ലാപ്ടോപ്പിനെയും മൊബൈൽ ഫോണിനെയും പണിയായുധങ്ങൾ എന്ന് വിളിക്കുന്ന ഒരു കൂട്ടുകാരനുണ്ട്. രാപകലില്ലാതെ ഈ രണ്ട് ഉപകരണങ്ങളും അവന്‍റെ കൂടെയുണ്ടാകും. ഒരു പ്രധാനപ്പെട്ട മെയിൽ, ഒഴിച്ച് കൂടാനാകാത്ത കോൺഫറൻസ് കാൾ, ഇന്നലെ തീർക്കേണ്ടിയിരുന്ന പ്രൊജക്റ്റിന്‍റെ ഡെഡ് ലൈൻ – അവന്‍റെ ജീവിതം രാപകലില്ലാതെ ഈ പണിയായുധങ്ങളുമായുള്ള കെട്ടിമറിച്ചിലാണ്. സങ്കടവും സഹതാപവും തോന്നി, ചിലപ്പോൾ അരിശം മൂത്ത്, അമ്മയും അച്ഛനും ഭാര്യയുമൊക്കെ ഇനിയെങ്കിലും ഇതൊന്ന് അടച്ച് വെച്ചുകൂടെ എന്ന് ചോദിക്കുമ്പോൾ അവൻ പറയും: ഇതാ വന്നു, ഒരു മിനിറ്റ്.
പണിയായുധങ്ങങ്ങൾ ഇങ്ങനെ വിടാതെ പിന്തുടരുന്ന ജീവിതം അവന്റേതു മാത്രമല്ല. നമ്മിൽ മിക്കവരുടേതുമാണ്. പക്ഷെ, അത് അങ്ങനെയല്ലാത്ത കാലവും മനുഷ്യരുമുണ്ടായിരുന്നു. എല്ലുമുറിയുന്ന പണിയാണെങ്കിലും, അന്തിയോളം വയലിലും പറമ്പത്തും പണിയെടുത്ത് ഒടുവിൽ വീടണയുന്ന കർഷകതൊഴിലാളിയെ നോക്കുക. കാലും മുഖവും കഴുകി, കൈയിലെ കൂന്താലിയോ കൈക്കോട്ടോ ഇറയത്ത് വെച്ച് വീട്ടിനകത്തേക്ക് കയറുമ്പോൾ, തന്‍റെ തൊഴിൽദിനം അയാൾ പടിക്ക് പുറത്ത് വെക്കുകയാണ്. അക്ഷരാർത്ഥത്തിൽ. അതു പോലെതന്നെയാണ് മറ്റ് മിക്ക പരമ്പരാഗതതൊഴിലുകളും.
എന്നാൽ ‘ന്യൂ ജെൻ’ തൊഴിലുകളിലേക്ക് സമൂഹം പരിണമിച്ചതോടെ ഈ സ്ഥിതിക്ക് മാറ്റം വന്നു. ആദ്യമൊക്കെ തൊഴിലാളികളുടെ ജീവിതത്തെ എളുപ്പമാക്കുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകളായാണ് ഈ മാറ്റങ്ങൾ അവതരിപ്പിക്കപ്പെട്ടത്. പിന്നെ ഇതൊരു ഒഴിയാബാധയാകുകയാണോ എന്ന ചെറുസംശയമായി. ഒടുവിൽ, ജീവിതത്തിൽനിന്ന് മുഴുവൻ ഊർജ്ജസ്വലതയും ചോർത്തികളയുന്ന കൊടുംവ്യാധിയായി ജോലിസമയം ദിവസം മുഴുവൻ പടർന്നു കയറാൻ തുടങ്ങി.
ഇതോർത്തത് ജോലിസമയത്തിന് പുറത്ത് തൊഴിൽ സംബന്ധമായ ഫോൺ വിളികളും മെയിലുകളും സ്വീകരിക്കാതിരിക്കാൻ ജോലിക്കാർക്ക് അവകാശം നൽകുന്ന ഒരു
സ്വകാര്യബിൽ പാർലമെന്റിന്‍റെ പരിഗണനക്കായി സമ്മർപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന വാർത്ത വായിച്ചപ്പോഴാണ്. എൻ സി പി അംഗം സുപ്രിയ സുലെയാണ് ഈ ബിൽ കൊണ്ട് വന്നത്.
