കാഴ്ചയുടെ ഒടുവിൽ ഹൃദയം നിറയുന്ന സിനിമയാണ് ‘സുഡാനി ഫ്രം നൈജീരിയ’. ജീവിതത്തിന്റെ നേർ ചിത്രണം കൊണ്ട് സിനിമയുടെ objectivity യെ മറികടന്ന് പ്രേക്ഷകനെ തിരശ്ശീലയിലേക്ക് കൈപിടിച്ചു കൊണ്ടു പോകുകയാണ് ഈ ചിത്രം. ഏറനാട്ടിലെ

സംവിധായകൻ – സക്കറിയ

നാട്ടിൻപുറജീവിതത്തിന്റെ ഭാഗമായി പ്രേക്ഷകൻ എപ്പോഴേ മാറിപ്പോകും! നാട്ടുമനുഷ്യരുടെ സ്നേഹവും ചെറു വേദനകളും പങ്കപ്പാടുകളും വ്യക്തിത്വമുള്ള കഥാപാത്രങ്ങളിലുടെ, സ്വാഭാവികതയും കൃത്യതയുള്ള സംഭാഷണങ്ങളിലൂടെ നമ്മൾ കാണുകയാണ്.സക്കറിയ എന്ന സംവിധായകന്റെ/ ഒരു തുടക്കക്കാരന്റെ കൈയ്യടക്കം അത്ഭുതമുളവാക്കുന്നു.

പുതിയ മലയാള സിനിമ പിന്തുടരുന്ന റിയലിസ്റ്റിക് സമീപനം തന്നെയാണ് സുഡാനിയുടേതും. പക്ഷേ മനുഷ്യരും മാനുഷികതയുമാണ് യഥാർത്ഥ കഥാവസ്തു. പ്രകടനപരമായ ഒറ്റ സംഭാഷണമോ മുഹൂർത്തമോ ഇല്ലാതെ അതിസൂക്ഷ്മമായി, അതി മനോഹരമായി സക്കറിയ ഈ പ്രമേയത്തെ കഥാപാത്രങ്ങളിലൂടെ പറഞ്ഞു വെക്കുന്നു.

1969-ൽ ഇ.എം.എസ് മന്ത്രിസഭ മലപ്പുറം ജില്ല രൂപികരിക്കാൻ എടുത്ത തീരുമാനത്തെ ന്യൂനപക്ഷ പ്രീണന നയമായി ചിത്രീകരിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുബോധ / സംസ്കാര / പുരോഗമന ചിന്തകളെ തുരങ്കം വെക്കുന്ന, മതാധിഷ്ഠിതമായ അടഞ്ഞലോകമായി മലപ്പുറത്തെ സ്ഥാപിച്ചെടുക്കാൻ രാഷ്ട്രീയ / മാധ്യമ / സിനിമ മേഖലകൾ ഒന്നിനൊന്ന് മത്സരിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകർച്ചയോടെ മുമ്പെങ്ങുമില്ലാത്ത അരക്ഷിതത്വവും ഭീതിയും മുസ്ലിം സമൂഹത്തിൽ പടർന്നപ്പോൾ, അതിനെ മുതലെടുക്കാൻ ചില തീവ്ര മത സംഘടനകൾ ശ്രമിച്ചതും, ഗൾഫ് പണത്തിന്റെ ഒഴുക്കിൽ വസ്ത്രധാരണത്തിലും മത വിശ്വാസങ്ങളിലും ദുശാഠ്യങ്ങൾ തുടങ്ങി വച്ചതും പിന്നീട് പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു.

