ആഗോളവൽക്കരണത്തിന്റെ കാലത്ത്, ലോകമെമ്പാടുമുള്ള വിവിധ ജനസമൂഹങ്ങളിൽ പ്രകടമാകുന്ന അസമത്വങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും കൂടുതൽ കൂടുതൽ തീവ്രമായിക്കൊണ്ടിരിക്കുകയാണ്. അധീശത്വമുള്ള വിഭാഗങ്ങളും അല്ലാത്തവരും തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കുന്ന തരത്തിലാണ് വികസിത മുതലാളിത്തത്തിന്റെ സാമ്പത്തികനയങ്ങളായ നവലിബറൽ നയങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കാൾമാർക്‌സ് പ്രവചിച്ചതുപോലെ മുതലാളിത്തത്തിന്റെ ആന്തരികവൈരുദ്ധ്യങ്ങൾ അതിനകത്ത് വീണ്ടും വീണ്ടും പ്രതിസന്ധികൾ സൃഷ്ടിക്കും എന്നതും ശരിയായി വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ  വീണ്ടും ”എന്തുകൊണ്ട് മാർക്‌സ്?” ”മാർക്‌സാണ് ശരി,” ”മാർക്‌സ് എന്തുകൊണ്ട് ശരിയാകുന്നു” തുടങ്ങിയ ചിന്തകൾ ബൗദ്ധികമണ്ഡലത്തിൽ സജീവമാകുന്ന ഒരു സ്ഥിതിയാണ് ഇന്നുള്ളത്.

നവലിബറൽ നയങ്ങളുടെ ഭാഗമായി ഏറ്റവുമധികം പ്രയാസങ്ങളനുഭവിക്കേണ്ടിവരുന്ന ഒരു വിഭാഗമാണ് സ്ത്രീകൾ. ഈ നയങ്ങൾ സമൂഹത്തിലെ ലിംഗവിവേചനത്തിന്റെ തലങ്ങൾ മൂർച്ഛിപ്പിക്കുകയും സ്ത്രീയെ വെറും ഉപയോഗവസ്തുവോ, വില്പനച്ചരക്കോ മാത്രമായി ചുരുക്കിക്കാണുകയും ചെയ്യുന്നു. മുഖ്യമായും വിപണിയെ കേന്ദ്രീകരിച്ചുനിൽക്കുകയും വിപണിയുടെ അപ്രമാദിത്വം ഘോഷിക്കുകയും ചെയ്യുന്ന വികസിതമുതലാളിത്തം ഉല്പാദിപ്പിക്കുന്ന ഉപഭോഗാർത്തി, ”ഉപയോഗിക്കൂ, വലിച്ചെറിയൂ” എന്ന ”ഡിസ്‌പോസിബിൾ” സംസ്‌ക്കാരത്തെ ആവേശപൂർവ്വം നെഞ്ചേറ്റുമ്പോൾ, സ്ത്രീകളുടെ സാമൂഹ്യപദവിയും അംഗീകാരവും മലീമസമായ രീതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്തരുണത്തിൽ മാർക്‌സിസവും സ്ത്രീവാദവും തമ്മിലുള്ള ഫലപ്രദമായ ആദാനപ്രദാനങ്ങൾക്ക് പ്രസക്തിയേറുകയാണ്. മറ്റെല്ലാത്തരത്തിലുള്ള സമത്വവാദപരമായ ദർശനങ്ങൾക്കുമെന്നപോലെ, സ്ത്രീവാദത്തിനും പ്രേരകശക്തിയായത് മാർക്‌സിസമാണെന്നത് നിസ്തർക്കമായ കാര്യമാണ്. പക്ഷേ, മാർക്‌സിസം വിവേചനങ്ങളേയും ചൂഷണങ്ങളേയും വർഗ്ഗപരവും സാമ്പത്തികമാത്രവുമായ കള്ളികളിലേക്ക് ചുരുക്കിക്കെട്ടുകയാണ് ചെയ്തത് എന്നും ലിംഗപരമായ ബന്ധങ്ങളെ സംബന്ധിച്ച് ആ ചിന്താപദ്ധതി അന്ധമായിരുന്നു എന്നുമുള്ള ആരോപണങ്ങൾ സ്ത്രീവാദികളുടെ ഭാഗത്തുനിന്ന് ശക്തമായി ഉയർന്നു കേൾക്കാറുണ്ട്. വിവിധ ജനസമൂഹങ്ങളിൽ ഏറിയും കുറഞ്ഞുമുള്ള അളവിൽ പ്രാദേശികവ്യതിരിക്തതകളോടെ പ്രകടമാവുന്ന ലിംഗപരമായ വിവേചനങ്ങൾ, ഇന്നത്ത അവസ്ഥയിൽ വലിയ ഒരളവുവരെ സാർവ്വലൗകികവുമാണ്. മാർക്‌സിസവും ഫെമിനിസവും തമ്മിലുണ്ടെന്നു പറയപ്പെടുന്ന വൈരുദ്ധ്യങ്ങൾക്കപ്പുറം, മാർക്‌സിസത്തിൽ ഉൾച്ചേർന്നിരിക്കുന്ന വിമോചനപരമായ സാദ്ധ്യതകളെ ലിംഗസമത്വവുമായി ബന്ധപ്പെട്ട നീക്കങ്ങളിലേക്ക് സംശ്ലേഷിപ്പിക്കുവാനും സ്ത്രീകളുടെ അവസ്ഥകളെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും മാർക്‌സും ഏംഗൽസും ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യങ്ങളെ വിശദമായി പരിശോധിച്ച് ക്രിയാത്മകമായി ഉപയോഗിക്കുവാനും കഴിഞ്ഞാൽ, വർത്തമാനകാല സ്ത്രീവിമോചന പ്രവർത്തനങ്ങൾക്ക് അതേറെ ഗുണപ്രദമാവും എന്ന കാര്യത്തിൽ സംശയമില്ല.

മാർക്‌സിന് അഭിസംബോധന ചെയ്യാനുണ്ടായിരുന്ന വിഷയങ്ങളുടെ വൈപുല്യം നിമിത്തം ലിംഗവിവേചനങ്ങളുടെ വിഷയം വളരെ വിസ്തരിച്ച് കൈകാര്യം ചെയ്യാനുള്ള സാഹചര്യം അദ്ദേഹത്തിന്റെ ഹൃസ്വജീവിതത്തിലുണ്ടായില്ല. പക്ഷേ മാനവികമായതൊന്നും കമ്മ്യൂണിസത്തിന് അന്യമല്ലെന്ന് പ്രഖ്യാപിച്ച ആ പ്രതിഭാശാലി, തന്റെ കൃതികളിൽ പലയിടങ്ങളിലായി സ്ത്രീപ്രശ്‌നത്തെ സംബന്ധിച്ചും ലിംഗവിവേചനങ്ങളെ സംബന്ധിച്ചും കുടുംബഘടനയുടെ ഗുണാത്മകപരിവർത്തനത്തെക്കുറിച്ചുമൊക്കെ നിരീക്ഷണങ്ങളും പ്രസ്താവങ്ങളും നടത്തിയിട്ടുണ്ട്. ഇവയെല്ലാം ഔചിത്യപൂർവ്വം ക്രോഡീകരിക്കുകയും സമാഹരിക്കുകയും ചെയ്യുന്നത് സ്ത്രീവിമോചനപ്രക്രിയക്ക് ഊർജ്ജം പകരും. അത്തരത്തിലുള്ള ചില പരാമർശങ്ങളും നിരീക്ഷണങ്ങളും  പരിചയപ്പെടുത്താനും പരിശോധിക്കാനുമാണ് ഈ ലേഖനത്തിൽ ശ്രമിച്ചിട്ടുള്ളത്.

