“ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂകുഞ്ചൻ

സുനിൽ പി. ഇളയിടം എന്ന പ്രഭാഷകനെ എതിർക്കുന്നവരേക്കുറിച്ചാണ് ഈ കുറിപ്പ്. അവരുടെ താല്പര്യങ്ങളെറിച്ചും അതിന്നുപിന്നിലെ കാരണങ്ങളെക്കുറിച്ചും ഇത് അന്വേഷിക്കുന്നു. വിശകലനസൗകര്യാർത്ഥം, സുനിലെന്ന പ്രാഭാഷകനോടുള്ള എതിർപ്പുകളെ മൂന്നായി തിരിക്കുന്നു. (1)ഒളിയമ്പുകൾ അഥവാ അക്കാദമികരാഷ്ട്രീയം, (2) അക്കാദമികം, (3)രാഷ്ട്രീയം.

  1. ഒളിയമ്പുകൾ അഥവാ അക്കാദമിക രാഷ്ട്രീയം

സുനിൽ എന്ന പ്രഭാഷകനെ ഒളിഞ്ഞും തെളിഞ്ഞുമായി പരാമർശിക്കുന്ന നിരവധി പണ്ഡിതഖണ്ഡന വ്യഗ്രതകളുണ്ട്. ഇവ മർമ്മരങ്ങളായാണ്  നിലക്കൊള്ളുന്നത്. ഇളയിടവൽക്കരിക്കുക എന്ന പരിഹാസം അത്തരമൊന്നാണ്. എന്നാൽ ഉറക്കെ പറയുന്നതിനും രേഖപ്പെടുത്തുന്നതിനും ധൈര്യം പോരാത്തതിനാലാകാം ഇവയ്ക്കൊന്നിന്നും പിതാക്കളോ മാതാക്കളോ ഇല്ല. അവ കാതിൽ നിന്നും കാതിലേക്ക് ചരിക്കുന്നു. ആകയാൽ ഇതിനൊന്നും സുവ്യക്തമായ തെളിവുകളും ഇല്ല. പക്ഷേ അവ എല്ലായിടത്തുമുണ്ടുതാനും. മഹാഭാരതം പ്രാഭാഷണ പരമ്പരയുടെ ഖ്യാതിക്കു ശേഷമാണ്  ഈ വേവലാതികൾ കൂടുതൽ വെളിവാക്കപ്പെട്ടത്. അതുകൊണ്ടാണ് ഇതിനെ ഒളിയമ്പുകൾ എന്നു വിളിച്ചത്. ഇതിന്റെ മൂലകാരണങ്ങൾ തനിക്ക് അർഹമാണെന്ന് താൻ വിശ്വസിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ലെന്ന സങ്കടം,  സുനിൽ പ്രഭാഷണങ്ങളിലൂടെ പേരെടുത്തതിലും തങ്ങൾക്ക്  അത്തരമൊരു കഴിവില്ലെന്നുള്ള കൊതിക്കെറുവ് തുടങ്ങിയവയാകാമെന്ന് ആരെങ്കിലും സംശയിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.

പ്രധാനമായും നാലു തരം ശകാരങ്ങളാണ് സുനിലിനെതിരേ പണ്ഡിതസദസ്സ് തൊടുക്കുന്നത്.

  1. സൈദ്ധാന്തിക കൃത്യതയില്ലായ്മ.
  2. ജേർണലിസ്റ്റിക്കാണ്/ പോപുലിസം.
  3. ശൈലീപരമായ വരേണ്യത.
  4. ഹിന്ദുത്വത്തിനു അടിത്തറ പാവുകയാണ് സുനിലിന്റെ ഇടപെടലുകൾ.

സുനിലിന്റെ മഹാഭാരതതത്തിന്റെ സാംസ്കാരികചരിത്രം എന്ന പ്രാഭാഷണപരമ്പരയുടെ കാഴ്ചക്കണക്ക് ഏകദേശം ഒരു ലക്ഷത്തോടടുക്കുന്നു. മേല്പറഞ്ഞവയിൽ  ആദ്യത്തെ രണ്ട് കാര്യങ്ങളെ സുനിലിന്റെ വിമർശകർ ചേർത്തുവയ്ക്കുന്നത് മുഖ്യമായും സുനിലിനു ലഭ്യമായ, സാധാരണക്കാരുൾപ്പടെയുള്ള, വ്യാപകമായ പ്രേക്ഷക സമൂഹത്തെ പ്രതിയാണ്. കേരളത്തിലെ മിക്കവാറും സാഹിത്യകാരന്മാരുടെയും ബുദ്ധിജീവിതങ്ങളുടേയും ഗൃഹാതുരത്വമായി കൊണ്ടാടുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന് അമ്പതിനായിരത്തോളമേ സർക്കുലേഷനുള്ളൂ എന്നും ഓർക്കണം. താൻ ഒരു പ്രചാരകനാണ് എന്നാണ്  സുനിൽ ഇതിന് മറുപടി പറയുന്നത്. വിദ്ധ്വംസക ഹിന്ദുത്വത്തിനു അഥവാ ഹിന്ദുത്വ വർഗ്ഗീയതയ്ക്കെതിരായ പ്രചരണപ്രവർത്തനമാണ് സുനിലിന്റെ പ്രഭാഷണങ്ങൾ. അതുകൊണ്ടുതന്നെ, അത് ആൾക്കൂട്ടത്തോടാണ്, അക്കാദമിക ന്യൂനപക്ഷത്തോടല്ല. ആൾക്കൂട്ടം കെ പി ശശികലയെ മാത്രം കേട്ടാൽ പോരല്ലോ. പ്രഭാഷണം ഒരു കലയാണ്. അതിന്ന്, മറ്റേത് കലയേയും പോലെ ചില മിടുക്കുകൾ ആവശ്യമാണ്. സുനിലിനു അതുണ്ട്.  പ്രഭാഷണത്തിൽ സൈദ്ധാന്തിക കൃത്യതയല്ല കണിശമായി പാലിക്കേണ്ടതെന്ന് സുനിൽ, ശ്രീചിത്രനുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട് (സുനിൽ/ ശ്രീചിത്രൻ 2018). ശുദ്ധതയും കൃത്യതയും ദീക്ഷിച്ച് അക്കാദമിക്കുകളാൽ കൊണ്ടുനടക്കേണ്ടുന്ന യാഗപശുക്കളാണ് സിദ്ധാന്തങ്ങൾ എന്ന വികല വരേണ്യബോധമാണ് പോപ്പുലിസ്റ്റിക്  ആരോപണത്തെ ഭരിക്കുന്നത്. ഒപ്പം, സൈദ്ധാന്തിക കൃത്യതകൾ പാലിച്ച്  തങ്ങൾ ഓമനിച്ചു നടന്ന പശുക്കളെ ഒരാൾ തെരുവിലഴിച്ചു വിടുന്നതും ആയതിന് കയ്യടി കിട്ടുന്നതും എളുപ്പം സഹിക്കാവുന്നതുമല്ല. കോസാംബിയും, ഥാപ്പറും, എ.കെ.രാമാനുജനുമൊക്കെ കണ്ടെടുത്തവതരിപ്പിച്ച വിവരങ്ങളേയും വിശകലനങ്ങളേയും നാട്ടുകാർക്ക്  മനസ്സിലാകുന്ന ഭാഷയിൽ ഒരാൾ പറഞ്ഞു കൊടുക്കുന്നതിൽ, അത്  ആളുകൾക്ക്  രസിക്കുന്നതിലും സ്വീകരിക്കുന്നതിലും എന്താണിത്ര പോപുലിസ്റ്റിക് ബേജാറ്? പ്രതിവിധികളിൽ ഒന്ന് പ്രഭാഷകനെ കള്ളനാക്കുകയാണ്. ബൗദ്ധികമായി സകലതും കടംകൊണ്ട, മൗലികതയില്ലാത്ത അക്കാദമിക കള്ളനാണ് സുനിൽ എന്ന് ലേഖനങ്ങൾ വന്നുകഴിഞ്ഞു. അക്കാദമീഷ്യന്റെ വിശ്വാസ്യത നശിപ്പിക്കാനുള്ള എഴുപ്പവഴിയാണിത്. ഹിന്ദുത്വ ടീം ഒളിഞ്ഞും ബാക്കിയുള്ളവർ തെളിഞ്ഞും ആയത് ചെയ്യുന്നുണ്ട്. ഗവേഷണപ്രബന്ധത്തിൽ കോപ്പിയടിച്ചതിന് പുറത്തായ വൈസ്ചാൻസലർമാരെ നമുക്കറിയാം. കോളേജ്  അദ്ധ്യാപക നായിരിക്കുന്ന കാലത്ത്, വ്യാജ അവാർഡ് സ്വയം പ്രഖ്യാപിച്ച് ഫോട്ടോഷോപ്പുപയോഗിച്ച് സ്വന്തം തല ചേർത്ത ചിത്രവുമുണ്ടാക്കി അത്  പത്രത്തിൽ കൊടുത്ത ആളെ കേന്ദ്ര സർവകലാശാലയിലേക്ക് സ്ഥാനക്കയറ്റം നൽകിയ നാടാണിത്. മൗലികതയെക്കുറിച്ച് വിദ്യാർത്ഥികളോട് ചോദിക്കുംവരെയാണ് നമ്മുടെ പല അദ്ധ്യാപകരുടേയും മൗലികത.

