Any society where it’s a crime or a hassle to be different is a society based on psychological fascism.
– David Icke

2015-ൽ കെ. ആർ. മീരയെഴുതിയ ‘ഭഗവാന്റെ മരണം’ എന്ന കഥയിൽ നാല് ഭഗവാൻമാരുണ്ട്. ഒന്ന്, കഥ വായിക്കുന്നതിന് മുമ്പ് നമ്മുടെ മനസ്സിലേക്ക് ഇരമ്പിയെത്തുന്ന സാക്ഷാൽ കെ. എസ്. ഭഗവാൻ. രണ്ടും മൂന്നും, കഥയിലെ രണ്ട് ഭഗവാൻമാർ. അതിലൊന്ന് നിരന്തരമായി ബസവണ്ണയുടെ വചനങ്ങളുരുവിടുന്ന പ്രൊഫസർ ഭഗവാനും മറ്റൊന്ന് തന്നെ കൊല്ലാനായി മല്ലപ്പ അയച്ച അമരയെന്ന കൊലയാളിയും. നാല്, സാക്ഷാൽ ബസവണ്ണയും ( 12-ാം നൂറ്റാണ്ടിലെ നിരാകാരശൈവ മതത്തിന്റെ പ്രചാരകനും കവിയും). ഈ നാലോ അതിലധികമോ ആശയ പ്രപഞ്ചങ്ങൾ ഭഗവാനെന്ന രൂപകത്തിലുണ്ട്. വാക്കുകൾ വൈദ്യുതകാന്തിക തരംഗങ്ങളാകുന്ന കാലത്ത് അതുൽപാദിപ്പിക്കുന്ന രാഷ്ട്രീയ പ്രകമ്പനങ്ങളെ ഉള്ളടക്കം ചെയ്യാൻ കെ.ആർ.മീരയുടെ ‘ഭഗവാന്റെ മരണം’ എന്ന പുസ്തകത്തിലെ 6 കഥകൾക്കും കഴിയുന്നുണ്ട്. അതിൽ ‘ഭഗവാന്റെ മരണം’ നമ്മുടെ രാഷ്ട്രീയ മനഃസാക്ഷിയുടെ മരണം കൂടിയാവുന്നു. ഇന്ത്യയുടെ മതേതരത്വത്തിന്റെയും ഒരുമയുടെയും സഹവർത്തിത്വത്തിന്റെയും സമഭാവനയുടെയും അന്ത്യവും.

ഈ കൃതിയുടെ മുഖവുരയായി കെ. ആർ. മീര എഴുതുന്നു: ‘ഈ സമാഹാരത്തിലെ കഥകൾ തീർത്തും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ഭീകരതകൊണ്ടു മാത്രമാണ്.‘

ഇങ്ങനെ ഒരെഴുത്തുകാരിക്ക് പറയേണ്ടി വരുന്നത് തന്നെ മറ്റൊരു സാംസ്കാരിക ദുരന്തമാണ്. എല്ലാത്തരം ഫാഷിസത്തിനുമെതിരെയും  എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവർക്ക് നേരിടേണ്ടി വരുന്ന ‘പുരികങ്ങൾക്കിടയിലെ ചോരയുടെ ധ്രുവനക്ഷത്രത്തെ‘ ഓരോ എഴുത്തുകാരനും/കാരിയും ഭയപ്പെടേണ്ടി വരുന്നുണ്ട്. ഫാഷിസത്തിന്റെ ആൾക്കൂട്ട മനസ്സിൽ നിന്നാണ് ‘ഭഗവാന്റെ മരണ’ത്തിലെ ’മല്ലപ്പ’യും ‘ശിവപ്പ‘യും ‘ആര്യ’യും ‘അമര’യും ജനിക്കുന്നത്. ഫാഷിസത്തിന് നിരന്തരമായി അവരെ ഉൽപാദിപ്പിക്കേണ്ടതുമുണ്ട്. ഇന്ത്യ തന്നെ ഇന്ന് ഫാഷിസത്തിന്റെ രാസനിർമാണശാലയായി മാറിയിരിക്കുന്നത് നൂറ്റാണ്ടുകളുടെ മനുസ്മൃതിയുടെയും ചാതുർവർണ്യത്തിന്റെയും ഉൽപന്നമോ ഉപോൽപന്നമോ ആയിട്ടാണല്ലോ. അതിനെതിരെയായിരുന്നല്ലോ ബസവണ്ണയടക്കമുള്ള വീരശൈവ കവികളും ദാർശനികരും എഴുതിയത്.

