അനശ്വരകവിതകൾ  – അനശ്വരരുടെ കവിതകൾ- 7

രണ്ടാം ലോകമഹായുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു വീരമൃത്യു വരിച്ച 33 റഷ്യൻ കവികളുടെ യുദ്ധകാല കവിതകൾ ആണ് ‘ഇമ്മോർട്ടാലിറ്റി’ എന്ന കവിതാസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

കോണ്‍സ്റ്റാന്‍റിന്‍ മിഖായേലോവിച് ജെരാസിമെങ്കോ 

21441646_1824687447559683_1747716359_oകോണ്‍സ്റ്റാന്‍റിന്‍ മിഖായേലോവിച് ജെരാസിമെങ്കോ പോള്‍ട്ടോവായിലെ പ്രിഖോഡ്കി ഗ്രാമത്തില്‍ 1907 ല്‍ ജനിച്ചു. അച്ഛന്‍ ആ ഗ്രാമത്തിലെ അദ്ധ്യാപകന്‍ ആയിരുന്നു. കോണ്‍സ്റ്റാന്‍റിന്‍ അധ്യാപകപരിശീലനത്തിനുശേഷം ഡോണ്‍ബാസ് സ്കൂളില്‍ അദ്ധ്യാപകനായി. 1930കളില്‍ ഡോണ്‍ബാസ് പത്രങ്ങളിലും കവിതാസമാഹാരങ്ങളിലും അദ്ദേഹത്തിന്‍റെ ആദ്യകാല കവിതകള്‍ പ്രസിദ്ധീകരിച്ചു. ആദ്യ കവിതാസമാഹാരം ഖാര്‍കോവ് പ്രസിദ്ധീകരിച്ചു.

ജെരാസിമെങ്കോ അദ്ധ്യാപനം ഉപേക്ഷിച്ച് ഒരു ഫിലിം സ്റ്റുഡിയോയില്‍ ജോലിയ്ക്ക് ചേര്‍ന്നു. പിന്നീടുള്ള കാലം മുഴുവനും ശ്രദ്ധ സാഹിത്യത്തിലായിരുന്നു. ‘സെപ്റ്റംബര്‍’, ‘മെമ്മറി’, ‘ദി റോഡ്‌’, ‘പോര്‍ട്രൈറ്റ്‌’ എന്നീ പുസ്തകങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പ്രസിദ്ധീകരിച്ചു.

ഉക്രൈനിലെ പ്രശസ്ത കവിയും, ഉക്രൈന്‍ ദേശീയ ശാസ്ത്ര അക്കാദമിയിലെ വിദ്യാഭ്യാസപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും ആയിരുന്ന മാക്സിം റില്‍സ്കി അദ്ദേഹത്തെകുറിച്ച് പറഞ്ഞത് ലാളിത്യം നിറഞ്ഞു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്‍റെ ശൈലി എന്നാണ്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം ഒരു യഥാര്‍ത്ഥ കവി ആയിരുന്നു. എല്ലാവിധ ജാഡൄതകളെയും, കാപട്യങ്ങളെയും കൃത്രിമത്തങ്ങളെയും കോണ്‍സ്റ്റാന്‍റിന്‍ എതിര്‍ത്തു. ചെറിയ തെറ്റുകള്‍ പോലും വളരെ വേഗം അദ്ദേഹം കണ്ടെത്തി, അത് മനുഷ്യബന്ധങ്ങളുടേതായാലും സാഹിത്യകൃതികളുടേതായാലും.

ഉക്രേനിയന്‍ ദേശീയകവിയും, ഇതിഹാസകാവ്യകാരനും, എഴുത്തുകാരനും, രാഷ്ട്രീയപൊതുപ്രവര്‍ത്തകനും,നാടന്‍പാട്ടുകാരനും നരവംശശാസ്ത്രജ്ഞനും എല്ലാം ആയിരുന്ന ടാരസ് ഷെവ്ചെങ്കോവുമായുള്ള വളരെ അടുത്ത ബന്ധം ചില പുതിയ കൃതികള്‍ എഴുതാന്‍ ഇടയാക്കി. അതില്‍ പ്രധാനപ്പെട്ട ഒരു കൃതിയാണ് ഷെവ്ചെങ്കോവിന്‍റെ കാറ്റരീന –– kateryna – എന്ന കൃതിയെ അടിസ്ഥാനമാക്കി രചിച്ച
‘മഹത്തായ ദേശീയപാതയില്‍’ – on the great highway – എന്ന നാടകം. കൂടാതെ
എം വെര്‍ണികോവ്സ്കിയുടെ സംഗീതനൃത്തനാടകമായ –– opera – “ നൈമിച്കാ” യ്ക്കുവേണ്ടി ജെരാസിമെങ്കോ, സംഗീതസംഭാഷണങ്ങള്‍ എഴുതി.

