1
മഹാപ്രളയം കൊണ്ട് മാറിപ്പോയത് അധികവും കേരളത്തിൻറെ പ്രകൃതിയും മനുഷ്യർ സൃഷ്ടിച്ച ഭൌതികലോകവും മാത്രമാണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് തിരുത്തേണ്ട സമയമായിയെന്നാണ് ഇപ്പോൾ നടന്നുവരുന്ന പ്രളയാനന്തരപ്രവർത്തനങ്ങൾ വ്യക്താമായും സൂചിപ്പിക്കുന്നത്. പരിസ്ഥിതിപ്രസ്ഥാനം നൽകിയ മുന്നറിയിപ്പുകളെ ഇനിയെങ്കിലും കാര്യമായെടുക്കുമെന്ന പ്രതീക്ഷ മങ്ങിയിട്ടില്ലെങ്കിലും ശുഭാപ്തിവിശ്വാസത്തിനിട നൽകാത്ത പല സൂചനകളും കണ്ടു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ജലത്തിൻറെ ശക്തിയ്ക്കൊപ്പം തടസ്സങ്ങളെ എല്ലാം ഭേദിച്ച് എത്തേണ്ടിടത്ത് എത്തിച്ചേർന്ന സിവിൽസമൂഹശക്തി പിൻവാങ്ങിത്തുടങ്ങിയതോടെ ഉദ്യോഗസ്ഥദുർവാശികൾ കണ്ടുതുടങ്ങിയിരിക്കുന്നു. അതുമൂലം പലയിടത്തും ഏറ്റവും ഇല്ലായ്മ അനുഭവിക്കുന്നവർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ സന്നദ്ധപ്രവർത്തകർ ബുദ്ധിമുട്ടുന്നു. റവന്യുവകുപ്പ് ദുരന്തനിവാരണത്തിൻറെ ഉത്തരാവാദിത്വമേൽക്കുന്നതിൻറെ പോരായ്മകൾ വ്യക്തമാകുന്നു. ഇടതുരാഷ്ട്രീയത്തിൽ മുൻപുതന്നെ ആരംഭിച്ച അധികാരകേന്ദ്രീകരണം കൂടുതൽ രൂക്ഷമാകുമെന്നു സൂചനകളുണ്ട്. മൂലധനശക്തിക്ക് പല കോട്ടങ്ങളും വന്നെങ്കിലും, അവർ സൃഷ്ടിച്ച വിപത്തോ, ചെയ്യേണ്ടതായ പരിഹാരമോ കാര്യമായി ചർച്ച ചെയ്യപ്പെടില്ലെന്നും ഉറപ്പായിരിക്കുന്നു. എന്തിന്, ഈ വിപത്ത് ആവർത്തിക്കപ്പെടാതിരിക്കാൻ നാം അവശ്യം പരിഗണിക്കേണ്ട വിവരങ്ങൾ (ഉദാഹരണത്തിന് അണക്കെട്ടുകളിലെ നീരൊഴുക്കിനെപ്പറ്റിയുള്ള വിവരങ്ങൾ) പോലും തിരുത്തപ്പെടുന്നുവെന്ന ആശങ്ക പ്രകടിപ്പിക്കപ്പെട്ടുകഴിഞ്ഞു.
ഈ പോരായ്മകൾ പലതും മനഃപൂർവ്വമോ സ്ഥാപിതതാത്പര്യപ്രേരിതങ്ങളോ അല്ല. ദീർഘകാലപുനർനിർമ്മാണത്തിനാവശ്യമായ ധനം കണ്ടെത്താനുള്ള പരിശ്രമം മറ്റെല്ലാത്തിനെയും മറികടക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലങ്ങളാണ് ഇവയിൽ പലതും. എന്നാൽ അതിനാൽ ഇവയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നോ, അവയെക്കുറിച്ചുള്ള പൊതുചർച്ച വേണ്ടെന്നോ അർത്ഥമാകുന്നില്ല. കാര്യമായി ആശങ്കപ്പെടേണ്ട മാറ്റങ്ങളാണ് ഒരുപക്ഷേ നമ്മെ കാത്തുനിൽക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നത് ആരുടെയും ഉത്സാഹത്തെയോ ശുഭാപ്തിവിശ്വാസത്തെയോ കെടുത്താനല്ല, മറിച്ച് ആ ഉത്സാഹത്തിനും ശുഭാപ്തിവിശ്വാസത്തിനും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളെ കഴിവതും ഒഴിവാക്കാനാണ്.