തീവ്രവാദത്തിന്റേയും കള്ളപ്പണത്തിന്റേയും ഉറവിടമായും വിവരമില്ലാതെ പെറ്റുപെരുകുന്ന മനുഷ്യക്കൂട്ടമായും ഏറനാടൻ ദേശത്തെ, അതിന്റെ രാഷ്ട്രീയ സാമൂഹിക നവോത്ഥാന ചരിത്രങ്ങളെ നിഷേധിച്ചുകൊണ്ട്, ആക്ഷേപിക്കുന്ന സ്ഥിതിയുണ്ടായി. ഈ പൊതുബോധത്തിന്റെ ഉറച്ച വിശ്വാസങ്ങളെ സുഡാനി തീക്ഷ്ണമായി പൊളിച്ചെഴുതുന്നു. കെ.എൽ.10, അലിഫ്, പരീത് പണ്ടാരി, കിസ്മത് തുടങ്ങിയ നവ മലയാള സിനിമകൾ കാണിച്ചു തന്ന ജീവിത കാഴ്ചകളുടെ തുടർച്ചയായി സുഡാനിയെ കാണാമെങ്കിലും അതിസൂക്ഷ്മ രാഷ്ടീയ പരിചരണം കൊണ്ടും സിനിമയുടെ എല്ലാ നാങ്കേതിക മേഖലയിലും ഉള്ള കൃതഹസ്തത കൊണ്ടും ‘സുഡാനി ഫ്രം നൈജീരിയ’ അന്തർദേശീയ നിലവാരത്തിലേക്ക് ഉയരുന്നു. ഏത് കാലത്തും എത് മണ്ണിലും മനുഷ്യപ്പറ്റുള്ള മനസ്സുകളെ ആർദ്രമാക്കുന്ന സിനിമ.

മലപ്പുറത്തിന്റെ കാൽ പന്ത് കളിയുടെ പശ്ചാത്തലത്തിലാണ് സുഡാനിയുടെ  കഥ . M Y C ആക്കോട് എന്ന ക്ലബിന്റെ മാനേജർ ആയ മജീദ് റഹ്മാൻ എന്ന ചെറുപ്പക്കാരന്റെ പോയിന്റ് ഓഫ് വ്യൂവിൽ Restricted Narration ആയാണ് സക്കറിയ ഈ ചിത്രം അവതരിപ്പിക്കുന്നത്. ടൈറ്റിലുകൾ തെളിയുന്ന ഇരുണ്ട തിരശ്ശീലയിൽ തന്നെ തനി നാടൻ വാട്സാപ്  വോയിസ് നോട്ടുകൾ കേൾപ്പിച്ച് സക്കറിയ പ്രേക്ഷകരുടെ മനസ്സൊരുക്കുന്നു.

ചിത്രത്തിലുടനീളം ‘സൗണ്ട് സ്കേപ്’ വിശദമായി രൂപകല്പന ചെയ്തിട്ടുണ്ട്. സൗണ്ട് ‘മാച്ച് കട്ടിംഗുകൾ’ അർത്ഥപൂർണമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. സബ്ട്ടിലിറ്റിയുടെ ന്യൂനീകരണത്തിൽ നിന്ന് വലിയ ചിരി / വിങ്ങൽ ഉണ്ടാക്കാൻ സ്വാഭാവിക ശബ്ദവിന്യാസത്തിന് കഴിഞ്ഞിട്ടുണ്ട്.

ഫുട്ബോൾ മത്സരങ്ങളെ ഗാലറിയിൽ നിന്ന് കളി കാണുന്ന ഒരാളുടെ കാഴ്ച കോണിൽ തന്നെയാണ് ഛായാഗ്രാഹകൻ ഷൈജു ഖാലിദ് കാണിച്ചുതരുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. സുഡാനി ഒരു ഫുട്ബോൾ സിനിമയല്ല എന്ന പ്രഖ്യാപനമുണ്ടതിൽ! കളിക്കാരുടെ ചടുല നീക്കങ്ങളുടെ ‘ഹീറോയിക്’ അവതരണങ്ങൾ ഈ സിനിമലില്ല. സ്ലോമോഷൻ / സൂപ്പർ സ്ലോമോഷൻ തുടങ്ങിയ visual punctuation ഉപയോഗിച്ചിട്ടില്ല.  ഇടയ്ക്ക് ആകാശ ദൃശ്യങ്ങളിലൂടെ മൈതാനത്തെ, ഒരു ഭൂഗോളമായി കാണിച്ചു തരുന്ന ഷൈജു ഭൂരിഭാഗം സമയവും… ‘ഹ്യുമൻ സ്കേപി’ നെയാണ് അടയാളപ്പെടുത്തുന്നത്. മനുഷ്യരുടെ വാക്കുകൾ /നിശബ്ദ/ ചലന നിശ്ചലതകൾ പകർത്തുന്നതിൽ ഗംഭീര വിജയം കൈവരിച്ച സിനിമ കൂടിയാണ് സുഡാനി. Straight on Angle ൽ മനുഷ്യരെ കാണിച്ചു തരുന്നു എന്നു മാത്രമല്ല പണം / തറവാടിത്തം എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളെ വലുത് / ചെറുത് എന്ന വിഭജനം നടത്തുന്ന പിന്തിരിപ്പൻ നിലപാടിനൊപ്പമല്ല ഇവിടെ ദൃശ്യഭാഷ. മനുഷ്യരെ നേർക്കുനേർ നേരിടുന്ന ക്യാമറ ‘ചെറു മനുഷ്യരുടെ വലിയ മനസ്സ്’ എന്ന സഹതാപനോട്ടത്തെ നിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഇത് വലിയ മനുഷ്യരുടെ വലിയ സിനിമ തന്നെയാണ്. ഒരു ഇൻഹിബിഷനുമില്ലാതെ സാധാരണക്കാരായ മനുഷ്യരെ സിനിമയുടെ ഫ്രെയിമിൽ നിറഞ്ഞാടാൻ അനുവദിച്ചിരിക്കുന്നു.

