പ്രകൃതിദുരന്തങ്ങള്‍, പ്രത്യേകിച്ചും വെള്ളപ്പൊക്കം, ബീഹാറിന്‍റെ ദുഃഖം തന്നെയാണ്. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെടുന്ന ദരിദ്രജനത. ഭൂമിശാസ്ത്രപരമായ കിടപ്പു കൊണ്ടും തദ്ദേശജനങ്ങളെ ഉള്‍ക്കൊള്ളിക്കാതെ നടപ്പാക്കുന്ന നയങ്ങൾ കൊണ്ടും ദുരന്തങ്ങളുടെ ആഘാതം കൂടുന്നു. നേപ്പാളിന്‍റെ മലകളില്‍ പെയ്യുന്ന മഴ ഇന്ത്യയില്‍ ബീഹാറിന്‍റെ സമതലത്തിങ്ങളില്‍ എത്തുമ്പോഴേക്കും കൂടുതല്‍ ശക്തിപ്രാപിച്ച് തടയണകളെ ഭേദിച്ച് നാശം വിതയ്ക്കുന്നു. പ്രധാനമായും കോശി, നാരായണി, ഭാഗ്മതി, ഗണ്ടക് എന്ന നദികളെല്ലാം നേപ്പാളില്‍ നിന്ന് ബീഹാറിലൂടെയൊഴുകി ഗംഗയില്‍ പതിക്കുന്ന നദികളാണ്.

ഈ നദികളില്‍ തന്നെ ഒട്ടേറെ ചെറിയ ചെറിയ നദികള്‍ നേപ്പാളില്‍ നിന്ന് വന്നുചേർന്ന് ഒഴുക്കിന് ആക്കം കൂട്ടുന്നു. ഇതിന്‍റെ ഒരു പ്രത്യേകത നദിയുടെ ഒഴുക്കിന്‍റെ ഗതി ഏതുനിമിഷവും മാറാമെന്നതാണ്. ഇന്ന് ഒഴുകുന്ന വഴിയിലായിരിക്കില്ല അടുത്തവര്‍ഷം ഒഴുകുന്നത്. ഇതും ജനങ്ങള്‍ക്ക് തയ്യാറെടുപ്പിനും വെള്ളപ്പൊക്കത്തെ നേരിടുന്നതിലും തടസ്സമാവുന്നു. ബീഹാറിന്‍റെ ദുഃഖമെന്നറിയപ്പെടുന്ന കോശിനദിയിലൂടെ ശക്തമായ മഴകാരണം തടയണപൊട്ടിയത്  2008-ൽ ഏകദേശം മൂന്നു മില്യണ്‍ ജനങ്ങളെയാണ് ബാധിച്ചത്. പിന്നീട് 2014-ലും 2016-ലും വെള്ളപ്പൊക്കം നിറഞ്ഞാടി. വെള്ളപ്പൊക്കങ്ങള്‍ നല്ല മണ്ണു കൊണ്ടു വരികയും അങ്ങനെ ഫലഭൂയിഷ്ടമാകുന്ന  ഭൂമിയില്‍ നല്ല വിളവ്‌ കിട്ടുമെന്നതുകൊണ്ടും അവര്‍ ചെറിയ ചെറിയ വെള്ളപ്പൊക്കങ്ങളെ മനസ്സാല്‍ സ്വാഗതം ചെയ്യുന്നുണ്ട്.IMG_20170901_122117606_HDR