‘RIGHT TO DISCONNECT’ എന്ന് വിളിക്കുന്ന ഈ ബില്ലിന് സമാനമായ നിയമം ഫ്രാൻസിൽ നിലവിലുണ്ട്. മറ്റ് പല പാശ്ചാത്യരാജ്യങ്ങളിലും ഇതേക്കുറിച്ച് ചർച്ചകൾ നടക്കുന്നു. ഇതെഴുതുമ്പോൾ ന്യൂയോർക്ക് സിറ്റി കൌൺസിൽ ഇതേ കുറിച്ചുള്ള അഭിപ്രായരൂപീകരണത്തിന് തയ്യാറാടെക്കുകയാണ്.
വർഗ്ഗ സംഘർഷങ്ങൾ പലപ്പോഴും അതിന്‍റെ ഏറ്റവും തീവ്രതയിൽ വെളിവാക്കപ്പെടുന്നത് ജോലിസമയത്തെകുറിച്ചുള്ള തർക്കങ്ങളിലാണ്. ജോലിസമയത്തെ ചൊല്ലി, ജോലിയിൽ നിന്ന് എപ്പോൾ എങ്ങിനെ വിരമിക്കും (retirement age) എന്നതിനെ ചൊല്ലിവലിയ സമരങ്ങൾ തന്നെ ഉണ്ടാണ്ടായിട്ടുണ്ട്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം എന്നത് മുതലാളിത്തത്തിന്‍റെ ചരിത്രത്തിൽ അങ്ങോളമിങ്ങോളം അനുരണനം ചെയ്യുന്ന ഒരു മുദ്രാവാക്യമാണല്ലോ.
ഇതിന് കാരണം മുതലാളിത്തത്തിനകത്ത്, തൊഴിലെടുക്കുന്നവർ ജോലിക്കായി ചിലവഴിക്കുന്ന സമയം, വേതനം, മിച്ചമൂല്യം, ലാഭം എന്നീ കാര്യങ്ങൾ അഭേദ്യമായി ബന്ധപ്പട്ടിരിക്കുന്നു എന്നതുകൊണ്ടാണ്. മൂലധനത്തിന്‍റെ ഒന്നാം ഭാഗത്തിൽ തൊഴിൽദിവസം (The working day) എന്ന പേരിൽ ഒരു അദ്ധ്യായം മുഴുവനും തന്നെ തൊഴിലാളിയുടെ ജോലിസമയവും മുതലാളിയുടെ ലാഭവും തമ്മിലുള്ള ബന്ധത്തെ പറ്റി വിശകലനം ചെയ്യാനായി മാർക്സ് മാറ്റിവെക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഫാക്ടറി മാനേജർമാർ തൊഴിലാളികളുടെ ഭക്ഷണസമയത്തിൽനിന്നും മറ്റും കവർന്നെടുക്കുന്ന ഏതാനും നിമിഷങ്ങൾ പോലും കൂടുതൽ ലാഭമുണ്ടാക്കാൻ എങ്ങിനെ ഉപയോഗിച്ചു എന്ന് ഉദാഹരണസഹിതം ആദ്ദേഹം വിവരിക്കുന്നു.
‘Petty pilfering of minutes’ എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രക്രിയയെ വിവരിച്ചുകൊണ്ട് മാർക്സ് പറയുന്നത് ഇങ്ങനെയാണ്: “It is evident that in this atmosphere the formation of surplus value by surplus labour, is no secret. I recollect what a highly respectable master told me in the recent past, ‘to work only ten minutes in the day overtime, you put one thousand a year in my pocket.’ ‘Moments are the elements of profit’.’’
മാർക്സിസ്റ്റ് ചിന്തകനായ ഡേവിഡ് ഹാർവെ എഴുതിയതുപോലെ ധനശാസ്ത്രത്തിന്‍റെ ആമുഖ പാഠങ്ങളിൽ തൊഴിൽ സമയത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ഇടം കിട്ടിയെന്ന് വരില്ല. പക്ഷെ, തൊഴിലെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ‘petty pilfering of minutes’ ഒരു നിത്യജീവിതയാഥാർഥ്യമാണ്. ഒന്നര നൂറ്റാണ്ട് മുന്നത്തെ തൊഴിലാളികളുടെ മാത്രമല്ല, ഇന്നത്തെ തൊഴിലാളികളുടെയും.
