മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമലാസുരയ്യയുടെ ജീവിതം എന്ന യാഥാർത്ഥ്യം; അവരുടെ എഴുത്തുകളും നിലപാടുകളും എന്ന ഭാവന/സങ്കല്പനം/ആവിഷ്‌ക്കാരം; ഇതു രണ്ടിനെയും സംബന്ധിച്ച് സാമാന്യജനങ്ങൾക്കും അനുവാചകർക്കും മറ്റുമുള്ള ഭാവനകളും സങ്കല്പനങ്ങളും സമീപനങ്ങളും; ഈ മൂന്നു ഘടകങ്ങളുടെയും പശ്ചാത്തലത്തിൽ കമൽ, ആമി എന്ന സിനിമ ഭാവന ചെയ്തതും സംവിധാനം ചെയ്ത് പൂർത്തിയാക്കിയതും; ആ സിനിമയോട് ബുദ്ധിജീവികളും സാംസ്‌ക്കാരിക പ്രവർത്തകരും സിനിമാസ്വാദകരും മറ്റനേകരും പുലർത്തുന്ന സമീപനങ്ങൾ എന്നിങ്ങനെ പരസ്പരബന്ധിതമായ, അതേ സമയം പലമട്ടിൽ സഞ്ചരിക്കുന്ന ഒരു അവസ്ഥാവിശേഷത്തെ സംബന്ധിച്ചാണ് ഈ ലേഖനത്തിൽ അന്വേഷിക്കുന്നത്.

“ഒരിക്കൽ സൽക്കാരങ്ങൾ നടത്തിയിരുന്ന ഒരു വലിയ കെട്ടിടം പോലെയാണെന്റെ ശരീരം. നർത്തകർ നൃത്തം ചെയ്തു. സംഗീതജ്ഞർ സംഗീതം ആലപിച്ചു. ഓരോ അതിഥിയും മാന്യനായിരുന്നു. ഓരോ അതിഥിയും സുഖഭോഗാന്വേഷകനായിരുന്നു.” (എന്റെ കഥ – മാധവിക്കുട്ടി)

കമൽ എന്ന മുഖ്യധാരാ ചലച്ചിത്ര സംവിധായകൻ, താൻ പ്രാക്ടീസ് ചെയ്തു പോന്ന, ഉല്ലാസ പ്രദാനവും ലളിത വിനോദ ഘടകങ്ങളാൽ നിബിഡവും സാമാന്യബോധത്തോട് പൊരുത്തപ്പെടുന്നതുമായ ചലച്ചിത്ര പരിചരണ രീതിയിൽ വിഭാവനം ചെയ്യുകയും പൂർത്തീകരിക്കുകയും ചെയ്ത ഒരു സിനിമയാണ് ആമി. ആ അർത്ഥത്തിൽ അത് സത്യസന്ധവും സുതാര്യവും നേർക്കു നേർ, സംവിധായകന് പ്രേക്ഷകരെയും പ്രേക്ഷകർക്ക് സിനിമയെയും അഭിമുഖീകരിക്കാവുന്നതും ആയ ദൃശ്യ-ശബ്ദ-ആഖ്യാന പാഠവുമാണ്. അങ്ങിനെയായിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ഒരു പരിമിതിയാണെന്ന് ഈ ഘട്ടത്തിൽ കരുതേണ്ടതുമില്ല. മറ്റേതൊരു ചലനാത്മക ഭാഷാ സിനിമയുമെന്നതു പോലെ, മലയാള സിനിമക്കും വിപുലമായ ഒരു മുഖ്യധാരാ ചരിത്രമുണ്ട്. കമൽ എന്ന ചലച്ചിത്രകാരനും ദശകങ്ങൾ നീണ്ടു നിന്ന; പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കമ്പോള വിജയത്തിന്റെയും ആവിഷ്‌ക്കാരത്തിന്റെയും അവതരണ/പ്രദർശന ചരിത്രവുമുണ്ട്. ഇതു രണ്ടും നിഗൂഢമായ ഇരുട്ടറകളല്ല. ആ പ്രത്യക്ഷങ്ങളുടെ ശക്തി ദൗർബല്യങ്ങളിൽ പശ്ചാത്തലവത്ക്കരിക്കപ്പെടുമ്പോൾ, ആമിയുടെ സത്യസന്ധതയും പ്രസക്തിയും കൂടുതൽ സാധൂകരിക്കപ്പെടും. ഒരാളുടെയും കമലയെ സംവിധായകൻ പിടിച്ചു പറിക്കുന്നില്ല. അനുവാചകർക്ക് ഇനിയും അവരുടെ ഇഷ്ടപ്രകാരം വായിക്കുകയും വായനക്കിടയിലും വരികൾക്കിടയിലും അർത്ഥം കണ്ടെത്തുകയും കണ്ടെത്താതിരിക്കുകയും ആനന്ദിക്കുകയും കരയുകയും വികാരം കൊള്ളുകയും എവിടെയും ഉപേക്ഷിക്കുകയും ചെയ്യാവുന്ന മാധവിക്കുട്ടിയുടെ അസാമാന്യവും അസാധാരണവുമായ സർഗ ചേതനയും ധിഷണയും സന്ദിഗ്ദ്ധതകളും സാമാന്യേന പരിചയപ്പെടുത്താൻ മാത്രമാണ് കമൽ ശ്രമിച്ചിരിക്കുന്നത്. അതിലദ്ദേഹം വിജയിക്കുകയും ചെയ്തിരിക്കുന്നു.

