ടംകാലിലെ മന്ത് വലംകാലിലേക്ക് മാറ്റുമ്പോൾ പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെങ്കിലും എന്തെങ്കിലും ചെയ്തല്ലോ എന്നൊരു തൃപ്തിയുണ്ടാകും. ഈ പ്രക്രിയ നിരന്തരം ആവർത്തിക്കാനൊത്താൽ നിഷ്ക്രിയരെന്ന പഴി കേൾക്കേണ്ടി വരികയുമില്ല.

ഇങ്ങനെ മന്ത് മാറ്റങ്ങൾ നിരന്തരമായി നടത്തി നിർവൃതി കൊള്ളുകയാണ് നമ്മുടെ നഗരങ്ങളിലൊക്കെ കാണുന്ന തരത്തിലുള്ള, മാലിന്യനിർമ്മാർജ്ജനം തുടങ്ങിയ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ ഏറ്റെടുത്തു നടത്തുന്ന, സന്നദ്ധസംഘടനകളുടെ മധ്യവർഗ്ഗ ആക്റ്റിവിസം ലക്ഷ്യമാക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവരുടെ സദുദ്ദേശത്തെ, ആത്മാർത്ഥതയെ ചോദ്യം ചെയ്യുകയല്ല. ബോധപൂർവമല്ലെങ്കിലും എന്തെങ്കിലും ചെയ്തു എന്ന് സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും മാത്രമുള്ള പ്രവർത്തികളായി ചുരുങ്ങുന്നു മിക്കപ്പോഴും അവരുടെ ആക്റ്റിവിസം എന്ന് പറയുക മാത്രമാണ്. പ്രശ്നങ്ങളെ അതിന്‍റെ സമഗ്രതയിൽ മനസിലാക്കാത്ത ആക്റ്റിവിസം ഇടംകാലിലെ മന്ത് വലംകാലിലേക്കു മാറ്റുന്ന വ്യായാമം മാത്രമായി തീരുന്നു.

ഇതോർക്കാൻ കാരണം ഈയടുത്ത ദിവസം രാവിലെ നടക്കാനിറങ്ങിയപ്പോൾ കണ്ട ഒരു കാഴ്ച്ചയാണ്.

മിക്ക ദിവസങ്ങളിലും നടക്കാൻ പോകുക വീടിനടുത്തുള്ള ‘കാട്ടി’ലാണ്. കാടെന്ന് പറഞ്ഞാൽ, കർണാടക സംസ്ഥാന വനംവകുപ്പിന്‍റെ അധീനതയിലുള്ള മുള, അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങൾ നട്ടുവളർത്തിയ ഒരു തോട്ടം. ഏതാനും ഏക്കർ വരും. ഒരു മാതിരി പച്ചപ്പെല്ലാം ഈ മഹാനഗരം വിഴുങ്ങിയിട്ടും ബാക്കി നിൽക്കുന്ന ഒരു പച്ചത്തുണ്ട്. പക്ഷെ കഴിഞ്ഞ കുറച്ച് കാലമായി സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ദരിദ്രരായ മനുഷ്യർ വേറൊരു വഴി കാണാതെ മാലിന്യ നിക്ഷേപത്തിനും മലമൂത്ര വിസർജ്ജനത്തിനും ഇവിടം ഉപയോഗിക്കുന്നത് ഈ കാടിനെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും, ഇതിനെതിരെ മുകളിൽ പറഞ്ഞ രീതിലുള്ള ആക്റ്റിവിസവും രൂപപ്പെട്ടു വന്നിട്ടുണ്ട്.

ഇത്തരം പ്രതിഷേധങ്ങൾ കാരണമായിരിക്കാമെന്ന് തോന്നുന്നു, അന്ന് ഞാൻ കാടിന്‍റെ ഗേറ്റിലെത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഒരു പാവം പിടിച്ച യുവാവിനോട് കയർക്കുകയാണ്. പൊടിപിടിച്ച് ചപ്രച്ച തലമുടിയും കുഴിഞ്ഞ കണ്ണുകളും നിരന്തരമായി പാൻ ചവച്ചും ബീഡി വലിച്ചും ഒട്ടിയ കവിളുകളുമുള്ള ഒരു മനുഷ്യൻ. കൈയിലെടുത്തിട്ടുള്ള വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി കണ്ടാലറിയാം, മൂപ്പർ പ്രഭാതകൃത്യ നിർവഹണത്തിനായി കാട്ടിലേക്ക് പോകുകയായിരുന്നു എന്ന്. ആൾ അന്യസംസ്ഥാന തൊഴിലാളിയാണ്. കൺസ്ട്രക്ഷൻ പണിക്ക് വന്ന് സൈറ്റിനടുത്തെവിടെയെങ്കിലും തമ്പടിച്ചതാകണം. തന്നോട് കയർക്കുന്ന ഈ യൂണിഫോമിട്ട മനുഷ്യൻ ഒന്നയഞ്ഞ് അകത്തു കടക്കാൻ വിട്ടില്ലെങ്കിൽ കാര്യം സാധിക്കാൻ ഇന്ന് ഇനിയെവിടെ പോകും എന്ന പകപ്പിൽ അങ്ങിനെ നിൽക്കുകയാണയാൾ. എന്തോ പറയാൻ വന്നത് അയാളുടെ പാതിതുറന്ന വരണ്ട ചുണ്ടുകളിൽ കുരുങ്ങി പോയിരിക്കുന്നു. കേട്ടുകൊണ്ടിരിക്കുന്ന ശകാരത്തിലുള്ള അപമാനമല്ല, ഇനിയെന്ത് ചെയ്യും എന്ന നിസ്സഹായത മാത്രമാണ് ആ മുഖത്ത്.

