നോട്ടുനിരോധനം അഥവാ ഡീമോണിറ്റൈസേഷന്‍ ഒരു ഭരണാധികാരിക്കും ആ പ്രധാന മന്ത്രിയെ പിന്താങ്ങുന്ന, പ്രത്യയശാസ്ത്രപരമായി വര്‍ഗീയമായ ഒരു ഗൂഢസംഘത്തിനും സംഭവിച്ച കൈപ്പിഴയല്ല. നല്ല അണിയറയാലോചനകള്‍ നടത്തിയും ഗംഭീരമായ അഴിമതി ആസൂത്രണം ചെയ്തും പ്രധാനമന്ത്രി മോഡിയും അമിത് ഷായും നടത്തിയ നീക്കമാണത് എന്ന വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ദേശവിദേശങ്ങളില്‍ ഇത് പ്രചരിക്കുകയാണ്.
ഒരു രാത്രി പൊടുന്നന്നെ പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ച നോട്ടുബാന്‍ ഇന്ത്യയെ നെടുകെയും കുറുകെയും തകര്‍ത്തു എന്നത് തര്‍ക്കമറ്റ പരിണാമം ആണ്. അതേക്കുറിച്ചുള്ള വിലയിരുത്തല്‍ മൂന്നോ നാലോ ഇംപാക്റ്റുകളിൽ ഒതുക്കാന്‍ പ്രയാസമാണ്. എങ്കിലും ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം എഴുതുന്നു- “പതിനഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പതിനഞ്ചു കോടി പേര്‍ക്ക് മാസങ്ങളോളം മാസവരുമാനം നഷ്ടപ്പെട്ടു. തെറ്റായ നയം, യാതൊരു ഒരുക്കങ്ങളും ഇല്ലാതെ തുറന്നിടുകയായിരുന്നു പ്രധാനമന്ത്രി. ഒറ്റയടിക്ക് ജനങ്ങളുടെ കയ്യിലുള്ള 86 ശതമാനം കറന്‍സിയാണ് ഒരു രാത്രി പ്രഖ്യാപനം കൊണ്ട് പ്രധാനമന്ത്രി മോഡി റദ്ദാക്കിയത്. നൂറോളം (186) ഇതുകൊണ്ട് മാത്രം മരിച്ചു. ഈ തെറ്റുകള്‍ അംഗീകരിക്കാനോ പശ്ചാത്താപത്തിന്റെ ഒരു ചെറു വാക്ക് പറയാനോ മോഡി ഇതുവരെ തയ്യാറായിട്ടില്ല.
ഗാര്‍ഡിയന്‍ ഇത് പറയുമ്പോള്‍, നാം ഇന്ത്യക്കാര്‍ക്കറിയാം പശ്ചാത്താപം മോഡിയുടെ നിഘണ്ടുവില്‍ ഇല്ലയെന്ന്. പകരം കൌശലമാണ്. എല്ലാം ഹൃസ്വകാല പദ്ധതികള്‍ -പ്രഖ്യാപനങ്ങൾ. ഒക്കെയും ബ്രാഹ്മണിക്കൽ/ അര്‍ബന്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ളവ. ഗ്രാമീണ കര്‍ഷക ഇന്ത്യ – ഡീമോണിറ്റൈസേഷനു ശേഷം പ്രത്യേകിച്ചും – തകര്‍ന്നു തരിപ്പണമായി. ഇപ്പോഴും അതിന്റെ ആഘാതം അവരനുഭവിച്ചുകൊണ്ടിരിക്കുന്നു. പൊരുതുന്നു, പോലീസ് വെടിയേറ്റ് മരിക്കുന്നു. സര്‍ക്കാരിന്റെ വാലാട്ടികളായി മാറിയ മീഡിയ തമസ്കരിക്കുന്നു.
