ഭാരതമെന്ന പേരുകേട്ടാൽ അന്തഃരംഗം അഭിമാനപൂരിതമാകണമെന്നും കേരളമെന്ന പേരു കേട്ടാൽ ചോര ഞരമ്പുകളിൽ തിളയ്ക്കണമെന്നും പാടിയത് മഹാകവി വള്ളത്തോളാണ്. ഇന്ത്യയുടെ ദേശീയസ്വാതന്ത്ര്യത്തിനായുള്ള സമരം പ്രക്ഷുബ്ധമായികൊണ്ടിരുന്ന സമയത്താണ് അദ്ദേഹം ആ കവിത എഴുതുന്നത്. മറ്റെന്തിനേക്കാളും ഉപരി, ദേശീയതയെ ചൊല്ലി കവിക്കുണ്ടായിരുന്ന അന്തഃസംഘർഷങ്ങളും സന്ദേഹങ്ങളുമാണ് ആ വരികളിലൂടെ വെളിവാകുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കേരളത്തെക്കുറിച്ച് മാത്രമല്ല, മറ്റേത് സംസ്ഥാനത്തെപറ്റിയും അതേ വികാരവായ്‌പോടെ ഈ വരികൾ അവിടെയുള്ളവർക്കൊക്കെ ചൊല്ലാനാകുമെന്നും.
നാനാത്വമാണ് ഇന്ത്യ. ഇവിടെ ദേശീയത എന്നത് പഠിച്ചും അറിഞ്ഞും തുടങ്ങുമ്പോൾ നമ്മിലേക്കിറങ്ങി വരുന്ന ഒരു ബോധമാണ്. എന്നാൽ നമ്മളെ മലയാളിയോ കന്നഡിഗയോ ബംഗാളിയോ ഒക്കെ ആക്കിത്തീർക്കുന്ന പ്രാദേശിക സ്വത്വമാകട്ടെ ഭാഷ, ഉടുപ്പ്, നടപ്പ്, ഇരിപ്പ് എന്നിങ്ങനെ തൊട്ടറിയാനൊക്കുന്ന അനുഭവവേദ്യമായ ഒരു യാഥാർഥ്യവും. ഇതിനർത്ഥം ദേശീയതയിലൂന്നിയ ദേശരാഷ്ട്രത്തിന്‍റെ നിരാകരണമാണ് ഉപദേശീയത എന്നല്ല. ചരിത്രപരവും സാസ്‌ക്കാരികവും സാമൂഹികവും ആയ ഒരു അനിവാര്യതയായി ഇന്ത്യൻ ദേശീയത രൂപപ്പെട്ടത് പ്രാദേശികമായ വിവിധ സ്വത്വങ്ങളിലൂടെ വളർന്നുവന്ന ഉപദേശീയതകളെ ഇല്ലാതാക്കിയല്ല എന്ന് മാത്രമാണ്.
ദേശീയതയോ അതോ പ്രാദേശികസ്വത്വം അഥവാ ഉപദേശീയതയോ എന്ന ചോദ്യത്തിനു മുന്നിൽ രണ്ടും നമ്മുക്ക് വേണ്ടതാണെന്ന് പറഞ്ഞൊഴിയാൻ കവിക്ക് എളുപ്പമാണ്. എന്നാൽ, ദേശീയതയും ഉപദേശീയതയും തമ്മിലുള്ള നിത്യസംഘർഷങ്ങളെയും വൈരുദ്ധ്യങ്ങളെയും നിരന്തരം നേരിടുകയും പരിഹാരം തേടുകയും ചെയ്യേണ്ടിവരുന്ന രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം അതത്ര എളുപ്പമല്ല. ചരിത്രപരമായ കാരണങ്ങളാൽ ഇത്തരം വൈരുദ്ധ്യങ്ങൾ കൂടുതൽ തീക്ഷ്ണവും പ്രകടവും ആകുന്ന ദശാസന്ധികളിൽ പ്രത്യേകിച്ചും. ഒരു ഞാണിന്മേൽകളി പോലാണത്.
കർണാടകയിലെ തിരഞ്ഞെടുപ്പ് കോലാഹലങ്ങളാണ് ഇപ്പോൾ ഇത് ഓർക്കാൻ കാരണം. ഈ വരുന്ന മെയ് മാസത്തിൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് കർണാടക. അവിടെ, ഇന്ത്യ എന്ന ദേശരാഷ്ട്രരൂപീകരണത്തിൽ നിസംശയമായും ഏറ്റവും പ്രധാന പങ്കുവഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസും അതിന്റെ സംസ്ഥാനത്തെ അമരക്കാരനായ സിദ്ധരാമയ്യയും അത്തരമൊരു ഞാണിന്മേൽ കളിയിലാണ്.
പ്രാദേശിക കോൺഗ്രസ്:
കഴിഞ്ഞ മാർച്ച് 8- ന് കർണാടകക്ക് സ്വന്തമായി ഒരു പതാകയ്ക്ക് ഔ ദ്യോഗികമായി അംഗീകാരം നൽകാൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാർ തീരുമാനിച്ചു. കുറച്ച് കാലങ്ങളായി കർണാടകയിൽ കോൺഗ്രസ് അനുവർത്തിച്ചു വരുന്ന “പ്രാദേശിക രാഷ്ട്രീയ”ത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു അത്. ഇത്രയും നാൾ ജമ്മു കാശ്മീർ മാത്രമായിരുന്നു സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനം. ഇപ്പോൾ കർണാടകക്കു കൂടി ആ പദവി കൈവന്നിരിക്കുന്നു.