ദേശത്തിന്റെ ‘ലാൻഡ് സ്കേപിനെ’ അടയാളപ്പെടുത്താനുള്ള മനപൂർവമായ ഒരു ശ്രമവും ഈ സിനിമയിലില്ല. മനുഷ്യർ പെരുമാറുന്ന ഇടങ്ങൾ എന്ന നിലയ്ക്കല്ലാതെ ദേശം  കടന്നു വരുന്നേയില്ല. അതിന് കഥാപാത്ര തുല്യമായ സ്ക്രീൻ സ്പേയ്സ് നല്കിയിട്ടില്ല. ‘നൊസ്റ്റാൾജിയ’ തോന്നാനുള്ള കല്പിത ഗ്രാമീണ ചിത്രങ്ങളുമില്ല.

മജീദ് സാമ്പത്തികമായി വളരെ പ്രതിസന്ധിയിയിലായിട്ടും കളിക്കമ്പം ഒഴിവാക്കാൻ കഴിയാത്ത അത്രയും ഫുട്ബോൾ ചോരയിൽ അലിഞ്ഞു ചേർന്നയാളാണ്. ‘ബുദ്ധി കൊണ്ട് നടക്കില്ല എന്നറിഞ്ഞിട്ടും മനസ്സുകൊണ്ട് നടക്കും’ എന്ന തോന്നലിൽ’ ജീവിതം/കളി കൈവിട്ടു കളയാത്ത ആളാണ്. മജീദിന്റ സംഘർഷഭരിതമായ ആന്തര ജീവിതവും പുറമേയുള്ള ലളിത / സരസ പെരുമാറ്റവും ഗംഭീരമായി  സൗബിൻ അവതരിപ്പിച്ചു. സ്വാഭാവിക നർമാഭിനയത്തിലൂടെ ഹാസ്യ നടനെന്ന നിലയിൽ ശ്രദ്ധ നേടിയ ഒരാൾക്ക്  ഈ കഥാപാത്രത്തെ വിശ്വസനീയമാക്കൽ എളുപ്പമല്ല. ഭാഷാപരമായ അജ്ഞത പ്രത്യേകിച്ച് ഇംഗ്ലീഷ് / ഹിന്ദി നമ്മുടെ സിനിമയിലെ തമാശ ചേരുവയിൽ മുഖ്യമാണ്. ഭാഷാപരമായ അപകർഷത / അബദ്ധങ്ങൾ ഉണ്ടാക്കുന്ന രസക്കൂട്ട് മാത്രം പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷക മുൻവിധിയുടെ മുന ആദ്യ സീൻ മുതൽ ഒടിഞ്ഞു തുടങ്ങുന്നു. ഭാഷയെന്നത് വൈകാരിക വിനിമയത്തിന്റെ ഉപാധിയെന്ന നിലയിൽ അതിന്റെ എല്ലാ വൈകല്യത്തോടും ഗ്രാമർ തകരാറുകളോടെയും വിജയം നേടുന്നത് സിനിമ മുന്നേറുമ്പോൾ പ്രേക്ഷകർക്ക് അനുഭവപ്പെടും. ഇതിന് മുമ്പ് മലയാളത്തിൽ സമാനമായൊരു നെഞ്ചുരുക്കം തന്നത് അരവിന്ദന്റെ വാസ്തുഹാരയിൽ ആണെന്ന് തോന്നുന്നു. എന്നെ രക്ഷിക്കൂ ബാബു’ എന്ന ബംഗാളി ചുവയുള്ള സംഭാഷണവുമായി ആരതിപണിക്കർ എന്ന കഥാപാത്രം വേണു എന്ന കഥാപാത്രത്തിന് മുന്നിൽ യാചിക്കുന്നത്, അഭയാർത്ഥിയുടെ എല്ലാ നോവോടും കൂടി നാമനുഭവിച്ചത്, ഉച്ചാരണത്തിന്റെ ആ പരിഷ്കാരമില്ലായ്മയും അത് അതുപോലെ കാണിക്കാനുള്ള സത്യസന്ധതയും കൊണ്ടാണ്.  മജീദ്, ഉമ്മ രണ്ടാം കെട്ടു കെട്ടിയതിൽ മനം നൊന്ത് അവരുമായി കഴിയുന്നതും മിണ്ടാതിരിക്കാൻ ശ്രമിക്കുന്ന ആളാണ്. അമ്മയുടെ പുതിയ ഭർത്താവിനെ, പ്രായമായ മനുഷ്യനെ, കാരുണ്യരഹിതമായ അവഗണനയിലൂടെ ശിക്ഷിക്കുന്നവനാണ്.