2
ഇനിയെന്ത് എന്ന ചോദ്യത്തിന് നേരിട്ടും അല്ലാതെയും പല ഉത്തരങ്ങളും കേട്ടുതുടങ്ങിയിരിക്കുന്നു. പരിസ്ഥിതിപ്രസ്ഥാനം നൽകിയ മുന്നറിയിപ്പുകളെ ഇനിയെങ്കിലും കാര്യമായെടുക്കണമെന്ന അഭ്യർത്ഥനയാണ് അതിൽ മുഖ്യമായത്. എന്നാൽ ആഗോളീകൃതമൂലധനത്തിന് പശ്ചാത്തലസൌകര്യങ്ങൾ ഒരുക്കുന്ന പ്രക്രിയയ്ക്കുണ്ടായ ഇടർച്ച പരിഹരിക്കുകയാണ് ഉടൻ വേണ്ടതെന്ന നിർദ്ദേശവും ചില ഉദ്യോഗസ്ഥവൃത്തങ്ങളിലെങ്കിലും കേട്ടുതുടങ്ങിയിരിക്കുന്നു. മഹാപ്രളയം പഠിപ്പിച്ച പാഠങ്ങളിൽ നിന്ന് ചിലതു മാത്രം തെരെഞ്ഞടുക്കുകയും മറ്റുള്ളവയെ അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിയും ഒരു ജനസമൂഹമെന്ന നിലയ്ക്ക്, മൊത്തത്തിൽ നമുക്കു ഗുണകരമാകാനിടയില്ല (പൊതുനന്മ, പൊതുസുരക്ഷ എന്നിവയെ അവഗണിച്ചുകൊണ്ടുള്ള ഭൂവിനിയോഗം നമ്മെ എവിടെ എത്തിക്കുമെന്ന് ഇനി പഠിക്കേണ്ടതില്ലല്ലോ). അങ്ങനെയെങ്കിൽ എല്ലാ വിഭാഗങ്ങളുടെയും ശബ്ദങ്ങൾക്ക് പുനർനിർമ്മാണപ്രക്രിയിൽ ഒരേ പരിഗണനയും ശ്രദ്ധയും ലഭിക്കണം. അതാകട്ടെ, കേരളത്തിലിന്ന് നിലവിലുള്ള ജനാധിപത്യസ്ഥാപനങ്ങളെ, പ്രത്യേകിച്ച് വികസന-ജനാധിപത്യസ്ഥാപനങ്ങളെ, കേവലം പുനരുജ്ജീവിപ്പിക്കുകയല്ല, നവീകരിക്കുക തന്നെ വേണം. ഇവിടെയാണ് കേരളത്തിൽ രണ്ടുദശകങ്ങൾക്കിടയിൽ ശക്തമായ വേരോട്ടം നേടിക്കഴിഞ്ഞ തദ്ദേശജനാധിപത്യസ്ഥാപനങ്ങളുടെ പ്രസക്തി.
പ്രളയം നമ്മെ പഠിപ്പിച്ച ചില പാഠങ്ങളുടെ വെളിച്ചമാണ് തദ്ദേശജനാധിപത്യസ്ഥാപനങ്ങളുടെ പ്രസക്തിയെപ്പറ്റിയുള്ള ആവകാശവാദത്തിൻറെ അടിത്തറ. ഒന്നാമതായി, കേരളത്തിൽ ജനകീയമുൻകൈയിൽ വികസനപ്രവർത്തനം ഇന്നും സാദ്ധ്യമാണെന്ന കാര്യം പ്രളയകാലത്തും പിന്നീടും സംശയാതീതമായിരിക്കുന്നു. രണ്ടാമത്, പ്രതിസന്ധിയിൽ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് ജനങ്ങൾ സ്വാഭാവികമായിത്തന്നെ തിരിയുന്നതാണ് നാം കണ്ടത്. കേരളത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള പൊതുപ്രാധാന്യമാണ് ഇതിൽ ദൃശ്യമാകുന്നത്. മൂന്നാമതായി, പ്രകൃതിവിഭവങ്ങളും പ്രകൃതിദുരന്തനിവാരണവും റവന്യൂവകുപ്പിൻറെ കീഴിൽ വരുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും വ്യക്തമായി തിരിച്ചറിയാൻ നമുക്കു കഴിഞ്ഞു. അധിനിവേശശേഷിപ്പായ ഈ രീതി തുടരുന്നത് ആശാസ്യമല്ലെന്ന് ഓരോ ദിവസം കഴിയുംതോറും വ്യക്തമാകുന്നു. ഈ പശ്ചാത്തലത്തിൽ കേരളത്തിൻറെ അഭിമാനമെന്ന് പലപ്പോഴും പറയാറുള്ള തദ്ദേശസ്വയംഭരണസംവിധാനത്തെ പുനരുജ്ജീവിപ്പിച്ചും നവീകരിച്ചും ലോകത്തിനാകെ പുതിയൊരു വികസന/ അതിജീവന മാതൃക സൃഷ്ടിക്കാൻ നാം തയ്യാറാകണം. പ്രളയപൂർവകാലത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ശക്തിയെ കുറയ്ക്കാനുള്ള നടപടികളാണ് സർക്കാർ അധികവും കൈക്കൊണ്ടതെന്നത് വസ്തുതയാണ്. അതുകൊണ്ടാണ് ഇക്കാര്യം ഇവിടെ പ്രത്യേകം ഊന്നിപ്പറയേണ്ടിവരുന്നത്.