കർണാടകക്കാരെ സംബന്ധിച്ചിടത്തോളം മഞ്ഞയും ചുവപ്പും വർണ്ണങ്ങളിലുള്ള ഈ പതാക പുതിയ ഒന്നല്ല. കാലങ്ങളായി കർണാടകസ്വത്വത്തെ ഉയർത്തികാട്ടേണ്ടുന്ന അവസരങ്ങളിലൊക്കെയും കർണാടകത്തിലെ ജനങ്ങൾ അത് ഉത്സാഹപൂർവ്വം പ്രദർശിപ്പിക്കാറുണ്ട്. നവംബർ മാസത്തിൽ സംസ്ഥാനരൂപീകരണദിനത്തിന്റെ ഭാഗമായി ആഘോഷിച്ചുവരുന്ന കർണാടകരാജ്യോത്സവം മഞ്ഞയുടെയും ചുവപ്പിന്റെയും ആഘോഷമായി മാറുക പതിവാണ്. കഴിഞ്ഞ മാസം ഈ പതാകയ്ക്ക് ഔദ്യോഗികമായി അംഗീകാരം കിട്ടിയെന്നുമാത്രം.
സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ ബ്ലൂകോളർ ജോലികൾ കർണാടകക്കാർക്കായി മാത്രം നീക്കിവയ്ക്കണമെന്ന നിർദ്ദേശം, വിദ്യാലയങ്ങളിൽ കന്നഡപഠനം നിർബന്ധിതമാക്കാനുള്ള തീരുമാനം – ഈ പരമ്പരയിൽ അവസാനത്തേതാണ് സംസ്ഥാനപതാകയ്ക്ക് അംഗീകാരം നൽകാനുള്ള നീക്കം.
തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്, താൽക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി സിദ്ധരാമയ്യ നടത്തിയ തന്ത്രപൂർവ്വമായ ഒരു രാഷ്ട്രീയനീക്കമാണു ഇതെന്ന വ്യാഖ്യാനമുണ്ട്. ഒരു ദേശീയകക്ഷിയായ കോൺഗ്രസിന് ചേർന്നതല്ല പ്രാദേശികതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികളെന്ന വിമർശനവും. ഇതിലൊന്നും വാസ്തവമില്ലെന്ന് പറഞ്ഞുകൂടാ. എന്നാൽ ഒരു രാഷ്ട്രീയക്കാരന്റെ കൗശലബുദ്ധിയെന്ന നിലയിൽമാത്രം ഇതിനെ ചുരുക്കിക്കാണുന്നത് കാര്യങ്ങളുടെ ലളിതവൽക്കരണമാണ്.
പാർശ്വവൽക്കരണം, അവഗണന തുടങ്ങിയ കാര്യങ്ങളെ ചൊല്ലി വിവിധ പ്രാദേശികസ്വത്വങ്ങൾ ഉയർത്തുന്ന പ്രതിഷേധങ്ങൾ ഈയടുത്തകാലത്ത് ഇന്ത്യയുടെ പലഭാഗങ്ങളിൽ ശക്തിപ്പെടുന്നുണ്ട്. രാജ്യം ഭരിക്കുന്ന സംഘപരിവാർ, അവരുടെ ഹിന്ദുത്വരാഷ്ട്രീയ അജണ്ടയുടെ ഭാഗമായി, ഒളിഞ്ഞും തെളിഞ്ഞും ഏകശിലാത്മകമായ ഒരു ദേശീയതയും സംസ്‌കാരവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരായി ഉയരുന്ന സ്വാഭാവികപ്രതികരണങ്ങളാണു ഇവയൊക്കെയും.
നാനാത്വത്തിൽ ഏകത്വമെന്ന വാചകം ഘടനയിൽ ലളിതമായിരിക്കാം. പക്ഷെ അത് ഇന്ത്യയുടെ രാഷ്ട്രശരീരത്തിലെ നിരവധി സംഘർഷങ്ങളെയും വൈരുദ്ധ്യങ്ങളെയും സമർത്ഥമായി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. സംഘപരിവാറിന്റെ പരീക്ഷണങ്ങൾ ഈ ആന്തരിക വൈരുദ്ധ്യങ്ങളെ മൂർച്ഛിപ്പിക്കാനും മുന്നോട്ട് -കൊണ്ടുവരാനും ഇടയാക്കുന്നു. ഈ പശ്ചാത്തലത്തിൽ വേണം കർണാടകരാഷ്ട്രീയത്തിൽ ശക്തിപ്രാപിക്കുന്ന പ്രാദേശികതയേയും മനസ്സിലാക്കാൻ. ചരിത്രപരമായി വൈവിധ്യങ്ങളെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്തുവന്ന ഒരു ദേശമാണ് കർണാടക. ലിംഗായത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബസവണ്ണയുടെ വചനസാഹിത്യം, സൂഫിസം തുടങ്ങിയ സമാന്തര സാംസ്ക്കാരികധാരകൾക്ക് കർണാടകയിൽ ഒരു കാലത്ത് ഉണ്ടാക്കിയെടുക്കാനൊത്ത സ്വാധീനം അതിനു തെളിവാണ്.
കർണാടകത്തിലെ പ്രമുഖ സമുദായമായ ലിംഗായത്തുകൾക്ക് മതന്യൂനപക്ഷപദവി നൽകിയതിലും പതാകവിഷയത്തിനു സമാനമായ സമീപനവും രാഷ്രീയകൗശലവും കാണാം. 11-12 നൂറ്റാണ്ടുകളിൽ വൈദികബ്രാഹ്‌മണ്യം സൃഷ്ടിച്ച വർണ്ണജാതിവ്യവസ്ഥക്കും അതിന്റെ ഭാഗമായി നാട്ടിൽ നടമാടിയിരുന്ന ദുരാചാരങ്ങൾക്കും സാംസ്ക്കാരിക ജീർണ്ണതകൾക്കും എതിരായ എതിർപ്പിൽ നിന്നാണ് ലിംഗായത്ത് പ്രസ്ഥാനംരൂപപ്പെടുന്നത്. വീരശൈവ പ്രസ്ഥാനത്തിന്റെ വിപ്ലവകാരിയായ നേതാവായിരുന്ന, ബസവണ്ണ എന്നറിയപ്പെടുന്ന, ബസവേശ്വരയായിരുന്നു ലിംഗായതയുടെ സ്ഥാപകൻ. ബസവവചനങ്ങൾ പിന്തുടരുന്ന ലിംഗായത്തുകൾ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്ന വാദം ലിംഗായത്ത് ഭക്തരും മഠാധിപതികളും കാലങ്ങളായി ഉയർത്തി വരുന്നതാണ്. ശക്തമായ പ്രക്ഷോഭങ്ങളും ഇതിനു വേണ്ടി ഉണ്ടായിട്ടുണ്ട്. ഈ വാദത്തെ അംഗീകരിച്ച് അവർക്ക് പ്രത്യേക മതന്യൂനപക്ഷപദവി നൽകിയതിലൂടെ ബി. ജെ. പിയെ ഒരു വലിയ കുടുക്കിൽ തള്ളിയിടാൻ കോൺഗ്രസിനായി.