പുന്നയൂർക്കുളത്തും കൽക്കട്ടയിലും ബോംബെയിലും തിരുവനന്തപുരത്തും കൊച്ചിയിലും പൂനെയിലും മറ്റും ജീവിക്കുമ്പോൾ, ആ പ്രദേശങ്ങൾക്കുള്ളിൽ താൻ മാത്രം നിരന്തരം കണ്ടു മുട്ടിയ, ചിലപ്പോൾ ആകസ്മികവും ചിലപ്പോൾ ശാശ്വതവുമായ ആത്മീയ/ഭൗതിക/ചരിത്ര/രാഷ്ട്രീയ/മതാത്മക സങ്കല്പ-യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കുകയും അവയെ എടുപ്പുഭാണ്ഡങ്ങളില്ലാതെ നേരിടുകയും കൂടെ ചേർക്കുകയും ആവിഷ്‌ക്കരിക്കുകയുമാണ് മാധവിക്കുട്ടി ചെയ്തു പോന്നിരുന്നത്. ഭാഷകൾ; അതിലെ വാക്കുകളും വാചകങ്ങളും വ്യാകരണത്തടവുകളും സന്ദേശങ്ങളും ഉള്ളർത്ഥങ്ങളും എല്ലാം തന്റേതായ മൗലികവും മനോഹരവുമായ സമീപനമികവോടെ അവളിൽ സജീവമായി. ബഷീറിലും വികെഎന്നിലും അതു പോലെ എത്രയോ എഴുത്തുകാരിലും കയറി ഇറങ്ങിയ ഭാഷകൾ പോലെ തീർച്ചയായും അത് വിസ്മയങ്ങളുടെ ഭൂപടങ്ങൾ ആയി പരിണമിക്കുകയും ചരിത്രത്തെ മാറ്റിയെഴുതുകയും ചെയ്തു.

“മരിച്ചവർ യാഥാർത്ഥ്യമല്ലാതായിക്കഴിഞ്ഞുവെങ്കിൽ എന്റെ ജീവിതവും യാഥാർത്ഥ്യമല്ലാതായിരിക്കുന്നു” –  മാധവിക്കുട്ടി

നാലപ്പാട്ടു തറവാട്ടിലെയും പറമ്പിലെയും പാമ്പിൻ കാവിലെയും കുട്ടിക്കാലവും അവധിക്കാലങ്ങളും; നഗരത്തിലെ അന്യഥാത്വങ്ങളും അകൽച്ചകളും, ചെറുപ്പത്തിൽ തന്നെ സ്വീകരിച്ച ദാമ്പത്യത്തിനകത്തെ ദുരിതസന്തോഷങ്ങളും; മനസ്സിനും ശരീരത്തിനും വേലികളില്ലാതെ സഞ്ചരിക്കാനും കൂടണയാനും പിരിഞ്ഞു പോരാനുമായി സങ്കൽപിക്കപ്പെട്ടതും നിർവഹിക്കപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി പ്രണയങ്ങളും; മറ്റനവധി പേർക്കും സാധിക്കാത്ത രീതിയിൽ പിരിഞ്ഞു പോന്നും ചെന്നുകയറിയും പിരിയുമ്പോഴും പിരിയാതെയും ചേരുമ്പോഴും ചേരാതെയും സ്വീകാര-നിരാകരണങ്ങളിലൂടെ അഭിമുഖീകരിച്ച മതങ്ങളും; ഇതിലെല്ലാം ഉപരിയായി പരിചിതമായ ഏതാനും വാക്കുകൾ കൊണ്ടു മാത്രം അനുഭവങ്ങളുടെയും അനുഭൂതികളുടെയും വിസ്മയപ്രപഞ്ചങ്ങൾ തീർത്ത കഥാ-കവിതാ-ചിത്രരചനകളും എന്നിങ്ങനെ മാധവിക്കുട്ടി/കമലാദാസ്/കമലാ സുരയ്യ എന്തായിരുന്നു എന്ന് അവരെക്കുറിച്ച് മനസ്സിലാക്കിയവർക്ക് വീണ്ടുമൊരോർമ്മപ്പെടുത്തലായും അല്ലാത്തവർക്ക് ഒരു പരിചയപ്പെടുത്തലായും പ്രവർത്തിക്കുന്ന സിനിമ തന്നെയായി ആമി അതിന്റെ ധർമ്മങ്ങൾ ഫലപ്രദമായി നിർവഹിച്ചു.