പൊതുവെ പറഞ്ഞാൽ പ്രളയപൂർവകാലത്ത് നാം സ്വീകരിച്ച വികസന സാമാന്യബോധത്തെയും വികസനകാര്യങ്ങളിൽ പരിചിതമായിത്തീർന്ന വേർതിരിവുകളെയും പ്രത്യക്ഷത്തിൽത്തന്നെ തിരസ്ക്കരിച്ചുകൊണ്ടു വേണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ പുനഃശാക്തീകരിക്കുന്ന പ്രക്രിയയ്ക്കു തുടക്കം കുറിക്കാൻ. അവയിൽ ഏറ്റവും സാധാരണമായിരിക്കുന്നത് സാമ്പത്തികവളർച്ചയും വികസനവും സംബന്ധിച്ചുള്ള തീരുമാനങ്ങൾ സംസ്ഥാനതല രാഷ്ട്രീയാധികാരികൾ തീരുമാനിക്കുക, ജനക്ഷേമസംബന്ധമായ തീരുമാനങ്ങളും നടത്തിപ്പും ആസൂത്രണവും തദ്ദേശസർക്കാരുകളെ ഏൽപ്പിക്കുക എന്ന ആ വേർതിരിവാണ്. 1990-കളിലെ ജനകീയാസൂത്രണക്കാലത്ത് ഇതു നാം അനുവദിച്ചിരുന്നില്ല. 1990-കളിൽ ജനകീയപങ്കാളിത്തത്തോടെ ഓരോ തദ്ദേശസർക്കാരും തയ്യാറാക്കിയ വികസനരേഖകളിൽ ഇതു ദൃശ്യമല്ല. മാത്രമല്ല, അന്ന് പരിസ്ഥിതിപ്രശ്നങ്ങൾ നേരിട്ടിരുന്ന, നേരിട്ടുതുടങ്ങിയിരുന്ന, പല സ്ഥലങ്ങളിലേയും ജനങ്ങൾ അവരുടെ പ്രതീക്ഷ ജനകീയാസൂത്രണത്തിൽ അർപ്പിച്ചിരിന്നുവെന്ന് വ്യക്തമാണ്.
ഇന്ന്, ഈ പ്രളയാനന്തരകാലത്തും, വികസനത്തിൽ മുൻപുണ്ടായിരുന്ന അതേ വേർതിരിവുകൾ മറ്റുവിധത്തിൽ പ്രത്യക്ഷമാകുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു. അതായത്, ഹ്രസ്വകാല പുനർനിർമ്മാണ-ക്ഷേമപ്രവർത്തനങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും, ദീർഘകാലപുനർനിർമ്മാണത്തെ സംബന്ധിച്ച കാതലായ തീരുമാനങ്ങൾ മുഴുവൻ സംസ്ഥാനതലരാഷ്ട്രീയ നേതൃത്വവും മൂലധനശക്തികളും ഉന്നത ഉദ്യോഗസ്ഥവർഗവും പങ്കിട്ടെടുക്കുന്ന സാദ്ധ്യത തീരെ അയഥാർത്ഥമല്ലെന്ന് വ്യക്തമാണ്. പക്ഷേ ഇത്രയും നാൾ നാം നിശബ്ദം അനുവദിച്ച ഈ വേർതിരിവ് ഇനി താങ്ങാനാവില്ലെന്നാണ് മഹാപ്രളയം നമ്മെ പഠിപ്പിച്ചിരിക്കുന്നത്. പ്രളയാന്തരഘട്ടത്തിൽ ഇപ്പറഞ്ഞ വേർതിരിവിൻറെ മറ്റൊരു വകഭേദം നമ്മെ ഗ്രസിച്ചുകൂടെന്നില്ല – അതായത്, ഉടൻ ചെയ്യേണ്ട ഭാരിച്ച പുനരധിവാസ ഉത്തരവാദിത്വങ്ങൾ തദ്ദേശസർക്കാരുകളെ ഏൽപ്പിക്കുകയും ദീർഘകാല പുനർനിർമ്മാണം സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും മുകളിൽ നിന്നു മാത്രം പ്രവഹിക്കുകയും ചെയ്യുന്ന രീതി.