മൗലികത ഒരു ബൂർഷ്വാസങ്കൽപമാണെന്ന് മലയാളത്തിൽ വാദിച്ചുറപ്പിച്ചത് എം എൻ വിജയനാണ്. പ്രസ്തുത സങ്കൽപത്തെ ചരിത്രവൽക്കരിക്കുകയാണ് വിജയൻ ചെയ്തത്. അതിനെ സൗകര്യാർത്ഥം അവഗണിച്ചാലും,  ഒരു പ്രചാരകൻ മൗലികമാകേണ്ടതില്ല എന്ന് നിസ്സംശയം പറയാവുന്നതാണ്.  മാത്രവുമല്ല, പ്രഭാഷണത്തിലും പ്രബന്ധത്തിലും, മൗലികത (എന്ന ഒന്നുണ്ടെങ്കിൽ), വ്യത്യസ്തമായിരിക്കും. മഹാഭാരതം പ്രഭാഷണത്തിൽ മാത്രമല്ല “അനുഭൂതികളുടെ ചരിത്രജീവിത്തിലും”  സുനിൽ ആദ്യമേ അറിയിക്കുന്ന ഒരു കാര്യം ഇതൊന്നും മൗലികമായ ഗവേഷണമല്ല എന്നാണ്. മറിച്ച് ലഭ്യമായിട്ടുള്ള അറിവുകളെ ക്രോഡീകരിച്ച് ചില കാഴ്പ്പാടുകളിലൂടെ അവതരിപ്പിക്കുകയാണ് ഇവകളിൽ ചെയ്യുന്നത്.  ആയതിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് പ്രബന്ധങ്ങളിൽ പൊടിപിടിച്ചുകിടക്കുന്ന വിവരങ്ങളെ നാട്ടുകാർക്കു മുന്നിൽ എത്തിക്കുക എന്നതാണ്. അതിൽ സുനിൽ വിജയിക്കുന്നുണ്ട്. സൈദ്ധാന്തിക കൃത്യതയും അക്കാമികശീലുകളും നിറഞ്ഞ പ്രബന്ധങ്ങൾക്ക് സുനിലിന്റെ ഗവേഷണപ്രബന്ധമോ മറ്റ്  അക്കാദമിക പ്രസിദ്ധീകരണങ്ങളോ നോക്കുക. മലയാളത്തിൽ അക്കാദമിക ജേർണലുകൾ ഇല്ല എന്ന്  നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മൗലികതയെന്നലറുന്ന നിരൂപക ഖഡ്ഗമേന്തിയ പലരുടേയും വാളുകൾ ഏതെങ്കിലും സായിപ്പിന്റെ ഉറയിൽ നിന്നൂരിയതാണെന്ന് നന്നായി അക്കാദമികപണി ചെയ്യുന്നവർക്കറിയാവുന്ന ഒരു രഹസ്യവുമാണ്.

2.ശൈലീവിമർശനങ്ങൾ

സുനിലിന്റെ പ്രഭാഷണങ്ങൾ ഭാഗവതപാരായണം പോലാണെന്നും ഒരു മുണ്ടും നേര്യതും മാത്രമേ കുറവുള്ളൂ എന്നൊക്കെയാണ് ശൈലീവിമർകരുടെ ബേജാറുകൾ. സാഹിത്യകാരർക്കാണ് ശൈലീബേജാറുകൾ കൂടുതൽ. കവികളും അവരുടെ നിരൂപകവേഷരും സാഹിത്യകാരന്മാരാണല്ലോ. മാരാരുടെ കലാത്മകത എന്ന പ്രയോഗം ഉന്നതമായ സത്യത്തെ ഉൾക്കൊള്ളുന്നുണ്ടാകാമെങ്കിലും അത് ഒന്നിനേയും സുസ്പഷ്ടമായി വിശദീകരിക്കുന്നില്ല എന്ന എം. എൻ. വിജയന്റെ (2008, 165) മാമ്പഴം നിരൂപണത്തിലെ വാചകം ശൈലീവല്ലഭരുടെ വിമർശനങ്ങളെ മനസ്സിലാക്കാൻ ഉപയോഗിക്കാമെന്നു തോന്നുന്നു. ശൈലീവിമർശനത്തെ മുന്നോട്ടു നയിക്കുന്നത് കലാത്മകത എന്ന പ്രയോഗത്തെപ്പോലെ നിഗൂഢവും ആത്മനിഷ്ഠവുമായ പ്രിയാപ്രിയങ്ങളാണ്. ഇവയാകട്ടെ വിമർശനത്തിനു വഴങ്ങുന്നവയുമല്ല, കാരണം ആത്മനിഷ്ഠം മാത്രമായ പ്രിയാപ്രിയങ്ങൾ വിമർശത്തിനു വിധേയമാകാവുന്ന സാമൂഹികനിലമയിൽ ലഭ്യമാവുന്നില്ല. ആത്മനിഷ്ഠതയുടെ ചരിത്രപരത സാമൂഹ്യമാണെങ്കിലും അതിൽനിന്നു മാത്രമായി കൊണ്ടുവരുന്ന കലാത്മകതാദി ഏകകങ്ങൾ സാമൂഹ്യമല്ലതന്നെ.

