സണ്ണി എം കപിക്കാടുമായി മായ പ്രമോദ് നടത്തിയ അഭിമുഖം.
1) ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് 70 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും, പൊതുസമൂഹത്തിന്റെ ദലിത്-ആദിവാസി ജാതികോളനികളുടെ നേരെയുള്ള ജാതി-വര്‍ണ്ണ-വംശവെറികള്‍ ഒതുങ്ങി നിന്നില്ല എന്നല്ലേ കെവിന്റെ കൊലപാതകം, ചിത്രകാരനായ അശാന്തന്‍ മാഷിന്‍റെ മൃതദേഹത്തോടുള്ള സമീപനം, അട്ടപ്പാടിയിലെ മധുവിന്‍റെ കൊലപാതകം, ആതിരയുടെ കൊലപാതകം എന്നിവ പോലെയുള്ള സമീപകാലസംഭവങ്ങളും നമ്മെ മനസ്സിലാക്കിത്തരുന്നത്?
നവോത്ഥാനനന്തര കേരളം ജാതിരഹിതം ആയ ഒരു സമൂഹം ആയി മാറിയിരിക്കുന്നു എന്നൊരു തെറ്റിദ്ധാരണ 40-കളിലും 50-കളിലും കേരളത്തിലെ രാഷ്ട്രീയസമൂഹം പടർത്തിയിരുന്നു. ആ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെ സാധാരണമനുഷ്യര്‍ അത്തരം ഒരു വിചാരത്തില്‍ വരികയും ജാതി ഏതാണ്ട് അപ്രത്യക്ഷം ആയിരിക്കുകയാണ് എന്ന് അവർക്ക് തോന്നുകയും ചെയ്യുന്നു. അത്തരം ഒരു തോന്നലില്‍ സംഭവിച്ച ഒരു കാര്യം ജാതീയമായ അധിക്ഷേപങ്ങളും ജാതീയമായ അക്രമങ്ങളും നടന്നാല്‍ അത് ജാതി മൂലമാണെന്ന് പറയുവാനുള്ള ഒരു space പൂര്‍ണ്ണമായും നഷ്ടപ്പെടുകയും അത് തികച്ചും വ്യക്തിപരമായ തെറ്റിദ്ധാരണകളിലൂടെ സംഭവിക്കുന്നതാണെന്ന ചിന്തയിലേക്ക് സമൂഹം വരികയും ചെയ്യുന്നു എന്നുള്ളതാണ്. അത് യഥാര്‍ത്ഥത്തിൽ രാഷ്ട്രീയസമൂഹം തെറ്റായി പ്രചരിപ്പിച്ച കാര്യം ആണെന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.
അത്തരം തോന്നലുകള്‍ ആണ് കെവിന്റെ കൊലപാതകം, അശാന്തന്‍ മാഷിനോട് ഉള്ള സമീപനം, മധുവിന്‍റെ കൊലപാതകം, മറ്റു ജാതികൊലപാതകങ്ങൾ എന്നിവയിലെല്ലാം കാണുന്നത്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ നിന്നും ജാതി അപ്രത്യക്ഷം ആവുകയല്ല, പകരം കൂടുതല്‍ ദൃശ്യപരതയോടെ ജാതി കൂടുതല്‍ സജീവം ആവുകയാണ് ചെയ്യുന്നത് എന്നതാണ് പ്രധാനകാര്യം. കേരളത്തിലെ മുഴുവന്‍ ആള്‍ക്കാരും ജാതി പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ പ്രസക്തം അല്ല. സമൂഹത്തില്‍ ഒരാള്‍ ജാതിക്ക് എതിരായ പ്രവര്‍ത്തനം നടത്തിയാല്‍ അയാളെ പിന്‍തിരിപ്പിക്കുവാനും നിങ്ങള്‍ ജാതിയില്‍ തന്നെ ജീവിച്ച് നിയമങ്ങള്‍ പാലിക്കണം എന്നും ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഒരു ജാതി കേരളം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തം മകളെ കൊന്ന ആ ജാതികൊലപാതകത്തെകുറിച്ച് ആലോചിച്ചാല്‍, സ്വന്തം മകളെ കൊന്ന ആ സംഭവത്തില്‍, ആതിരയുടെ അച്ഛന്റെ സമുദായവും സ്വന്തക്കാരും സ്വദേശവാസികളും അടക്കം, മകളെ ഒരു ദലിതന് കൊടുക്കുന്നതിലും ഭേദം മരണം ആണെന്ന് പറഞ്ഞുവെന്നതിൽ ഒരു തര്‍ക്കവും വേണ്ട. അയാളോട് “നീ എന്തിനാണ് ജീവിക്കുന്നത്, നിനക്ക് പോയി ചത്തു കൂടേ?” എന്ന് ചോദിക്കുന്ന ജാതികേരളം ഉണ്ട്. മകളെ പട്ടികജാതിക്കാരന് കെട്ടിച്ചുകൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍, അതിനെ അംഗീകരിച്ച്, അയാളോട് ചേര്‍ന്നു നില്‍ക്കാന്‍, അതിനെ സ്വാഗതം ചെയ്യാന്‍ തയ്യാറാകുന്ന ഒരു പൌരസമൂഹം എന്തുകൊണ്ട് ഉണ്ടാവുന്നില്ല അരീക്കോട്? ഇതേ നിലതന്നെയാണ് അശാന്തന്റെ മൃതദേഹത്തെ അപമാനിക്കുമ്പോള്‍ അവിടെ നില്‍ക്കുന്ന ലളിതകലാ അക്കാഡമിയുടെ മാന്യന്മാര്‍ക്കുള്ളതും. ഇത് നടക്കില്ല എന്ന് പറയാന്‍ അവർ തയ്യാറാവുന്നില്ല.
ജാതിമതിലിന്റെ കാര്യം ഉന്നയിക്കുമ്പോള്‍ അത് ജാതിമതില്‍ അല്ല, വെറും മതില്‍ ആണെന്ന് ഉന്നയിക്കാനാണ് ആള്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനകത്തെ ജാതീയമായ ഘടകങ്ങളെ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ തയ്യാറല്ല. അതിനു കാരണം, കേരളത്തിലെ രാഷ്ട്രീയസമൂഹം ഇവരെ പഠിപ്പിച്ചത് ജാതി എന്നത് പരസ്യമായിപറയാന്‍ കഴിയുന്നതല്ല എന്നാണ് എന്നുള്ളതുകൊണ്ടാണ്. എന്നാല്‍ മഹാത്മ അയ്യങ്കാളിയുടേയും പൊയ്കയില്‍ അപ്പച്ചന്റെയും കാലത്ത് ജാതി, ജാതിവിവേചനം, അടിമത്തം എന്നിവ ചര്‍ച്ച ചെയ്യുകയും, അതിന് ഒരു പരിഹാരം ഉണ്ടാക്കുവാന്‍ തുറന്ന പ്രക്ഷോഭം ഉണ്ടാവണമെന്ന നിലപാടെടുക്കുകയും ചെയ്തിരുന്നു.
അതേ നാട്ടിലാണ് 30-കളില്‍ ഉണ്ടായി വന്ന ഒരു രാഷ്ട്രീയസമൂഹം ഇത് തുറന്ന് ചര്‍ച്ച ചെയ്യരുത് എന്ന് മലയാളിയെ പഠിപ്പിക്കുന്നത്. അതുകൊണ്ട്, ഒരു പൊതുസമൂഹത്തിലെ വ്യക്തി സമൂഹത്തില്‍ ജാതിരഹിതന്‍ ആയിവാഴുകയും, വീട്ടില്‍ ജാതിമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ജാതിമലയാളി ആയി തുടരുകയും ചെയ്യുന്ന, ഇരട്ടത്താപ്പ് ഉള്ള മനുഷ്യരെ സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമാണ്. മലയാളി അകപ്പെട്ടിരിക്കുന്ന വലിയ ഒരു പ്രതിസന്ധി ആണ് അതെന്നുള്ളതാണ് പ്രധാനം. ആ പ്രതിസന്ധിയെ മറികടക്കുന്നതിനു പകരം, 70 വര്‍ഷത്തിലും അത് സംഭവിച്ചോ സംഭവിച്ചോ എന്ന് ചോദിക്കുന്ന ഒരു സമൂഹം ആണ് നമ്മുടേത്. അതിനെ നമ്മള്‍ തള്ളിക്കളയണം.
2) 1960-കള്‍ തൊട്ട് ആരംഭിക്കുന്ന ദലിത് -കീഴാള നവോത്ഥാനം എന്തു തരം തിരിച്ചറിവുകള്‍ ആണ് കേരളത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്? പ്രത്യേകിച്ച്, ഇത്രയധികം ജാതി സംഘടനകളും അതല്ലാതെ സാംസ്കാരിക സംഘടനകളും ഉള്ളപ്പോള്‍ തന്നെ ദലിത് എന്ന വാക്കില്‍ ഉണ്ടായിരിക്കുന്ന ഉണര്‍വിനെ എങ്ങിനെ കാണുന്നു?
60-കളുടെ അവസാനഘട്ടം മുതല്‍ ആരംഭിക്കുന്ന ദലിത്-കീഴാള ചിന്താധാര വളരെ സജീവം ആയി കേരളത്തില്‍ ഉണ്ട്. യഥാര്‍ഥത്തില്‍ കേരളത്തിലെ നവോത്ഥാനധാരയിലെ കീഴാളപാരമ്പര്യങ്ങളെ, സഹോദരന്‍ അയ്യപ്പനോ അയ്യങ്കാളിയോ പൊയ്കയില്‍ അപ്പച്ചനോ ശ്രീനാരായണഗുരുവോ, അങ്ങനെ ഉള്ള കീഴാളധാരകളെ വീണ്ടെടുക്കുന്ന പ്രധാനപ്പെട്ട ചരിത്രസംഭവങ്ങള്‍ ആണ് ദലിത് മുന്നേറ്റങ്ങള്‍. ദലിത് മുന്നേറ്റങ്ങള്‍ ആണ് അവയെ തിരിച്ചെടുത്തത് എന്നത് ഒരു സംശയവും ഇല്ലാത്ത കാര്യം ആണ്. കേരളത്തിലെ ഒരു ജാതിസംഘടനയും അല്ല അതിന്റെ വക്താക്കള്‍. കല്ലറ സുകുമാരന്‍, പോള്‍ ചിറക്കരോട്, ഡോ കെ കെ മന്മഥന്‍, കെ. കെ. എസ് ദാസ് അടക്കമുള്ള ഒരു നിര 1960-കളുടെ അവസാനത്തോടു കൂടി സജീവമായി രംഗത്തുണ്ട്. അവരാണ് യഥാര്‍ത്ഥത്തില്‍ ഈ പാരമ്പര്യങ്ങളെ വീണ്ടെടുക്കുന്നത്, ചരിത്രത്തിലേക്ക് പുനര്‍നയിക്കുന്നത്.