ഭഗവദ്ഗീത കത്തിക്കണമെന്ന് ഭഗവാൻ പ്രസംഗിച്ചതിന്റെ പേരിലാണ് മല്ലപ്പ, ഭഗവാനെ കൊല്ലാനായി അമരയെ നിയോഗിക്കുന്നത്. ശനിയും ഞായറും ഭഗവാൻ യാത്രയിലായിരിക്കും. പുലർച്ച ഒഴികെയുള്ള സമയങ്ങളിൽ ഭഗവാൻ തന്റെ ശിഷ്യരോടൊപ്പവും. അത് കൊണ്ടാണ് മല്ലപ്പ, തിങ്കളാഴ്ച പുലർച്ചയെന്ന ‘ബ്രാഹ്മമുഹൂർത്തം‘ തന്നെ തെരഞ്ഞെടുത്തത്. അമരയും പരിവാരങ്ങളും ഒരു പാട് വഴി തെറ്റലുകൾക്ക് ശേഷം ഭഗവാന്റെ വീട്ടിലെത്തുന്നു. വാതിൽ തുറന്ന ഭഗവാന്റെ നരച്ച പുരികങ്ങൾക്കിടയിൽ ‘കോൺടാക്റ്റ് റെയിഞ്ചി’ൽ കാഞ്ചി വലിക്കുന്നതിന് മുമ്പ് അമര തന്റെ ഇടത് കൈ കൊണ്ട് ഭഗവാന്റെ കഴുത്ത് ഞെരിക്കാനും ശ്രമിച്ചതിനാൽ, ഭഗവാന്റെ ശരീരം വിറച്ച് അദ്ദേഹം താങ്ങി നിന്നിരുന്ന മൂന്ന് കാലുകളുള്ള കോവണി മറിഞ്ഞ് ഉത്തരത്തോളം പുസ്തകങ്ങളുള്ള അലമാര, വില്ല് പോലെ കുലച്ച് വിറച്ചതിനാൽ പുസ്തകങ്ങൾ അമ്പുകളായി വർഷിച്ച് അമരയുടെ വലതുകൈയും കാലും ഒടിയുന്നു.

യഥാർഥത്തിൽ ഫാഷിസം ഭയന്നിട്ടാണ് ക്രൂരകൃത്യങ്ങൾക്ക് മുതിരുന്നതെന്ന് കഥയിൽ, ബസവണ്ണയുടെ ഉദ്ധരണികൾ കൊടുത്ത് കൊണ്ട് കഥാകാരി രേഖപ്പെടുത്തുന്നുണ്ട്: ‘മകനേ, ഭയത്തെക്കാൾ ശക്തി ദയവിനാണ്. അതാണ് മതങ്ങൾ മറന്നു പോകുന്നത്. തിരിച്ചു ചെല്ലുമ്പോൾ നിന്നെ ഇങ്ങോട്ട് വിട്ടവർക്ക് നീയത് പറഞ്ഞു കൊടുക്കണം.’

ഫാഷിസം ഭയം ജനിപ്പിച്ച് ഭരിക്കുന്നത് ഭയന്നിട്ടാണെന്ന് ചരിത്രത്തിൽ ധാരാളം ഉദാഹരണങ്ങളുണ്ടല്ലോ. ഇന്ത്യ, രണ്ടാം പ്രാവശ്യവും ഭയ സാമ്രാജ്യമായി മാറിയിരിക്കുന്നതും നാമനുഭവിക്കുന്നുണ്ടല്ലോ.

തോക്കിന്റെ വായ ഭഗവാന്റെ നെറ്റിയിൽ തൊട്ടപ്പോഴും അദ്ദേഹം ഉച്ചരിച്ചത് ബസവണ്ണയുടെ സൂക്തങ്ങളായിരുന്നു: ‘ആന അങ്കുശത്തെ ഭയക്കുമോ അയ്യാ, സിംഹ നഖമാണെന്നതല്ലാതെ? ഞാനീ ബിജ്ജുളനെ പേടിക്കുമോ അയ്യാ, ദയാവാരിധിയായ നിന്നെയല്ലാതെ, കൂടല സംഗമ ദേവാ …..!’

‘മകനേ, രക്തം മാത്രം കുടിക്കുന്ന പശുക്കളാണ് മതങ്ങളെല്ലാം. ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ അത് കുടിക്കാറുള്ളൂ. നീ ഒരു ദലിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും. ബ്രാഹ്മണിയെ കഴിച്ചാൽ അത് നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാൻ. ഇന്നു ഞാൻ, നാളെ നീ. കൂടല സംഗമ ദേവാ!’

കൊലപാതകിയുടെ തോക്കിനെ തകർക്കാൻ വാക്കിന്റെ അസ്ത്രം! അതും ബസവണ്ണയുടെ വചന സോപാനത്തിൽ നിന്ന്. അമര വിരണ്ടു പോകാൻ വേറെന്തെങ്കിലും വേണോ?

സർക്കാർ ഡിസ്പെൻസറിയിൽ നിന്ന് അമരയെ ഭഗവാൻ കൊണ്ടുവരുന്നത് തന്റെ വീട്ടിലേക്കാണ്. അതും തന്റെ ഭാര്യ കിടന്നിരുന്ന കട്ടിലിൽ. ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന ‘പ്രൊക്രാറ്റിസിയൻ’കട്ടിലിൽ. ആ കട്ടിലിൽ വെച്ച് അമരയുടെ ഹിംസയുടെ മതത്തെയും രാഷ്ട്രീയത്തെയും വചനങ്ങൾ കൊണ്ട് മുറിച്ചു മുറിച്ച് ഭഗവാൻ ശരിപ്പെടുത്തുന്നു. അമരയെ ഭഗവാനാക്കിയെടുക്കുന്നു. പ്രൊഫസറുടെ ക്ലാസിൽ വെച്ച് പൊതുവെ നിശബ്ദനായിരുന്ന സൂരജ് അമരയോട് പേര് ചോദിക്കുന്നു. പ്രൊഫസറാണ് മറുപടി പറഞ്ഞത്: ‘ഭഗവാൻ’.