ഒരാളുടെ ശൈലി ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പ്രഭാഷണത്തിൽ സുനിലിലുണ്ടായിരുന്ന തീവ്രസാനിധ്യം എം.എൻ.വിജയനായിരുന്നു. സുനിലിന്റെ ആദ്യകാല പ്രഭാഷണങ്ങളിലെ ശൈലിയിലും വിശകലനരീതിയിലും ഇത് കടുത്തുകാണാം. “ആത്മം അപരം അധിനിവേശം” എന്ന പ്രഭാഷണസമാഹാരത്തിന്റെ ആമുഖത്തിൽ സുനിൽ ഇത് പറയുന്നുണ്ട്. മഹാഭാരതം പ്രഭാഷണങ്ങളിൽ മുതൽ സുനിലിന്റെ ഏറെക്കുറെ എല്ലാ പ്രഭാഷണങ്ങളിലും വിജയന്മാഷ് വരുന്നുണ്ടെങ്കിലും അത് സുനിലിലൂടെയായി പരിവർത്തിച്ചിട്ടുണ്ട്. സുനത്ത് കല്യാണം മഹാഭാരതത്തിൽ ഇല്ലെന്നും അത് ബാല്യകാലസഖിയിൽ ഉണ്ടെന്നും അങ്ങിനെ ബാല്യകാലസഖിയിലുള്ള ചിലത് മഹാഭാരതത്തിൽ ഇല്ലാത്തതിനാൽ മഹാഭാരതം എല്ലാം ഉള്ള പുസ്തകമാണെന്നത് ഒരു ബഡായിയാണെന്നും മലയാളത്തിൽ പറഞ്ഞ

കൽപ്പറ്റ നാരായണൻ

ഒരാൾ എം.എൻ.വിജയനാണ്. മഹാഭാരതം പ്രഭാഷണങ്ങളിൽ ആദ്യത്തേതിൽ സുനിൽ ഇത് പറയുന്നുണ്ട്. എന്നാൽ, വിജയന്മാഷുടെ സ്വാധീനകാലത്തും അദ്ദേഹത്തിന്റെ രൂപകാത്മകഭാഷയുടെ സൗകുമാര്യങ്ങൾ സുനിലിനെ പ്രലോഭിപ്പിച്ചിരുന്നില്ല. വിജയന്റേത്, ഒട്ടും രേഖീയമല്ലാത്ത രീതിയാണ്. ആയതിനാൽ, അടുത്തതായി എന്ത് പറയും എന്ന്, വൈലോപ്പിള്ളി വന്നേക്കാം എന്നല്ലാതെ, നമുക്ക് പ്രതീക്ഷിക്കാൻ പറ്റില്ല. സുനിലിലാകട്ടെ, അരേഖീയതയുടെ ആകസ്മികതകൾ ഇല്ല. അതിന്ന് അക്കാദമികമായ ഒരുതരം പ്രവചനീയതയുണ്ട്. വിജയന്മാഷ്, ഉച്ചഭാഷണിയിൽ മഷി നിറച്ചെഴുതിയ കവിയായിരുന്നെങ്കിൽ (കല്പറ്റ നാരായണൻ) സുനിൽ ഒരു സാമൂഹ്യശാസ്ത്രജ്ഞന്റെ പ്രവചനീയതയും ആയതിനാൽ, സുതാര്യതയും സൂക്ഷിക്കുന്നുണ്ട്. ഈ പരിവർത്തനങ്ങൾക്കു മുന്ന്, പാർട്ടിമെമ്പറുടെ പ്രസംഗം പോലെ എന്ന് തോന്നിപ്പിച്ചിരുന്ന ഒരു കാലവും സുനിലിന്റെ പ്രഭാഷണങ്ങൾക്കുണ്ടെന്ന്  അയാളെ അദ്യകാലത്ത് കേട്ടിട്ടുള്ളവർക്കറിയാം. അങ്ങനെ പരിണാമത്തിന്റെ വിവിധ പടവുകൾ സുനിൽ എന്ന പ്രഭാഷകനിൽ കാണാനാകും. ഇത് കണക്കിലെടുക്കാത്തതിനാലോ കണ്ടിട്ടും ഗൗനിക്കാത്തതിനാലോ കാണാൻ ശേഷിയില്ലാത്തതിനാലോ ആകാം ശൈലീവിമർനങ്ങൾ. സുനിലിന്റെ പ്രഭാഷണങ്ങളിലെ നിരന്തര സാന്നിധ്യമായി ഇപ്പോഴും എം.എൻ.വിജയൻ തുടരുന്നുണ്ട്. സുനിലിലല്ലാതെ മറ്റിടങ്ങളിൽ വിജയന്മാഷെ ഇപ്പോൾ കാണാൻ കിട്ടാറില്ലല്ലോ? ഇതിന്റെ കാരണവും ആലോചിക്കേണ്ടതാണ്. ഹിന്ദുത്വ വർഗീയവാദികൾ ബാബറി മസ്ജിദ് പൊളിച്ചതിനു ശേഷമുള്ള കലുഷഭാരതത്തിലെ കേരളത്തിൽ, ഈ ഫാഷിസത്തിനെതിരേ നിരന്തരം കവലകളിൽ പ്രസംഗിച്ചു നടന്ന ആളുകളിലൊരാളാണ് എം.എൻ.വിജയൻ.  മലയാളത്തിന്റെ കവലകളെ ഫ്രോയ്ഡ് പരിചയിച്ചത്  അങ്ങനെയൊക്കെയാണ്. തന്റേത്  ഒരു പ്രചരണപരിപാടിയാണെന്നു സുനിൽ ആവർത്തിക്കുന്നതിൽ വിജയന്മാഷിന്റെ തുടർച്ചകൾ കാണാം. മറ്റൊരു തരത്തിലാക്കിയാൽ,  കാറിൽ വന്നിറങ്ങിയിരുന്നവരും ബസ്സിൽ വന്നിറങ്ങിയവരുമായി രണ്ടുതരം പ്രഭാഷണപാരമ്പര്യം കേരളത്തിലുണ്ടായിരുന്നു. എം.എൻ വിജയന്റെ ഉച്ചഭാഷിണിയ്ക്കു മുന്നിലെ ചിരി രണ്ടാമത്തേതിൽ പെടുന്നു.  എഴുതാതെ,  പറയുന്നത് പാഴായിപ്പോകില്ലേ എന്നതിനു, ചെവിയും തലയും തമ്മിൽ ചില ബന്ധങ്ങളൊക്കെയുണ്ടെന്ന വിജയന്മാഷുടെ മറുപടിയുണ്ട്. സുനിൽ, രണ്ടാമത്തെ, ബസ്സിൽ വരുന്നവരുടെ പാരമ്പര്യത്തിലെ പ്രഭാഷകനാണ്.