പ്രശസ്തമായ സ്വദേശാഭിമാനയുദ്ധം തുടങ്ങിയപ്പോള്‍ അദ്ദേഹം പട്ടാളത്തില്‍ ചേര്‍ന്ന് motherland banner, soviet star എന്നീ വാര്‍ത്താപത്രങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. കവിതകളും, പത്രലേഖനങ്ങളും, ലഘുപ്രബന്ധങ്ങളും, പ്രചരണപത്രികകളും എല്ലാം റഷ്യന്‍ ഭാഷയിലും ഉക്രേനിയന്‍ ഭാഷയിലും അദ്ദേഹം ഒരേ പോലെ എഴുതിയിരുന്നു. 1942ല്‍ റഷ്യയുടെ തെക്കന്‍ അതിര്‍ത്തികളില്‍ നടന്ന പോരാട്ടത്തില്‍ അദ്ദേഹത്തിന് മാരകമായ മുറിവേല്‍ക്കുകയും യുദ്ധമുന്നണിയില്‍ത്തന്നെ മരിച്ചു വീഴുകയും ചെയ്തു


എനിയ്ക്കിപ്പോള്‍ പോരാടാനുള്ള സമയമാണ്! –

മൂലരചന : കോണ്‍സ്റ്റാന്‍റിന്‍ മിഖായേലോവിച് ജെരാസിമെങ്കോ
ഇംഗ്ലീഷ് പരിഭാഷ – ഗ്ലാഡിസ് ഐവാന്‍സ്
മലയാള പരിഭാഷ – അച്യുതന്‍ വടക്കേടത്ത് രവി
………………………………………………………….

നടവഴികളിലും നിരത്തിലും മഞ്ഞുരുകാന്‍ തുടങ്ങി.
ഇല കൊഴിഞ്ഞ ചില്ലകളില്‍ കൂടുകള്‍ ഊഞ്ഞാലാടുന്നു
അഴുക്കുവെള്ളം മലയിടുക്കുകളെ ചുറ്റിയൊഴുകുന്നു
നിന്‍റെ ഗീതങ്ങള്‍ മധുരമായാലപിയ്ക്കുക….
പുല്‍നാമ്പുകള്‍ കുട്ടികളെപ്പോലെ
ബുദ്ധിമുട്ടി എഴുനേല്‍ക്കാന്‍ ശ്രമിയ്ക്കുന്നു.
ഒരു വസന്തം മുഴുവന്‍ നിറച്ച പെണ്‍പുവരശുകള്‍
തടിച്ചു കൊഴുത്തിരിയ്ക്കുന്നു.

ഉയലെന്‍സ്പീഗേല്‍*,
നീ ഏപ്രിലിന്‍റെ സ്വച്ഛതയിലേയ്ക്ക്
ഒരു കൊടുങ്കാറ്റായി ആഞ്ഞടിയ്ക്കുക.
നീലജനല്‍ച്ചില്ലിലൂടെ ഒളിഞ്ഞുനോക്കി
ജനങ്ങളുടെ ആഹ്ലാദത്തിന് സാക്ഷിയാവുക.
അനന്തമായ പുല്‍പരപ്പിനെ പുതപ്പിച്ച
വസന്തത്തിന്‍റെ കനത്ത തൂവെള്ളമഞ്ഞിലേയ്ക്ക്
അഭിമാനത്തോടെ തുളഞ്ഞു കയറുന്ന രശ്മികളാവുക.

ഐതിഹ്യങ്ങളിലേയും ഇതിഹാസങ്ങളിലേയും
വീരപുരുഷന്മാരെ, ഉണര്‍ത്തുപാട്ടുകള്‍ കേള്‍ക്കുക:
വസന്തത്തിന്‍റെ മഞ്ഞുതുള്ളികള്‍ ജനല്‍ച്ചില്ലുകളില്‍
ശക്തിയായി അടിയ്ക്കുന്നു.

തെളിഞ്ഞ നീലാകാശത്തുനിന്നും
സൈബീരിയന്‍കൊക്കുകളുടെ പാട്ടുകള്‍
ഒരു മര്‍മരംപോലെ കേള്‍ക്കുന്നു.
പ്രകൃതിസൌന്ദര്യവും ആഹ്ലാദവും
എന്‍റെ നാളെകളെ കര്‍മ്മനിരതമാക്കും
ആ വശ്യതയില്‍ ഞാന്‍ ശക്തമായ പോരാടും.