1844-ലെ കയ്യെഴുത്ത് രേഖകളിൽ തന്നെ ഒരു സമൂഹത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന്റെ മാനദണ്ഡം ആ സമൂഹത്തിലെ സ്ത്രീകളുടെ സ്ഥിതിയായിരിക്കണം എന്ന് മാർക്‌സ് പ്രസ്താവിച്ചിട്ടുണ്ട്. (ഈ പ്രസ്താവനക്ക് അദ്ദേഹത്തിന് പ്രചോദനമേകിയത് ചാൾസ് ഫുറിയറുടെ  സദൃശനിരീക്ഷണമാണെന്നതു മറക്കുന്നില്ല). പക്ഷേ മാർക്‌സിനെ സംബന്ധിച്ചിടത്തോളം, സമൂഹത്തിൽ സ്ത്രീകളുടെ രണ്ടാംകിടപദവിയും അധമാവസ്ഥയും പരിഹരിക്കേണ്ടതുണ്ട് എന്ന ആഹ്വാനം കൂടി ഈ പ്രസ്താവനയിൽ ഉൾച്ചേർന്നിട്ടുണ്ട്. സമൂഹത്തെ സംബന്ധിച്ചുള്ള മാർക്‌സിന്റെ വൈരുദ്ധ്യാത്മക കാഴ്ചപ്പാടിന്റെ ഭാഗം കൂടിയാണത്. മുതലാളിത്ത ഘടനക്കപ്പുറത്തേക്ക് സമൂഹം പുരോഗമിക്കേണ്ടതുണ്ടെങ്കിൽ, നിലനിൽക്കുന്ന സാമൂഹ്യബന്ധങ്ങൾ ഉടച്ചുവാർത്തുകൊണ്ട് പുതിയവ ഉണ്ടാക്കേണ്ടതുണ്ടെന്നും അത്തരം പുതിയ ബന്ധങ്ങൾ അസംസ്‌കൃതവും അന്യവൽകൃതവുമായ മൂല്യബോധങ്ങൾക്കപ്പുറത്തേക്ക് വളരേണ്ടവയാണെന്നും മാർക്‌സ് ചൂണ്ടിക്കാട്ടി. മനുഷ്യർ പരസ്പരം തങ്ങളുടെ മൂല്യം തിരിച്ചറിയേണ്ടതുണ്ടെന്നും ഒരാൾ മറ്റൊരാൾക്ക് എന്തുനൽകുന്നു എന്ന അടിസ്ഥാനത്തിലാകരുത് അതെന്നും മാർക്‌സ് അഭിപ്രായപ്പെടുന്നു. ഒട്ടുമിക്ക ജനസമൂഹങ്ങളിലും അടിച്ചമർത്തപ്പെടുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവരുടെ മൂല്യം കൃത്യമായി തിരിച്ചറിയപ്പെടേണ്ടത് അനിവാര്യമാണ് എന്നും സ്ത്രീ/പുരുഷൻ എന്നിങ്ങനെയുള്ള അമൂർത്തമായ ഗണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ, ഒരു വ്യക്തി എന്താണെന്നതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും മാർക്‌സ്  1844-ലെ രേഖകളിൽ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഒരാളുടെ ലിംഗപദവി എന്നത് സ്ഥായിയായ ഒന്നല്ലെന്നും മറിച്ച് മാറ്റങ്ങൾക്ക് വിധേയവും ചലനാത്മകവുമാണെന്നുമുള്ള നിലപാട്, പ്രത്യക്ഷമായല്ലെങ്കിൽപ്പോലും ആനുഷംഗികമായി പലയിടത്തും മാർക്‌സ് സൂചിപ്പിച്ചിട്ടുണ്ട്. 1844-ലെ രേഖകളിലും ”ജർമ്മൻ പ്രത്യയശാസ്ത്ര”ത്തിലും പ്രകൃതി/സമൂഹം എന്ന പരമ്പരാഗത ദ്വന്ദാത്മക ചിന്താഗതിയെ മാർക്‌സ് വിമർശനാത്മകമായി ചോദ്യം ചെയ്യുന്നുണ്ട്. പ്രകൃതിയും സമൂഹവും പരസ്പരം യാതൊരു ആന്തരിക പരിവർത്തനവും വരുത്താതെ പ്രവർത്തിച്ചുപോകുന്ന രണ്ടു സത്തകൾ അല്ലെന്നും പരസ്പര പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടിനും മാറ്റം വരുന്ന വിധത്തിൽ വൈരുദ്ധ്യാത്മകബന്ധമാണ്  ഇവയ്ക്കു രണ്ടിനും തമ്മിലുള്ളതെന്നും മാർക്‌സ് സമർത്ഥിക്കുന്നു. മനുഷ്യർ പ്രകൃതിയുടെ ഭാഗമായാണ് ജീവിക്കുന്നത്; പക്ഷേ ഒപ്പം സാമൂഹികവും ഉല്പാദനപരവുമായ ബന്ധങ്ങളും പ്രകൃതിയും മനുഷ്യനുമായുള്ള ഇടപാടുകളെ സ്വാധീനിച്ചുകൊണ്ട് നില്ക്കുന്നുണ്ട്. പ്രകൃതിയും സമൂഹവും യാതൊരു മാറ്റങ്ങൾക്കും വിധേയമാകാത്ത സ്ഥിരവും സ്ഥായിയുമായ സംഗതികളല്ലാത്തിടത്തോളം, ”പ്രകൃതിദത്തമായത്” എന്ന ചരിത്രാതീത വീക്ഷണത്തിന് പ്രസക്തിയില്ല. ”പ്രകൃതിദത്തം,” ”പ്രകൃതി സഹജം” എന്നീ പ്രയോഗങ്ങൾക്കു പകരം സവിശേഷചരിത്രസന്ദർഭങ്ങളുമായി ബന്ധപ്പെട്ടാണ് പ്രകൃതിയും സമൂഹവും മനുഷ്യനും തമ്മിലുള്ള പാരസ്പര്യങ്ങളെ വിലയിരുത്തേണ്ടതെന്നാണ് മാർക്‌സ് ചൂണ്ടിക്കാണിച്ചത്.

പ്രകൃതി/സമൂഹം എന്ന ദ്വന്ദാത്മക സമീപനത്തെയെന്നപോലെ സ്ത്രീ/പുരുഷൻ എന്ന ദ്വന്ദത്തെയും ചോദ്യം ചെയ്യുന്ന നിലപാട്, ”ജർമ്മൻ പ്രത്യയശാസ്ത്ര”ത്തിലെ ലിംഗപരമായ തൊഴിൽ വിഭജനത്തെക്കുറിച്ചുള്ള പരാമർശത്തിൽ വ്യക്തമാണ്. ഇവിടെ മാർക്‌സും ഏംഗൽസും ചൂണ്ടിക്കാണിക്കുന്ന കാര്യം കുടുംബം എന്ന സ്ഥാപനത്തിന്റെ ഉത്ഭവഘട്ടത്തിൽ ഉണ്ടായ ലിംഗപരമായ തൊഴിൽ വിഭജനം, പ്രകൃതി സഹജമോ, സ്വാഭാവികമോ ആയി ഉണ്ടായ ഒന്നല്ല എന്നതാണ്. മറിച്ച് അവികസിതമായ ഉല്പാദനബന്ധങ്ങൾ നിലനിന്നിരുന്ന ഒരു പ്രാകൃതഘട്ടത്തിൽ സ്ത്രീയുടെ ശാരീരിക സവിശേഷതകളുടെ അടിസ്ഥാനത്തിൽ (കുഞ്ഞുങ്ങൾക്ക് അമ്മയുടെ ശരീരവുമായുള്ള സാമീപ്യം അനിവാര്യമെന്ന ധാരണ) സാമൂഹ്യമായ ഉല്പാദനപ്രക്രിയയിലെ നേരിട്ടുള്ള പങ്കാളിത്തത്തിൽ നിന്ന് അവളെ മാറ്റി നിർത്തിയ നില, പൂർണ്ണമായും ”പ്രകൃതി” യുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞു വന്നതല്ല. മറിച്ച് സാമൂഹ്യവും സാംസ്‌കാരികവുമായ ധാരണകളുടെ ഭാഗം കൂടിയായി രൂപപ്പെട്ട സ്ഥിതിവിശേഷമായിരുന്നു, അത്. സ്ത്രീകളുടെ സാമൂഹ്യമായ അധമാവസ്ഥക്ക് കാരണമായ ഈ വിഭജനം സാമൂഹ്യമായ മാറ്റത്തിലൂടെ തന്നെ ഇല്ലാതാക്കാമെന്ന ആശയമാണ് ഇവിടെ മുന്നോട്ടുവെയ്ക്കപ്പെടുന്നത്.