സ്വാഭാവികമായും, ആർ.എസ്. എസ്സ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന് ലിംഗായത്തുകൾ പ്രത്യേക മതമായി മാറുന്നതുമായി യോജിക്കാനൊക്കില്ല. അവരെ സംബന്ധിച്ചിടത്തോളം ഹിന്ദുമതമെന്നത് ഒരൊറ്റ അച്ചിൽ വാർത്തെടുക്കപ്പെട്ട ഒരു മതമാണല്ലോ.
അതു മാത്രമല്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തെയും ഈ തീരുമാനം കാര്യമായി ബാധിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രബലസമുദായങ്ങളിലൊന്നായ ലിംഗായത്തുകൾക്കിടയിൽ ബി. ജെ. പിക്ക് ശക്തമായ സ്വാധീനമാണുള്ളത്. 2012-ൽ മുൻമുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പ ബി.ജെ.പി. വിട്ട് കെ.ജെ.പി എന്ന പാർട്ടി രൂപീകരിച്ചപ്പോൾ ഈ സ്വാധീനത്തിൽ വലിയ വിള്ളലുണ്ടായി. മുപ്പതിൽ കൂടുതൽ സീറ്റുകൾ ബി.ജെ.പിക്ക് ആ വർഷം നടന്ന തിരഞ്ഞെടുപ്പിൽ നഷ്ടമാകുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പിൽ യെദിയൂരപ്പയുടെ തിരിച്ചുവരവ് ലിംഗായത്തുകളുടെ പിന്തുണ വീണ്ടെടുക്കാൻ സഹായിക്കും എന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. അതിനേറ്റ ഒരു വലിയ തിരിച്ചടിയാണ് ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി നൽകിയ കോൺഗ്രസ്സ് നീക്കം.
പ്രാദേശികതയിലും ജാതി-സമുദായ സമവാക്യങ്ങളിലും വേരുകളുള്ള ഏതാനും വിവാദങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ട് കോൺഗ്രസിന് കർണാടകയിൽ ഭരണത്തിൽ തിരിച്ചുവരാൻ പറ്റുമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. 1985-നു ശേഷം ഭരിക്കുന്ന പാർട്ടിയെ വീണ്ടും അധികാരത്തിലേത്തിച്ച ചരിത്രം കർണാടകക്ക് ഇല്ലെന്നോർക്കുമ്പോൾ പ്രത്യേകിച്ചും. പക്ഷെ തിരഞ്ഞെടുപ്പ് സർവേകളും രാഷ്ട്രീയനിരീക്ഷകരുടെ വിശകലനങ്ങളും വിരൽചൂണ്ടുന്നത് കോൺഗ്രസിന് ഇതുവരെ ഒരു മുൻതൂക്കം ഉണ്ടാക്കിയെടുക്കാനായിട്ടുണ്ട് എന്നാണ്.
സംസ്ഥാനപതാക, ലിംഗായത്ത് തുടങ്ങിയ ഒന്നോ രണ്ടോ സെൻസേഷണൽ വിഷയങ്ങളിൽ കോൺഗ്രസ്സ് മുൻകൈ നേടിയെടുത്തു എന്നത് മാത്രമല്ല അതിനു കാരണം. പിന്നോക്ക വിഭാഗങ്ങളടക്കം വിവിധ ജനവിഭാഗങ്ങളുടെ ആശയഭിലാഷങ്ങളെ ഒരു പരിധി വരെയെങ്കിലും പ്രതിനിധീകരിക്കാൻ കഴിയുന്നുണ്ടെന്ന തോന്നലുളവാക്കാൻ ഭരണത്തിലും പ്രചാരണരംഗത്തും അവർക്കായിട്ടുണ്ട്. കൂടാതെ, നേരത്തെ സൂചിപ്പിച്ചതു പോലെ ഫെഡറലിസത്തിന്റെയും നാനാത്വത്തിന്റെയും രാഷ്ട്രീയം മുന്നോട്ടു വെച്ച് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് പ്രതിരോധം തീർക്കാനും. അതേ സമയം മൃദുഹിന്ദുത്വ സമീപനം പാടെ ഒഴിവാക്കാനും കോൺഗ്രസിന് കഴിയുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇലക്ഷൻ പ്രചരണത്തിനെത്തിയ പാർട്ടിയുടെ അദ്ധ്യക്ഷനായ രാഹുൽഗാന്ധിയുടെ ജനശ്രദ്ധയാർജ്ജിച്ച ക്ഷേത്രസന്ദർശനങ്ങൾ തന്നെ ഉദാഹരണം.
സിദ്ധരാമയ്യ
സിദ്ധരാമയ്യ എന്ന രാഷ്ട്രീയക്കാരൻ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത് കർണാടകയിലെ ജനങ്ങളിൽ ഉടലെടുത്തിരിക്കുന്ന മേല്പറഞ്ഞ പോലുള്ള അസംതൃപ്തികളെയും പ്രതിഷേധങ്ങളെയുമാണ്. അതേസമയം, താൻ മുന്നോട്ടു വെക്കുന്ന ‘പ്രാദേശികരാഷ്ട്രീയം’ ഉയർത്തുവാനിടയുള്ള വിമർശനങ്ങളെയും ആശങ്കകളെയും മനസ്സിലാകാത്ത ഒരു രാഷ്ട്രീയബാല്യമൊന്നുമല്ല അദ്ദേഹത്തിന്റേത്.