എന്നാല്‍ ഈ വർഷമുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ ഏകദേശം അഞ്ഞൂറിന് മേലെ ജനങ്ങള്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. അനൌദ്യോകി കണക്കുകളനുസരിച്ച് അത്  ആയിരത്തിനടുത്ത് എത്തുമെന്നാണ്  വിവരം. ഏകദേശം 19 ജില്ലകളിലെ 2371 പഞ്ചായത്തുകളെ ബാധിച്ച ഈ വെള്ളപ്പൊക്കത്തില്‍ നിന്നും ഇനിയും സര്‍ക്കാർ പാഠം പഠിച്ചിട്ടില്ല എന്ന് തന്നെ മനസിലാക്കാം. ഏകദേശം തൊണ്ണൂറുശതമാനം കൃഷിയും നശിച്ച ഗ്രാമങ്ങളില്‍ രണ്ടാഴ്ച കഴിഞ്ഞും വെള്ളം ഇറങ്ങിയിട്ടില്ല. വെള്ളപ്പൊക്കം തടയാന്‍ കെട്ടിയ വലിയ തടയണകള്‍ തന്നെ ഭീഷണിയായി. വെള്ളം തടയണകൾക്കു മുകളിലൂടെ കൃഷിയിടങ്ങളില്‍ പ്രവേശിച്ചപ്പോള്‍  തിരിച്ചുപോകാതെ കൃഷി മുഴുവനായി നശിക്കുകയാണ് ചെയ്യുന്നത്. ഭരണകൂടങ്ങളുടെ അശാസ്ത്രീയമായ പദ്ധതികളുടെ നടപ്പാക്കല്‍ പലപ്പോഴും ദുരന്തങ്ങള്‍ക്ക് ആഴം കൂട്ടുന്നു. വടക്കന്‍ ബീഹാര്‍ ജില്ലകളുടെ ഏകദേശം 80 ശതമാനം പേരും ഇപ്പോഴും വെള്ളത്തിനും ദുരന്തങ്ങള്‍ക്കും ഇടയിലാണ്. ഈ തടയിണകള്‍ അശാസ്ത്രീയവും വെള്ളപ്പൊക്കത്തെ നേരിടുന്നതില്‍ പരാജയവുമാണെന്ന് പ്രമുഖ വിദഗ്ദ്ധനായ ദിനേശ് കുമാർ മിശ്ര പറയുന്നു.

ദേശീയ ദുരന്തനിവാരണ നയങ്ങള്‍ ഒരുപക്ഷേ കുറേക്കൂടി ഫലപ്രദമായി നടപ്പാക്കാന്‍ ശ്രമിച്ച ഒരു  സംസ്ഥാനമാണ് ബീഹാര്‍. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി  രൂപീകരിച്ചതും  പിന്നീട് സെണ്ടായ് ഫ്രെയിംവര്‍ക്കിന്‍റെ ചുവടുപിടിച്ച്  ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു വിഷന്‍ ഡോക്യുമെന്റ് (DRR Roadmap 2015-2030) http://www.disastermgmt.bih.nic.in/Circulars/Draft_Bihar_DRR%20Roadmap.pdf ഇറക്കിയതും ബീഹാര്‍ സര്‍ക്കാർ തന്നെ. ഇതിനു ജപ്പാന്‍ ഭരണകൂടമടക്കം ആഗോളസമൂഹത്തില്‍ നിന്ന് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചത്. പക്ഷെ ഈ ഭരണകൂട നയങ്ങളും നടപ്പാക്കലും ഒരിക്കലും തദ്ദേശീയമായ ജനതകളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നില്ല. ആ ഒരു വലിയ വിടവ്  ഇപ്പോഴും വര്‍ത്തിക്കുന്നു.  ഈ നയങ്ങൾ ദുരന്തം  നേരിട്ടനുഭവിക്കുന്ന ജനങ്ങളെ മാറ്റി നിര്‍ത്തി ഭരണകൂടം ചെയ്യുന്ന ഒരുതരം ടെക്നിക്കല്‍ മാനേജ്‌മന്റ്  ആയി മാറുന്നു. Disaster Management എന്ന പാശ്ചാത്യന്‍ ഉപയോഗവും സമീപനവും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രകൃതിദുരന്തങ്ങളെ manage ചെയ്യുകയല്ല വേണ്ടത്, അത് നിങ്ങള്‍ പുറത്തുനിന്ന് വന്നല്ല ചെയ്യേണ്ടത്. അതാതിടത്തെ നാട്ടുകര്‍ക്കേ അതാതിടങ്ങളിലെ  പ്രത്യേകതകള്‍, അവസ്ഥകള്‍ എന്നിവ സംബന്ധിച്ച അറിവുകള്‍ ഉണ്ടാവുകയുള്ളൂ. നിങ്ങള്‍ക്ക് അവരെ സഹായിക്കാന്‍ പറ്റുമായിരിക്കും. പക്ഷെ അവരുടെ, ആ നാട്ടുകാരുടെ, നേതൃത്വത്തില്‍ തന്നെയാണ് ഓരോ പുനരധിവാസ പ്രവര്‍ത്തനങ്ങളും  സുസ്ഥിരമായ വികസന കാഴ്ചപ്പാടോടുകൂടി നടപ്പിലാക്കേണ്ടത്. ഇതിന്‍റെ അവസാന വാക്ക് ഭരണകൂടമല്ല, മറിച്ച് അവിടത്തെ ജനതയാണ്. ഇത് നടപ്പാക്കാന്‍ കഴിയാത്തിടത്തോളം കാലം ദുരന്തങ്ങള്‍ വരികയും നഷ്ടം വിതയ്ക്കുകയും ചെയ്യും. ഭരണകൂടങ്ങള്‍ ഹെലികോപ്ടര്‍ യാത്ര നടത്തുകയും ഭക്ഷണപാക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കും.1b-f03