തന്റെ ആദ്യകാല രചനകളിൽ വേറെ ഒന്നു രണ്ടിടങ്ങളിലും മാർക്‌സ്, മുതലാളിത്ത സമൂഹത്തിലെ സ്ത്രീയുടെ രണ്ടാംകിട പദവിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ”ലെ മിസ്ട്രസ്സ് ദെ പാരീസ്” എന്ന നോവലിലെ കഥാപാത്രമായ ‘ഫ്‌ളൗർ ദെ മാരി’ (Fleur de Marie) എന്ന വേശ്യയെകുറിച്ചുള്ള യൂജീൻ ഡ്യൂവിന്റെ ”സദാചാര” നിഷ്ഠമായ വിലയിരുത്തലുകളെ സംബന്ധിച്ച് ”തിരുക്കുടുംബ”ത്തിൽ (‘The Holy Family’) മാർക്‌സ് ചർച്ച ചെയ്യുന്നുണ്ട്. ഈ നോവലിൽ ഒരു ജർമ്മൻ രാജകുമാരൻ പാരീസിലെ ആ വേശ്യയെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കുന്നു. അയാൾ, അവളെ ഒരു പുരോഹിതനേയും മതഭക്തയായ സ്ത്രീയേയും ഏല്പിക്കുകയും അവരുടെ പ്രബോധനങ്ങളുടെ ഭാഗമായി സ്വന്തം സദാചാരവിരുദ്ധമായ അപഭ്രംശങ്ങൾ ശരിയല്ലെന്ന് തിരിച്ചറിയുന്ന അവൾ കന്യാസ്ത്രീമഠത്തിൽ പ്രവേശിച്ച് അധികകാലം കഴിയുംമുൻപ് മരിക്കുകയും ചെയ്യുന്നു. ”തിരുക്കുടുംബ”ത്തിൽ മാർക്‌സ്, കത്തോലിക്കാ മതബോധനത്തിലുള്ള സ്യൂവിന്റെ അന്ധമായ വിശ്വാസത്തെ വിമർശനാത്മകമായി കാണുകയും ഒരിക്കലും മനുഷ്യാൽ സാദ്ധ്യമല്ലാത്തത്ര അമൂർത്തമായ തീവ്ര സാദാചരനിഷ്ഠതയെ നിരുപാധികം സ്വീകരിക്കുന്നതിന്റെ അന്തഃസാരശൂന്യതയിലേക്ക് വിരൽചൂണ്ടൂകയും ചെയ്യുന്നു. മനുഷ്യർ തങ്ങളുടെ ശാരീരികാവശ്യങ്ങളെ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് ആത്മീയതയിൽ അഭിരമിക്കാനാവുന്നവരല്ല. ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ ഭക്ഷണമുൾപ്പെടെ ആവശ്യമുള്ളതുകൊണ്ട് ”ഫ്‌ളൗർ ദെ  മാരി” എന്ന വേശ്യക്ക്, ആ തൊഴിൽ ചെയ്യാതെ നിവൃത്തിയില്ലാതെ വന്നു. പക്ഷേ, ഈ സ്ത്രീയുടെ നിവൃത്തികേടിന്റെയും നിസ്സഹായാവസ്ഥയുടേയും നേരെ കണ്ണടച്ചുകൊണ്ടാണ് പുരോഹിതൻ അവളുടെ സദാചാരധ്വംസനത്തേയും പാപത്തേയും കുറിച്ച് അവളോടു വിശദീകരിക്കുന്നത്. പാവപ്പെട്ട തൊഴിലാളി സ്ത്രീകളുടെ ദയനീയാവസ്ഥയെക്കുറിച്ചും ശരീരത്തിൽ നിന്ന് വേർപെട്ട് അതിനുപരിയായി നിൽക്കുന്ന ഒരു ”ശുദ്ധ ആത്മാവി”നെ പറ്റി നിരന്തരം ഓർമ്മിപ്പിക്കുന്ന ക്രിസ്തീയ കാഴ്ചപ്പാടുകളുടെ ഏകപക്ഷീയതയെ കുറിച്ചും മാർക്‌സ് ഈ കൃതിയിൽ സംസാരിക്കുന്നു.

1846-ൽ ആത്മഹത്യയെ കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ, (പ്യൂഷേയുടെ കൃതിയുടെ തർജ്ജമയും പഠനവും) ഉപരിവർഗ്ഗത്തിൽപെടുന്ന സ്ത്രീകൾ നേരിടുന്ന കുടുംബപരമായ അടിച്ചമർത്തലുകളെകുറിച്ച് മാർക്‌സ് എഴുതിയിട്ടുണ്ട്. അസൂയാലുവായ ഭർത്താവിനാൽ വീട്ടിനകത്ത് ബന്ധനസ്ഥയാക്കപ്പെട്ട് ശാരീരികവും ലൈംഗികവുമായ പീഢനങ്ങൾക്ക് വിധേയയാക്കപ്പെടുന്ന വിവാഹിത, വിവാഹനിശ്ചയം കഴിഞ്ഞശേഷം നിയുക്തവരന്റെ വീട്ടിൽ ഒരു രാത്രി ചെലവിട്ടതിന്റെ പേരിൽ കുടുംബത്തിന്റേയും സമൂഹത്തിന്റേയും അധിക്ഷേപത്തിനിരയായ പെൺകുട്ടി, സ്വന്തം അമ്മായിയുടെ ഭർത്താവിനാൽ ഗർഭവതിയായപ്പോൾ, ഗർഭം അലസിപ്പിക്കാൻ ശ്രമിച്ച് പരാജിതയായ യുവതി എന്നിങ്ങനെ മൂന്നുഹതഭാഗ്യരായ സ്ത്രീകളുടെ ആത്മഹത്യയാണ് ഈ ലേഖനത്തിൽ പരാമർശിക്കപ്പെടുന്നത്. ബൂർഷ്വാകുടുംബസങ്കല്പനത്തിൽ സമ്പൂർണ്ണമായ ഉടച്ചുവാർക്കൽ അനിവാര്യമാണെന്നാണ് മാർക്‌സ് ഇവിടെ സൂചിപ്പിക്കുന്നത്. ”വിപ്ലവം എല്ലാ സ്വേച്ഛാധിപത്യങ്ങളേയും തകിടം മറിക്കുന്നില്ല. കുടുംബങ്ങളിൽ ആപേക്ഷികശക്തികളുടെ മേൽ ആരോപിക്കപ്പെടുന്ന തിന്മകൾ നിലനിൽക്കുന്നു. അവിടെ അവ വിപ്ലവങ്ങൾക്കു തുല്യമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.”  1858-ൽ ”ന്യൂയോർക്ക് ട്രിബ്യൂണി”നുവേണ്ടി എഴുതിയ ലേഖനങ്ങളിലും മുതലാളിത്ത വ്യവസ്ഥയിൽ ഉപരിവർഗ്ഗസ്ത്രീകൾ വീട്ടകങ്ങളിൽ അനുഭവിക്കുന്ന പരാധീനതകളേയും പ്രയാസങ്ങളേയും കുറിച്ച് മാർക്‌സ് എഴുതിയിട്ടുണ്ട്. സ്ത്രീകളെ നിശബ്ദരാക്കാനും ”നിലയ്ക്കുനിർത്താനും” അവരെ മാനസികരോഗികളാക്കി ചിത്രീകരിച്ച് ഭ്രാന്താലയങ്ങളിലേക്കയക്കുന്ന പ്രവണതകളുടെ നൃശംസതയെ കുറിച്ചാണ് ലേഡി ബുൾവർ – ലിറ്റൺ എന്ന സ്ത്രീയുടെ ദുരവസ്ഥ സവിസ്തരം ചർച്ച ചെയ്തുകൊണ്ട് മാർക്‌സ് എഴുതിയത്. ഈ പ്രഭ്വിയെ നിശബ്ദയാക്കാൻ, അവർ ഭ്രാന്തിയാണ് എന്നാരോപിച്ചുകൊണ്ട് ഭർത്താവ് അവരെ ഭ്രാന്താലയത്തിൽ ബന്ധനസ്ഥയാക്കുകയാണ് ചെയ്തത്.  ബൂർഷ്വാ കുടുംബസങ്കല്പനം എത്രമാത്രം അടിച്ചമർത്തലിന്റെ ഉപകരണമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, ആ സങ്കല്പനത്തിൽ മാറ്റമുണ്ടാകേണ്ടത് ഒരു നവസമൂഹസൃഷ്ടിക്ക് അനിവാര്യമാണെന്ന് മാർക്‌സ് സൂചിപ്പിക്കുന്നു. (ഭ്രാന്തും ആത്മഹത്യയും ഇരുപതാംനൂറ്റാണ്ടിലെ പല സ്ത്രീവാദികളുടേയും മുഖ്യവിഷയങ്ങളിലൊന്നായിരുന്നു. സൂസൻ ഗുബാറും സാന്ദ്രാഗിൽബർട്ടും ചേർന്നെഴുതിയ ”മച്ചകങ്ങളിലെ ഭ്രാന്തിപ്പെണ്ണുങ്ങൾ”- Mad women in the Attic- എന്ന കൃതി ഉദാഹരണം.)

”കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ”വിൽ കുറെ കൂടി വ്യക്തവും സ്പഷ്ടവുമായ വിധത്തിൽ ബൂർഷ്വാ കുടുംബത്തെ വിമർശിക്കുന്നുണ്ട്.  ഒന്നാം അദ്ധ്യായത്തിൽ തന്നെ, ”ബൂർഷ്വാസി കുടുംബത്തിന്റെ വൈകാരിക ആവരണം എടുത്തുമാറ്റുകയും കുടുംബബന്ധത്തെ വെറുമൊരു പണത്തിന്റെ ബന്ധമാക്കി ചുരുക്കുകയും ചെയ്തിരിക്കുന്നു” എന്നു നിരീക്ഷിച്ചിട്ടുണ്ട്. ബൂർഷ്വാകുടുംബത്തിന്റെ സാമ്പത്തികമാത്രസ്വഭാവം വീണ്ടും മാനിഫെസ്റ്റോയുടെ മറ്റൊരു ഭാഗത്ത് വിശദീകരിക്കപ്പെടുന്നു, ”ഇന്നത്തെ കുടുംബത്തിന്റെ, ബൂർഷ്വാകുടുംബത്തിന്റെ അടിസ്ഥാനമെന്താണ്? മൂലധനം, സ്വകാര്യലാഭം. പൂർണ്ണ വളർച്ചയെത്തിയ രൂപത്തിൽ ഈ കുടുംബം നിലനിൽക്കുന്നത് ബൂർഷ്വാസികൾക്കിടയിൽ മാത്രമാണ്. എന്നാൽ ഈ സ്ഥിതിയുടെ മറുവശം തൊഴിലാളികൾക്കിടയിലുള്ള കുടുംബജീവിതത്തിന്റെ പ്രായോഗികമായ അഭാവത്തിലും പരസ്യമായ വ്യഭിചാരവൃത്തിയിലും കാണാം. ഈ മറുവശം അപ്രത്യക്ഷമായാൽ ബൂർഷ്വാകുടുംബവും സ്വാഭാവികമായി അപ്രത്യക്ഷമാവും. മൂലധനം അപ്രത്യക്ഷമാവുന്നതോടെ രണ്ടും അപ്രത്യക്ഷമാവും.” സ്വകാര്യസ്വത്തിന്റെ കൈമാറ്റവും കൈകാര്യകർത്തൃത്വവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബൂർഷ്വാകുടുംബസംവിധാനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാണ് മാർക്‌സും ഏംഗൽസും മാനിഫെസ്റ്റോയിൽ പറയുന്നത്. സ്വന്തം കുട്ടികൾക്ക് സ്വത്തൊന്നും കൈമാറാനില്ലാത്ത നിസ്വവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം കുടുംബസങ്കല്പനത്തിന്റെ അടിസ്ഥാനമായ ഭൗതിക സാഹചര്യങ്ങളുടെ അഭാവത്താൽ ആ സങ്കല്പനം അപ്രസക്തമാവുന്നു. ഒരിയ്ക്കൽ ചെറുകിട കർഷകരായിരുന്നവർ, അവർ ജീവിച്ചിരുന്ന ഭൂമിയിൽ നിന്നും ജീവിതമാർഗ്ഗത്തിൽ നിന്നും പറിച്ചെറിയപ്പെടുമ്പോൾ, നഗരങ്ങളിലേക്കും ഫാക്ടറികളിലേക്കും ചേക്കേറാൻ നിർബന്ധിതരാവുകയാണ്. തങ്ങളുടെ മരണശേഷം മക്കൾക്ക് സ്വത്തൊന്നും നൽകാൻ പാകമില്ലാത്ത പിതാക്കളുടെ കുടുംബപരമായ അധികാരങ്ങൾ വല്ലാതെ മങ്ങിപ്പോകുകയും കുടുംബത്തിന്റെ തൊഴിൽ ശേഷിയിൽ നിയന്ത്രണാധികാരം ചെലുത്താൻ അവർക്കാകാതെ വരികയും ചെയ്യുന്നു. പക്ഷേ, ഈ കുടുംബസങ്കല്പനം ഇല്ലാതാകുന്നതോടെ പുതുതായി ഉരുത്തിരിഞ്ഞുവരിക എന്താണെന്നതിനെ സംബന്ധിച്ച് മൂർത്തമായ ഒരു ചിത്രം മാർക്‌സും ഏംഗൽസും മാനിഫെസ്റ്റോയിൽ നൽകുന്നില്ല.