പല ജാതികള്‍ ആയി പിരിഞ്ഞ, 68 അയിത്തജാതികള്‍ ആയി പിരിഞ്ഞ, കേരളത്തിലെ ദലിതര്‍ ഒരൊറ്റജനത ആണെന്നുള്ള, അയ്യങ്കാളിയുടെ നമ്മളെല്ലാരും ഒരു ജനത ആണെന്ന സാധുജനപരിപാലന സങ്കല്‍പനം, നമ്മള്‍ എല്ലാവരും ഒന്ന് എന്ന ദലിത് ചിന്താധാര, പിന്നീട് വീണ്ടെടുക്കുന്നത് കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ ഉള്ള ദലിത്
മുന്നേറ്റങ്ങളാണ് – വലിയ രീതിയില്‍. അതിനൊരു പ്രത്യേകത എന്താണെന്നു വെച്ചാല്‍ 40-കള്‍ക്കു ശേഷം രണ്ട് പതിറ്റാണ്ടു കാലം കാര്യങ്ങള്‍ മൊത്തത്തില്‍ നിശ്ശബ്ദം ആയിരുന്നു. അതിനു ശേഷം പൊതു സമൂഹത്തോടു സംസാരിച്ചു കൊണ്ടാണ് ദലിതര്‍ക്ക് ഇടയില്‍ ഒരു ഉണര്‍വ്വ് ഉണ്ടാകുന്നത്. ഈ കേരളീയസമൂഹം തന്നെ ഒട്ടും ജനാധിപത്യപരം അല്ലാ എന്ന ഗുരുതരമായ ആരോപണമാണ് ദലിത് മുന്നേറ്റങ്ങള്‍ ഉന്നയിച്ചത്. അതിനെ ഉന്നയിക്കുന്നതിലൂടെ കേരളത്തിലെ കപടജനാധിപത്യത്തെ തുറന്നു കാണിക്കുകയും കേരളീയ സമൂഹത്തില്‍ എങ്ങിനെ ആണ് ജാതി പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു കാണിക്കുകയും സവര്‍ണ്ണമേധാവിത്വം എങ്ങിനെ വിധ്വംസകം ആയി തുടരുന്നു എന്നു പറയുകയും ചെയ്തത് ദലിത് മുന്നേറ്റങ്ങള്‍ ആണ്.
ഇങ്ങനെ ഇത്തരം ഒരു discourse വന്നതോടു കൂടി കേരളീയസമൂഹത്തില്‍ വലിയ അഴിച്ചുപണി സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ ജാതി എന്നതിനെക്കുറിച്ച്, ജാതിയുടെ അധിക privilege-കള്‍ ഉള്ള വിഭാഗങ്ങള്‍ വെറുതെ സംസാരിക്കരുത് എന്ന സാഹചര്യം ഉണ്ടാക്കിയത് ദലിത് മുന്നേറ്റങ്ങള്‍ ആണ്. അത് സാഹിത്യത്തിലായാലും, കലയിലായാലും, രാഷ്ട്രീയത്തില്‍ ആയാലും ദലിത് ഇടപെടലുകള്‍ തള്ളികളയാന്‍ സാധിക്കാത്ത വിധം ശക്തമാണ്. അങ്ങിനെ കേരളീയസമൂഹത്തെ അഴിച്ചു പണിയാന്‍ കഴിയും വിധം ഒരു സാമൂഹ്യശക്തി ആയി, ധൈഷണികശക്തി ആയി കേരളത്തിലെ ദലിത് മുന്നേറ്റങ്ങള്‍ ഉണ്ട് എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.
3) ദലിത്-ആദിവാസി സമൂഹങ്ങളുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയ ഒരു സാമൂഹികസൈദ്ധാന്തികന്‍ എന്ന നിലയ്ക്ക്, ദലിത്-ആദിവാസി സമൂഹങ്ങളുടെ മൂലധന രൂപീകരണത്തെ എങ്ങിനെ കാണുന്നു, പ്രത്യേകിച്ച് ജാതി തന്നെ ഒരു സാമൂഹിക മൂലധനം ആയി മാറുന്ന ഈ കാലഘട്ടത്തില്‍?
ജാതി എന്നത് കേവലം മനുഷ്യന്‍റെ മനോഭാവം അല്ല. മറിച്ച്, സ്വത്ത്, അധികാരം, പദവി എന്ന നിലയില്‍ നിന്നും വലിയ ഒരു വിഭാഗത്തെ പുറത്തു നിർത്തുന്ന ഒരു സാമൂഹ്യ ബലതന്ത്രമാണ് ജാതി. ആ നിലയ്ക്ക് സ്വത്ത് സമ്പാദിക്കുക എന്നു പറയുന്നത് തന്നെ ഒരു കുറ്റകൃത്യം ആണെന്ന ധാരണ പുലര്‍ത്തുന്ന ഒരു സമൂഹം ആണ് ഇന്ത്യയില്‍ ഉള്ളത്. അപ്പോള്‍ അതുകൊണ്ടു തന്നെ ദലിതര്‍ക്കോ ആദിവാസികൾക്കോ സ്വത്ത് സമ്പാദിക്കുവാന്‍ കഴിയുമായിരുന്നില്ല. ഈ പുതിയ ഒരു സാഹചര്യം രൂപം കൊള്ളുമ്പോഴും ജാതി എന്ന സംഗതിയെ കര്‍ശനമായി സമീപിക്കാത്തതു കൊണ്ടും അതിന്റെ mechanism-ത്തെ ദുര്‍ബ്ബലപെടുത്തുന്ന പുതിയ നയതന്ത്രങ്ങള്‍ ഉണ്ടാവാത്തതു കൊണ്ടും ഈ പുതിയ സാഹചര്യത്തിലും അവര്‍ക്ക് ഒരു മൂലധനശക്തി ആയി മാറാന്‍ കഴിയുന്നില്ല എന്നതാണ് അതിന്റെ യാഥാര്‍ത്ഥ്യം.
അപ്പോഴും സവിശേഷമായി പറഞ്ഞാല്‍ കേരളത്തിലെ ആദിവാസി സമൂഹത്തിന് കുറേ കാപ്പിറ്റലുകള്‍ ഉള്ളവര്‍ ആണ്. അവര്‍ക്ക് സ്വന്തം നിലയ്ക്ക് വൈദ്യത്തിന്റെയും അതുപോലെ കലയുടേയും കൃഷിയുടേയും വിജ്ഞാനത്തിന്റെയും ഒരു കാപ്പിറ്റല്‍ ഉണ്ട്. ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ വലിയ വില വരുന്ന ഒരു കാപ്പിറ്റല്‍ ആണ് ഇത്. എന്നാല്‍ കേരളം നാളിതുവരെ ഭരിച്ച ഒരു ഗവണ്മെന്റും ഈ വിജ്ഞാനമൂലധനത്തെ internationalize ചെയ്യുവാന്‍ ഉള്ള ഒരു പദ്ധതി ആവിഷ്കരിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, അവരോട് കാപ്പിറ്റലിന് എന്തോ കുഴപ്പം ഉണ്ടെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സാംസ്കാരികയുക്തിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍, ആദിവാസി ചികിത്സ പോലെ തന്നെ, തലമുറകളായി അവര്‍ മെനഞ്ഞെടുത്ത അനേകം വിദ്യകള്‍ ഉണ്ട്, ഇതിനൊക്കെ ഇന്റര്‍നാഷണല്‍ തലത്തില്‍ വലിയ അംഗീകാരം കിട്ടുന്ന കാര്യങ്ങളാണ്. അതൊന്നും നമ്മള്‍ ചെയ്തിട്ടില്ല.
കേരളത്തിലെ ദലിതര്‍ക്കിടയില്‍ കരകൌശലത്തിന്റെ വലിയ ഒരു സാദ്ധ്യത ഉണ്ട്. എന്നാല്‍ ഇതൊന്ന് ദേശീയ തലത്തില്‍ എത്തിക്കാനും മറ്റും കേരളത്തിലെ ഒരു ഗവണ്മെന്റും ശ്രമിച്ചിട്ടില്ല. എന്നാല്‍ ചെത്ത്-കള്ളു വ്യവസായം ആധുനികവല്‍ക്കരിച്ചു, തഴപ്പായ നെയ്ത്ത് അന്യം നിന്നു പോവുകയും ചെയ്തു. ഇങ്ങനെയുള്ള ഗവണ്മെന്റ് പോളിസികളുടെ ഭാഗം കൂടിയാണ് കേരളത്തിലെ ദലിത്-ആദിവാസികള്‍ക്ക് മൂലധനരൂപീകരണത്തില്‍ എത്താന്‍ കഴിയാതെ പോയത് എന്നതു കൂടി നമ്മള്‍ കാണേണ്ടതുണ്ട്.
4) സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് നമ്മള്‍ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യം ആണ്. സ്വത്വരാഷ്ട്രീയത്തിന്‍റെ വൈജ്ഞാനിക പ്രത്യയശാസ്ത്ര സമീപനങ്ങളില്‍ പുതിയതായി രൂപം കൊള്ളുന്ന നവസാമൂഹികമാധ്യമങ്ങള്‍, പ്രസ്ഥാനങ്ങള്‍, രാഷ്ട്രീയസംഘടനകള്‍ എങ്ങിനെ കാണുന്നു, ഇവരുടെ സാംസ്കാരികഇടപെടലുകളെ?
സ്വത്വവാദത്തെ സംബന്ധിച്ച കേരളത്തിലെ സംവാദങ്ങളെ നമ്മള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. സ്വത്വവാദത്തെ സംബന്ധിച്ച് കേരളത്തില്‍ ഗൗരവതരമായ ഒരു സംവാദങ്ങളും നടന്നിട്ടില്ല എന്നു വിചാരിക്കുന്ന ഒരാളാണ് ഞാന്‍. കാരണം സ്വത്വവാദം എന്നാല്‍ ഇന്നതിന്നത് ആണ് എന്ന്, 1, 2, 3, 4 എന്ന് എണ്ണമിട്ട് സ്വത്വവാദത്തിന് എതിരെ നില്‍ക്കുന്നവര്‍ അതിനെ വിശദീകരിക്കുകയും എന്നിട്ട് അതിന് ഉത്തരം പറയുകയുമാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ദലിതരും ആദിവാസികളും എന്താണ് ചെയ്യുന്നത് എന്നതിനെകുറിച്ച് അവര്‍ക്ക് concern ഇല്ല. ആദിവാസികള്‍ എന്തുകൊണ്ടാണ് ഒരു സ്വത്വവിഭാഗം എന്ന നിലയ്ക്ക് മലയാളിയോട് സംസാരിക്കുന്നത് എന്ന ആ ചോദ്യത്തെ അല്ല അവര്‍ അഭിസംബോധന ചെയ്യുന്നത്. മറിച്ച്, അവര്‍ അതിനെക്കുറിച്ച് പറഞ്ഞാല്‍ സമൂഹം തകര്‍ന്നു പോകും എന്ന വാദമാണ് ഉയര്‍ത്തുന്നത്. യഥാര്‍ത്ഥത്തില്‍ സ്വത്വവാദം എന്നത്, സ്വത്വം എന്നത്, ചരിത്രപരമായി രൂപം കൊള്ളുന്ന ഒരു state of consciousness ആണ്. ഒരു ജനത കൈവരിക്കുന്ന ആത്മബോധം ആണ് അത്. ഒരു ചരിത്രഘട്ടത്തില്‍ സമൂഹവും ആയി സംവദിക്കാന്‍, സമൂഹവും ആയി അനുഭവങ്ങള്‍ പങ്കു വയ്ക്കാന്‍, ഒരു ജനത കൈവരിക്കുന്ന ബോധ്യത്തെ ആണ് നമ്മള്‍ സ്വത്വം എന്ന് വിളിക്കുന്നത്. ഇത്തരം സ്വത്വം എന്ന് ഇവര്‍ വിളിക്കുന്ന ദലിതര്‍/ ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, തീരദേശ വിഭാഗങ്ങള്‍ എന്നിവർ നടത്തിയ ഇടപെടലുകള്‍ ആണ് കേരളത്തെ നവീകരിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ നായന്മാര്‍ക്ക് ഇടയിലുള്ള സാംസ്കാരികനായകന്മാര്‍ ഉണ്ടാക്കുന്ന സാംസ്കാരിക പ്രോഡക്റ്റുകൾ കേരളത്തെ 150 കൊല്ലം പുറകോട്ടാണ് കൊണ്ടുപോകുന്നത്. മറിച്ച്, ദലിത്/ ആദിവാസി/ ന്യൂനപക്ഷങ്ങള്‍, മറ്റു പിന്നോക്കവിഭാഗങ്ങളില്‍ നിന്ന് ഉയർന്നു വന്ന കലാകാരന്മാര്‍, എഴുത്തുകാര്‍, കവികള്‍, നോവലിസ്റ്റുകള്‍, സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയിട്ടുള്ളവര്‍ കേരളത്തിനു പുതിയൊരു സംവേദനക്ഷമത ഉണ്ടാക്കി എടുക്കുന്നുണ്ട്. എന്നാല്‍ ഇത് പൊതുസമൂഹം അംഗീകരിച്ച് തരുന്ന ഒന്നല്ല. അടിസ്ഥാനം ആയി പറയാനുള്ള ഒരു പ്രധാനകാര്യം, സാഹിത്യത്തെ നവീകരിച്ചതില്‍ ദലിത് എഴുത്തിന് ഉള്ള പങ്ക് നിസ്സാരം അല്ല, വളരെ പ്രധാനപ്പെട്ടതാണ്. മറിച്ച്, പ്രബലചരിത്രധാരണയ്ക്ക് ഉള്ളില്‍ നില്‍ക്കുന്ന പ്രബലവിഭാഗങ്ങള്‍ കേരളത്തെ degenerate ചെയ്തുകൊണ്ടിരിക്കുന്നു, നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
5) കേരളമോഡല്‍ വികസനവും ഭൂപരിഷ്കരണവും ദലിതര്‍ക്കും ആദിവാസികള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും നല്‍കിയത് 3 സെന്റ് കോളനികള്‍ ആയിരുന്നല്ലോ? ഗവണ്മെന്റിന്റെ പുതിയ പാര്‍പ്പിടപദ്ധതി ആയ ലൈഫ്ലൈന്‍ വരുന്നതോടു കൂടി എന്താണ് ദലിതര്‍/ ആദിവാസികള്‍ ഇവര്‍ക്ക് ഇടയില്‍ ഉണ്ടാകാന്‍ പോകുന്നത്?