എഴുപതുകളിൽ ജനതാപാർട്ടിയിലൂടെയാണ് കർണാടകത്തിലെ മുഖ്യധാരാ രാഷ്രീയത്തിൽ സിദ്ധരാമയ്യയുടെ രംഗപ്രവേശം. രാമകൃഷ്ണ ഹെഗ്‌ഡെയുടെ സംസ്ഥാനമന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. പിന്നീട് ജനതാദളിന്റെ്യും ജനതാദൾ സെക്കുലറിന്റെയും പ്രമുഖ സംസ്ഥാന നേതാക്കളിലൊരാളായി. എച്ച്. ഡി. ദേവഗൗഡയുടെ മന്ത്രിസഭയിൽ ധനകാര്യവും ജെ. എച്ച്. പട്ടേലിന്റെയും ധരംസിങ്ങിന്റെയും മന്ത്രിസഭകളിൽ ഉപമുഖ്യമന്ത്രിസ്ഥാനവും കൈകാര്യം ചെയ്തു.
2005-ൽ ദേവഗൗഡയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സിദ്ധരാമയ്യ ജനതാദൾ വിട്ട് കോൺഗ്രസിൽ ചേരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ കർണാടക രാഷ്ട്രീയത്തിന്റെ അലകും പിടിയും അറിയാവുന്ന അദ്ദേഹത്തതിന്റെ നേതൃപാടവം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിന്നോക്കവിഭാഗക്കാരുടെയും ദലിതരുടെയും നേതാവായി അറിയപ്പെടാൻ ശ്രദ്ധാലുവായ സിദ്ധരാമയ്യ, ഈ വിഭാഗങ്ങളെ സന്തോഷിപ്പിക്കാൻ കിട്ടിയ അവസരങ്ങളൊന്നും ഇക്കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ വിട്ടു കളഞ്ഞിട്ടില്ല. കന്നഡയിൽ അല്പസംഖ്യ തരു, ഹിന്ദുലിദവരു മറ്റുദളിദരു എന്നതിന്റെ ചുരുക്കമായ അഹിന്ദ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭാഗത്തിന്റെ പിന്തുണ തിരഞ്ഞെടുപ്പിൽ വളരെ നിർണ്ണായകമാണ്.
ഒരു യുക്തിവാദിയെന്ന പ്രതിച്ഛായയും അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങളേയും ദുരാചാരങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള നിയമനിർമ്മാണമെന്ന പുരോഗമനവാദികളുടെയും സാമൂഹ്യപരിഷ്ക്കർത്താക്കളുടെയും കാലങ്ങളായുള്ള ആവശ്യം ഏറെ എതിർപ്പുകൾക്കുശേഷം നടപ്പിലാക്കുന്നത് സിദ്ധരാമയ്യയുടെ ഭരണകാലത്തായിരുന്നു. യുക്‌തിവാദിയും ചിന്തകനും ആയിരുന്ന എം എം കൽബുർഗിയുടെ കൊലപാതകം ഇങ്ങനെയൊരു നിയമനിർമ്മാണത്തിനു വേണ്ടിയുള്ള സമരങ്ങൾക്ക് ശക്തി കൂട്ടിയിരുന്നു.
ചുരുക്കത്തിൽ, ഒരു’സോഷ്യലിസ്റ്റ്’ പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ ഒരു നേതാവാണ് സിദ്ധരാമയ്യ എന്ന് പറയാം.
തനിക്കെതിരെ ഈ ഇലക്ഷനിൽ ഉയർന്നു വരാവുന്ന പ്രാദേശികവാദിയെന്ന വിമർശനത്തിന്റെ മുനയൊടിക്കുന്നതിനു വൈകാരികത മാത്രം മതിയാകില്ലെന്നും യുക്തിഭദ്രമായ ആശയങ്ങളുടെ അടിത്തറ ആവശ്യമാണെന്നും ഉള്ള ബോധ്യം സിദ്ധരാമയ്യക്കുണ്ട്. ഭരണഘടനയുടെ അന്തഃസത്തയെ ഉയർത്തി ഫെഡറലിസം ശക്‌തിപ്പെടുത്തേണ്ടതിന്റെ ആവശ്യം ഈ തിരഞ്ഞെടുപ്പിൽ ഒരു ചർച്ചാവിഷയമാക്കാനുള്ള ശ്രമം കോൺഗ്രസിൽ നിന്നുണ്ടാകുന്നത് അതുകൊണ്ടാണ്. മാർച്ച് 14-നു തന്റെ ഫേസ്ബുക്ക് പേജിൽ ഈ വിഷയത്തെപറ്റി സിദ്ധരാമയ്യ എഴുതിയ വിശദമായകുറിപ്പ് ഇതിന് ഒന്നാന്തരം ഉദാഹരണമാണ്.
സിദ്ധരാമയ്യയെ നിദ്ദരാമയ്യ എന്ന് കളിയാക്കാറുണ്ട് പ്രതിയോഗികൾ. പൊതുവേദികളിൽ ഉറക്കം തൂങ്ങിയിരിക്കുന്നു എന്നാണ് ആരോപണം. അതെന്തായാലും, ആദ്യവർഷങ്ങളിൽ പ്രകടമായ ഉറക്കച്ചടവ് പിന്നീട് ഭരണത്തിൽ കണ്ടിട്ടില്ല എന്ന് പറയേണ്ടിവരും. പാർട്ടിക്കകത്തെ വഴക്കുകളും കിടമത്സരങ്ങളും പ്രായേണ കുറവാണ് താനും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന അന്നഭാഗ്യ പോലുള്ള ക്ഷേമപദ്ധതികൾക്ക് നാട്ടിൻപുറങ്ങളിൽ വലിയ സ്വീകാര്യത ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. കർഷകവായ്പ എഴുതിതള്ളിയതു പോലുള്ള നടപടികൾ, ബെംഗലൂരുവിൽ ഈയിടെ ആരംഭിച്ച നഗരത്തിലെ ദരിദ്രർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാ-കാന്റീനുകൾ എന്നിങ്ങനെ നിരവധി ക്ഷേമപദ്ധതികൾ ഉയർത്തിക്കാട്ടാനുണ്ട് ഈ സർക്കാരിന്. പുറത്തിറങ്ങാനിരിക്കുന്ന കോൺഗ്രസ് മാനിഫെസ്റ്റോ ഇത്തരം ക്ഷേമപരിപാടികളെ ഉയർത്തിക്കാട്ടി ഒരു കർണാടകമോഡൽ വികസനം മുന്നോട്ടു വയ്ക്കും എന്ന് കരുതപ്പെടുന്നു.
