[button color=”yellow” size=”large” type=”square_outlined” target=”” link=””]നീറേങ്കൽ ചെപ്പേട്‌: ഓല എട്ട് –
ചുമരെഴുത്തിലെ പഞ്ചായത്തുദ്രോഹക്കുറ്റങ്ങൾ[/button]

ആയിടയ്ക്കു  ക്ണാശ്ശീരിയിൽ ചില ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു.

‘The people get ambushed by the State.’

‘Your rulers are ruthless murderers, thugs and dacoits.’

‘കൊലപാതകികളും കാട്ടുകള്ളന്മാരും നീറേങ്കൽ മാതാവിനെ  വിറ്റുതിന്നുന്നു.’

‘ബാങ്ക് ലോണെടുക്കൂ;  അയൽരാജ്യമായ തിരുനാരായണപുരത്തേക്കു മുങ്ങൂ.’

‘വിമാനടിക്കറ്റിനു അംശം അധികാരിയുടെ ഓഫീസുമായി ബന്ധപ്പെടുക; മിതമായ നിരക്കിലുള്ള വീരരായനു യാത്രാസൗകര്യം ഒപ്പിച്ചുകൊടുക്കപ്പെടും’
……………………………………………………………..
എന്നിങ്ങനെ പല പല രോഷങ്ങൾ  ആംഗലത്തിലും നീറേങ്കൽ വട്ടെഴുത്തിലും തലങ്ങും വിലങ്ങും കാണുമാറായി. പഞ്ചായത്തു കല്യാണമണ്ഡപത്തിന്റെ ചുമരുകൾ, മൃഗാശുപത്രിയുടെ മതിൽ, ഇ-ടോയ്ലെറ്റുകൾ മുതലായ പൊതുവിടങ്ങളിൽ മാത്രമായി  പ്രതിഷേധങ്ങളുടെ ഹാർഡ് കോപ്പികൾ ഒതുങ്ങിനിന്നില്ല. എഫ്.ബി, ട്വിറ്റർ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്ക് പിക്സൽ  പ്രതലങ്ങളിൽ സോഫ്റ്റ് കോപ്പികളായും അവ  പ്രചരിച്ചു കൊണ്ടിരുന്നു. ഓരോ മുദ്രാവാക്യത്തിനും അകമ്പടിയായി അംശം അധികാരിയുടെ ചെന്നായച്ചിരിയും മുതലക്കണ്ണീരും വരച്ചു ചേർത്തിരുന്നു.

അർദ്ധരാത്രിയിൽ തലയിൽ തോർത്തു കെട്ടി, അഞ്ചു കട്ടയുടെ ടോർച്ചുകൾ മിന്നിച്ചു  രഹസ്യപ്പോലീസ്  നീറേങ്കൽ ഊടുവഴികളിൽ ചുറ്റിനടന്നു. കുറ്റിക്കാടുകളും കമ്യൂണിസ്റ്റു പൊന്തകളും അരിച്ചു പെറുക്കി.  ക്ണാശ്ശീരി ഇന്റർനെറ്റ് കഫേകളിൽ വല വീശി. മാറി മാറി അണിനിരക്കുന്ന ഫയർവാളുകൾക്കു  പുറകിലെ സെർവർ ഐ.പി അഡ്രെസ്സുകൾ കുരുക്കഴിച്ചു, സൈബർ കുറ്റാന്വേഷകസംഘങ്ങൾ ഒരരുക്കായി.

ഒടുവിൽ, കഴിഞ്ഞ മുപ്പെട്ടുവെള്ളിയാഴ്ച നട്ടപ്പാതിരക്കു ചിന്തകൻ ലൂയിയെ പഞ്ചായത്തുദ്രോഹക്കുറ്റത്തിനു പോലീസ് അറസ്റ്റു ചെയ്തു.

ലൂയിയുടെ വിചാരണ ലൂയി സ്വയം വാദിച്ചത്,  ഇട്ടിനാൻ തത്സമയം ചെപ്പേടിലേക്കു കൊത്തുന്നു.

———— * ————* ————*————–*

‘പ്രതിയുടെ പേരെന്താണ്?

‘ഗ്രെക്കോ-റോമൻ പ്ലസ്  ആംഗ്ലോ- നീറേങ്കൽ   നീതിന്യായത്തിന്റെ വിഗ് കോളനി അടിമത്തത്തിൽ താഴ്മയായി തലയിലുറപ്പിച്ച കച്ചേരി കോട്ടുവായിട്ടു.

‘പേരുപോലും അറിയാതെ കച്ചേരി എന്നെ പ്രതിയെന്നു വിളിക്കുന്നത് എളിമയായ ഭാഷയിൽ പറഞ്ഞാൽ തികഞ്ഞ ഊളത്തരമാണ്.’