കേരളത്തിലെ ഉടമസ്ഥതയും ജാതിയും ആയി രക്തബന്ധം ഉണ്ട് എന്നുള്ളതാണ് കേരളത്തിലെ ഇടതുപക്ഷത്തിന് ഇനിയും മനസ്സിലാകാത്ത കാര്യം. ആര്‍ക്ക് കേരളത്തില്‍ ജന്മി ആകാം എന്ന ചോദ്യത്തിന് ചില പ്രത്യേക വിഭാഗത്തിനു മാത്രമേ കഴിയുമായിരുന്നുള്ളൂ എന്നതാണ് ഉത്തരം. കുടിയാന്‍ ആകാനും, അടിമ ആകാനും ദലിത്/ ആദിവാസികള്‍ അടക്കമുള്ള ചില പ്രത്യേക വിഭാഗങ്ങളും. അത്തരം ഒരു സാഹചര്യത്തില്‍ നിന്നും ഭൂമി എല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ ഉള്ള നിയമനിര്‍മ്മാണം നടത്തുമ്പോള്‍ ജാതിയെ പ്രധാനപ്പെട്ട ഒരു ഫാക്റ്റര്‍ ആയി മനസ്സിലാക്കണമായിരുന്നു. അവര്‍ അത് മനസ്സിലാക്കാതെ പോയതു കൊണ്ടുതന്നെ, കേരളത്തിലെ കാര്‍ഷികമേഖലയില്‍ അടിമകള്‍ ആക്കപ്പെട്ട ഒരുവിഭാഗം ജനവിഭാഗങ്ങള്‍ പുറത്താവുകയും, ആ പുറത്തായ ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കാനായി കേരളത്തില്‍ ഇരുപത്തിഒന്‍പതിനായിരത്തില്‍ അധികം ദലിത്/ആദിവാസികോളനികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ദലിതരുടേയും ആദിവാസികളുടേയും ഭൂരാഹിത്യം എന്നത് സര്‍ക്കാര്‍ നിര്‍മ്മിത ഭൂരാഹിത്യം ആണ്.
ഭൂമി ഇല്ല എന്ന സര്‍ക്കാര്‍ വാദം തീര്‍ത്തും കപടമായ വാദം ആണ്. കാരണം, വിതരണം ചെയ്യപ്പെടാന്‍ യോഗ്യമായ ഭൂമി ഉണ്ട് എന്നതിനു കണക്കുകളുണ്ട്. എന്നാല്‍ ഭൂമി വിതരണം ചെയ്യാതെ, ഉയര്‍ന്നു വരുന്ന ഒരു ജനതയെ 3.5 സെന്റ് ഭൂമിയില്‍ നിന്ന് 800 സ്ക്വയര്‍ ഫീറ്റ് ഫ്ലാറ്റുകളിലേക്ക് തളച്ചിടുന്നതായി മനസ്സിലാക്കണം. അതുവഴി, അവരുടെ സാമൂഹ്യമായും, സാംസ്കാരികമായും, സാമ്പത്തികമായുമുള്ള പുരോഗതിയുടെ സാധ്യതയെക്കൂടിയാണ് ഇല്ലാതാക്കുന്നത്. ഇതിനു പകരം, രണ്ടരപതിറ്റാണ്ടായി കേരളത്തിലെ ദലിതരും ആദിവാസികളും ആവശ്യപ്പെടുന്നത് ഭൂമിയുടെ പുനര്‍വിതരണം ആണ്. ആ പുനര്‍വിതരണത്തില്‍ ജാതി പ്രധാനപ്പെട്ട ഒരു മാനദണ്ഡം ആയിരിക്കണം. ആ നിലയ്ക്ക് ഗവണ്മെന്റ് വരിക, ഉദാഹരണത്തിന് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് 5 ഏക്കര്‍ ഭൂമി വിതരണം ചെയ്ത് പട്ടയം നല്‍കുകയും, ആ പട്ടയം അന്നു രാത്രി തന്നെ തിരിച്ചു മേടിച്ച്, കോപ്പറേറ്റീവ് സൊസൈറ്റി ഉണ്ടാക്കുന്നു. ശേഷം, കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ ഉള്ള സ്ഥലത്ത്, അതായത് ആദിവാസിയുടെ സ്വന്തം സ്ഥലത്ത്, കൂലിപ്പണിക്കാര്‍ ആയി ഇതേ ആദിവാസികളെ എത്തിക്കുന്നു. നാല്-അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍, സൊസൈറ്റി നഷ്ടത്തിലായി, ആദിവാസിക്ക് ഭൂമിയും ഇല്ല, കൂലിപ്പണിയും ഇല്ല എന്ന സാഹചര്യം സംജാതം ആവുകയും ചെയ്യുന്നു. ഇത് ആരാണ് ചെയ്തത്, ആരാണ് പറയുന്നത്? ഗവണ്മെന്റ് പോളിസികള്‍ തന്നെയാണ് ദലിതനേയും ആദിവാസിയേയും മറ്റു പിന്നോക്കവിഭാഗങ്ങളേയും ഭൂരഹിതനാക്കുന്നത്. അതിനാല്‍ ആ ഗവണ്മെന്റ് പോളിസികള്‍ തന്നെയാണ് മാറേണ്ടത്.
6) ജാതിവിവേചനത്തിന്റെ യഥാര്‍ത്ഥ ചരിത്രങ്ങള്‍ക്ക് അപ്പുറം വിഭവാധികാരത്തിന്റെ ഇടുങ്ങിയ സാമൂഹ്യവ്യവസ്ഥയിലേക്ക് കേരളത്തിലെ ജാതിസമൂഹങ്ങള്‍ പോകുന്നതായി തോന്നുന്നുണ്ടോ?
തീര്‍ച്ചയായും. 2003-ല്‍ ഒരു ലേഖനം എഴുതുകഉണ്ടായി – “മാറുന്ന ദലിത് അജണ്ട”. മുത്തങ്ങ സമരത്തിന്റെയും ആദിവാസി പ്രക്ഷോഭത്തിന്റെയും അനുഭവത്തില്‍ നിന്നാണ് ആ ലേഖനം എഴുതുന്നത്. അന്ന് ആ ലേഖനത്തില്‍ പറഞ്ഞ പ്രധാനകാര്യം – “ഇനി കേരളത്തിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് ഭൂമിയുടെ മേല്‍ അവകാശവാദം ഉന്നയിക്കാന്‍ പോകാതെ പോകാന്‍ കഴിയില്ല” എന്നു തന്നെയാണ്. 2003-ല്‍ പറഞ്ഞ കാര്യം അത്ര പ്രാധാന്യത്തില്‍ വന്നില്ല. എന്നാല്‍ പിന്നീടു കാണാന്‍ കഴിയുന്ന കാര്യം ദലിത്/ആദിവാസി മുന്നേറ്റങ്ങള്‍ മാത്രമല്ല, മറ്റു മുന്നേറ്റങ്ങളും ഭൂമിയെകുറിച്ച് സംസാരിക്കുന്നതാണ്. അതായത്, പഴയ ജാതിവിവേചനത്തിന്റെ കേവലമായ ഒരു പ്രതിരോധം എന്നതിന് അപ്പുറം സ്വയം assert ചെയ്യുന്ന ഒരു മുന്നേറ്റം ആയി കേരളത്തിലെ ദലിത്/ ആദിവാസി മുന്നേറ്റങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. പക്ഷെ, നമ്മുടെ സാംസ്കാരികമേഖലയില്‍ നില്‍ക്കുന്നവര്‍ നിരന്തരംപറഞ്ഞു കൊണ്ടിരിക്കുന്നത് വിവേചനത്തിന്റെ യുക്തികളിലാണ് ദലിത് രാഷ്ട്രീയം ജീവിക്കേണ്ടത് എന്നാണ്. ഭൂമി നമ്മള്‍ ചോദിക്കേണ്ടതില്ല എന്ന അഭിപ്രായം ഉള്ള സാംസ്കാരിക നായകന്മാര്‍ വരെ ഇതില്‍ ഉണ്ട് എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. 29,000 ദലിത് കോളനികളില്‍ ഇരിക്കുന്ന ദലിതരെ ആണ് ഇവര്‍ ഉദ്ദേശിക്കുന്നത് എന്നതാണ് ഇതിലെ വൈരുദ്ധ്യം.
7) കേരളത്തിലെ ഇതുവരെ നടന്നിട്ടുള്ള ഭൂസമരങ്ങള്‍, ‘ചലോ തിരുവനന്തപുര’ത്തിന്‍റെ ഒരു സംഘാടകന്‍ എന്ന നിലയില്‍ ജിഗ്നേഷ് മേവാനിയുടെ പങ്കാളിത്തം, ഇന്ത്യന്‍ രാഷ്ട്രീയതലത്തില്‍ അദ്ദേഹം ഒരു MLA ആയിവരുന്നു – ഇത്തരം മുന്നേറ്റങ്ങള്‍ കേരളത്തില്‍ പ്രതീക്ഷിക്കാമോ?