മാർക്‌സിന്റെ ഏറ്റവും പ്രധാനകൃതിയായ ”മൂലധന”ത്തിലും കുടുംബത്തേയും ലിംഗപദവിയേയും സംബന്ധിച്ചുള്ള പ്രസ്താവങ്ങളുണ്ട്. ”കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ” യിൽ പറയുന്നതുപോലെ ബൂർഷ്വാകുടുംബത്തിന്റെ തകർച്ചയും നിരോധാനവും അനിവാര്യമാണെന്ന് ”മൂലധന”ത്തിലും മാർക്‌സ് അടിവരയിട്ടു പറയുന്നുണ്ട്. ഫാക്ടറികളിലെ യന്ത്രവൽക്കരണത്തോടെ തൊഴിലിൽ ശാരീരികാദ്ധ്വാനത്തിന്റെ അളവ് ലഘൂകരിക്കപ്പെട്ടപ്പോൾ, സ്ത്രീകളും കുട്ടികളും കൂടുതലായി തൊഴിൽ രംഗത്തേക്കു വന്നു. കുറഞ്ഞ കൂലിക്ക് ഇവരുടെ തൊഴിൽശേഷി ലഭ്യമാണെന്നതുകൊണ്ട് ലാഭാർത്തിപൂണ്ട മൂലധനത്തിന് ഇവർ കൂടി  ആവശ്യമായി വരുന്നു. ”കായികാദ്ധ്വാനത്തിൽ ഉൾച്ചേർന്നിട്ടുള്ള വൈദഗ്ദ്ധ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായത് ആധുനികവ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്ക് പകരം സ്ത്രീകളെ കൊണ്ട് പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീ പുരുഷഭേദത്തിനോ യാതൊരു സവിശേഷമായ സാമൂഹ്യസാധുതയും ഇല്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണ്. പ്രായഭേദമനുസരിച്ചും സ്ത്രീ പുരുഷഭേദമനുസരിച്ചും ചെലവുകൂടുകയോ കുറയുകയോ ചെയ്യുമെന്നു മാത്രം.” (ഈ ഭാഗത്ത് പുരുഷന്റെ വൈദഗ്ദ്ധ്യത്തേയും കരുത്തിനേയും ഉയർത്തിക്കാണിക്കുന്നു എന്ന ന്യൂനത പ്രകടമാണ്. എങ്കിലും അത് മാർക്‌സിന്റെ കാലത്തെ വിക്‌ടോറിയൻ പിതൃമേധാവിത്വമൂല്യങ്ങളുടെ അബോധപ്രകാശനമായി കണക്കാക്കാവുന്നതാണ്.) സ്ത്രീകൾ തൊഴിൽരംഗത്തേക്ക് കടന്നുവരുന്നതോടെ, അവരുടെ അദ്ധ്വാനത്തിന് സാമ്പത്തികമായ മൂല്യമുണ്ടാവുന്നതോടെ, കുടുംബത്തിനകത്തെ അവരുടെ അധികാരവും പദവിയും വർദ്ധിക്കുമെന്ന് മാർക്‌സ് ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനും മുന്നോട്ടുപോക്കിനും സ്ത്രീകളുടെ അദ്ധ്വാനത്തിന്റെ ഭാഗമായുള്ള വരുമാനം ഉപയോഗിക്കുവാൻ തുടങ്ങുന്നതോടെ അവരുടെ ഇടപെൽ ശേഷിയും കർത്തൃത്വവും ശക്തിപ്പെടുന്നു. മാത്രമല്ല, ദിവസത്തിന്റെ നല്ലൊരു ഭാഗം സമയം സ്വന്തം ഭർത്താക്കന്മാരുടേയും പിതാക്കളുടേയോ ചൊല്പടിയിലല്ലാതെയിരിക്കുവാനും അവർക്കു കഴിഞ്ഞു. ഇവയെല്ലാം കുടുംബഘടനയിൽ സ്വാധീനം ചെലുത്തി. പകൽസമയത്ത് വീട്ടിൽ നിന്ന് തൊഴിലിടത്തിലേക്കുള്ള നീക്കവും പലപ്പോഴും രാത്രിയിലും തുടരുന്ന ജോലികളും (night work) പരമ്പരാഗത കുടുംബസങ്കല്പങ്ങളെ മാറ്റിമറിച്ചു. സ്ത്രീകൾ അവരുടെ തൊഴിലിലൂടെ ”പൗരുഷ”വൽക്കരിക്കപ്പെടുകയും കുടുംബ പ്രത്യയശാസ്ത്രത്തിന്റെ പരിമിതവൃത്തത്തിനപ്പുറത്തേക്ക് ഒരു പരിധിവരെ വിമോചിതരാവുകയും ചെയ്തു. മുൻകാലങ്ങളിലെപോലെ, കുട്ടികളുടെ പരിചരണം പൂർണ്ണമായും ഏറ്റെടുത്തു നിർവ്വഹിക്കുന്നതിന് സ്ത്രീകൾക്ക് പറ്റാതായി. പ്രത്യക്ഷത്തിൽ ”സ്വഭാവത്തിന്റെ തകർച്ചയും അധഃപതനവു”മായി തോന്നുന്ന ഈ സ്ഥിതിവിശേഷം നേരെ എതിർദിശയിലാണ്, അതായത് സ്ത്രീകളും പുരുഷന്മാർക്കും തുല്യരായി തീരുന്ന ”കൂടുതൽ ഉയർന്നതും മെച്ചപ്പെട്ടതുമായ കുടുംബസങ്കല്പന”ത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുന്നതെന്ന് മാർക്‌സ് പറയുന്നു.

പാരീസ് കമ്മ്യൂണിന്റെ കാലത്തും അതിനുശേഷവും തൊഴിലെടുക്കുന്ന സ്ത്രീകളുന്നയിച്ച ആവശ്യങ്ങളെ അംഗീകാരത്തോടെ കണ്ടതിന്റെ ഭാഗമായാണ് 1880-ലെ ”പാർട്ടി പരിപാടി”യുടെ (‘Programme of the Parti Ouvrier’) ആമുഖത്തിൽ ”തൊഴിലാളിവർഗ്ഗത്തിന്റെ വിമോചനമെന്നാൽ ലിംഗപരമോ വംശപരമോ ആയ വിവേചനങ്ങൾക്കതീതമായി മനുഷ്യരുടെയാകെ വിമോചനമാണ് എന്ന് മാർക്‌സ് എഴുതിയത്. സോഷ്യലിസ്റ്റുകൾക്കിടയിലെ പുരുഷമേധാവിത്ത മനോഭാവക്കാരായ പ്രൂഡോണിസ്റ്റ് പാരമ്പര്യക്കാർക്ക് മേധാവിത്വമുണ്ടായിരുന്ന ഫ്രാൻസിൽ ഈ വാചകത്തിന് കൂടുതൽ അർത്ഥതലങ്ങളുണ്ടായിരുന്നു.

