ലോകം ഒരു പന്തിനു പിറകെയാണ് എന്നത് ‘ലോകകപ്പി’ന് കൊടുക്കാവുന്ന ഏറ്റവും ക്ലിഷേ ആയ വിശേഷണമാണ്. പക്ഷേ അത് യാഥാർത്ഥ്യവുമാണ്. ആവേശത്തോടെ മത്സരം കണ്ട്, വിശദമായി വിശകലനം ചെയ്യാനും പിഴവുകൾ ചൂണ്ടിക്കാണിക്കാനും മലയാളി ഫുട്ബോൾ പ്രേമികൾക്ക് മറ്റാരെക്കാളും മിടുക്കുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ നിശിതമായി നിരീക്ഷിച്ച്, പ്രഖ്യാപിത സ്പോർട്സ് നിരീക്ഷകരെപോലും അമ്പരപ്പിക്കുന്ന വിധത്തിൽ കളി വിലയിരുത്തുന്നുണ്ട് യഥാർത്ഥ കായിക പ്രേമികൾ. സാങ്കേതിക പദങ്ങളും അടവുനയങ്ങളും സൈബർ ഇടങ്ങളിൽ  ഇഴപിരിച്ചു പരിശോധിക്കപ്പെടുന്നുണ്ട്. കേവല വൈകാരിക പ്രതികരണങ്ങൾ, വെല്ലുവിളികൾ, ട്രോളുകൾ എന്നിവയ്ക്ക് പുറമേ ഇത്തരം സമാന്തര ചർച്ചകളും ഈ ലോകകപ്പിന്റെ ആവേശമിരട്ടിപ്പിക്കുന്നു.

1986-ൽ അർജന്റീന ചാമ്പ്യൻമാരായ ലോകകപ്പ് ആണ് ‘ഫുട്ബോൾ ലൈവ്’ എന്ന ആനന്ദോത്സവത്തിലേക്ക് മലയാളിയെ അടുപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. ടി.വി അത്ര സാമാന്യമല്ലാതിരുന്ന കാലഘട്ടം കൂടിയാണത്. അതു വരെ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ ലാറ്റിനമേരിക്കൻ കളിരസങ്ങൾ  നേരിൽ കണ്ടതിന്റെ  ഉന്മാദത്തിൽ, ലാറ്റിനമേരിക്കൻ ഫുട്ബോളിന് കേരളത്തിൽ നിറയെ ആരാധകരുണ്ടായി. രാഷ്ട്രീയ സ്വപ്നങ്ങളുടെ വിപ്ലവ നായകനായ  ചെ ഗവെരയുടെ ചിത്രം പച്ചകുത്തിയ മറഡോണയെ മലയാളികൾ സ്നേഹിച്ചതും യാദൃച്ഛികതയല്ല. മലയാളിയുടെ തുടർന്നുള്ള വർഷങ്ങളിൽ ഈ ആവേശക്കൂട്ടം ക്രമം ക്രമമായി വളരുകയും, ഏറ്റവും പുതിയ കാലത്ത് ഓരോ കവലകളിലും ഫ്ലക്സുകൾ/കൊടിതോരണങ്ങൾ നിറക്കുകയും ചെയ്യുന്നത്രയും വിപുലമാകുകയും ചെയ്തിരിക്കുന്നു. ആരാധകരുടെയും ടീമിന്റെയും  പ്രതീക്ഷകളെ ലക്ഷ്യത്തിലെത്തിക്കുന്ന രക്ഷക താരസങ്കല്പങ്ങൾക്ക് തുടർച്ചകളുണ്ടായിക്കൊണ്ടേയിരിക്കുന്നു.

21-മത് ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ 48-മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. പിന്തിരിഞ്ഞു നോക്കുമ്പോൾ, ഗൃഹാതുരതയോടെ നമ്മൾ പാടി നടന്ന കേളി ശൈലികൾ പലതും തനത് അർത്ഥം നഷ്ടപ്പെട്ട് സങ്കരമായിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാതിരിക്കാനാവില്ല.