കേരളത്തില്‍ സമാനമായ മുന്നേറ്റം ആണു നടക്കേണ്ടത്. പക്ഷെ, കേരളത്തിന്റെ ഒരു പ്രശ്നം എന്താണെന്നുവെച്ചാല്‍, കേരളത്തിലെ ജാതിസംഘടനകള്‍ എന്ന് വിളിക്കുന്ന ഉപജാതിസംഘടനകള്‍ ഇവിടെ വളരെ സുശക്തമാണ്. ഗുജറാത്തിലെ അവസ്ഥ എന്തെന്നാല്‍ ദലിത് ജാതികള്‍ക്ക് ഇടയില്‍ ഉള്ള ജാതിസംഘടനകള്‍ അത്ര ശക്തമല്ല. അതുകൊണ്ടു തന്നെ അവര്‍ക്ക് ഇത്തരം മുന്നേറ്റങ്ങളിലേക്കു വരാന്‍ വളരെ എളുപ്പമാണ്. ഇവിടെ ജാതിസംഘടനകള്‍ മാത്രം അല്ല, ഇവിടുത്തെ ഓരോ രാഷ്ട്രീയപാര്‍ട്ടിയും കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാതെ ദലിത് മേഖലയില്‍ വളരെ സജീവമായിപ്രവര്‍ത്തിക്കുന്നു. അങ്ങിനെ രാഷ്ട്രീയപാര്‍ട്ടികള്‍ ആയാലും ജാതി സംഘടനകള്‍ ആയാലും, ദലിതര്‍ ഒരു സ്വതന്ത്ര തീരുമാനത്തിലേക്കു വരുന്നതിനെ തടയിടുന്ന സ്ഥാപനങ്ങളായാണ് വര്‍ത്തിക്കുന്നത്. ഇതാണ് കേരളത്തിലെ ദലിത് രാഷ്ട്രീയ മുന്നേറ്റത്തിന്റെ തടസ്സങ്ങളില്‍ ഒന്ന്.
ജിഗ്നേഷ് മേവാനി പറഞ്ഞ 5 ഏക്കര്‍ ഭൂമി ദലിതര്‍ക്കു വേണം എന്നു പറഞ്ഞ കാര്യം. 2000 മുതല്‍ പറയുക മാത്രമല്ല , പ്രക്ഷോഭം നടത്തി ഭൂമി വാങ്ങിയ സ്ഥലമാണ് കേരളം എന്നോര്‍ക്കണം. എന്നിട്ടും അതിന്‍ റെനേതാക്കളായ ഗീതാനന്ദനോ C. K ജാനുവിനോ ജിഗ്നേഷിനെപോലെ ഒരു നാഷണല്‍ ഫ്രെയിമില്‍ വരാന്‍ കഴിയാത്തത് മേല്പറഞ്ഞ തടസ്സത്തെ നീക്കം ചെയ്ത് മുന്നോട്ടു പോകാന്‍ കഴിയാത്തതുകൊണ്ടാണ്. ഇവിടത്തെ പ്രധാന പ്രശ്നം രാഷ്ട്രീയ കക്ഷികള്‍ നമ്മുടെ ആള്‍ക്കാരെ തടഞ്ഞിട്ടുണ്ട്, അതുപോലെ ജാതി സംഘടനകളും. അതിനാല്‍ തന്നെ ദലിത് മുന്നേറ്റങ്ങള്‍ ഒരു ആശയം എന്ന നിലയില്‍ ശക്തവും എന്നാല്‍ സംഘടനാപരമായി ദുര്‍ബ്ബലവും ആയി പോകുന്നു. ഒരു സാമൂഹികപ്രവര്‍ത്തകന്‍ എന്നനിലയില്‍ ഞാന്‍ മനസ്സിലാക്കുന്ന കാര്യം, ജിഗ്നേഷ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ആശയത്തിന് ഇന്ത്യയുടേയും കേരളത്തിന്റേയും രാഷ്ട്രീയത്തില്‍ പ്രസക്തിയുണ്ട് എന്നാണ്.
8) ദലിത് വൈജ്ഞാനികതയെ മനസ്സിലാക്കുന്ന രീതിയില്‍ പൊതുവൈജ്ഞാനികത പരാജയപ്പെട്ടിട്ടുണ്ടോ?
ദലിത് വൈജ്ഞാനികത എന്നത് ദലിതര്‍ ദലിതരോടു പറയുന്നതോ ദലിതര്‍ക്കു മാത്രമായി എഴുതുന്ന ഒന്നോ അല്ല. ദലിത് വൈജ്ഞാനികത കേരളത്തെ കുറിച്ച്, ഇന്ത്യയെ കുറിച്ച് മറ്റൊരു വൈജ്ഞാനികമായ ഭാവന നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ നിര്‍മ്മിക്കുന്ന ആ ആഭിപ്രായത്തോടാണ് സമൂഹം സംവദിക്കേണ്ടത്. ഇങ്ങനെ ഒരു തെറ്റിദ്ധാരണ
നിര്‍മ്മിക്കപ്പെട്ടു കിടക്കുന്നതിനെ പൊളിച്ചെഴുതി കൊണ്ടാണ് ദലിത് ഇടങ്ങളില്‍ നിന്ന് കഥകളും കവിതകളും പ്രഭാഷണങ്ങളും ലേഖനങ്ങളും ഉണ്ടായിട്ടുള്ളത്. അത്തരത്തില്‍ ഉണ്ടാവുന്ന അറിവുകളോടാണ് സമൂഹം തീർച്ചയായും സംസാരിക്കേണ്ടത്. എസ് ജോസഫിന്റെ കവിതകൾക്ക് സ്ഫടികസമാനമായ ഭാഷയാണ്. ഭാഷയുടെയും അനുഭവത്തിന്റെയും പുതിയ ലോകം തന്നെയാണ് ജോസഫിനെപ്പോലെയുള്ള നിരവധി കവികളും, കലാകാരന്മാരും, ചിത്രകാരന്മാരും തുറന്നിടുന്നത്.
9) കേരളത്തിലെ LGBTIAQ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെ, വളര്‍ച്ചയെ എങ്ങിനെ കാണുന്നു?
ചലോ തിരുവനന്തപുരവും ആയി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരടുരേഖയില്‍ കൃത്യമായി പറയുന്നുണ്ട് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന്. അതുമായി ബന്ധപ്പെട്ട് ആ വിഭാഗങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ നമ്മള്‍ മുന്നോട്ടു വച്ചത് “വ്യത്യസ്തതകളിലൂടെ സഹവര്‍ത്തിത്വം” എന്നതാണ്. നമ്മള്‍ അടങ്ങുന്ന പൊതുസമൂഹം അവരെക്കൂടി കേള്‍ക്കാനും, അവരെ അറിയാനും മനസ്സിലാക്കാനും, അവരുടെ ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പിക്കാനും കഴിയുന്ന ഒരു സംവിധാനത്തെകുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നതും സംസാരിക്കേണ്ടതും എന്നു തന്നെയാണ് മനസ്സിലാക്കുന്നത്.
10) ലിംഗനീതിയെകുറിച്ച് വളരെ വൈകിതന്നെ ചിന്താശേഷി ഉണ്ടായ സമൂഹമാണ് നമ്മുടേത്. അത്തരത്തില്‍ ലിംഗസമത്വവാദം പറയുമ്പോഴും ദലിതസ്ത്രീ എന്നത് ലിംഗസമത്വവാദത്തിന് പുറത്താണ് എന്നു തോന്നാറുണ്ടോ?
ഇതില്‍ ഒരു പ്രധാനകാര്യം, നമ്മള്‍ തന്നെ വിമര്‍ശനപരമായി മനസ്സിലാക്കേണ്ട കാര്യം, സമുദായം എന്ന സങ്കല്‍പ്പത്തിന് അകത്ത് മറ്റൊരു conflict സാധ്യം അല്ല, സമുദായത്തിന് അകത്തു വരുന്നവര്‍ എല്ലാവരും ഒരുമിച്ച് നിന്നു കൊള്ളണം എന്നതാണ് സമുദായത്തിന്റെ വാദം. നമ്മുടെ കേരളത്തിലെ ദലിത് പ്രത്യയശാസ്ത്രം പറയുന്ന സൈദ്ധാന്തികന്‍മാരില്‍ ഒരു വിഭാഗവും ഈ പറയുന്ന ദലിത് സാമുദായികവാദത്തെ പിന്‍പറ്റുന്നവര്‍ ആണ്. അതുകൊണ്ടു തന്നെ, അതിനകത്തെ സ്ത്രീകളുടെ അവകാശമില്ലായ്മ ഒരിക്കല്‍ പോലും അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്നത് വലിയ ഒരു പ്രശ്നം ആണ്. ഇത് സമുദായവാദത്തിന്റെ ഒരു പരിമിതിയാണ്.
കേരളത്തിലെ ദലിതര്‍ക്ക് ഇടയിലെ സ്ത്രീ-പുരുഷ സമത്വം താരതമ്യേന മെച്ചമാണെന്ന വാദം വിഡ്ഢിത്തം നിറഞ്ഞതാണ്. വേറെ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതുമാത്രമാണ് വസ്തുത. അവര്‍ക്കിടയിലും പുരുഷാധിപത്യം വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുപക്ഷേ ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കിയുടെ രീതി വച്ചുനോക്കുമ്പോള്‍, താരതമ്യേന ഇത് ദുര്‍ബ്ബലം ആയിരിക്കും, അത്രയേ ഉള്ളൂ. കീഴ്ത്തട്ട് ആയതുകൊണ്ട് അവന്‍റെ അടിമത്തപ്രയോഗം ദുര്‍ബ്ബലമാണ്. പൊതുവേ ദലിത് സ്ത്രീകള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്ന പൊതുസമൂഹധാരണ ചില മുന്‍ധാരണകള്‍ വെച്ചിട്ടാണ്. ഉദാഹരണം പറഞ്ഞാല്‍ “രാത്രിപോകുന്നു, വരുന്നു, പുരുഷന്മാരോടൊപ്പം സഞ്ചരിക്കുന്നു” ഇതാണ് അവരുടെ മുന്‍ധാരണ. മറിച്ച്, ഇത് സ്വാതന്ത്ര്യപ്രയോഗം അല്ല, സ്ത്രീകളുടെ ഗതികേടു കൊണ്ടാണ് എന്നതും മനസ്സിലാക്കേണ്ടതാണ്. കുടുംബം പുലര്‍ത്താന്‍ ഉള്ള ഒരു ശ്രമമാണ് അവര്‍ നടത്തുന്നത്. ഇപ്പോഴും, പൊതു ഇടങ്ങളില്‍, സഭകളില്‍, സ്ത്രീകളെ മാറ്റിനിര്‍ത്തുന്നു, അവർ അപമാനിക്കപ്പെടുന്നു. ഇത് ദലിത് സ്ത്രീകളുടെ മാത്രം പ്രശ്നം അല്ല, ഒരു പൊതുസംഗതിയാണ്. ഇത്തരം ഒരു സംഘര്‍ഷം നമ്മുടെ സമുദായത്തിന് അകത്ത് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങിനെ രൂപപ്പെട്ടതിലൂടെ ഫെമിനിസ്റ്റ് അവകാശങ്ങളുമായി ബന്ധപ്പെട്ട, ജെന്റര്‍ റൈറ്റുകളുമായി ബന്ധപ്പെട്ട, ആരോഗ്യകരമായ ഒരു ചര്‍ച്ച നമ്മുടെ സമുദായത്തിന് അകത്ത് ഉണ്ടാകേണ്ടതുണ്ട്.
11) സ്വന്തം അച്ഛനാല്‍ കൊല ചെയ്യപ്പെട്ട ആതിരയുടെ മരണശേഷം ഉണ്ടായ സവര്‍ണ്ണ മലയാളി പ്രതികരണബോധ്യത്തെ എങ്ങിനെയാണ് കാണുന്നത്?