കുഞ്ഞിക്കാല് വളര്, കുഞ്ഞിക്കൈ വളര് എന്ന് ചെറിയ കുട്ടികളെ ആശീർവദിക്കുന്നതു പോലെ, മാധവിക്കുട്ടി ബോംബെ  നഗരത്തെ ശുഭാശംസകളാൽ അഭിഷേകം ചെയ്യുന്നതു നോക്കുക: നിന്റെ കമ്പോളങ്ങളിൽ നിത്യനൂതനവിഭവങ്ങൾ വന്നു നിറയട്ടെ. നിന്റെ ദേവാലയങ്ങളുടെ ഓട്ടുമണികളെ സമ്പന്നഭക്തന്മാർ നിത്യേന പല തവണയും ശബ്ദിപ്പിക്കട്ടെ. നിന്റെ വേശ്യകൾ തടിച്ചു മിനുത്ത് ആരോഗ്യവതികളായി നിലനിൽക്കട്ടെ. നിന്റെ ഉദ്യാനങ്ങളിൽ കുട്ടികളുടെ അല്ലൽ തട്ടാത്ത പൊട്ടിച്ചിരി മുഴങ്ങട്ടെ. നിന്റെ മെറീൻഡ്രൈവിൽ കടൽവക്കത്ത് കടലിനെ തീരെ നോക്കാതെ അഹംഭാവത്തോടെ തലയുയർത്തി നടക്കുന്ന സുന്ദരികളുടെ സൗന്ദര്യം വർദ്ധിച്ചു വർദ്ധിച്ചു വരട്ടെ. (എന്റെ കഥ) – ഈ ആശീർവാദത്തിൽ ബോംബെയിലെ യാത്രാനുഭവവും താമസാനുഭവവും സാംസ്‌ക്കാരിക-കമ്പോളാനുഭവവും എന്നതു പോലെ സങ്കീർണമായിരിക്കെ തന്നെ സുതാര്യമായ തന്റെ നിലപാടുകളെയും അവർ സംലയിപ്പിച്ചിരിക്കുന്നു.

ഒരു ഭാഗത്ത്, കൊളോണിയൽ ആധുനിക മൂല്യങ്ങളുടെയും മറുഭാഗത്ത് നാടുവാഴിത്ത-ജാതി-ജന്മിത്ത മൂല്യങ്ങളുടെയും ഇടയിലായിരുന്നു കമല ജീവിച്ചത്. മനുഷ്യത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും നൈസർഗികവും സർഗാത്മകവുമായ ചാരുതകളും വേദനകളും ആത്മയാത്രകളും അവളെ ഇതിനിടയിൽ സ്വയം പ്രകോപിപ്പിച്ചും മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രോത്സാഹിപ്പിച്ചും പോന്നു. വെളുവെളുത്ത സായിപ്പുകുട്ടികൾക്കിടയിൽ കറുത്തതോ തവിട്ടു നിറത്തിലുള്ളതോ ആയ തൊലിനിറമുള്ളവളാണെന്ന യാഥാർത്ഥ്യം അവളെ അപകർഷതാ ബോധത്തിലേക്ക് പിന്തിരിപ്പിക്കുകയോ ജീവിത നിരാസത്തിലേക്ക് അടച്ചിടുകയോ ചെയ്യുകയല്ല ചെയ്തത്. ഭാഷയുടെയും മനോവിചാരങ്ങളുടെയും ചക്രവാളരഹിതമായ ആകാശങ്ങളിലേക്ക് സ്വയം വിമോചിപ്പിക്കുവാനാണ് അവൾ പ്രേരിപ്പിക്കപ്പെട്ടത്. രതിയും വിവാഹവും വിവാഹേതര സൗഹൃദങ്ങളും എല്ലാം ഇതു പോലെ; സദാചാര കാർക്കശ്യവും വിജിലാന്റിസവും മുഖമുദ്രയാക്കിയ സാമുദായികാധികാരവാഴ്ചയുടെ മർദനങ്ങളിൽ നിന്ന് മുക്തമാക്കി സ്വയം അനുഭവവത്ക്കരിക്കുകയായിരുന്നു അവൾ.

