ഓരോ ശാസ്ത്രവിഷയങ്ങളിലും ശാസ്ത്രസമൂഹം കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത് പ്രധാനമായും പുതിയ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യാനും പലപ്പോഴും പ്രസ്തുത വിഷയത്തിലെ ഗവേഷണങ്ങളുടെ ഭാവി ചര്‍ച്ച ചെയ്യാനുമാകും. എന്നിരുന്നാല്‍ പോലും കോണ്‍ഫറന്‍സുകളില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ക്ക് അക്കാദമിക് ജേണലുകളില്‍ പ്രസിദ്ധീകരിക്കുന്നവയേക്കാള്‍ പ്രാധാന്യം പൊതുവെ കുറവാണ്. ജേണലുകളിലെ ലേഖനങ്ങള്‍ മാസങ്ങളോളമുള്ള പിയര്‍ റിവ്യൂ നടത്തി മാത്രം സ്വീകരിക്കുവയാണ്. പിയര്‍ റിവ്യൂ എന്നാല്‍ പ്രസ്തുത വിഷയങ്ങളിലെ വിദഗ്ധര്‍ പ്രസിദ്ധീകരണത്തിനയച്ച പഠനങ്ങളെ വിശദമായി പരിശോധിച്ച് അതിലെ അപാകതകള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കാവുന്ന ലേഖനങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. ഇങ്ങനെയുള്ള പ്രസിദ്ധീകരിക്കലെന്നത് ഗവേഷണത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ്.

ഒരാളുടെ റിസര്‍ച്ച് കരിയര്‍ എന്നത് അയാളുടെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളും അവയുടെ സ്വീകാര്യതയും പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്ന ഒന്നാണ്. കോണ്‍ഫറന്‍സുകളിലെ ലേഖനങ്ങള്‍ (ഇവ പൂര്‍ണ ലേഖനങ്ങള്‍ ആയി കണക്കാക്കില്ല. അബ്സ്ട്രാക്റ്റുകള്‍ അല്ലെങ്കില്‍ കോണ്‍ഫറന്‍സ് പ്രൊസീഡിങ്ങ്സ് എന്നാണ് വിളിക്കുക) പൊതുവെ വിശദമായ ഒരു പരിശോധനക്ക് വിധേയമാവാറില്ല. ഒട്ടുമിക്ക ഗവേഷകരും കോണ്‍ഫറന്‍സുകളില്‍ പ്രസിദ്ധീകരിക്കുന്ന കണ്ടെത്തലുകള്‍ കൂടുതല്‍ പഠനഫലങ്ങള്‍ ഉള്‍പ്പെടുത്തി ജേണലുകളില്‍ പ്രസിദ്ധീകരിക്കലാണ് പതിവ്. മാത്രമല്ല ജേണലില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞ പഠനങ്ങളും അവതരിപ്പിക്കാറുണ്ട്. ശാസ്ത്ര വിഷയങ്ങളില്‍ വിദഗ്ധര്‍ക്കും പുതിയ ഗവേഷകര്‍ക്കുമെല്ലാം ചര്‍ച്ച ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോം ആണ് ഈ കോണ്‍ഫറന്‍സുകള്‍.

ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ഗവേഷകര്‍ക്ക് ശാസ്ത്ര പ്രസിദ്ധീകരണത്തിന് തടസ്സങ്ങള്‍ ഏറെയാണ്. വളരെയധികം വസ്തുതാപരവും ശാസ്ത്രീയവുമായ വിവരണമാണ് ഇത്തരം ലേഖനങ്ങള്‍ ആവശ്യപ്പെടുന്നത്. വസ്തുനിഷ്ഠവും യുക്തിപരവുമായ സമീപനമാണ് ശാസ്ത്രത്തിന്റേത്. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തില്‍ വളര്‍ന്നു വരുന്ന ഒരു ഭൂരിപക്ഷം യുക്തിപരമായ സമീപനം നിത്യജീവിതത്തില്‍ എടുക്കുന്നവരല്ല. ഒരു ദുരന്തമോ മറ്റോ ഉണ്ടായാല്‍ അത് കര്‍മ്മ ഫലം അല്ലെങ്കില്‍ വിധി ആണെന്ന് എളുപ്പം വിശ്വസിക്കുന്ന സമൂഹമാണ് നമ്മുടേത്. ഭീമന്റെ വന്‍-ഗദ ശ്രീലങ്കയില്‍ കണ്ടെത്തിയെന്നു പറയുന്ന വാട്സ് ആപ്പ് എനിക്കയച്ചത് ഒരു ഫിസിക്സ് പി എച് ഡി വിദ്യാര്‍ത്ഥിയായിരുന്നു! അവരവരുടെ ഗവേഷണജീവിതത്തിൽ നിന്ന് നിത്യ ജീവിതത്തിലെ ഈ യുക്തിരാഹിത്യം ഒഴിവക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരാണ്  ശാസ്ത്രം പ്രൊഫഷനായെടുത്തവരിൽ പലരും. അറിയാതെയെങ്കിലും ഈ യുക്തി രാഹിത്യം (lack of reasoning) എഴുത്തുകളില്‍ കടന്ന് കൂടും. മാത്രമല്ല ശാസ്ത്രീയ രീതി (scientific methodology), ശാസ്ത്ര ലേഖനങ്ങള്‍ എഴുതുന്നതിനുള്ള സങ്കേതങ്ങള്‍ എന്നിവയെ ഗൗരവസ്വഭാവത്തോടെ സമീപിക്കുന്ന കോഴ്സുകള്‍ ബിരുദാനന്തര ബിരുദതലത്തിൽ പോലും വിരളമാണ്. ഇതെല്ലാം നമ്മുടെ ഗവേഷണത്തേയും എഴുത്തിനേയും സാരമായി ബാധിക്കുന്നവയാണ്.