‘മിസ്റ്റർ ലൂയി…’ കച്ചേരി ചൊടിച്ചു: ‘പ്രഥമദൃഷ്ട്യാ നിങ്ങൾ കുറ്റക്കാരനാണ്.’

‘പ്രഥമദൃഷ്ടിയിൽ ഉടനടി കണ്ണോപ്പറേഷൻ നടത്തിയാൽ കച്ചേരിക്കു നല്ലത്. എന്നാലും എന്റെ തെറ്റുകുറ്റങ്ങൾ കേൾക്കട്ടെ. ഒരു രസത്തിന്… ‘

‘കഠിനമായ പഞ്ചായത്തുദ്രോഹം. പഞ്ചായത്തിനെതിരെ ക്ണാശ്ശീരിനിവാസികളെ ഇളക്കിവിടാനുള്ള ഗൂഢപദ്ധതികൾ. പോരാത്തതിനു അംശം അധികാരിയുടെ മുദുലവികാരങ്ങളായ ചിരി, കരച്ചിൽ, കെട്ടിപ്പിടുത്തം എന്നിവയെ നിങ്ങൾ ഗ്രാഫിക്സ് വഴി നോവിച്ചിരിക്കുന്നു.’

‘കച്ചേരി കെട്ടിച്ചമച്ച ഈ മലമറിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്തതായി കച്ചേരിയുടെ പക്കൽ വല്ല തെളിവുകളുമുണ്ടോ? ഞാൻ ചുമരെഴുതുന്നതു കണ്ടവരുണ്ടോ?’

കച്ചേരി  ഒന്നു പരുങ്ങി:  ‘ചോദ്യം ചോദിക്കൽ കച്ചേരിയുടെ പണിയാണ്. മേല്പറഞ്ഞ പ്രഥമദൃഷ്ട്യാ, ക്ണാശ്ശീരിയിൽ സദാനേരവും, ഇടതടവില്ലാതെ, രാപ്പകൽ, പ്രകോപനപരമായി ചിന്തിക്കുന്നതും പോരാത്തതിനു, പെരുമാങ്ങോട്ടു ചന്തയിലും ക്ണാശ്ശീരി ടൂറിസം ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് (KTDC) വക ബാറിലും കള്ളുഷാപ്പുകളിലും  വിധ്വസംകമായി വർത്തമാനം പറയുന്നതും പ്രതിയാണെന്നു രഹസ്യമായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.’

‘ഹ ഹ ഹ…ഇടതടവില്ലാതെ രാപ്പകൽ  ചിന്തിക്കുകയും കള്ളുഷാപ്പിൽ അന്തിയുറങ്ങുകയും  ചെയ്യുന്ന ഈയുള്ളവനു ഇക്കണ്ട ചുമരുകളിൽ എഴുതാനും എഫ്.ബിയിൽ പോസ്റ്റാനും ട്വിറ്ററടിക്കാനും സമയം കിട്ടുമോ, ബഹുമാനപ്പെട്ട കച്ചേരീ? കൈവിറയുള്ള മുഴുക്കുടിയൻ ഗ്രാഫിക് നോവൽ രചിക്കുന്നെന്നു പറഞ്ഞു ക്ണാശ്ശീരിക്കാരെ ചിരിപ്പിക്കരുത് എന്നൊരപേക്ഷയുണ്ട്.. മാത്രവുമല്ല, കച്ചേരി അവകാശപ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള മൃദുലവികാരം അധികാരിക്കുള്ളതായി അദ്ദേഹത്തിന്റെ സഹധർമ്മിണിപോലും സമ്മതിച്ചു തരില്ല.’

‘മിസ്റ്റർ ലൂയി! വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. കച്ചേരിയലക്ഷ്യത്തിനുള്ള ശിക്ഷ അറിയുമോ?’

‘നിങ്ങൾ ആദ്യം ശിക്ഷിക്കും… പിന്നെയാണ് തെളിവുകൾ സൃഷ്ടിക്കൽ, അവസാനം കുറ്റം കണ്ടുപിടിക്കും. ഈ നീതിന്യായ കലാപരിപാടി തുടങ്ങിയിട്ടു കാലം കുറെയായില്ലേ? നീറേങ്കൽ ജയിലുകളിൽ തിങ്ങിക്കിടക്കുന്ന ന്യൂനപക്ഷം,  താഴ്ന്നജാതി  ജന്തുക്കൾ എന്നു  നിങ്ങൾ വിവക്ഷിക്കുന്ന അകത്തും പുറത്തുമുള്ള ഭൂരിപക്ഷം… അക്കൂട്ടർ  ഒരു നൊടി  മൂരിനിവർന്നാൽ കച്ചേരിയലക്ഷ്യം എന്ന ചവിട്ടുനാടകത്തിന്  എന്നന്നേക്കുമായി കർട്ടൻ വീഴില്ലേ, സർ?’

