40 വയസ്സ് എത്തിയിട്ടില്ലാത്ത ഒരു സാഹിത്യ കുതുകി തിരുവനന്തപുരത്തെ ഏതെങ്കിലും കവലയിൽ വെച്ച് എം. സുകുമാരനെ കണ്ടു എന്നിരിക്കട്ടെ. ഒന്നുകിൽ അയാൾ/ അവൾ സുകുമാരനെ വായിച്ചിട്ടുണ്ടാകില്ല. അല്ലെങ്കിൽ ചിത്രം കണ്ടുള്ള പരിചയം ഉണ്ടാകില്ല. നാഴികയ്ക്ക് നാല്പതു വട്ടം ചിത്രങ്ങൾ മാറ്റി സമാന്തര സൈബർ ജീവിതം ഉത്സവം പോലെ കൊണ്ടാടുന്ന നമ്മൾക്ക് സുകുമാരൻ ഒരു ഓർമ്മ മാത്രമാണ്. അവസാനത്തെ കഥ എഴുതി പേനയുടെ നിബ്ബ് കുത്തിയൊടിക്കുന്ന എഴുത്തുകാരും. അപൂർവ്വമായി കാണാൻ വരുന്നവരോട് സുകുമാരൻ ചിരിച്ചു.  എനിക്കിനി ഒന്നും എഴുതാനില്ല എന്ന തീർപ്പ് പറഞ്ഞു.

ജെ. ഡി. സാലിഞ്ജർ എന്ന എഴുത്തുകാരൻ “കാച്ചർ ഇൻ ദ റൈ” എന്ന നോവൽ എഴുതിയ ശേഷം പൊതുജനങ്ങളുടെ അഭിനന്ദനം ഭയന്ന് ഒളിവിൽ പോയി. ഒളിവു ജീവിതമായിരുന്നു പിന്നെ സാലിഞ്ജറുടെ ജീവിതം. അക്കാലത്തെ അമേരിക്കൻ യുവത വേദപുസ്തകം പോലെ ആ നോവൽ ചേർത്തു പിടിച്ചു. എഴുത്തിനപ്പുറം, ആഗ്രഹിക്കാത്ത പ്രശസ്തിയുടെ സുവർണ്ണ പ്രഭ, തന്നെ തേടുന്നു എന്നു കണ്ട സാലിഞ്ജർ അക്ഷരാർത്ഥത്തിൽ വായനാസമൂഹത്തിനിടയിൽ നിന്ന് ഒളിവിൽ പോയി. എന്നെ പ്രശസ്തിയിലേയ്ക്ക് വലിച്ചിടൂ എന്ന് എഴുത്തുകാർ ഉളുപ്പില്ലാതെ വിചാരിക്കാൻ തുടങ്ങിയ മലയാളിക്കാലത്താണ്  ഒരു വന്യ ജീവിയെ പോലെ സുകുമാരൻ പ്രശസ്തിയുടെ LED വെളിച്ചത്തിൽ നിന്ന് ബഹുദൂരം അകന്ന് നിന്നത്.

പ്രശസ്തനാകാൻ സുകുമാരനും കാരണങ്ങൾ ഉണ്ടായിരുന്നു. മലയാള കഥയിൽ സവിശേഷമായ ഒരു വഴിത്തിരിവ് അദ്ദേഹം സൃഷ്ടിച്ചു. ഏജീസ് ഓഫീസിൽ നിന്ന്, തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന് പിരിച്ചു വിടപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി പാർലമെന്ററി ജനാധിപത്യത്തിൽ ജീർണ്ണതയിലേയ്ക്ക്  പോകുന്നു എന്ന് എഴുത്തിലൂടെ ചൂണ്ടിക്കാട്ടി. ശേഷക്രിയ എന്ന ഒരു പക്ഷേ ജാതിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ദർശനവും തമ്മിലുള്ള പൊരുത്തക്കേടുകളെ ചൂണ്ടിക്കാട്ടി ചരിത്ര പ്രാധാന്യമുള്ള നോവൽ എഴുതി. ഉണർത്തുപാട്ട്, സംഘഗാനം, തിത്തുണ്ണി, ശേഷക്രിയ, പിതൃതർപ്പണം തുടങ്ങിയ എഴുത്തുകൾ സിനിമകളായി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അടക്കം എഴുത്തുബഹുമതികൾ അദ്ദേഹത്തെ തേടി വന്നു.

എന്നിട്ടും അദ്ദേഹം അപ്രശസ്തി തെരഞ്ഞെടുത്തു.

