1972-ൽ ആദ്യമായി സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരളമാണ് എന്റെ ഓർമ്മകളിലെ എറ്റവും പ്രിയപ്പെട്ട ടീം. പ്രിയപ്പെട്ട കളി മുഹൂർത്തം കൊച്ചി മഹാരാജാസ് ഗ്രൗണ്ടിലെ അന്നത്തെ വിജയവും. ഞാൻ ആ കളി കണ്ടിട്ടില്ല. പക്ഷേ കണ്ട നാലു പേരെ നേരിട്ടറിയാം. ഒന്ന് ദിവാകരൻ മാമ – നിരത്തിൽ വിരലിലെണ്ണാവുന്ന കാറുകൾ മാത്രമോടിയിരുന്ന കാലത്ത് സ്വന്തമായി ഫിയറ്റ് കാറുള്ള ഓട്ടോമൊബൈൽ ബിസിനസ്സുകാരൻ. രണ്ട്  അസീസ് മാമ – നാൽച്ചക്രശകടങ്ങളുടെ പൊളിച്ചുവിൽപ്പനയിൽ വിദഗ്ദ്ധനും നിരക്ഷരനും വലിയ തമാശക്കാരനും. മൂന്ന് ഭാസ്കരൻ ചേട്ടൻ -രണ്ടാം ലോകയുദ്ധകാലത്ത് ബർമ്മയിൽ നിന്ന് കാൽനടയായി കൊല്ലത്തെത്തി ഇലക്ട്രിക്കൽ കട തുടങ്ങിയ ഐയ്യെന്നേക്കാരൻ. നാല് – അവരുടെയെല്ലാം “മൂള”യും സർക്കാർ ഗുമസ്തനുമായ എന്റെ വാപ്പിച്ച.

ദിവാകരൻ മാമയുടെ ഫിയറ്റ് കാറിൽ തലേന്ന് രാത്രി നാലുപേരും കൊച്ചിക്കു പോയി. എനിക്ക് അതത്ര രസിച്ചില്ല. വീടിനടുത്തുള്ള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ജി.വി.രാജാ ഫുട്ബോൾ കാണാൻ വാപ്പിച്ച എന്നെയും കൊണ്ടുപോവാറുണ്ട്. പിന്നെന്താ സന്തോഷ് ട്രോഫിക്ക് കൊണ്ടു പോയാൽ. അസൂയയോ ആധിയോ എന്നൊന്നും അറിയാത്ത ഒരസ്വസ്ഥതയിൽ എന്റെ ആറു വയസ്സിന്റെ പൗരുഷം ഉലഞ്ഞു. അതിനു പരിഹാരമായിട്ടായിരിക്കണം, പോകും മുമ്പ് വാപ്പിച്ച ആ കളിയുടെ പ്രാധാന്യം, കൊച്ചിയിലേക്കുള്ള ദൂരം തുടങ്ങിയ കാര്യങ്ങൾ എനിക്ക് വിസ്തരിച്ചു പറഞ്ഞുതന്നു. പിറ്റേന്ന് റേഡിയോയിലെ ദൃക്സാക്ഷിവിവരണം കേൾപ്പിക്കാൻ ഉമ്മയെ ചട്ടം കെട്ടുകയും ചെയ്തു.

