(അതിർത്തികൾ മായ്ച്ചുകളയുന്ന  ലോകത്തിലെ ഏറ്റവും വലിയ കായികോൽസവങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബോൾ റഷ്യയിൽ അരങ്ങേറുമ്പോൾ നവമലയാളി ഓപ്പൺഫോറം ലോകകപ്പ് സ്പെഷലിൽ  കളിയുടെ ആരാധകരായവരിൽ ചിലരുടെ രസകരമായ പക്ഷംപിടിക്കലുകൾ, ഓർത്തെടുക്കുന്ന, തെരഞ്ഞെടുക്കുന്ന കളിയോർമ്മകൾ, കളിനിമിഷങ്ങൾ, ഇഷ്ടടീം, ഇഷ്ടകളിക്കാർ, സ്വപ്നടീം… ആരാധകരുടെ ഫുട്ബോളിഷ്ടങ്ങൾ) 

ഇഷ്ടപ്പെട്ട ടീം ഏതാണെന്നു ചോദിച്ചാൽ ബ്രസീൽ എന്നുതന്നെയാണുത്തരം. ഫുട്ബോൾ എന്നാൽ ബ്രസീലും, ബ്രസീൽ ഫുട്ബോളുമാകാൻ തുടങ്ങിയത് ലോകകപ്പ് മത്സരങ്ങൾ ടിവിയിൽ നേരിട്ടുകണ്ടുതുടങ്ങുന്നതിനും മുൻപാണ്. നാടകവും, രാഷ്ട്രീയവും, സിനിമയും ചർച്ചചെയ്തിരുന്നതിനേക്കാൾ കൂടുതൽ ആവേശത്തോടെ ഞങ്ങളുടെ വീടിന്റെ ഉമ്മറത്ത് മുഴങ്ങിക്കൊണ്ടിരുന്നത് ഫുട്ബോളിന്റെ ചരിത്രവും അതിന്റെ കഥകളുമായിരുന്നു, ആവർത്തിക്കപ്പെട്ടത് ബ്രസീൽ, പെലെ എന്നീ വാക്കുകളും. ഫുട്ബോൾ ഒരു ശീലമാക്കിയ ഒരാൾ വീട്ടിലുണ്ടായിരുന്നു. ഞാൻ ജനിക്കുന്നതിനു മുൻപ് കളി തുടങ്ങുകയും നിർത്തുകയും ചെയ്ത്, ആ കളിഭ്രാന്ത് മക്കളിലേക്കും പകർന്നുകൊടുത്ത ഒരാൾ. ഒരു ചെറിയ നഗരമായ കോഴിക്കോടിന്റെ ഹൃദയഭാഗത്തുള്ള മൈതാനത്തിൽ വെച്ച് കളി പരിചയിക്കുകയും പഠിക്കുകയും ചെയ്ത്, അൻപതുകളുടെ അവസാനത്തിൽ കോഴിക്കോട് ചാലഞ്ചേർസിനുവേണ്ടി ബൂട്ടണിയുകയും ഇന്ത്യയിലെ പലനഗരങ്ങളിലും ഫുട്ബോൾ കളിക്കാൻ വേണ്ടി യാത്രചെയ്യുകയും ചെയ്ത എന്റെ അച്ഛന്, കളി, ജീവിതം തന്നെയായിരുന്നു. അച്ഛൻ കളിക്കുന്നത് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും വെളുക്കുന്നതിനുമുൻപ് ബൂട്ടണിഞ്ഞ് ഞങ്ങളുടെ നാട്ടിലെ ചെറിയ മൈതാനങ്ങളിലേക്ക് കുട്ടികളെ പരിശീലിപ്പിക്കാനായി പോകുന്ന അച്ഛന്റെയും, അച്ഛന്റെ കൂടെ പന്തുമായി പോകുന്ന ഏട്ടന്റെയും ചിത്രം മനസ്സിലുണ്ട്. ഏട്ടൻ പിന്നീട് കോഴിക്കോട് യങ്ങ് ചാലഞ്ചേർസിന്റെ കളിക്കാരനായി. എവിടെയും എഴുതപ്പെടാതെ മറവിയിലേക്ക് മാഞ്ഞുപോയ എത്രയോ കളിക്കാർ ഇതുപോലെ കോഴിക്കോടിന്റെയും, ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും ഫുട്ബോൾ പഴമയിലുണ്ട്. ഒരു മഹത്തായ രാജ്യം തന്റെ ചരിത്രത്തെ വലിയനിലയിൽ അടയാളപ്പെടുത്തുമ്പോൾ, അതിനുള്ളിലെ ചില ചെറുനഗരങ്ങളുടെയും പ്രദേശങ്ങളുടെയും ചിത്രങ്ങൾ ആരാലും രേഖപ്പെടുത്താതെ എന്നേക്കുമായി മറഞ്ഞുപോകുന്നു. തിരിഞ്ഞുനോക്കി ഒന്നും പെറുക്കിയെടുക്കാൻ കഴിയാതെ നമ്മളും നടന്നകലുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ ബ്രിട്ടീഷുകാർ കാൽ‌പ്പന്തുകളി ഇന്ത്യക്ക് പരിചയപ്പെടുത്തിയതിനെത്തുടർന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലായി അനേകം ഫുട്ബോൾ ക്ലബ്ബുകൾ നിലവിൽ‌വന്നു. കൽക്കട്ട എഫ്.സി, ഡൽഹൌസി ക്ലബ് എന്നിവ അതിനുള്ള ഉദാഹരണങ്ങളിൽ ചിലതുമാത്രം. ബ്രിട്ടീഷ് സൈന്യത്തിന്റെ വിനോദത്തിനായി കണ്ടെത്തിയ ഈ കളി ഇന്ത്യൻ ജനത കാര്യമായെടുത്തുഎന്നുവേണം പറയാൻ. ഉത്തരേന്ത്യയിലെ ഫുട്ബോൾ തരംഗം തെക്കേ ഇന്ത്യയിലേക്കും പടർന്നതിന്റെ ഫലമായി കേരളത്തിലും അങ്ങിങ്ങായി ഫുട്ബോൾ ക്ലബ്ബുകൾ മുളച്ചുവരാൻ തുടങ്ങി. 1899-ൽ തൃശ്ശൂരിലാരംഭിച്ച ആർ. ബി. ഫെർഗൂസൻ ക്ലബ്ബ് കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്ബാണ്. തൃശ്ശൂരിൽ നിന്നും ആ കാറ്റ് പിന്നീട് വടക്ക് കോഴിക്കോട്ടേക്കും അടിച്ചുതുടങ്ങി. ആ കാറ്റെറിഞ്ഞ വിത്തുകളിലൊന്ന് പൊട്ടിവന്നതായിരുന്നു കോഴിക്കോട്ടെ “ചാലഞ്ചേർസ്” ക്ലബ്ബ്.