3
അതായത്, ഹ്രസ്വകാലത്തിൽ നടക്കേണ്ട പുനരധിവാസത്തിലും, അതുപോലെ തന്നെ, ഭാവികേരളത്തിൽ സാമ്പത്തികവളർച്ചയുടെ സ്വഭാവം നിർണയിക്കുന്നതിലും തദ്ദേശജനാധിപത്യത്തിന് മുന്തിയ പ്രാധാന്യം തന്നെ നൽകണമെന്നാണ് പറഞ്ഞുവരുന്നത്. 1990-കളെ അപേക്ഷിച്ച് നഷ്ടപ്പെട്ടു പോയ ജനകീയമുൻകൈ തിരികെ നൽകുന്നതാണ് പുതിയകേരളസൃഷ്ടിയിലേക്കുള്ള ആദ്യചുവട്. ഇത് ഭരണഘടനാപരമായ ഉത്തരവാദിത്വം കൂടിയാണെന്ന് ഭരണാധികാരികളും രാഷ്ട്രീയകക്ഷികളും മറന്നുകൂട.
ദുരന്താശ്വാസപ്രവർത്തനങ്ങളിൽ കേരളത്തിലെ തദ്ദേശഭരണസംവിധാനവും അതിലൂടെ പൊതുസേവകരായിത്തീർന്ന തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അങ്ങേയറ്റം സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് തർക്കമറ്റ വസ്തുതയാണ്. എന്നാൽ അവർക്കു ലഭിക്കേണ്ടിയിരുന്ന മുൻകൈ ഇനിയും യാഥാർത്ഥ്യമാകേണ്ടിയിരിക്കുന്നു. ദുരന്തനിവാരണത്തിന് അത്യന്താപേക്ഷിതമായ വിവരങ്ങളോ വിവരശൃംഖലയോ മറ്റു വിഭവങ്ങളോ പഞ്ചായത്തുതലത്തിൽ സമാഹരിക്കപ്പെട്ടിരുന്നില്ല എന്നത് വലിയൊരു വീഴ്ച തന്നെയാണ്. ജനങ്ങളുടെ സുസ്ഥിരതയുടെ യഥാർത്ഥ കേന്ദ്രസ്ഥാനമായി പഞ്ചായത്തുകൾ ഉയരണമെങ്കിൽ ഇനിയെങ്കിലും ദുരന്തനിവാരണത്തിൻറെ മുൻകൈ ഉദ്യോഗസ്ഥർക്കല്ല, തെരെഞ്ഞെടുക്കപ്പെട്ട തദ്ദേശസർക്കാരുകൾക്കു തന്നെ നൽകണം. ഇന്ന് ജനങ്ങളോട് ഏറ്റവുമടുത്തു നിൽകുന്ന അധികാരിവിഭാഗം പഞ്ചായത്തുതല അധികാരികളാണെന്ന തിരിച്ചറിവ് പലപ്പോഴും ദുരന്തനിവാരണപ്രവർത്തനങ്ങളിൽ ദൃശ്യമായില്ല. തഹസീൽദാറിൻറെയും വില്ലേജ് ഓഫീസറുടെയും സാക്ഷ്യപത്രത്തിന് വിലകല്പിക്കുകയും തെരെഞ്ഞടുക്കപ്പെട്ട പഞ്ചായത്തംഗത്തിന് വില നൽകാതിരിക്കുകയും ചെയ്ത രീതി പലയിടത്തും ദുരിതാശ്വാസപ്രവർത്തനത്തെ വളരെ ദുഷ്ക്കരമാക്കി. റവന്യു ഉദ്യോഗസ്ഥരെ അവിശ്വസിക്കുകയല്ല; തദ്ദേശസർക്കാരുകൾ കേരളത്തിൽ പൊതുവിലുള്ള ഉച്ചനീചത്വങ്ങൾക്കും അഴിമതിപ്രവണതയ്ക്കും അതീതരാണെന്നുമല്ല. പക്ഷേ തദ്ദേശസർക്കാരുകൾ ജനങ്ങളോട് സുതാര്യമായി ഇടപെടാൻ കൂടുതൽ ബാദ്ധ്യസ്ഥരാണ്; അവ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യവുമാണ്. അഴിമതിയും ചോർച്ചയും തടയാനാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്ന് വാദമുണ്ട്. പക്ഷേ ഉദ്യോഗസ്ഥരും അഴിമതിക്ക് അതീതരല്ല, മാത്രമല്ല, ചോർചാസാദ്ധ്യത അടയ്ക്കുന്നതിനെക്കാൾ പ്രതിസന്ധിഘട്ടത്തിൽ ആലോചിക്കേണ്ടത് ദുരന്തബാധിതരിലേക്ക് വിഭവങ്ങൾ എത്തിക്കുന്നതിനെക്കുറിച്ചാണ്.