കാൾ മാർക്‌സിന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ, അദ്ദേഹം ലിംഗപദവിയേയും കുടുംബഘടനയേയും സംബന്ധിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്ന സൈദ്ധാന്തികാന്വേഷണങ്ങളിലേർപ്പെടുകയുണ്ടായി. വിപ്ലവശക്തികളായി ”തൊഴിലാളി” എന്ന അമൂർത്തസത്തയെ മാത്രം മുന്നോട്ടുവെക്കുന്നതിനു പകരം കർഷകജനസാമാന്യവും സ്ത്രീകളും എല്ലാം സ്വന്തം അവസ്ഥകളെക്കുറിച്ചുള്ള ശരിയായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ മാറ്റത്തിന്റെ വക്താക്കളായി കടന്നുവരുമെന്ന കാഴ്ചപ്പാട് ഈ ഘട്ടത്തിലെ മാർക്‌സിന്റെ സൈദ്ധാന്തിക പരിപ്രേക്ഷ്യം സസൂക്ഷ്മം പരിശോധിച്ചാൽ കാണാവുന്നതാണ്. സ്ത്രീകൾ എങ്ങിനെയാണ് ചരിത്രപരമായ പ്രക്രിയകളുടെ കർത്തൃത്വസ്ഥാനത്തേക്ക് എത്തിച്ചേരുക എന്നത് ഈ പരിശോധനകളുടെ ഭാഗമായി വ്യക്തമാവും. പ്രശസ്ത നരവംശശാസ്ത്രജ്ഞനായിരുന്ന ലൂയിസ് എച്ച്. മോർഗന്റെ 1877-ൽ പ്രസിദ്ധീകൃതമായ ”പ്രാചീനസമൂഹം” (Ancient Society of Researches in the Lines of Human Progress from savagery through Barbarism to Civilization) എന്ന കൃതി അവലോകനം ചെയ്തുകൊണ്ട് മാർക്‌സ് തയ്യാറാക്കിയ കുറിപ്പുകളിൽ കുടുംബഘടനയുടെ ചരിത്രപരമായ പരിണാമം, ശാസ്ത്രീയവും ഭൗതികവാദപരവുമായ മാർക്‌സിയൻ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കപ്പെടുന്നു. മോർഗന്റെ സാമൂഹ്യനിരീക്ഷണങ്ങളെ സംബന്ധിച്ച മാർക്‌സിന്റെ ഈ വിമർശനാത്മക പഠനമാണ്, പിന്നീട്, മാർക്‌സിന്റെ മരണശേഷം ഫ്രെഡറിക് ഏംഗൽസ് തന്റെ വിഖ്യാതമായ ”കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവത്തെപ്പറ്റി” (The Origin of Family, Private Property and the State) എന്ന രേഖക്ക് ആധാരമാക്കിയത്. (ഏംഗൽസ് തന്നെ അവതാരികയിൽ ഇത് സൂചിപ്പിച്ചിട്ടുണ്ട്.) പക്ഷേ, ഏംഗൽസിന്റെ വീക്ഷണം ഏറെക്കുറെ രേഖീയമായതും സാമ്പത്തിക നിർണ്ണീതവാദം (Economic determinism) ഉൾച്ചേരുന്നതുമാണെങ്കിൽ, മാർക്‌സിന്റേത് കുറെക്കൂടി വൈരുദ്ധ്യാത്മകമായിരുന്നു. മോർഗന്റെ ”പ്രാചീനസമൂഹ”ത്തിൽ മനുഷ്യകുലത്തിന്റെ വികാസചരിത്രത്തെ കാടത്തം (Savagery), കിരാതത്വം (barbarism), നാഗരികത (civilization) എന്നീ മൂന്നുഘട്ടങ്ങളായി കാണുന്നു. അമേരിക്കയിലെ ഗോത്രസമൂഹമായ ഇറോക്വിസ് ഗോത്രത്തിന്റെ സവിശേഷതകൾ പഠിച്ച മോർഗൻ പ്രാചീന സമൂഹങ്ങളിൽ അമ്മവഴിദായക്രമമാണ് നിലനിന്നിരുന്നതെന്നും കുടുംബനാഥ സ്ത്രീയായിരുന്നു എന്നും നിരീക്ഷിക്കുന്നു. സ്ത്രീകൾക്ക് കൂടുതൽ ഐക്യമത്യവും അധികാരവും ഉണ്ടായിരുന്ന ഈ അവസ്ഥക്കു കാരണം, ജനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മയെ മാത്രമാണ് വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നത് എന്നുള്ളതാണ്. ”പ്രാകൃതകമ്മ്യൂണിസം” എന്ന് വിളിക്കപ്പെടുന്ന പ്രാക്തനസമൂഹജീവിതത്തിൽ കുഞ്ഞുങ്ങളുടെ അച്ഛനാരെന്നു തിരിച്ചറിയാൻ എളുപ്പമല്ലാത്ത അവസ്ഥയിൽ, അന്നത്തെ പ്രാകൃതരീതിയിലുള്ള ”സ്വത്ത്” (അത് വേട്ടയാടിപ്പിടിച്ച മൃഗമോ സംഭരിച്ച ഫലമൂലാദികളോ പോലുള്ള എന്തുമാകാം) അമ്മവഴിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. എന്നാൽ പിന്നീട് മാതൃദായക്രമം പിതൃദായക്രമത്തിന് വഴിമാറിക്കൊടുക്കേണ്ട ഘട്ടം വന്നപ്പോൾ ”കുടുംബഭരണത്തിന്റെ സാരഥ്യം പുരുഷൻ പിടിച്ചെടുക്കുകയും സ്ത്രീ തരംതാഴ്ത്തപ്പെടുകയും ദാസ്യത്തിലാഴ്ത്തപ്പെടുകയും പുരുഷന്റെ കാമപൂർണത്തിനും സന്താനോല്പാദനത്തിനുമുള്ള വെറുമൊരു ഉപകരണമാക്കി മാറ്റപ്പെടുകയും ചെയ്തു.” കുടുംബവ്യവസ്ഥയുടെ ചരിത്രത്തിൽ സഗോത്ര കുടുംബം (Conanguine Family), പുനാലുവാൻ കുടുംബം (Punaluvan Family), യുഗ്മ കുടുംബം, ഏകഭാര്യാത്വകുടുംബം (Monogamone Family) എന്നീ വ്യത്യസ്തഘട്ടങ്ങളെ മോർഗൻ കണ്ടെത്തുന്നുണ്ട്. കുടുംബമെന്ന പരികല്പന എക്കാലത്തും ഒരു പോലെ നിൽക്കുന്ന ഒന്നല്ല എന്നും അത് പരിവർത്തനങ്ങൾക്ക് വിധേയമാണെന്നും സാമൂഹ്യവും ഉല്പാദനപരവുമായ ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഗാർഹികവ്യവസ്ഥയെ ഉടച്ചുവാർക്കുമെന്നതുറപ്പാണെന്നും സുവ്യക്തമായി പ്രഖ്യാപിക്കാൻ മോർഗന്റെ സാമൂഹ്യപഠനങ്ങൾ ഉപയോഗിക്കാനാവുമെന്ന് മാർക്‌സ് തിരിച്ചറിഞ്ഞു. മോർഗന്റെ ‘പ്രാചീനസമൂഹം’ മാത്രമല്ല ഈ അവസാനകാല കുറിപ്പുകളിൽ മാർക്‌സ് പഠനവിധേയമാക്കിയത്. ഹെന്റി മെയ്ൻ-ന്റെ ”സ്ഥാപനങ്ങളുടെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ” ലുഡ്‌വിന് ലാംഗിന്റെ ”പ്രാചീന റോം” എന്നീ പുസ്തകങ്ങളും അദ്ദേഹം പഠന വിധേയമാക്കി. അയർലന്റിലും ഇന്ത്യയിലും റോമിലുമെല്ലാം കുടുംബവും സാമൂഹ്യഘടനകളും എപ്രകാരം മാറ്റങ്ങൾക്ക് വിധേയമായിരുന്നു എന്ന് സോദാഹരണസഹിതം വിശദീകരിക്കാൻ ഈ പഠനങ്ങൾ പര്യാപ്തമായിരുന്നു. സ്ത്രീകളുടെ സാമൂഹ്യമായ രണ്ടാംകിട പദവിയും അധമാവസ്ഥയും എങ്ങിനെ രൂപപ്പെട്ടുവന്നു എന്ന് നിരീക്ഷിക്കുക മാത്രമല്ല മാർക്‌സ് ചെയ്തത്, മറിച്ച് വിമോചനസാദ്ധ്യതകൾ ഈ അവസ്ഥകൾക്കകത്തും ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കുക കൂടിയാണ്. ഗ്രീക്ക് സമൂഹത്തിൽ സ്ത്രീകൾ കുടുംബത്തിനകത്ത് പാരതന്ത്ര്യം നേരിടുന്നവരായിരിക്കുമ്പോൾ തന്നെ, ഗ്രീക്ക് ദേവതകൾ സ്ത്രീകളുടേയും സമൂഹത്തിന്റെയും മുന്നിൽ സ്വാതന്ത്ര്യത്തിന്റേയും  ഇച്ഛാശക്തിയുടേയും മൂർത്തരൂപങ്ങളായി, ബദൽ മാതൃകകളായി ഉണ്ടായിരുന്നുവെന്ന് മാർക്‌സ് പറയുന്നു. മാത്രമല്ല, പ്രായേണ സമത്വാധിഷ്ഠിതമായിരുന്ന മാതൃദായ സമൂഹങ്ങളിലും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു എന്നും വൈരുദ്ധ്യങ്ങൾ എപ്പോഴും പുതിയ ഒന്നിന്റെ സൃഷ്ടിയിലേക്കു നയിക്കും എന്നും മാർക്‌സ് പറയുന്നുണ്ട്. കുടുംബവ്യവസ്ഥയുടെ രൂപപരിണാമങ്ങളെല്ലാം തന്നെ വൈരുദ്ധ്യാത്മകമായ പരിശോധനക്കു വിധേയമാക്കി അവയിലന്തർലീനമായ വൈരുദ്ധ്യങ്ങൾ എങ്ങിനെയാണ് പുതിയ രൂപങ്ങളിലേക്ക് നയിച്ചത് എന്ന് വിശദീകരിച്ചുകൊണ്ട് മുതലാളിത്ത സാമൂഹ്യഉല്പാദനബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ കുടുംബഘടനയിലുണ്ടാക്കുന്ന പരിവർത്തനങ്ങൾ അനിവാര്യമാണ് എന്ന് സ്ഥാപിക്കുവാൻ മാർക്‌സിനു കഴിഞ്ഞു.

