ക്രിസ്തുമസാണ്. കാലിത്തൊഴുത്തിൽ യേശു ജനിച്ച ദിനം. യേശു മാത്രമാണോ ജനിച്ചത്? യേശു പിന്നീട് കുരിശേറി  ഉയർത്തെഴുന്നേറ്റതിനൊപ്പം പിലാത്തോസും പുനർജനിച്ചിട്ടില്ലേ?? ജനിച്ചുകൊണ്ടിരിക്കുന്നില്ലേ?  യേശു ഉയർത്തെഴുന്നേറ്റു താൻ തന്നെയായി മാറുമ്പോൾ പിലാത്തോസുമാരും പലവേഷത്തിൽ ജന്മമെടുക്കുകയായിരുന്നില്ലേ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ? രാജാവായും, മന്ത്രിയായും പ്രധാനമന്ത്രിമാരായും പീലാത്തോസ് ജന്മമെടുക്കുന്നത് നാം കാണുന്നു. അതിർത്തികളായും, ജയിലുകളായും, കൊലപാതകങ്ങളായും, ഈ പിലാത്തോസുമാർ കുരിശുകൾ തീർത്തുകൊണ്ടിരിക്കുന്നു. പീലാത്തോസിന്റെ ശിക്ഷയുടെ മുൾക്കിരീടം ചുമക്കാത്തവർ നമ്മളിൽ എത്രപേരുണ്ട്?

ഇന്ത്യയിൽ തന്നെനോക്കൂ. നമ്മുടെ രാജാവും പിലാത്തോസുതന്നെയല്ലേ. രണ്ടുവർഷം മുൻപ് ഒറ്റയടിക്കല്ലേ നൂറുകോടി ജനങ്ങളുടെ തലയിലേക്ക് അയാൾ നൂറുകോടി മുൾക്കിരീടങ്ങൾ ഒന്നിച്ചു ചാർത്തിയത്. നൂറുകോടി ജനതയെ ഒന്നിച്ചു കുരിശിലേക്കയച്ചത്? The Thief, the Cross and the Wheel-ൽ Mitchell B. Merback എന്നചരിത്രകാരൻ യേശുവിന്റെന്റെയും മറ്റും കാര്യത്തിൽ കാര്യത്തിൽ സൂചിപ്പിച്ചതുപോലെ, നൂറുകോടി കോടി ജനതയെ ഒന്നായി കുരിശിൽ തറച്ചുകൊണ്ടു  ആനന്ദ മൂർച്ച അനുഭവിച്ച,  അനുഭവിച്ചുകൊണ്ടിരിക്കുന്ന, ഇന്ത്യയിലെ മോഡിത്തോസ്‌ രാജാവ് പങ്ക് വെക്കുന്നത്  പിലാത്തോസിന്റെ വംശാവലി തന്നെയല്ലേ.

യേശു വഹിച്ച മരക്കുരിശിന് പകരം നൂറുകോടി പണക്കുരിശും, പശുക്കുരിശും, ശ്രീരാമക്കുരിശും, ജിഎസ്ടി കുരിശും കുത്തിനിർത്തി അദാനി, അംബാനി, യോഗി തുടങ്ങിയ മുൾക്കിരീടങ്ങളെ ഒന്നാം നാളും, രണ്ടാം നാളും, മൂന്നാം നാളും, എല്ലാനാളും നമ്മുടെ തലയിൽ എടുത്തുവച്ചവൻ തന്നെയല്ലേ നമ്മുടെ രാജാവ്. “എനിക്ക് അമ്പത് ദിവസം തരൂ, എന്നിട്ടു ഞാൻ തെറ്റിയെങ്കിൽ ചുട്ടുകൊന്നോളൂ” എന്ന് നിലവിളിച്ച രാജാവ് അഞ്ഞൂറ് ദിവസം പിന്നിട്ടിട്ടും മുൾക്കിരീടം ചുമക്കുന്ന നൂറുകോടി ദരിദ്ര യേശുമാരോട് പറഞ്ഞുകൊണ്ടിരിക്കുന്നു, ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന്.

ഇന്ത്യയിലെ ദരിദ്ര-യേശുമാർക്കു എന്നാണ് ഉയർത്തെഴുനേൽപ്പുണ്ടാവുക, ചോദ്യം ദൈവപുത്രനോടാണ്.