പോപ്ലാര്‍ മരങ്ങള്‍ തഴച്ചു വളരുന്ന
കാട്ടിലെ പച്ചപ്പുകളില്‍ വഴി വെട്ടി
ഞങ്ങള്‍ കുറ്റിക്കാടുകളിലൂടെയും
പുല്‍മൈതാനങ്ങളിലൂടെയും മുന്നേറുന്നു.

എന്‍റെ സുഹൃത്തുക്കളെ,
നിങ്ങള്‍ സമാധാനത്തിന്‍റെ, ഉത്കൃഷ്ടതയുടെ കാവല്‍ക്കാര്‍
വീടുപണിക്കാര്‍, കൃഷിക്കാര്‍, ശില്‍പ്പികള്‍ –
ഓരോരുത്തര്‍ക്കും ഓരോരുത്തരേക്കുറിച്ച് പാടാം.

ഭൂമി വരണ്ട് തീച്ചട്ടിയായി മാറിയിരിയ്ക്കുന്നു
പുല്ലുകള്‍ അവസാന ശ്വാസം വലിയ്ക്കുന്നു.
രാപ്പാടികളുടെ പാട്ടുകള്‍ ശ്രദ്ധിച്ചു കേള്‍ക്കു
അവയുടെ തൊണ്ട വരണ്ടിരിയ്ക്കുന്നു.

നമ്മുടെ പൂര്‍വ്വീകരുടെ സങ്കടങ്ങള്‍,
മാനസികസംഘര്‍ഷങ്ങള്‍,
പട്ടിണി, കിട്ടാതിരുന്ന സ്നേഹം, ഇല്ലായ്മകള്‍!
എല്ലാറ്റിനും പ്രതികാരം ചെയ്യണം!
യുവാക്കളെ, ഞാന്‍ കൊടുംകാട്ടില്‍ പോരാടുകയാണ്
ജാഗ്രതയോടെ കാവല്‍ നില്‍ക്കുകയാണ്.
നമ്മുടെ രാജ്യം അത്ഭുതങ്ങള്‍ സൃഷ്ടിയ്ക്കണം!
തോക്കുകളും പീരങ്കികളും നിറച്ച്
ബൈക്കല്‍* തടാകത്തിലടിയ്ക്കുന്ന കൊടുങ്കാറ്റില്‍,
ആടിയുലഞ്ഞു വരുന്ന വലിയ വഞ്ചികളിലെ
ചെറുപ്പക്കാര്‍ കൊടിക്കൂറ ഉയര്‍ത്തി കാണിയ്ക്കുന്നുണ്ട്.
പതച്ചു പൊങ്ങുന്ന കടലിന്‍റെ മീതെ
ചിറകുകള്‍ വിടര്‍ത്തി
ആകാശത്തേയ്ക്ക് പറന്നുയരുന്ന പരുന്തിനെപ്പോലെ.
സോവിയറ്റിന്‍റെ പ്രശസ്തി
വസന്തത്തിന്‍റെ വേലിയേറ്റങ്ങളില്‍ കുതിച്ചുയരും.

കടല്‍ തേങ്ങുകയാണല്ലോ,
ചിലപ്പോള്‍ അട്ടഹസിയ്ക്കുന്നുമുണ്ട്.
പുല്ലുകള്‍ ഉച്ചച്ചൂടില്‍ തളര്‍ന്നുറങ്ങുന്നു
വന്‍മരങ്ങള്‍ നിശ്ശബ്ദം ഉണര്‍ന്നിരിയ്ക്കുന്നു,
കാവല്‍ക്കാരെപ്പോലെ.
പാമ്പിനെപ്പോലെ ഇഴഞ്ഞു നീങ്ങി ചാരന്മാര്‍
കുറ്റിക്കാട്ടിലൂടെ അതിര്‍ത്തി കടന്നു വരുന്നു.
ഒരു മഞ്ഞക്കിളി ഉറക്കെ ചിലച്ചു ബഹളമുണ്ടാക്കി.
ശത്രുസൈന്യങ്ങള്‍ നുഴഞ്ഞു കയറുന്നതിന്‍റെ സൂചന.
മഞ്ഞു മൂടിയ നിരത്തുകളിലൂടെ
കൂരിരുട്ടില്‍ അവര്‍ മുന്നോട്ടു നീങ്ങുന്നു.
പോരാട്ടം പെട്ടെന്ന് ശക്തമാകും.
പടയോട്ടത്തില്‍ ജയിച്ചു മുന്നേറുമ്പോള്‍
ശത്രുക്കള്‍ പേടിച്ചു അപമാനിതരായി തിരിഞ്ഞോടും

