​മെഴുകുതിരിയിൽ നിന്നറ്റു
പോവുന്നൊരു ചിഹ്നത്തിനപ്പുറം
കടലുണ്ടാവുമെന്നു ശ്രദ്ധിപ്പിച്ചത്
അക്ഷരപിശാചു പിടിച്ചൊരു
മേതിൽ കവിതയാണ്

ആ നിമിഷം വാക്കിനു ചുറ്റുമൊരു
തിര പെയ്തൂര്‍ന്നു പോയി

മെഴുകുതിരകള്‍ ഇറ്റുവീഴുന്നത്
നിശ്ചലരായവര്‍ക്ക് മുന്നിലാണ്
അഥവാ വീണയുടനെ ഉറച്ചു
പോവുന്നത്
ഇനിയാളനില്ലാത്തവരുടെ
ശ്വാസമാണ്

വെറുമൊരു പകല്‍ കായലില്‍
മുങ്ങിച്ചത്ത കൂട്ടുകാരന്റെ
ചെവിയ്ക്കു ചുറ്റും കൂട്ടം കൂടി
പറന്ന മെഴുകുതിരകള്‍

കുതറും മുന്നേ
‘മെഴുകുകുതിര’യെന്ന
സാധ്യതയും ഞൊടിയിലിറ്റു വീണു

ആ നിമിഷം വാക്കിനു
പുറകെയൊരു
കുതിര ചിനച്ചു കൊണ്ടു വന്നു

മെഴുകുകുതിരകള്‍ തുളഞ്ഞു
കയറുന്നത്
ചീഞ്ഞു തുടങ്ങുന്ന
ഞരമ്പുകളിലേക്കാണ്
അഥവാ ഒരു ചൂടിനുമിനി
വിയര്‍പ്പിക്കാനാവില്ലെന്ന
തണുപ്പിലേക്കാണ്

അമ്മയുടെ അടക്കിനു
കാമ്യൂവിന്റെ മടുപ്പിന്റെ
ഉടുപ്പിലേക്ക്
പകയോടെ ഓടി കയറിയ
മെഴുകുകുതിരകള്‍

നോക്കൂ സെമിത്തേരിയിലേക്കുള്ള
വഴി നിറയെ മെഴുകുതിരകളാണ്.
ആയത്തിലാളിയും
ശാന്തമായുലഞ്ഞും
ജഡത്തിലേക്കിഴഞ്ഞു
കയറുകയാണവ

നോക്കൂ സെമിത്തേരിയിലേക്കുള്ള
വഴി നിറയെ
മെഴുകുകുതിരകളാണ്‌
നിശ്ചലതയ്ക്ക് ചുറ്റും കുളമ്പടിച്ച്
പരേതനെ വഴിയിലേക്കു
വലിച്ചേറ്റുകയാണവ

തിരപ്പുറത്തെഴുതിയ വരി
മായിക്കുമ്പോലെ
മെഴുകു(കു)തിരകള്‍
കഴുകിയുണക്കുകയാണോരോ
ആയുസ്സിന്‍റെ ഇരുട്ടിനെയും

ചുരണ്ടി മാറ്റിയ വള്ളി
ചുഴറ്റിയെറിഞ്ഞ്
മെഴുകു വെളിച്ചത്തിലേക്ക്
തിരിവില്ലാതെ മീനുകളെ
പിടിച്ചിട്ടു കൊണ്ടിരിക്കുകയാണ്
തരിപോലും ചിരിയില്ലാത്തൊരു
ചൂണ്ടക്കാരന്‍

Comments

comments