‘കത്തിയൂരാത്തതെന്തെ നെഞ്ചിൽ നിന്നും
നീ കുത്തിയ കഠാരത്തിലെന്റെ പേരുണ്ട്.’
മഴുകൊണ്ട് പരശുരാമൻ കടലിൽ നിന്ന് മലയാളത്തെ പകുത്തെടുക്കും മുമ്പ് ആ മഴുകൊണ്ട് അമ്മയുടെ തലയറുക്കുകയായിരുന്നു. സ്ത്രീഹത്യയുടെ കേരളീയ ചരിത്രത്തിന് അതിന്റെ ഉത്പത്തിക്കഥയോളം നീണ്ട ആഴമുണ്ട്. അത് അത്രയും സമ്പൂർണ്ണവും സമഗ്രവുമായി മലയാള പ്രകൃതിയെ ഗ്രസിച്ചു നിൽപ്പുണ്ട്. നടിയെ ആക്രമിച്ച കേസ്സും അതിനെ തുടർന്ന് വിവിധ മേഖലകളിൽ നിന്ന് ഇവിടെ അരങ്ങേറിയ തുടർ പ്രവർത്തികളും ഈ യാഥാർത്ഥ്യം കൂടുതൽ അരക്കിട്ടുറപ്പിക്കുന്നു.  സ്ത്രീയോടുള്ള ഓരോ ആക്രമണങ്ങളും ഒരു ബലാൽസംഘത്തിലോ ആക്രമത്തിലോ ഒടുങ്ങുകയല്ല, ഈ പൗരസമൂഹം ആകെ പങ്കുചേരുന്ന ഒരു സമൂഹ നൃത്തമായി രൂപാന്തരം പ്രാപിക്കുന്നു.  ഇരകളുടെ  മരണം കൊണ്ടുപോലും കലിതീരാതെ മരണത്തിനപ്പുറത്തും  പിന്തുടർന്ന് ആക്രമിക്കുന്ന  ഒരു നൈരന്തര്യമായി ഈ ആക്രമണങ്ങൾ പിന്തുടരുന്നു. പൊതുസമൂഹം അങ്ങനെ കുത്തിയിറക്കുന്ന കത്തികൾ  നാമോരുത്തരുടേയും പേരുകൊത്തിയതാണെന്ന് മറന്നു പോകരുത്.

ഒരു കുറ്റകൃത്യത്തിന്റെ ഫലം പരിഗണിച്ച് മാത്രമല്ല നമ്മുടെ നീതി വ്യവസ്ഥ ശിക്ഷ വിധിക്കുന്നത്, പകരം  കുറ്റത്തെ ആഴത്തിൽ പരിശോധിച്ചുകൊണ്ടാണത്  ചെയ്യുന്നത്. അതായത് കൃത്യത്തിനു മുമ്പും അതിനു ശേഷവും പ്രതി നടത്തുന്ന പലനിലയിലുള്ള തയ്യാറെടുപ്പുകളും കൂട്ടുകെട്ടുകളും കോടതി പരിഗണിക്കുകയും അവിടെ പ്രതിയുടെ പ്രവൃത്തികളുടെ ചോദനയും ഫലവും പരിഗണിക്കുകയും ചെയ്യും. കുറ്റകൃത്യത്തെ മൂടിവയ്ക്കാനും വെള്ള പൂശാനുമെല്ലാം  നടത്തുന്ന ശ്രമങ്ങൾ പ്രധാന കുറ്റകൃത്യത്തിന്റെ ഭാഗമാണ് എന്നുമാത്രമല്ല അതിൽ സഹായികളായി എത്തുവരെ കൂട്ടുപ്രതികളായി പരിഗണിക്കുന്നതുമായ ഒരു രീതീശാസ്ത്രമാണ് കോടതികൾ അനുവർത്തിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസ്സിൽ മുഖ്യപ്രതിയായ നടനും അയാളുടെ സഹായികളും ചേർന്ന് നടത്തുന്ന തുടർ കുറ്റകൃത്യങ്ങളായി വേണം കേരളത്തിലെ സിനിമാ അഭിനേതാക്കളുടെ സംഘടനയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ പരിഗണിക്കേണ്ടത്. കേസ്സിലെ മുഖ്യപ്രതിയായി കോടതി വിചാരണനേരിടുന്ന ആളെ കേസ്സിലെ ഇരകൂടി അംഗമായിരിക്കുന്ന സംഘടനയിലേയ്ക്ക് തിരികെ ആനയിച്ചുകൊണ്ട്, തനിക്കു പ്രബലതയുള്ള ലോകത്ത് നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലായെന്ന സന്ദേശം നൽകുകയാണ് പ്രതിയും കൂട്ടാളികളും ചെയ്യുന്നത്. ഇരയെ കൂടുതൽ നിസ്സഹായ ആക്കുന്നതരത്തിൽ തന്റെ ഒരു സമാന്തര ലോകം ഇവിടെ പ്രബലമായുണ്ട്  എന്ന പ്രഖ്യാപനം ഇതിലുണ്ട്. അത് നിന്റെ തൊഴിൽ ലോകത്തും സാമൂഹിക ലോകത്തും കലാലോകത്തും നിന്നെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ കോടതി എന്തു ചെയാനാണ് എന്ന ചോദ്യമാണ് ഈ കേസ്സിലെ പ്രതികളും ‘അമ്മ’ യെന്ന സിനിമാ സംഘടനയും ചേർന്ന് നടത്തുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ ദിലീപ് എന്ന നടൻ മുഖ്യപ്രതിയാണ്. പ്രതിയെ കുറ്റവാളിയെന്ന് കോടതി വിധിക്കും മുമ്പ് അയാളെ സംഘടനയിൽ നിന്ന് മാറ്റി നിറുത്തേണ്ടതുണ്ടോ ജയിലിൽ പാർപ്പിക്കേണ്ടതുണ്ടോ എന്നെക്കൊയുള്ള  സംശയങ്ങൾ ഈ കേസ്സുമായി ബന്ധപ്പെട്ട് കേരളീയ സമൂഹത്തിൽ ഉയർന്നുവരുകയുണ്ടായി. ഈ കേസ്സിലെ ഇര പ്രതിയുടെ പേരിൽ ഒരു പരാതി എഴുതി കൊടുത്തിട്ടോ സ്റ്റേഷനിൽ പോയി പ്രതിയെക്കുറിച്ച് മൊഴികൊടുത്തോ അല്ല  ദിലീപ് ഈ കേസ്സിൽ പ്രതിയാകുന്നത്. കേസ് അന്വേഷണം നടത്തിയ പോലീസ് കുറ്റകൃത്യത്തിന്റെ വഴികൾ അന്വേഷിച്ച് പോയി ദിലീപ് പ്രതിയാണെന്ന്  കണ്ടെത്തുകയായിരുന്നു. അതായത് അയാൾ ഒരു സുപ്രഭാതത്തിൽ വന്ന ഒരാരോപണ ഫലമായി  പ്രതിയായതല്ല, കുറ്റക്കാരനെ കണ്ടെത്താനുള്ള ഒരേജൻസിയുടെ അന്വേഷണം പൂർത്തിയായതിനു ശേഷം  പ്രതിയായി കോടതി മുമ്പാകെ നിൽക്കുകയാണർത്ഥം. പ്രതി മറ്റേതൊരു പൗരനേയും പോലെ സമൂഹത്തിൽ ഒരു സ്വതന്ത്ര പൗരനാണോ? അല്ല – അയാൾ/ അവൾ നിയന്ത്രിതമായ സ്വാതന്ത്യങ്ങൾ മാത്രമുള്ളയാളാണ്. അതുകൊണ്ടാണ് പ്രതിയ്ക്ക്  ജ്യമ്യത്തിൽ  മാത്രം പുറത്ത് നിൽക്കാൻ കഴിയുന്നത്. കോടതി വിധി വരുന്നതുവരെ അയാളെ കുറ്റക്കാരനാണെന്നു വിധിക്കുന്നില്ലായെന്നതുപോലെ നിരപരാധിയാണെന്നും വിധിക്കുന്നില്ല. പ്രതി