ഭാര്യാഭർതൃ ദാമ്പത്യം എന്ന വ്യവസ്ഥാപിതമായ സ്‌നേഹാധികാര വാഴ്ചയുടെ ഇരയും അനുകർത്താവുമായിരുന്നു മാധവിക്കുട്ടി. പതിനഞ്ചു വയസ്സു മാത്രമുണ്ടായിരിക്കെ, ഇരുപതു വയസ്സിനു മൂപ്പുള്ള പുരുഷനെ സ്വീകരിക്കേണ്ടി വന്ന കമലക്ക് സ്വപ്നങ്ങളിൽ നിന്ന് കടുത്ത യാഥാർത്ഥ്യങ്ങളിലേക്കാണ് സ്വയം എടുത്തെറിയപ്പെടേണ്ടി വന്നത്. കിടക്കയിൽ  ഭാര്യ, വേശ്യയെന്നതു പോലെ പ്രൊഫഷനലാവണമെന്ന സാമാന്യ പുരുഷന്റെ പ്രകടമായ ആഗ്രഹത്തെ സാക്ഷാത്ക്കരിക്കാനായി; മാധവദാസ് ബോംബെയിലെ ചുവന്ന തെരുവിൽ നിന്ന് മലയാളി കൂടിയായ ലൈംഗികത്തൊഴിലാളിയെ ട്യൂഷൻ ടീച്ചറായി നിയോഗിക്കുന്നതു പോലുള്ള അനുഭവവിചിത്രതകളിലൂടെ കടന്നു പോയ കമല പിന്നീടും ഒരു പക്ഷേ അപ്പോൾ തന്നെയും, അതേ ദാമ്പത്യത്തിൽ നിന്ന് ലഭ്യമാവുന്ന പ്രായേണ നിസ്സാരമെന്നു തോന്നിപ്പിക്കുന്നതെങ്കിലും അനിവാര്യമായ സാമീപ്യ-സാന്ത്വനങ്ങളിൽ ആകൃഷ്ടയും സന്തുഷ്ടയുമാവുകയും ചെയ്യുന്നുണ്ട്.

ദാമ്പത്യജീവിതത്തിനെ സംബന്ധിച്ച് മാധവിക്കുട്ടി പിൽക്കാലത്ത് ഇപ്രകാരമാണ് തുറന്നെഴുതുന്നത്: മൂത്തു നരച്ച് വർഷങ്ങളോളം നീണ്ടു നില്ക്കുന്ന ഒരു ദാമ്പത്യം പരിഷ്‌കൃതർക്ക് നിശ്ചയമായും ദുസ്സഹമാണ്. ഒരേ കട്ടിലിൽ അടുത്തടുത്തു ശയിച്ച് അന്യോന്യം വിയർപ്പുഗന്ധം കൈമാറുക, സൂര്യോദയത്തിൽ കക്കൂസിൽ വെള്ളമൊഴിക്കുവാൻ മറന്ന ഇണയുടെ അമേദ്ധ്യം ദർശിക്കുക, അനുഗ്രഹിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ടവയെന്നു തോന്നിക്കുന്ന മനോഹരാംഗുലികളാൽ സ്വയം ഭോഗം നടത്തുന്നത് നോക്കിക്കൊണ്ട് അതിന്റെ താളം ശ്രദ്ധിച്ചുകൊണ്ട് നിദ്രാഭിനയം നടത്തുക. വേണ്ട, എനിക്ക് വേണ്ട, മാന്യരാൽ പുകഴ്ത്തപ്പെട്ട ഗൃഹസ്ഥാശ്രമം എനിക്ക് വേണ്ട, വേണ്ട. മറ്റൊരാളുടെ വായിൽ നിന്ന് ഒഴുകുന്ന കൊഴുത്ത ദ്രാവകം എന്റെ വായിന് ആവശ്യമില്ല. ജോലി ചെയ്ത് തളർന്ന എന്റെ ശരീരത്തിന് കാമത്തിന്റെ  വികൃതഭാരം സഹിക്കാനാവില്ല. (ചന്ദനമരങ്ങൾ)

ഭൗതികതയും ആത്മീയതയും തമ്മിൽ ഉണ്ടെന്ന് വിവക്ഷിക്കപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുള്ള അതിർത്തി രേഖകളെ; സ്വന്തം സർഗാത്മക രചനകളിലൂടെയും അതിലേറെ സ്വന്തം ജീവിതവും ജീവനും ഉടലും കൊണ്ട് മായ്ച്ചുകളയുകയും ചെയ്ത അതുല്യ പ്രതിഭയുമാണ് മാധവിക്കുട്ടി. കേരളീയരുടെ അടിച്ചമർത്തപ്പെട്ട കാമത്വരകളെയും ഒളിഞ്ഞുനോട്ട സദാചാരിത്വങ്ങളെയും മറ്റും മറ്റും ഒറ്റയടിക്ക് തകർത്ത നീക്കമായിരുന്നു ‘എന്റെ കഥ’യുടെ മലയാള നാട്ടിലെ ഖണ്ഡശ പ്രസിദ്ധീകരണം. എന്നാൽ, അതിനോടുള്ള വായനക്കാരുടെയും പത്രാധിപരുടെയും പത്രമുടമയുടെയും മനോഭാവങ്ങൾ തികച്ചും സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ പ്രതലങ്ങളെയും അടിയറകളെയും വെളിപ്പെടുത്തി. ഒലിപ്പിക്കലുമായി ബോംബെയിലെ അപ്പാർടുമെന്റിലെത്തുന്ന വാരികയുടമയായ നായരെ പടിക്കു പുറത്താക്കുന്ന, മാധവിക്കുട്ടിയുടെ ധൈര്യവും സ്വാതന്ത്ര്യ പ്രകടനവും ഈ സിനിമയിൽ ഏറ്റവും ഉജ്വലമായി ചിത്രീകരിച്ചിരിക്കുന്നു. രഞ്ജി പണിക്കർ സാമൂഹ്യവിരുദ്ധനായ ഈ പത്രാധിപ/ഉടമ വേഷത്തെ നന്നായി അവതരിപ്പിച്ചു. ഇയാളിൽ നേരിട്ടും ഇയാളുടെ ചുറ്റുമുള്ള വായനക്കാരിലൂടെ പരോക്ഷമായും തുറന്നു കാട്ടപ്പെട്ട അതേ മനോഭാവത്തിന്റെ പുനർജന്മമാണ് എന്റെ ആമിയല്ല എന്റെ മാധവിക്കുട്ടിയല്ല ഈ സിനിമ എന്ന ആത്മനിഷ്ഠ രോദനങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അതേ സമയം, ഇപ്രകാരം കാമോത്സുകതയോടെ തന്റെ ശരീരത്തെയും എഴുത്തിനെയും ഒളിഞ്ഞും തുറിച്ചും നോക്കുന്ന ഉടമ നായരടക്കമുള്ള സകല പുരുഷന്മാരോടും ആത്യന്തികമായി ക്ഷമിക്കുന്ന ഒരു ഉദാരതയും, മാധവിക്കുട്ടിയിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാമോ എന്നറിയില്ല.

