ഒരു കുടുംബത്തെ രൂപീകരിക്കുന്നതിൽ തുടങ്ങി മരണം വരെയും നിലനിൽക്കുന്ന ജാതി-അധികാര സമൂഹത്തിൽ എഴുത്തും ചിന്താധാരയും ഒരു അധികാരമാണ്. അത്തരം ദലിത് ചിന്താധാരയുടെയും എഴുത്തിന്റെയും ഒരു പുതുലോകം നിങ്ങൾക്ക് മുന്നിൽ തരികയാണ് കവിതയായും,  ചിത്രങ്ങളായും ശക്തമായ പ്രതിരോധങ്ങളുൾച്ചേർന്ന രാഷ്ട്രീയ,

ദാക്ഷായണി വേലായുധൻ

സാമൂഹിക ലേഖനങ്ങളായും ഞങ്ങൾ. ദലിത് ചിന്താധാരയും നവോത്ഥാന ചരിത്രവും സാഹിത്യവുമെല്ലാം ഒരു വലിയ മുന്നേറ്റം തന്നെയാണ് കേരളത്തിന് നൽകിയത്. ഇന്ത്യയിലെയും കേരളത്തിലേയും ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് നീണ്ട കാലത്തിന്റെ ചരിത്രം പറയാനുണ്ട്. പ്രാദേശികമായും ദേശീയമായും വ്യത്യസ്ത കാലങ്ങളിൽ ഒരോ പ്രസ്ഥാനത്തെയും മുന്നേറ്റങ്ങളേയും മുൻപോട്ട് കൊണ്ടു പോയതിൽ വലിയ പങ്കു വഹിച്ച പെരിയോർ,  ഫുലേ,  അയ്യൻകാളി,  പൊയ്കയിൽ അപ്പച്ചൻ,  പണ്ഡിറ്റ് കറുപ്പൻ, പാമ്പാടി ജോൺ ജോസഫ്,  കാവാരികുളം കുമാരൻ, ദക്ഷായാണി വേലായുധൻ തുടങ്ങി പിന്നീട് ബാബ സാഹീബ് അംബേദ്ക്കറും ഉയർത്തിവിട്ട ചിന്താധാരകൾ, 90-കൾ തൊട്ട്  സാഹിത്യം, രാഷ്ട്രീയം, കല, സിനിമ

കാവാരികുളം കുമാരൻ

എന്നിങ്ങനെ പല വഴീകളിലൂടെ എങ്ങിനെ ഒരു സാമൂഹിക – സാംസ്കാരിക – അധികാര മൂലധനത്തിന്റെ ശക്തിയും പ്രതിരോധവും നിർമിക്കാമെന്നുമുള്ളതിന്റെ പ്രത്യയശാസ്ത്രം കൂടിയായിരുന്നു. 2000-ന് ശേഷം ഇന്ത്യയിൽ അക്കാദമിക്ക് രംഗത്തുൾപ്പടെ അംബേദ്ക്കർ ചിന്താധാരകൾ ശക്തമാവുകയും അതേ സമയം തന്നെ ഇന്ത്യയിലെ ബ്രാഹ്മണിക് സ്ത്രീ മുന്നേറ്റങ്ങൾക്കുള്ളിൽ വ്യത്യസ്തമായ  വ്യവഹാരമായി ദലിത് സ്ത്രീ ഇടങ്ങൾ ശക്തമായി ചർച്ചയിലേക്ക് എത്തുകയും ചെയ്തു കൊണ്ടിരുന്നു.