ഫാക്ടറി തൊഴിലാളികളും മാളുകളിലെയും ഷോപ്പിംഗ് സെന്ററുകളിലെയും ജീവനക്കാരും ഐ ടി തൊഴിലാളികളുമൊക്കെ ഇത് നിത്യേനയെന്നോണം അനുഭവിച്ചു വരുന്നു. മാരുതി പോലുളള വൻ ഫാക്ടറികളിലും കേരളത്തിലെ വലിയ തുണിക്കടകളിലും ജ്വല്ലറികളിലും നടന്ന സമരങ്ങളിൽ നിന്ന് കേട്ട കഥകൾ ഓർമ്മയില്ലേ? ഐടി സർവീസ് കമ്പനികൾ പോലുള്ള ആധുനികസ്ഥാപനങ്ങളും വ്യത്യസ്ഥമല്ല. ഒരു ദിവസം ഒമ്പതോ അതിൽ കൂടുതലോ മണിക്കൂറുകൾ ഒരു ഐടി തൊഴിലാളി നിർബന്ധമായും ഓഫിസിൽ ചിലവഴിച്ചിരിക്കണമെന്ന നിയമങ്ങൾ ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികൾ നടപ്പിലാക്കിയത് പത്തു വർഷങ്ങൾക്കു മുൻപാണ്.
ജോലി സമയം കൂട്ടുന്നത് കാര്യക്ഷമതയെയും വരുമാനത്തെയും എങ്ങിനെ സ്വാധീനിക്കുമെന്ന് വിശദീകരിച്ച് കൊണ്ട് അന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം ഇങ്ങനെ എഴുതി: “For instance, by increasing work hours by an hour a day an employee works an additional 22 hours a month. If an hour of his/her work is billed at $20, the company makes an additional billing of $440 per employee. That means, in rupee terms, a single employee can bring in additional revenues of Rs 22,000 a month for the company.”
ഇത്തരം നിമിഷചോരണങ്ങളുടെ ഒരു വലിയ പരിമിതി ഇങ്ങനെ തൊഴിൽ ദിവസത്തെ വലിച്ച് നീട്ടുന്നതിന് ഒരു പരിധിയുണ്ട് എന്നതാണ്. ഇന്റർനെറ്റ്, സ്‍മാർട്ട് ഫോണുകൾ, ക്‌ളൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ സാങ്കതിക വിദ്യകളുടെ വ്യാപനത്തോടെ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഏത് കാര്യങ്ങളും എവിടെ വെച്ചും ചെയ്യാമെന്ന നില വന്നപ്പോൾ ആ പരിമിതികൾ മറികടക്കാനുള്ള പുതിയ വഴികൾ മുതലാളിത്തത്തിന് കൈവന്നു. Ubiquitous computing എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സാങ്കേതിക വിദ്യകൾ മിക്ക പണിയിടങ്ങളിലെയും തൊഴിൽ പ്രക്രിയയിൽ (labor process) ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കി. പണിയായുധങ്ങൾ തൊഴിലാളിയെ അനുഗമിച്ച് തുടങ്ങുകയും ഇരിപ്പുമുറിയിലും, തീൻ മീശയിലും, കിടപ്പുമുറിയിലുമെല്ലാം കൂടെയെത്തുകയും ചെയ്തു.
പണിക്കും വിനോദത്തിനും വിശ്രമത്തിനും വേണ്ടുന്ന സമയങ്ങൾക്കിടയിലെ അതിർവരമ്പുകൾ ഇല്ലാതായി. ജോലിസമയം മറ്റ് രണ്ട് കാര്യങ്ങൾക്കുള്ള സമയങ്ങളിലേക്ക് അതിക്രമിച്ച് കയറി. ശമ്പള വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും സഹപ്രവർത്തകരെക്കാൾ കൂടുതൽ പണിചെയ്ത് കാട്ടികൊടുക്കുകയാണ് ഒരേയൊരു മാർഗ്ഗമെന്നതുകൊണ്ട് തൊഴിലാളികളും ഇതിലൊളിഞ്ഞിരിക്കുന്ന ആപത്തുകൾ ആദ്യമാദ്യം അവഗണിച്ചു. ന്യൂ ജെൻ തൊഴിലുകളിലധികവും തൊഴിൽനിയമങ്ങൾക്ക് വിധേയമായല്ല നടന്നു വരുന്നത് എന്നത് മുതലാളിത്തത്തിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.
ഈ പുതിയ തൊഴിൽസംസ്ക്കാരം വ്യാപകമായതോടെ തൊഴിലും അതിന് പുറത്തുള്ള ജീവിതവും തമ്മിലുള്ള തുലനം അസാധ്യമായി. അവയുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അതീവഗുരുതരമായ തോതിൽ വർദ്ധിച്ചു. ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർക്കഡീസ് എന്ന കൺസൾട്ടൻസി ഇതേകുറിച്ച് ഒരു പഠനം നടത്തിയിരുന്നു. ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത, മുംബൈ, ദില്ലി എന്നീ ഇന്ത്യൻ നഗരങ്ങളിൽ ജോലി ചെയ്യുന്ന ഒരാൾ പ്രതിവർഷം ശരാശരി 2,195 മണിക്കൂറുകൾ ജോലി ചെയ്യുന്നു എന്നാണ് അവർ കണ്ടത്തിയത്. എന്നാൽ ഹാംബർഗ് പോലുള്ള ഒരു യൂറോപ്പ്യൻ നഗരത്തിൽ ഇത് 1,473 മണിക്കൂറുകൾ മാത്രമാണ്.