രാജേഷ്, ലത്തീഫ്, മുത്തുക്ക, ബാബുക്ക, കുഞ്ഞിപ്പ തുടങ്ങിയ സുഹൃത്തുക്കളും തന്റെ ടീമിലെ കളിക്കാരുമാണ് അയാളുടെ ലോകം. ഒരു ഇണയെ കണ്ടെത്താനുള്ള ശ്രമങ്ങൾ അയാളുടെ കുറവുകളിൽ തട്ടി തെറിക്കുന്നത് നാം കാണുന്നുണ്ട്.

സെവൻസ് കളിക്കാൻ നൈജീരിയയിൽ നിന്ന് കൊണ്ടുവന്ന സാമുവൽ എന്ന ‘സുഡാനി’ക്ക് യാദൃശ്ചികമായി പരിക്കു പറ്റുകയും അത് മജീദിന്റ ജീവിതത്തിൽ ഉണ്ടാക്കുന്ന വലിയ മാറ്റവുമാണ് ഈ സിനിമ പറയുന്നത്. സാമുവൽ അബിയോള റോബിൻസൺ എന്ന നൈജീരിയൻ അഭിനേതാവ് അതേ പേരിൽ തന്നെ പ്രത്യക്ഷപ്പെടുന്നു. സിനിമയിലെ ‘സാമുവൽ’ തന്റെ ദേശത്തിന്റെ ശരീരമായി സിനിമക്കകത്തും പുറത്തുമുള്ള ജീവിതത്തെ ബന്ധിപ്പിക്കുന്നു.

യൂറോപ്പിലെ പണക്കൊഴുപ്പിന്റെ കളിയായ ക്ലബ് മത്സരങ്ങളോടുള്ള dislike ആദ്യം തന്നെ സാമുവൽ പ്രകടിപ്പിക്കുന്നുണ്ട്. ഫുട്ബോളിനോട് ആഫ്രിക്കൻ രാജ്യങ്ങൾ കാണിക്കുന്ന നിലപാടിന്റെ സൂചന കൂടി അതിലുണ്ട്. വൻ വിലയ്ക്ക് താരങ്ങളെ ‘വിലക്കെടുക്കുന്ന ‘ പുതിയ കാല താര ‘അടിമക്കച്ചവട’ത്തിന് എതിരായ പ്രസ്താവനയുണ്ട് സാമുവലിന്റ കഥാപാത്രസൃഷ്ടിയിൽ. രണ്ട് അനിയത്തിമാരേ പോറ്റാൻ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് കുടിയേറേണ്ടി വന്ന മനുഷ്യന്റെ വേദന, നിസഹായത, ആത്മാർത്ഥതോടെ സാമുവൽ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നുണ്ട്.

