പാടത്തിനപ്പുറത്തൂന്ന്
ആരോ വിളിക്കുന്നതായ്
ഉള്ള് തേട്ടുന്നു.

വീടുവിട്ടിറങ്ങിയപ്പോ
തിരിഞ്ഞു നോക്കല്ലേ….
അമ്മേടെ വിളി കേക്കല്ലേന്ന്
പറങ്ങോടിപ്പാറ ചിലമ്പുന്നു.

പ്രസവനോവാലുള്ളതിൻ
തുടയകത്തിക്കിടപ്പ്
ഈറ്റുവെള്ളമൊഴുക്ക്
കണ്ണിന്റെ ഓർമയിൽ തെളിയുന്നു.

ഞാറു നോക്കി നിക്കല്ലേ
വെള്ളക്കെട്ടിലെ അനക്കങ്ങടെ
ഓളങ്ങളിലുലഞ്ഞുലഞ്ഞ്
കൊറ്റിയെ പോലിങ്ങനെ
പാടത്തു നിക്കല്ലേയെന്ന്
പറങ്ങോടി കിതക്കുന്നു.

പാടം മുറിച്ചൊഴുകുന്ന തോടിന്റെ
കരേലേക്ക് കേറിയപ്പോ
ഒഴുക്കു വെള്ളത്തിന്റെ
ഒച്ച കുടിക്കല്ലേ….
തെങ്ങിൻ മണ്ടേൽ
ഓലയിലാടുന്ന
കാറ്റിന്റെ കാലിൽപ്പിടിച്ച്
മാനത്തേക്കു കേറല്ലേയെന്ന്
പറങ്ങോടി വലിക്കുന്നു.

തോട്ടിൻ കരേന്ന് തിരിഞ്ഞ്
റബ്ബർക്കാടിന്റിടവഴി വന്നപ്പോ
ഉയിര് ചപ്പുന്ന ഇരുളിന്റെ
അപ്പുറത്തേക്കോട്,വീർപ്പടക്കി –
പ്പിടിച്ചോടെന്ന് ഉറയുന്നു.

വഴിയൊക്കെ തീർന്നപ്പോ
കണ്ണു തുറന്നപ്പോ
പറങ്ങോടിയെ
കാണാനില്ല.

പേറിനിടെ കൊന്ന്
കുഴിച്ചുമൂടിയിരിക്കുന്നു
വീണ്ടും!.

തിരിഞ്ഞു നടക്കാനാഞ്ഞപ്പോൾ
റബ്ബർക്കാടില്ല….
തോട്ടുവരമ്പില്ല….
പാടങ്ങളില്ല….
അപ്പുറത്തെനിക്ക്
വീടില്ല.

Comments

comments