വമ്പൻ താരങ്ങളുടെ ഒറ്റയാൾ മികവിൽ മത്സരം ജയിക്കാമെന്ന പ്രതീക്ഷകളുടെ മുനയൊടിയാൻ തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളായി. അത്തരം പ്രതിഭാശാലികൾ നിരന്തരം കളിക്കുന്നത് വീക്ഷിച്ചും അതുകളുടെ സൂപ്പർ സ്ലോമോഷൻ വീഡിയോകൾ തുടരെ തുടരെ കണ്ടും അവർ ‘ഡീ മിസ്റ്റി ഫൈ’ ചെയ്യപ്പെട്ടിരിക്കുന്നു. ഓരോ താരത്തിന്റെയും എല്ലാവിധത്തിലുമുള്ള ശക്തി/ദൗർബല്യങ്ങളും മനഃപാഠമാക്കിയാണ് എതിർ ടീമിലെ മുഴുവൻ പേരുമിറങ്ങുന്നത്.

കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ ക്ലബ് ഫുട്ബോളിന് കൈവന്ന മേൽക്കോയ്മ, കളിക്കാരനിലെ ദേശീയ വ്യക്തിത്വത്തെ ഏതാണ്ട് റദ്ദ് ചെയ്തിരിക്കുന്നു. മുൻനിര കളിക്കാരെല്ലാം ഇടകലർന്ന്, പല പരിശീലന കളരികളിൽ പയറ്റുന്നതു കൊണ്ട്, ഒരു തരം കായിക യന്ത്രങ്ങളായി മാറുന്ന സാഹചര്യവും ഉണ്ട്. അതുകൊണ്ട് ഒാരോ നാലു വർഷം കൂടുമ്പോഴും അവനവന്റെ നാടിനെ പ്രതിനിധീകരിച്ചെത്തുമ്പോഴും ക്ലബ് ഫുട്ബോളിന്റെ കെട്ട് വിടാൻ പല കളിക്കാരും സമയമെടുക്കുന്നുണ്ട്. അതുണ്ടാക്കുന്ന മാനസിക സമർദ്ദങ്ങളും ഏറെ. രാജ്യങ്ങൾ തമ്മിൽ മത്സരിക്കുമ്പോഴും, കമന്ററിക്കാർ ക്ലബുകളുടെ പേർ ആവർത്തിച്ച് പറയുന്നത്  കേൾക്കാം.

വമ്പൻ ടീമുകൾ പരീക്ഷിക്കപ്പെട്ട ഒട്ടനവധി മത്സരങ്ങളാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. കടുത്ത മത്സര പരീക്ഷയിൽ കഴിഞ്ഞ ലോകകപ്പ് നേടിയ ജർമനി, താരതമ്യേന ദുർബലർ എന്ന് കരുതിയ കൊറിയയോട് തോറ്റ് ഒന്നാം റൗണ്ടിൽ തന്നെ പുറത്തായതിന്റെ ആഘാതം മാറിയിട്ടില്ല. മുൻ ചാമ്പ്യൻമാരായ ഇറ്റലി ഈ ലോകകപ്പിന് യോഗ്യത പോലും നേടിയിട്ടില്ല! എന്നും പ്രതിഭാശാലികളായ കളിക്കാരും മികച്ച കളിയും പുറത്തെടുക്കാറുള്ള ഡച്ചു പടയ്ക്കും റഷ്യയിലേക്ക് ടിക്കറ്റില്ല!

അങ്ങനെ അപ്രതീക്ഷിത മുന്നേറ്റങ്ങളും തിരിച്ചടികളും കണ്ട ഈ ലോകകപ്പ്  രണ്ടാം റൗണ്ടിൽ എത്തുമ്പോൾ ആഫ്രിക്കൻ വൻകരയിൽ നിന്ന് ഒരു ടീം പോലുമില്ല.അവർ ഇവിടെ വരെയെത്തിയ പ്രയത്നം കണക്കിലെടുക്കുമ്പോൾ അത്  സങ്കടകരമാണ്. നല്ല കരുത്തും വേഗവുമുള്ള ഫുട്ബോൾ കാഴ്ചവെച്ചിട്ടാണ് സെനഗലും നൈജീരിയയും വിടവാങ്ങുന്നത് എന്ന് ആശ്വസിക്കാം.