കൈയും കാലുമൊടിഞ്ഞ കാളയെപ്പോലെ കിടന്നിരുന്ന അമരയ്ക്ക് വായിക്കാനായി ഭഗവാൻ കൊടുക്കുന്നത് വാൽമീകി രാമായണം കന്നഡ പരിഭാഷ! പയ്യെപ്പയ്യെ അമര അമരനാവുന്നു. കാട്ടാളനായിരുന്ന രത്നാകരൻ ആ മര, ഈ മര ഉരുവിട്ട് സപ്തർഷികളാൽ അമരനായത് പോലെ ഈ അമരയും ധ്യാനത്തിന്റെയും വിവേകത്തിന്റെയും വൻമരമായി മാറുന്നു. ഹിംസക്കെതിരെ ജ്ഞാനത്തിന്റെയും ബോധത്തിന്റെയും വിജയം.

ഭഗവാൻ കിടന്നിരുന്ന കിടക്കത്തലയിണക്കടിയിൽത്തന്നെയായിരുന്നു അമരയുടെ തോക്ക് വെച്ചിരുന്നത്. അതെടുക്കാൻ ആരോഗ്യമാകുമ്പോൾ എടുത്തോളൂ എന്നും ഉണർച്ചയിൽ കൊല്ലരുതെന്നും അങ്ങനെയാകുമ്പോൾ താൻ’ വചനം’ ഉരുവിട്ടു പോകുമെന്നും അമരക്ക് കൊല്ലാൻ കഴിയില്ലെന്നും ഭഗവാൻ പറയുന്നുണ്ട്. ഭഗവാന്റെ വീട്ടിലുള്ള മൂന്ന് ഛായാചിത്രങ്ങൾ ഗാന്ധിയുടെയും ബസവണ്ണയുടെയും അംബിക (ഭാര്യ)യുടേതുമാണ്. മൂന്നും അഹിംസയും സഹനവും സദ്വചനവുമാണല്ലോ. ഈ മൂന്ന് സോപാനങ്ങൾ തന്നെയാണ് ഭഗവാന്റെ മൂന്ന് കാലുകളുള്ള കോവണിയും. ഈ സദ് വചനേണിയാണ് ഭഗവാനെ ആദ്യ കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷിക്കുന്നതും.

ഗാന്ധിജിയുടെ ചിത്രത്തിലേക്ക് അമര സാകൂതം നോക്കുന്നത് ഭഗവാന്റെ മരണത്തിന് ശേഷമാണ്. ആൾക്കൂട്ടത്തിന് നടുവിൽ കൈയിൽ കറുത്തയെന്തോ വഹിച്ച നാഥുറാം വിനായക് ഗോഡ്സേ! നെഞ്ചിൽ തുള വീണ ഗാന്ധി! അപ്പോഴും ഗാന്ധി ‘ഭക്തനെ‘ അനുഗ്രഹിക്കുകയായിരുന്നു. എങ്ങനെ വെടിവെച്ചാലും ഗാന്ധിയുടെ ഇടനെഞ്ചിൽത്തന്നെയാണ് വെടികൊള്ളുകയെന്ന് ഗാന്ധി ശരീരത്തിന്റെ/ ഇരയുടെ അനാട്ടമിയെക്കുറിച്ച് പ്രൊഫസർ അമരയോട് പറഞ്ഞിരുന്നു.

ഭഗവാനെ കൊന്നാൽ മധുരയിൽ വെച്ച് കാവേരിയുമായി കല്യാണം നടത്തിക്കൊടുക്കാമെന്ന് മല്ലപ്പ ശപഥം ചെയ്തിരുന്നു. ഭഗവാനെ കൊന്നതിന് ശേഷം മൂന്നു മണിയുടെ ട്രിച്ചിയിൽ കാവേരിയോടൊപ്പം രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാൽ ഭഗവാന്റെ സ്നേഹവചനങ്ങൾ എല്ലാം തകർത്തു കളഞ്ഞു. അമരയുടെ പ്രണയം പോലും പകയിൽ നിന്നുയിർത്തതായിരുന്നു. വിശപ്പ്, പ്രണയം, രതി എന്നിവ സ്വയം മാത്രമനുഭവിക്കാൻ കഴിയുന്നതാണെന്ന് ഭഗവാൻ അമരയോട് പറയുന്നുണ്ട്. പക്ഷേ തന്റെ പ്രണയത്തെ പോലും ഫാഷിസം തകർത്തതായാണ് അമര പിന്നീടറിയുന്നത്. മല്ലപ്പയും കൂട്ടാളികളും കാവേരിയുടെ കുടിൽ തീവെച്ച് നശിപ്പിക്കുകയും കാവേരിയെ ബലാൽസംഗം ചെയ്ത് കൊല്ലുകയും ചെയ്തതായി ഭഗവാനിൽ നിന്ന് അമര മനസ്സിലാക്കുന്നു.