‘നിങ്ങൾക്കു നീറേങ്കലിന്റെ പരമമായ നീതിന്യായവ്യവസ്ഥയിലും പരമോന്നതകച്ചേരിയിലും വിശ്വാസമില്ലേ?’

‘സാറേ, ഇമ്മാതിരി ചോദ്യങ്ങൾ സ്ഥിരം ചോദിച്ചു ഉള്ള വിശ്വാസം ഇല്ലാതാക്കരുത്.’

‘പ്രതി ചോദിച്ചതിനു മാത്രം ഉത്തരം പറയുക.’

‘തരിമ്പും ഇല്ല.’

‘കാരണം?’

‘ഇപ്പോൾ എന്റെ കണ്മുന്നിൽ കാണുന്ന ഈ കച്ചേരി തന്നെ അടുത്ത നിമിഷം അപ്രത്യക്ഷമാകില്ല എന്ന് എന്താണൊരു ജനായത്ത ഉറപ്പ്‌? അദ്വൈതവേദാന്തത്തിന്റെ അഡ്വേക്കേറ്റുകൾ വാദിക്കുംപോലെ ഒക്കെ ഒരു മായയല്ലേ?’

‘ലൂയി…താങ്കൾ കച്ചേരിയെ ഭയപ്പെടുത്തുകയാണോ?’

‘അല്ല, സാറേ… കാലിളകിയ ഈ സിംഹാസനത്തിൽ തൊട്ടടുത്ത കാലംവരെ ഇരുന്ന ന്യായാധിപൻ എവിടെ പോയി? വാഷിങ് പൌഡർ പരസ്യംപോലെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ! ആനമയക്കി അടിച്ചു കിറുങ്ങിനടക്കുന്ന എന്നെയല്ല കച്ചേരി ഭയപ്പെടേണ്ടത്. കോടികൾ ലോണെടുത്തു രായ്ക്കുരാമാനം തിരുനാരായണപുരത്തേക്കു പറക്കുന്ന കോർപറേറ്റ് ഗുണ്ടകളെ… ഡ്രോണുകൾ തകൃതിയായി നിർമ്മിക്കാൻ ലക്ഷക്കണക്കിനു വീരരായാൻ കൈപ്പറ്റി, അംശം അധികാരിയും കോൽക്കാരും   ഒപ്പുവെച്ച രഹസ്യ വ്യാപാരഉടമ്പടികളെ…. ഭരണഘടന അട്ടിമറിച്ച്, നീറേങ്കൽ മാതാവിനെ ആഗോളവിപണിയിൽ വില്പനക്കു വെയ്ക്കാനുള്ള സമഗ്രാധിപത്യ കരുനീക്കങ്ങളെ… അക്കാര്യങ്ങളെ ഭയപ്പെട്ടു തുടങ്ങിയാൽ കച്ചേരിക്കു നല്ലതേ വരൂ. ഏതെങ്കിലും ഡ്രോണുമായുള്ള ഏറ്റുമുട്ടൽ മരണത്തിനുമുൻപ്  സ്വല്പം മനസ്സാക്ഷിക്കുത്തു കുറക്കാമല്ലോ…. വേറെ കാര്യമൊന്നുമില്ല.’

‘തല്ക്കാലം വെറുതെ വിടാൻ ലൂയിക്കു വല്ല കാരണവും ബോധിപ്പിക്കാനുണ്ടോ?’

‘എന്നെയോ കച്ചേരിയേയോ?’

‘തറുതല പറഞ്ഞു കച്ചേരിയുടെ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക.’

‘എന്നെ അകാരണമായി ലോക്കപ്പിൽ അടച്ചിട്ട ഒരാഴ്ച കാലയളവിലും  ഈ നിമിഷംപോലും  പ്രത്യക്ഷമായിക്കൊണ്ടേയിരിക്കുന്ന ചുമരെഴുത്തുകൾ, ട്വിറ്റർ അസ്ത്രങ്ങൾ … എന്റെ നിരപരാധിത്വത്തിനു അതിലും കൂടുതലായുള്ള തെളിവുകൾ  കണ്ടെത്തേണ്ടത്, പാതിരായ്ക്ക് വാറന്റില്ലാതെ തട്ടിയുണർത്തി എന്നെ അറസ്റ്റു ചെയ്ത  രഹസ്യപ്പോലീസുകാർതന്നെ  എന്നു ഞാൻ  വിധിക്കുന്നു.’