എഷ്യയിൽ നിന്ന്  ജപ്പാനൊഴിച്ച്  ഇരമ്പിക്കളിച്ച ഇറാൻ, കൊറിയ എന്നിവരും ഒന്നാം ഘട്ടത്തിൽ വീണു. ജപ്പാനാകട്ടെ ഫെയർ പ്ലേ കണക്കുകളുടെ അടിസ്ഥാനത്തിൽ പ്രീ ക്വാർട്ടറിലേക്ക് കടന്നു ചരിത്രമെഴുതി. ജർമനിയുടെ വഴിമുടക്കി എന്ന നിർണായ ദൗത്യമാണ് ഈ ലോകകപ്പിൽ കൊറിയയുടെ നേട്ടം. പൊതുവെ അത്താഴം മുടക്കികൾ എന്നു പേരുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നിന്ന് സ്വീഡൻ നല്ല കളിയുമായി മുന്നോട്ട് വരുന്നുണ്ട്, ഒപ്പം ഡെൻമാർക്കും.

യൂറോപ്യൻ ഫുട്ബോളിന്റെ ആധിപത്യത്തിനെതിരെ ലാറ്റിനമേരിക്കൻ ഫുട്ബോൾ നടത്തുന്ന ചെറുത്തു നില്പ് എന്താവും എന്ന ആകാംക്ഷയാണ് ഇനിയുളഉ മത്സരങ്ങൾ കാണാനുള്ള ഉത്തേജനമാവുക.

പന്ത് പരമാവധി കൈവശം വച്ച് പാസു ചെയ്ത് കളിക്കുന്ന സ്പെയിനും ബ്രസീലും അർജന്റീനയും കളിയുടെ സാമ്പ്രദായിക ചന്തം അല്പെമെങ്കിലും നിലനിർത്തുന്നു എന്നു പറയാം.എന്നാൽ പവർ ഫുട്ബോളിന്റെ പുതുകാലത്ത് നല്ല നീക്കങ്ങളിലൂടെ മനോഹരമായ ഫുട്ബോൾ കളിക്കുന്നുണ്ടെങ്കിലും എതിരാളിയുടെ ബോക്സിലേക്ക് വേഗതയോടെ നുഴഞ്ഞു കയറാനും അപ്രതീക്ഷിതമായി ആക്രമിക്കാനും സ്പെയിനിനും അർജന്റീനയ്ക്കും കഴിയുന്നില്ല. അതുകൊണ്ട് കളിയുടെ ഗതി  പലപ്പോഴും മന്ദ താളത്തിലാകുന്നു. എതിർ ടീമിന് പ്രതിരോധിക്കാനുള്ള നീക്കങ്ങൾ മുൻകൂട്ടി കാണാൻ ഈ രണ്ട് ടീമുകളും അവസരം നല്കുന്നുമുണ്ട്. ബോക്സിലേക്ക് കടന്നു കയറാൻ അവസരം കിട്ടാത്തപ്പോൾ മികച്ച ലോങ്ങ് റേഞ്ചർ ഷോട്ടുകൾ പരീക്ഷിക്കാനും ഇവർക്ക് പറ്റുന്നില്ല.

മെസിയുടെ മേൽ വന്ന അമിത സമ്മർദ്ദം, നൈജീരിയക്കെതിരായ മത്സരത്തിലൊഴികെ പ്രകടമാണ്. ടീം എന്ന നിലയിൽ അർജന്റീന ഒത്തിണങ്ങിവരാനുള്ള സൂചനകൾ  അവസാന കളിയിൽ മാത്രമാണ് ആരാധകർക്ക് കാണാനായത്.

ബ്രസിൽ ആണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചത്. നെയ്മറെ കൂടുതൽ ആശ്രയിക്കാതെ കോച്ച് ടിറ്റെ, കുടിഞ്ഞോ, പൗളിഞ്ഞോ, ജീസസ്, മാർസെലോ, വില്ലെൻ തുടങ്ങിയ ‘പവർഹൗസു’കളെ അണിനിരത്തി കളിക്കളം പിടിച്ചെടുക്കുന്നു. സ്വിറ്റ്സർലൻഡിനെതിരെ ബോക്സിന് വെളിയിൽ നിന്ന് കുടിഞ്ഞോ അടിച്ച ലോങ്ങ് റേഞ്ചർ ഷോട്ടിന് റോബർട്ടോ കാർലോസിന്റെ പവർ കിക്കുകളുടെ അത്രയും മാറ്റുണ്ട്!