ഒരു മാസം മജീദിന്റ വീട്ടിലെ ഇടുങ്ങിയ മുറിയാവുന്നു ‘സുഡു’ വീട്. മകന് പകർന്നു നല്കാൻ കഴിയാത്ത വാത്സല്യവും സ്നേഹവും ജമീലുമ്മ ( സാവിത്രി ശ്രീധരൻ ) സുഡുവിനോട് കാണിക്കുന്നു. ജമീലയുടെ അയൽവാസിയും അടുത്ത കൂട്ടുകാരിയുമായ ബീയുമ്മ (സരസ ബാലുശ്ശേരി) കൂടി ചേരുന്നതോടെ   തിരശീലയിൽ നിന്ന് സിനിമ മായുന്നു!ഈ രണ്ട് അമ്മമാരേയും അവതരിപ്പിച്ച അഭിനേത്രികൾ സ്വാഭാവികതകൊണ്ട്, ഉള്ളിൽ തട്ടുന്ന പ്രകടനം കൊണ്ട് എന്നന്നേക്കുമായി മലയാള സിനിമയിൽ അടയാളപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

സുഡു കിടക്കുന്ന മുറി എന്ന ഇടുങ്ങിയ സ്പേസ്, അതിന്റെ ഉള്ളിലെ വെളിച്ച പ്രസരണ സാധ്യതകൾ, ഛായാഗ്രാഹകൻ ഷൈജു ഉപയോഗിച്ചിരിക്കുന്നത് സ്വാഭാവികതയ്ക്ക് കോട്ടം വരുത്താതെ തന്നെയാണ്. ആ രംഗങ്ങളുടെ ‘ലെൻസിംഗ് ‘ ഒട്ടും എളുപ്പമേയല്ല!

ഓരോ ഷോട്ടും ജീവസ്സുറ്റതാക്കുന്നതോടൊപ്പം ജീവിതത്തിന്റെ സ്വാഭാവിക താളത്തെ നിലനിർത്തുകയും ചെയ്യുന്നു. ആവർത്തനം കൊണ്ട് മടുപ്പുളവിക്കാതെ തന്നെ ആ മുറിയിലെ രംഗങ്ങൾ സംവിധായകൻ / ഛായാഗ്രാഹകൻ രൂപപ്പെടുത്തിയിട്ടുണ്ട്.

സുഡുവിനോട് താനല്പ്പം മോശമായി പെരുമാറിപ്പോയി എന്ന കുറ്റബോധം മജീദിന്റെ ഉള്ളിൽ നിന്ന് അറിയാതെ തുളുമ്പി വരുന്ന ഒരു സന്ദർഭമുണ്ട് ഈ സിനിമയിൽ. പതിവുപോലെ മുറി ഇംഗ്ലീഷിൽ തുടങ്ങി, മജീദിന്റെ മാതൃഭാഷയിലേക്ക് അറിയാതെ തെന്നി വീഴുന്ന സംസാരം. സ്വയം സമാധാനിക്കാൻ പറയുന്ന വാക്കുകൾ. ഈ ഒരൊറ്റ സീനിലെ പ്രകടനം കൊണ്ട് ആ കഥാപാത്രത്തിന്റ മനസ് കാട്ടിത്തരാൻ സൗബിന് കഴിയുന്നുണ്ട്.

സ്ഥിരം മുസ്ലിം കഥാപശ്ചാത്തലത്തിൽ വരാറുള്ള ക്ലീഷേകളെ പടിക്ക് പുറത്ത് നിർത്തിയിട്ടുണ്ട് സക്കറിയ. തട്ടമിട്ട / ബുർഖയിട്ട/ മൈലാഞ്ചിയിട്ട പെണ്ണുങ്ങളില്ല. ഒപ്പനപാട്ടില്ല. താടി / മുടി നീട്ടി, നിസ്കാരതഴമ്പ് പെരുപ്പിച്ച് കാട്ടി/കനത്ത ശബ്ദത്തിൽ സംസാരിക്കുന്ന ആണുങ്ങളുടെ നാടകം കളി ഈ സിനിമയിലില്ല. മതമെന്നത് ജീവിതത്തിൽ അലിഞ്ഞു ചേർന്ന മനുഷ്യർ. മജീദിന്റ വീട്ടിലേക്ക് സർവ സ്വാതന്ത്ര്യത്തോടും കൂടി കടന്നു പെരുമാറുന്നവർക്ക് മതത്തിന്റെ വിലക്കില്ല. ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ജീവിതമെന്ന് തിരശ്ശീല കണ്ണാടി പോലെ ഓർമിപ്പിക്കുന്നു.