തദ്ദേശീയമായ ജനങ്ങളുടെ അറിവും അവരുടെ പങ്കും ഒരിക്കലും ഈ നടപ്പാക്കലില്‍ മുഖവിലക്കെടുക്കാറില്ല. വളരെ ഔദ്യോഗികമായ സര്‍ക്കാര്‍ തലത്തില്‍ റെവന്യൂ വകുപ്പും ജലവകുപ്പും ജില്ലാ കളക്ടര്‍ വരെയുമായി ഒതുങ്ങുന്നു മിക്ക പരിപാടികളും. പഞ്ചായത്തിനും മറ്റു ലോക്കല്‍ ബോഡികള്‍ക്കും കാര്യമായ പങ്ക് നമ്മുടെ Disaster Management Act 2005-ല്‍ പോലും ഇല്ല (http://www.ndma.gov.in/images/ndma-pdf/DM_act2005.pdf). കടലാസ്സില്‍ പലതും പറയുന്നുണ്ടെങ്കിലും താഴെക്കിടയില്‍ ഇതൊന്നും നടക്കാറില്ല. ഈയൊരു പശ്ചാത്തലത്തില്‍ വെള്ളപ്പൊക്കത്താല്‍ ബാധിക്കപ്പെട്ട ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയില്‍ നേരില്‍ കണ്ട ചില കാഴ്ചകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

അരികുവല്‍ക്കരണവും വെള്ളപ്പൊക്കവും
എന്നും പ്രകൃതിദുരന്തങ്ങള്‍ പാവപ്പെട്ടവരെത്തന്നെയാണ് കൂടുതലായി ബാധിച്ചിട്ടുള്ളത്‌. ദുരന്തങ്ങള്‍ക്ക് കണ്ണും കാതുമില്ല, അത് എല്ലാവരെയും ഒരുപോലെ കാണുന്നു എന്നു പറയുന്നത് അത്രത്തോളം ശരിയല്ല. ദുരന്തങ്ങൾ മിക്കവാറും ദരിദ്രജനങ്ങളെയാണ് കൂടുതല്‍ ബാധിക്കാറ്‌. ഇതിനു കാരണം ഒന്നുകില്‍ അവര്‍  താണപ്രദേശങ്ങളില്‍, സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍, കുടിലുകളില്‍, താമസിക്കുന്നു എന്നതാണ്. കൂടുതല്‍  സുരക്ഷിതമായ വീടും, ഉയര്‍ന്ന സ്ഥലവും മറ്റും ചുറ്റുപാടുകളും സാമ്പത്തികമായി കുറച്ചെങ്കിലും ഉയർന്നവര്‍ക്കേ പറ്റൂ. ഇതില്‍ത്തന്നെ ലോകത്തില്‍ എവിടെയും പ്രകൃതിദുരന്തങ്ങളില്‍ സ്ത്രീജനങ്ങളാണ് ഏറ്റവും കൂടുതല്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നത് എന്നും കണക്കുകള്‍ പറയുന്നു.