ഇക്കാലയളവിൽ സംശയത്തിന്റെ ഒരു നിഴൽ പ്രദേശത്താണ്. ചിലപ്പോൾ അയാൾ നിരപരാധിയായിരിക്കാം  അപ്പോൾ വിധി വരുന്നതുവരെയുള്ള ഈ നിഴൽ വാസം ക്രൂരവും സങ്കടകരവുമല്ലേയെന്നൊരു സംശയം ഉയർന്നേക്കാം. പക്ഷെ സമൂഹത്തിലെ നീതി നിർവ്വഹണത്തിന്റെ വലിയ ലക്ഷ്യങ്ങൾക്കായി വ്യക്തികൾ ഈ യാതന സഹിക്കുകയല്ലാതെ മറ്റു വഴികളില്ലായെന്നതാണ് വസ്തുത. ഈ സ്വാതന്ത്ര്യക്കുറവും അസൗകര്യങ്ങളും  ഇന്ത്യയിലെ വിവിധ കോടതികളിലായി  ലക്ഷക്കണക്കിനു പ്രതികൾ അനുഭവിക്കുന്നതാണ്. ജ്യാമ്യത്തുക കെട്ടിവയ്ക്കാൻ കഴിയാത്തതുകൊണ്ടും  കേസ് നടത്താൻ പണവും ബന്ധുബലവുമില്ലാത്തുകൊണ്ടും എത്രയായിരം പേരാണ് ദീർഘമായ കേസ്സ് കാലാവധികളിൽ ജയിൽ വാസം അനുഭവിക്കുന്നത്. ഇതെല്ലാം ഈ സമൂഹത്തിലെ നിത്യസംഭവങ്ങളായി നാമോരുത്തരും നേരിട്ടും അല്ലാതെയും അനുഭവിച്ചുകൊണ്ടിരുന്നിട്ടും പെട്ടെന്ന് ദിലീപ് പ്രതിയായപ്പോൾ ‘പ്രതി കുറ്റവാളിയല്ലല്ലോ?’ ‘കേസ്സും കോടതിയുമൊക്കെ സംഘടനകൾക്ക് ബാധകമാണോ?’ ‘നാട്ടുകാരുടെ പണം കൊണ്ടല്ലല്ലോ ഞങ്ങൾ പ്രവർത്തിക്കുന്നത്, പിന്നെ ജനങ്ങൾ പറയുന്നതനുസരിക്കാൻ ഞങ്ങൾക്ക് എന്ത് ബാധ്യതയാണുള്ളത്?’ എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ടാവുന്നു.

മലയാള സിനിമയിലെ പെർഫോർമിംഗ് ആട്ടിസ്റ്റുകളുടെ സംഘടന (A.M.M.A) രൂപീകൃതമായ  നാൾ മുതൽ സിനിമയിൽ അഭിനയ രംഗത്ത് പ്രവർത്തിക്കുന്ന ആളുകളുടെ തൊഴിൽ  പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആ വ്യവസായത്തിലും പുറത്തും ഈ വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള സംഘടിത പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമായിരുന്നില്ല പ്രാധാന്യം കല്പിച്ചത്. മറിച്ച് ഏകപക്ഷീയമായ അപ്രമാദിത്വത്തോടെ ആ സംഘടന ശ്രമിച്ചുവന്നത് അംഗങ്ങളുടെ കലാ പ്രവർത്തന സ്വാതന്ത്ര്യത്തിനു വിലക്കേർപ്പെടുത്താനും വിമർശനങ്ങൾ ഉന്നയിക്കുന്നവരെ ഊരുവിലക്കാനും സ്റ്റേജ് ഷോകളിലൂടെയെല്ലാം കച്ചവടത്തിന്റെ ഒരു അനുബന്ധമേഖലയായി പ്രവർത്തിക്കാനുമാണ്. കലാപ്രവർത്തകരുടെ വലിപ്പ ചെറുപ്പം നോക്കാതെ തുല്യ പ്രാധാന്യത്തോടെ ഇടപെടാനുള്ള ജനാധിപത്യം ഈ സംഘടനയ്ക്കില്ലായെന്ന് അനുഭവം വിവരിച്ചുകൊണ്ട് തിലകൻ  പറഞ്ഞതോർക്കുക. ഇത് ശരി വച്ചുകൊണ്ടാണ് കഴിഞ്ഞ ജനറൽ ബോഡിയിൽ ദിലീപിനെ  സംഘടനയിലേയ്ക്ക് തിരികെ പ്രവേശിപ്പിക്കുന്നത്. അന്ന് ജനറൽ ബോഡിയിൽ ഉണ്ടായിരുന്ന പി ബാലചന്ദ്രൻ അതിനെക്കുറിച്ച് പ്രതികരിച്ചത് അജണ്ടയിൽ ഇല്ലാത്തൊരു കാര്യം പെട്ടെന്ന് അവതരിപ്പിച്ചു പാസാക്കുകയായിരുന്നുവെന്നാണ്. സംഘാംഗങ്ങളുടെ  ഇന്ദ്രിയങ്ങൾ കളഞ്ഞുപോയ ഏതോ സമയത്ത് അയാൾ വീണ്ടും കയറിവന്നു അഥവാ നേതൃത്വം കയറ്റിക്കൊണ്ട് വന്നു.  ഇതേ സംഘടനയിൽ പ്രവർത്തിക്കുന്ന ഒരു കലാകാരിയെ  ക്രൂരമായ ലൈംഗികാക്രാണം നടത്തിയ കേസ്സിൽ പ്രതിയായപ്പോഴാണല്ലോ അദ്ദേഹത്തെ പുറത്താക്കിയത്. ആ സാഹചര്യത്തിനു ഇപ്പോൾ എന്ത് മാറ്റമാണ് ഉണ്ടായത്. കേസ്സ് വെറുതേ വിട്ടോ? സംഘടനാ പരമായി ഒരു ആഭ്യന്തര അന്വേഷണം നടത്തി പ്രതിയുടെ നിരപാധിത്വം അവർക്കു ബോധ്യപ്പെട്ടോ? അതോ സംഘാങ്ങളോടുപോലും ലൈംഗിക കുറ്റകൃത്യങ്ങളടക്കമുള്ളവ ചെയ്യുന്നവരോട് ഈ സംഘടന യാതൊരു നടപടിയും എടുക്കില്ലയെന്നാണോ? ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സംഘടനയ്ക്ക് ബാധ്യതയുണ്ട്. പ്രത്യേകിച്ച് അതിന്റെ  നേതൃത്വത്തിൽ എം പിയും എം എൽ എ മാരുമടങ്ങുന്ന ജനപ്രതിനിധികൾ ഉണ്ടായിരിക്കുമ്പോൾ. അതിലുമേറെ ജനലക്ഷങ്ങളുടെ ആരാധനാപാത്രമായിരിക്കുന്ന സൂപ്പർ സ്റ്റാറുകൾ നയിക്കുന്നൊരു പ്രസ്ഥാനത്തിനു ഈ ആരാധക വൃന്ദത്തോടെങ്കിലും പറയാൻ ഒരു ഉത്തരമുണ്ടാകണം. ജനങ്ങളുടെ പണം കൊണ്ടല്ല ഈ സംഘടന പ്രവർത്തിക്കുന്നത്. പിന്നെന്തിനു ജനങ്ങൾ ചോദ്യം ചോദിക്കുന്നുവെന്നാണ് ആ സംഘടനയുടെ ജനറൽ സെക്രട്ടറി മറുചോദ്യം ഉന്നയിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്തിലെ തൊഴിൽ സ്വാതന്ത്ര്യത്തിന്റെയും സംഘടനാ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ സംഘടന നിലവിൽ വന്നതും നിലനിൽക്കുന്നതും. അങ്ങനൊരു സംഘടനക്ക്  ഒരു സമൂഹത്തിൽ നിന്ന് ഉയർന്നുവരുന്ന ചോദ്യങ്ങളോട് യുക്തിസഹമായി ഉത്തരം പറയാൻ ബാധ്യതയുണ്ട്.