2018 എന്നത് ഇന്ത്യയിലേയും കേരളത്തിലേയും ദലിത് ചിന്താധാര പുതിയൊരു മാനത്തിൽ പ്രവർത്തിച്ച കാലം കൂടിയായിരുന്നു. അത് ഭീം കോറേഗാവിൽ തുടങ്ങി. രാജ്യത്തെ ദലിതന്റെയും /ആദിവാസിയുടെയും പ്രധാന സംരക്ഷണ നിയമമായ SC/ST അട്രോസിറ്റി ആക്ട് അട്ടിമറിക്കപ്പെട്ടതിനെതിരെ പ്രതിഷേധിച്ച് നടന്ന ഭാരത ബന്ദിൽ 12 ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്ന് ഉണ്ടായ കേരളത്തിലെ ദലിത് ഹർത്താൽ കേരളാ രാഷ്ട്രീയ ചരിത്രത്തിനും പുതിയൊരു ചിത്രമാണ് നൽകിയത്. അധികാര രാഷ്ട്രീയത്തിലും / വിഭവ പങ്കാളിത്തത്തിലും ചരിത്രപരമായി പുറത്താക്കപ്പെട്ട ജനതക്ക് അവ ലഭിക്കേണ്ട  സാമൂഹ്യ നീതിയാണ്.

ദലിതര്‍ക്കിടയിൽ അനിവാര്യമായി സംഭവിക്കേണ്ട എക്യപ്പെടലിന്റെ തുടക്കമായിരുന്നു 2018 ഏപ്രിൽ 9-നു നടന്ന ദലിത് ഹർത്താൽ. പൊതുസമൂഹം ഒന്നാകെ പിൻതിരിഞ്ഞു നിന്ന ആ ഹർത്താലിന്റ വിജയം ഉറപ്പായും കേരളത്തിലെ ഒരോ ദലിത് – ആദിവാസി ബഹുജൻ മനുഷ്യനും അവകാശപ്പെട്ടതായിരുന്നു.

അതു പോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു മുന്നേറ്റമാണ് ദലിത് ഇടങ്ങളിൽ ഉണ്ടായ “മീ ടൂ” തുറന്നു പറച്ചിലുകൾ. കേരളത്തിലെ ദലിത് സ്ത്രീ മുന്നേറ്റങ്ങൾക്കും പുതിയൊരു മാനമാണ് ആ തുറന്നുപറച്ചിലുകൾ സൃഷ്ടിച്ചത്. ദലിത് ഇടത്തിൽ തുടങ്ങി ഇന്ത്യയൊട്ടാകെ പ്രകമ്പനം സൃഷ്ടിക്കുന്ന “മീ ടൂ” പറയുന്നതും  സമൂഹത്തിന്റ ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരം കൂടിയാണ്. “മീ ടൂ” ക്യാമ്പയിൻ വഴി പല മേഖലകളിലെ സ്ത്രീകൾ അവർക്ക് നേരിട്ട ദുരനുഭവങ്ങൾ, മാനസീക സമ്മർദ്ദങ്ങൾ തുറന്നു പറഞ്ഞും എഴുതിയും മുന്നോട്ടുവന്നു. ഇതിൽ നിന്ന് ഒന്ന് വ്യക്തമാണ് –  ഒരു തവണ പോലും വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പ്രവൃത്തി കൊണ്ടോ പോലും പീഡനം ഏറ്റുവാങ്ങാത്ത ഒരു സ്ത്രീയോ പെൺകുട്ടിയോ  ഈ ലോകത്ത് ഇല്ലയെന്നുള്ളതാണത് – ഞങ്ങൾ ഉൾപ്പെടെ.  എന്നാൽ അപ്പോഴും ഈ പുരുഷാധിപത്യ  സമൂഹം അതിനോട് പ്രതികരിക്കുന്നത് “എന്തുകൊണ്ട് അന്ന് പറഞ്ഞില്ല ?”, “എന്തുകൊണ്ട് ഇത്രയും വൈകി  ഇപ്പോൾ പ്രതികരിക്കുന്നു?” എന്ന് തുടങ്ങി  അതിനിഷ്കളങ്കം എന്ന് തോന്നുംവിധമുള്ള ചോദ്യങ്ങളാൽ, എന്നാൽ അതേസമയം ഒരു സ്ത്രീയുടെ മാനസിക ഇടങ്ങളെ വീണ്ടും വെർബൽ റേപ്പിന് ഇരയാക്കി കൊണ്ട് തന്നെയാണ്. അത്തരത്തിലുള്ള സംഘർഷഭരിതമായ ചൂഷണത്തിന്റെയും വിവേചനത്തിന്റയും തുടർ ഇടങ്ങളിൽ പോരടിച്ച് നിന്ന് ഒരു കൗണ്ടർ ദലിത് സോഷ്യോളജിയും ദലിത് സൗന്ദര്യശാസ്ത്രകോണും, കൾച്ചറൽ സ്പെയ്സും,  മൂലധനവും നേടിക്കൊണ്ടുതന്നെയാണ് ഇന്നു കാണുന്ന ദലിത് സ്ത്രീ ധാരകൾ ഇവിടെ തങ്ങളുടേതായ ഇടങ്ങൾ നേടിയത്.

സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ജനാധിപത്യത്തിനും സാംസ്കാരിക ഇടത്തിനും വേണ്ടി വാദിക്കുകയും എന്നാൽ താൻ പുരുഷൻ ആണെന്ന പ്രിവിലേജ് നില നിർത്തിക്കൊണ്ട് ആ അധികാരത്തിനകത്തു നിന്നുകൊണ്ട് ഒരു സ്ത്രീ അവന്റെയൊപ്പം യാത്ര ചെയ്തതുകൊണ്ടും പ്രവർത്തിച്ചതുകൊണ്ടും മാത്രം അവളുടെ അനുമതി ഇല്ലാതെ അവളെ ഉപയോഗിക്കാനുള്ള  പ്രവൃത്തികൾ നടത്തുകയും അവൾ പ്രതികരിച്ചാൽ, മദ്യലഹരിയിൽ പറ്റിപ്പോയതാണെന്ന് പറഞ്ഞ് തലയൂരുക,  അത് നടന്നില്ലെങ്കിൽ വൈകാരികമായി അവളെ കീഴ്പ്പെടുത്താൻ ശ്രമിക്കുക, ശേഷം സൗഹൃദ ഇടങ്ങളിലും കഴിയാവുന്നിടത്തുമെല്ലാം അവൾ “പോക്കുകേസ്” ആണെന്ന് പ്രഖ്യാപിക്കുക.  ഇത്തരത്തിൽ “മീടൂ”വിൽ പ്രതിസ്ഥാനത്ത് വന്നവരെല്ലാം  ഇവിടെ ചെയ്തത് വ്യവസ്ഥാപിതമായ സാമൂഹ്യ വിവേചനങ്ങളെ തുടർച്ചയായി നിലനിർത്തിക്കൊണ്ട് തങ്ങളുടെ പ്രിവിലേജിടങ്ങൾ നിലനിർത്തി, തുറന്നുപറച്ചിലുകൾ നടത്തിയ പെൺകുട്ടികളെ മോശക്കാരായും കളവുപറച്ചിലുകാരായും ചിത്രീകരിക്കലാണ്. ഒരാളുടെ vulnerability-യെ ഇതില്‍ കൂടുതൽ എങ്ങനെ ആക്രമിക്കാൻ സാധിക്കും. കെയ്റ്റ് മില്ലറ്റ് ആൺകോയ്മ വ്യവസ്ഥയെ ഒരു ആദിമ മതമായി വിശേഷിപ്പിക്കുന്നതു പോലെ.