നമ്മുടെ മധ്യവർഗ്ഗ ആക്റ്റിവിസത്തിന് മനസിലാക്കാൻ പറ്റില്ല ഈ നിസ്സഹായതയുടെ ആഴം. അവരെ സംബന്ധിച്ചിടത്തോളം അവർ അവരുടേതായി അടയാളപ്പെടുത്തുന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനവും മാലിന്യ നിക്ഷേപവും നടക്കരുത് എന്നതാണ് പ്രധാനം. ഒക്കുമെങ്കിൽ ഈ നഗരത്തെ മുഴുവൻ തങ്ങൾ ജീവിക്കുന്ന ഗേറ്റഡ് കമ്മ്യൂണിറ്റികളുടെ മാതൃകതയിൽ പുതുക്കി പണിയണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. അത് നടക്കില്ലെന്നതുകൊണ്ട് പറ്റാവുന്നിടത്തൊക്കെ ബാരിക്കേഡുകൾ ഉയർത്തുക. നമ്മളല്ലാത്തവരെയും നമ്മുടെ ഗാർബേജുകളെയും വേലിക്കപ്പുറം തള്ളൂക. ഈ കാലിലെ മന്ത് മറുകാലിലേക്ക് മാറ്റി നോക്കുക.

ബോംബെ ഹമാരാ ശഹർ’ എന്ന ആനന്ദ് പട്വർദ്ധന്‍റെ പഴയ ഡോക്യൂമെന്ററി സിനിമ ഓർമ്മ വരുന്നു. വർഷങ്ങൾക്ക് മുൻപ് കോളേജിൽ പഠിക്കുമ്പോൾ കണ്ടതാണ്. മുംബൈയിലെ (അന്നത്തെ ബോംബെ) ദശലക്ഷക്കണക്കിന് ചേരിനിവാസികളുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്‍റെ കഥ. നഗരം മോടിപിടിപ്പിക്കുക എന്നതിനർത്ഥം ചേരിനിർമ്മാർജ്ജനമാണെന്ന് കരുതുന്ന കുറച്ച് ‘വലിയ’ മനുഷ്യരെ കാട്ടിത്തരുന്നുണ്ട് ആനന്ദ് പട്വർദ്ധൻ ആ സിനിമയിൽ. പഠിത്തം കഴിഞ്ഞ് ഒരു നഗരവാസിയായി തീർന്നതിന് ശേഷമാണ് കുടിയൊഴിപ്പിക്കലുകളുടെയും പുറന്തള്ളലുകളുടെയും തനിയാവർത്തനം നിത്യമായ ഒരു പ്രതിഭാസമാണെന്ന് മനസ്സിലായത്. നവലിബറലിസം ശീലമായതോടെ സമൂഹത്തിൽ ഈ ദുരന്തങ്ങളുടെ തീവ്രത കൂടുകയും പ്രതിഷേധങ്ങളുടെ മുനയൊടിയുകയും ചെയ്തു.