ഇപ്പോൾ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഇന്നസെന്റിനെയും എം എൽ എ ആയ  മുകേഷിനേയും ജനങ്ങളുടെ മുന്നിൽ പ്രതിനിധികളായി അവതരിപ്പിച്ചത് ഇടതുപക്ഷ മുന്നണിയാണ്. ഗണേഷ്കുമാറാകട്ടെ ഇന്ന് ആ മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ജനറൽ ബോഡിയിൽ, ഡയസ്സിൽ തന്നെ ഇവർ ഇരിക്കുന്ന സന്ദർഭത്തിലാണ് ദിലീപിനെ തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. ഈ ജനപ്രതിനിധികളുടെ പ്രവൃത്തിയെ വിലയിരുത്താൻ ഇടതുപക്ഷത്തിനും അതിനെ നയിക്കുന്ന മാർക്സിസ്റ്റ് പാർട്ടിക്കും ബാധ്യതയില്ലേ? സംഘടന എടുത്ത തീരുമാനത്തിനു ഇടതു ജനപ്രതിനിധികളെ വിമർശിക്കേണ്ട എന്ന് കോടിയേരി പറയുന്നു. ഇതാണോ പാർട്ടി മെമ്പർമാരോടും പാർട്ടി ജനപ്രതിനിധികളോടും സി പി എം എടുക്കുന്ന നിലപാട്? അവർ പങ്കാളികാളാവുന്ന സംഘടനയുടെ തീരുമാനങ്ങളിലും  പ്രവൃത്തികളിലും എന്തും ആവാമെന്നോ?  ഇതൊന്നും പാർട്ടി ശ്രദ്ധിക്കുകയില്ലായെന്നോ? അതോ സിനിമാ മേഖലയ്ക്ക്  മാത്രം പാർട്ടി  അയവ് നൽകിയിട്ടുണ്ടോ? ദിലീപിനെ തിരികെ പ്രവേശിപ്പിച്ചത് തെറ്റാണെന്ന് പറഞ്ഞ പ്രസ്താവനയുടെ സിംഹഭാഗവും അമ്മയെ പിളർക്കരുതേയെന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ നെഞ്ചുരുകിയുള്ള അഭ്യർത്ഥനയാണ്. ഈ സംഘടനയെ പിളർത്തി വരൂ എന്നൊരു ആഹ്വാനം അതിന്റെ ശത്രുക്കൾ പോലും ഉന്നയിക്കാത്ത സന്ദർഭത്തിലാണ് കോടിയേരി ഈ ഭയം ഉന്നയിക്കുന്നത്, പുകമറ സൃഷ്ടിക്കാനുള്ള ഈ ശ്രമം നടത്തുന്നത്. വൃന്ദ കാരാട്ടും എം എ ബേബിയും വി എസും തോമസ് ഐസക്കും അടക്കമുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കൾ തന്നെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം ഈ തീരുമാനം പിൻവലിച്ച് തെറ്റുതിരുത്തണം എന്ന് പറഞ്ഞിട്ടും കോടിയേരിക്ക് പിളർപ്പ് ഭയം വന്നതെങ്ങനെ? ഇക്കാര്യത്തിൽ ഒരു അഭിപ്രായ രൂപീകരണത്തിനു അദ്ദേഹം പാർട്ടി നേതക്കളോട് ആലോചിക്കുന്നതിനു പകരം ബിനീഷ് കോടിയേരിയോടോ ബി ഉണ്ണികൃഷ്ണനോടോ ചോദിച്ചതാവുമോ? സിനിമാ വ്യവസായത്തിലെ അഭിനയ മേഖലയിലെ മാത്രം ആളുകൾ ചേർന്ന് സംഘടിപ്പിച്ച ഒരു ചെറുതൊഴിലാളി സംഘം പിളർന്നുപോവാതിരിക്കാൻ ഒരു  മാർക്സിസ്റ്റ് നേതാവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ജാഗ്രത എത്ര വലുതാണെന്ന് നോക്കൂ! പക്ഷെ നാം സംഘടനകളെ പിളർത്തിയിട്ടുണ്ട് സഖാവേ. താങ്കൾ ഓർക്കാഞ്ഞിട്ടാണു. എ എം എം എ പോലെ ഒരു തൊഴിലുറപ്പ്/ തൊഴിൽനിഷേധ സംഘത്തെയല്ല. ഇന്ത്യൻ തൊഴിലാളി വിപ്ലവത്തിന് നേതൃത്വം കൊടുക്കാനുണ്ടാക്കിയ അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെ നാം പിളർത്തിയിട്ടുണ്ട്. അത് വർഗ്ഗതാത്പര്യങ്ങളിൽ നിന്ന് തെന്നിമാറുന്നുവെന്ന് ബോധ്യമായപ്പോൾ, ഇരകൾക്കും സാധുക്കൾക്കും അത് അത്താണിയാവില്ലായെന്ന് തോന്നിയപ്പോൾ, നാം സംഘടന പിളർത്തിയിട്ടുണ്ട്. അങ്ങനെ പിളർത്തിയിട്ട് ഇറങ്ങിവന്ന എ കെ ജിയെയും ഈ എം എസിനെയും വി എസ് അച്യുതാനന്ദനെയും മാലയിട്ട് സ്വീകരിച്ച മനുഷ്യർ കെട്ടിപ്പെടുത്ത സംഘടനയുടെ കാര്യസ്ഥസ്ഥാനത്താണ് ഇന്ന് അങ്ങിരിക്കുന്നത്.