‘എന്റെ കഥ’ വായിച്ചവരും പഠിച്ചവരും വിമർശിച്ചവരും ഏതോ അറ തുറന്നു. അത് മാധവിക്കുട്ടിയുടെ ആത്മാവിന്റെ മണിയറയായിരുന്നില്ല. അവർ എന്റെ എന്ന വാക്കിനെ വ്യാകരണക്കണ്ണിലൂടെ കണ്ടു.- ഞാൻ എന്ന ഉത്തമപുരുഷസർവ്വനാമത്തിന്റെ സംബന്ധികാ രൂപം. ആ ഞാൻ പ്രഥമപുരുഷനെയും മധ്യമപുരുഷനെയും(സർവ്വ മനുഷ്യരെയും) ഉൾക്കൊള്ളുന്നു. ഏറ്റവും വലിയ ഞാൻ. ‘ഞാനെന്ന ഭാവം തോന്നാതെ’, ‘അഖിലം ഞാനെന്നു തോന്നുന്ന’ ഒരു അനുഭൂതി എഴുത്തച്ഛനെപ്പോലെയുള്ള ഒരു ആധ്യാത്മിക കവിക്കു മാത്രമല്ല, പ്രേമകാല്പനികത ജ്വലിച്ചു നില്ക്കുന്ന ഒരു സ്ത്രീ ഹൃദയത്തിലും സംഭവിക്കാം. മാധവിക്കുട്ടിയുടെ കൃതികൾ അതിന്റെ തെളിവാണ്. (സുകുമാർ അഴീക്കോട് – മാധവിക്കുട്ടിയുടെ കൃതികൾ സമ്പൂർണ്ണം അവതാരികയിൽ നിന്ന്). കേരള സർക്കാർ ഏർപ്പെടുത്തിയ എഴുത്തച്ഛൻ പുരസ്‌കാരം കമല സുരയ്യക്കു നല്കിയപ്പോഴാണ് ഏറ്റവും സാർത്ഥകമായത് എന്ന്, സുകുമാർ അഴീക്കോടിന്റെ ഈ നിരീക്ഷണം വായിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടും. വർഗീയഫാസിസ്റ്റുകളാൽ ഏറ്റവുമധികം ചെറുക്കപ്പെട്ട ഒരു തീരുമാനവുമായിരുന്നു അത്. പിന്നീട് അതേ പോലെ ചെറുക്കപ്പെട്ടതിനാൽ നടപ്പാക്കാൻ കഴിയാതെ പോയത് എം എഫ് ഹുസൈന് നല്കാനിരുന്ന രാജാരവിവർമ്മ പുരസ്‌കാരമായിരുന്നു. കേരളം എന്ന സാംസ്‌ക്കാരികാവസ്ഥയുടെ ശക്തിദൗർബല്യങ്ങൾ തന്നെയാണ് മാധവിക്കുട്ടി-കമലാസുരയ്യയുടെ ജീവിതം/കൃതി/പ്രതിനിധാനം എന്നതിലൂടെയും വെളിവാകുന്നത്. അതിന്റെ തുടർച്ച കമലിന്റെ ആമി എന്ന സിനിമയിലൂടെയും സംഭവിച്ചു എന്നതു തന്നെ ആ സിനിമയുടെ പ്രസക്തി ഉയർത്തിപ്പിടിക്കുന്നു.