മാത്രമല്ല ഏറ്റവു കൂടുതല്‍ പെയിഡ് പ്രസിദ്ദീകരണങ്ങളും ഇന്ത്യയിലാണ്. എല്ലാ പെയിഡ് പ്രസിദ്ധീകരണങ്ങളും മോശം ആയിക്കോളണം എന്നില്ല. എന്നാല്‍ മിക്കവയും ഒരുതലത്തിലുള്ള ക്വാളിറ്റി ചെക്കും നടത്താതെ പ്രസിദ്ധീകരിക്കുന്നവയാണ്. ഇവയൊക്കെ കാരണമോ, അല്ലെങ്കില്‍ പൊതുവെയുള്ള വംശീയ മുന്‍ ധാരണകള്‍ കൊണ്ടോ  അന്താരാഷ്ട്ര  ജേണലുകളില്‍ തങ്ങളുടെ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചെടുക്കുക എന്നത്  ഇന്ത്യന്‍ ശാസ്ത്ര ഗവേഷകരെ സംബന്ധിച്ചിടത്തോളം അല്പം കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് കരുതപ്പെടുന്നു (അങ്ങിനെ ഒരു പക്ഷപാതം ഉണ്ട് എന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതായി അറിവില്ല. പലരുടേയും അനുഭവം മാത്രമാണ് ഇത്തരത്തിലുള്ള ധാരണക്ക് അടിസ്ഥാനം ).

എന്നാല്‍ ഇത്തരത്തിലുള്ള “സയന്‍സ്” കോണ്‍ഗ്രസ്സുകള്‍ക്ക് സത്യത്തില്‍ ശാസ്ത്രലോകം വലിയ പ്രാധാന്യം ഒന്നും കൊടുക്കാറില്ല. ഏതൊരു ഗവേഷകനും തന്റെ പഠനങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ആ പ്രത്യേക വിഷയം മാത്രം ചര്‍ച്ച ചെയ്യുന്ന കോണ്‍ഫറന്‍സുകളേ തിരഞ്ഞെടുക്കൂ. ഉദാഹരണത്തിന് കോസ്മോളജിയില്‍ റിസര്‍ച്ച് ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥി, കോസ്മോളജി കോണ്‍ഫറന്‍സുകളാണ് തിരഞ്ഞെടുക്കുക.ഇന്ത്യയിലും ഗൗരവമായ നിരവധി കോണ്‍ഫറന്‍സുകള്‍ എല്ലാ ശാസ്ത്ര ശാഖകളിലും നടക്കാറുണ്ട്. മാത്രമല്ല ലോകത്തിലെ എല്ലായിടത്തു നിന്നും ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന അന്തര്‍ ദേശീയ കോണ്‍ഫറന്‍സുകളും ഇന്ത്യയില്‍ നടക്കാറുണ്ട്. ഇവയിലൊക്കെയുള്ള അവതരണങ്ങള്‍ ഒരു ശാസ്ത്ര ഗവേഷകനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സയന്‍സ് കോണ്‍ഗ്രസ് സത്യത്തില്‍ ഒരു മേളയാണ്. ഓരോ വിഷയങ്ങളിലും ആഴത്തിലുള്ള ഗൗരവമായ ചര്‍ച്ചകള്‍ ഒന്നും അവിടെ പ്രതീക്ഷിക്കാനാവില്ല. മറ്റ് ശാസ്ത്ര കോണ്‍ഫറന്‍സുകള്‍ നടത്തുന്നത് ഓരോ ശാസ്ത്ര സൊസൈറ്റികള്‍ ആണെങ്കില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സ് പോലുള്ളവ ഗവണ്മെന്റ് നേരിട്ട് ഇടപെടുന്നവയായതിനാല്‍ അതില്‍ രാഷ്ട്രീയം കലരുന്നതില്‍ സമീപകാലത്തെങ്കിലും, അത്ഭുതത്തിനു വകയില്ല. എന്നാല്‍ത്തന്നെയും ഇത്തരത്തിലുള്ള മേളകള്‍ പൂര്‍ണ്ണമായും അപ്രസക്തമാണെന്ന് പറയാനാവില്ല.