ഇതാണ് ഇന്ന് സംഭവിക്കുന്നത്. മോഡി എന്തിനു പശ്ചാത്തപിക്കണം? ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരിക്കെ ആയിരക്കണക്കിന് മുസ്ലീങ്ങളെ നാലുദിവസം കൊണ്ട് വേട്ടയാടിയതിന്റെ ഒരു പശ്ചാത്താപവും തനിക്കില്ലെന്നു പറഞ്ഞ മോഡി പ്രധാനമന്ത്രി ആയ ഇക്കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് സാമൂഹ്യ സാമ്പത്തിക രംഗത്ത് ചെയ്ത അത്യാചാരങ്ങള്‍ സ്വാതന്ത്ര്യ ഇന്ത്യയുടെ ബാല്യത്തിനു മേല്‍ ഏല്‍പ്പിച്ച ആഘാതം ചില്ലറയല്ല. അമേരിക്കയില്‍ ഡൊണാൾഡ് ട്രമ്പ് ജയിച്ച അതേ ദിവസമാണ് മോഡിയുടെ ആഭ്യന്തര സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നത്. രണ്ടു സമാന ദുരന്തങ്ങള്‍.
പക്ഷെ ടീം മോഡി പ്രവര്‍ത്തിക്കുന്നത് മറ്റൊരു തലത്തില്‍ നിന്നാണ്. ഏതു തെറ്റും കുറേ വെള്ളപൂശിയാല്‍ ശരിയാണെന്നു വരുത്താം എന്ന ഡിജിറ്റല്‍ കുയുക്തിയുടെ തലമാണത്. ഹൃസ്വ കാലത്തേക്ക് വിജയിപ്പിക്കാവുന്ന ഒന്നാണ്. പ്രവൃത്തിയല്ല പ്രചരണം ആണ് പ്രധാനം എന്ന വിധ്വംസകശൈലിയുമാണത്. നിലവില്‍ ഇന്ത്യയില്‍ ബി ജെ പി യുടെ – മോഡിയുടെ – കുയുക്തികളെയും പച്ചനുണകളെയും എതിര്‍ക്കാന്‍ സൈബർലോകത്തെ ചില മെഴുകുതിരികളും മിന്നാമിനുങ്ങുകളും മാത്രമേ ഉള്ളൂ. ഫലപ്രദമായ ഒരു പ്രതിപക്ഷ സംവിധാനവുമില്ല.
മോഡിക്കറിയാം, സമ്പന്നനെ നാല് ചീത്ത വിളിച്ചാല്‍ ദരിദ്രന്‍ വിളിക്കുന്നവനൊപ്പം നിൽക്കുമെന്ന്. ലക്ഷക്കണക്കിന് കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്നും അതുപിടിച്ചെടുക്കുമെന്നും ഒരു പ്രധാനമന്ത്രി പറയുമ്പോള്‍ നൂറ്റാണ്ടുകളായി പലവിധസങ്കടങ്ങളില്‍ കഴിയുന്ന പാവം ഇന്ത്യ ഒരു മാത്ര വിശ്വസിച്ചു പോകും. ആ വിശ്വാസം അര്‍ബന്‍ / സെമി അര്‍ബന്‍ പ്രദേശങ്ങളില്‍ ഇന്നുമുണ്ടോ എന്നത് രാഷ്ട്രീയ ഇന്ത്യയെ സംബന്ധിച്ച് ഒരു സുപ്രധാന ചോദ്യമാണ്. നിരോധിച്ച നോട്ടുകളില്‍ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ബാങ്കുകളില്‍ തിരിച്ചെത്തി എന്നതു വഴി വ്യക്തമാകുന്നത് അര്‍ത്ഥമില്ലാത്ത ഒരു നടപടിയായിരുന്നു നോട്ടു നിരോധനം എന്നു തന്നെയാണ്. ഗാര്‍ഡിയനും ഇത് ചൂണ്ടികാട്ടുന്നു. കള്ളപ്പണം സാധാരണ സൂക്ഷിക്കാറു ഭൂമി, രത്നം, സ്വര്‍ണ്ണം, ഷയറുകള്‍ എന്നിവയിലാണ് എന്ന് എല്ലാവർക്കും അറിയാം – മോഡിക്കും. എന്നിട്ടും ഈ നടപടിക്കു ഒരുങ്ങിയത് ‘ജനങ്ങളെ’ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ ഇടയ്ക്കിടെ വേദനിപ്പിക്കുക എന്ന ഫാസിസ്റ്റ് ബുദ്ധിയില്‍ അന്തര്‍ലീനമാണ്. പിന്നീട് ശക്തിയും അധികാരവും കൊണ്ട് ഇത് ശരിയാണെന്ന് വാദിക്കുകയും ചെയ്യും. ഇപ്പോള്‍ നമ്മള്‍ കാണുന്നതും മറ്റൊന്നല്ല.
എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്തു കണ്ടാല്‍ എന്നെ ശിക്ഷിക്കൂ എന്ന് പ്രഖ്യാപിച്ച മോഡി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറല്ല. ഒരുപാടുണ്ട് തെറ്റുകള്‍. എല്ലാ ചോദ്യങ്ങളില്‍ നിന്നും മോഡി ഒഴിഞ്ഞു മാറുന്നു. ഡീമോണിറ്റൈസേഷനെക്കുറിച്ച് ഉള്ളതടക്കം പാർലമെന്ററി സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവാദം നല്‍കുന്നില്ല. ഇടയ്ക്കിടെ വിഷയം മാറ്റാന്‍ ശ്രമിക്കുന്നു. ഡീമോണിറ്റൈസേഷന്റെ വമ്പന്‍ പരാജയം റിസര്‍വ്വ് ബാങ്ക് പുറത്തു വിട്ട അതേ ദിവസം കവികളെയും ആക്ടിവിസ്ടുകളെയും പത്രപ്രവര്‍ത്തകരെയും അഭിഭാഷകരെയും അറസ്റ്റ് ചെയ്തത് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണെന്ന് ഗാര്‍ഡിയനും ചൂണ്ടി കാട്ടുന്നു. ഭീമാ കൊറേഗാവ് വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത് അര്‍ബന്‍ വോട്ടര്‍മാരുടെ സഹതാപ തരംഗം സാധ്യമാക്കാന്‍ ആണെന്ന് വ്യക്തം. പക്ഷെ ആര്‍ എസ്സ് എസ്സിന്റെ ദില്ലിയിലെ കൂറ്റന്‍ സൈബര്‍ വിംഗ് പടച്ചുവിടുന്ന ഫേക്ക് ന്യൂസ് ഉത്തരേന്ത്യന്‍ സൈബര്‍ ലിങ്കിലും ഭാഷാ / പ്രാദേശിക പത്രങ്ങളിലും നിറയുകയും മറ്റെല്ലാം അപ്രസക്തമാവുകയുമാണ്. അവരാണ് അജണ്ട നിശ്ചയിക്കുന്നത്. ട്രോളുകള്‍ക്ക് പോലും അനുകൂലിച്ചും എതിര്‍ത്തും അവര്‍ക്ക് കിട്ടുന്ന പ്രചാരണം ചെറുതല്ല.
തെരഞ്ഞെടുപ്പു ചട്ടം മാറ്റാന്‍ പോലും മോഡി ശ്രമിച്ചു. പ്രസിഡന്റ് ഭരണത്തിന്റെ ഏകാധിപത്യ സ്വഭാവങ്ങള്‍ കൊണ്ടുവരാനുള്ള ആ തന്ത്രം നിലവില്‍ പാളിയിരിക്കുകയാണ്.
ഡീമോണിറ്റൈസേഷന്റെ മറ്റൊരു ആഘാതം ലോകരംഗത്തു ഇന്ത്യന്‍ രൂപയുടെ വിശ്വാസ്യത തകര്‍ന്നു എന്നതാണ്. വിദേശത്തും ബിസിനസ്സോ ചെറുകച്ചവടമോ നടത്തുന്നവരുടെ ഉള്ളുലയ്ക്കുന്ന ഇടിവാണ് സംഭവിക്കുന്നത്. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ മാസശമ്പളക്കാര്‍ക്കു അവിടെ താല്‍ക്കാലിക നേട്ടം കണ്ടേക്കാം. -അത് നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുന്ന തകർച്ചയിൽ അതെത്ര നീളും?
പക്ഷേ മോഡി ഇതൊന്നും ബാധിക്കാത്തതു പോലെ അമിതാത്മവിശ്വാസത്തിന്റെ ചിറകില്‍ പറന്ന് ഇതൊക്കെ ന്യായീകരിക്കുന്നു. ഊതിപ്പെരുപ്പിച്ച ആ അമ്പത്താറിഞ്ചു നെഞ്ചിനകത്ത് ഒരു ഹൃദയമില്ലാത്തതു പോലെ. അത് ഇന്ത്യയുടെ ഹൃദയത്തെ തച്ചുതകർത്തുകൊണ്ടിരിക്കുകയാണ്.
Be the first to write a comment.