എം. സുകുമാരൻ കഥകളിൽ ചെയ്തത് , സോഷ്യലിസ്റ്റ് റിയലിസത്തിൽ നിന്നും കാല്പനികതയിൽ നിന്നും അതിനെ മോചിപ്പിക്കുക മാത്രമായിരുന്നില്ല.  ആധുനികതയുടെ അരാഷ്ട്രീയ  പൊങ്ങച്ചങ്ങളെ കൂടി അത് നേരിട്ടു. സുകുമാരനും പട്ടത്തുവിളയുമായിരുന്നു സ്വാതന്ത്ര്യത്തിന് ശേഷമുള്ള  ആധുനിക രാഷ്ട്രീയ സമസ്യകളെ സംബോധന ചെയ്യാൻ ശ്രമിച്ച മലയാളത്തിലെ ആദ്യ കഥാകൃത്തുക്കൾ. പട്ടത്തുവിളയുടെ രൂപയും പ്രതാപനും മറ്റും പാഠപുസ്തകങ്ങളിൽ പ്രതിപാദിച്ച, ദേശീയ ബോധം കൊഴുപ്പിച്ച, കമ്യൂണിസ്റ്റ് കാല്പനികർ പോലും ദിവസവും തൊട്ടു തൊഴുതിരുന്ന ഭാരതാംബയുടെ പാദപങ്കജങ്ങളെ വലിച്ചു കീറി ദൂരെക്കളഞ്ഞു. ഒരു ഉളുപ്പുമില്ലാതെ കോടാമ്പക്കത്തടിഞ്ഞ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രങ്ങളെ ‘വയലാർ ” എന്ന കഥയിലും മറ്റും പട്ടത്തുവിള അങ്ങനെത്തന്നെ പരിഹസിച്ചു. സുകുമാരൻ മറ്റൊരു തരത്തിൽ വ്യത്യസ്തനായിരുന്നു. നമ്മുടെ ലോകത്തിന്റെ കാഫ്ക്കാപ്പതിപ്പ്  കാണിച്ചു തന്നത് സുകുമാരനും സക്കറിയയും ആയിരുന്നു. രണ്ടു തരത്തിൽ. സംഘഗാനം പോലൊരു കഥയെ അന്യോപദേശകഥയായി വായിക്കാനുള്ള ഒരു ആധുനികതയേ നമുക്ക് അന്ന് ഉണ്ടായിരുന്നുള്ളൂ. നമ്മൾ അകപ്പെട്ട, നമ്മളെ അകപ്പെടുത്തിയ, വ്യവസ്ഥയുടെ തടവ് ഏതെന്നറിയാൻ ആഴത്തിലുള്ള സഞ്ചാരം ആവശ്യമായിരുന്നു.  ഭാരതീയ മോക്ഷ പദ്ധതികൾ പറയുന്ന യാത്രയ്ക്ക് എതിർ നിൽക്കുന്ന ഒരു യാത്രയായിരുന്നു അത്. കഠോപനിഷത്തിൽ ഒക്കെ വിവരിക്കുന്ന സഞ്ചാരങ്ങൾ മരണത്തിന്റെ രഹസ്യമറിയാൻ ആയിരുന്നെങ്കിൽ, ആധുനിക ഇന്ത്യയിൽ ജീവിതത്തിന്റെ രഹസ്യമറിയാൻ അതിന് തന്നെ കഠിനമായ ഒരു എതിർ യാത്ര വേണ്ടി വരും എന്ന് തിരിച്ചറിഞ്ഞ അക്കാലത്തെ ഏറ്റവും അർത്ഥപൂർണനായ എഴുത്തുകാരൻ സുകുമാരൻ ആയിരുന്നു. ജയറാം പടിക്കലിന് സർവ്വസൈന്യാധിപനായി ചുമതലയേറ്റെടുത്ത് യുവതയെ പ്രവൃത്തി കൊണ്ടും ഭീഷണി കൊണ്ടും ഇല്ലായ്മ ചെയ്യാൻ മാത്രം  സ്വാതന്ത്ര്യം ഉള്ള ഒരു ഫ്യൂഡൽ ഇന്ത്യാക്കാലം കൂടിയായിരുന്നു അത്. ജയറാം, ജയറാം എന്ന് കരയുന്ന തവളകളെ എഴുതി  എം.സുകുമാരൻ നമുക്ക് അത് കാണിച്ചു തന്നിട്ടുണ്ട്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ മതവല്ക്കരണത്തിൽ നിന്ന് ഏത് നല്ല രാഷ്ട്രീയ എഴുത്തുകാരേയും പോലെ സുകുമാരനും വിട്ടു നിന്നു. ചുവന്ന കൊടി പാറുന്ന അമ്പലമല്ലായിരുന്നു സുകുമാരന് പാർട്ടി ആപ്പീസ്. പാർട്ടിയുടെ പെന്തക്കോസ്ത്  പ്രചാരകനായി, അന്നന്നത്തെ അപ്പത്തിന് വേണ്ടി, വഴിയരികിൽ വിളിച്ചു കൂവുന്ന, റോൾ എഴുത്തുകാരന്റേതല്ല എന്ന് അദ്ദേഹം ചെയ്തു കാണിച്ചു. പാർട്ടിയുടെ മതവല്ക്കരണത്തിനും സ്ഥാപനവത്ക്കരണത്തിനും ഫ്യൂഡൽവത്ക്കരണത്തിനും എതിരേയുള്ള ഇടിവാൾ ആയിരുന്നു ശേഷക്രിയ. കമ്യൂണിസത്തിൽ ജാതി എന്ത് എന്ന ഇന്നും അറച്ചറച്ച് മാത്രം ഇന്ത്യൻ കമ്മ്യൂണിസം സംബോധന ചെയ്യാൻ ശ്രമിക്കുന്ന ഒരു അഗാധപ്രശ്നത്തെ ഉച്ചത്തിൽ മുഴങ്ങുന്ന ചോദ്യമാക്കി എം.സുകുമാരൻ. ശേഷക്രിയ എന്ന മരണത്തിന്റെ, ജീവിതത്തിന് കുത്തും കോമയുമിടുന്ന, ഒരു അനുഷ്ഠാനത്തിന്റെ പേരാണ്  പാർട്ടിയെത്തന്നെ സാഹിത്യമായി  എഴുതുമ്പോൾ സുകുമാരൻ ഉപയോഗിച്ചതെന്നത് ശ്രദ്ധേയം. മുകളിൽ നിന്ന് വരുന്ന തിട്ടൂരമാണ് യഥാർത്ഥത്തിൽ ഓരോ സൈദ്ധാന്തിക ന്യായീകരണവും എന്ന് സുകുമാരന് മുമ്പേ അറിയാമായിരുന്നു. അതിനേക്കാൾ വിലപ്പെട്ടത് സ്വന്തം മനസ്സാക്ഷിയുടെ ധർമ്മസങ്കടങ്ങൾ ആണെന്നും. അതിനാൽ അമേരിക്ക വിയറ്റ്നാമിനെ ആക്രമിക്കുമ്പോൾ  ഉണ്ടാകുന്നത് മാത്രമല്ല രാഷ്ട്രീയ എഴുത്ത്, മറിച്ച് ചൈന വിയറ്റ്നാമിനെ ആക്രമിക്കുമ്പോഴും അത് ഉണ്ടാകും എന്ന് അദ്ദേഹം അനുഭവിപ്പിച്ചു തന്നു. വെള്ളെഴുത്ത് എന്ന അക്കഥ ശ്രദ്ധിച്ചു പഠിച്ചാൽ മലയാളത്തിലെ പിൽക്കാല രാഷ്ട്രീയ കഥകളുടെ, യു. പി. ജയരാജും സി ആർ പരമേശ്വരനും ഉൾപ്പെടെയുള്ളവർ എഴുതിയ കഥകളുടെ, കൂട്ട് കുറച്ചൊക്കെ തിരിഞ്ഞു കിട്ടും.