വാടിക്കരിഞ്ഞ പുല്‍മേടുകളില്‍
പുതു നാമ്പുകള്‍ കിളിര്‍ക്കും
ചാരം മൂടിയ മണ്ണ്
സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിയ്ക്കും.
ഞങ്ങള്‍ യാതൊരു സങ്കടങ്ങളുമില്ലാത്ത
മനസ്സു നിറയെ സംഗീതമുള്ള ചെറുപ്പക്കാര്‍
ഞങ്ങളില്‍നിന്നും
പുതിയ ഇതിഹാസങ്ങളും കഥകളും ജനിയ്ക്കും.
കുതിരപ്പട്ടാളവും പീരങ്കികളും കടന്നുപോയ വഴികളില്‍
ദര്‍ഭയും കര്‍പ്പൂരതുളസിയും വളരും
പൂക്കള്‍ വിടരും

ധീരയോദ്ധാക്കളെ വരൂ
സാഹസികതയുടേയും പ്രണയലീലകളുടേയും
നഭോമണ്ഡലമായ സൂര്യാ
നീ എപ്പോഴും വെട്ടിത്തിളങ്ങുക
നമ്മുടെ വിജയഗാഥകള്‍ കേള്‍ക്കുന്നില്ലേ?
ഞാനിപ്പോള്‍ പോരാടുകയാണ്,
നമ്മള്‍ അനശ്വരരാകുന്നത്
നാടിനുവേണ്ടി പോരാടുമ്പോഴാണ്


**ഉയെലെന്‍സ്പീഗേല്‍

സമൂഹത്തിലെ പ്രമാണിമാരെന്ന് നടിയ്ക്കുന്ന വരേണ്യവര്‍ഗ്ഗബുദ്ധിജീവികളെ നിശിതമായി വിമര്‍ശിയ്ക്കുന്ന ഒരു പത്രം ആണ് ഉയെലെന്‍സ്പീഗേല്‍ എന്ന ബെല്‍ജിയം വാരിക. അരാജകത്വവാദികളോ വിപ്ലവകാരികളോ ആകാന്‍ നിര്‍ബ്ബന്ധിതരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍, പൌരോഹിത്യമേധാവിത്വം യാഥാസ്ഥിതികത എനിവയ്ക്കെതിരെ ആഞ്ഞടിയ്ക്കാന്‍ രൂപം കൊടുത്ത ഒരു പത്രം. പത്രം എന്നത് അവരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗവും ആയിരുന്നു. അതിശക്തമായ ഭ്രമകല്‍പ്പനകളുടെ മറവില്‍ നിന്ന് ഇതിലെ പ്രവര്‍ത്തകര്‍ കലയിലും സാഹിത്യത്തിലും ഉള്ള അവരുടെ പ്രവര്‍ത്തനങ്ങളെ ഒന്നിച്ചിണക്കിച്ചേര്‍ത്തു. ( പഴയ സഞ്ജയന്‍ – അത് നിരോധിച്ചപ്പോള്‍ തുടങ്ങിയ വിശ്വരൂപം – തുടങ്ങിയ മാസികകള്‍ ഓര്‍മ്മിയ്ക്കട്ടെ ) കലാസാഹിത്യരംഗത്തിന്‍റെ നിലനില്‍പ്പുതന്നെ ഉയെലെന്‍സ്പീഗല്‍ വഴിയെ ആകാവൂ എന്ന് അവര്‍ വാശി പിടിച്ചിരുന്നു. മാത്രമല്ല ബെല്‍ജിയന്‍ കലാസാഹിത്യസൃഷ്ടികളേക്കാള്‍ ഉയെലെന്‍സ്പീഗലിലൂടെയുള്ള സൃഷ്ടികളെ പ്രോത്സാഹിപ്പിയ്ക്കാന്‍ ആണ് ഇതിലെ അംഗങ്ങള്‍ ശ്രമിച്ചത്. ഈ കവിതയില്‍ ഉയെലെന്‍സ്പീഗല്‍ മനുഷ്യത്വാരോപണം എന്ന അലങ്കാരം ഉപയോഗിച്ച് ബിംബവല്‍ക്കരിക്കപ്പെട്ടിരിയ്ക്കയാണ് എഴുത്തുകാരും കലാകാരന്മാരും എല്ലാം .

*ബൈക്കല്‍ തടാകത്തിലെ ശക്തമായ കാറ്റുപോലും തോണികളെ ആട്ടിയുലയ്ക്കും.


 

Comments

comments