ദലിത് /ആദിവാസി സ്ത്രീകൾ അവരുടെ കൾച്ചറൽ ക്യാപ്പിറ്റൽ സമൂഹത്തിൽ പ്രയോഗിക്കുമ്പോഴും പ്രാതിനിധ്യത്തിനായി പ്രവർത്തിക്കുമ്പോഴും, ദലിത് പുരുഷ പാട്രിയാർക്കിയാലും, സവർണ്ണ ബ്രാഹ്മണ പ്രത്യയശാസ്ത്രത്താലും അടിച്ചമർത്തലിന്റ അധികാരം പല രീതിയിൽ അവർക്കെതിരെ പ്രയോഗിക്കപ്പെടുന്നു. ഉദാഹരണമായി, ഒരു ദലിത് സ്ത്രീയെ സംബന്ധിച്ചടുത്തോളം സഞ്ചാരസ്വാതന്ത്ര്യത്തിലും വ്യക്തിയെന്ന നിലയിലുള്ള അവകാശബോധത്തിലും പ്രവർത്തിച്ചാൽ അതിനെ വിചാരണ ചെയ്യാനും പൊതു ഇടത്തിൽ അപമാനിക്കാനും ആൺസമൂഹം ജാഗരൂകരാകും. നോക്കൂ, എത്ര രാഷ്ട്രീയ ശരിയുണ്ടതിൽ. ഇവർ തന്നെയല്ലേ ദലിത് സ്ത്രീ സമത്വത്തെ കുറിച്ചും ലിംഗസമത്വത്തെ, സർവൈവേഴ്സിനെ കുറിച്ചും വാദിക്കുന്നത്.  ആ വ്യക്തികളും അവരുടെ രാഷ്ട്രീയവും രണ്ടല്ല, ഒരു നാണയത്തിന്റെ ഇരുപുറങ്ങൾ ആണ്. ദലിത് സ്ത്രീവാദം കേവലം ഒരു സ്ത്രീ ചെയ്യുന്നതു കൊണ്ട് മാത്രം തുടരുന്ന പ്രക്രിയ അല്ല. മറിച്ച് ഒരു ദലിത് സ്ത്രീയെന്ന നിലയിൽ ഒരോത്തരുടെയും കൃത്യമായ രാഷ്ട്രീയശരികളുടെ നിലപാടുകൾ കൂടെയാണത്. ഇതിനിടയിൽ ദലിത് വൈജ്ഞാനികതയേയും മുന്നേറ്റത്തേയും വടി വെട്ടിയടിക്കാൻ വരുന്ന, എന്ത് പ്രത്യയശാസ്ത്രത്തേയും ഒരു കൈപ്പാടകലെനിർത്തുകയും, വേണ്ടിവന്നാൽ ആക്ടിവിസം അഴിഞ്ഞാട്ടമാണന്നു ഘോരം ഉദ്ഘോഷിക്കുന്ന  ആ പ്രിവിലേജ് വടി  ഒടിച്ചു മടക്കുകയും ചെയ്യുക പ്രധാന ഉത്തരവാദിത്വം ആണ്. എല്ലാ കാലവും എല്ലായ്പ്പോഴും തുറന്നു പറച്ചിലുകളുടെ ഒപ്പം തന്നെ. ആ പെൺകുട്ടികളോടപ്പം തന്നെയാണ്.

തീവ്ര ബ്രാഹ്മണിക്കൽ ഹിന്ദുത്വ രാഷ്ട്രീയം കൊടുമ്പിരി കൊള്ളുന്ന ഇക്കാലത്ത് ഇന്നത്തെ ദലിത് സമീപനങ്ങളിൽ കാതലായി കടന്നുവരുന്ന ഒരു പ്രശ്നമാണ് രാഷ്ട്രത്തെ സംബന്ധിച്ചുള്ളത്.  രാഷ്ട്രം എങ്ങിനെയാണ് അതിലെ വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്നത് എന്ന ഇടത്തിൽ നിന്നാണ് ഇന്ത്യൻ  ഹൈന്ദവ ദേശീയത ആരംഭിക്കുന്നത്. ദേശീയത എന്നു പറയുമ്പോൾ എല്ലാവരും പൊതുവായി പങ്കുവയ്ക്കുന്ന എന്തോ ഒന്ന് എന്ന ചിന്ത ചിന്തകളായി മാത്രം  ഹൈന്ദവ ദേശീയത വ്യവഹാരങ്ങളിൽ കറങ്ങി നിൽക്കുകയാണ്. എന്നാൽ ഇതേ  ഏകത്വവും, ദേശീയതയും ഇന്ത്യയിലെ അപരവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ചരിത്ര സ്മൃതികളെയും  മുന്നേറ്റങ്ങളെയും  കൈയ്യടക്കി കൊണ്ട് ആ മതത്തിന്റെയോ ജാതിയുടെയോ പ്രതിനിധാനങ്ങളായ ജനങ്ങളെ മാറ്റിനിർത്തുകയും ചെയ്യുന്നു. അത്തരം ചരിത്രത്തിന്റെ ഒരു തിരുത്താണ്  ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് നടന്ന സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട വിധിയിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ ആ വിധിയെ എതിർത്തു കൊണ്ട് ഹിന്ദുത്വത്തേയും, സംസ്കാരത്തേയും ഉയർത്തി പിടിക്കുന്നവർ ഇന്ത്യയുടെ പരമോന്നത നീതി പീഠത്തേയും ഇന്ത്യയുടെ ഭരണഘടനയേയും ആണ് ചോദ്യം ചെയ്യുകയും തള്ളിക്കളയുകയും ചെയ്യുന്നത്.