ആതിരയുടെ അച്ഛന്‍ പോലീസിന് കൊടുക്കുന്ന മൊഴിയില്‍ തന്നെ പറയുന്നുണ്ട് “എന്‍റെ മകളെ ഒരു പട്ടികജാതിക്കാരന് കല്യാണം കഴിച്ചു കൊടുത്താല്‍, ഈ സമൂഹം എന്നെ കളിയാക്കുമെന്ന്”. എന്നു പറഞ്ഞാല്‍, ജാതിനിയമം ലംഘിക്കുന്ന മനുഷ്യരെ ശരിയാക്കാന്‍ പാകത്തിന് ഒരു ജാതികേരളം ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു എന്നു തന്നെയാണ്. “നിന്റെ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചു നല്‍കുന്നതിലും നല്ലത് ചാകുന്നതാണ്” എന്ന് പറയുന്ന ഒരു പൌരസമൂഹം അരീക്കോട് തീർച്ചയായും ഉണ്ടായിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന് കല്യാണം കഴിക്കാന്‍ പറ്റുന്നതരത്തിലുള്ള വീടും സാഹചര്യവുമല്ല രാജന്‍റെ കുടുംബത്തിന്റേത് . എന്തുകൊണ്ടും ഏറ്റവും നല്ല ബന്ധം. എന്നാല്‍ രാജന്‍ തികഞ്ഞ ഒരു ജാതീയവാദി എന്നതിനേക്കാള്‍ രാജനെ ആ കൊലപാതകത്തിനായി പിറകേ നടന്നു പ്രേരിപ്പിക്കുന്ന ഒരു സമൂഹം. അതാണ് കുറ്റകൃത്യം. ജാതികേരളത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാണ് ആലോചിക്കേണ്ടത്. ഒരു വ്യക്തിയെ കുറ്റത്തിനു പ്രേരിപ്പിക്കുന്ന ആ യാഥാര്‍ത്ഥ്യം ഉറപ്പായും ജാതിയാണ്. അതിനെ അഭിസംബോധന ചെയ്യാനാണ് യഥാർത്ഥത്തില്‍ മലയാളി തയ്യാറാവേണ്ടത്.
ഒരു പട്ടികജാതിക്കാരന്‍ തന്‍റെ മകളെ കല്യാണം കഴിച്ചാല്‍ തകര്‍ന്നു പോകും എന്ന് വിചാരിക്കുന്ന അഭിമാനത്തേക്കാള്‍, പട്ടികജാതിക്കാരന്‍ ആയ ഒരു ഉദ്യോഗസ്ഥനെ കല്യാണം കഴിക്കുന്നത് നല്ലതാണെന്നു പറയുന്ന ഒരു സിവില്‍ സമൂഹം എന്തേ അരീക്കോട് ഉണ്ടാകാതെ പോയത്? മാത്രമല്ല, ജാതിഹിംസ എന്നത് എവിടെയെങ്കിലും കൊലപാതകം നടക്കുമ്പോള്‍ സംസാരിക്കേണ്ട ഒന്നല്ല. മറിച്ച്, നമ്മുടെ ദൈനംദിന ജീവിതത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഒന്നാണ് ജാതിഹിംസ. നമ്മുടെ തൊട്ടു കണ്മുന്‍പില്‍ ഒരു ജാതിവിവേചനം ഉണ്ടായാല്‍ അത് ചോദ്യം ചെയ്യാത്തവന്‍, എവിടെയെങ്കിലും ഒരു കൊലപാതകം നടന്നാല്‍, ദേ ജാതി വന്നിരിക്കുന്നു എന്നു പറയുന്നതില്‍ ഒരു കഥയുമില്ല എന്നാണ് ഞാന്‍ പറയുന്നത്. നമ്മുടെ തൊട്ടു മുന്നില്‍, നമ്മുടെ തൊഴിലിടങ്ങള്‍, നമ്മള്‍ സംസാരിക്കുന്ന ട്രെയിനുകള്‍, ബസ്സ് സ്റ്റാൻഡുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിൽ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ജാതീയ അതിക്രമങ്ങള്‍ കാണാനുള്ള കണ്ണാണ് മലയാളിക്കു വേണ്ടത്. മലയാളി ഉത്ബുദ്ധനാണ്, തര്‍ക്കമില്ല. പക്ഷേ ആ ഉത്ബുദ്ധത പ്രവര്‍ത്തിക്കുന്ന സവര്‍ണ്ണവും സമ്പന്നവുമായ ഇടങ്ങളിലേ അത് പ്രവര്‍ത്തിക്കൂ. ദലിതരുടെ, ആദിവാസികളുടെ, സ്ത്രീകളുടെ, മതന്യൂനപക്ഷങ്ങളുടെ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ, മത്സ്യതൊഴിലാളികളുടെ കാര്യംവരുമ്പോള്‍ ഒരു ഉത്ബുദ്ധതയും ഇല്ല എന്നു മാത്രമല്ല, മനുഷ്യവിരുദ്ധമായ പെരുമാറ്റം അവന്‍ പുറത്തെടുക്കും. ഇതാണ് പരിഹരിക്കപ്പെടേണ്ടത് എന്നാണ് വിചാരിക്കുന്നത്.
12) ദലിതര്‍ ഒരു രാഷ്ട്രീയത്തെ തേടുമ്പോള്‍ ബി.എസ്.പിയുടെ പ്രസക്തി എന്താണ്?
ബി.എസ്.പി യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഒരു പുതിയ രാഷ്ട്രീയധാരയെ മുന്നോട്ടുവച്ച ഒരു പാര്‍ട്ടിയാണ്. ആ രാഷ്ട്രീയധാരയെ പുറത്തെടുത്തുകൊണ്ട്, കാന്‍ഷിറാം മുന്നോട്ടു വച്ച വളരെ പ്രസക്തമായ ആശയങ്ങളെ നടപ്പിലാക്കുക, മുന്നോട്ടു കൊണ്ടുപോകുക എന്നതു തന്നെയാണ് പ്രധാനപ്പെട്ട കാര്യം. രണ്ടാമത്തെ കാര്യം, ഭരണത്തില്‍ വരുമ്പോള്‍, ബി.എസ്.പിക്ക് അതിന്റേതായ ആശയധാരയ്ക്കുള്ളിൽ നില്‍ക്കാന്‍ കഴിയണം. ഈ so-called ഭരണസംവിധാനത്തിന് അകത്ത് ദലിത്/ ആദിവാസി/ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പറ്റില്ല. അതുകൊണ്ട്, ഭരണപരിഷ്കാരം എന്നത് ഭരണഘടനാപരമായ ഒന്നായി എടുക്കണം. മൂന്നാമത്തെ കാര്യം, ജോഗ്രഫിക്കല്‍ റെപ്രസെന്റെഷൻ പ്രകരം, ഓരോ കമ്മ്യൂണിറ്റിക്കും അവരുടെ പ്രതിനിധികളെ നിയമസഭയിലേക്ക് അയക്കാന്‍ പറ്റുന്ന തിരഞ്ഞെടുപ്പ് പരിഷ്കരണത്തിന് അവര്‍ നില്‍ക്കണം. അങ്ങിനെ തിരഞ്ഞെടുപ്പ് പരിഷ്കരണം, അഡ്മിനിസ്ട്രേഷന്‍ പരിഷ്കരണം, രാഷ്ട്രീയ പരിഷ്കരണം – ഈ മൂന്ന് കാര്യങ്ങളില്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ തീരുമാനം എടുക്കുക എന്നത് ബി.എസ്.പിയെ സംബന്ധിച്ച് പ്രധാനകാര്യമായിത്തന്നെ മനസ്സിലാക്കണം. അത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയാല്‍, സമൂഹത്തിലെ വ്യത്യസ്ത ധാരകള്‍, മനുഷ്യര്‍ തുടങ്ങി വ്യത്യസ്തതകളുടെ സഹവര്‍ത്തിത്വത്തിലൂടെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളാന്‍ ബി.എസ്.പിക്ക് ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ആവും എന്ന് കരുതുന്നു.
13) ദലിത് ഹര്‍ത്താലിന്‍റെ അനുകൂല/ പ്രതികൂല പ്രതികരണങ്ങളെ എങ്ങിനെ കാണുന്നു?
9-ആം തീയതി നടന്ന ഹര്‍ത്താല്‍, യഥാര്‍ത്ഥത്തില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ രൂപം കൊണ്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിന്‍റെ പശ്ചാത്തലത്തില്‍ വേണം നമ്മള്‍ മനസ്സിലാക്കാന്‍. ഏപ്രില്‍ 2-ന്, SC/ ST അട്രോസിറ്റീസ് ആക്റ്റില്‍ സുപ്രീം കോടതി വെള്ളം ചേര്‍ത്തു എന്ന വാദം ഉന്നയിച്ചുകൊണ്ട്, 100-ഓളം ദലിത് സംഘടനകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു ഭാരത് ബന്ദ് നടത്തുകയുണ്ടായി. ഏതാണ്ട് 7 സംസ്ഥാനങ്ങളെ സ്തംഭിപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് മനുഷ്യര്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധം രേഖപ്പെടുത്തി. ഹര്‍ത്താല്‍ പുരോഗമിക്കവേ കോണ്‍ഗ്രസ്, ബി.എസ്.പി, നിതീഷ്കുമാറിന്‍റെ പാര്‍ട്ടി, മമത ബാനര്‍ജി അടക്കം ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നു. ആ നിലയ്ക്ക് ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന് എതിരായി ഉയര്‍ന്നു വന്ന ഏറ്റവും വിശാലമായ മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു ഭാരത് ബന്ദ്.
ഏതാണ്ട് 13-ഓളം പേര്‍ ആ ഭാരത് ബന്ദില്‍ ഹൈന്ദവഫാസിസ്റ്റുകളാല്‍ കൊല്ലപ്പെടുകയുംചെയ്തു. ഇതിന്റെ ഭാഗമായി പ്രതിഷേധിക്കുവാന്‍ കേരളത്തിലെ ദലിതര്‍ തീരുമാനിക്കുകയും ചെയ്യുന്നു. കേരളത്തിലെ CSDS, BSP അടക്കം ചെറുതും വലുതുമായ 50-ഓളം ദലിത് സംഘടനകള്‍ പങ്കെടുത്തുകൊണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു. യഥാര്‍ഥത്തില്‍, 14 ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന രീതിയില്‍ ഒരു സംഘടന ദലിതര്‍ക്കിടയില്‍ ഇല്ല. അതിനാല്‍ തന്നെ, ഒരു ജനസമുദായം എന്ന നിലയില്‍, കേരളത്തിലെ ദലിതരും ആദിവാസികളും മറ്റു പിന്നോക്ക വിഭാഗങ്ങള്‍, ട്രാന്‍സ് വിഭാഗങ്ങള്‍ തുടങ്ങിയവരെല്ലാം ആ ഹര്‍ത്താലിനെ ഏറ്റെടുത്തു. ദേശീയമായി ഉണ്ടായ ഭാരത് ബന്ദിന്‍റെ സാഹചര്യം കേരളത്തിലെ ദലിതരേയും പ്രകോപിപ്പിച്ചിട്ടുണ്ട്.