സ്വർണ്ണ തളികയിൽ കൈ കഴുകി പാപഭാരമൊഴിഞ്ഞ പിലാത്തോസിനെത്തന്നെയല്ലേ, സ്വർണ നൂലുകളിൽ അലങ്കരിച്ച കോട്ടിട്ട് ദരിദ്ര യേശുമാരെ നോക്കി കൊഞ്ഞനം കുത്തിയ മോഡിത്തോസും ഓർമ്മപ്പെടുത്തുന്നത്.  വെള്ളത്തെ വീഞ്ഞായി മാറ്റിയ യേശുവിനെയാണ് പിലാത്തോസ്‌ കുരിശിലേറ്റിയതെങ്കിൽ വെള്ളത്തെയും മണ്ണിനെയും ഭക്ഷണമാക്കി മാറ്റുന്ന കർഷക യേശുമാരെ കഴുകനുപോലും വേണ്ടാത്ത അസ്ഥി ഭക്ഷിക്കാൻ വിട്ട് കുരിശിലേറ്റിക്കൊണ്ടേയിരിക്കുന്നു നമ്മുടെ രാജാവ്.ശരിയല്ലേ? നൂറുകോടി ദരിദ്ര യേശുമാരുടെ ഭക്ഷണം അംബാനിക്കും, അദാനിക്കും, മല്ല്യക്കും, പിന്നെ ജൂതാസുമാർക്കും ചുരുക്കി വിളമ്പുന്നവൻ നമ്മുടെ രാജാവ്. ഇതും അത്ഭുത പ്രവർത്തി തന്നെയല്ലേ. മരപ്പണിക്കാരൻ യേശുവിന് കൈയ്യിലും മുതുകിലും തഴമ്പ് ഉണ്ടായിരുന്നെങ്കിൽ, അത് കണ്ടവരും കൊണ്ടവരും ഉണ്ടായിരുന്നെങ്കിൽ, ‘ചായ വിറ്റു നടന്നിരുന്നു’ എന്ന് പറയുന്ന രാജാവിന്റെ കൈയിൽ നിന്ന് ചായ കുടിച്ചവർ എല്ലാം കാലം ചെയ്തുപോയതും, ഒരാൾ പോലും അവശേഷിക്കാത്തതും അത്ഭുത പ്രവർത്തിതന്നെയല്ലേ.  രാജാവും ശുശ്രൂഷകനാണ് ദൈവപുത്രാ. മരണമാണ് ചികിത്സ.

പിലാത്തോസുമാരെ ഒന്നിക്കൂ, രക്തമടങ്ങിയ സ്വർണ്ണ ചഷകങ്ങൾ മുട്ടിച്ചു നമുക്ക് ആഘോഷിക്കാം എന്നല്ലേ  തന്റെ ലോകസഞ്ചാരത്തിനിടയിൽ മോഡിത്തോസ്‌ രാജാവും പറയുന്നത്. ദരിദ്ര യേശുമാരുടെ കണ്ണുകൾ കുത്തിപൊട്ടിക്കാനും, മുറിവുകളിൽ ഉപ്പുപുരട്ടാനും, സ്ത്രീകളെ രോഗികളാക്കാനും, ശബ്ദമുള്ളവരുടെ നാക്കരിയാനും, മറ്റുള്ളവന്റെ ഫോണിലേക്കും കംപ്യൂട്ടറിലേക്കും ഒളിഞ്ഞുനോക്കാനും, ആൾക്കൂട്ടകൊലയാളികളുടെ സംരക്ഷണം ഏറ്റെടുക്കാനും, പശുതീവ്രവാദികളെ അഭിനന്ദിക്കാനും എത്രയെത്ര റാലികളാണ് നമ്മുടെ രാജാവ് നടത്തിയിട്ടുള്ളത്. മുപ്പതു വെള്ളിക്കാശിന് ഒറ്റുകൊടുക്കുന്ന എത്രയെത്ര അർണബ്മാരെയാണ് ടെലിവിഷൻ ചാനലുകളിൽ രാജാവ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

നൂറുകോടി ദരിദ്ര യേശുമാരുടെ മുൾക്കിരീടങ്ങൾ താഴെവീണുടയട്ടെ,

അവർ വഹിക്കുന്ന പണക്കുരിശും പശുക്കുരിശും ചിതലരിക്കട്ടെ,

പിലാത്തോസുമാരും മോഡിത്തോസുമാരും പുനർജനിക്കുമ്പോൾ, യേശുവിന്റെ സാന്നിധ്യം ശക്തി പകരട്ടെ

സഹനയേശുമാർക്ക് അഭിവാദ്യങ്ങൾ.

(ചിത്രം: adoration of the magi – Titian)

Comments

comments