“നിന്റെ ഉള്ളു ചികഞ്ഞ് നിന്റെ രഹസ്യങ്ങളെ അന്വേഷിച്ച് കണ്ടെത്തുന്നതുകൊണ്ടാണോ നിന്റെ കണ്ണിൽ ഞാനൊരു ദുഷ്ടജീവിയായത്? നീ ആരാണെന്ന് എനിക്കറിയാം. എനിക്കറിയാമെന്ന് നിനക്കറിയാം. എനിക്കറിയാമെന്ന് നിനക്കറിയാമെന്ന് എനിക്കറിയാം” – (മാധവിക്കുട്ടി/ചന്ദനമരങ്ങൾ)

കമൽ ഈ സിനിമയെക്കുറിച്ച് ആലോചിച്ചു തുടങ്ങുകയും തിരക്കഥ പൂർത്തിയാക്കുകയും അഭിനേതാക്കളെ തീരുമാനിക്കുകയും ലൊക്കേഷൻ നിശ്ചയിക്കുകയും ചെയ്ത കാലം മുതൽ, നിരവധിയായ തടസ്സങ്ങൾ – അതിൽ ഭൂരിഭാഗവും സൃഷ്ടിക്കപ്പെട്ടതാണ് – ആമിക്കു നേരെ ഉയർന്നു വരികയുണ്ടായി. അതിലേറ്റവും പ്രധാനം, പ്രമുഖ ബോളിവുഡ് താരവും മലയാളിയുമായ വിദ്യാബാലന്റെ പിന്മാറ്റമായിരുന്നു. പരിനീതയും ലഗേ രഹോ മുന്നാബായിയും ഗുരുവും ഡേർട്ടി പിക്ച്ചറും കഹാനിയുമടക്കം നിരവധി സിനിമകളിൽ അസാമാന്യമായ പ്രകടനം നടത്തിയ വിദ്യാബാലൻ, മാധവിക്കുട്ടിയുടെ വേഷത്തിന് ഏറ്റവും അനുയോജ്യയായ നടിയായിരുന്നു. അതനുസരിച്ച് അവർ ആ ഓഫർ ഏറ്റുവാങ്ങിയതുമായിരുന്നു. എന്നാൽ, പ്രോജക്ട് നല്ല പരിധി വരെ മുന്നോട്ടുപോയ ഘട്ടത്തിൽ പൊടുന്നനെ അവർ അതിൽ നിന്നും പിന്മാറിയത്, സിനിമയെ ആകെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള നീക്കമായിരുന്നു. ഈ വിഷമാവസ്ഥയെ മറി കടക്കാൻ സംവിധായകനും നിർമാതാവിനും സാധ്യമായത്, ഈ വേഷത്തിലഭിനയിക്കാമെന്ന മഞ്ജുവാര്യരുടെ തീരുമാനത്തോടെയായിരുന്നു. വ്യക്തിപരവും തൊഴിൽപരവുമായ നിരവധി കാരണങ്ങളാൽ ഒറ്റപ്പെടുത്തപ്പെട്ട മഞ്ജു, വിമൻ ഇൻ സിനിമാ കളക്റ്റീവ് എന്ന സംഘടനയുടെ രൂപീകരണത്തിന് നേതൃത്വം നൽകുകയും സ്ത്രീ സാന്നിദ്ധ്യത്തിന്റെ ശാക്തീകരണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്ത വ്യക്തിത്വമാണ്. ഇതിന്റെയെല്ലാം നിദർശനമെന്നോണമാണ് കമൽ തന്നെ നേതൃത്വം നൽകുന്ന കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ മഞ്ജുവിനെയും ജനറൽ കൗൺസിൽ അംഗമാക്കാൻ കേരള സർക്കാർ തീരുമാനിച്ചതെന്നും വേണം കരുതാൻ. സിനിമ പ്രാക്ടീസ് ചെയ്യുന്ന സംവിധായകൻ എന്ന നിലയിലാണ് കമൽ അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ചലച്ചിത്രസാങ്കേതികപ്രവർത്തകരുടെ മുഖ്യ സംഘടനയായ ഫെഫ്ക്കയുടെ പ്രതിനിധി കൂടിയാണദ്ദേഹം. സ്വന്തം സിനിമയുടെയും ഫെഫ്ക്കയുടെയും വക്താവായി തുടരുകയും അതിന്റെയെല്ലാം താല്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നീ അടിസ്ഥാന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് അക്കാദമി അധ്യക്ഷസ്ഥാനം അദ്ദേഹത്തിന് തടസ്സമാകേണ്ടതുമില്ല.