9-ആം തീയതി ഈ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ-സാമ്പത്തിക സംഘടിതശക്തി ആയ വ്യാപാരി സമൂഹവും ബസ് ഉടമസമൂഹവും എന്ത് വില കൊടുത്തും തങ്ങള്‍ വാഹനങ്ങള്‍ ഓടിക്കും എന്നും കടതുറക്കും എന്നും വെല്ലുവിളി പ്രഖ്യാപിച്ചിരുന്നു. രണ്ട് കാരണങ്ങളാലാണ് ഈ വെല്ലുവിളി ഉയരുന്നത്. ഒന്ന്, കേരളത്തിലെ ദാസജന വിഭാഗം എന്ന നിലയില്‍ ദലിതര്‍ക്ക് ഇത്തരം ഹര്‍ത്താല്‍ നടത്താന്‍ അവകാശം ഉണ്ടോ എന്ന് ചോദ്യം ചെയ്യപ്പെട്ടു. നമ്മുടേത് പോലെ അസംഘടിതമായ ഒരു വിഭാഗം ഒരു ഹര്‍ത്താല്‍ നടത്തുമ്പോള്‍, അതിനോട് സഹകരിക്കേണ്ടതില്ല എന്ന് അവര്‍ തീരുമാനം കൈക്കൊള്ളുന്നു. കേരളത്തിലെ ചെറുകിടപാര്‍ട്ടികള്‍ പോലും ഹര്‍ത്താല്‍ നടത്തുമ്പോള്‍ പൂര്‍ണ്ണമായും സഹകരിക്കുന്ന സംഘടനകള്‍ ആണിവരെല്ലാം. ഇന്ത്യയിലെ/ കേരളത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സംബന്ധിച്ച്, അവര്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമം റദ്ദ് ചെയ്യുന്ന സാഹചര്യത്തില്‍, അവര്‍ നടത്തുന്ന ഹര്‍ത്താലിനെ പിന്‍തുണക്കുന്നതിനു പകരം വെല്ലുവിളി ഉയര്‍ത്തുകയാണ് ചെയ്തതത്. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് സമരസമിതിയും കേരളത്തിലെ എല്ലാ ദലിത്/ ആദിവാസികളും ഹർത്താല്‍ ഏറ്റെടുത്തു വിജയിപ്പിച്ചു എന്നതു തന്നെയാണ് ഹര്‍ത്താലിന്റെ പ്രത്യേകതയും വിജയവും. അങ്ങനെ ഒരു വെല്ലുവിളി ഉയര്‍ന്നപ്പോള്‍, പിന്മാറുകയല്ലായിരുന്നു ചെയ്തത്. പകരം, കൂടുതല്‍ കരുത്തോടെ മുന്നോട്ടു വരികയും, മറ്റു സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. പ്രാദേശികമായി ഓരോ പ്രദേശത്തെയും ജനവിഭാഗങ്ങള്‍ തെരുവില്‍ ഇറങ്ങിക്കൊണ്ട്, ഹര്‍ത്താലിനെ ഏറ്റെടുത്തു നടപ്പിലാക്കി. ആദ്യഘട്ടത്തില്‍ ഭരണ -പ്രതിപക്ഷ ശൃംഖലയില്‍ ഇല്ലാത്ത പാര്‍ട്ടികള്‍ ഹര്‍ത്താലിനെ പിന്തുണച്ചുകൊണ്ട് മുന്നോട്ടു വന്നിരുന്നു. ഭരണ- പ്രതിപക്ഷപാര്‍ട്ടികള്‍ ആരുംതന്നെ ഹര്‍ത്താലിനെ പിന്തുണച്ചിരുന്നില്ല.
ആ ഹര്‍ത്താലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിഷേത എന്നത് സാധാരണ ഒരു ഹര്‍ത്താല്‍ ഉണ്ടായാല്‍ പുരുഷകൂട്ടങ്ങള്‍ ആണ് ഹര്‍ത്താല്‍ നിയന്ത്രിച്ചു കൊണ്ട് തെരുവില്‍ ഇറങ്ങുക. എന്നാല്‍ ദലിത് ഹര്‍ത്താലില്‍ ആയിരക്കണക്കിനു സ്ത്രീകളുടെ സാന്നിദ്ധ്യമാണുണ്ടായത്. അങ്ങനെ അത് തികച്ചും വ്യത്യസ്ഥമായ ഒരു സാമൂഹ്യമുന്നേറ്റമായി മാറി. 3 വയസ്സ് മുതല്‍ 80 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളും അമ്മമാരും ഓരോ ഇടങ്ങളിലും ഉണ്ടായിരുന്നു. അത്രയും വിപുലമായ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. 3 വയസ്സുകാരിക്കും 80 വയസ്സുകാരിക്കും ഹര്‍ത്താലില്‍ എന്താണ് കാര്യം എന്ന ചോദ്യം അവിടെ ഉയര്‍ന്ന് വരുന്നുണ്ട്. അതായത്, കേവലമായി ഒരു സംഘടന നടത്തിയതല്ല, മറിച്ച്, ഒരു ജനത ആത്മപ്രചോദിതമായി നടത്തിയതായിരുന്നു ആ ഹര്‍ത്താല്‍. കുടുംബസമേതം, ഭക്ഷണവും വെള്ളവും കരുതിയാണ് അവര്‍ തെരുവില്‍ വൈകുന്നേരം വരെ തുടര്‍ന്നത്. അതായത്, തിരുവനന്തപുരം നഗരത്തില്‍ ഹര്‍ത്താലിനു നേതൃത്വം കൊടുത്തത് DHRM ചെയര്‍പേഴ്സണ്‍ സെലീന പ്രക്കാനവും ധന്യ രാമനും വിനീത വിജയനുമെല്ലാമാണ്. അതുപോലെ, കോട്ടയത്ത് ഹര്‍ത്താലിനു നേതൃത്വപരമായ പങ്കു വഹിച്ചുകൊണ്ട് ഉണ്ടായിരുന്നത് സി എസ് ഡി എസ്സും, കെ കെ സുരേഷും, കെ കെ സജൻ, മൃദുലാദേവി തുടങ്ങിയവരായിരുന്നു, രേഖാരാജും അവിടെ ഉണ്ടായിരുന്നു. ഈ നിലയ്ക്ക് വീട്ടമ്മമാര്‍, എഴുത്തുകാര്‍, ആക്റ്റിവിസ്റ്റുകള്‍, കുഞ്ഞുങ്ങള്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ തുടങ്ങി എല്ലാ വിഭാഗക്കാരും ഉണ്ടായിരുന്നു ഹര്‍ത്താലിനെ സജീവമാക്കിക്കൊണ്ട് എന്നത് ആ മുന്നേറ്റത്തെ വേറിട്ടതാക്കുന്നു. ഇത് ഒരു ജനതയുടെ മൊത്തം പ്രശ്നം ആണെന്നും, ഇത് പുരുഷകൂട്ടങ്ങളുടെ പ്രശ്നം മാത്രമാക്കി മാറ്റുന്ന കേരളത്തിലെ സംസ്കാരത്തില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു സംസ്കാരത്തെ സ്ഥാപിക്കാന്‍ കേരളത്തിലെ ദലിത് ഹര്‍ത്താലിനായി.
രണ്ടാമതൊരു കാര്യം, ഈ ഹര്‍ത്താലിന് ആദിവാസി ഇടങ്ങളില്‍ കിട്ടിയ പങ്കാളിത്തമാണ്. എടുത്തുപറയത്തക്ക കാര്യം അട്ടപ്പാടിയില്‍ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണവിജയമായിരുന്നു എന്നതാണ്. ഒരു പ്രധാനകാര്യം, അട്ടപ്പാടിയില്‍ ഒരു മാസം മുന്‍പാണ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട ദാരുണമായ വിവരം പുറംലോകം അറിയുന്നത്. മധുവിന്‍റെ മരണംമൂലം ഉണ്ടായ പ്രതിഷേധം ആറാതെ കിടന്നിരുന്നു. അതിനാല്‍ വിവിധകാര്യങ്ങളാല്‍ ചിതറിപോയിരുന്ന അട്ടപ്പാടിയിലെ ആദിവാസി സമൂഹം മധുവിന്‍റെ മരണത്തിനു ശേഷം ഒരു പൊതുഇടത്തിലേക്ക് വരികയും, അവര്‍ “നിങ്ങള്‍ ആരും വണ്ടി ഓടിക്കരുത്, കട തുറക്കരുത്” എന്ന് പറയുന്നിടത്ത് അട്ടപ്പാടി പൊതുസമൂഹം വിധേയമാവുകയും ചെയ്യുന്നതാണ് നാം കണ്ടത്. അതായത്, ആദിവാസികള്‍ ഒരു സാമൂഹിക കര്‍ത്തൃത്വം എന്ന നിലയില്‍ അവരുടെ performance right-നെ അവിടെ സ്ഥാപിച്ചെടുക്കുകയുമാണ് ചെയ്തതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി മുതല്‍ എന്തായാലും അട്ടപ്പാടി പഴയ അട്ടപ്പാടി ആയിരിക്കില്ല. എന്നു തന്നെയാണ്. അതിലൂടെ അവര്‍ അവരുടെ രാഷ്ട്രീയം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
മൂന്നാമത്തെ ഘടകം, മുസ്ലിം വിഭാഗത്തില്‍ നിന്ന് ഹര്‍ത്താലിനു കിട്ടിയ പിന്തുണയാണ്. മുസ്ലിം വിഭാഗങ്ങള്‍, മുസ്ലിം പ്രതിനിധാനമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവ ഹര്‍ത്താലിന് സപ്പോര്‍ട്ടുമായി രംഗത്തു വന്നു. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ദലിത് ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, SDPI തുടങ്ങിയവരുടെ പിന്തുണ തലേദിവസം തന്നെ ഹര്‍ത്താലിന് കിട്ടിയിരുന്നു.ഇത് സൂചിപ്പിക്കുന്നത് കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന് ഉണ്ടായ പരിവര്‍ത്തനത്തെയാണ്. ഈ ദലിത്/ആദിവാസികള്‍ അടക്കമുള്ള വിഭാഗങ്ങളുമായി സഖ്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം അവിടെ ചര്‍ച്ച ചെയ്യപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് എന്നാണു മനസ്സിലാക്കേണ്ടത്. അത് ഭാവിരാഷ്ട്രീയത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകവുമായിരിക്കും.
നാലാമത്തെ കാര്യം, ഭരണ- പ്രതിപക്ഷ കക്ഷികളില്‍ ചിലരെങ്കിലും ഹര്‍ത്താല്‍ ദിവസത്തില്‍, ഹര്‍ത്താല്‍ വിജയിക്കുന്നു എന്ന് ബോധ്യപ്പെട്ട അവസരത്തില്‍ ഹര്‍ത്താലിന് പിന്തുണയുമായി എത്തി എന്നുള്ളതാണ്. അതായത്, 11 മണിക്കു ശേഷമാണ് പ്രതിപക്ഷനേതാവ് വായ തുറക്കുന്നത്. ഇതിന്‍റെ ഒരു രാഷ്ട്രീയപ്രാധാന്യം, കേരളത്തിലെ ഇടതുപക്ഷം ആയാലും വലതുപക്ഷം ആയാലും, ഇതെല്ലാം പ്രബലമായ ചില കമ്മ്യൂണിറ്റികള്‍ക്ക് അകത്തെ താല്പര്യസംരക്ഷണങ്ങളെ മാത്രമേ അഡ്രസ് ചെയ്യുന്നുള്ളൂ. അതിനു പുറത്തുള്ള ദലിതര്‍ അടക്കമുള്ള വലിയ വിഭാഗങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ അവരുടെ ചിന്തകളില്‍ പ്രതിഫലിക്കുന്നില്ല. ആ ഒരു ബ്ലോക്കാണ് കോണ്‍ഗ്രസ്സിനെ അവസാനഘട്ടത്തില്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരുപക്ഷേ, ഇത് തലേ ദിവസം അവര്‍ക്ക് ചെയ്യാവുന്ന കാര്യവുമായിരുന്നു. ഈ നിലയ്ക്ക്, സംഘടിതമായ പ്രസ്ഥാനങ്ങളുടെ പിന്തുണയൊന്നും ഇല്ലാതെ തന്നെ, ഒരു ജനവിഭാഗം എന്ന നിലയില്‍, ചിതറി കിടക്കുന്ന ഒരു സമൂഹം എന്ന നിലയില്‍, രാഷ്ട്രീയമായ ഒരു കര്‍ത്തൃത്വം ദലിതര്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞു എന്നതാണ് ഹര്‍ത്താലിന്റെ മര്‍മ്മപ്രധാനമായ കാര്യം. ഇത് ഒരു രാഷ്ട്രീയമാണ്, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ രൂപപ്പെട്ടു വരുന്ന ഒരു രാഷ്ട്രീയമാണ്. ജയ് ഭീം വിളികള്‍ മുഴങ്ങുകയും സംഘപരിവാര്‍ ഭീകരതയ്ക്ക് എതിരെ തെരുവില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി കേള്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടായി ഏപ്രിൽ 9-ലെ ദലിത് ഹര്‍ത്താല്‍ അടയാളപ്പെടും.