ഈ ലോകകപ്പിലെ  മുന്നേറ്റക്കാരാകും എന്നു പ്രതീക്ഷിച്ച  ബൽജിയം മികച്ച കളിക്കാരുടെ സംഘമായി  തങ്ങളുടെ പ്രകടനത്തിലൂടെ അത് തെളിയിച്ചു കഴിഞ്ഞു. ലൂക്കാക്കു എന്ന ഗോൾവേട്ടക്കാരൻ മുന്നിൽ നിന്ന് നയിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വർണവെറിയുടെ കനലു വറ്റാത്ത കാലത്ത്, വിശപ്പടക്കാൻ പന്തുതട്ടിയ ലുക്കാക്കുവിന്റെ ജീവിത പാഠം ഈ ലോകകപ്പിലൂടെ പുറം ലോകമറിഞ്ഞു. രാഷ്ട്ര / ദേശീയ ചട്ടക്കൂടുകൾക്കപ്പുറത്ത് മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ പ്ലാറ്റ്ഫോമായി മാറുന്നു ലുക്കാക്കുവിന്റെ വാക്കുകളിലൂടെ ഈ ലോകകപ്പും.

സുവർണതാരം സി ആർ 7 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന  ക്രിസ്റ്റാനോ റൊണാൾഡോയുടെ കാൽ ബലത്തിലാണ് പോർച്ചുഗലിന്റെ സ്വപ്നയാത്ര. ആദ്യ മത്സരത്തിൽ, നിർണായമായ സമയത്ത്, അതിഗംഭീരമായ ഒരു ഫ്രീ കിക്ക് ഗോളിലൂടെ ക്രിസ്റ്റാനോ സ്പെയിനുമായി സമനില പിടിച്ചത് ആരാധകരുടെ ഹൃദയം കവർന്നു. എന്നാൽ പിന്നീടുള്ള മത്സരത്തിൽ പെനാൽറ്റി പാഴാക്കിയത് അതേ റൊണാൾഡോ തന്നെ. പോർച്ചുഗലിന്റെ ടീം എന്ന നിലയിലുള്ള  പോരാട്ടം  ഇനിയും കണ്ടിട്ടില്ല. ആദ്യ മത്സരത്തിന്റെ മികവ് പിന്നീടങ്ങോട്ട് നിലനിർത്താൻ പോർച്ചുഗലിന് ആയില്ല എന്നതും ശ്രദ്ധിക്കണം. 1 ജയവും 2 സമനിലയും അതാണ് സൂചിപ്പിക്കുന്നത്. ഇറാന് എതിരായ മത്സരത്തിലൊക്കെ പാടുപെടുന്ന പോർച്ചുഗൽ ടീമിനെ കണ്ടതാണ്.

കളിച്ച മൂന്നുകളികളിൽ മൂന്നും ജയിച്ച് അടുത്ത റൗണ്ടിലേക്ക് കടന്ന ടീമുകൾ ബെൽജിയം, ക്രൊയേഷ്യ, യുറഗ്വായ് എന്നിവയാണ്. മൂന്നും നല്ല ടീമുകൾ. ലൂയി സുവാരസിന്റെ വ്യക്തിഗത മികവിനൊപ്പം ഏത്  വമ്പന്മാരെയും തോല്പിക്കാൻ കെല്പുള്ള കളിക്കാർ യുറഗ്വായ് ടീമിലുണ്ട്. 5 ഗോൾ എതിരാളികളുടെ പോസ്റ്റിൽ സ്കോർ ചെയ്ത യുറഗ്വായ് ഒറ്റ ഗോൾ വഴങ്ങിയിട്ടില്ല. 9 ഗോളുകൾ അടിച്ചുകൂട്ടിയ ബെൽജിയം, 8 ഗോളുകൾ സ്കോർ ചെയ്ത ഇംഗ്ലണ്ട്, ആതിഥേയരായ റഷ്യ, എന്നിവയ്ക്കൊപ്പം 7 ഗോൾ നേടിയ ക്രൊയേഷ്യയും ഗോൾവേട്ടയിൽ ഒപ്പമുണ്ട്.