കാർഷികസാങ്കേതികവിദ്യയുടേയും സ്വകാര്യസ്വത്തിന്റേയും ആവിർഭാവം, മാതൃദായക്രമത്തിൽ നിന്ന് പിതൃദായ ക്രമത്തിലേക്കുള്ള വഴിമാറ്റം മുതലായവ ”പെൺജാതിയുടെ ആകെത്തന്നെയുള്ള ലോകചരിത്രത്തിലെ പ്രധാനമായൊരു പരാജയമായിരുന്നു” എന്നും സ്വകാര്യസ്വത്തിന്റെ നിർമ്മാർജ്ജനത്തിലൂടെ മാത്രമേ സ്ത്രീയവസ്ഥക്ക് മാറ്റമുണ്ടാകൂ എന്നുമുള്ള ഏംഗൽസിന്റെ കേവലയാന്ത്രികവാദ സമീപനമല്ല മാർക്‌സിന്റേത്. അടിച്ചമർത്തപ്പെട്ട അവസ്ഥക്കുള്ളിലും വിമോചന സാദ്ധ്യതകൾ തേടാനും സകർമ്മവും ചലനാത്മകവുമായ കർത്തൃത്വത്തിലേക്ക് സ്വയം നീങ്ങാനും സ്ത്രീകൾക്ക് കഴിയുമെന്ന മാർക്‌സിന്റെ വാദം അദ്ദേഹത്തിന്റെ കുറെക്കൂടി (ഏംഗൽസിനേക്കാൾ) വൈരുദ്ധ്യാത്മകമായ സമീപനത്തിന്റെ ഭാഗമാണ്.

സമൂഹത്തിൽ ആദ്യത്തെ തൊഴിൽ വിഭജനം സ്ത്രീയും പുരുഷനും തമ്മിലാണുണ്ടായതെന്നും ആ അർത്ഥത്തിൽ ആദ്യത്തെ വർഗ്ഗപരമായ അടിച്ചമർത്തൽ ലിംഗപരമായ അടിച്ചമർത്തലായിരുന്നു എന്നും പലയിടത്തും മാർക്‌സും ഏംഗൽസും സൂചിപ്പിച്ചിട്ടുണ്ട്. വർഗ്ഗരഹിത സമൂഹസൃഷ്ടിക്കായുള്ള സമരങ്ങളും സ്ത്രീവിമോചനവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു  എന്ന സുവ്യക്തമായ കാഴ്ചപ്പാടും അവർക്കുണ്ടായിരുന്നു. ലിംഗവിവേചനം, ലിംഗപദവി, കുടുംബം തുടങ്ങിയവയെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണങ്ങളിലേക്ക് പോകാൻ മാർക്‌സിന് സാവകാശം ലഭിച്ചില്ല. ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ മോർഗന്റെയും മറ്റും നരവംശപഠനങ്ങളെ ആധാരമാക്കി അദ്ദേഹം ആരംഭിച്ച ആലോചനകൾ കരടുനോട്ടുകളായി അവശേഷിക്കുകയാണ് ചെയ്തത്. എങ്കിലും മാർക്‌സിന്റെ കൃതികളിൽ ലിംഗപദവിയേയും ലിംഗനീതിയേയും സംബന്ധിച്ചുള്ള ഒട്ടേറെ പരാമർങ്ങൾ (വിച്ഛിന്നമായ രീതിയിലാണെങ്കിലും) കണ്ടെത്താനാകും എന്നത് ഇതിനകം വിശദീകരിക്കപ്പെട്ടല്ലോ. അനുഭവവേദ്യമായ ഭൗതികലോകത്തിന്റെ വൈരുദ്ധ്യാത്മകമായ അപഗ്രഥനമാണ് മാർക്‌സ് നടത്തിയത്. പ്രകൃതി/സമൂഹം (സംസ്‌കാരം), ഉല്പാദനം/ പ്രത്യുല്പാദനം (Production/Reproduction) എന്നീ ദ്വന്ദങ്ങളെ മാർക്‌സ് അപനിർമ്മാണം ചെയ്തു എന്നത് ‘ലിംഗപദവി’ യുമായി ബന്ധപ്പെട്ട് മാറ്റത്തിനുവേണ്ടിയുള്ള സൈദ്ധാന്തികാന്വേഷണങ്ങൾക്ക് ഏറെ സഹായകമാവുന്നു. ഈ സംവർഗ്ഗങ്ങൾ മാറ്റത്തിനുവിധേയവും ചലനാത്മകവുമാണെന്നും ചിരവും സ്ഥായിയും ചരിത്രനിരപേക്ഷവുമായ സ്വഭാവമല്ല ഇവയ്ക്കുള്ളതെന്നുമുള്ള തിരിച്ചറിവ് ഇവിടെ ഗുണപ്രദമായി വിനിയോഗിക്കാനാവും. പ്രകൃതിയും സംസ്‌കാരവും ഒന്ന് മറ്റൊന്നിനെതിരായ വിധത്തിലല്ല കാണേണ്ടത്. മറിച്ച് ഒരു സമഗ്രതയുടെ ഭാഗമാണ്. അദ്ധ്വാനം, സവിശേഷ ഉല്പാദന രീതികളിലൂടെ പ്രവർത്തിച്ച് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കുന്നു. സമൂഹത്തിൽ സ്ത്രീയുടെ ജീവശാസ്ത്രപരമായ ധർമ്മം എന്നത് സാമൂഹ്യധർമ്മവുമായി ബന്ധപ്പെട്ടു നിൽക്കുന്നതും മാറ്റങ്ങൾക്ക് വിധേയവും ആണെന്നുള്ള കാഴ്ചപ്പാട് ജീവശാസ്ത്രപരമായ സത്താവാദത്തിൽ (essentialism) നിന്ന് പുറത്തുകടക്കാൻ സഹായകമാണ്. എന്നാൽ സാമൂഹ്യബന്ധങ്ങൾ പ്രകൃതിയുമായി തിരിച്ചും ബന്ധപ്പെട്ടു നിൽക്കുന്നു എന്നത് പൂർണ്ണമായും ആപേക്ഷികവാദത്തിലേക്ക് (relativism) വഴുതി വീഴുന്നതിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നു. സാമൂഹ്യമായ മാദ്ധ്യമിക പ്രവർത്തനത്തിന്റെ ചട്ടക്കൂടിനകത്തെ സുപ്രധാന പരിവർത്തനങ്ങൾക്ക് വിധേയമാകുന്നവയാണ് പ്രകൃതിയും ജീവശാസ്ത്രപരമായ ഘടകങ്ങളും.

കുടുംബഘടന സ്ത്രീയെ എങ്ങിനെ പരിമിതികൾക്കുള്ളിൽ തളച്ചിടുന്നു എന്നും പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. മുതലാളിത്തം, കുടുംബഘടനക്കകത്തുണ്ടാക്കുന്ന വിസ്‌ഫോടനങ്ങളെ സംബന്ധിച്ച് മനസ്സിലാക്കിയ മാർക്‌സ്, ആ വ്യവസ്ഥയുടെ അപമാനവീകരണവും ചരക്കുവൽക്കരണവും മറികടക്കുംവിധം കൂടുതൽ ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ സാദ്ധ്യതകൾ ആരായുവാൻ ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ഈ ശ്രമങ്ങളെ വർത്തമാനകാല സാമൂഹ്യാവസ്ഥകളുടെ പ്രത്യേകതകൾക്കനുസരിച്ച് വികസിപ്പിക്കുകയാണ് വേണ്ടത്.

മൂലധനത്തിന്റെ പ്രവർത്തനങ്ങളെകുറിച്ച് കൂടുതൽ കൂടുതൽ പഠിക്കുന്തോറും തൊഴിലിടങ്ങളിലും യൂണിയനുകൾക്കകത്തും, ഇന്റർനാഷണലുകളുടെ വേദികളിലും സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കാനും തുല്യത ഉറപ്പുവരുത്താനും മാർക്‌സ് ശ്രമിച്ചു. 1871-ലെ പാരീസ് കമ്മ്യൂൺ പോലുള്ള പ്രധാന രാഷ്ട്രീയസംഭവവികാസങ്ങളിൽ സ്ത്രീകൾ വഹിച്ച പങ്കും, സ്ത്രീകളെ സാമൂഹ്യമായും രാഷ്ട്രീയമായും സജീവമാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹത്തെ ബോധവാനാക്കി. അതുകൊണ്ടുതന്നെ അദ്ദേഹം, മനുഷ്യവിമോചനത്തിനായുള്ള പോരാട്ടവീഥിയിൽ സ്ത്രീയും പുരുഷനും ഒന്നിച്ചണിനിരക്കണമെന്നുള്ള നിലപാട് താൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാക്കി. മകൾ എലന്യോർ മാർക്‌സുൾപ്പെടെയുള്ള വനിതകളെ രാഷ്ട്രീയമായി സജീവമാകാൻ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ സ്ത്രീകളെ വിപ്ലവപ്രസ്ഥാനം ഉൾക്കൊള്ളേണ്ടതുണ്ട് എന്ന് നിരന്തരം ഓർമ്മിപ്പിക്കുകയും ചെയ്തു.