14) ശബരിമലയിലെ സ്ത്രീ പ്രവേശനവിധിയുടെ പശ്ചാത്തലത്തിൽ ദലിതുകളും ആദിവാസികളും സ്വീകരിക്കേണ്ട നിലപാടുകൾ? പ്രത്യേകിച്ച് ദലിതരെയും ആദിവാസികളെയും മുന്നിൽ അണിനിരത്തുന്ന നാമജപഘോഷയാത്രകളുടെ രീതികൾ അടക്കം കാണുമ്പോൾ…?
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേവലം ഹിന്ദുമതത്തിനകത്തെ ഒരു പരിഷ്കരണത്തിന്റെ പ്രശ്നം മാത്രമായല്ല നമ്മൾ മനസ്സിലാക്കേണ്ടത്. മറിച്ച് കോൺസ്റ്റിറ്റ്യൂഷൻ ബെഞ്ച് വിധിച്ച ഒരു കാര്യം അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടന സ്ത്രീകൾക്ക് കൊടുക്കുന്ന തുല്യനീതി എന്ന തത്വത്തെ റദ്ദ് ചെയ്യുന്നതാണ്, അതിനാൽ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാണ്. അതുവെച്ച് നോക്കുമ്പോൾ ഇന്ത്യയിലെ കോൺസ്റ്റിറ്റ്യൂഷൻ വാഴ്ച്ച എന്ന കാര്യം ഊന്നിപ്പറയാനാണ് കോടതി ശ്രമിച്ചിരിക്കുന്നത്. ആ നിലയ്ക്ക് നോക്കുമ്പോൾ ഇന്ത്യയ്ക്കകത്ത് ഈ ഭരണഘടനാമൂല്യത്തെ ഉറപ്പിക്കേണ്ട ഒരു കാര്യമായിട്ടുകൂടി നമ്മളതിനെ മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ, ആ കോടതിവിധി ഈ കേരളീയസമൂഹം അംഗീകരിക്കണം, സ്റ്റേറ്റ് അത് അംഗീകരിക്കണം എന്ന വാദത്തിലാണ് ദലിതരും ആദിവാസികളും ഉറച്ചുനിൽക്കേണ്ടത്. ഇത് കേവലം ശബരിമലയിലെ ഒരു ആന്തരികപ്രശ്നമായി സമീപിക്കാൻ പാടുള്ളതല്ല. നമ്മുടെ സമൂഹത്തിനു ഒരു വിഷയത്തിൽ ഒരു തർക്കമുണ്ടായാൽ ആ തർക്കത്തിനു പരിഹാരമെന്നത് പരമോന്നതകോടതി ഭരണഘടന വ്യാഖ്യാനിച്ചുകൊണ്ട് പുറപ്പെടുവിക്കുന്ന വിധിയായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന സുപ്രീം കോടതിയുടെ നീതിയെ തന്നെയാണ് ആശ്രയിക്കാൻ പറ്റുന്നത് എന്ന ബോധ്യമാണ് ഉണ്ടാകേണ്ടത്. രണ്ടാമതൊരു കാര്യം ആദിവാസികളും ദലിതരും ശബരിമലയിൽ പ്രവേശിക്കണമോ എന്ന് ചോദിച്ചാൽ വേണ്ടായെന്ന അഭിപ്രായം ഉള്ളയാളാണു ഞാൻ. എന്നാലതും ഇതും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ല എന്നാണു ഞാൻ പറയുന്നത്. വിശ്വാസികളായവർ മാത്രം പോയാൽ മതി, അല്ലാത്തവർ പോകണമെന്നില്ല. സ്ത്രീകളുടെ ഒരു പൗരാവകാശത്തെക്കുറിച്ചാണ് കോടതി ഊന്നിപ്പറയുന്നത്. അതുകൊണ്ട് ഈ കോടതിവിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രക്ഷോഭത്തിലാണ് ഞാൻ ഏർപ്പെടുന്നത്.
15) ശബരിമലയിൽ പോകാൻ ശ്രമിച്ചിട്ടുള്ള രണ്ട് ദലിത് സ്ത്രീകളടക്കം നാലു സ്ത്രീകളും ആക്രമിക്കപ്പെടുന്നു. മാത്രമല്ല ഈ വിഷയത്തിൽ പുരോഗമനനിലപാടെടുത്ത് സംസാരിക്കുന്ന മൃദുലാദേവിയും സുനിൽ പി ഇളയിടവും താങ്കളും അടക്കമുള്ളവർ സംഘപരിവാറിന്റെ വ്യക്തിഹത്യയ്ക്കും ഭീഷണികൾക്കും സൈബർ ആക്രമണങ്ങൾക്കും വിധേയരാകുന്നു. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
ഫാസിസ്റ്റ് ശക്തികൾ എന്നു വിളിക്കുന്ന വിഭാഗങ്ങളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന്, അവരുടെ പ്രധാന അജണ്ട, യുക്തിരഹിതരായ ഒരു ആൾക്കൂട്ടത്തെ നിർമ്മിക്കുക എന്നതാണ്. പിന്നീട് വരുന്നത് ഈ ആൾക്കൂട്ടത്തെ ഉപയോഗിച്ച് ഭീതീ വിതയ്ക്കുക എന്ന തന്ത്രമാണ്. ഇങ്ങനെ ഭീതി വിതയ്ക്കുക എന്നതിന്റെ ഭാഗമായിട്ടാണ് ഞാൻ അടക്കമുള്ള എല്ലാവർക്കും എതിരെ കൊലവിളികൾ നടത്തുന്നത്. ഒരുപക്ഷേ അവർ അത് ചെയ്തുകളയണമെന്നില്ല. അവർ പ്രധാനമായും ചെയ്യുന്നത്, ലക്ഷ്യം വയ്ക്കുന്നത് ഭീതി നിർമ്മിച്ചുകൊണ്ട് ഇത്തരം അഭിപ്രായങ്ങൾ പറയുന്നവരെ പിൻവാങ്ങാൻ പ്രേരിപ്പിക്കുക എന്നതാണ്.
കഴിഞ്ഞ ദിവസം ബിന്ദുടീച്ചറുടെ ഐക്യദാർഢ്യം പരിപാടിയിൽ പോയി സംസാരിച്ചിരുന്നു. എനിക്ക് മനസ്സിലായത് ടീച്ചർക്ക് എതിരെ വളരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നാണ്. ടീച്ചർ എന്തോ മോശമായ, തെറ്റായ ഒരു കാര്യം ചെയ്തു എന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് ഹിന്ദു തീവ്രവാദികൾ സ്കൂളിലേക്ക് മാർച്ച് നടത്തുന്നത്. മാത്രമല്ല, മാതാപിതാക്കളെ സ്വാധീനിച്ചുകൊണ്ട് കുട്ടികളെ തെരുവിലിറക്കുകയും, കുട്ടികൾ പോലും ടീച്ചർക്ക് എതിരാണെന്ന ഒരു പ്രതീതി സൃഷ്ടിക്കുകയുമാണ്. കടുത്ത അപവാദപ്രചരണങ്ങളും നടക്കുന്നുണ്ട്. പോലീസിൽ ടീച്ചർ കൊടുക്കുന്ന പരാതിയിന്മേൽ നടപടികൾ ഉണ്ടാകുന്നില്ല. പോലീസിന്റെ മുൻവിധി അവരെ വിശ്വാസസമൂഹമായി നിലനിർത്തുന്നു എന്നതാണ് ഇതിനു കാരണം. പിടിഎ മീറ്റിങ്ങുകളിലും ടീച്ചർക്കെതിരെ നടക്കുന്നത് ശരിയല്ലായെന്ന് പറയാൻ ആരും തയ്യാറാകുന്നില്ല, മൗനം പാലിക്കുകയാണ്. ഇങ്ങനെയുള്ള അനേകായിരം സമ്മതങ്ങളിലൂടെയാണ് ഈ പറയുന്ന ആക്രമണവും അധിക്ഷേപങ്ങളുമൊക്കെ കേരളത്തിൽ തുടരുന്നത്.
എന്നു പറഞ്ഞാൽ സംഘപരിവാർ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട് എന്നു മനസ്സിലാക്കുകയും പ്രതിരോധിക്കാനുള്ള മാർഗ്ഗം കണ്ടെത്തുകയും ചെയ്യുന്ന ഒരു പൗരസമൂഹം കേരളത്തിൽ ഇല്ല എന്നതാണ് ഭീതിജനകമായ കാര്യം. ഇതാണവരുടെ രീതി എന്നതു മനസ്സിലാക്കി പ്രതിരോധിക്കാൻ തുനിയുന്ന ഒരു ജനാധിപത്യസമൂഹം ഉണ്ടാകേണ്ടത് അനിവാര്യമാണ്.
16) ശബരിമല വിധി നടപ്പാക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ്സിന്റെ നിലപാടിനെയും ഭരണകക്ഷിയുടെയും പിണറായി വിജയന്റെ നിലപാടുകളെയും എങ്ങനെ കാണുന്നു?
കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് ഈ വിധി നടപ്പാക്കിയേ പറ്റൂ. ഇല്ലെങ്കിലത് കോടതിയലക്ഷ്യമാണ്. അതുകൊണ്ട് വിധി നടപ്പാക്കുമെന്ന് പറയുന്നത് വിപ്ലവകരമായ തീരുമാനമൊന്നുമല്ലായെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് ആ വിധി നടപ്പിലാക്കാതിരിക്കുവാൻ വളഞ്ഞ വഴി സ്വീകരിച്ചില്ല എന്നയിടത്താണ് അദ്ദേഹം കാണിച്ച രാഷ്ട്രീയ മര്യാദ അംഗീകരിക്കപ്പെടേണ്ടത്. അത് അംഗീകരിക്കുമ്പോൾ തന്നെ ഈ വിധി നടപ്പിലാക്കുവാനുള്ള കാര്യമായ പരിശ്രമങ്ങളൊന്നും തന്നെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല എന്നതാണ് കാര്യം. അതു മാത്രമല്ല, അവിടെ ആക്ടിവിസ്റ്റുകൾ വരാൻ പാടില്ല, സാമൂഹ്യപ്രവർത്തകർ വരാൻ പാടില്ലായെന്നുമൊക്കെ നിയമം ഇറക്കുന്ന ഒരു ദേവസ്വം മന്ത്രിയാണ് നമുക്കുള്ളത്. താല്പര്യമുള്ള ആർക്കും പോകാം എന്നതാണ് സുപ്രീം കോടതി വിധി. ആക്ടിവിസ്റ്റിനോ, വിശ്വാസിക്കോ, മുസ്ലീമിനോ, ഹിന്ദുവിനോ, ആർക്കും അതാവാം എന്നതാണ് സുപ്രീം കോടതി വിധി. അവർക്ക് സംരക്ഷണം കൊടുക്കുക എന്നതാണ് ഗവണ്മെന്റിന്റെയും നിയമവ്യവസ്ഥയുടെയും ചുമതലയും ഉത്തരവാദിത്തവും. എന്നാൽ അതിനുള്ള ഒരു പരിശ്രമം സർക്കാർ നടത്തിയില്ല. അങ്ങനെ പരിശ്രമം നടത്താതിരിക്കുവാനുള്ള ഒരു കാരണം വിശ്വാസിസമൂഹവുമായി ഒരു സംഘർഷം വേണ്ടായെന്ന നിലപാട് മാത്രമല്ല. ഈ രാഷ്ട്രീയ സാഹചര്യത്തിൽ വിധി നടപ്പിലാക്കാതിരിക്കുകയും എന്നാൽ വിധി നടപ്പിലാക്കും എന്നു പറഞ്ഞുകൊണ്ട് ബിജെപിയെയും സംഘപരിവാറിനെയും രാഷ്ട്രീയമായും ഭരണപരമായും പ്രതിരോധിക്കാൻ കഴിഞ്ഞാൽ അതൊരു വലിയ രാഷ്ട്രീയവിജയമെന്ന നിലയിൽ എൽഡിഎഫിനു അനുകൂലമായി ഉപയോഗിക്കാം എന്ന കണക്കുകൂട്ടലാണ് ഈ ഡബിൾപ്ലേയുടെ കാരണം. ഒരേസമയം നവോത്ഥാനത്തിന്റെ മൂല്യങ്ങളെക്കുറിച്ച് പറയുക, അതേ സമയം വിധി നടപ്പിലാക്കാൻ കാര്യമായ പരിശ്രമം നടത്താതിരിക്കുകയും ചെയ്യുക. മാത്രമല്ല, വിധി നടപ്പിലാക്കുന്നതിനെതിരെ സമരം നടക്കുന്നതിന്റെ പിന്നിലുള്ള സാമുദായികശക്തി എൻ എസ്സ് എസ്സാണ്. എന്നാൽ ഇടതുപക്ഷമുന്നണി പറഞ്ഞിരുന്നത് എൻ എസ്സ് എസ്സ് കുഴപ്പമില്ല, നമ്പൂതിരിമാരാണ് കുഴപ്പമെന്നാണ്. ഇവിടെ കാര്യമെന്താണെന്നു വെച്ചാൽ, ഗവണ്മെന്റിനെ സമ്മർദ്ദത്തിലാഴ്ത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് കേരളത്തിലെ പ്രബലസമുദായങ്ങളുടെ രീതി. അവരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ തയ്യാറുള്ള ഒരു ഗവൺമെന്റാണുള്ളതും. അതായത് നാമജപഘോഷയാത്രയുമായി നായന്മാർ മുഴുവൻ പുറത്തുവന്നതോടെ എൻ എസ്സ് എസ്സ് ദീർഘകാലമായി ആഗ്രഹിക്കുന്ന സാമ്പത്തികസംവരണം നടപ്പിലാക്കാൻ പറ്റുമോ എന്നാണാലോചിക്കുന്നത്. ദേവസ്വം ബോർഡിലും കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലും സാമ്പത്തികസംവരണം നടപ്പിലാക്കാനുള്ള നടപടികൾ ഗവണ്മെന്റ് എടുത്ത് കഴിഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ 30 ശതമാനം മാത്രമേ സംവരണമുള്ളൂ. വിമോചനസമരത്തിനു ശേഷം കേരളരാഷ്ട്രീയത്തിലുണ്ടായ ഒരു പരിണാമം കേരളത്തിന്റെ മുഖ്യധാരാ സമൂഹത്തെ രൂപപ്പെടുത്തുന്ന ഒരു ബലതന്ത്രമായി സംഘടിത സാമുദായികത മാറിയെന്നതാണ്. ഇവരെല്ലാവരും പലപ്പോഴും മൽസരിച്ചുകൊണ്ടിരിക്കുന്നത് ഈ സംഘടിത സമുദായങ്ങൾക്ക് വിഭവങ്ങൾ പങ്കുവയ്ക്കുന്നതിനെ കുറിച്ചാണ്.
17) ആസിഫയുടെ കൊലപാതകമുൾപ്പടെയുള്ള കാര്യങ്ങൾ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മകത, ഇന്ത്യയിലെ പൊതുസമൂഹത്തോട് എന്താണ് പറയുന്നത്?
ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുകൊണ്ട് നമ്മള്‍ അറിയേണ്ട പ്രധാനകാര്യം – ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യയില്‍ അധികാരം കയ്യാളുമ്പോള്‍ ഇന്ത്യന്‍ സമഗ്രാധിപത്യത്തിന്‍റെ അടിസ്ഥാനപ്രമാണം എന്നത് ബ്രാഹ്മണ്യമാണ്. ഈ ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനപരമായ ഒരു പ്രവര്‍ത്തനരീതി ജനങ്ങള്‍ ആണ്. ബഹുജനങ്ങളെ അതുകൊണ്ട് ചെന്നെത്തിക്കുന്നത് ഒരു പ്രത്യേകതരം മനോനിലയിലാണ്. അത് അന്യ സമുദായങ്ങളോടും അന്യമതസ്ഥരോടും വിദ്വേഷം പുലര്‍ത്തുക എന്നതാണ്. അതാണീ ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനതത്വം. ഈ ഒരു മനോനിലയിലേക്ക് ഇന്ത്യയിലെ ഒരു ജനക്കൂട്ടത്തെ കൊണ്ടെത്തിക്കാന്‍ ഈ ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ മുന്‍കൈക്ക് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് കാശ്മീരില്‍ മാത്രമല്ല, രാജ്യവ്യാപകമായി പല സ്ഥലത്തും ആള്‍ക്കൂട്ടം നിയമത്തെ മറികടന്നുകൊണ്ട് ആക്രമണങ്ങളും കൊലപാതകങ്ങളും ബലാല്‍സംഗങ്ങളുമൊക്കെ നടത്തുന്നത്. ഈ മനോനിലയുടെ സംഭവം, അതാണ് ഇന്ത്യന്‍ ഫാസിസം. അവർ1ആക്രമണം നടത്തുമ്പോള്‍, ഈ ആക്രമണകാരികള്‍ കുഴപ്പക്കാരാണ് എന്ന് ആര്‍ക്കും തോന്നുന്നില്ല. ഈ തോന്നാതിരിക്കാനുള്ള കാരണം എന്നത് ബ്രാഹ്മണ്യമാണ്. ബ്രാഹ്മണ്യത്തില്‍ ഈ അന്യജാതിക്കാരനേയോ നാനാമതസ്ഥരായ മറ്റുള്ളവരെയോ കൊലപ്പെടുത്തുന്നത് ഒരു കുറ്റകൃത്യമല്ലാത്തത്, അത് നിര്‍വ്വഹിക്കുന്നത് അവന്‍റെ ധര്‍മമാണ് എന്നാണു പറയുന്നതെന്നതുകൊണ്ടാണ്. അതുകൊണ്ടാണ് ആസിഫയുടെ കൊലപാതകത്തെ ന്യായീകരിക്കാന്‍ മന്ത്രിമാര്‍ രംഗത്ത് വരുന്നത്. ഈ നിലയ്ക്ക് മനുസ്മൃതിയുടെ നീതിബോധത്തിന് അകത്തു ജീവിക്കുന്ന ഇന്ത്യയിലാണ് ആസിഫ ബലാല്‍സംഗം ചെയ്തു കൊലപ്പെടുന്നത്. കാരണം, അവള്‍ മൂന്ന് ഐഡന്റിറ്റിയുള്ള കുട്ടിയായിരുന്നു. ഒന്ന്, മുസ്ലിം. രണ്ട് നാടോടിവിഭാഗം ആയ ബക്കര്‍വാള്‍, മൂന്ന് ട്രൈബ്. ഈ വിഭാഗങ്ങള്‍ എല്ലാം മനുസ്മൃതിയുടെ നിയമങ്ങള്‍ക്ക് വെളിയിലാണ്. മനുസ്മൃതിയുടെ ധാര്‍മ്മികതയാല്‍ പ്രചോദിതരായാല്‍ കൊല്ലപ്പെടേണ്ടവരാണ്. അത് ആദിവാസികള്‍ ആവട്ടെ, നാടോടികളോ, ദലിതരോ ആവട്ടെ, അവര്‍ കൊല്ലപ്പെടേണ്ടവര്‍ ആണ് എന്നുള്ളതാണ്.
ഇത് യഥാര്‍ത്ഥത്തില്‍ കാമപ്രചോദിതം ആയിട്ട്, ലൈംഗികപ്രചോദിതമായിട്ട്, നടന്ന സംഭവമല്ല. ഇത് ethnic cleansing എന്ന് വിളിക്കാവുന്നവിധം, കൊച്ചുകുട്ടികളെ തിരഞ്ഞുപിടിച്ച് കൊല്ലുന്നതിലൂടെ വംശീയ ഉന്മൂലനമാണ് ലക്ഷ്യമിടുന്നത്. ഇത്തരം കുറ്റവാളികളെ സംരക്ഷിക്കാന്‍ സ്റ്റേറ്റ് തയ്യാറാവുന്നു എന്നതാണ് നമ്മള്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി. നമ്മുടെ ഗവണ്മെന്റ് സിസ്റ്റത്തിലെ ലോക്കല്‍ പോലീസ് ഈ കേസ് വളച്ചൊടിക്കാന്‍ നിരവധിയായ ശ്രമങ്ങള്‍ നടത്തിയിരുന്നു. ലോക്കല്‍ കോടതി, കോടതിയിലെ വക്കീലന്മാര്‍, രാഷ്ട്രീയ നേതാക്കള്‍ എല്ലാം തന്നെ ഇവരെ സംരക്ഷിക്കുന്നവരേയും, ഇവര്‍ക്കു വേണ്ടി വാദിക്കുന്നവരേയും കൊന്നുകളയുമെന്നും. ഇത്തരം ഭീഷണി നടത്തുന്നവരെ സംരക്ഷിക്കാനാണ് ഇന്ത്യയുടെ ഫാസിസ്റ്റ് രാഷ്ട്രീയാധികാരങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രായോഗിക സംവിധാനങ്ങളിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്തുവാനാണ് നരേന്ദ്ര മോദിയുടെ ഗവണ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ നിലയ്ക്കാണ്, ഇന്ത്യയുടെ ജനാധിപത്യം അകപ്പെട്ട കെണിയെക്കുറിച്ച് ബോധ്യപ്പെട്ടുകൊണ്ട്, ജനാധിപത്യ ഇന്ത്യയിലേക്ക് എങ്ങിനെ കടന്നുപോകാം എന്ന് പ്രായോഗികമായി ആലോചിക്കേണ്ടത്. ഇവിടെ ദലിതര്‍, മുസ്ലീങ്ങള്‍, ആദിവാസികള്‍, മാത്രമല്ല, എല്ലാ ബഹുജന്‍ ജനങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ഭരണഘടന പുലരുന്ന ജനാധിപത്യ ഇന്ത്യയെ ആണ് നമ്മള്‍ നിര്‍മ്മിക്കേണ്ടത്.
Be the first to write a comment.