ഫാഷിസത്തിന്റെ രീതിശാസ്ത്രം അവയെ എതിർക്കുന്ന, തടസ്സമായിരിക്കുന്ന ആരെയും വകവരുത്തുകയെന്നതാണ്. സ്വന്തം പാർടിയായാലും മതമായാലും. ദലിതുകൾ ക്ഷേത്രത്തിൽ കയറിയതിന് ശിക്ഷിക്കാൻ ചെന്ന അമരയെ വായ്ക്കകത്ത് നാവുകടത്തിചുംബിച്ച് അശുദ്ധനാക്കിയാണ് കാവേരി പ്രതികാരം ചെയ്തത്. അമരയുടെ പീഡനത്തെ,  ‘ഇന്ത്യൻ ഭരണഘടനാ ശിൽപിയാര്, എട്ട് മൗലികാവകാശങ്ങളെന്തൊക്കെ? തുടങ്ങിയ ചോദ്യങ്ങളിലൂടെയാണ് കാവേരി നേരിടുന്നത്. എല്ലാ ഫാഷിസ്റ്റുകളെയും പോലെ ചരിത്രബോധമില്ലാതെ അമര പതറുന്നു. പക പ്രണയമായി പരിണമിക്കുന്നു.

തന്റെ പ്രണയിനിയെ കൊന്നവനെതിരെ പടപൊരുതാനായി അമര പോകുന്നത് ഭഗവാന്റെ മരണശേഷമാണ്. മല്ലപ്പ ഭഗവാനെ കോൺടാക്റ്റ് റെയിഞ്ചിൽത്തന്നെ പുരികങ്ങളുടെ ഒത്ത നടുക്ക്‌ തോക്കിന്റെ വായ മുട്ടിച്ച് ചോരയുടെ ധ്രുവനക്ഷത്രം സൃഷ്ടിക്കുന്നു. ഭഗവാന്റെ ചോര നക്ഷത്രത്തിന്റെ വാൽ നാസികാഗ്രത്തോളമെത്തുന്നു. സമീപം ഭഗവാൻ വായിച്ച ‘ഡെത്ത് ഇൻ ദ കത്തീഡ്രലി’ന്റെ ചട്ട കീറിയതും പേജുകൾ മറിഞ്ഞതുമായ പുസ്തകം! അവിടന്നാണ് അമര യഥാർഥത്തിൽ ഭഗവാനായി മാറുന്നത്.

അയാൾ മല്ലപ്പയുടെ ഇറച്ചി കയറ്റുമതി ഫാക്ടറിയിലെത്തി കാലുകളിൽ വെടിവെക്കുന്നു. തനിക്ക് ബാൻഡേജിട്ട ഡിസ്പെൻസറി ഡോക്ടർ മല്ലപ്പയെയും ചികിത്സിക്കുന്നു. താൻ കിടന്ന അതേ കട്ടിലിൽ മല്ലപ്പയെ കിടത്തുന്നു. മല്ലപ്പ, പക്ഷേ ഭഗവാനാകുന്നതായി കഥാകാരി പറയുന്നില്ല. ഭഗവാനെ കൊന്ന മല്ലപ്പ ഭഗവാനാകാനുള്ള സാധ്യതയുമില്ല. കാരണം ഗോഡ്സെയുടെ രാജ്യം വരണമെങ്കിൽ, ട്രംപിന്റെ സാമ്രാജ്യത്വം ഭരിക്കണമെങ്കിൽ ഫാഷിസത്തിന് നാനാർഥങ്ങളുണ്ടെന്ന് മനസ്സിലാക്കേണ്ടി വരും. ഫാഷിസം നമ്മുടെ കിടപ്പറയിൽ വരെ എത്തിക്കഴിഞ്ഞെന്ന് തീർച്ചപ്പെടുത്തേണ്ടി വരും. അതിനെ പ്രതിരോധിക്കാൻ നമുക്ക് കളചൂരി രാജാവായിരുന്ന ബിജ്ജുളനെ നിലക്ക് നിർത്തിയ ബസവണ്ണന്റെ വചനങ്ങൾ വേണ്ടിവരും.

‘പൂച്ച വരുന്നതറിയാൻ കഴിയുന്നില്ലെങ്കിൽ തത്ത എഴുത്തും വായനയും പഠിച്ചിട്ടെന്തു കാര്യം?’ എന്ന ബസവണ്ണ വചനമുരുവിടുന്നുണ്ട് അമര, മല്ലപ്പയോട്. ഫാഷിസപ്പൂച്ച വന്നു കഴിഞ്ഞ സ്ഥിതിക്ക് പൗരൻമാർ കൂടുതൽ രാഷ്ട്രീയ സാക്ഷരത നേടേണ്ടതുണ്ട്. വിഴുങ്ങപ്പെടുമെന്നുറപ്പാണ്. അത് കഴിഞ്ഞാലും ജ്ഞാനപ്രതിരോധങ്ങൾ നിലനിൽക്കുക തന്നെ ചെയ്യും.