ബി. ജെ. പി. കരുതുന്നത്:
ത്രിപുരയുൾപ്പെടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻനേട്ടങ്ങളുണ്ടാക്കിയതിന് ശേഷം ദക്ഷിണേന്ത്യയിലേക്ക് കണ്ണ് നടുന്ന ബി. ജെ. പിയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ് കർണാടകത്തിലെ അസംബ്ലി തിരഞ്ഞെടുപ്പ്. 2019-ലെ ലോകസഭാതിരഞ്ഞെടുപ്പിനു മുൻപ് ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനമെങ്കിലും കൈപിടിയിലൊതുക്കേണ്ടത് അവരുടെ വലിയ ആവശ്യമാണ്. എങ്കിലും പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ അവരൊന്നു പതറിയിരിക്കുന്നു എന്ന തോന്നലാണുണ്ടാകുന്നുണ്ട്. താരതമ്യേന മോശമല്ലാത്ത ഒരു ഭരണത്തിന്റെ പിൻബലത്തിൽ സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന അമിതാധികാരത്തിന്റെയും അധികാരകേന്ദ്രീകരണത്തിന്റെയും രാഷ്ട്രീയത്തെ വെല്ലുവിളിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ അതിനെ ഏത് രീതിയിൽ പ്രതിരോധിക്കണമെന്ന് ഉറപ്പില്ലാതെയാണ് ബി. ജെ. പി. നീങ്ങുന്നത്. ഹിന്ദുത്വരാഷ്രീയവും അതിന്റെ സന്തതസഹചാരിയായ വർഗ്ഗീയതയും തീരദേശ കർണാടക പോലുള്ള ചില പ്രദേശങ്ങളിൽ ഫലവത്തായേക്കാം. എങ്കിലും മതത്തേക്കാളേറെ സമുദായസമവാക്യങ്ങളാണു മറ്റു പലയിടങ്ങളിലും സ്വാധീനം ചെലുത്തുന്നത്.
ബി. എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി നിർത്തിയാണ് ബി. ജെ. പി. തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഇതിനു മുൻപ് രണ്ടു തവണ മുഖ്യമന്ത്രി ആയിരുന്ന യെദിയൂരപ്പ, 2011-ൽ അഴിമതി ആരോപണങ്ങളെ തുടർന്ന് പാർട്ടി-കേന്ദ്രനേതൃത്വത്തിന്റെ ആവശ്യപ്രകാരം മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന നേതാവാണ്. ബെംഗളൂരിലും ഷിമോഗയിലും നടന്ന ഭൂമി ഇടപാടുകളിലും ബെല്ലാരി, തുംകൂർ, ചിത്രദുർഗ ജില്ലകളിൽ നടന്ന നിയമവിരുദ്ധ ഇരുമ്പയിർ ഖനനങ്ങളുമായി ബന്ധപ്പെട്ടും അനധികൃതമായി അദ്ദേഹം സ്വത്ത് സംമ്പാദിച്ചു എന്നായിരുന്നു കർണാടക ലോകായുക്ത അന്ന് കണ്ടെത്തിയത്.
അങ്ങിനെ പാർട്ടി വിടാൻ നിർബന്ധിതനായ യെദിയൂരപ്പ 2013-ൽ വീണ്ടും ബി. ജെ. പിയിലേക്ക് തിരിച്ചെത്തി. യെദിയൂരപ്പയുടെ തിരിച്ചുവരവ് ലിംഗായത്തുകളെ തങ്ങളോടടുപ്പിച്ച് നിർത്താൻ സഹായിക്കുമെന്ന കണക്കുകൂട്ടലിന്, അവർക്കു മതന്യൂനപക്ഷ പദവി നൽകിയത് എങ്ങനെ വിള്ളലേൽപ്പിച്ചുവെന്നത് നേരത്തെ സൂചിപ്പിച്ചതാണല്ലോ.
ഒരു വോട്ടുബാങ്കെന്ന നിലയിൽ ലിംഗായത്തുകൾക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന ശക്തി ഊതിവീർപ്പിക്കപ്പെട്ടതാണെന്ന വാദമുണ്ട്. വോട്ടർമാരിൽ 17 ശതമാനം വരും ലിംഗായത്തുകളെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. എന്നാൽ കർണാടകസർക്കാർ നടത്തിയ ഇനിയും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ജാതി തിരിച്ചുള്ള സെൻസസ് പ്രകാരം ലിംഗായത്തുകളുടെ എണ്ണം 9.8% മാത്രമാണത്രെ. അതേ സമയം ദളിതർ ജനസംഖ്യയുടെ 18% വരും. കണക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്തായാലും ലിംഗായത്ത് വോട്ടിന്റെ ചോർച്ച വളരെ ഗൗരവത്തോടെയാണ് ബി . ജെ. പി. കാണുന്നതെന്ന് മഠാധിപതികളെ കാണാനും ചർച്ചനടത്താനും അമിത്ഷാ കാട്ടുന്ന താല്പര്യത്തിൽ നിന്നു വ്യക്തമാണ്.