ശബരിമല പ്രവേശന വിഷയത്തിൽ മണ്ണെണ്ണ ഒഴിച്ചും, കയറിട്ടും ചാവാൻ തയ്യാറായി നടക്കുന്ന ദലിത് ആദിവാസി സമുദായങ്ങൾ അറിയാൻ -ദേവസ്വം സംവരണത്തിന്റെ 96 ശതമാനവും കൈയ്യാളുന്ന ഒരു സമുദായത്തിനെതിരെ ഒരു വാക്ക് സംസാരിക്കാതെയും എഴുതാതെയും വായിക്കാതെയും  പ്രവർത്തിക്കാതെയും, വരുന്ന തലമുറയെ അപ്പാടെ തന്നെ അന്യരും അടിമകളുമാക്കാൻ നിങ്ങൾ ഉറപ്പായും പന്തളം രാജകൊട്ടാരത്തിന്റെയും  രാഹുൽ ഇശ്വരൻമാരുടെയും എണ്ണം കൂട്ടണം. മരിച്ചാൽ അടക്കാൻ അടുക്കള പൊളിക്കുന്ന, മരണപ്പെട്ടത് ദലിതനായതിനാൽ പൊതുവഴി നിഷിദ്ധമായ, അര ലക്ഷത്തോളം ദലിത് കോളനി – പുറമ്പോക്കു ജീവിതങ്ങൾ ഇവിടെയുണ്ടന്ന കാര്യം ഓർമ്മയുണ്ടാവില്ല നിങ്ങൾക്ക്. സംവരണം എടുത്തു മാറ്റണം എന്നു  സുപ്രീം കോടതിയില്‍ ഹർജി നൽകിയ സുകുമാരൻ നായരുടെ NSS-ന്റെ ഒപ്പം നാമജപയാത്രയുടെ വാലിന് നീളം കൂട്ടൻ പോകുമ്പോൾ അറിയുക കാനനം കടക്കുന്നതുവരെ നിങ്ങൾ നവ ഹൈന്ദവ ബ്രാഹ്മണർ ആയിരിക്കും, ശേഷം   “ഹിന്ദുവിലേതുമാകാം SC/ST ഒഴികെ”യിലേക്ക് വളരെ വേഗം മാറ്റപ്പെടുകയും ചെയ്യും. തമ്പ്രാൻ വരുമ്പോൾ 61 വരെ അടി അകലെ നിന്നു കൊണ്ട് നിങ്ങൾ “പൂഹോയ്” കൂടെ വിളിക്കണം. എങ്കിലേ അടിമചരിത്രകാലത്ത് നാലുദിക്കും അടർത്തി വിട്ട,  എന്നെങ്കിലും കണ്ടാൽ സ്വന്തം കൂട്ടത്തെ തിരിച്ചറിയാൻ ഇല്ലപ്പേരും ചെവിയിലോതി, കൂട്ടിമുട്ടാൻ വഴികാട്ടി,  പാടത്തെ ചിറക്കൽ, വരമ്പിൽ, ചേറിൽ ചവിട്ടിത്താഴ്ത്തപ്പെട്ട അപ്പനപ്പൂപ്പൻമാർക്ക് സമാധാനം ആകു. സംവരണം എന്നത് ഒരു ദാരിദ്ര്യ നിർമാർജ്ജന പ്രക്രിയ അല്ലെന്ന് പൊതുസമൂഹത്തെ മനസിലാക്കിക്കുന്നതിനു മുൻപ് അത് തിരിച്ചറിയണ്ടതും  പഠിപ്പികേണ്ടതും ഇവിടത്തെ നാമജപ ദലിത് ജാതി സംഘടനകളെ തന്നെയാണ്. അതുകൊണ്ട് തന്നെ ഒരു വിഭാഗം സാംബവ, ദലിത് /ആദിവാസി (AKHSMS) നിലപാട് അത്യന്തം അപലനീയമാണെന്ന് മാത്രമല്ല, കടുത്ത നിരാശയും  ഉണ്ടാക്കുന്നു. ആർജ്ജവമുള്ള നിലപാട് സ്വീകരിച്ച  പുന്നല ശ്രീകുമാർ,  രാമചന്ദ്രൻ മുല്ലശ്ശേരി, വിശ്വകർമജ സൊസൈറ്റി എന്നിവർ തിരിച്ചറിഞ്ഞത് അടിമ ചങ്ങലകൾ പൊട്ടിച്ചെറിയാനുള്ളതു തന്നെയാണന്നാണ്. അതാണ് ചരിത്രവും.