അതിന് ഹിംസ മറുമരുന്നല്ലെന്ന് കഥ വെളിച്ചപ്പെടുത്തുന്നുണ്ട്. മല്ലപ്പയെ അമര കൊന്നു തള്ളുന്നില്ല. പകരം കാലിൽ വെടിവെച്ചിട്ട് വേട്ടക്കാരൻ ഇരയെ പിടിക്കുന്ന മാതിരി വിധേയപ്പെടുത്തുകയാണ്. അനന്തരം വായിക്കാനായി വാൽമീകി രാമായണവും മഹാഭാരതവും ഭഗവദ്ഗീതയും വചന സോപാനവും നൽകുകയാണ്. അതിന് മുമ്പ് ബസവണ്ണയുടെ അന്യാപദേശകഥയും അമര ഉരുവിടുന്നുണ്ട്: ‘പാമ്പാട്ടിയും അവന്റെ മൂക്കു മുറിഞ്ഞ ഭാര്യയും കൈയിൽ പാമ്പുകളോടെ മകന്റെ കല്യാണത്തിന് ശകുനം നോക്കിപ്പോകുന്നു. അപ്പോൾ എതിരെ മറ്റൊരു പാമ്പാട്ടിയെയും മൂക്കു മുറിഞ്ഞ ഭാര്യയെയും കണ്ട് ശകുനം കൊള്ളില്ലെന്ന് പറയുന്നു. കൂടലസംഗമദേവാ…..’

കഥ കൊണ്ടും കവിത കൊണ്ടും മാത്രമേ മാനസാന്തരപ്പെടുത്താൻ കഴിയൂ. അനുഭവത്താൽ മുറിഞ്ഞവർക്ക് മാത്രമേ വചനാമൃതം ചുരത്താനാവൂ. മതങ്ങൾ ചുരത്തുന്നത് ചോരയാണെന്നും ധർമയുദ്ധം അധർമമാണെന്നും തിരിച്ചറിഞ്ഞതിനാലായിരിക്കാം ഭഗവാനെ മല്ലപ്പ കൊന്നുകളഞ്ഞത്.

ഭഗവാന്റെ ശിഷ്യൻമാരായ അനുഷയും ഷഹീദും വിവാഹിതരായപ്പോൾ ജനക്കൂട്ടം രജിസ്ട്രാർ ഓഫീസ് വളയുകയും ലാത്തിച്ചാർജ് നടക്കുകയും ചെയ്തു. ഭഗവാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘കണ്ടില്ലേ? കാര്യത്തോടടുക്കുമ്പോൾ എല്ലാ മതങ്ങളും ഒരുപോലെ. മനുഷ്യരെ സ്നേഹിക്കണമെന്നാണ് ഉപനിഷത്തും ഖുർആനും പറയുന്നത്. എന്നിട്ട് ഒരാണും പെണ്ണും പരസ്പരം സ്നേഹിച്ചപ്പോഴോ? വാക്കും പ്രവൃത്തിയും ഒന്നല്ലെങ്കിൽ കൂടലസംഗമദേവനെങ്ങനെ കനിയും, അയ്യാ?’

അമര, ഭഗവാനോട് സൂക്ഷിക്കണമെന്ന് പറയുന്നുണ്ട്. അതിനവൻ ബസവണ്ണയെ ഉദ്ധരിക്കുന്നുണ്ട്: ‘വേട്ടക്കാരൻ ഒരു മുയലിനെ കൊണ്ടു വരുമ്പോൾ കൊള്ളാവുന്ന കാശ് കൊടുത്ത് അത് വാങ്ങുന്നു. പെരുമാളിന്റെ ശവമാണെങ്കിലോ, ഒരടയ്ക്ക പോലും കൊടുത്ത് വാങ്ങുകയില്ല. നോക്കയ്യാ, മുയലിന്റേതിനേക്കാൾ പെരും കഷ്ടം, നരന്റെ വാഴ്വ്, കൂടലസംഗമദേവാ…’

അന്ന് രാത്രിയാണ് ഭഗവാൻ കൊല്ലപ്പെടുന്നത്. അവനി വാഴ്വു കിനാവു കഷ്ടമെന്നതു പോലെ ഭഗവാന്റെ വാഴ്വ് കിനാവ് പോലെ ക്ഷണികമായി വായനക്കാരെ അനുഭവിപ്പിക്കാൻ കഥാകാരിക്ക് കഴിയുന്നുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധങ്ങൾ സ്വപ്നം പോലെ ക്ഷണികവും പിന്തുടരുന്നവയുമായിരിക്കും.

അനേകം ഫാഷിസ്റ്റ് ലക്ഷണങ്ങളിലൊന്നായി ബസവണ്ണയുടെ ഈ വചനം വായിക്കാം: ‘ലോകത്തെ കാണുന്ന കണ്ണുകൾ സ്വന്തം കോങ്കണ്ണു മാത്രം കാണുന്നില്ല. മറ്റുള്ളവരെ അറിയാമെന്നവർ പറയുന്നു. പക്ഷേ, സ്വന്തം കൂടലസംഗമദേവനെ മാത്രം അവരറിയുന്നില്ല…….!

വാൽമീകിരാമായണം ശരിയായി മനസ്സിലാക്കാൻ ഭഗവാൻ അമരയെ ഡോ.സഹീറിനടുത്തേക്കാണയക്കുന്നത്. അപ്പോഴാണ് അമരക്ക് വാൽമീകിയുടെ രാമനും മല്ലപ്പയുടെ രാമനും തമ്മിലെ അകലം മനസ്സിലാകുന്നത്!