സംസ്കൃത ശ്ലോകങ്ങളുടെ സാന്നിധ്യമാകാം ഭാഗവതപാരായണാദിനസ്യങ്ങൾക്ക് കാരണം. മഹാഭാരതം പ്രഭാഷണത്തിൽ ഇത് സുലഭമാണ്. സംസ്കൃതത്തിൽ മൂലപാഠമുള്ള പുസ്തകത്തെപ്പറ്റി പറയുമ്പോൾ ആ ഭാഷയിലുള്ളത് പറയുകയും അതിനെ വിശദീകരിക്കുകയും ചെയ്യുക എന്നത് ബൗദ്ധിക സത്യസന്ധതയാണ്. സംസ്കൃതാനന്തരം അതിന്റെ അർത്ഥം പറയുന്നതിൽ സുനിൽ ജാഗ്രത പുലർത്തുന്നത്  ഈ പ്രഭാഷണങ്ങളിൽ കാണാനാകും. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാരതം ഉദ്ധരിക്കുന്നതിന്റെ ഒരു ഉദ്ദേശം അതാണ്. മേൽ പറഞ്ഞത്, ഭാഗവതപാരായണവേദിയിൽ മാത്രം കണ്ടു പരിചയിച്ചത്, വിമർശകർ വീട്ടുമുറ്റത്തിരുന്ന് മാത്രം അക്കാദമികലോകത്തെ കാണുന്നതിന്റെ കുഴപ്പമാണ്. ഭാരതീയതത്വചിന്തയുടെ വേദികളിൽ ഇത്തരം ശ്ലോകപരത സുലഭം. എന്നാൽ, ശ്ലോകാനന്തരം അന്വയമോ അർത്ഥമോ അവതരിപ്പിക്കൽ കുറവാണ്. ഇതിന്റെ ഒരുകാരണം, മലയാളത്തിലാക്കിയാൽ പോകാവുന്ന ഗരിമയേ പല സംസ്കൃത ശ്ലോകങ്ങൾക്കുമുള്ളൂ എന്നതാണ്. സംശയമുള്ളവർ “അഷ്ടപദിയുടെ” മലയാളം ഗദ്യത്തിൽ വായിക്കുക. “ഗോപീപീനപയോധരമർദ്ദക” എന്നൊക്കെ ഇപ്പോൾ മലയാളത്തിൽ പറഞ്ഞാൽ അശ്ലീലമാകും. ദൈവവമുൾപ്പെടെയുള്ള ബ്രഹ്മചാരികളുടെ നിഷ്ഠയെ ഭഞ്ജിക്കുകയും ചെയ്തേക്കാം!

മലയാളസാഹിത്യചർച്ചയുടെ, വിശേഷിച്ചും കാവ്യചർച്ചയുടെ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതകൂടി മേല്പറഞ്ഞ ശൈലീവിമർശനത്തിൽ കാണാനാകും. എം.പി.ശങ്കുണ്ണിനായരുടെ “ഛത്രവും ചാമരവും” കാളിദാസനെപ്പറ്റി മലയാളത്തിൽ ബേജാറായി പുരസ്കാരങ്ങൾ നേടിയ പഠനമാണ്. മലയാളത്തിലെ ഉന്നതനായ വിമർശകനായ കുട്ടികൃഷ്ണമാരാരാകട്ടെ സംസ്കൃതത്തിൽ ലഭ്യമായിരുന്ന സാഹിത്യസിദ്ധാന്തങ്ങളെ മാത്രം പിൻപറ്റി വിമർശനജീവിതം നയിച്ച ആളാണ്. ഭാരതപര്യടനം ശ്രദ്ധേയം. കുടുംബത്തിൽ പെടുത്തി സ്ത്രീകളെ ചൂഷണം ചെയ്യുന്ന പുരുഷാധിപത്യ വ്യവസ്ഥയുടെ കഥയാണ് ചിന്താവിഷ്ടയായ സീതയെന്ന്  സംസ്കൃതമല്ലാത്ത വിദേശഭാഷകളൊന്നും അറിയാത്ത മാരാർ എഴുതുമ്പോൾ കേരളത്തിൽ ഫെമിനിസ്റ്റ് വിമർശനസമീക്ഷകൾ പച്ചതൊട്ടു തുടങ്ങിയിട്ടില്ല. തന്നെയുമല്ല, കൂട്ടുവിമർശകർ ആശാന്റെ സീതയ്ക്ക്  വാൽമീകിയുടെയും എഴുത്തച്ഛന്റേയും സീതയിൽനിന്നുള്ള വ്യതിയാനവും രാമന്റെ ആധികാരികതയും ചർച്ച ചെയ്യുന്ന കാലമായിരുന്നു അത്. ഇംഗ്ലീഷില്ലാത്ത  ഇടങ്ങളിൽ നിന്നുംകൂടി വായിച്ച കേസരി അന്നും ഒറ്റയ്ക്കായിരുന്നല്ലോ. ഇംഗ്ലീഷിൽ നിന്ന്  എം.പി.പോളും കൂട്ടരും വഴി സിദ്ധാന്തങ്ങൾ മലയാളത്തിലേക്ക് വന്നുതുടങ്ങിയത് പിന്നീടാണ്. അതിന്റെ അപചയത്തിന്റെ മൂർദ്ധന്യാവസഥയിലാണ്  ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് പേപ്പർബാക്  ഇറങ്ങുമ്പോൾ മലയാളത്തിൽ പുതിയ വിമർശനം ഉണ്ടാകും എന്ന്  എം. എൻ. വിജയൻ പരിഹസിച്ചത്.  മലയാളത്തിലെ അക്കാദമിക് നിരൂപണത്തിനു വിജയന്മാഷുടെ പരിഹാസത്തിനു മറുപടിയുണ്ടോ എന്നെനിക്ക്  അറിയില്ല. സുനിലിന്റെ വിമർശപദ്ധതിയെ, പ്രത്യേകിച്ചും മഹാഭാരതപ്രഭാഷണത്തെ മുൻനിർത്തി ശൈലീവിമർശനം നടത്തുന്നവർ, മലായാളത്തിലെ വിമർശനകലയുടെ ചരിത്രം മറിച്ചു നോക്കുന്നത് നന്നായിരിക്കും.

  1. അക്കാദമിക വിമർശനങ്ങൾ

 അക്കാദിക വിമർശനങ്ങളെ ഈ കുറിപ്പിൽ പരമർശിക്കുന്നില്ല. സുനിലിന്റെ മാർക്സ് പഠനങ്ങളെ (വീണ്ടെടുപ്പുകൾ) ടി. വി. മധു വിമർശിക്കുന്നുണ്ട്. ദലിത് ചിന്തകളിൽ ഊന്നിക്കൊണ്ട് സുനിലിന്റെ സാംസ്കാരിക ഇടപെടലുകളെ സണ്ണി കപിക്കാട് വിമർശിക്കുന്നുണ്ട്. ഗുണപരമായ ഇത്തരം വിമർശനങ്ങളിലൂടെയാണ് വൈജ്ഞാനികമണ്ഡലവും അതിന്റെ പ്രായോഗികവും വികസിക്കുന്നത്. ഇത്തരം കൊടുക്കൽവാങ്ങലിന്റെ മറ്റൊരു ഉദാഹരണമാണ് ടി. വി. മധുവും നിസാർ അഹമ്മദും തമ്മിൽ നടത്തിയ സംഭാഷണങ്ങൾ അവതരിപ്പിക്കുന്ന “മാർക്സിനൊപ്പം മാർക്സിനുശേഷം: സംഭാഷണങ്ങൾ” എന്ന പുസ്തകം. സുനിലിനോടുള്ള അക്കാദമിക വിമർശനങ്ങളെ ഇവിടെ വിഷയമാക്കുന്നില്ല. സുനിലെന്ന അക്കാദമിക്ക്  ആദ്യന്തം പൂർണ്ണതയുള്ള വിമർശനാതീതമായ ജ്ഞാനമണ്ഡലമാണെന്ന് സ്ഥാപിക്കുകയല്ല ഈ കുറിപ്പിന്റെ താല്പര്യം. സ്വന്തം വക്കാലത്ത്  ഏറ്റെടുക്കാൻ അയാൾ പ്രാപ്തനാണ്.