അഴിമതിയിൽ മുങ്ങികുളിച്ച ആൾ എന്ന യെദിയൂരപ്പയുടെ പ്രതിഛായ ബി. ജെ. പി.ക്ക് ഒരു ഭാരമാണ്. ഈയിടെ ഒരു പത്രസമ്മേളനത്തിൽ യെദിയൂരപ്പയാണ് ഏറ്റവും വലിയ അഴിമതിക്കാരൻ എന്ന് പാർട്ടി അധ്യക്ഷൻ അമിത്ഷാ അറിയാതെ പറഞ്ഞുപോയത് എതിരാളികൾക്ക് പരിഹസിക്കാൻ കിട്ടിയ അവസരമായി മാറി. അമിത്ഷായ്ക്ക് നാക്ക് പിഴച്ചതാണ്; സിദ്ധരാമയ്യ എന്ന് പറയേണ്ടിടത്ത് യെദിയൂരപ്പ എന്ന് പറഞ്ഞുപോയതാണ്. അതെന്തായാലും, യെദിയൂരപ്പയെ മുന്നിൽ നിർത്തി സിദ്ധരാമയ്യയുടെ അഴിമതി ചർച്ചാവിഷയമാക്കാൻ വിഷമമാണെന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നു. സിദ്ധരാമയ്യയുടെ ആഡംബര ജീവിതശൈലിയെക്കുറിച്ചും അദ്ദേഹത്തിന്റെ 40 ലക്ഷം രൂപ വരുന്ന വാച്ചിനെക്കുറിച്ചുമൊക്കെയുള്ള ബി. ജെ. പി. നേതാക്കളുടെ ആരോപണങ്ങൾ വലിയ ഇളക്കങ്ങളുണ്ടാക്കാത്തതും അതുകൊണ്ടാണ്.
വരുന്ന ദിവസങ്ങളിൽ ബി. ജെ. പി. എങ്ങിനെ പ്രചാരണം മുന്നോട്ടു കൊണ്ടുപോകും എന്നത് നിർണായകമായിരിക്കും. അമിത്ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 11 മുതിർന്ന നേതാക്കന്മാരെക്കൂടി പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്. ആർ. എസ്. എസും സജീവമായി രംഗത്തിറങ്ങും എന്ന് കരുതപ്പെടുന്നു. അവരുടെ മികവുറ്റ സംഘടനാസംവിധാനം ബി. ജെ. പിക്ക് വലിയ സഹായമാകേണ്ടതാണ്.
മോദിയുടെ സാനിധ്യം അത്ര കാര്യമായി ഈ തിരഞ്ഞെടുപ്പ് രംഗത്ത് ഇതുവരെയായി ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇനിയങ്ങോട്ട് അദ്ദേഹത്തെ മുൻനിർത്തി പ്രചാരണത്തിന് ആവേശം കൂട്ടാൻ ഒരുങ്ങുകയാണെങ്കിൽതന്നെ, ഡിമോണിറ്റൈസേഷൻ, ജിഎസ് ടി, തൊഴിലില്ലായ്മ തുടങ്ങിയ ദൈനംദിന ജീവിതപ്രശ്നങ്ങളിൽ നട്ടം തിരിയുന്ന ജനങ്ങൾ മോഡിപ്രഭാവത്തിൽ എത്രമാത്രം ആവേശഭരിതരാകും എന്നതും കണ്ടറിയണം. ജാതിസമവാക്യങ്ങൾക്കു മുൻകൈ ലഭിക്കുമ്പോൾ ഹിന്ദുത്വയെ അടിസ്ഥാമാക്കിയുള്ള പ്രചാരണം എത്രത്തോളം ഫലപ്രദമാകും എന്നതും.
ജനതാദളും മറ്റു പാർട്ടികളും:
ജനതാദൾ സെക്കുലർ പഴയ പ്രഭാവമുള്ള പാർട്ടിയൊന്നുമല്ല. പക്ഷെ സ്വന്തമായി ഭൂരിപക്ഷം നേടാൻ കോൺഗ്രസിനോ ബി. ജെ. പിക്കോ പറ്റാതെ വരുന്ന ഒരു സാഹചര്യത്തിൽ ജനതാദൾ എസിന്റെ പിന്തുണ നിർണ്ണായകമാകും. 225 അംഗങ്ങളുള്ള ഇപ്പോഴത്തെ നിയമസഭയിൽ അവർക്ക് 30 അംഗങ്ങളാണുള്ളത്. ജനസംഖ്യയിൽ എട്ടു ശതമാനത്തോളം വരുന്ന വൊക്കലിഗസമുദായത്തിന്റെ പിന്തുണയാണ് ദേവഗൗഡയുടെ മകൻ കുമാരസ്വാമിയുടെ നേതൃത്വത്തിൽ മത്സരത്തിനിറങ്ങുന്ന ജനതാദളിന്റെ ശക്തി. മൈസൂർ, രാമനഗരം, ഹസ്സൻ, മാണ്ഡ്യ, ബാംഗ്ലൂർ റൂറൽ തുടങ്ങിയ സ്ഥലങ്ങളുൾപ്പെടുന്ന തെക്കൻ കർണാടകത്തിലാണ് അവർക്കു വലിയ സ്വാധീനമുള്ളത്.
കോൺഗ്രസിനും ബി. ജെ. പിക്കും ബദലായി ഒരു മൂന്നാംമുന്നണിക്ക് നേതൃത്വം കൊടുക്കാൻ കഴിയുന്ന ഒരു രാഷ്രീയ ശക്തിയെന്ന വിശ്വാസ്യത ജനതാദളിനില്ല. 2006-ൽ ബി. ജെ. പിയുമൊത്ത് അധികാരം പങ്കിടാൻ തയ്യാറായിരുന്നു ജനതാദൾ. എന്നാൽ അതേസമയം അവരുടെ അവസരവാദപരമായ സമീപനങ്ങൾ പല മണ്ഡലങ്ങളിലെയും ഫലത്തെ സ്വാധീനിക്കാനിടയുണ്ട്.