അവശ്യവസ്തുക്കളുടെ വിതരണക്കാര്യത്തിലായാലും പിന്നീടുള്ള പുനരധിവാസത്തിലായാലും കാലതാമസവും പക്ഷാഭേദവും കഴിവുകേടും ഉദ്യോഗസ്ഥമനോഭാവവും ഉണ്ടായാൽ അതിന് വലിയ വില ജനാധിപത്യകേരളം കൊടുക്കേണ്ടിവരും. പ്രതിസന്ധികളിൽ മറ്റേതു സ്ഥാപനത്തെക്കാളധികം സർക്കാരിനോട് സഹായം ചോദിക്കുന്ന മലയാളിയുടെ ശീലം അനേകനൂറ്റാണ്ടുകൾ കൊണ്ടുതന്നെ ഉണ്ടായതാണ്. അത് നശിക്കാൻ ഇടവരുത്തുന്ന അനാസ്ഥയും അശ്രദ്ധയും ഉദ്യോഗപക്ഷത്തുണ്ടായാൽ അതിൻറെ ഫലം കൊയ്യുന്നത് ഇവിടുത്തെ പ്രബലമതശക്തികളായിരിക്കും. പ്രത്യേകിച്ച് ഹിന്ദുത്വപക്ഷത്തുള്ള സമുദായസ്ഥാപനങ്ങൾ ഇപ്പോൾത്തന്നെ വയനാടുപോലുള്ള പ്രദേശങ്ങളിൽ ഇതു മുതലെടുത്തു തുടങ്ങിയിരിക്കുന്നു. മതസംഘടനാപ്രവർത്തകർ വലിയ തുകകളുമായി വീടുതോറും കയറിയിറങ്ങുന്നതിനറെ വാർത്തകൾ കേട്ടുതുടങ്ങിയിരിക്കുന്നു. ഈ വാർത്ത സത്യമാണോ എന്നതല്ല പ്രശ്നം – ഇന്നുള്ള സാഹചര്യം ഇതിനെ ഒരു സാദ്ധ്യതയാക്കി മാറ്റിയിരിക്കുന്നു എന്നതാണ് കയ്പേറിയ യാഥാർത്ഥ്യം. തദ്ദേശതലസമുദായങ്ങൾ ഈവിധത്തിൽ വിഭജിക്കപ്പെടുന്നത് കേരളത്തിൽ — സമാധാനപരമായ ദൈനംദിനജീവിതത്തിനു തന്നെ ഭീഷണിയാണ്. തന്നെയുമല്ല, കേരളത്തിലെ അതിദരിദ്രരും സാമൂഹ്യമായി താഴ്ത്തപ്പെട്ടവരുമായവർക്ക് അല്പമെങ്കിലും സമീപിക്കാനാകുന്ന സർക്കാരിടം പലപ്പോഴും തദ്ദേശസ്വയംഭരണസ്ഥാപനമാണ്. അങ്ങനെയല്ലാത്ത പല തദ്ദേശസർക്കാരുകൾ ഉണ്ടെന്നത് വാസ്തവം തന്നെ – എങ്കിൽപ്പോലും അധികകാലതാമസം കൂടാതെ ജനകീയവത്ക്കരണത്തിലൂടെ പരിഷ്ക്കരിക്കാനുള്ള സാദ്ധ്യത അവയ്ക്കു മാത്രമാണുള്ളത്, തത്ക്കാലം. വീടുകൾക്കുണ്ടായ നാശം വസ്തു ഉടമകളെ മാത്രമല്ല ബാധിച്ചിരിക്കുന്നത് – അതിദരിദ്രരരായ വാടകക്കാരെയും പുറംപോക്കിൽ കഴിയുന്നവരെയും എല്ലാം അത് കൂടുതൽ ഇല്ലായ്മയിലേക്കും അസ്ഥിരതയിലേയ്ക്കും തള്ളിയിരിക്കുന്നു. അവർക്ക് എളുപ്പത്തിൽ സമീപിക്കാവുന്നതും കൂടുതൽ ഫലപ്രദമായി പേശാവുന്നതും തദ്ദേശസർക്കാരിനോടു തന്നെ.