  1. രാഷ്ട്രീയം.

ഹിന്ദുത്വത്തിനു കളമൊരുക്കുകയാണ് സുനിൽ എന്ന വിമർശനത്തേയും ഹിന്ദുത്വവാദികളുടെ സുനിലിനോടുള്ള എതിർപ്പിനേയും ഒരുമിച്ച് പരിഗണിക്കേണ്ടതുണ്ട്. ഹിന്ദുത്വവാദികൾ സുനിലിനെ ശാരീരികിമായി ആക്രമിക്കാൻ ആഹ്വാനം ചെയ്യുകയും സംസ്കൃത സർവ്വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ അക്രമം നടത്തുകയും ചെയ്തതിന്റെ കൂടി പശ്ചാത്തലത്തിലാണ്  ഈ കുറിപ്പ്. ഇതിൽ നിന്നുതന്നെ ഹിന്ദുത്വവാദികളുടെ താല്പര്യങ്ങൾക്ക് സുനിൽ ഉപകരിക്കുന്നില്ല എന്നു മാത്രമല്ല ഉപദ്രവം ചെയ്യുന്നുണ്ട് എന്നും വ്യക്തമാണ്. ഹിന്ദുത്വവാദികൾക്ക്  എപ്രകാരമാണ് സുനിലിന്റെ ഇടപെടലുകൾ ഉപദ്രവകാരിയാകുന്നത് എന്നതിൽതന്നെയാണ്  അയാൾ ഹിന്ദുത്വവാദികൾക്ക് കസേരയിടുകയാണെന്ന വിമർശനത്തിന്റേയും താല്പര്യരഹസ്യങ്ങൾ കിടക്കുന്നത്.

പ്രാചീനതയുടെ പഴമകളെ മടക്കിക്കൊണ്ടുവരുന്ന

പി ഗോവിന്ദപ്പിള്ള

ഒരു പുനരുത്ഥാന പ്രവർത്തനമല്ലേ മാഹാഭാരതപ്രഭാഷണങ്ങൾ എന്ന ചോദ്യത്തിന് പാലക്കാടു നടത്തിയ മഹാഭാരതം പ്രഭാഷണപരമ്പരയുടെ അഞ്ചാം നാളിൽ സുനിൽ മറുപടിപറയുന്നുണ്ട്. പി ഗോവിന്ദപ്പിള്ളയുടെ മഹാഭാരതപഠനത്തെക്കൂടി ഉപജീവിച്ചാണു മറുപടി. അതിൽ പ്രാമുഖ്യം, മാഹാഭാരതാദിപുസ്തകങ്ങൾ ഇന്ത്യയിൽ ഒരിക്കലും പഴയതല്ല എന്നതാണ്. രാമനെ മുൻനിർത്തി രഥമോടിച്ചാണ് ഹിന്ദുത്വശക്തികൾ ഇന്ത്യയിൽ അധികാരം പിടിച്ചത്. അതുകൊണ്ടുതന്നെ, ഇത്തരം പുസ്തങ്ങളെപ്പറ്റിയുള്ള ആലോചനകൾക്ക്, വിശ്വാസങ്ങളെപ്പറ്റിയുള്ള ആലോചനകൾക്ക്, രാഷ്ട്രീയവും സൈദ്ധാന്തികവുമായ സാംഗത്യമുണ്ട്  എന്ന് സുനിൽ പറയുന്നു. ഭക്തിയുടേയും വിശ്വാസത്തിന്റേയും മൊത്തക്കച്ചവടം ഹിന്ദുത്വശക്തികൾക്ക് വിട്ടുകൊടുക്കേണ്ടതല്ലെന്നും അപ്രകാരം ചെയ്തുപോന്നതിന്റെ ദോഷവശമായിക്കൂടിയാണ് വിശ്വാസത്തിന്റെ പേരിൽ എന്തും ചെയ്യാനുള്ള അവസരം ഹിന്ദുത്വശക്തികൾക്ക് ലഭിച്ചതെന്നും മറ്റൊരിടത്ത് സുനിൽ വ്യക്തമാക്കുന്നുണ്ട്. 2016- ലാണ് ഭാരതപ്രഭാഷണം പാലക്കാട് നടക്കുന്നത്. രണ്ടുവർഷത്തിന്നിപ്പുറത്ത്, മറ്റൊരു ദൈവത്തെ, അയ്യപ്പനെ മുൻനിർത്തി കേരളം പിടിക്കാനുള്ള കലാപവും കലഹാഹ്വാനങ്ങളും നടക്കുമ്പോഴാണ്  ഈ കുറിപ്പ് സംഭവിക്കുന്നത്. ചാരുകേരളഭാഷയിൽ പറഞ്ഞാൽ, പെണ്ണുങ്ങളുടെ കാലിന്നിടയിലേക്ക്  ആകുലതയോടെ നോക്കിയിരിക്കുന്ന ബ്രഹ്മചാരിപുരുഷനായി ഒരു ദൈവസങ്കല്പത്തെ തരംതാഴ്ത്തുകയും ഈ ആഭാസസങ്കല്പമാണ് ഭക്തിയെന്ന് പ്രചരിപ്പിക്കുകയും ആയതിനെ നിലനിർത്താൻ ആളെക്കൂട്ടുകയും അതുവഴി രാഷ്ട്രീയമായി പുഷ്ടിപ്പെടുകയും ചെയ്യുന്ന പ്രവർത്തനമാണ് മുന്നിൽ നിൽക്കുന്നത്. സംഘടിതമതങ്ങളിൽ ഭൂരിപക്ഷവും അവരുടെ രാഷ്ട്രീയകക്ഷികളും മേല്പറപഞ്ഞ വിശ്വാസസംരക്ഷണവ്യഗ്രരും കലാപാഹ്വാനത്തിന് ശ്രുതി മീട്ടുന്നവരുമാണ്  എന്നത് ശ്രദ്ധേയം. ഈ വെളിച്ചത്തിൽക്കൂടിയുമാണ് നാം ഇന്ത്യയിലെ ഹിന്ദുത്വവർഗീയതയുടെ വളർച്ചയുടെ വഴികളെ കാണേണ്ടത്.