പൊയ്കയിൽ അപ്പച്ചൻ
പൊയ്കയിൽ അപ്പച്ചൻ

അംബേദ്ക്കറും, മഹാത്മ അയ്യൻകാളിയും,  പൊയ്കയിൽ അപ്പച്ചനും, പാമ്പാടി ജോൺ ജോസഫും, കാവാരികുളം കുമാരൻ തുടങ്ങിയവർ പൊരുതി നൽകിയ ആ ചരിത്രം,  പന്തളം രാജകൊട്ടാരത്തിനും  രാഹുൽ ഇശ്വരൻമാർക്കും അടിയറ വയ്ക്കുവാൻ ഉള്ളതല്ല എന്ന സാമാന്യ ബോധം മറ്റുള്ളവർക്ക് ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ അധിഷ്ഠിതമായ ഈ രാജ്യത്ത് ജനാധിപത്യത്തെയും, ജനങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ബ്രാഹ്മണാധിപത്യം നടത്തുന്ന അധികാര സമ്പത്തിനെ ആർജ്ജവമുള്ള നിലപാടുകളാൽ ചോദ്യം ചെയ്യാൻ

പണ്ഡിറ്റ് കറുപ്പൻ
പണ്ഡിറ്റ് കറുപ്പൻ

ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു തലമുറ ശക്തരാകേണ്ടതുണ്ട്. ഇവിടെ നടക്കുന്നത് ജാതിവിരോധപരമായ ആചാരങ്ങളെ ജനാധിപത്യ രാഷ്ട്രീയത്തിന്റ ഭാഗമാക്കുവാനുള്ള ശ്രമമാണ്.  രാഹുൽ ഇശ്വരൻമാരും സവർണ്ണമേലാളരും വിശ്വാസത്തിന്റെ വിഷം വമിപ്പിച്ച് കയറിനും മണ്ണെണ്ണക്കും പുറത്തു നിൽക്കെ  അതിൽ പെട്ടുപോകുന്ന ആദിവാസിയും ദലിതനും  മണ്ണെണ്ണയ്ക്കും കയറിനും ഉള്ളിലെ തണുത്തു വിറങ്ങലിക്കുന്ന ജഡമാകാൻ മുന്നോട്ടുവരികയും ചെയ്യും.

അതു കൊണ്ട് തന്നെ തിരിച്ചറിവുകൾ, തങ്ങളുടെ സ്വതവും രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും സമീപനവും വൈരുദ്ധ്യങ്ങൾക്കിടയിലും ഒന്നാണെന്ന് തിരിച്ചറിയുക പ്രധാനമാണ്. ദലിത് ചിന്തയുടെ പല ധാരകളെയും സ്പർശിക്കുന്ന എഴുത്തുകളും അഭിമുഖങ്ങളും  കഥയും കവിതയും വരകളുമായി വിടരുന്ന  പ്രത്യേക ദലിത് പതിപ്പ് വരുംദിനങ്ങളിലെ വായനയ്ക്കായും ചർച്ചകൾക്കായും വിമർശങ്ങൾക്കായും സമർപ്പിക്കുകയാണ്.

Comments

comments