കലാ-സാഹിത്യവിമർശനമെന്ന വലിയ ഒരു രാഷ്ട്രീയ-സാംസ്കാരിക പാരമ്പര്യം കാലത്തിന്റെ രാഷ്ട്രീയ കുത്തൊഴുക്കിൽപ്പെട്ടു അപ്രസക്തമായി കൊണ്ടിരിക്കുകയാണോ?

അപ്രകാരമാണോ കാര്യങ്ങൾ എന്ന് സംശയിച്ചു പോകുന്ന സാമൂഹിക ജീവിത സാഹചര്യങ്ങളിലാണ് നാമിപ്പോൾ. കലാ-സാഹിത്യ സൃഷ്ടികൾ തന്നെ പ്രതിലോമ രാഷ്ട്രീയ ഇടപെടലുകൾക്കും വർഗീയ-ജാതി-മത ദുർപാരായണങ്ങൾക്കും ഇരകളാകുന്ന സ്ഥിതിവിശേഷം ഇന്നു ഏറിവരുന്നു. കലാ-സാഹിത്യകൃതികളിൽ ഗൂഢാർത്ഥങ്ങളെ സൃഷ്ടിക്കുക എന്നത് വിവാദപ്രിയരുടെ വിനോദം തന്നെയാണ്. കൃതികളുടെ ബാഹ്യാർത്ഥത്തിലും ‘പാഠ’ത്തിനുള്ളിലെ അരികിലും മൂലയിലും അപ്രസക്തമെന്നു കരുതാവുന്ന സന്ദർഭങ്ങളെ പോലും പർവ്വതീകരിച്ചു വികാരങ്ങൾക്ക് തീ പകരാൻ ഇന്ന് ആളുകൾ ഏറെ.

കൃതിയുടെ ആന്തരിക സൗന്ദര്യമോ സാമൂഹികപാഠമോ തിരിച്ചറിയാനും അവലോകനം ചെയാനും അവർക്കുണ്ടോ താല്പര്യവും അതിനുള്ള പാടവവും? ഇത്തരം വിവാദ വിനോദത്തിൽ ഏർപ്പെടുന്നവരുടെ സമകാലിക ‘പ്രസക്തി’ നിശ്ചയിക്കാൻ പാകത്തിൽ നമ്മുടെ രാഷ്ട്രീയ ബോധം താഴ്ന്നു തുടങ്ങിയിട്ട് അധികം നാളായിട്ടില്ല.

സാമൂഹിക വിമർശനം അധീശ വർഗത്തിന് നേർക്കുള്ള ചോദ്യങ്ങളായി വരുന്നത് വിവിധ ഇടങ്ങളിൽ നിന്നാണ്. കലാ-സാഹിത്യ സൃഷ്ടികൾ കഥകളിലൂടെയും കവിതകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഈ ധർമം നിർവഹിക്കുന്നു. രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങൾക്ക് പോലും നേരിട്ടു നിർവഹിക്കാൻ കഴിയാത്ത വിമർശന ഇന്ധനമാണു ഇത്തരം കൃതികൾ സൂക്ഷിക്കുന്നത്. കഥകളിലൂടെയും  കഥാപാത്രങ്ങളിലൂടെയും ഒഴുകിയെത്തുന്ന ‘കാര്യ’ങ്ങൾക്കു ആ അർത്ഥത്തിൽ ദീർഘ കാലാടിസ്ഥാനത്തിൽ പ്രസക്തിയുണ്ട്. എന്നാൽ ഈ പ്രസക്തിയെ തീർത്തും ഇല്ലാതാക്കാൻ വലുതും ചെറുതുമായ ‘വിവാദ ഉത്പാദന’ മേഖലക്ക് കഴിയും.

അത്തരത്തിലുള്ള ‘വിവാദ ഉത്പാദന’ മേഖലക്ക് വേണ്ട പശ്ചാത്തല സൗകര്യം ഒരുക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ നമുക്ക് ഇന്ന് അന്യമല്ല. വർഗീയതയും മതാത്മകതയും ഒത്തുചേരുന്ന ഒരു രാഷ്ട്രീയ പരിതസ്ഥിതിയിൽ ഫാസിസം വളരെ ‘ജനകീയ’മായും, ‘ജനാധിപത്യ’പരമായും ‘വികേന്ദ്രീകൃത’മായും പ്രവർത്തിച്ചുകൊണ്ടിരിക്കും.

വിവര-വിനിമയ സാങ്കേതിക വിദ്യയും അതു നൽകുന്ന സാമൂഹിക-മാധ്യമ ഇടങ്ങളും ആ അർത്ഥത്തിൽ ‘വിവാദ ഉത്പാദന’ മേഖലക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് മീശക്കു തീപിടിക്കുമ്പോഴും പുകവലിക്കാൻ നമുക്കാവുന്നത്. ഭയം, അരക്ഷിതാവസ്ഥ, ഭീഷണി തുടങ്ങിയ സാമൂഹിക വികാരങ്ങൾ അനിയന്ത്രിതമായി വളർത്തുന്നതിലൂടെ വിമർശന പാരമ്പര്യങ്ങളുടെ അടിത്തറ തന്നെ ഇളക്കാമെന്ന ബോധമാണ് ഇന്ന് ശക്തി പ്രാപിക്കുന്നത്. ഇത് ഒരു പുതിയ രാഷ്ട്രീയ സദാചാരക്രമത്തിനുള്ള തറക്കല്ലിടലാണ്. നിർഭാഗ്യമെന്നു പറയട്ടെ, ഇളക്കിമാറ്റപ്പെടുന്ന മണ്ണിന്റെ സാമൂഹിക ശക്തി നാം തിരിച്ചറിയുന്നുപോലുമില്ല.

ഇടയ്ക്കു വെച്ച് നിർത്തിവെക്കാൻ നിർബന്ധിക്കപ്പെടുന്ന സർഗാത്മക പ്രവർത്തനം വരാനിരിക്കുന്ന സാമൂഹിക ദുരന്തങ്ങളുടെ വ്യക്തമായ താക്കീതാണ്. മഷി തീരും മുമ്പ് എഴുതിതീർത്ത വരികൾ വീണ്ടും വായിക്കാൻ കഴിയാതെ വരുന്നത് സാമൂഹിക അന്ധത നമ്മുടെ എല്ലാ സാംസ്കാരിക സിരകളിലേക്കും പടർന്നു കയറിയത് കൊണ്ടാണ്.

പ്രതിരോധം തീർക്കാൻ കഴിയാതെ വരുമ്പോൾ സാമൂഹികരോഗം ഒരു വ്യവസ്ഥാപിതമായ അനിവാര്യതയായി മാറും. അപ്പോൾ പ്രതിരോധങ്ങൾക്കുള്ള ഇന്ധനം നൽകുന്ന സാംസ്കാരിക ഇടങ്ങളുടെ അടിത്തറ ഇളകിയാലോ? അതാണ് ഇനി കേരളം കാണൻ പോകുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി.

നിസ്സാരതകൾ ഒരു വ്യവസ്ഥിതിയുടെ തന്നെ സമയവും ക്ഷമയും പരീക്ഷിക്കുന്ന പരിസ്ഥിതി ഈ പ്രതിസന്ധിയുടെ ആഴം കൂട്ടും. അതു കണ്ടു നിൽക്കാൻ വിധിക്കപ്പെട്ട ഒരു ജനതയായി നവോഥാനങ്ങളുടെ ഭാരം പേറുന്ന മലയാളിയും.

Comments

comments