‘ലൂയിക്കു പുറകിൽ വല്ല ഗൂഢ അട്ടിമറിസംഘവുമുണ്ടോ?’

‘ഉണ്ട്.’

കച്ചേരി ഞെട്ടി: ‘ങേ! ആരൊക്കെ? അവർ എവിടെ?’

‘മൂന്നാലുപേർ ഭൂതത്താൻകോട്ട കള്ളുഷാപ്പിൽ കാണും. ചെത്തുകാരൻ ചാമി, ഷാപ്പുടമ വേലു, കൈനോക്കി ഭരണകൂടങ്ങളുടെ ഭാവി പറയുന്ന രാമൂട്ടി മൂത്താർ…  ഇപ്പോൾ ചെന്നാൽ കയ്യോടെ പിടിക്കാം.. പക്ഷെ ഒന്നുണ്ട്… അവർ ഇമ്മാതിരി ജനകീയ വിചാരണകളിൽ എന്നേക്കാൾ ലാ പായിന്റ്സ് അറിയുന്നവരാണ്. പിന്നെ, ഇതാ ഇവിടെ, കച്ചേരിയുടെ മുന്നിലിരുന്നു ചെപ്പേടിൽ ഇതെല്ലാം പകർത്തി കൊത്തുന്ന ഇട്ടി എന്ന ഈ മരമണ്ടനും  ഒരു അംഗമാണ്.’

കച്ചേരി ഒന്നു ചാരിയിരുന്നു.

‘ലൂയിയുടെ അഗാധചിന്തയിൽ ഈ ചുമരെഴുത്തുകളുടെ ഉത്ഭവസ്ഥാനം കണ്ടെത്താൻ കഴിയുന്നുണ്ടോ? വല്ല മഷിനോട്ടത്തിലും മൂലകാരണം തെളിയുന്നുണ്ടോ?’

ലൂയി ചിന്തിക്കുന്നതായി ഭാവിച്ചു.

‘തല്ക്കാലം വിക്റ്റർ ഹ്യുഗോ പറഞ്ഞതു ക്വോട്ട് ചെയ്യാനേ തരമുള്ളൂ: When dictatorship is a fact; revolution is a right.’

കച്ചേരി തലചൊറിഞ്ഞു: ‘ഇമ്മട്ടിൽ മഹാന്മാരെ കച്ചേരിമുറിയിൽ ക്വോട്ട് ചെയ്യുന്നതു ഉചിതമാണോ, ലൂയി?’

ലൂയി മറ്റൊരു  ക്വോട്ട്  ചൊല്ലി ആശ്വസിപ്പിച്ചു: ‘Quotes are good; only people are bad.’

‘ലൂയിക്കു പോകാം. ഈ കച്ചേരി ലൂയിയെ എന്നന്നേക്കും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നു. മാത്രവുമല്ല, ലൂയിക്ക് എന്തും ചിന്തിക്കാം.. ക്ണാശ്ശീരിക്കവലകളിൽ തോന്നുന്നതു തോന്നുമ്പോൾ തോന്നുംപോലെ  പ്രസംഗിക്കാം.’

ചായയും പരിപ്പുവടയും അടിക്കാൻ കച്ചേരി ഇടനേരത്തേക്കു പിരിയുന്നതായി ഒരു ഗുമസ്തൻ ചേങ്ങിലകൊട്ടി അറിയിച്ചു.

പഞ്ചായത്തുകച്ചേരിയുടെ അത്താണി കടക്കുമ്പോൾ പുറകെ നടന്നെത്തിയ  കച്ചേരി ലൂയിയുടെ തോളിൽ തട്ടി:
‘ചുമരെഴുത്ത് മ്മ്ക്ക് കൂടുതൽ ഉഷാറാക്കണം.’
———————————————————-

നീറേങ്കൽ മുൻ ചെപ്പേടുകൾ:

നീറേങ്കൽ ചെപ്പേട്- ഓല ഒന്ന്

നീറേങ്കൽ ചെപ്പേട്- ഓല രണ്ട്

നീറേങ്കൽ ചെപ്പേട്- ഓല മൂന്ന്

നീറേങ്കൽ ചെപ്പേട്- ഓല നാല്

നീറേങ്കൽ ചെപ്പേട്- ഓല അഞ്ച്

നീറേങ്കൽ ചെപ്പേട്: ഓല ആറ്

നീറേങ്കൽ ചെപ്പേട്: ഓല ഏഴ്

Comments

comments