ബീഹാറിന്‍റെ ദുരന്തത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ജാതിയും ദാരിദ്ര്യവും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. അത്തരത്തിലുള്ളവയായിരുന്നു ഞാന്‍ ചെന്ന ഗ്രാമങ്ങള്‍. പശ്ചിമചമ്പാരന്‍ ജില്ലയിലെ  ബദായ് ടോള. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആദ്യമായി നടന്ന ചമ്പാരന്‍ സത്യാഗ്രഹം നടന്ന ബേതിയയില്‍ നിന്ന് ഇരുപത്തഞ്ചു കിലോമീറ്റര്‍ ഉള്ളില്‍. ഇപ്പോള്‍ വെള്ളപ്പൊക്കം കഴിഞ്ഞ് രണ്ടാഴ്ച ആയിരിക്കുന്നു. എന്നാല്‍ ഇതുവരെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഈ ഗ്രാമത്തില്‍ തിരിഞ്ഞുനോക്കിയിട്ടില്ല. മെഹരുന്നീസ്സ പറയുന്നു “ഇതുവരെ ഞങ്ങളുടെ പഞ്ചായത്ത്‌മുഖ്യ പോലും ഇങ്ങോട്ട് വന്നിട്ടില്ല. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വലിയ പ്രശ്നമാണ്. പ്രത്യേകിച്ചും ചെറിയ കുട്ടികൾക്കും ഗര്‍ഭിണികൾക്കും. പുറത്തുനിന്ന് ചില നല്ല മനുഷ്യര്‍ തന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ട് ഞങ്ങള്‍ ജീവിച്ചിരിക്കുന്നു. എന്നും ഇങ്ങിനെ തന്നെയായിരുന്നു. എതുകൊണ്ടാണ് ഞങ്ങളെ ഇങ്ങനെ കാണുന്നത്? ഞങ്ങള്‍ മനുഷ്യര്‍ അല്ലെ?” പശുക്കളും ആട്ടിന്‍കുട്ടികളും വെള്ളവും ഭക്ഷണവും കിട്ടാതെ ചാകാന്‍ കിടക്കുന്നു. ഇവയ്ക്കുള്ള ഭക്ഷണം ഇപ്പോള്‍ മുളകളുടെ ഇലകള്‍ മാത്രമാണ്. പ്രധാന കൃഷിയിനങ്ങളായ നെല്ല്, ചോളം, പച്ചക്കറികള്‍, വാഴ എന്നിവ പൂര്‍ണ്ണമയും നശിച്ചിരിക്കുന്നു. ഇനി മുന്നോട്ട് എന്ത് എന്ന ആധിയാണ് ഇവരുടെ മുഖത്ത്. പച്ചക്കറികളുടെ വില ഇപ്പോള്‍ തന്നെ ഉയര്‍ന്നിരിക്കുന്നു. കന്നുകാലികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നു. തങ്ങള്‍ മരിച്ചാലും മൃഗങ്ങള്‍ നഷ്ടപ്പെടരുതെ എന്നേ ഇവര്‍ ആഗ്രഹിക്കുന്നുള്ളൂ.