സി.പി.എം. അടക്കമുള്ള ഇടതുപാർട്ടികളുടെ സാന്നിധ്യം കർണാടകത്തിൽ തീരെ ഇല്ലെന്നുതന്നെ പറയാം. 2013-ൽ 16 നിയോജകമണ്ഡലങ്ങളിൽ മത്സരിച്ച സി.പി. എമ്മിനു നേടാനായത് 68,775 വോട്ടുകൾ മാത്രമാണ്. സിപിഐക്ക് ലഭിച്ചതാകട്ടെ 8 സീറ്റുകളിൽ നിന്നായി 25,000-ത്തോളം വോട്ടുകളും. 2004-ൽ പാർട്ടി സംസ്ഥാനസെക്രട്ടറിയായ ജി.വി. ശ്രീരാം റെഡ്ഡി ചിക്കബെല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതാണ് സി.പി.എം നേടിയ അവസാനത്തെ ജയം. ഇക്കാലയളവിൽ സി.പി.എമ്മിന് എന്തെങ്കിലും വളർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതു സംസ്ഥാനത്തിന്റെ ചുരുക്കം ചില ഭാഗങ്ങളെ കേന്ദ്രീകരിച്ചു മാത്രമാണ്. ബെംഗളൂ രുനഗരത്തിൽ ഐ. ടി. ജീവനക്കാരെ കേന്ദ്രീകരിച്ച് ഒരു ഐടി സെല്ലുണ്ടാക്കി പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്താൻ കഴിയുന്ന വളർച്ചയുണ്ടാക്കാനൊന്നും ആയിട്ടില്ല.
അടുത്തകാലത്ത് രാജ്യമൊട്ടാകെ ഉയർന്നുവന്ന ഫാസിസത്തിനെതിരായ സാംസ്‌ക്കാരിക പ്രതിരോധങ്ങൾക്ക് കാരണമായിത്തീർന്ന രണ്ടു പ്രധാന സംഭവങ്ങൾ നടന്നത് കർണാടകയിലാണ്. എം എം കൽബുർഗിയുടെയും ഗൗരിലങ്കേഷിന്റെയും രക്തസാക്ഷിത്വങ്ങൾ. പക്ഷെ, ഇവ രണ്ടും ഈ തിരഞ്ഞെടുപ്പിൽ വലിയ വിഷയങ്ങളൊന്നുമല്ല. ദാരുണവും നികൃഷ്ടവുമായ ഈ കൊലപാതകങ്ങൾക്കെതിരെ ഉയർന്ന വലിയ പ്രതിഷേധങ്ങൾ മാറ്റങ്ങളാഗ്രഹിക്കുന്ന സാധാരണ മനുഷ്യരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. എന്നാൽ ഒരു രാഷ്രീയമുന്നേറ്റമാക്കി ഈ പ്രതിഷേധങ്ങളെ മാറ്റാനുള്ള ഭാവനയും വഴക്കവുമുള്ള നേതൃത്വം ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഇല്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഫാസിസത്തിനെതിരായ വിശാലമുന്നണിയുടെ കാര്യത്തിൽ മാത്രമല്ല, വികസനം, സാമ്പത്തികനയങ്ങൾ തുടങ്ങിയ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ബദൽ പരിപ്രേക്ഷ്യങ്ങൾ ഉയർത്തികൊണ്ടുവന്ന് അവരെ അണിനിരത്തുന്നതിലും ഇടതുപക്ഷ-പുരോഗമനപ്രസ്ഥാനങ്ങളുടെ ഈ പരിമിതി ദൃശ്യമാണ്.
അവഗണിക്കപ്പെടുന്ന ജനകീയ പ്രശ്നങ്ങൾ:
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളില്‍ 3515 കർഷകർ ആത്മഹത്യ ചെയ്ത കർണാടക, രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടന്ന സംസ്ഥാനങ്ങളിലൊന്നാണ്. പക്ഷെ കാർഷികപ്രതിസന്ധി, വരൾച്ച, കുടിവെള്ളത്തിനുള്ള ക്ഷാമം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളൊന്നും മുഖ്യരാഷ്ട്രീയകക്ഷികളുടെ പ്രധാനവിഷയങ്ങളാകുന്നില്ല.
ഒരു ഉദാഹരണം പറയാം. മലിനജലം ഒഴുകുന്ന ഓടകളും സെപ്റ്റിക്ടാങ്കുകളുമൊക്കെ വൃത്തിയാക്കുന്നതിനിടയിൽ ഈ വർഷത്തെ ആദ്യത്തെ രണ്ടുമാസത്തിനുള്ളിൽ 6 പേർ ബെംഗളൂരിൽ മരണപ്പെട്ടിരുന്നു. നിത്യവൃത്തിക്കായി വേറൊരു മാർഗ്ഗമില്ലാത്തതുകൊണ്ട് നിരോധിക്കപ്പെട്ട തോട്ടിവേല ചെയ്യാൻ നിർബന്ധിക്കപ്പെടുകയും യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാത്തതിനാൽ വിഷവാതകങ്ങൾ അകത്തു ചെന്ന് ശ്വാസംമുട്ടി മരിക്കുകയും ചെയ്യുന്ന ആദ്യത്തെ മനുഷ്യരൊന്നുമല്ല ഈ ആറുപേർ. ഇതൊന്നും ബെംഗളൂരിൽ മാത്രം നടക്കുന്ന കാര്യവുമല്ല. പക്ഷെ ഒന്നിനു പുറകെ ഒന്നായി ആവർത്തിച്ച ഈ ദുരന്തങ്ങൾ, നഗരങ്ങളിലെ ദരിദ്രരുടെ ജീവിതം എത്രമാത്രം ദുരിതമായായിരിക്കുന്നു എന്ന യാഥാർഥ്യത്തിലേക്ക് മാധ്യമങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും ശ്രദ്ധ ആകർഷികേണ്ടതുണ്ടായിരുന്നു. അതുണ്ടായില്ല.
ചില വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സർക്കാരിന്റെതന്നെയോ അലംഭാവമോ അനാസ്ഥയോ മാത്രമായിരുന്നില്ല ഈ മരണങ്ങൾക്ക് കാരണം. നമ്മുടെ മഹാനഗരങ്ങളിലെ ഒരു വലിയ വിഭാഗം മനുഷ്യർ കൊടിയ ദാരിദ്ര്യത്തിലും സാമൂഹ്യമായ പിന്നോക്കാവസ്ഥയിലും തുടരാൻ വിധിക്കപ്പെടുന്നത്തിന്റെ ഘടനാപരമായ കാരണങ്ങൾ ഈ സംഭവങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് എന്ന് ഈ മരണങ്ങൾ ഓരോന്നും പരിശോധിച്ചാൽ അറിയും.