1917-ൽ ലോകത്തിലാദ്യമായി അധികാരത്തിൽ വന്ന റഷ്യയിലെ ബോൾഷെവിക് വിപ്ലവപാർട്ടി, സ്ത്രീപ്രശ്‌നത്തെ ഗൗരവപൂർവ്വം എടുത്തു. സ്ത്രീകളുടെ രാഷ്ട്രീയപങ്കാളിത്തവും ഭരണപങ്കാളിത്തവും ഉറപ്പുവരുത്തി. സാർവ്വദേശീയ വനിതാസെക്രട്ടേറിയേറ്റ് രൂപീകരിച്ചു. ആ സെക്രട്ടേറിയറ്റ് തൊഴിലെടുക്കുന്ന സ്ത്രീകളുടെ ആദ്യത്തെ സാർവ്വദേശീയ സമ്മേളനം വിളിച്ചുചേർത്തു. കുട്ടികളുടേയും വനിതകളുടേയും ക്ഷേമത്തിനായുള്ള വകുപ്പിന്റെ ചുമതലയെടുത്ത മന്ത്രി അലക്‌സാണ്ട്ര കൊള്ളൻതായുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണങ്ങൾ നടത്തി. പൊതുഅടുക്കളയും പൊതുഅലക്കുശാലകളും സ്ഥാപിച്ചു. ഗാർഹികമായ ഉത്തരവാദിത്തങ്ങളുടെ പരിമിതവൃത്തത്തിൽ നിന്ന് പുറത്തേക്ക്, പൊതുമണ്ഡലത്തിലേക്ക് പ്രവേശിക്കാൻ സ്ത്രീകൾക്കത് സഹായകമായി. വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകൾക്ക് നിയമപരമായ പരിരക്ഷ നൽകി. സ്ത്രീകൾക്ക് ഭൂമിയും വിദ്യാഭ്യാസവും തൊഴിലും നൽകാൻ സ്ത്രീകൾ ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത തൊഴിൽ മേഖലകളിലേക്ക് (ക്രെയ്ൻ ഓപ്പറേറ്റർമാർ, ട്രാക്റ്റർ ഡ്രൈവർമാർ, ബഹിരാകാശചാരികൾ) പരിശീലനവും വൈദഗ്ദ്ധ്യവും നൽകി അവരെ കൊണ്ടുപോയി. ലിംഗപദവിയിലും ലിംഗപരമായ ധർമ്മങ്ങളെ കുറിച്ചുള്ള പരമ്പരാഗതധാരണകളിലും വലിയ മാറ്റങ്ങൾ വരുത്താൻ ഇത്തരം നടപടികൾക്കു കഴിഞ്ഞു.

റോബർട്ട് ജെ.സി.യങ്ങ് ”പോസ്റ്റ് കൊളോണിയലിസം: ചരിത്രപരമായ ആമുഖം” എന്ന പുസ്തകത്തിന്റെ മുഖവുരയിൽ പറയുമ്പോലെ ”1960-ൽ സ്ത്രീവിമോചന പ്രസ്ഥാനങ്ങൾ സജീവമാകുന്നതിനു മുൻപ്, രാഷ്ട്രീയവിമോചനത്തിന് അനിവാര്യമായ ഒന്നാണ് സ്ത്രീകളുടെ സാമൂഹ്യതുല്യത എന്ന കാര്യം പരിഗണിച്ചിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും മാത്രമാണ്. ആധിപത്യത്തിന്റേയും ചൂഷണത്തിന്റേയും വ്യത്യസ്ത രൂപങ്ങൾ (വർഗ്ഗം, ലിംഗപദവി, കൊളോണിയലിസം) തമ്മിൽ പരസ്പരം ബന്ധപ്പെട്ടു നൽകുന്നു എന്ന ആദ്യതിരിച്ചറിവ് ഉൾച്ചേരുന്ന രാഷ്ട്രീയപരിപാടി മുന്നോട്ടുവെക്കുകയും ഇവ ഓരോന്നിൽ നിന്നുമുള്ള വിമോചനം വിജയപ്രദമായി സാക്ഷാത്ക്കരിക്കണമെങ്കിൽ, ഇവയെല്ലാം ഉന്മൂലനം ചെയ്യേണ്ടത് അനിവാര്യമാണെന്നുമുള്ള കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുകയും ചെയ്ത ആദ്യത്തെ ഒരേയൊരു പ്രസ്ഥാനം കമ്മ്യൂണിസമാണ്.”

ലോകത്തിലെ വിവിധ സ്ത്രീവിമോചന പ്രസ്ഥാനങ്ങൾക്ക് ശാസ്ത്രീയമായ രീതി ശാസ്ത്രവും അപഗ്രഥനപദ്ധതിയും സംഭാവന ചെയ്തതിൽ മാർക്‌സിനും മാർക്‌സിസത്തിനുമുള്ള പങ്ക് അനിഷേദ്ധ്യമാണ്. മനുഷ്യവിമോചനമെന്നത് സർഗ്ഗാത്മകമായ അർത്ഥത്തിൽ സാക്ഷാത്ക്കരിക്കണമെങ്കിൽ വർഗ്ഗപരമായ സമരങ്ങളോടൊപ്പം തന്നെ അനിവാര്യമായും ഏറ്റെടുക്കേണ്ട ഒന്നാണ് സ്ത്രീകളുടെ രണ്ടാംകിട സാമൂഹ്യപദവിയുടെ ഭാഗമായി അവർ നേരിടുന്ന ചൂഷണങ്ങളും വിവേചനങ്ങളും മറികടക്കാനുള്ള സമരവും എന്ന കൃത്യമായ നിലപാട് തന്നെയാണ് സിദ്ധാന്തത്തോടൊപ്പം പ്രയോഗവും എപ്പോഴും ചേർത്തുവെക്കുന്ന മാർക്‌സിസം മുന്നോട്ടുവെക്കുന്നത്.

വർത്തമാനകാലത്ത്, വികസിത മുതലാളിത്തം നവലിബറൽ നയങ്ങളിലൂടെ സൃഷ്ടിക്കുന്ന കമ്പോളകേന്ദ്രിതമായ അന്തരീക്ഷത്തിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രതിലോമപ്രവണതകളെ (സ്ത്രീകളുടെ ചരക്കുവൽക്കരണം, ദാരിദ്ര്യത്തിന്റെ സ്ത്രീവൽക്കരണം, പെൺവാണിഭങ്ങളുടെ സ്ഥാപനവൽക്കരണം, മതതീവ്രവാദത്തിന്റെ പിന്തിരിപ്പൻ വിലക്കുകൾ എന്നിവ അവയിൽ ചിലതുമാത്രം) കൃത്യമായി അഭിസംബോധന ചെയ്യാൻ മാർക്‌സിസം നൽകുന്ന ചില ഉൾക്കാഴ്ചകൾ തീർച്ചയായും സ്ത്രീവിമോചനകാംഷികൾക്ക് ഏറെ ഉപയുക്തമാവും. കുടുംബഘടനയും ലിംഗപദവിയും മാറ്റങ്ങൾക്ക് വിധേയമാണെന്നും പൊതുസാമൂഹ്യമാറ്റവുമായി ഇവ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമുള്ള മാർക്‌സിന്റെ സൂചനകൾ കൂടുതൽ തെളിമയോടെ വികസിപ്പിക്കുക എന്നത് ഈ കാലഘട്ടത്തിന്റെ സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ വലിയ ഉത്തരവാദിത്തങ്ങളിലൊന്നാണ്.


©www.navamalayali.com

 

Comments

comments