സുനിൽ പി ഇളയിടത്തിന്റെ ഓഫീസ് ആക്രമിക്കപ്പെട്ട നിലയിൽ

അച്ഛനെക്കൊന്ന്  അമ്മയെ വേൾക്കുന്ന ഈഡിപ്പൽചരിതത്തിന്റെ കഥയാണ്  ഇന്ത്യയിൽ ഹിന്ദുത്വ തീവ്രവാദത്തിനുള്ളത്. രാഷ്ട്രപിതാവായ ഗാന്ധിയെക്കൊന്ന് ഭാരതാംബയെ ഏറ്റെടുത്ത ഗോഡ്സെ, ഇന്നും അനേകം ഭക്തരുടെ ആരാധനാകേന്ദ്രമാകുന്നതിൽ ഇത്തരം രഹസ്യങ്ങൾ കൂടിയുണ്ട്. ഇതിനെപ്പറ്റി പഠിച്ച അശിഷ് നന്ദിയുടെ (2012) നിരീക്ഷണങ്ങൾ അതുകൊണ്ട്  ഇപ്പോഴും പ്രസക്തമാണ്.

അശിഷ് നന്ദി

സവർക്കറും ഗോഡ്സേയും അവരുടെ പിൻമുറക്കാരും സ്വാംശീകരിച്ച് പ്രചരിപ്പിച്ച അക്രമാസക്തമായ ഹിന്ദുത്വത്തിന്റെ ഒരു സവിശേഷത അത് സ്ത്രീകളെ കാണുന്ന രീതിയാണെന്ന് നന്ദി കരുതുന്നു. സ്ത്രീകൾ, ഇന്ത്യൻപുരുഷനെ എക്കാലവും ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ട് ദേവിയാക്കി ആരാധിച്ച് വിണ്ണിൽ നിർത്തുകയോ  അശുദ്ധി കല്പിച്ച്  അകറ്റി നിർത്തുകയോ ആണ് പുരുഷഭീരുത്വം സ്ത്രീകളോട് ചെയ്തത്. യത്ര നാര്യസ്തു പൂജ്യന്തേ/ രമന്തേ തത്രദേവത (എവിടെ നാരികൾ പൂജിക്കപ്പെടുന്നോ അവിടെ ദേവതമാർ വാഴുന്നു) എന്ന സ്തുതിയിലും അധർമ്മാഭിഭവാത്കൃഷ്ണ പ്രദ്യൂഷ്യന്തി കുലസ്ത്രീഃ/ സ്ത്രീഷുദുഷ്ടാസു വാർഷ്ണേയ/ ജായതേ വർണ്ണസങ്കരഃ/ സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച/ പതന്തി പിതരോ ഹ്യേഷാം ലുബ്ധപിണ്ഡോദകക്രിയാഃ (അധർമ്മം ബാധിക്കുമ്പോൾ കുലസ്ത്രീകൾ ദുഷിക്കുന്നു. സ്ത്രീകൾ ദുഷിക്കുമ്പോൾ വർണ്ണസങ്കരം സംഭവിക്കുന്നു. വർണ്ണസങ്കരം കുലനാശകാരന്മാർക്കും കുലത്തിന്നും നരകത്തിനായിത്തന്നെ തീരുന്നു. ഇവരുടെ പിതൃക്കൾ പിണ്ഡദാനവും ഉദകക്രിയയും ലഭിക്കാതെ നിലംപതിച്ചു പോകുന്നു) എന്ന ഗീതയിലെ മുന്നറിയിപ്പിലും സ്ത്രീകളോടുള്ള സമീപനം വ്യക്തമാണ്. ഗാന്ധി, വിധ്വംസകഹിന്ദുത്വത്തിന്റെ ഈ ധാരണകളെ തകിടം മറിക്കുകയും വാഴ്ത്തലും ഇകഴ്ത്തലും കൂടാതെ പേശീബലതയിലൂന്നാത്ത പെണ്ണത്തത്തെ പകരം പ്രതിഷ്ഠിക്കുകയും ചെയതു എന്ന് നന്ദി. ആയതാകട്ടെ, അക്രമാസക്തമല്ല എന്നു മാത്രമല്ല ആക്രമിക്കുക എന്നത്  ഭീരുത്വത്തിന്റെ ലക്ഷണമാക്കുകയും ചെയ്തു. വിവേകാനന്ദനുൾപ്പെടെയുള്ളവരുടെ ഭാവനയെ പ്രചോദിപ്പിച്ച വിരിഞ്ഞ നെഞ്ചും ഉരുക്കുപേശികളുമുള്ള ഹിന്ദു, ഗാന്ധിയുടെ വരവോടെ വിദേശിയാക്കപ്പെട്ടു. സവർക്കറും ഗോഡ്സേയും വിഭാവനം ചെയ്ത ഹിന്ദു, സെമറ്റിക് മതത്തിന്റെ മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട, കോദണ്ഡപാണിയുടെ രൂപത്തിലുള്ള, അക്രമാസക്തനായ കുലപുരുഷനാണ്. ഈ കുലപുരുഷനാകട്ടെ വിവിധങ്ങളായ അപകർഷതകളുടെ വിളനിലമാണ്. ആയതിനാലാണ്, സെമറ്റിക് മതങ്ങളുടെ കെട്ടുറപ്പിനേയും പാശ്ചാത്യാനാഗരികതയുടെ ആധുനികതയേയും ഇവൻ കൊതിയോടെ നോക്കുന്നത്. പൗരസ്ത്യവാദികൾ നിർമ്മിച്ച സുവർണ്ണഭൂതത്തെ ഇവർ ഉള്ളേറ്റുന്നതിന്റെ രഹസ്യങ്ങളിൽ ഒന്ന് ഈ അപകർഷതാബോധമാണ്. എസ്.രാധാകൃഷ്ണനെപ്പോലുള്ള (1948, 21-60) ഇന്ത്യൻ തത്വചിന്തകരിൽപ്പോലും ഇത് പ്രബലമായിരുന്നു എന്നറിയുമ്പോഴാണ് ഇതിന്റെ കടുപ്പം നാം തിരിച്ചറിയുക. രാധാകൃഷ്ണന്റെ ഭാരതീയ തത്വചിന്തയുടെ ഒന്നാം വാല്യത്തിന്റെ ആമുഖത്തിൽ ഇന്ത്യയുടെ ഭൂതകാലം അവതരിപ്പിക്കുമ്പോൾ, മാക്സ്മുള്ളറിലൊക്കെ കാണാവുന്ന മോക്ഷാർത്ഥം ധ്യാനനിരതരായി ശാന്തിയിൽ ജീവിതം കഴിച്ചിലാക്കിയിരുന്ന ജനതയായിരുന്നു ഇന്ത്യ എന്നതടക്കമുള്ള ആശയങ്ങളെ വെള്ളംതൊടാതെ നിരത്തിയിരിക്കുന്നത് കാണാം. ഈ സങ്കല്പത്തെയാണ് ഗാന്ധിയുടെ രാമൻ അട്ടിമറിക്കുന്നത്. അടിക്കുന്നവൻ സ്വയം നികൃഷ്ടനായി മാറുന്ന ഗന്ധിയുടെ രാഷ്ട്രീയധാർമ്മികതയുടെ കേന്ദ്രത്തിലുള്ള വ്യക്തിയ്ക്ക്  അപകർഷതയുടെ ലാഞ്ഛനകൾ പോലുമില്ല. ആ ഹിന്ദു,  സവർക്കറാദി ഹിന്ദുത്വക്കാരുടെ ഹിന്ദുവിനെപ്പോലെ സെമറ്റിക് മതങ്ങളുടെ കെട്ടുറപ്പിനെ കൊതിയോടെ നോക്കി പുറമേ വെറുക്കുന്നില്ല. പാശ്ചാത്യാധുനികതയുടേയും സാങ്കേതികപുരോഗതിയുടെയും മുന്നിൽ അയാൾ നമിക്കുന്നില്ല. അതുകൊണ്ടുതന്നെ അയാൾ, സകലതും വേദങ്ങളിലുണ്ടായിരുന്നതാണെന്നോ ഭാരതചരിത്രത്തിൽ ഹിന്ദുവിന്റേതായി ആറു സുവർണ്ണ കാലഘട്ടമുണ്ടെന്നോ തർക്കിക്കുന്നില്ല. ആധുനികശാസ്ത്രത്തോടുള്ള ഇന്ത്യൻ ചിന്തകരുടെ പ്രതികരണങ്ങളിൽ ഹിന്ദുവിന്റെ അപകർഷബോധത്തിന്റെ അനുരണനങ്ങൾ കാണാം (കുൽകർണി. 