പ്രാരംഭദിശയിലുള്ള ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത ശാസ്ത്ര ശാഖകളിലെ റിസര്‍ച്ചുകൾ എവിടയെത്തി നില്‍ക്കുന്നു എന്നറിയാനും അതിലെ പ്രഗൽഭരോട്  സംവദിക്കാനും ഇത്തരം മേളകള്‍ ഉപയോഗപ്പെടുത്താം. എന്നാല്‍ സയന്‍സ് കോണ്‍ഗ്രസ്സുകള്‍ എല്ലായ്പ്പോഴും അബദ്ധ പ്രസ്താവനകളുടെ പേരിലാണ് ന്യൂസ് കോളങ്ങളില്‍ നിറയുന്നത്. ഗണപതിക്ക് ആനത്തല വച്ചത് പ്ലാസ്റ്റിക് സര്‍ജറി ആണെന്ന് പ്രധാനമന്ത്രി പറയുന്നു, മറ്റ് ഗ്രഹങ്ങളിലേക്കടക്കം പോകുവാന്‍ കഴിയുന്ന വിമാനങ്ങള്‍ പ്രാചീന ഭാരതത്തിലുണ്ടായിരുന്നു  എന്ന വാദം, ഇതാ ഇപ്പോള്‍ ടെസ്റ്റ്  റ്റ്യൂബ് ശിശുക്കളും. ഇത്തരം പ്രസ്താവനകള്‍ ഒന്നും തന്നെ ശാസ്ത്രീയമല്ലെന്ന് മാത്രമല്ല ശാസ്ത്രവിരുദ്ധം കൂടിയാണ്.

ശാസ്ത്രസത്യങ്ങളിലും പ്രാചീന ടെക്സ്റ്റുകളിലും സമാനമായ കാര്യങ്ങള്‍ കണ്ടെത്തുകയെന്നത് ലോകം മുഴുവന്‍ ഉള്ള ഒരു പകര്‍ച്ച വ്യാധിയാണ്. ഫ്രിഡ്ജോഫ് കാപ്ര മുതല്‍ ദീപക് ചോപ്രയും സദ്ഗുരുവുമെക്കെ വരെയുള്ളവര്‍ ഇതുപോലെ പൗരസ്ത്യ വിശ്വാസങ്ങളില്‍ ശാസ്ത്രം തപ്പുന്നവരാണ്. ഇത്തരം വാദങ്ങള്‍ ശരിയല്ലെന്ന് മാത്രമല്ല “തെറ്റ് പോലും അല്ല” (not even wrong) എന്ന് പറയാറുണ്ട്. എല്ലാ ശാസ്ത്രീയ സിദ്ധാന്തങ്ങളും ഫാള്‍സിഫയബിള്‍ ആയിരിക്കണം. അതായത്  ഒരു നിരീക്ഷണം നടത്തി അനുകൂലമായ റിസള്‍ട്ട് കാണാനായില്ലെങ്കില്‍ സിദ്ധാന്തം തെറ്റാണ് എന്ന് തെളിയിക്കാനുള്ള സാധ്യത ഉണ്ടായിരിക്കണം. എന്നാല്‍ ഈ “പ്രാചീന ശാസ്ത്ര”വാദങ്ങള്‍ പലതും ഫാള്‍സിഫയബിള്‍ പോലുമല്ല. തങ്ങള്‍ നിത്യ ജീവിതത്തില്‍ ചെയ്യുന്ന ആചാരങ്ങളും വിശ്വാസങ്ങളും വര്‍ഷങ്ങളോളമുള്ള പഠനങ്ങളുടേയും ഗവേഷണങ്ങളുടെ ഫലങ്ങളും ഒന്നാണെന്ന് പറയുമ്പോള്‍ കിട്ടുന്ന മാനസികമായ ആനന്ദം കാരണം ഇത്തരം വാദങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം കിട്ടാറുണ്ട്. മറ്റ് മതങ്ങള്‍ ശാസ്ത്രീയമാണെന്ന വാദങ്ങള്‍ വളരെയധികം യുക്തിപൂർവ്വം ഖണ്ഡിക്കുകയും എന്നാല്‍ തങ്ങളുടെ വിശ്വാസം വരുമ്പോള്‍ ആ യുക്തിയെ കാട്ടിലെറിയുകയും ചെയ്യുന്ന ഒരുപാട് പേരെ കാണാം. അലാവുദ്ദീന്റെ പരവതാനി മനുഷ്യരെ പറത്താന്‍ കഴിവുള്ള ഡ്രോണുകളാണ് എന്ന് പറഞ്ഞാല്‍ ഹിന്ദു വിശ്വാസികള്‍ അതിനെ പുച്ഛിക്കുകയാണ് ചെയ്യുക. എന്നാല്‍ ചാപിള്ള പ്രസവിച്ചതിനെ നൂറ്റൊന്ന് കുടങ്ങളില്‍ വച്ച് കൗരവര്‍ ഉണ്ടായത് ടെസ്റ്റ് റ്റ്യൂബ് ശിശുക്കളാണെന്ന് പറഞ്ഞാല്‍ നേരിട്ട് വിശ്വസിക്കുകയും ചെയ്യും.