ഈയിടെ വായിച്ചു, ബെംഗലൂരിൽ ഈജിപുര എന്ന സ്ഥലത്ത് ഒരു ഷോപ്പിംഗ് മാൾ പണിയാൻ 2013-ൽ രായ്‌ക്കുരാമാനം കുടിയിറക്കപ്പെട്ട് വഴിയാധാരമായ നൂറുകണക്കിനാൾക്കാർ ഇന്നും പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല എന്ന്. അന്ന് ആ മനുഷ്യരെ സഹായിക്കാനും പ്രതിഷേധിക്കാനും ഒരു കൂട്ടം ചെറുപ്പക്കാർ ശ്രമിച്ചിരുന്നു. ആത്മാർത്ഥതയോടെ, രോഷത്തോടെ. കുറച്ച് നാൾ കഴിഞ്ഞപ്പോൾ, ഇങ്ങനെയുള്ള മറ്റു പല പതിഷേധങ്ങളെയും പോലെ ആ പ്രതിഷേധസ്വരങ്ങളും തണുത്താറി. തെരുവിലേക്ക് പുറംതള്ളപ്പെട്ടവരുടെ ജീവിതങ്ങൾ പുതിയ യാഥാർഥ്യങ്ങളുമായി സമരസപ്പെട്ട് അതിന്‍റെ വഴിക്കും. മാളുകളും അപ്പാർട്മെന്റ് കോംപ്ലക്സുകളും പോലുള്ള സ്വകാര്യ നിർമ്മാണ സംരംഭങ്ങൾക്ക് വേണ്ടി വഴിയാധാരമാക്കുന്ന പാർശ്വവത്കൃത ജീവിതങ്ങളുടെ ഈ കഥ ഈ നഗരത്തിന്റേത് മാത്രമല്ലല്ലോ. ഒന്നോർത്താൽ ഇത് ഒരു ചെറിയ ഉദാഹരണം മാത്രം.

എല്ലാ നഗരങ്ങളിലും രണ്ടു നഗരങ്ങളുണ്ട്. ഒന്ന് പ്രിവിലെജുകളുടെ നഗരമാണെങ്കിൽ മറ്റേത് ഏതൊക്കെയോ ഗ്രാമങ്ങളിൽനിന്നും ഓണംകേറാമൂലകളിലിൽ നിന്നും വനമേഖലകളിൽ നിന്നും കുടിയിറക്കപ്പെട്ടോ രക്ഷപ്പെട്ടോ അഭയാർത്ഥികളായി അടിഞ്ഞുകൂടിയ നിസ്സാരജീവിതങ്ങളുടെ നഗരമാണ്. വീണ്ടും വീണ്ടും പുറംന്തള്ളപ്പെടുന്നവരുടെ നഗരം. ഒന്നാം നഗരത്തിന് അംബരചുംബികളും രമ്യ ഹർമ്യങ്ങളും സ്വന്തമെങ്കിൽ മറ്റേ നഗരത്തിനുള്ളത് നിന്നുതിരിയാനിടമില്ലാത്ത കൂരകളും മനുഷ്യരും കന്നുകാലികളും പന്നികളും തെരുവ് പട്ടികളും പുളയുന്ന ഇടുങ്ങിയ ഗലികളും ഈച്ചയാർക്കുന്ന മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന ഓടകളുമാണ്. തോട്ടികളുടെ തൂപ്പുകാരുടെ വീട്ട് വേലക്കാരുടെ കൂലിപ്പണിക്കാരുടെ, നമ്മളല്ലാത്തവരുടെ, നഗരം. ഒഴിച്ചുകൂടാനാകാത്ത തിന്മ പോലെ ഒന്നാം നഗരം കാത്തുസൂക്ഷിക്കുന്ന രണ്ടാം നഗരം.

ചിലപ്പോഴൊക്കെ വാരാന്ത്യങ്ങളിൽ കയ്യുറകളും തൂമ്പകളും മൊബൈൽ ഫോണുകളുമായി ഒന്നാം നഗരങ്ങളിലെ സന്നദ്ധസേവകർ നഗരശുചീകരണത്തിനിറങ്ങും. ജീവനകലയിൽ പ്രാവീണ്യം നേടിയവർ അതിജീവനസമരത്തിൽ നിരന്തരം തോൽക്കുന്നവരുടെ റോഡരികുകളിലേക്ക്. അവർക്കത് അവരുടെ നഷ്ടപ്പെട്ട ആത്മാക്കളുടെ വീണ്ടെടുപ്പും ആഘോഷവുമൊക്കെയാണ്. എന്തെങ്കിലും ചെയ്യുക എന്നതാണ് ലക്‌ഷ്യം. അതുകൊണ്ട്, ഒരു നഗരം ഉൽപാദിപ്പിക്കുന്ന മാലിന്യങ്ങളുടെ സംഭരണവും സംസ്ക്കരണവും പോലുള്ള, പൊതുജനാരോഗ്യത്തെ ഏറ്റവും സാരമായി ബാധിക്കുന്ന കാര്യങ്ങൾ ചെയ്യണ്ടത് ഒരു കൂട്ടം വളണ്ടിയർമാരാണോ എന്നൊന്നും അവർ ചോദിക്കില്ല. അതൊക്കെ ചെയ്യാൻ കാര്യക്ഷമമായ സ്ഥിരം സംവിധാനങ്ങൾക്ക് വേണ്ടേ എന്ന സംശയവും ഉയർത്തില്ല. ചോദ്യങ്ങളും സംശയങ്ങളും ഉയർത്താൻ മാത്രം  സമയം ആർക്കാനുള്ളത്. ചോദ്യങ്ങളും ചോദ്യങ്ങളുയർത്തുന്ന സംഭവങ്ങളുമൊക്കെ അവഗണിക്കുക എന്നതാണ് ഒന്നാം നഗരത്തിന്‍റെ നടപ്പു രീതി. അതാണല്ലോ സൗകര്യവും.