ജനപ്രതിനിധികളും വലിയ സൂപ്പർ താരങ്ങളും മാത്രമല്ല സാമൂഹ്യ നിരീക്ഷണങ്ങൾ പങ്കുവച്ചും മാനവികവിഷയങ്ങളിൽ അഭിപ്രായം പറഞ്ഞും സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞാടുന്ന എത്രയോ ആർട്ടിസ്റ്റുകൾ ഈ സംഘത്തിലുണ്ട്. അവരാരും ദിലീപ് തിരികെ സംഘടനയിലേയ്ക്ക് പ്രവേശിക്കുന്നതിലെ നീതികേടിനെ പറ്റി ഒരക്ഷരം പറഞ്ഞില്ല. തന്റെ സംരക്ഷണം ഉറപ്പാക്കാൻ ബാധ്യതപ്പെട്ട സംഘടനതന്നെ കേസ്സിലെ പ്രതിയെ സ്വീകരിച്ചിരുത്തുന്നതും, പുറത്താക്കിയത് തെറ്റായിപ്പോയി എന്ന് ക്ഷമചോദിക്കുന്നതും  ക്രൂരമായ ലൈംഗികാക്രമണത്തിനു വിധേയയായ ഒരു പെൺകുട്ടിക്ക് എത്രമാത്രം താങ്ങനാവുന്നതാണ്. ഇത്തരം ഒരു സാഹചര്യത്തെ ഒരു പെൺകുട്ടി എങ്ങനെ തരണം ചെയ്യുമെന്ന് ഇരയുടെ വശം നിന്ന് ഒരു വേള ആലോചിക്കാൻ വിവേകം കാണിക്കേണ്ട സംഘടനയുടെ പ്രസിഡന്റ്  മോഹൻലാൽ  അങ്ങനെയൊന്ന് കാണിച്ചില്ലായെന്ന് മാത്രമല്ല ഈ പൈശാചികത്വത്തെ ന്യായീകരിക്കുന്ന വാദങ്ങളുമായി രംഗത്തുവരികയാണുണ്ടായത്. സ്ത്രീ വിരുദ്ധമായ തമാശകളും പ്രയോഗരീതികളും അടുത്തകാലത്തായി സമൂഹത്തിന്റെ വ്യവഹാര ലോകത്ത് നിന്ന്  വ്യാപകമായി പിൻവലിക്കാൻ  എല്ലാവരും നിർബന്ധിതരായിട്ടുണ്ട്. മാധ്യമങ്ങളും സംഘടനകളും ഒരു പരിധിവരെയെങ്കിലും ഇതിലൊരു ജാഗ്രത കാണിക്കുന്നുമുണ്ട്. അങ്ങനൊരു കാലത്താണ്  എ. എം എം എ മധ്യകാലത്തെ ചൂതാട്ട കേന്ദ്രങ്ങൾപോലും നാണിക്കുന്നതരത്തിൽ സ്ത്രീവിരുദ്ധമാകുന്നത്. ഈ പ്രവൃത്തിയെയാണ് മോഹൻലാലിന്റെ പൊള്ളത്തരം ഒരു ഓഷോ സൂക്തം കൊണ്ടോ ഒരു ശ്രീ ശ്രീ മിനുക്കുകൊണ്ടോ ആത്മീയമയമാക്കി നാളെ പരിവർത്തിക്കാൻ പോകുന്നത്.