ഇവിടത്തെ പഞ്ചായത്ത്‌മുഖ്യ ഒരു താക്കൂര്‍ ആണ്. ഇവിടെ മിക്ക സ്ഥലങ്ങളിലും സര്‍ക്കാർ പദ്ധതികള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ മുഖ്യയും തീരുമാനിച്ചിട്ടാണ്. മുഖ്യയും ഉദ്യോഗസ്ഥരും ഒരു ലിസ്റ്റ് ഉണ്ടാക്കുന്നു. കാശ് തങ്ങളുടെ സ്വന്തക്കാര്‍ക്ക് ഒരു വിഹിതം മാത്രം കൊടുത്ത് ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ മുഖ്യയും പങ്കുവെക്കുന്ന ദുരാചാരം. ഇതിവിടെ എല്ലാ പരിപാടികളിലും പതിവാണ്. ഇന്ദിരാ  ആവാസ് യോജന, സ്വച്ഛ് ഭാരത് കക്കൂസ് പദ്ധതികള്‍ തുടങ്ങിമിക്കതിലും. ഫലത്തില്‍ പാവപ്പെട്ടവരായ ആവശ്യക്കാർക്ക്  ആനുകൂല്യങ്ങള്‍ കിട്ടാതെ വരികയും അഴിമതിയിലൂടെ എല്ലാം സവര്‍ണ്ണർ  കട്ടുകൊണ്ടുപോവുകയും  ചെയ്യുന്നു. ഈ അവസ്ഥ തന്നെയാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ ശ്രമങ്ങളിലും കാണുന്നത്.

ഇതാണ് നിതീഷ് കുമാർ വളരെ ഗംഭീരമായി ദുരന്തങ്ങളെ നേരിടുന്നു എന്നു പറയുന്നതിന്റെ നേര്‍ചിത്രങ്ങള്‍. ഇത് ഈയൊരു ജില്ലയില്‍ മാത്രമല്ല. സഞ്ചരിച്ച ദര്‍ഭംഗയിലും സുപ്പോളിലും ഇത്തന്നെ സ്ഥിതി. പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിന്‍റെ അഭ്യര്‍ത്ഥനപ്രകാരം NDRF-നെ അയച്ചെങ്കിലും അവര്‍ നഗരകേന്ദ്രീകൃതവും സൌകര്യപ്രദവുമായ സ്ഥലങ്ങളില്‍ മാത്രമേ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പോയിട്ടുള്ളൂ. ദര്‍ഭംഗയില്‍ നിന്നുമുള്ള  ഷീലാദേവി ഇത് സാക്ഷ്യപ്പെടുത്തുന്നു – “ഞങ്ങള്‍ ഇവിടെ ഈ കഷ്ടപ്പാടില്‍ രണ്ടാഴ്ചയായി. ഇതുവരെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പോലും ഇങ്ങോട്ട് വന്നിട്ടില്ല. സര്‍വ്വേ നടക്കുന്നുന്നെന്നു പറഞ്ഞുകേള്‍ക്കുന്നു. ആരുടെ സര്‍വേ, എന്തിനു സര്‍വേ…? ഞങ്ങള്‍ക്കറിയില്ല. ഇവിടെ നൂറോളം കുടിലുകള്‍ വെള്ളത്തിനടിയിലായി. നോക്കൂ ഞങ്ങളുടെ കൃഷി എല്ലാം നശിച്ചുപോയി. ഞങ്ങള്‍ക്ക് കൃഷി മാത്രമേ അറിയൂ. ഇനി ഞങ്ങള്‍ എന്തുചെയ്യും?”