എന്നാലും, വലുതായൊന്നും അലോസരപ്പെടുത്താത്ത ചെറിയ ശബ്ദങ്ങളായി നമ്മളല്ലാത്തവരുടെ നഗരത്തിലെ നിവാസികളുടെ ദുരിതമയമായ ജീവിതവും  പത്രത്താളുകളുടെ ഏതെങ്കിലുമൊക്കെ മൂലകളിൽ നിത്യേനയെന്നോണം ഇടം പിടിക്കുന്നുണ്ട്. കഷ്ടപ്പാട്, അപകടമരങ്ങൾ, ആത്മഹത്യകൾ. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ, സമരങ്ങൾ.

ഇക്കഴിഞ്ഞ ദിവസം ഒരു പത്രവാർത്തയുണ്ടായിരുന്നു. ആറു മാസമായി ശബളം കിട്ടാത്തതിനെ തുടർന്ന് 37 വയസ്സുള്ള സുബ്രഹ്മണി എന്ന ബൃഹത്ത് ബെംഗലൂരു മഹാനഗര പാലിഗയിലെ (ബിബിഎംപി) ഒരു തൂപ്പ് വേലക്കാരൻ (പൗരകർമ്മിക) ആത്മഹത്യ ചെയ്തു. വലിയ ശ്രദ്ധയൊന്നും കിട്ടാതെ പോയ ഒരു വാർത്ത. ഒന്നിൽ നിന്ന് മറ്റൊന്ന് വേർതിരിച്ചറിയാനാകാത്ത മുഖങ്ങളുടെ ഉടമകളായ നമ്മുടെ നാട്ടിലെ അനേകരിൽ ഒരാളുടെ മരണം. അത് ആത്മഹത്യയോ അപകടമരണമോ അല്ലെങ്കിൽ കൊലപാതകം തന്നെയോ ആയിക്കൊള്ളട്ടെ, എങ്ങിനെ സെൻസേഷണൽ ആകാനാണ്?

ഈ വാർത്ത കണ്ട് ഒരു സന്നദ്ധസേവകൻ ചോദിച്ചത് ശമ്പളമില്ലാതെ ഒരാൾ ഇത്രയും കാലം ആ ജോലിയിൽ തുടർന്നു എന്നതിൽ ഒരു വിശ്വാസ്യത കുറവില്ലേ എന്നായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ നിജസ്ഥിതി ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം റിപ്പോർട്ടർമാർക്കുണ്ടെന്ന് കൂട്ടിച്ചേർക്കാനും അയാൾ മറന്നില്ല. എന്നെങ്കിലും കൂലി കിട്ടുമല്ലോ എന്ന പ്രതീക്ഷയിൽ ഉള്ള ജോലിയിൽ കടിച്ച് തൂങ്ങി നിൽക്കേണ്ട ദയനീയാവസ്ഥ, രണ്ടു നേരത്തെ ആഹാരമെന്ന വലിയ ലക്ഷ്യം, കടക്കെണി, കൊള്ള പലിശ, ഭീഷണി… ഒന്നാം നഗരമെന്ന അന്യഗ്രഹത്തിൽ നിന്നെത്തുന്നവർക്ക് മനസ്സിലാക്കാനൊക്കാത്ത വാർത്തകൾ.

ഒരാളുടെ സാമൂഹ്യബോധം സാമൂഹ്യാസ്തിത്വത്തെ നിർണ്ണയിക്കുകയല്ല, മറിച്ച് അയാളുടെ സാമൂഹ്യാസ്തിത്വം സാമൂഹ്യബോധത്തെ നിർണ്ണയിക്കുകയാണ് ചെയ്യുന്നതെന്ന് മാർക്സ് എഴുതിയിട്ടുണ്ട്. നിങ്ങൾ സമൂഹത്തിൽ എന്താണ്, എങ്ങിനെയൊക്കെയുള്ള സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടുന്നു തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുടെ കാഴ്ച്ചയെയും കാഴ്ച്ചപ്പാടിനെയും നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുക എന്നർത്ഥം. നമുക്ക് ചില കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും പറ്റാതെ പോകുന്നത് അതുകൊണ്ടാണ്. പല പ്രശ്നങ്ങളിലും നമ്മൾ മുന്നോട്ടു വെക്കുന്ന പരിഹാരങ്ങൾ പലപ്പോഴും ഏകപക്ഷീയവും അപര്യാപ്തവും ആകുന്നതും തീർത്തും തെറ്റായ ദിശയിലേക്ക് തിരിയുന്നതും അതുകൊണ്ടുതന്നെ.