അസോസിയേഷനിലെ ബഹുഭൂരിപക്ഷം സ്ത്രീകളും, പ്രത്യേകിച്ച് മുതിർന്ന നടിമാർ, ഇരയായ പെൺകുട്ടിക്കൊപ്പമില്ലായെന്നതാണ് ഈ സംഘടന എങ്ങനെയുള്ളതാണെന്ന്  മനസ്സിലാക്കി തരുന്ന അടയാളസ്ഥാനം. ഇന്റസ്ട്രീയിൽ ലഭിക്കുന്ന പരിമിതമായ വരുമാനമാർഗ്ഗത്തെക്കൂടി ഒരഭിപ്രായം തുറന്നുപറഞ്ഞ് നഷ്ടപ്പെടുത്താൻ  ഭയപ്പെടുന്നവരാണ് അധികവും. ജീവിതത്തിന്റെ പറ്റിഞ്ഞാറേ ചരിവിനെ ഒരു നീതിസമരത്തിന്റെയൊ പ്രതിരോധത്തിന്റെയോ നെരിപ്പോടാക്കാനുള്ള ഭയവും വിമുഖതയും ഈ അമ്മവേഷക്കാർക്കുണ്ട്. മാത്രമല്ല ഇതൊന്നും സിനിമാ മേഖലയിൽ  ഒരു പുതിയ അനുഭവമല്ലെന്നും ഇപ്പോൾ ഈ  പുതിയ പെൺകുട്ടികൾക്ക് മാത്രം കൊമ്പുണ്ടോ എന്നൊരു ചോദ്യവും മുതിർന്ന സ്ത്രീകളുടെ മൗനത്തിനു പിന്നിലുണ്ട്.  സൂപ്പർ താരങ്ങളും പണം മുടക്കുന്ന കേന്ദ്രങ്ങളും ചേർന്ന് സിനിമയിലെ ദുർബലരെയും സ്ത്രീകളെയും ഭയപ്പെടുത്തി വരുതിയിലാക്കുന്ന കഥകൾ സിനിമാ വ്യവസായത്തിന്റെ തുടക്കം മുതൽ നാം കേൾക്കുന്നതാണ്. ഇന്ന് ആ വ്യവസായത്തിന്റെ സർവ്വതലങ്ങളും കൈപ്പിടിയിലൊതുക്കിയവർ ആ മേഖലയിലെ സംഘടനകളെയും കൈക്കലാക്കിയിരിക്കുന്നു. സിനിമയുടെ നാന്ദിമുതൽ തുടരുന്ന ഈ പുരുഷ സർവ്വാധികാരം വിതച്ചിട്ടുള്ള അന്ധകാര വാരിധി താണ്ടാൻ നമ്മുടെ അഭിനേത്രികൾക്കാവുമോ? അവരോട് ഐക്യപ്പെടാൻ ഈ പൊതുസമൂഹത്തിൽ നിന്ന് എത്ര മലയാളികളുണ്ടാവും?  നന്മയുടെ തീവ്രാനുരാഗികളായ നായകരെല്ലാം അഭ്രപാളികൾക്കകത്തുപെട്ടുപോയി, അതിനാൽ യാഥാർത്ഥ്യത്തിന്റെ പുറം ലോകത്ത് ഇനിയും നീണ്ടകാലം  ചെന്നായ്ക്കളാൽ സ്ത്രീകൾ വേട്ടയാടപ്പെടുമോ? ഇന്ന് പുതിയ പെൺകുട്ടികൾ  അവരുടെ പ്രശ്നങ്ങൾ പറയാൻ പ്രതിനിധികളെ തേടുന്നില്ല. അവർ സ്വയം പ്രതിനിധാനമാകുന്നു. ആരെയും ബലികൊടുക്കുന്നില്ല. അവർ  സ്വയം ബലിയാകുന്നു. അവരുടെ സ്ത്രൈണ ശബ്ദത്തിലും
‘നാം ഇരിക്കുന്നിടം കുലുങ്ങുന്നുണ്ട്
ആരോ യുദ്ധത്തിനൊരുങ്ങുന്നുണ്ട്.
അപ്പോൾ ലോകം അവസാനിച്ചിട്ടില്ല, (സച്ചിദാനന്ദൻ)

സിനിമയും.

Comments

comments