്ചും വ്യക്തിപരമായ കാര്യമാണെന്നും വരുത്തിത്തീർക്കുക വഴി ഗവേഷണവും അദ്ധ്യാപനവും തമ്മിൽ നിലവിൽ ഉള്ള അന്തരത്തെ പെരുപ്പിച്ച് ഗവേഷണത്തിനുള്ള ഫണ്ടുകൾ നേർപ്പിക്കുക എന്ന പച്ചയായ തട്ടിപ്പാണ് ഇത്.

ക്ലാസ് മുറിയിലെ പ്രഭാഷണവും ഗവേഷണവും ആണ് ഉന്നത വിദ്യാഭ്യാസത്തിൽ ഓരോ അദ്ധ്യാപകന്റെയും നിലവാരം നിശ്ചയിക്കുന്നത് എന്ന് നിഷ്ക്കർഷിക്കുന്ന യു.ജി.സി പക്ഷെ ഒരു നിലയ്ക്കും പഠിപ്പിക്കലും ഗവേഷണവും സംയോജിപ്പിക്കുന്നതിനേക്കുറിച്ച് ആകുലപ്പെടുന്നില്ല. ഗവേഷണം എന്നത് ആത്യന്തികമായും വ്യാവസായിക ഉത്പാദനത്തിനു മാത്രം ഉതകുന്ന ഒന്നായി 09-ugc1പരികല്പനചെയ്യപ്പെടുമ്പോൾ സാമൂഹിക ഗവേഷണവും വിമർശനാത്മക ചിന്തയും അടിസ്ഥാനമാവുന്ന മാനവിക വിഷയങ്ങൾ സ്വയം നിലനിർത്തുന്നതിനായുള്ള തുച്ഛമായ വഴികൾ കണ്ടെത്തുന്നു.   ഗവേഷണവും പഠനവും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന തിരിച്ചറിവ് ഇന്ത്യിൽ യൂ.ജി.സി. ക്കോ മാനവശേഷി വിഭാഗത്തിനോ സർവ്വകലാശാലകൾക്കോ ഇന്നേവരെ ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ പാഠപുസ്തകങ്ങളുടെ ശാസ്ത്രിയതയോ നിലവിൽ സർവ്വകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങളുമായി സിലബസ്സുകളുടെ ഏകോപനമോ ഒന്നും ചർച്ചചെയ്യപ്പെടുന്നുമില്ല. ഒരിക്കലും കൂട്ടിമുട്ടാത്ത പാളങ്ങൾ ആയി ഗവേഷണവും പഠിപ്പിക്കലും രണ്ടു വഴിക്ക് നടത്തുവാൻ നിർബന്ധിതരാവുകയാണ് സർവ്വകലാശാലകളും കോളെജ് വകുപ്പുകളും.

1976 ൽ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയ്ക്ക് ഇടയിൽ ഉന്നതവിദ്യാഭ്യാസത്തെ പൂർണ്ണമായും സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റുക വഴി ഈ മേഖലയിൽ സ്റ്റേറ്റുകളുടെ  സ്വയം നിർണ്ണയാവകാശം തുലോം വെട്ടിച്ചുരുക്കിയെങ്കിൽ ഇന്ന് ഏകീകൃതപ്രവേശന പരീക്ഷകൾ പ്രൊഫെഷണൽ വിദ്യാഭ്യാസമേഘലയിൽ വ്യാപകമായ എതിർപ്പുകളൊന്നും കൂടാതെ സ്വീകരിക്കപ്പെടുകയും സുപ്രീം കോർട്ട് വരെ ഈ കേന്ദ്രീകരണത്തെ നിസ്സംശയം അംഗീകരിക്കുകയും ചെയ്തു കഴിഞ്ഞു. സർവ്വകലാശാല പ്രവേശനങ്ങളും ഇതുപോലെ ഏകീകരിക്കപ്പെടുന്നതിനുള്ള സാധ്യത ഒരുപക്ഷെ വിദൂരമല്ല. തികച്ചും അസമമായ പ്രാദേശിക സാമൂഹിക സാഹചര്യങ്ങൾ നിലവിലുള്ള ഇന്ത്യയിൽ ഏതു നിലയ്ക്കാണ് ഇത്തരം ഏകീകൃതമായ പ്രവേശനപ്പരീക്ഷകൾ നീതിയുക്തമാവുക? ഇത്തരം ചോദ്യങ്ങൾക്കുള്ള സാധുത തന്നെ നഷ്ടപ്പെടുന്ന കാലത്ത് കൂടുതൽ കൂടുതൽ ആന്തരീകമായി ഹിംസാത്മകമാവുകയാണ് ഉന്നതവിദ്യാഭ്യാസം.


 

 

Comments

comments