അങ്ങനെ റേഡിയോയ്ക്ക് മുന്നിൽ ചെവി കൂർപ്പിച്ചിരുന്ന് ഞാൻ ആ കളി കണ്ടു. അതു കണ്ടുകൊണ്ടിരിക്കുന്ന നാലുപേരെയും കണ്ടു. ക്യാപ്റ്റൻ മണിയും ഗോളി രവിയും ജാഫറും നജുമുദ്ദീനും ശങ്കരൻ കുട്ടിയും എല്ലാം  ആ സായാഹ്നത്തോടെ എന്റെ ജന്മാന്തര ബന്ധുക്കളായി. രണ്ടു മൂന്നു കൊല്ലം കൂടി കഴിഞ്ഞപ്പോൾ   ജി.വി.രാജാ ടൂർണമെൻറ് കാണാനും ടൈറ്റാനിയത്തിന്റെയും കെ.എസ്. ഇ. ബിയുടെയും കേരളാ ട്രാൻസ്പോപോർട്ടിന്റെയും വൈകുന്നേരത്തെ പ്രാക്ടീസ് കാണാനും കൂട്ടുകാരുമൊത്ത് പോക്ക് പതിവായി. സന്തോഷ് ട്രോഫി നേടിയ അത്ഭുതടീമിലെ പലരെയും അടുത്തു നിന്നു കാണാൻ പറ്റി. നജുമുദ്ദീനെപ്പോലെ ഒരു വിംഗ് ഫോർവേഡ് ആവണമെന്നായിരുന്നു അന്നത്തെ അദമ്യമായ ആഗ്രഹങ്ങളിലൊന്ന്.

പെലേ ആണ് കുട്ടിക്കാലത്തെ എന്റെ പ്രിയതാരം. ഇപ്പോഴും ആ ഇഷ്ടത്തിന്റെ രുചി ബാക്കി നിൽക്കുന്നു. 1986-ൽ മരഡോണയുടെ അത്ഭുത ഗോളുകൾ കണ്ട് അന്തം വിട്ടുപോയെങ്കിലും അയാൾ പെലെയെക്കാൾ പ്രതിഭാശാലിയാണെന്ന് ചിലരെഴുതിയത് വായിച്ചപ്പോൾ അന്നൊന്നും ഒട്ടും സുഖിച്ചില്ല.

ഇന്നാലോചിക്കുമ്പോൾ വ്യക്തി പ്രതിഭകളുടെ താരതമ്യത്തിലൊക്കെ എന്തു കാര്യം എന്നു തോന്നുന്നു. ഫുട്ബോളിന്റെ ഭാവിക്കായി കളിസങ്കേതങ്ങളിൽ ഗവേഷണം നടത്തുന്നവർ വീഡിയോകൾ കണ്ട് തലനാരിഴ കീറട്ടെ. ഇന്ന് ആസ്വാദകനായ എന്റെ ആനന്ദം ഫുട്ബോളിന്റെ സംഘകലയിലും അതിന്റെ കാവ്യശയ്യയിൽ അപൂർവ്വ ബിംബം പോലെ മിന്നിമായുന്ന നിരവധി വ്യക്തിനിമിഷങ്ങളിലും. മറഡോണയുടെ ഗോൾ പോലെ ഓർമ്മയിൽ തങ്ങിനിൽപ്പുണ്ട് ബൽജിയത്തിനെതിരെ സൗദിയുടെ സയ്യദ് ഒവൈറാൻ നേടിയ ഗോളും. റോബർട്ടോ കാർലോസിന്റെ ബനാനാ കിക്ക് ഒരു വാൽനക്ഷത്രമായി ആകാശം ചുറ്റിവന്ന്  വലയിൽ പതിച്ച അനർഘനിമിഷം പോലെ ഓർക്കുന്നുണ്ട് ടൈറ്റാനിയത്തിന്റെ എൻ. ജെ. ജോസ്, വലംകാൽ ഇടത്തേക്ക് വീശി വലത്തേക്കു തന്നെ അത്ഭുതകരമായി എഡ്ജുചെയ്ത പെനാലിറ്റി  ബാറിലുരസി പുറത്തു പോയ ദുരന്തനിമിഷവും.

തമ്മിൽതല്ലി മരിക്കുന്ന കാണികളുടെ സംഘകലയോട് കടുത്ത ചവർപ്പുമുണ്ട്. ഇംഗ്ലണ്ടിൽ മാത്രമല്ല തിരുവനന്തപുരത്തുമുണ്ടായിരുന്നു ഫുട്ബോൾത്തല്ല്. തമിഴ്നാട് ഇലവനും ബോംബെ ടാറ്റാസും തമ്മിലുള്ള ഒരു ജി.വി.രാജാ ഫൈനൽ കാണികളുടെ കയ്യാങ്കളിയും കസേരത്തല്ലുമായി. അന്ന് അലസിപ്പോയ ഫൈനൽ പിന്നെയുണ്ടായില്ല.