ജോലിസമയത്തിന് പുറത്ത് പണിയെടുക്കാൻ വിസമ്മതിക്കാനുള്ള തൊഴിലാളിയുടെ അവകാശം ലക്ഷ്യമാക്കുന്ന right to disconnect പോലുള്ള നിയമങ്ങളുടെ പ്രസക്തിയും പരിമിതികളും ചർച്ച ചെയ്യപ്പെടേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഇങ്ങനെയൊരു നിയമനിർമ്മാണത്തിന് വേണ്ടി ഒരു ബിൽ അവതരിപ്പിക്കാൻ എൻ.സി.പി എംപിക്ക് പ്രേരണയായത് എന്തെന്ന് എനിക്കറിയില്ല. അതെന്തായാലും, തങ്ങളുടെ ജീവിതപരിസരങ്ങളെ ജീവിതവ്യമാക്കാനായി തൊഴിലെടുക്കുന്നവർ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ ഫലമാണ് ജോലിസമയത്തെ പരിമിതപ്പെടുത്തുന്ന കീഴ്‌വഴക്കങ്ങളും നിയമങ്ങളും. ആ നേട്ടങ്ങളിൽനിന്നുള്ള നിന്നുള്ള തിരിച്ചുപോക്കാണ് കഴിഞ്ഞ കുറേ കാലങ്ങളായി കണ്ടു വരുന്നത്ത്. ഈ പ്രവണതക്ക് തടയിടാൻ ഇത്തരം നിയമങ്ങൾ ഒരു പരിധിവരെയെങ്കിലും സഹായിച്ചേക്കും.
അതേസമയം, എഴുതിവയ്ക്കപ്പെട്ട ചട്ടങ്ങൾ മാത്രമല്ല, വളരെ സമർത്ഥമായി രൂപപ്പെടുത്തിയെടുത്തിട്ടുള്ള ഒരു തൊഴിൽ സംസ്‌ക്കാരം കൂടിയാണ് രാപകൽ ജോലി ചെയ്യാൻ മിക്കവരെയും പ്രേരിപ്പിക്കുന്നത് എന്ന കാര്യം കാണാതിരുന്നു കൂടാ. നിയമങ്ങളുണ്ടായാലും അത് പ്രയോഗത്തിൽ വരണമെന്നില്ലെന്ന് ചുരുക്കം. മാത്രമല്ല, അസംഘടിതമേഖലയിലെ കായികജോലികളിലേർപ്പെടുന്ന തൊഴിലാളികൾക്ക് ജോലിസമയം കഴിഞ്ഞാൽ മെയിലും ബോസിന്‍റെ വിളിയും അവഗണിക്കാനുള്ള അവകാശം പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാക്കാൻ പോകുന്നുമില്ല.
പരിമിതികളേറെ ഉണ്ടെന്ന് ചുരുക്കം. എന്നാലും ഒരു വിഭാഗം തൊഴിലാളികൾക്കെങ്കിലും ഗുണകരമായേക്കാവുന്ന സുപ്രിയ സുലെയുടെ ഈ സ്വകാര്യബിൽ നിയമമാകാനുള്ള സാധ്യത എന്താണ്? ഒരു പഠനപ്രകാരം അടുത്ത കാലത്തൊന്നും ലോകസഭ 5 ശതമാനത്തിൽ കൂടുതൽ സ്വകാര്യബില്ലുകൾ ചർച്ച ചെയ്തിട്ടില്ല. ഈ ബിൽ ചർച്ച ചെയ്യപ്പെടാനുള്ള ഗണിതശാസ്ത്രസംഭാവ്യത തീരെ കുറവാണ് എന്നർത്ഥം.
ജനുവരിമാസം ആദ്യം നടന്ന, രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വലിയ തൊഴിലാളിസമരം പാർലമെന്റും മാധ്യമങ്ങളും അവഗണിച്ച രീതി കണക്കിലെടുക്കുമ്പോൾ ആ സംഭാവ്യത ഇനിയും നേർത്തതാകുന്നു.
Be the first to write a comment.