ലോക ഫുട്ബോൾ രംഗത്തെ ഏതൊരു രാജ്യവും തങ്ങളുടെ സ്വന്തം സത്തയും സംസ്കാരവും കളിയിലൂടെ എടുത്തുകാണിക്കുന്നതു പോലെ തന്നെയാണ് ബ്രസീലും തങ്ങളുടെ ആത്മാവിനെ ഫുട്ബോളിലൂടെ തുറന്നുകാണിക്കുന്നത്. ബ്രസീലിന്  ഫുട്ബോൾ ഒരു ജീവിതരീതിയാണ്. കൌശലവും വേഗതയുമേറിയ “ജിങ്ക” എന്ന ആക്രമണശൈലി, രാജ്യത്തിന്റെ ഇടകലർന്ന ഗോത്രസംസ്കാരങ്ങളുടെ പ്രതിഫലനം തന്നെയാണെന്ന് മനസ്സിലാക്കുന്നിടത്ത് നമ്മൾ ബ്രസീൽ ഫുട്ബോളിന്റെ സൌന്ദര്യം കാണുന്നു. സർഗ്ഗവൈഭവത്തോടെ ആടിയുലഞ്ഞ് താളക്രമത്തിൽ മുന്നേറുന്ന ജിങ്കയ്ക്ക് സാംബനൃത്തവുമായി വളരെ അടുത്ത സാമ്യമുണ്ട്. ജിങ്ക ഒരു ബ്രസീലിയൻ ആദർശമോ മനോഭാവമോ ആണെന്നും പറയാം. പെലെ, ദീദി, സീക്കോ, റൊണാൽഡോ, കഫു , റോബെർട്ടോ കാർലോസ്, പ്രസിദ്ധരായ ബ്രസീലിന്റെ കളിക്കാരുടെ നിര ഇങ്ങനെ നീണ്ടുപോകുന്നു. ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം, ബ്രസീൽ, ലോകഫുട്ബോളിന്റെ നെറ്റിയിലെ എത്ര തുടച്ചാലും മായാത്ത ഒരു മഞ്ഞ അടയാളമാകുന്നു.