തന്റെ കാവേരിയെ കൊന്നവരോട് പ്രതികാരം ചെയ്യണമെന്നു പറഞ്ഞ അമരയോട് ഭഗവാൻ പറഞ്ഞത്, ‘അറവുമാടുകളുടെ അടഞ്ഞ ലോകത്ത് കൊല്ലുന്നതല്ല, ജീവിക്കാനനുവദിക്കുന്നതാണ് യഥാർഥ ശിക്ഷ’യെന്നാണ്. അതുകൊണ്ടാണ് തന്റെ മനയിലെത്തിയ അമര ചേച്ചിയോട് പ്രതിഷേധിക്കുക പോലും ചെയ്യാതെ പശുക്കുട്ടി അകിട് തിരഞ്ഞ് പശുവിനടുത്തെത്തുന്നത് പോലെ ഭഗവാന്റെ സവിധത്തിലെത്തിയത്. അതാണ് തന്റെ യഥാർഥ മനയെന്ന് തിരിച്ചറിഞ്ഞതും.

‘നാളെ വരാനിരിക്കുന്നത് ഇന്നേ വരട്ടെ, ഇന്നു വരാനിരിക്കുന്നത് ഇപ്പോഴേ വരട്ടെ, പേടിയാർക്ക്? ജനിച്ചവർ മരിച്ചേ തീരൂ’, എന്ന ബസവണ്ണവചനാമൃതം അമരയുടെ മനസ്സിലുറപ്പിക്കാൻ ഭഗവാന് കഴിഞ്ഞു.

‘അടുപ്പ് കത്തിയാൽ അടുത്ത് നിൽക്കാമെന്നല്ലാതെ അടക്കിവേലി കത്തിയാൽ അവിടെ നിൽക്കാൻ പറ്റില്ല’….

ബസവണ്ണയുടെ വചനജാഗ്രതയിൽ തന്നെ കൊല്ലാൻ കഴിഞ്ഞേക്കില്ലെന്നും ഉറങ്ങുമ്പോഴാണഭികാമ്യമെന്നും അമരയുടെ തോക്ക് തിരിച്ചേൽപ്പിച്ചു കൊണ്ട് ഭഗവാൻ പറയുന്നുണ്ട്. ഫാഷിസത്തിന് മുന്നിൽ നെഞ്ചുവിരിച്ച ഗൗരി ലങ്കേഷിനെയും എം. എം. കലബുർഗിയെയും ഗോവിന്ദ് പൻസാരെയെയും നമിച്ചു പോകുന്നു നാം. ഇനി കൊല്ലപ്പെടാൻ പോകുന്ന അനേകം എഴുത്തുകാർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും നൽകുന്ന അക്ഷരബലിയാണ് ഇക്കഥ.

മൂന്നു പേരെ കൊന്ന കാര്യം അമര വെളിപ്പെടുത്തിയപ്പോൾ ഭഗവാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘അയ്യാ, നീയെന്റെ ഭവഭംഗത്തിന് ജംഗമമെന്ന ഭാവേന വന്നപ്പോഴോ, ഞാൻ ഭക്തനെന്ന വാഹനമായതും കാൺക, കൂടലസംഗമദേവാ…..!’

‘ചന്ദ്രനുദിക്കുമ്പോൾ കടലിനും വൃദ്ധിയാണയ്യാ, അസ്തമിക്കുമ്പോൾ കടലും മെലിയുന്നയ്യാ, എങ്കിലും ചന്ദ്രനെ രാഹു മറച്ചപ്പോൾ കടലിരമ്പിയോ? കടലിനെ മുനി ആചമിച്ചപ്പോൾ അരുതെന്ന് ചന്ദ്രൻ തടഞ്ഞോ? ആർക്കും ആരുമില്ല, ലോക ബന്ധുവായ നീയല്ലാതെ, കൂടലസംഗമദേവാ..’

അധികാരമത്സരത്തിൽ പെണ്ണ് സൃഷ്ടിച്ച ദൈവങ്ങളെല്ലാം മൺമറഞ്ഞുപോയതിനെക്കുറിച്ചുള്ള പ്രതികരണമായി ഭഗവാൻ ബസവണ്ണയെ ഉദ്ധരിക്കുകയാണ്. ബസവണ്ണ മാത്രം മതി ഫാഷിസ്റ്റ് പ്രതിരോധത്തിനുള്ള വാക്കിന്റെ വെടിമരുന്നെന്ന് ഇക്കഥ അടിവരയിടുന്നു.

കാവേരിയുടെ ചരമഫോട്ടോ പത്രത്തിൽ കണ്ട് ഭഗവാൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ്: ‘ഭൂമിയൊന്ന് പുലമാടത്തിനും ശിവമേടയ്ക്കും ജലമൊന്ന് ശൗചത്തിനും ആചമനത്തിനും കുലമൊന്ന് തന്നത്താനറിഞ്ഞവനും……’

ആത്മീയതയുടെ രാഷ്ട്രീയമെന്നോ രാഷ്ട്രീയത്തിന്റെ ആത്മീയതയെന്നോ പറയാവുന്ന കഥയാണ് ‘ഭഗവാന്റെ മരണം’. വ്യവസ്ഥാപിതമതങ്ങൾ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും തിരിച്ചുമിടപെടുകയും നമ്മുടെ വിധി നിശ്ചയിക്കുകയും ചെയ്യുന്ന ആസുരകാലത്ത് ഇത്തരം കഥകളാണുണ്ടാകേണ്ടത്. സൗന്ദര്യാത്മക പ്രയോക്താക്കളും കക്ഷിരാഷ്ട്രീയത്തിലടയിരിക്കുന്നവരുമായ എഴുത്തുകാർ ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തെഴുതുന്നു എന്നത് മുഖ്യവിഷയമായി മാറേണ്ടതുണ്ട്.