സുഡുവിന് അസുഖം മാറാൻ നേർച്ച നടത്താനും ഊതിക്കാനും ഈ അമ്മമാർക്ക് ഒരു വിലക്കുമില്ല. സുഡുവിന്റെ അമ്മൂമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ ജമീലുമ്മ പറയുന്ന ന്യായീകരണം ‘ഓന്റെ ഒരു മനസ്സമാധാന’ത്തിന് എന്നാണ്. ഇതിൽ കൂടുതൽ വാചാലമായി എങ്ങിനെയാണ് മതത്തെ / വിശ്വാസത്തെ നിർവചിക്കുക! അതിൽപ്പരം എന്ത് പ്രസക്തിയാണ് ഇവയ്ക്ക് മനുഷ്യ ജീവിതത്തിലുള്ളത്?

ആദ്യന്തം വൈകാരികതയിലൂന്നിയ ഈ സിനിമയിൽ ഒരു ഘട്ടത്തിൽ പോലും ‘മെലോഡ്രാമ’യിലേക്ക് വീഴാതെ, സൂക്ഷ്മതയോടെയാണ് ഓരോ രംഗവും അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ പുലർത്തിയ ശ്രദ്ധയ്ക്ക് നൂറു മാർക്ക്. തീർത്തും ഒറ്റ സീനിൽ വരുന്ന കഥാപാത്രങ്ങൾ പോലും നിർണായകമായ പ്രകടനങ്ങൾ നടത്തിയിരിക്കുന്നു. ജമീലുമ്മയുടെ പുതിയാപ്ളയായി എത്തിയ K.T. C അബ്ദുള്ള വെറും മൂന്നോ നാലോ വാചകം മാത്രേ പറയുന്നുള്ളൂവെങ്കിലും മനസ്സിലുണ്ടാക്കുന്ന കനം വാക്കുകൾക്കതീതമാണ്. കല്യാണ ബ്രോക്കർ, നായര്, മജീദിന്റെ കൂട്ടുകാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ ഓരോ വേഷവും വിശ്വസനീയമാക്കുന്നതിൽ സക്കറിയ വിജയിക്കുന്നു.

സമീപകാലത്ത് എഴുതപ്പെട്ട മികച്ച തിരക്കഥകൂടിയാണ് ഈ സിനിമയുടേത്. പറയാതെ വാക്കുകൾക്കിടയിൽ ഒളിപ്പിച്ചുവച്ച കഥ/ രാഷ്ട്രീയമാണ് സുഡാനിയെ മികച്ച സിനിമാനുഭവമാക്കുന്നത്. ഏത് നിമിഷവും പോലീസ് വിളിപ്പിക്കാവുന്ന സംശയത്തിന്റെ നിഴലിൽ ജീവിക്കേണ്ടി വരുന്ന മനുഷ്യരാണ് മജീദും സംഘവും. സുഡുവിന്റെ കാണാതായ പാസ്പോർട്ട് അന്വേഷിക്കുമ്പോൾ ‘ഐഡൻഡിറ്റി’ ആഴത്തിലുള്ള രാഷ്ട്രീയ മാനങ്ങളോടെ കടന്നു വരുന്നുണ്ട്. നൈജീരിയ പോലുള്ള രാജ്യത്ത് നിന്ന് കള്ള പാസ്പോർട്ട് എടുത്ത് ജീവിക്കാൻ വേണ്ടി പന്തുകളിക്കാനിറങ്ങിയ നിരവധി മനുഷ്യരുടെ കഥയായി സിനിമ മാറുന്നു. ഒരു പാസ്പോർട്ടുമില്ലാത്ത കാലത്ത് ലോകം ചുറ്റി നടന്ന ബാപ്പായെ ബീയുമ്മ ഓർക്കുന്നത് ‘പാക്കിസ്ഥാൻ പൗരത്വം’ കൊണ്ട് നാട്ടിൽ പരദേശിയായി ജീവിക്കേണ്ടി വന്നവരുടെ കാലത്ത് കറുത്ത ഹാസ്യമായി മാറുന്നു.