കേരളത്തിലിന്ന് സ്ത്രീകൾ ഏറ്റവും ശക്തമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് തദ്ദേശതലത്തിലാണ്. കേരളത്തിലെ പരിസ്ഥിതിസമരങ്ങളുടെ മുൻനിരയിൽ പലപ്പോഴും സമൂഹത്തിൻറെ കീഴ്നിലകളിലകപ്പെട്ട ദരിദ്രസ്ത്രീകളാണ്. പ്രളയക്കെടുതിയിൽ നിന്നുള്ള കരകയറ്റത്തിൽ നിർണായകമാകാൻ പോകുന്നത് ഈ സ്ത്രീകളുടെ അദ്ധ്വാനവും ഉത്സാഹവുമാണ്. പരിസ്ഥിതിനാശത്തിൻറെ ആഘാതം കൂടുതൽ അനുഭവിക്കുന്നവരായ ഈ സ്ത്രീകളുടെ ശബ്ദത്തെ സൂക്ഷ്മമായി കേൾക്കുകയും, അവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന തദ്ദേശപുനർനിർമ്മാണപ്രവർത്തനങ്ങൾ വിഭാവനം ചെയ്യേണ്ടതാണ്. അതിനും തദ്ദേശജനാധിപത്യനവീകരണം അനിവാര്യമാണ്.
പലവിധത്തിലുള്ള രാഷ്ട്രീയശോഷണത്തിനും പിടിച്ചടക്കലിലും വിധേയങ്ങളായ സ്ഥാപനങ്ങൾ തന്നെയാണ് തദ്ദേശസർക്കാരുകൾ. അതുകൊണ്ട് അവയെ കാല്പനികവത്ക്കരിക്കാനാവില്ല എന്നു സമ്മതിക്കുന്നു. മേൽപ്പറഞ്ഞ അപകടങ്ങളെയും ഒഴിവാക്കലുകളെയും ചെറുക്കാൻ ശക്തിയുള്ള ശൃംഖലയായി കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മാറണമെങ്കിൽ തീർച്ചയായും അവ കൂടുതൽ ജനാധിപത്യവത്ക്കരിക്കപ്പെടണം. ആ നവീകരണം നടക്കേണ്ടത് ഗ്രാമസഭകളുടെ രാഷ്ട്രീയപുനരുജ്ജീവനത്തിലൂടെ വേണം. പ്രളയക്കെടുതിയെ നേരിടാൻ ജനങ്ങൾ സന്നദ്ധരായി മുന്നോട്ടു വന്നത് പ്രത്യാശയ്ക്ക് വക നൽകുന്നു. തദ്ദേശചർചാവേദികൾ എല്ലാ ജനങ്ങളും പങ്കെടുക്കുന്ന സഭകളാക്കി മാറേണ്ട കാലമാണിത്. അവ ക്ഷേമവിഭവങ്ങൾ വിതരണം ചെയ്യാനുള്ള വേദികൾ മാത്രമായിരുക്കുന്ന സാഹചര്യം മാറിയേതീരൂ. എല്ലാ ജനങ്ങളും പങ്കാളികളാകുന്നതിനോടൊപ്പം കീഴ്നിലകളിലേക്കു തള്ളപ്പെട്ടവരുടെ പരിഗണനകളും ശബ്ദങ്ങളും അവരിൽ നിന്നുതന്നെ ഉയർന്നുകേൾക്കുന്നവിധത്തിൽ ഈ ഇടങ്ങൾ നവീകരിക്കപ്പെടണം. നഷ്ടത്തിൻറെ വ്യാപ്തി കണക്കാക്കാൻ നടത്തുന്ന സാങ്കേതികപരിശ്രമങ്ങൾക്കൊപ്പം തന്നെ ഗ്രാമസഭകൾ വിളിച്ചുകൂട്ടി ജനകീയചർചകൾ സംഘടിപ്പിക്കുകയും, അവയിൽ നിന്ന് അതാതു പ്രദേശങ്ങളുടെ ദുരന്താനുഭവങ്ങളെ രേഖപ്പെടുത്തുന്ന, തദ്ദേശ ദുരന്തനിവാരണ മാർഗങ്ങളും ആവശ്യങ്ങളും ഉയർത്തുന്ന ദുരാന്താനുഭവ രേഖകൾ പ്രസിദ്ധീകരിക്കുകയും വേണം (ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട വികസനരേഖകൾക്കു സമാനമായി).