‘ഓടുന്ന വണ്ടിക്കു മുമ്പേ ഓടാൻ ശ്രമിക്കാതെ നിൽക്കുന്നിടത്ത് നിൽക്കുന്ന കാളകളാണ് മകനേ, മതങ്ങൾ. മുമ്പേ ഓടാൻ ശ്രമിക്കുന്നതിനു പകരം വണ്ടിച്ചക്രങ്ങൾ തകർക്കാനാണ് അവയുടെ പാഴ് ശ്രമം.’

ഭഗവാനെ കൊല്ലാൻ ശ്രമിച്ചതിലുള്ള അപരാധബോധത്താൽ കരഞ്ഞ അമരയോട് മതമെന്താണെന്ന് ബോധ്യപ്പെടുത്തുകയാണദ്ദേഹം. എല്ലാം കണ്ടു പിടിച്ചു കഴിഞ്ഞെന്നും എല്ലാം മതത്തിലുണ്ടെന്നും ചിന്തയുടെ ആവശ്യം പോലുമില്ലെന്നും പറഞ്ഞാണല്ലോ പൗരോഹിത്യവും ഫാഷിസ്റ്റ് കോർപറേറ്റുകളും വിജ്ഞാനത്തിന്റെ പേറ്റന്റ് അവകാശപ്പെട്ട് കൊണ്ടിരിക്കുന്നത്‌.

‘ആത്മാർഥതയില്ലാതെ കർമമുണ്ടോ, വിജ്ഞാനമില്ലാതെ വാഴ്വുണ്ടോ, ജ്ഞാനമില്ലാതെ മതമുണ്ടോ, സഹജരെ അറിയാതെ ധ്യാനമുണ്ടോ…..’

അസുഖം ഭേദമായാൽ തനിക്ക് നേരെ ഉന്നം പിടിച്ച തോക്ക് എടുത്തുകൊള്ളൂ എന്ന് പറഞ്ഞ് ഭഗവാൻ അമരയോട് ബസവണ്ണയെ ഉദ്ധരിക്കുകയാണ്. യഥാർഥമതമെന്താണെന്നും ഇന്ന് നാം കാണുന്ന മതങ്ങൾ വെറും ശബ്ദഘോഷവും പടക്കം പൊട്ടിക്കലും മൃഷ്ടാന്നഭോജനം മാത്രമാണെന്നും നാം തിരിച്ചറിയുന്നു.

ഭഗവാന്റെ മരണത്തെക്കുറിച്ച് അമര പിന്നീട് പിന്നീടോർക്കുന്നതാണ് കഥയുടെ ഘടന. ബഷീറിനെപ്പോലെ വാക്കിന്റെ സത്തിലേക്കും സാരാംശത്തിലേക്കും സംക്ഷിപ്തമാക്കപ്പെട്ട മീരയുടെ ഭാഷ ശക്തമാണ്. വാക്കുകളെ കുറുക്കിക്കുറുക്കി സ്ഫോടനാത്മകമായ വേഗം കൈവരിച്ച് വായനക്കാരനെ സ്തംഭിപ്പിച്ച് നിർത്താൻ കഥയുടെ പരിണാമഗുപ്തിക്ക് കഴിയുന്നുണ്ട്. മിക്ക കഥകൾക്കും അനിതരസാധാരണമായ ദൃശ്യവിസ്മയം സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. ഒരു ചലച്ചിത്രത്തിലെന്ന പോലെ വായനക്കാരെയൊപ്പം നിർത്താൻ മീരയുടെ ഭാഷയ്ക്ക് കഴിയുന്നു.
*****
സംഘിയണ്ണൻ ഏറ്റവും പൊളിറ്റിക്കലായ മറ്റൊരു കഥയാണ്. സംഘമിത്രനിൽ നിന്ന് സംഘിയണ്ണനിലേക്കും ഗൾഫിലെത്തിയതിന് ശേഷം യഥാർഥ ‘സംഘി’യിലേക്കും ഒരാൾ തളർന്ന് ക്ഷയിക്കുന്നതിനെയാണ് ഇക്കഥ സൂചിപ്പിക്കുന്നത്. സ്വന്തം സ്വാർഥതാൽപര്യങ്ങൾക്ക് വേണ്ടി തരാതരം കക്ഷിരാഷ്ട്രീയ വേഷങ്ങളണിഞ്ഞിരുന്ന സംഘമിത്രൻ ബീഫിനെതിരെയും അന്യമതസ്ഥർ പെറ്റുപെരുകുന്നതിനെതിരെയും വ്യാകുലനാവുന്നു. സ്വന്തം അനുജനോട് പോലും കഴുവേറീടേ മോനേ, നായിന്റെ മോനേ, തന്തയില്ലാത്തവനേ തുടങ്ങിയ അറയ്ക്കുന്ന തെറികൾ പ്രയോഗിക്കുന്നു. കേരളം ശരിയല്ലെന്നും ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്നും പറയുന്നു. പശുവിന്റെ പേരിലവിടെയല്ലേ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതെന്ന് അനുജൻ അറിയാതെ ചോദിച്ചു പോകുന്നു.