ഈ വർഷാദ്യം ബെംഗലൂരിൽ മലിനജലം ഒഴുകുന്ന ഓടകളും സെപ്റ്റിക് ടാങ്കുകളുമൊക്കെ വൃത്തിയാക്കുന്നതിനിടയിൽ ആറു തൊഴിലാളികൾ വ്യത്യസ്ത അപകടങ്ങളിലായി മരണപ്പെട്ടിരുന്നു. നാരായണസ്വാമി (35), ശ്രീനിവാസ് (56), മഹാദേവഗൗഡ (42),രാമു (25), രവി (28), രാജപ്പ(38). നമ്മളോട് പ്രത്യേകിച്ചൊന്നും പറയാത്ത ആറു പേരുകൾ. മുകളിൽ പറഞ്ഞ സുബ്രഹ്മണിയുടെ കഥയുമായി ചേർത്ത് വായിക്കേണ്ട കഥകളാണ് ഈ ആറു മരണങ്ങളും.

ഒന്നാമത്തെ സംഭവം നടക്കുന്നത് നഗരത്തിലെ സോമസുന്ദരപാളിയ എന്ന സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിലാണ്. അവിടുത്തെ 12 അടി ആഴത്തിലുള്ള മാലിന്യസംസ്കരണ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് നാരായണ സ്വാമിയും, മഹാദേവ ഗൗഡയും ശ്രീനിവാസും ശ്വാസം മുട്ടി മരിച്ചത്. മുഖംമൂടികളും കൈയ്യുറകളും മറ്റു സുരക്ഷസംവിധാനങ്ങളും ഇല്ലാതെ പണിക്കിറങ്ങിയ അവർ മരണപെട്ടു എന്ന് തിരിച്ചറിയുന്നതുതന്നെ മണിക്കൂറൊന്ന് കഴിഞ്ഞായിരുന്നത്രെ. അന്നു തന്നെ കൂലി കൊടുക്കാമെന്ന് ജോലിക്ക് വിളിച്ച കോൺട്രാക്റ്റർ പറഞ്ഞതു കൊണ്ടായിരുന്നു പെയിന്റിംഗ് പണിക്കാരനായിരുന്ന ശ്രീനിവാസും, ഒരു വസ്ത്രനിർമ്മാണശാലയിൽ പെസ്റ്റ് കൺട്രോളറായിരുന്ന മഹാദേവ ഗൗഡയും ഈ പണി ചെയ്യാൻ ചെന്നത്.

രണ്ടാമത്തെ അത്യാഹിതം ഉണ്ടായത് വൈറ്റ് ഫീൽഡെന്ന സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ. മലിനജല ശുദ്ധീകരണ പ്ലാന്റ് വൃത്തിയാക്കാൻ രാത്രി 8:30ക്ക് അവിടേക്ക് പോയതായിരുന്നു ആന്ധ്രപ്രദേശുകാരനായ രാജപ്പ. പിറ്റേന്ന് രാവിലെ അയാളുടെ സ്വന്തക്കാർ കേൾക്കുന്നത് അസുഖം മൂലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജപ്പ മരണപ്പെട്ടു എന്നായിരുന്നു.

മാറത്തഹള്ളിയിലെ ഒരു ഹോട്ടലിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് റായ്ച്ചൂർ സ്വദേശികളായ രാമുവും രവിയും മരണപ്പെട്ടത്. മറ്റു കേസുകളിലേതുപോലെ തന്നെ ഇവരും യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെ പണിക്കിറങ്ങാൻ നിര്ബന്ധിക്കപ്പെടുകയായിരുന്നു. ബിബിഎംപിയിലെ കരാർപണിക്കാരായിരുന്ന ഇവർ കഴിഞ്ഞ രണ്ടു മാസമായി ശമ്പളം കിട്ടാത്തതുകൊണ്ടായിരുന്നു ആ ഹോട്ടലിൽ പണിക്ക് പോയത്. ദളിതരായിരുന്നു രണ്ടു പേരും.