4
തദ്ദേശജനാധിപത്യത്തിനറെ നവീകരണം ഏതുവിധമായിരിക്കണം? കഴിഞ്ഞ വർഷങ്ങളിൽ തദ്ദേശസ്വയംഭരണത്തിൻറെ ശക്തിക്ഷയം മൂന്നു വിധത്തിലായിരുന്നു – ഒന്ന്, അവയുടെ രാഷ്ട്രീയമായ ശോഷണം. തദ്ദേശ ഇടങ്ങളിൽ വർദ്ധിച്ചുവരുന്ന ഉച്ചനീചത്വങ്ങളെ വെളിവാക്കാനും പരിഹരിക്കാനുമുള്ള വേദികളായിരുന്നില്ല ഇവ എന്നർത്ഥം, തന്നെയുമല്ല, അവ ഇന്ന് ഭൂരിപക്ഷത്തിൻറെ സാമാന്യബോധത്തെ പോഷിപ്പിക്കുന്നവയാണ്. പരിസ്ഥിതിവിഷയത്തെപ്പറ്റി തുടക്കത്തിലുണ്ടായിരുന്ന അവബോധം മാഞ്ഞുപോവുകയും, തദ്ദേശഭരണചർചായിടങ്ങൾ പൊതുവെ ന്യൂനപക്ഷ അഭിപ്രായങ്ങളെ തമസ്കരിക്കുന്ന ഇടങ്ങളായി മാറുകയും ചെയ്തു. വികസനസഭകളിൽ തിരക്കില്ലാതിരിക്കുകയും ജനക്ഷേമസഭകളിൽ ആനുകൂല്യംപറ്റികളായി മാത്രം ജനം നിറയുകയും ചെയ്യുന്ന സ്ഥിതി ഇന്ന് സാധാരണമായിരിക്കുന്നു. ഇതുണ്ടാക്കുന്ന അപകടം നാമിന്ന് കാണുന്നു, കാരണം പലപ്പോഴും പരിസ്ഥിതിപ്രവർത്തകരെപ്പോലെ തദ്ദേശതലത്തിൽ ന്യൂനപക്ഷമായിപ്പോകുന്നവരെ അവഗണിക്കുകയും അവരെ ചിലയിടങ്ങളിലെങ്കിലും അടിച്ചമർത്തുകയും ചെയ്തതിൻറെ ഫലം കൂടിയാണ് കേരളത്തിൻറെ പുഴകളും മഴക്കാലവും നമുക്ക് നൽകിയത്. ന്യൂനപക്ഷശബ്ദങ്ങൾ, പ്രത്യേകിച്ച് പരിസ്ഥിതിസംബന്ധമായ വിഷയങ്ങളിൽ, ഗൌരവത്തോടെ പരിഗണിക്കപ്പെടുന്ന വിധത്തിൽ തദ്ദേശതലചർചായിടങ്ങളെ പുനർവിഭാവനം ചെയ്യേണ്ടതുണ്ട്.