ജീവിതം പുലർത്താനായി നാട്ടിൻപുറങ്ങളിൽനിന്നും നഗരങ്ങളിലേക്ക് പാലായനം ചെയ്യുന്ന മനുഷ്യർ. എവിടെ ചെന്നാലും അവരെ പിന്തുടരുന്ന ജാതീയവും സാമൂഹികവും ആയ പിന്നോക്കാവസ്ഥ. സാമ്പത്തിക ഉദാരവൽക്കരണവും നവലിബറലിസവും സ്വകാര്യവൽക്കരണവും കരാറുപണികളിലേക്ക് ഒതുങ്ങിപോകുന്ന തൊഴിലവസരങ്ങളും ഉണ്ടാക്കിയെടുക്കുന്ന നിസ്സഹായത. ‘അഹിന്ദ’ വിഭാഗത്തിന്റെ പേരു പറഞ്ഞു വോട്ടുപിടിക്കുന്ന കോൺഗ്രസടക്കമുള്ള വലതുപക്ഷ രാഷ്ട്രീയപാർട്ടികൾ ഇതൊന്നും കണ്ടെന്ന് നടിക്കുന്നില്ല.
സമുദായങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വോട്ട്ബാങ്ക് രാഷ്ട്രീയം അസന്തുലിത വികസനത്തിന് ആക്കം കൂട്ടുന്നു. വൊക്കലിഗ, ലിംഗായത്ത് തുടങ്ങിയ പ്രബലസമുദായങ്ങൾക്ക് മുൻതൂക്കമുള്ള പ്രദേശങ്ങൾക്കാണു മിക്കപ്പോഴും സർക്കാരിന്റെ മുൻകൈയിൽ നടക്കുന്ന വികസനപരിപാടികളുടെ നേട്ടങ്ങൾ കിട്ടുന്നത്. ദളിതരടക്കമുള്ള പിന്നോക്കവിഭാഗങ്ങൾ താരതമ്യേന കൂടുതലായുള്ള ഹൈദരാബാദ് – കർണാടക പോലുള്ള പ്രദേശങ്ങൾ അവഗണിക്കപ്പെടുന്നു.
ബെംഗളൂരുപോലുള്ള വൻ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന നയത്തിനു മാറ്റമുണ്ടാകണം. ചരിത്രപരവും സാമൂഹ്യവും സാമ്പത്തികവും ആയ കാരണങ്ങളാൽ അവഗണിക്കപ്പെട്ടു വരുന്ന പ്രദേശങ്ങളെ വികസനത്തിന്റെ ഗുണഭോക്താക്കാളാക്കി മാറ്റാനുതകുന്ന പരിപാടികൾ ആവിഷ്‌ക്കരിക്കണം. കർണാടകയെ സംബന്ധിച്ചിടത്തോളം അടിയന്തിരശ്രദ്ധ ആവശ്യമായ കാര്യങ്ങളാണ് ഇതൊക്കെ. പക്ഷെ വലതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് അത്രയൊന്നും പ്രതീക്ഷിച്ചുകൂടല്ലോ.
ഇനിയും വ്യക്തമാകാത്ത ചിത്രം:
ഇലക്ഷൻ പ്രചാരണത്തിന്റെ ആ ദ്യഘട്ടത്തിൽ കോൺഗ്രസ് ന്മേൽക്കൈ കാണുന്നുണ്ടെങ്കിലും മെയ് 12 ലെ അന്തിമവിധി എന്തെന്ന് ഉറപ്പോടെ പ്രവചിക്കാൻമാത്രം വ്യക്തമായ ഒരു ചിത്രമല്ല ഇപ്പോഴുള്ളത്. 2019-ലെ ലോകസഭാതിരഞ്ഞെടുപ്പിനു മുൻപുള്ള പ്രധാന തിരഞ്ഞെടുപ്പായതിനാൽ, കർണാടകയിൽ വിജയിക്കുക എന്നത് ബി . ജെ. പിയെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ളതാണ്. അമിത്ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആർ. എസ്. എസിന്റെ സംഘടനാസംവിധാനങ്ങളെ പൂർണ്ണമായും ഉപയോഗപ്പെടുത്തി വരുംദിവസങ്ങളിൽ അവർ സ്വീകരിക്കാൻ പോകുന്ന പ്രചാരണതന്ത്രങ്ങൾ എന്തെന്നത് നിർണ്ണായകമാകും.
ഭരണത്തിൽ തിരിച്ചെത്താനൊത്താൽ അത് ലോകസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. അവരുടെ പുനരുജ്ജീവന സാധ്യതകളാണ് ഈ തിരഞ്ഞെടുപ്പിൽ പരീക്ഷിക്കപ്പെടുന്നത്. കോൺഗ്രസ് ജനകീയബദലുകളുടെ ഒരു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമെന്ന് ആരുംകരുതുന്നില്ല. പക്ഷെ, ജനാഭിലാഷങ്ങളോട് പൂർണ്ണമായും മുഖംതിരിഞ്ഞുനിൽക്കാത്ത ഒരു സമീപനം സ്വീകരിക്കാൻ അവർക്കു കഴിയേണ്ടതാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ശക്തിസ്രോതസുകളായ ബഹുത്വം, ഫെഡറലിസം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിപിടിക്കുന്ന ഒരു സെൻട്രിസ്റ്റ് പാർട്ടിയായി സ്വയം അടയാളപ്പെടുത്താനും. ഇത് ചരിത്രം അവരിലേൽപ്പിച്ച ഉത്തരവാദിത്തമാണ്. അതിന് അവർ സജ്ജരാണോ എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റാണ് ഈ ഇലക്ഷൻ.
Be the first to write a comment.