പാറ്റേണ്‍ സീക്കിങ്ങ് എന്ന ന്യായ വൈകല്യമാണ് പ്രധാനമായും ഇത്തരം വാദങ്ങള്‍ക്ക് പിന്നില്‍. ജിം ക്യാരി അഭിനയിച്ച നമ്പര്‍ 23 എന്ന സിനിമ ഇതിനൊരു ഉദാഹരണമായി പറയാം. അതില്‍ നായക കഥാപാത്രത്തെ പിന്തുടരുന്ന അല്ലെങ്കില്‍ ഹോണ്ട് ചെയ്യുന്ന ഒരു നമ്പര്‍ ആണ് 23. എവിടെ പോയാലും പുള്ളി ഈ നമ്പര്‍ കണ്ടുകൊണ്ടിരിക്കും. അയാളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവവുമായി അതിന് ബന്ധമുണ്ടെന്നാണ് പുള്ളിയുടെ വിശ്വാസം. സിനിമ കണ്ട് കഴിഞ്ഞാല്‍ നമ്മള്‍ക്കും ഇതുപോലെ പാറ്റേണ്‍ കാണാനാകും. ട്രിനിറ്റിയില്‍ വിശ്വസിക്കുന്നവര്‍ ലോകം മുഴുവന്‍ മൂന്നായി കാണും അതേസമയം പഞ്ച ഭൂതമാണ് വിശ്വാസം എങ്കില്‍ കാണുന്നതിനെയെല്ലാം അഞ്ചാക്കാന്‍ ശ്രമിക്കും. അതുകൊണ്ടാണ് ടെസ്റ്റ്യൂബ് എന്ന വാക്കും ചാപിള്ളയെ മുറിച്ച് കലത്തിലിട്ടു എന്ന മിത്തും തമ്മില്‍ ഒരു പാറ്റേണ്‍ കണ്ടെത്തി രണ്ടും ഒന്നാണെന്ന് വാദിക്കുന്നത്. ടെസ്റ്റ് റ്റ്യൂബ് ശിശു എന്നാല്‍ ടെസ്റ്റ് റ്റ്യൂബില്‍ ഇട്ട് വളര്‍ത്തി വലുതാക്കുന്ന കുട്ടിയല്ല, മറിച്ച് ബീജ സങ്കലനം ടെസ്റ്റ് റ്റ്യൂബില്‍ നടത്തി ഗര്‍ഭപാത്രത്തിലേക്ക് ഇഞ്ജക്റ്റ് ചെയ്ത് പ്രസവിക്കുന്ന ശിശു ആണെന്ന അടിസ്ഥാനബോധം പോലും ഇല്ലാത്തവരാണ് (അല്ലെങ്കില്‍ ബോധപൂര്‍വം ശ്രദ്ധിക്കാത്തവര്‍) ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. അത് നമ്മുടെ സെൻട്രല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറും മറ്റുമാണെന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. ഇവിടെ തീരുന്നില്ല, ഇലക്ട്രിസിറ്റിയും മാഗ്നറ്റിക് ഫീല്‍ഡും ഒന്നാണ്, ഗ്രാവിറ്റി വേവ് മോഡി വേവ് ആണ് എന്നൊക്കെ പോകുന്നു ഇവിടുത്തെ “സയന്‍സ്” കോണ്‍ഗ്രസ്സിലെ പ്രസ്താവനകള്‍. ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളികള്‍ തന്നെയാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത.