എന്നാൽ, ദേശീയഗാനം തിയേറ്ററുകളിൽ നിർബന്ധിച്ച് കാണിച്ച് കാണികളെ മുഴുവൻ എഴുന്നേൽപ്പിച്ചു നിർത്തുന്ന കോടതി ഉത്തരവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിൽ കമലിനെ പ്രത്യേകം ലക്ഷ്യമിട്ട് ആക്രമിക്കുന്നതിന് അമിതദേശീയവാദികളായ ഫാസിസ്റ്റുകൾ ശ്രമിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിനു മുമ്പിൽ കുടിൽ കെട്ടി ദേശീയഗാനം ചൊല്ലി സമരം നടത്തിയതും മറ്റും ഇതിന്റെ തുടർച്ചയാണ്. അദ്ദേഹം മുസ്ലിം വംശജനാണെന്നും മുഴുവൻ പേര് കമാലുദ്ദീൻ എന്നാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ദേശീയതാ-ദേശീയഗാന ഭക്തികൾ പ്രത്യേകം വിലയിരുത്തപ്പെടേണ്ടതാണെന്ന മനോഭാവവും ഫാസിസ്റ്റുകൾ പൊതുബോധത്തിലേക്ക് സൂത്രത്തിൽ വിളക്കിച്ചേർത്തു. അനവസരത്തിലുള്ള രോഷത്തോടെ ആമിയെ കടന്നാക്രമിച്ചവരുടെ ഉള്ളിലിരിപ്പ്, കമലിനെ കമാലുദ്ദീനാക്കി ദേശീയഗാന/ദേശീയതാ വിരുദ്ധനാക്കി സ്ഥാനപ്പെടുത്തി ആക്രമിച്ച ഫാസിസ്റ്റനുകൂലികളുടേതായിരുന്നു എന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.

ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ ഹിന്ദുവിൽ നിന്ന് മുസ്ലിമായി മതപരിവർത്തനം ചെയ്ത് അത് ബോധപൂർവം വാർത്തയും വിവാദവും ആഘോഷവുമാക്കി മാറ്റിയ വ്യക്തിത്വമാണ് കമല സുരയ്യയുടേത്. അത്തരമൊരു സ്വാതന്ത്ര്യ പ്രഖ്യാപനവും ഭാവനയുടെയും വേറിട്ടു നടപ്പിന്റെയും ആഘോഷത്തെക്കൂടിയാണ് മാധവിക്കുട്ടി എന്ന കമലാ സുരയ്യ പ്രതിനിധാനം ചെയ്യുന്നത്. മുസ്ലിം പുരുഷനുമായുള്ള പ്രണയത്തെത്തുടർന്നുള്ള അവരുടെ മതം മാറ്റം, ലവ് ജിഹാദ് എന്ന കുപ്രസിദ്ധമായ ഫാസിസ്റ്റാരോപണപരിധിയിൽ പെടുത്തി വ്യക്തി/സാമൂഹിക/ചരിത്ര സംഘർഷത്തിലേക്കു വലിച്ചിഴക്കാനും കേരളത്തിൽ പരിശ്രമങ്ങളുണ്ടായി. അത്തരം പ്രതിനിധാനങ്ങളിന്മേൽ; മുസ്ലിമും കമാലുദ്ദീനും ദേശീയഗാന-എഴുന്നേറ്റുനിൽപിനെ പ്രശ്‌നഭരിതമാക്കി മാറ്റിയയാൾ എന്നാരോപിക്കപ്പെട്ടവനും ഇടതുപക്ഷാശയക്കാരനുമായ കമൽ നടത്തിയ ചേർന്നു നില്പാണ് ആമി എന്ന സിനിമയെയും വളഞ്ഞിട്ടാക്രമിക്കാൻ പലരെയും പ്രേരിപ്പിച്ചത്. ഇപ്രകാരം ആക്രമിച്ചവരെല്ലാം ഫാസിസ്റ്റനുഭാവികളാണെന്ന് അതുകൊണ്ടു മാത്രം എന്നാൽ കരുതേണ്ടതുമില്ല. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ മുഖ്യധാരാ ഇടതുപക്ഷത്തെ നിതാന്ത ശത്രുത്വമായി പരിഗണിക്കുന്നവർ മുതൽ, എന്റെ കഥയെ വാരിക ഉടമയായ നായരുടെ മട്ടിൽ വായിച്ച ഒളിഞ്ഞു നോട്ട സന്തോഷവാന്മാർ വരെ ഇക്കൂട്ടത്തിലുണ്ടാവും. സിനിമ ഇറങ്ങുന്നതു വരെയും തുടർന്ന ഇക്കൂട്ടരുടെ ആക്രമണം, സിനിമ ഇറങ്ങിയ ഉടനെ വർദ്ധമാനമാവുകയും എല്ലാ സീമകളും ലംഘിക്കുകയും ചെയ്തു. ഐഎഫ് എഫ്‌കെയുടെ ഏതെങ്കിലും വിഭാഗത്തിൽ പരിഗണിക്കാതെ സിനിമ ഒഴിവാക്കപ്പെട്ടതിന് വിദ്വേഷവുമായി കാത്തിരുന്നവർ മുതൽ, താമസിക്കുന്ന സ്ഥലത്തെ സബ്‌സ്റ്റേഷനിൽ പവർ ഹോളിഡേയായിരുന്നതിനാൽ ഐഎഫ്എഫ്‌കെക്ക് ഓൺലൈൻ പാസപേക്ഷിക്കാൻ കഴിയാതെ പോയവർ വരെയുള്ളവരും കയ്യിൽ കിട്ടിയ ശകാരവാക്കുകളെല്ലാം ഉപയോഗിച്ച് നിരൂപകപ്പട്ടം എടുത്തണിഞ്ഞ് ആമിയെ നെടുകെയും കുറുകെയും വെട്ടി രസിച്ചു. മുമ്പ് ചില സന്ദർഭങ്ങളിൽ പുതുമുഖ സംവിധായകന്റെ ആദ്യചിത്രം എന്നെല്ലാം സെന്റിയടിച്ച് ഡെക്കറേഷനാക്കിയ വിമർശകവിരോധികളെ ഈ ഘട്ടത്തിൽ കാണാനേ ഇല്ലായിരുന്നു. വെട്ടുകിളികളുടെ മാരകമായ ആക്രമണം കൊണ്ട് വലഞ്ഞപ്പോൾ, താൻ അക്കാദമി ചെയർമാനും ഇടതുപക്ഷാശയക്കാരനുമാണെന്ന നില മറന്ന് കമൽ ചലച്ചിത്രാധികാരികളുടെ പ്രിവിലേജിലേക്കു കൂടു മാറി പ്രതികരിക്കുന്ന കാഴ്ചയും നാം കാണുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ്, ഫേസ്ബുക്കിനെ എഡിറ്റിംഗിനായി ആമിയുടെ നിർമാതാവിന് സമീപിക്കേണ്ടി വന്നതെന്നു വേണം കരുതാൻ. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി നിരന്തരം പട പൊരുതുന്നവരെ ആക്രമിക്കാൻ തക്കം നോക്കിയിരുന്ന വലതുപക്ഷം ഈ ഘട്ടത്തിൽ ചാടി വീഴുകയും ഇടതുപക്ഷം ഏറ്റവും വലിയ കാപട്യക്കാരാണെന്ന പഴി എടുത്തുയർത്തുകയും ചെയ്തു. എന്തു കാരണത്താലായാലും ശരി; സാമൂഹ്യമാധ്യമങ്ങളിൽ കടന്നു കയറി വ്യക്തികളുടെയും വിമർശകരുടെയും ആവിഷ്‌ക്കാരസാധ്യതകളെ ഇല്ലാതാക്കുന്ന പ്രവണതകൾക്കൊപ്പം നിൽക്കാൻ ജനാധിപത്യവാദികൾക്ക് സാധിക്കുകയുമില്ല.