ഭരണകൂടത്തിന്‍റെ സമീപനം
എലികളാണ് തടയണകള്‍ നശിപ്പിക്കുന്നതെന്ന്  പറയുന്ന ഭരണകൂടമാണിവിടെയുള്ളത്. മേല്‍ജാതികള്‍, സവര്‍ണര്‍, ഉദ്യോഗസ്ഥമേലാളര്‍, ഭരണകൂടം – ഇവരുടെ കയ്യിലൂടെയാണ് അധികാരചക്രം ഉരുളുന്നത്. മിക്ക ഗ്രാമങ്ങളിലും ദരിദ്രരും ദളിതരും താമസിക്കുന്നത്  താണപ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിലും ആയിരിക്കും. ഇവരില്‍ പലര്‍ക്കും ഭൂമിയില്ലാത്തവരോ അല്ലെങ്കില്‍ തുച്ഛമായ ഭൂമി കൈവശമുള്ളവരോ ആണ്. ഭൂവുടമകളായ ധനികരുടെയടുത്തുനിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന ഇവര്‍ ആകെ വിളവിന്‍റെ അന്‍പതു ശതമാനം ഭൂവുടമയ്ക്ക് കൊടുക്കണം. ഭൂവുടമകളുടെ പേരിലാണ് സ്ഥലം എന്നതിനാൽ വെള്ളപ്പൊക്കത്താലോ മറ്റുകാരണങ്ങളാലോ കൃഷി നശിച്ചാൽ സര്‍കാരില്‍ നിന്ന് കിട്ടുന്ന സഹായം  ഉടമയ്ക്ക് മാത്രം കിട്ടുന്നു. മണ്ണില്‍ കൃഷിചെയ്ത പാവപ്പെട്ടവര്‍ക്ക് നഷ്ടം മാത്രം. എന്നാല്‍ ഈ കിട്ടുന്ന ആശ്വാസ സഹായം ഒരിക്കലും ഭൂവുടമ ഒരു ചെറിയ വിഹിതം പോലും മണ്ണു പാട്ടത്തിനെടുത്ത കൃഷിക്കാരന് കൊടുക്കുന്നില്ല. അതായത് കൃഷിയില്‍ പ്രകൃതിദുരന്തങ്ങള്‍ കൊണ്ട് നഷ്ടം വന്നാലും ഭൂവുടമയ്ക്ക് നേട്ടം തന്നെ. കൃഷിക്കാരന്‍ വെറും പൂജ്യം. ഭൂവുടമകള്‍ മിക്കവാറും നഗരങ്ങളില്‍ പട്നയിലും  ഡല്‍ഹിയിലുമൊക്കെ സുഖമായി വസിക്കുന്നു. തങ്ങളുടെ ഗാങ്ങിലൂടെ, പഞ്ചായത്ത്‌ സവര്‍ണ കൂട്ടായ്മകളിലൂടെ മിക്ക പദ്ധതികളുടെയും ആനുകൂല്യം കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ലോകത്തിലെ ആദ്യമായി ജനാധിപത്യം പുലര്‍ന്ന രാജ്യങ്ങളിലൊന്നായ വൈശാലിയും ബീഹാറില്‍ത്തന്നെ ആയിരുന്നു എന്നത് എന്തൊരു വിരോധാഭാസം!

ഒരു ഖട്ട (ഏകദേശം 1200 sq meter) ഭൂമിക്ക് ഇന്‍ഷുറന്‍സ് കിട്ടണമെങ്കില്‍ ചുരുങ്ങിയത് അഞ്ഞൂറ് രൂപ ചിലവാക്കണം. അതിനു പിന്നാലെ ഓടി ഫോം പൂരിപ്പിച്ചു അധാര്‍ കോപി കൊടുത്തു കിട്ടിയാല്‍ കിട്ടുന്നതോ നാനൂറു രൂപ!! നാനൂറു രൂപ കിട്ടാന്‍ അഞ്ഞൂറ് രൂപ ചിലവകുമെന്നത്കൊണ്ട് പല പാവപ്പെട്ട കൃഷിക്കാരും അതിനുപോകാറുമില്ല.

ഇനിയെന്നാണ് ഇവരുടെയൊക്കെ കണ്ണ് തുറക്കുക?
ലേഖകൻ  എടുത്ത ചിത്രങ്ങൾ:

 

Comments

comments