മറ്റൊരു ദുരന്തമുഹൂർത്തത്തിനു സാക്ഷിയായതും ഓർമ്മവരുന്നു. 1983-ൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ താൽക്കാലിക ഗാലറി തകർന്നു വീഴുമ്പോൾ എതിരെയുള്ള സ്ഥിരഗാലറിപ്പടവിലിരുന്ന് ആ കാഴ്ച കണ്ടത്. ടി.വി സ്ക്രീനിൽ മെക്സിക്കൻ വേവ് കാണുമ്പോഴെല്ലാം, എം എൽ എ ക്വാർട്ടേഴ്സിനു സമീപത്ത് കെട്ടിയുയർത്തിയ ആ ചൂളമരപ്പന്തലിന്റെ വീഴ്ച ഉള്ളിൽ കിടന്ന് വേവും. മനുഷ്യപ്പറ്റത്തിന്റെ ഒരു കുന്നിൻചെരു  ആടിയുലഞ്ഞ് ചീട്ടുകൊട്ടാരം പോലെ ക്രമത്തിൽ താഴേക്ക്…. കോളേജിൽ എന്റെ സീനിയറായ ഒരു വിദ്യാർത്ഥി മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കുപറ്റി. ടൈറ്റാനിയവും ഓർകേ മിൽസും തമ്മിലുള്ള ഫൈനൽ എന്നെന്നേക്കുമായി മാറ്റിവച്ചു. ജി.വി.രാജാ ടൂർണമെന്റ് തന്നെ അതോടെ ഇല്ലാതായി.

ഇപ്പോൾ ജി.വി.രാജാ പുനരാരംഭിച്ചിട്ടുണ്ടത്രേ. ടിക്കറ്റില്ല. കാണാൻ ആളുമില്ല. “ടിക്കറ്റുണ്ടെങ്കിലും ഇല്ലെങ്കിലും നല്ല കളിയുണ്ടെങ്കിലല്ലേ ആളു വരൂ” എന്ന് 80-കളൊടുവിൽ സംസ്ഥാന ടീമിൽ കളിച്ചിരുന്ന എന്റെ ബന്ധുവും സുഹൃത്തുമായ സുൾഫിക്കർ. തെരുവാളികളുടെ കളിയായിരുന്ന ഫുട്ബോൾ കോർപ്പറേറ്റ് സമ്പത്തിന്റെ ചൂതാട്ടമായി മാറിക്കഴിഞ്ഞകാലത്ത് നല്ല കളി എന്നാൽ എന്താണോ ആവോ? അത് കാഴ്ചപ്പെട്ടികളിൽ നിന്നിറങ്ങി നമ്മുടെ ഉമ്മറമൈതാനത്ത് ചൂതാടിത്തുടങ്ങുന്നത് എപ്പോഴാണോ ആവോ?

കൗമാരലോകകപ്പ് ടി.വി.യിൽ കണ്ടപ്പോൾ ഇന്ത്യൻ യുവനിരയോട് വലിയ ഇഷ്ടം തോന്നി. അവർക്കായി ആർപ്പിടണമെന്ന് തോന്നി. പക്ഷേ, യൂറോയിലോ കോപ്പാ അമേരിക്കയിലോ ലോകകപ്പിലോ ദുർബലരായ ടീമുകൾ ജയിക്കണമെന്ന് ആഗ്രഹിക്കാറില്ല. ശക്തമായ ഫുട്ബോൾ ഭാഷയിൽ വിനിമയം ചെയ്യുന്ന കായികാനുഭൂതി എനിക്ക് കാവ്യാനുഭൂതി പോലെ. അതായിരിക്കണം സുൾഫി പറഞ്ഞ ‘നല്ല കളി’യും.

Comments

comments