ആന്തരികതക്കുള്ളിലും വ്യക്തിബന്ധങ്ങൾക്കുള്ളിലും ഭാഷ(കൾ)ക്കുള്ളിലും അതിസങ്കീർണമായി ക്രമീകരിക്കപ്പെടുകയും വിഭ്രാന്തവത്ക്കരിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്ത  വിസ്‌ഫോടനാത്മകമായ ഒരു സർഗാത്മകതയാണ് മാധവിക്കുട്ടിയെ സവിശേഷമാക്കുന്നത്. വ്യാഖ്യാതാക്കളുടെയും വായനക്കാരുടെയും വിലയിരുത്തലുകളും നിഗമനങ്ങളും അപ്രസക്തമാക്കുന്ന തരത്തിലുള്ള അനിശ്ചിതത്വങ്ങൾ ആ സർഗാത്മക വ്യക്തിത്വത്തെ ചൂഴ്ന്നു നിൽക്കുന്നുണ്ട്. അതുകൊണ്ട്, അവരെ സംബന്ധിച്ചുള്ള ഏതു വിശകലനവും അവലോകനവും അപൂർണമാണെന്നു തെളിയിക്കാനും ആരോപിക്കാനും എളുപ്പമാണ്.

എന്റെ സ്‌കൂളിന്റെ ചരിത്രത്തിനും അതിന്റേതായ ഒരു ഗുണപാഠം ലോകത്തിനോടു പറയുവനാനുണ്ടായിരിക്കണം. അത് എന്താണെന്നു മാത്രം എനിക്കറിഞ്ഞുകൂടാ. (എന്റെ കഥ – മാധവിക്കുട്ടി). ഗുണപാഠമെന്തെന്ന് എഴുത്തുകാരിയായ തനിക്കു തന്നെയും അറിഞ്ഞുകൂടാത്ത സ്‌കൂളിൽ മാത്രമല്ല കമല പഠിച്ചത്. ഗുണപാഠം സ്പഷ്ടമല്ലാത്ത എഴുത്തുകളും വിചാരങ്ങളും കഥകളും കവിതകളും ചിത്രങ്ങളും മറ്റും മറ്റും അവർ ആവിഷ്‌ക്കരിച്ചു. ആ ആവിഷ്‌ക്കാരത്തിൽ നിന്ന് ഗുണപാഠങ്ങൾക്കു പകരം, ജീവിതാസക്തി എന്ന മഹത്തായ പാഠം അനുതാപമുള്ള വായനക്കാർക്കു ലഭ്യമാവുകയും ചെയ്തു.


 

Comments

comments