ആ കഥയും നിലച്ചു എന്നാകും സുകുമാരൻ വ്യക്തിപരമായി കരുതിയിരിക്കുക. മൗനത്തിലേക്കും അപ്രത്യക്ഷതയിലേയ്ക്കുമുള്ള അദ്ദേഹത്തിന്റെ സഞ്ചാരത്തിന്റെ കേന്ദ്രവാചകമായി അത് അദ്ദേഹം ഉദ്ധരിച്ചിട്ടുമുണ്ട്. ആ ചോദ്യം യഥാർത്ഥത്തിൽ ഏറ്റെടുക്കേണ്ടത് നമ്മളാണ്.  ആ എഴുത്ത്, ആ വിമർശനങ്ങൾ, അതുമായി ബന്ധപ്പെട്ടു നില്ക്കുന്ന ആ ജീവിതം. ഒന്നും പരസ്പരം അത്ര പെട്ടെന്ന് വേർതിരിക്കാൻ കഴിയാത്ത വിധം അവയുടെ വിന്യാസം. നമ്മൾ വർണ്ണാങ്കിതം എന്നു കരുതുന്ന ഒരിടത്തെ ബ്ലാക്ക് ആന്റ് വൈറ്റ് ഘടന കാണാൻ ചെറിയ, ഹ്രസ്വദൃഷ്ടിയുള്ള നമ്മുടെ കണ്ണുകൾ അപര്യാപ്തം എന്നാണ് തന്റെ മൗനം കൊണ്ടും മാറി നിൽക്കൽ കൊണ്ടും യഥാർത്ഥത്തിൽ സുകുമാരൻ എഴുതിക്കൊണ്ടിരുന്നത് ഇന്നെങ്കിലും നാം മനസ്സിലാക്കണം. ലോകത്തെ ഉത്സവമായി വായിച്ച്  നാം തുള്ളിക്കൊണ്ടിരിയ്ക്കുന്നത് പൊയ്ക്കാലിലാണോ എന്ന്  ഇന്നെങ്കിലും നാം അരയ്ക്ക് താഴെ പരിശോധിക്കണം.

Comments

comments