ആധുനികകാലം അടിമവേലയിലേക്ക് തിരിഞ്ഞു നടക്കുകയാണോ എന്ന് പോലും പലപ്പോഴും തോന്നി പോകും ഈ വാർത്തകൾ വായിക്കുമ്പോൾ. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ഓടകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കാൻ വിസമ്മതിച്ച കുറച്ച് തൊഴിലാളികളെ നഗരസഭയുടെ കരാറുകാർ മർദ്ദിക്കുകയും അവർക്ക് കിട്ടാനുള്ള കൂലി കൊടുക്കില്ലെന്ന് പറയുകയും ചെയ്തുവെന്ന് വായിച്ചതോർക്കുന്നു. ഓരോ വാർത്തകൾ വരുമ്പോഴും അന്വേഷങ്ങളുണ്ടാകും. ഇരകൾക്ക് നഷ്ടപരിഹാരം കിട്ടിയെന്നു വരും. പക്ഷെ ഒന്നും അവസാനിക്കുന്നില്ല. എല്ലാ ദുരന്തങ്ങളും കുറ്റകൃത്യങ്ങളും പിന്നെയും ആവർത്തിച്ച് കൊണ്ടിരിക്കുന്നു.

നിത്യവൃത്തിക്കായി വേറൊരു മാർഗ്ഗമില്ലാത്തതുകൊണ്ട് നിരോധിക്കപ്പെട്ട തോട്ടിവേല ചെയ്യാൻ നിർബന്ധിക്കപ്പെടുകയും യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാത്തതിനാൽ വിഷവാതകങ്ങൾ അകത്തുചെന്ന് ശ്വാസം മുട്ടി മരിക്കുകയും ചെയ്യുന്ന ആദ്യത്തെ മനുഷ്യരൊന്നുമല്ല ഈ ആറുപേർ. ഇതൊന്നും ബെംഗലൂരിൽ മാത്രം നടക്കുന്ന കാര്യവുമല്ല. എല്ലാ വർഷവും നമ്മുടെ നാട്ടിൽ നിരവധി പേർ ഇങ്ങനെ മരണപ്പെടുന്നുണ്ട്. കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിൽ 200 ഓളം പേര്‍ ഇങ്ങനെയുള്ള ജോലികൾക്കിടയിൽ മരണപ്പെട്ടിട്ടുണ്ട് എന്നാണ് അനൗദ്യോഗിക കണക്കുകൾ. ഈ വർഷം തന്നെ കാഞ്ചിപുരത്ത് മൂന്നും ആന്ധ്രാപ്രദേശിലെ ചിറ്റൂർ നഗരത്തിൽ ഏഴു പേരും ഇങ്ങനെ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്‍റെ സ്മാർട്ട്സിറ്റി പട്ടികയിൽ ഉൾപ്പെട്ട രാജസ്ഥാനിലെ അജ്മീരിലും ഉത്തർ പ്രദേശിലെ ഝാൻസിയിലുമൊക്കെ 50 ശതമാനത്തോളം വീടുകളിൽ സെപ്‌റ്റിക്‌ ടാങ്കുകൾ വൃത്തിയാക്കുന്നത് സ്വകാര്യകോൺട്രാക്റ്റർമാർ എത്തിക്കുന്ന തൊഴിലാളികളാണ് എന്ന് വായിച്ചതും അടുത്ത കാലത്താണ്.

തോട്ടിവേല നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. അത്തരം ജോലികൾ ചെയ്യുന്നവരുടെ പുനരധിവാസത്തിന് നിയമങ്ങളുണ്ട്. അതിന് പുറമെ സ്വച്ഛ് ഭാരത് അഭിയാനിനായി കോടിക്കണക്കിന് രൂപ സർക്കാർ ചിലവഴിക്കുന്നുമുണ്ട്. 7843 കോടി രൂപയാണ് ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ ഇതിനായി മാറ്റി വെച്ചിട്ടുള്ളത്. ഇതൊക്കെയുണ്ടായിട്ടും നമ്മുടെ നാട്ടിലെ സാമൂഹ്യമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ, പ്രത്യേകിച്ച് ദളിതരും പിന്നോക്ക വിഭാഗങ്ങളും, നിത്യവൃത്തിക്കായി ഏറ്റവും കുറഞ്ഞ കൂലിക്ക് തോട്ടിവേലയെടുക്കാൻ ഇന്നും നിർബന്ധിക്കപ്പെടുന്നു.