2015).  പ്ലാസ്റ്റിക് സർജറിയെ ഗണപതിയിൽ കണ്ടെടുക്കുന്ന 56 ഇഞ്ച് നെഞ്ചൊക്കെ ഇതിന്റെ ജീവിക്കുന്ന ഉദാഹരണം മാത്രം.  ഗാന്ധി ഈ അട്ടിമറികൾ ചെയ്തത് താനാണ് യഥാർത്ഥ സനാതന ഹിന്ദുവെന്നും തന്റെ രാമനാണ് യഥാർത്ഥരാമനെന്നും ഉറക്കെയുറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ്. ആയതുകൊണ്ട്, ഗാന്ധി ജീവിച്ചിരിക്കെ സാനാതനധർമ്മത്തിന്റേയും രാമന്റേയും കുത്തകാവകാശം ഹിന്ദുത്വവർഗീയതയ്ക്ക്  ലഭിക്കുകയുണ്ടായില്ല. അതായത്, രാമനെ മൊത്തമായി കച്ചവടം ചെയ്യാൻ വർഗീയവാദികൾക്ക് സാധിക്കാതെവന്നു. ആയതിന്റെ കുത്തക നേടുന്നതിനും കൂടി വേണ്ടിയാണ്, മഹാത്മാഗാന്ധിയെ ഹിന്ദുത്വവർഗീയവാദികൾ കൊന്നു കളഞ്ഞത്. അതിന്നുശേഷമിന്നോളം വിശ്വാസത്തിന്റെ മണ്ഡലത്തിൽ ഹിന്ദുത്വ വർഗീയവാദികൾ മാത്രമാണ്  ഉണ്ടായിരുന്നത്. അവിശ്വാസിയായി ജീവിച്ചു മരിച്ച നെഹ്രു ഹിന്ദുത്വവാദികൾക്ക്  അടിസ്ഥാനപരമായി ഒരു എതിരിയല്ലായിരുന്നു. അംബേദ്ക്കറിന്റെ അക്കാദമികയുക്തിയെയും അതിന്റെ രാഷ്ട്രീയ വിവക്ഷകളേയും വിശ്വാസം കൊണ്ടു മറികടക്കാൻ വലിയ പ്രയാസമില്ലെന്ന്  ഹിന്ദുത്വയ്ക്കറിയാം.  ഇലക്ഷൻ സഖ്യം സർവജനിലേക്ക് വികസിപ്പിച്ച മായാവതി മാത്രമല്ല കേരളത്തിൽ അതിദ്രുതം ഹിന്ദുത്വവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദലിതസ്വത്വങ്ങളും ഇതിന്നുദാഹരമാണ്. തന്നെയുമല്ല, സവർക്കർ മുതലിങ്ങോട്ട് സകലരും ജാതിനിരാസം തത്വത്തിൽ അംഗീകരിച്ചവരുമാണ്. ഇങ്ങനെ, ഹിന്ദുത്വശക്തികൾ ഒറ്റയ്ക്കു കളിച്ച് നിരന്തരം ജയിച്ചുകൊണ്ടിരുന്ന അനൂഭൂതികളുടേയും ഭാവനയുടേയും വിശ്വാസത്തിന്റേയും മണ്ഡലത്തിലേക്കാണ് “മാഹാഭാരതത്തിന്റെ സാംസ്കാരിക ജീവിതവുമായി” സുനിൽ പറഞ്ഞു കയറിയത്. ത്യഗരാജയോഗവൈഭവം പോലുള്ള എഴുത്തുകൾ സമാഹരിച്ചിട്ടുള്ള “അനുഭൂതികളുടെ ചരിത്രജീവിതത്തിൽ” ഇതിന്റെ നാന്ദിയുണ്ട്. ചരിത്രവൽക്കരിച്ചുകൊണ്ടേയിരിക്കുക എന്ന മാർക്സിയൻ വഴിയാണ് സുനിൽ ഉപയോഗിക്കുന്നത്. ഗാന്ധിയെന്ന ഹിന്ദുവിശ്വാസിയുടെ രാമഭക്തിയെന്ന ബലമോ പ്രാർത്ഥനയെന്ന ആകർഷകമായ സങ്കേതമോ സുനിലിന്നാശ്രയമായിട്ടില്ല. അതുകൊണ്ടും കൂടിയാകണം, കേരളത്തിന്റെ മുക്കിലും മൂലയിലും സിമന്റു പ്രതിമയാക്കി ചില്ലുകൂട്ടിൽ വച്ചിരിക്കുന്ന നാരായണഗുരുവിനെ മനുഷ്യജീവിത്തിൽ ഇടപെടാൻ ശേഷിയുള്ള കരുണയുടെ സജീവതയായി സുനിൽ ഉയർത്തിപ്പിടിക്കുന്നത്. നാരായണൻ എന്ന സന്യാസി കല്ലിനെ ദൈവമാക്കിയതു പോലെ സുനിൽ എന്ന അവിശ്വാസിക്ക്  ഒരു പ്രതിമയിൽ കരുണയുടെ ജീവിതം സന്നിവേശിപ്പിക്കാൻ എളുപ്പം സാധിക്കുകയില്ല.  ആയതിനുള്ള, താന്ത്രികക്രിയകൾ കൂടിയാണ് സുനിലിന്റെ പ്രഭാഷണങ്ങൾ  എന്നു വേണമെങ്കിൽ കരുതാം. അതുകൊണ്ടുതന്നെ, സുനിൽ ഹിന്ദുത്വത്തിനു കളമൊരുക്കുന്നു എന്ന് സൈദ്ധാന്തികശുദ്ധിയോടെ പണ്ഡിതവർഗ്ഗം ആരോപിച്ചുകൊണ്ടിരിക്കുമ്പോൾ തങ്ങൾ സ്വന്തം പോലെ കൊണ്ടുനടന്ന ഇടേത്തക്ക് പറഞ്ഞുകയറിയ അവിശ്വാസിയെ വിധ്വംസക ഹിന്ദുത്വം ഭയക്കുകയും കൈകാര്യം ചെയ്യകയുമാണ് ചെയ്തത്. ബസവഭക്തിരൂപങ്ങളെ വീണ്ടെടുക്കാൻ ശ്രമിച്ചതിനും കൂടിയാണ് കൽബുർഗിയെ കൊന്നുകളഞ്ഞത് എന്ന സമീപകാല യാഥാർഥ്യം നാം മറക്കാറായിട്ടില്ല. ശുദ്ധസിദ്ധാന്തങ്ങളുടെ വിവക്ഷകൾ തലനാരിഴ കീറി പരിശോധിച്ച്  ആത്മതൃപ്തി അടയുന്ന സെമിനാർജീവികൾ തങ്ങൾക്കു ഭീഷണിയല്ലെന്ന് ഹിന്ദുത്വവാദികൾ പണ്ടേ തിരിച്ചറിഞ്ഞതാണ്. കൂടെയുള്ളവർ പോലും അവരെ കേൾക്കുന്നില്ലെന്ന്  ഇവർക്കറിയാം. എന്നാൽ, ‘ഉച്ചഭാഷിണിയിൽ മഷിനിറച്ചെഴുതുന്നവരെ’ കേൾക്കാൻ ആളുണ്ടെന്നും അവരെ നിശ്ശബ്ദരാക്കേണ്ടതുണ്ടെന്നും വർഗീയവാദികൾക്ക് നിശ്ചയമുണ്ട്. അവർ അതിനുള്ള പണിയെടുക്കുന്നുമുണ്ട്. മാർഗ്ഗം അവർക്കൊരു പ്രശ്നമേയല്ല. ഉടലിൽ ഒരു കഴുത്തും അതിന്നു മീതേ ഒരു തലയും ബാക്കിയുണ്ടായാൽ മാത്രമേ സിദ്ധാന്തങ്ങളുടെ കൃത്യത പരിശോധിക്കാനും സിവിൽ സൊസൈറ്റി രാഷ്ട്രീയം പരീക്ഷിക്കാനും കഴിയൂ. ആയതിന്ന്, വർഗീയതയുടെ വ്യാപനതന്ത്രങ്ങളെ തോൽപ്പിക്കേണ്ടുണ്ട്. അതിനുള്ള പണിയാണ് പ്രഭാഷണങ്ങളിലൂടെ സുനിലെടുക്കുന്നത്. അതുകൊണ്ടുതന്നെ സൈദ്ധാന്തികവിശുദ്ധിയുടെ സൂക്ഷിപ്പുകളേക്കാൾ, രാഷ്ട്രീമീമാംസാ പ്രബന്ധങ്ങളേക്കാൾ അതിനുപ്രാധാന്യമുണ്ട്.