കേരളത്തിൽ ബീഫ് നിരോധിക്കാത്തത് കൊണ്ടാണ് തെരുവുനായ ശല്യം കൂടുതലെന്നും അത് കഴിച്ചാൽ ഓട്ടിസവും ഡൗൺ സിൻഡ്രോമും പിടികൂടുമെന്നും സംഘിയണ്ണൻ പറയുമ്പോൾ ഉത്തരേന്ത്യയിൽ ബീഫ് നിരോധിച്ചിട്ടും അത്തരം രോഗങ്ങളില്ലേ എന്നും അനുജൻ ആത്മഗതമെന്നോണം പറഞ്ഞു പോകുന്നു.

ചുരുക്കത്തിൽ ഇത്തരം വൈരവും വർഗീയതയും നിറഞ്ഞ എല്ലാ അശ്ലീലങ്ങളും സഹിച്ച് അനുജൻ ജ്യേഷ്ഠനെ എയർപോർട്ടിൽ നിന്ന് ‘പിക്ക്‘ ചെയ്ത് കൊണ്ടു പോകുന്നത് ബീഫ് ഫെസ്റ്റിവൽ നടത്തി ഫാഷിസ്റ്റ് ആക്രമണത്തിന് വിധേയനായി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഘമിത്രന്റെ മകന്റെയടുത്തേക്കാണ്‌.

ഇതിനെയാണ് നമ്മൾ സാംസ്കാരിക വിരോധാഭാസമെന്ന് വിളിക്കേണ്ടത്. ബീഫ് നിരോധന സമയത്ത് തന്നെ ഏതോ കേന്ദ്ര മന്ത്രിയുടെ അറവുശാലയിലെ മൃഗങ്ങളെ ദയനീയമാംവണ്ണം പട്ടിണിക്കിട്ട് ‘പരിചരിക്കുന്ന‘ ദൃശ്യം സൈബർ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഏറ്റവും കൂടുതൽ മാംസം കയറ്റുമതി ചെയ്യുന്ന കച്ചോടമുള്ളതും ഫാഷിസ്റ്റ് കേന്ദ്രമന്ത്രിക്കു തന്നെയാണ്.

ഈ പുസ്തകം വായനക്കാരെ ആകർഷിക്കുന്നതിന് മറ്റൊരു ഭൗതികമായകാരണമുണ്ട്. അതീ പുസ്തകത്തിന്റെ വ്യതസ്തമായ കവർ ഡിസൈനിംഗും ലേ ഔട്ടുമാണ്. ഓട്ട വീണ പുറംചട്ടയും പേജുകളുമാണിതിൽ. അത് ഗാന്ധിയുടെയും ഗൗരി ലങ്കേഷിന്റെയും കലബുർഗിയുടെയും ഗോവിന്ദ് പൻസാരെയുടെയും വിദ്യുത് കമ്പികൾ പോലുള്ള ശരീരങ്ങളിൽ അവശേഷിപ്പിച്ച ചുവന്ന നക്ഷത്രദ്വാരമാണ്. അല്ലാതെ ഫാഷിസ്റ്റുകളവശേഷിപ്പിക്കുന്ന സാംസ്കാരിക ദാരിദ്യത്തിന്റെയും പ്രാകൃത വിഡ്ഡിത്തങ്ങളുടെയും തമോഗർത്തങ്ങളല്ല. ഈ പുസ്തകം വായിച്ചു കഴിഞ്ഞാലും നമ്മുടേതെന്തോ നഷ്ടപ്പെട്ട പ്രതീതി, സാംസ്കാരിക വൈജാത്യങ്ങൾക്ക് വേണ്ടി പൊരുതേണ്ടതിന്റെ അനിവാര്യത എന്നിവ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.

ഈ പുസ്തകത്തിലെ ആറ് കഥകളും ഏറെ ചർച്ചകൾക്കും മനനങ്ങൾക്കും വിധേയമാക്കേണ്ടതാണ്. വിസ്താര ഭയത്താൽ തൽക്കാലം ഒന്ന് രണ്ട് കഥകളെ പരാമർശിച്ചെന്നേയുള്ളൂ. നിരന്തരമായ സംവാദങ്ങളിലൂടെ മാത്രമേ ഏത് തരം ഫാഷിസത്തെയും പ്രതിരോധിക്കാൻ കഴിയൂ. മലയാളത്തിൽ ഫാഷിസ്റ്റ് വിരുദ്ധത എഴുത്തിലും ജീവിതത്തിലും അനുവർത്തിക്കുന്നവർ വിരളമാണ്. സച്ചിദാനന്ദൻ, ടി.ഡി.രാമകൃഷ്ണൻ, കെ.ആർ.മീര ….. ഈ പട്ടിക നീളേണ്ടതുണ്ട്. എഴുത്തിലെ തനിച്ചൊകപ്പ് നക്ഷത്രങ്ങളെന്നും ജ്വലിച്ചു നിൽക്കട്ടെ.

ഒറ്റ ഉദ്ധരണിയോടെ ഇതവസാനിപ്പിക്കാം.

Fascism is capitalism plus murder
                                   – Upton Sinclair

——————————————
എൻ. അബ്ദുൽ അസീസ്
9633626596
9995093425

Comments

comments