തദ്ദേശസർക്കാരുകളുടെ ശോഷണത്തിനിടയാക്കിയ രണ്ടാമത്തെ ഘടകം, തദ്ദേശ ഇടത്തെ മൊത്തത്തിലോ, പരിസ്ഥിതിയടക്കമുള്ള പ്രത്യേക വിഷയങ്ങളിൽ തദ്ദേശ ഇടത്തെ മറികടക്കുന്നതോ ആയ സമഗ്രവികസന കാഴ്ചപ്പാടില്ലാതെ പോയതാണ്. തദ്ദേശതല ആസൂത്രണത്തിൽ പലപ്പോഴും വാർഡുതാത്പര്യനിർവ്വഹണമായി ഇന്ന് തരംതാണിരിക്കുന്നു. പരിസ്ഥിതിതലത്തിൽ വേർതിരിക്കാനാവാത്തവിധം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന തദ്ദേശ ഇടങ്ങൾക്ക് കൂട്ടായ രീതിയിൽ സുസ്ഥിരതയും ക്ഷേമവും ഉറപ്പാക്കുന്ന പരിസ്ഥിതി ആസൂത്രണം പല കാരണങ്ങളാൽ എളുപ്പമല്ല ഇന്ന്. അത് എത്ര വലിയ അപകടത്തിലാണ് നമ്മെ പെടുത്തിയതെന്ന് ഇന്ന് വ്യക്തമാണ്. ഭരണയൂണിറ്റുകളുടെ അതീർത്തികൾ കടന്നുള്ള ദീർഘകാല ആസൂത്രണത്തെ സാദ്ധ്യമാക്കുന്ന തദ്ദേശ പരിസ്ഥിതി-ആലോചനകൾക്കുള്ള പുതിയ ചർചാ-പ്രവർത്തന ഇടങ്ങൾ പഞ്ചായത്തീരാജ് സ്ഥാപനശൃംഖലയിലൂടെത്തന്ന വികസിപ്പിച്ചെടുക്കേണ്ടതാണ്. നദീതട, തീരദേശ, മലയോര, പ്രദേശങ്ങളിൽ ഇത്തരം ആസൂത്രണം ഉടനടി നടപ്പിലാക്കേണ്ടതുണ്ട്.
മൂന്നാമതായി, തദ്ദേശതലസർക്കാരുകൾ അനുഭവിച്ചു വന്നിരുന്ന പല അധികാരങ്ങളും അടർത്തിമാറ്റി പകരം തദ്ദേശതല ഉദ്യോഗസ്ഥർക്ക് അധികാരങ്ങൾ കൈമാറുന്നതും തദ്ദേശജനാധിപത്യത്തെ ഹനിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ നിർമ്മിച്ച റോഡുകൾ പൊതുമരാമത്തു വകുപ്പിനു കൈമാറിയപ്പോഴും മറ്റും ചർചയാകേണ്ടിയിരുന്ന വിഷയമാണിത്. തദ്ദേശസർക്കാരുകളെ ഈവിധത്തിൽ വെട്ടിച്ചുരുക്കുന്നത് സാധാരണമായിത്തീർന്ന സാഹചര്യത്തിലാണ് മഹാപ്രളയം ഉണ്ടായത്. നഗരവത്ക്കരണം വ്യാപകമായിത്തുടങ്ങിയതോടെ തെരെഞ്ഞെടുക്കപ്പെട്ട ഭരണസമിതികളും അംഗങ്ങളും പലരും മൂലധനത്തിന് കീഴ്പെട്ടുപോയിട്ടുണ്ട്. ഈ സന്ദർഭത്തിൽ മൂലധനത്തിനു മേൽ ജനകീയ-സാമൂഹ്യശക്തിയുടെ അധികാരവും നിയന്ത്രണവും പൂർവ്വാധികം സ്ഥാപിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നഷ്ടമായ അധികാരങ്ങൾ പുനഃസ്ഥാപിക്കുന്നതിനു പുറമേ അവയെ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ കേരളസർക്കാർ സ്വീകരിക്കേണ്ടതാണ്.
ഭരണഘടനാപരമായ ഉത്തരവാദിത്വം മാത്രമല്ല ഇത് – കേരളത്തെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ നിമിഷമാണിത്. വികസനവ്യവഹാരത്തിൽ ജനകീയപക്ഷം പറയുക, എന്നാൽ പ്രവർത്തനത്തിൽ പലവിധ, പല വലുപ്പത്തിലുള്ള, മൂലധനത്തെ ഊട്ടിവളർത്തുക എന്ന വികസനകാപട്യത്തിൽ നിന്ന് ഇനിയെങ്കിലും മുക്തരാകാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയും വരും പ്രളയകാലം, കെടുതി, തീരാനഷ്ടങ്ങൾ.
Be the first to write a comment.