ചില വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സർക്കാരിന്‍റെ തന്നെയോ അലംഭാവമോ അനാസ്ഥയോ മാത്രമല്ല ഈ സ്ഥിതിക്ക് കാരണം. ശ്രദ്ധിക്കുക, നമ്മുടെ മഹാനഗരങ്ങളിലെ ഒരു വലിയ വിഭാഗം മനുഷ്യർ കൊടിയ ദാരിദ്ര്യത്തിലും സാമൂഹ്യമായ പിന്നോക്കാവസ്ഥയിലും തുടരാൻ വിധിക്കപ്പെടുന്നതിന്‍റെ ഘടനാപരമായ കാരണങ്ങൾ മേൽപ്പറഞ്ഞ സംഭവങ്ങളോരോന്നും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്‍റെ മറ്റൊരു ചിത്രം വരച്ച് കാണിക്കുന്നു ഈ സംഭവങ്ങൾ. ജീവിതം പുലർത്താനായി നാട്ടിൻപുറങ്ങളിൽനിന്നും നഗരങ്ങളിലേക്ക് പാലായനം ചെയ്യുന്ന മനുഷ്യർ. എവിടെ ചെന്നാലും അവരെ പിന്തുടരുന്ന ജാതീയവും സാമൂഹികവും ആയ പിന്നോക്കാവസ്ഥ. സാമ്പത്തിക ഉദാരവൽക്കരണവും നവലിബറലിസവും സ്വകാര്യവൽക്കരണവും കരാറുപണികളിലേക്കൊതുങ്ങി പോകുന്ന തൊഴിലവസരങ്ങളും ഉണ്ടാക്കിയെടുക്കുന്ന നിസ്സഹായത.

പുതിയ സാങ്കേതിക വിദ്യകൾ പാർശ്വവത്കൃത ജീവിതങ്ങളുടെ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയായി പല വേദികളിലും അവതരിപ്പിക്കപ്പെട്ടു കാണാറുണ്ട്. എന്നാൽ, ഘടനാപരമായ അസമത്വങ്ങളും ചൂഷണങ്ങളും എങ്ങിനെ ഇല്ലാതാക്കാമെന്ന വലിയ പ്രശ്നത്തെ അഭിസംബോധനചെയ്യാതെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രശ്നപരിഹാരത്തിന് ഒരുങ്ങുന്നത് മിക്കപ്പോഴും സ്ഥിതി കൂടുതൽ വഷളാകാനാണ് ഇടയാക്കുക.

തോട്ടി പണി ഇല്ലാതാക്കാൻ കേരള സർക്കാർ കൊണ്ട് വരുന്ന റോബോട്ടിനെ കുറിച്ച് ഒരു വാർത്ത ഉണ്ടായിരുന്നല്ലോ. ജെൻറോബോട്ടിക് ഇന്നൊവേഷൻസ് എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ചെടുത്ത ബാന്‍ഡിക്കൂട്ട് (Bandicoot ) എന്നുപേരുള്ള റോബോട്ടിനെ അഴുക്ക് ചാലുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാനാണ് കേരളസർക്കാർ ഒരുങ്ങുന്നത്. കേരളത്തിലെ സവിശേഷസാഹചര്യങ്ങളിൽ ഇത്രയുംകാലം ഈ തൊഴിലെടുത്തുവരുന്നവരെ പുനരധിവസിപ്പിച്ചുകൊണ്ട് ഇത്തരം പരിപാടികൾ നടപ്പിലാക്കാൻ കഴിഞ്ഞേക്കാം. പക്ഷെ, ഇങ്ങനെയൊരു യന്ത്രവൽക്കരണം രാജ്യവ്യാപകമായി കൊണ്ടുവരികയാണെങ്കിൽ മിക്ക സ്ഥലങ്ങളിലും അതായിരിക്കില്ല നടക്കുക. ഇപ്പോൾ ഈ പണികൾ ചെയ്യുന്ന തൊഴിലാളികളെ പുറന്തള്ളി ഈ സംവിധാനം ഉപയോഗപ്പെടുത്താനായിരിക്കും നീക്കം. നഗരപരിപാലനത്തിന്‍റെ കാര്യക്ഷമത കൂട്ടാമല്ലോ. മാലിന്യനിർമ്മാർജ്ജന പ്രക്രിയ ലാഭകരമായി നടത്താവുന്ന ഒന്നായി മാറുകയാണെങ്കിൽ സ്വകാര്യവൽക്കരണത്തിനുള്ള ഒരു മേഖല കൂടി തുറന്നു കിട്ടുകയും ചെയ്യും.  ലാഭം, കാര്യക്ഷമത തുടങ്ങിയ നവലിബറൽ യുക്തികളിൽ പണി പോകുന്ന തൂപ്പ് വേലക്കാർക്കിടം എവിടെ കിട്ടാനാണ്.