മുസ്ലിം മതം കാരുണ്യത്തിന്റെ വിശ്വാസ സംഹിതയാണെന്ന് ഉറച്ചു പറയുന്നുണ്ട് ഈ ചിത്രം. അത് ഒറ്റ സംഭാഷണത്തിലും കടന്നു വരുന്നില്ലെങ്കിലും. കഥാപാത്രങ്ങളുടെ പെരുമാറ്റമാണ്/ചെയ്തികളാണ് സംസാരിക്കുന്നത്.

പശ്ചാത്തല സംഗീതത്തിൽ റെക്സ് വിജയൻ സൃഷ്ടിച്ച മെലഡികൾ  പ്രത്യേക പരാമർശമർഹിക്കുന്നു. ഒരിക്കൽ പോലും മ്യൂസിക് സിനിമയെ ഹൈജാക്ക് ചെയ്യുന്നില്ല. വൈകാരികതയെ അമിതത്വത്തിലേക്ക് വഴുതാതെ പിന്തുണയ്ക്കുന്നു. സിനിമയുടെ ആത്മസ്പന്ദനമാവുന്നുണ്ട് ഇവിടെ പശ്ചാത്തല സംഗീതം. സംഗീതോപകരണങ്ങളുടെ തിരഞ്ഞെടുപ്പിലും സ്ഥിരം ‘മുസ്ലിംകൾച്ചർ’ ലേബൽ റെക്സ് ഉപയോഗിക്കുന്നില്ല.

പന്തുകളിയുടെ താളപ്പെരുക്കത്തിൽ ഷഹബാസ് അമൻ എഴുതിചിട്ടപ്പെടുത്തിയ ‘ഏതുണ്ടെടാ ഊറ്റം കൊള്ളാനായി, കാൽപന്തല്ലാതെ..’ ഏറനാടിന്റെ പാട്ടുശീലത്തിൽ വേറുറച്ചു നില്ക്കുന്നു. അൻവർ അലി, ഹരി നാരായണൻ എന്നിവരുടെ വരികൾ കഥാഗതിയിലെ വളർച്ച ആഖ്യാനം ചെയ്യാൻ ഉള്ള ‘ടൂൾ’ എന്ന നിലയിൽ  സിനിമയുടെ ശരീരത്തോട് ചേർന്നു നില്ക്കുന്നു, എങ്കിലും ആദ്യന്തം ജീവിതത്തിന്റെ ചൂടും ചൂരും തെഴുത്തു നില്ക്കുന്ന സുഡാനി ഒരു ‘സിനിമ’യാണെന്ന് തോന്നിച്ചത് ഈ ഗാനങ്ങൾ കൊണ്ടു മാത്രമാണ് എന്നതും ഒരു സത്യം.

ജമീലുമ്മയുടെ ചുമരിൽ ഒരു തെങ്ങും കൊച്ചു കൂരയും അതിനു മുകളിൽ പന്തുതട്ടി ആകാശത്തിലേക്ക് സ്വപ്ന സഞ്ചാരവും നടത്തുന്ന ഒരാളുടെ ചിത്രം സുഡു കോറിയിടുന്നുണ്ട്. ആ ചിത്രം കൂടി ഉൾക്കൊള്ളിക്കുന്ന അവസാന Shot-ൽ പുതിയൊരു മജീദിന്റെ പിറവിയുണ്ട്. കാവ്യാത്മകമായ ഈ ഭരതവാക്യത്തിൽ മത /ജാതി /വർഗ വിവേചനങ്ങൾക്കെല്ലാം മുകളിൽ കളി / കല തീർക്കുന്ന സുന്ദരവിഹായസ്സിന്റെ അടയാളപ്പെടുത്തലുമുണ്ട്.

‘പൈസ ഉണ്ടാക്കാൻ വേണ്ടി കളിക്കാത്ത, കളിക്കാൻ പൈസ ഉണ്ടാക്കാൻ കളിക്കുന്ന ‘ പന്തുകളിയുടെ ഏറനാടൻ തത്വശാസ്ത്രത്തിന് സല്യൂട്ട്! പൊടിഞ്ഞ  രണ്ടു തുള്ളി സന്തോഷം ചേർത്തുവെക്കുന്നു; സുഡാനി ജൈവമാണ്!

Comments

comments