ശാസ്ത്ര പഠനവും ശാസ്ത്രബോധവും തമ്മിലുള്ള ബന്ധം നമുക്ക് നഷ്ടപെട്ടതായി കാണാം. ചൊവ്വ പര്യവേഷണത്തില്‍ പ്രവര്‍ത്തിക്കുന്നവരും ചൊവ്വാ ദോഷത്തില്‍ വിശ്വസിക്കുന്നവര്‍ ആണെന്നത് ഇന്ത്യയില്‍ ഒരു അത്ഭുതം പോലുമല്ല. സമൂഹത്തില്‍ ശാസ്ത്രബോധം വളര്‍ത്തേണ്ടത് പൗരന്റെ കടമയായി ഭരണഘടനയിലുള്ള ഏക രാജ്യമാണ് നമ്മുടേതെന്നത് ഒരു വലിയ വിരോധാഭാസമാണ്. രണ്ട് കൊല്ലം മുന്‍പ് കേന്ദ്രീയ വിദ്യാലയങ്ങളിലെ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസിലേക്കുള്ള മല്‍സരത്തില്‍ ജഡ്ജ് ചെയ്യാന്‍ ഞാനടക്കമുള്ള ഗവേഷണ വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയുണ്ടായി. “പതഞ്ജലി” മരുന്നുകളുടെ ശാസ്ത്രം, മതാഘോഷങ്ങള്‍ക്ക് പിന്നിലുള്ള ശാസ്ത്രം, എന്നിങ്ങനെയൊക്കെയായിരുന്നു അതില്‍ പല വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച ടോപ്പിക്കുകള്‍ ! ഒരുവന്റെ വാദം ഓം എന്നതിന്റെ ഫ്രീക്വന്‍സി ഭൂമിയുടെ റോട്ടേഷണല്‍ ഫ്രീക്വന്‍സിയുമായി റസണേറ്റ് ചെയ്യുന്നതാണത്രെ. ഫ്രീക്വന്‍സി എന്നാല്‍ എന്താണ്, റസണന്‍സ് എന്നാല്‍ എന്താണ് എന്നൊക്കെ വ്യക്തമായി ചോദിച്ചപ്പോള്‍ അവൻ അബദ്ധം മനസ്സിലാക്കി. ഏറ്റവും ബ്രൈറ്റ് ആയ വിദ്യാര്‍ത്ഥികളെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ എങ്ങനെ വഴി തെറ്റിക്കുന്നു എന്നതിന് ഇതൊരു ഉദാഹരണം മാത്രം. ഉത്തരവാദിത്തപ്പെട്ട ഗവേഷകരും രാഷ്ട്രീയക്കാരും ഇത്തരത്തിലുള്ള പ്രചരണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത് സമൂഹത്തിൽ ശാസ്ത്ര വിരുദ്ധത ഇരട്ടിപ്പിക്കുമെന്നതില്‍ സംശയമില്ല.

പോരാത്തതിന് അന്തര്‍ ദേശീയ പ്ലാറ്റ്ഫോമുകളില്‍ ഇന്ത്യക്കാരേയും ഇന്ത്യന്‍ ശാസ്ത്രജ്ഞരേയും നാണം കെടുത്തുകയാണ് ഇത്തരം പ്രസ്താവനകള്‍ ചെയ്യുന്നത്. ഇപ്പോള്‍ത്തന്നെ ലോകമാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായിട്ടുണ്ട്. ഓരോ റിസര്‍ച്ച് ഗ്രൂപ്പുകളിലേക്കും ഗവേഷകരെ പരിഗണിക്കുമ്പോള്‍ ഇന്ത്യക്കാരെ  എടുക്കുന്നതില്‍ നിന്നും നിരുല്‍സാഹപ്പെടുത്താന്‍ ഇത്തരം വാര്‍ത്തകള്‍ കാരണമായേക്കാം. ഈ പുരാണങ്ങളിലുള്ള സയന്‍സ് കണ്ടെത്തല്‍ ഉപേക്ഷിച്ച് സയന്‍സ് വിഷയങ്ങള്‍ ഗൗരവമായി പഠിക്കാന്‍ തുടങ്ങാത്തിടത്തോളം ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തെ പിന്നോട്ട്  നയിക്കാനേ ഇത്തരം ശാസ്ത്ര കോൺഗ്രസ്സുകൾ ഉതകൂ.

(സിംഗപ്പൂർ സർവ്വകലാശാലയിൽ ഗവേഷകനാണ് ലേഖകൻ)

Comments

comments