ദരിദ്രരെയും അരികുവൽക്കരിക്കപ്പെട്ടവരെയും സഹായിക്കാനെന്ന പേരിൽ നടപ്പിലാക്കപ്പെടുന്ന സാങ്കേതിക വിദ്യകൾ എങ്ങിനെയാണ് മിക്കപ്പോഴും നേർവിപരീതമായ ഫലങ്ങൾ ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. അമേരിക്കയിലെ ആൽബനീ യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ്  അസോസിയേറ്റ് പ്രൊഫസറായ വിർജീന യൂബൻസിന്‍റെ (Virginia Eubanks) ഗവേഷണങ്ങൾ ഇക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒന്നാണ്. ക്ഷേമപദ്ധതികളിൽ ബിഗ് ഡാറ്റ, അൽഗോരിതങ്ങൾ, ഓട്ടോമേഷൻ തുടങ്ങിയ നൂതനസാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു രാജ്യമാണ് അമേരിക്ക. പക്ഷെ, ഈ ക്ഷേമപദ്ധതികൾ ഗുണഭോക്താക്കളെ സഹായിക്കുന്നതിനു  പകരം പുറന്തള്ളാൻ എങ്ങിനെയൊക്കെ കാരണമായിത്തീരുന്നുവെന്ന് യൂബൻസിന്‍റെ പഠനങ്ങൾ കാട്ടിതരുന്നു. അവരുയർത്തുന്ന വാദമിതാണ്: “If you do everything right, and you’re still living in a society that is deeply impacted by its hatred of the poor and its fear of precarity, you’re still going to create systems that punish, police, and profile“.

ബെംഗലൂരിലെ പൗരകർമ്മികളെ സാങ്കേതികവിദ്യ ഇപ്പോൾ ചതിച്ചുകൊണ്ടിരിക്കുന്നത് ഹാജർ രേഖപെടുത്താൻ പുതുതായി ഏർപ്പെടുത്തിയ ബയോമെട്രിക് സംവിധാനത്തിന്‍റെ രൂപത്തിലാണ്. ജോലിയിൽ ഇല്ലാത്ത തൂപ്പുവേലക്കാർ ഉണ്ടെന്ന് പറഞ്ഞ്  കോൺട്രാക്റ്റർമാർ പണം തട്ടുന്നതില്ലാതാക്കാനും  ജോലിക്കാർക്ക് കൂലി നേരിട്ട് നൽകാനുമൊക്കെയായിട്ടാണ് ഈ സംവിധാനം കൊണ്ടുവന്നത്. എന്നാൽ പുതിയ പരിഷ്‌ക്കാരം കൊണ്ട് ബുദ്ധിമുട്ടുന്നത് യഥാർത്ഥത്തിൽ ജോലിയിലുള്ള തൊഴിലാളികളാണെന്ന പരാതി വ്യാപകമാണ്. സിസ്റ്റത്തിൽ പേര് ചേർക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച്, പലപ്പോഴും ശരിയായി പ്രവൃത്തിക്കാത്ത ബയോമെട്രിക് യന്ത്രങ്ങളെ കുറിച്ച്, ഒരു ആയുഷ്ക്കാലത്തെ തോട്ടിപ്പണിയിൽ ഒരു യന്ത്രത്തിനും വായിക്കാനൊക്കാത്ത രീതിയിൽ തേഞ്ഞു മാഞ്ഞു പോയ കൈവിരലിലെ രേഖകളെക്കുറിച്ച്… പരാതികളങ്ങിനെ പോകുന്നു. ബഹിഷ്കൃതരുടെ ഒടുങ്ങാത്ത പരിദേവനങ്ങൾ.

പരിദേവനങ്ങൾ പ്രതിഷേധങ്ങളായി മാറുന്നില്ലെന്നല്ല. ഉദാഹരണത്തിന് അഖിലേന്ത്യാ സെൻട്രൽ കൌൺസിൽ ഓഫ് ട്രേഡ് യൂണിയൻസിന്റെ (AICCTU) നേതൃത്വത്തിലുള്ള ബി. ബി. എം പിയിൽ കരാർ പണിയെടുക്കുന്ന പൗരകർമ്മികളുടെ യൂണിയൻ നടത്തുന്ന സമരങ്ങൾ. പക്ഷെ, ഒരു തിരഞ്ഞെടുപ്പ് കാലത്തിനു പോലും വേണ്ടാത്ത പുറന്തള്ളപ്പെട്ടവരുടെ നഗരങ്ങളിലെ അന്തേവാസികളുടെ സമരങ്ങൾക്ക് എത്രമാത്രം പ്രഹരശേഷി ആർജ്ജിക്കാനാകും?

ഏത് വിപ്ലവത്തിലായിരിക്കും നമ്മുടെ നഗരങ്ങളെ നമ്മളല്ലാത്തവരുടെ നഗരങ്ങൾ വളയുക?


 

Comments

comments