ഗോൾകീപ്പിങ്ങിൽ മെക്സിക്കോയുടെ ഗില്ലർമോ ഒച്ചോവ, കൊസ്റ്ററിക്കയുടെ കെയ്ലർ നവാസ് എന്നിവർ എതിരാളികളുടെ കൂടി ബഹുമാനം പിടിച്ചുപറ്റുന്ന പ്രകടനത്തോടെ ഗോൾ വല കാത്തു. ജർമനിക്കെതിരായ മത്സരത്തിൽ ടോണി ക്രൂസിന്റെ ഉശിരൻ ഫ്രീ കിക്ക് ഇടത്തേക്ക് പറന്നുയർന്ന് തട്ടിയകറ്റിയ ഒച്ചാവോയുടെ രക്ഷപ്പെടുത്തൽ ശ്വാസമടക്കിയാണ് ലോകം കണ്ടത്.

ലോകകപ്പിലെ കന്നിക്കാരായ ഐസ്ലന്റ്, പനാമ എന്നിവരും തങ്ങളെ എഴുതിതള്ളാൻ കഴിയില്ല എന്നു കാണിച്ചാണ് മടങ്ങുന്നത്. ആദ്യ മത്സരത്തിൽ അർജന്റീനയെ വിജയ തുല്യമായ സമനിലയിൽ തളച്ചു ഐസ്ലന്റ്. മെസിയെയും സംഘത്തേയും കടുത്ത ശാരീരികാക്രമണമില്ലാതെ തന്നെ പൂട്ടിയിടാൻ  ഐസ്ലന്റിനായി. അതി കഠിനമായ കാലാവസ്ഥയുടെ പ്രതികൂല സാഹചര്യത്തെ അതിജീവിച്ചും, കാൽപന്തുകളിക്കായി ഐസ് ലന്റ് നടത്തിയ ഒരുക്കങ്ങൾ ആരെയും വിസ്മയിപ്പിക്കും!

ഓരോ ടീമിലും ആരാധകർക്ക്  പ്രിയപ്പെട്ടവരുണ്ട്. മെസ്സിയും നെയ്മറും റൊണാൾഡോയും കളിക്കു മുന്നേ  സൂപ്പർ താരങ്ങളുടെ പകിട്ടുള്ളവർ. എന്നാൽ കളിക്കു ശേഷം ആരാധകർക്കു പ്രിയപ്പെട്ടവരായ പേരുകൾ വേറെയുമുണ്ട് ഈ ലോകകപ്പിൽ. ലുക്കാക്കു ഈ ലോകകപ്പിന്റെ താരമായിക്കഴിഞ്ഞു. സെർബിയക്കെതിരെ മനോഹരമായ ഗോൾ നേടിയ ബ്രസിലിന്റെ  തിയാഗോ സിൽവ, ചോര ചിന്തി കളിക്കളത്തിൽ തുടർന്ന  അർജന്റീന താരം മഷറാന,  ജർമൻ മതിലിൽ ആദ്യം വിള്ളലുണ്ടാക്കിയ വീരൻ ലൊസാനോ, നൈജീരിയയുടെ കറുത്ത മുത്ത്  അഹമ്മദ് മൂസ എന്നിവരിപ്പോൾ കേരളക്കരക്ക് പ്രിയപ്പെട്ടവരാണ്. റഷ്യയിലെത്തിയ ഏക കറുത്ത വർഗക്കാരൻ പരിശീലകനായ സെനഗൽ കോച്ച് അലിയു സിസ്സെ കളിക്കത്തിനു പുറത്തെ താരമായി.

വാർ സിസ്റ്റത്തിന് ഇടപെടാൻ അവസരമുണ്ടായിട്ടും ചില കളികളിൽ റഫറി / വാർ തീരുമാനങ്ങളിലെ വൈരുദ്ധ്യം ആശയ കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പുതിയ സാങ്കേതികത സമീപ ഭാവിയിൽ കളിയെ പിഴവുകളില്ലാതാക്കാൻ സഹായിച്ചേക്കാം.

രണ്ടാം റൗണ്ടിൽ വൻ മത്സരങ്ങളാണ് നടക്കാൻ പോകുന്നത്. ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ എന്നീ വമ്പൻ ടീമുകൾക്കൊപ്പം ബെൽജിയവും യുറ ഗ്യേയും വരുമ്പോൾ വിധി പ്രവചനാതീതം. അതു തന്നെയാണ് ഫുട്ബോളിന്റെ സൗന്ദര്യം.

Comments

comments