നേരിട്ടുള്ള കളി ടി വിയിൽ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും “പെലെ’ തന്നെയാണ് ഇഷ്ടപ്പെട്ട കളിക്കാരൻ. സാവോ പോളോയിലെ ദാരിദ്ര്യത്തിൽനിന്നും ഫുട്ബോൾ രാജ്യത്തെ കിരീടമില്ലാത്ത രാജാവായി മാറിയ പെലെയുടെ ജീവിതത്തെക്കുറിച്ച് 2016ൽ പുറത്തിറങ്ങിയ, “പെലെ: ബെർത് ഓഫ് എ ലെജെന്റ് എന്ന സിനിമ”, പെലെ നടന്ന വഴികളുടെ ഒരു ഓർമ്മച്ചിത്രമാണ്. സോഷ്യൽ മീഡിയകളുടെ തള്ളിക്കയറ്റത്തിനും എത്രയോ മുൻപ് കളിനിർത്തിയ ആ മഹാത്ഭുതത്തെ ഇന്നു ടിവിയിൽ കളിക്കാരെ കാണുന്നതുപോലെ നേരിട്ടുകാണാനായില്ലല്ലോ എന്ന വിഷമം ബാക്കിനിൽക്കുന്നുണ്ട്.

കളിയിലെ ചരിത്രനിമിഷം 1994 ലോകകപ്പിൽ യു.എസ്.എ – കൊളംബിയ മത്സരത്തിൽ ആന്ദ്രെസ് എസ്കോബാർ സെൽഫ് ഗോൾ അടിച്ചതാണെന്ന് വേദനയോടെ രേഖപ്പെടുത്തുന്നു. ആ ലോകകപ്പിൽ നിന്നും കൊളംബിയ പുറത്താകാൻ കാരണം എസ്കോബാറിന്റെ സെൽഫ് ഗോളാണെന്ന കാരണത്താൽ ജന്മനാട്ടിൽ തിരിച്ചുചെന്ന അദ്ദേഹത്തെ യഥാർത്ഥ ഭ്രാന്തുള്ളവർ വെടിവെച്ചുകൊല്ലുകയാണുണ്ടായത്. 1993-ലെ ഫിഫ യോഗ്യതാ മത്സരത്തിൽ  5-0 ത്തിന് അർജന്റീനയെ തോൽ‌പ്പിച്ച കൊളംബിയ 1994-ൽ ലോകകപ്പ് നേടാനുള്ള സാദ്ധ്യതയുണ്ടെന്ന് പെലെയും പ്രവചിച്ചിരുന്നു. എസ്കോബാറിന്റെ മരണത്തിന്റെ നടുക്കത്തിൽ നിന്നും പുറത്തുവരാൻ പിന്നീട് കൊളംബിയൻ ഫുട്ബോളിന് സാധിച്ചില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം

എന്റെ സ്വപ്ന ടീം  (3,5,2):

1.പീറ്റർ ഷിൽട്ടൻ (ഗോൾ കീപ്പർ)

2.റോബർട്ടോ കാർലോസ്

3.ഫ്രാൻസ് ബെക്കൻബവർ

4.കഫു

5.റൂഡ് ഗുള്ളിറ്റ്

6.ഡീഗോ മറഡോണ

7.റോബെർട്ടോ ബാജിയോ

8.സിനദേൻ സിദാൻ

9.മിഷേൽ പ്ലാറ്റിനി

10.പെലെ

11.ക്രിസ്റ്റ്യാനോ റൊണാൾഡോ

Comments

comments