വാൽക്കഷണം.

വിശ്വാസത്തിന്റെ പ്രമാണങ്ങളുദ്ധരിച്ച്  ഇസ്ലാമിന്റെ പേരിൽ നടത്തുന്ന വർഗീയതകളെ ചെറുക്കാൻ ശ്രമിക്കുന്ന എം.എൻ.കാരശ്ശേരിയെ വിശ്വാസത്തിന്റെ മൊത്തക്കച്ചവടക്കാർഎം എൻ കാരശ്ശേരി നേരിടുന്ന രീതി ഇവിടെ താരതമ്യത്തിനു അർഹമാണ്. കാരശ്ശേരിയ്ക്ക്  അറബിയറിയില്ല, അയാൾ സലഫിയാണ്, ആർ.എസ്.എസ്സിന്റെ കസേരയിലിരുന്നാണ് കാരശ്ശേരി ഇസ്ലാമിനെ വിമർശിക്കുന്നത്  എന്നെല്ലാമുള്ള ഭത്സനങ്ങൾ സുലഭം. ഇസ്ലാം ഇന്ത്യയിൽ ന്യൂനപക്ഷമായതുകൊണ്ട് ഖുറാനും ഹദീസുകളും പ്രമാണമാക്കിയുള്ള വ്യവഹാരത്തിനു അത്രയും പ്രചാരമേയുള്ളൂ എന്നതാകണം മേല്പറഞ്ഞ വിഷയത്തിനു അധികപ്രചാരം ലഭിക്കാത്തിനുകാരണം. സംഘടിതമതക്കാരിൽ ഭൂരിപക്ഷവും ആചാരസംരക്ഷണവ്യഗ്രരാണെന്ന്  പറഞ്ഞതിന്റെ കാരണങ്ങളിൽ ഒന്ന്  ഇതാണ്.

റഫറൻസ്:

ആശിഷ് നന്ദി. (2012). Final Encounter: The politics of the Assassination of Gandhi. In A. Raghuramaraju (Ed.) Debating Gandhi

ഉദയ കുമാർ. (2016). Writing the First Person. Permanent Black New Delhi.

എം.എൻ.വിജയൻ.  (2008). “മാമ്പഴം”. എം.എൻ.വിജയൻ. സമ്പൂർണ്ണകൃതികൾ വാല്യം 1. സാഹിത്യം. 169-175.

കൽപറ്റ നാരായണൻ. “ഉച്ചഭാഷിണിയിൽ മഷിനിറച്ചെഴുതിയ കവി”. എം.എൻ. വിജയൻ ഒരോർമ്മപ്പുസ്തകം.

കുൽകർണി. എസ്.ജി. (2015). Philosophy in Colonial India: The Science Question in Sharad Deshpande (Ed. Philosophy in Colonial India, New Deli: Springer

ടി.വി. മധു/നിസാർ അഹമ്മദ്.  (2018). മാർക്സിനൊപ്പം മാർക്സിനു ശേഷം: സംഭാഷണങ്ങൾ. റാസ്ബെറി ബുക്സ്, കോഴിക്കോട്.

രാധാകൃഷ്ണൻ. എ.സ്. (1948). Indian Philosophy-Vol-1. L Van Leer and Co. London

സുനിൽ പി. ഇളയിടം. (2015). അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ. സാഹിത്യപ്രവർത്തക സഹകരണ സംഘം. കോട്ടയം.

സുനിൽ പി. ഇളയിടം. (2017, October 12). Sunil P Ilayidom – Nation, Nationhood, Secularism | URU conversations. Retrieved from https://www.youtube.com/watch?v=gpqMB7s80MY&t=254s

സുനിൽ പി.ഇളയിടം. (2016, December 31). MAHABHARATHAM : SAMSKARIKA CHARITHRAM – Speech Series by Dr. Sunil P Ilayidam. Retrieved from https://www.youtube.com/watch?v=7JvRnz6XvCk

സുനിൽ പി.ഇളയിടം. (2017). അനുഭൂതികളുടെ ചരിത്രജീവിതം. ചിന്ത പബ്ലിക്കേഷൻസ്. തിരുവനന്തപുരം.

സുനിൽ പി.ഇളയിടം/ശ്രീചിത്തിരൻ (2018, March 22). CRITIQUE (Episode 1) – Politics of Resistance : Interview with Sunil P Ilayidom. Retrieved from https://www.youtube.com/watch?v=ZGgpHmHA9rU

Comments

comments