ചോര കൊണ്ട്
അവർ തെരുവിൽ
എഴുതിത്തുടങ്ങിയ
കാലത്തായിരുന്നു
അയാളുടെ തിമിര ശസ്തക്രിയ
കണ്ണുകൾ മൂടിക്കെട്ടി
കെട്ട്യോളുടെ കൈപിടിച്ച്
തപ്പിത്തടഞ്ഞ്
വീട്ടിലേക്ക് നടക്കുമ്പോൾ
അകലെയെവിടെയോ
കൂട്ടക്കരച്ചിൽ കേട്ടിരുന്നു

വിശ്രമകാലമായിരുന്നതിനാൽ
വീടിന് പുറത്തിറങ്ങിയിരുന്നില്ല
കടുത്ത നിറങ്ങൾ, കാഴ്ചകൾ
എല്ലാം വിലക്കപ്പെട്ടിരുന്നു

അക്കാലത്താണ്
തെരുവിന് തീവെക്കപ്പെട്ടതും
കുടിലുകളും തൊഴുത്തുകളും
മനുഷ്യജീവികളും പട്ടികളും പൂച്ചകളും കത്തിക്കരിഞ്ഞുപോയതും

ടിവിയിലെ
റിയാലിറ്റി ആർപ്പുവിളികളിൽ
മുങ്ങിപ്പോയതിനാൽ
തീപിടിച്ചവരുടെ കരച്ചിൽ കേട്ടതുമില്ല

എന്തായാലും കഴിഞ്ഞത് കഴിഞ്ഞു

പിന്നെയവർ
വീടിന്റെ മതിലുകളിൽ
എഴുതാൻ വന്നു
മുഴുത്ത അക്ഷരങ്ങൾക്ക്
കൊമ്പും പല്ലുമുമുണ്ടായിരുന്നു
കട്ടിക്കണ്ണടയിലൂടെ
വായിച്ചിട്ടും
ഭാഷ തിരിഞ്ഞില്ല
വിവർത്തനം ചെയ്യാൻ
ഭാര്യയോട് പറഞ്ഞു
അവൾക്കും അറിയില്ലായിരുന്നു
ഏതോ പ്രാചീന ലിപിയാണ്
മഷി ചോര പോലെ
ചോന്നത് തന്നെ
എന്നാൽ അവരുടെ കണ്ണുകൾ
എല്ലാം പറഞ്ഞിരുന്നു
കത്തുന്ന പന്തങ്ങൾ
മൂകഭാഷയിൽ
എല്ലാം പറഞ്ഞിരുന്നു

ടിവിയിലെ കോമഡിക്കാഴ്ച്ചകളിൽ
തലതല്ലിച്ചിരിച്ച്‌
ശ്വാസമില്ലാതെ കിതയ്ക്കുമ്പോൾ
ജനലിലൂടെ തീ കാണുന്നു
ആരുടെയോ ആഘോഷമെന്ന്
കർട്ടനിട്ടു മറച്ചു കളയുന്നു

ഉറക്കത്തിന്റെ
വിജനപാതയിൽ
ഒരു സ്വപ്നത്തിന്റെ പിന്നാലെ
ഓടിക്കിതക്കുമ്പോഴാണ്
വാതിലുകൾ തകർത്ത്
അവർ ചാടിക്കേറി വന്നതും
തീൻ മേശയിൽ
വെടിമരുന്നു വിളമ്പിയതും

തന്റെ ചോരകൊണ്ട്
ചുമരുകൾ നിറയെ
എഴുതിയ വാക്കുകൾ
വായിക്കാൻ അയാൾക്ക്‌
കഴിഞ്ഞില്ല

അതിനും മുമ്പേ അയാളുടെ
കൃഷ്ണമണികൾ
അവർ ചൂഴ്ന്നെടുത്തിരുന്നു…..


 

Comments

comments