തൊണ്ണൂറുകൾക്കു ശേഷം മലയാളസിനിമ പലമട്ടിൽ ഏറ്റെടുത്ത അനുഭൂതി ജീവിതാഖ്യാനങ്ങൾ ആധുനികതാ രൂപീകരണത്തിനു ശേഷം ഇവിടെ പ്രക്ഷേപിച്ച രാഷ്ട്രീയ ശരികേടുകൾക്ക് രാസത്വരകമായിത്തീർന്നു. ബദൽ ജീവിതാഖ്യാനത്തിൽ കൂടി ഇക്കാര്യങ്ങളെ പ്രതിസ്ഥാനത്ത് നിർത്തി വിചാരണക്കെടുക്കുന്നു എന്നതാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന പുതിയ ചലച്ചിത്രത്തിന്റെ ഒരു വലിയ സാധ്യത. പിതൃത്വത്തെ ഉറപ്പിച്ചു കൊണ്ടാണ് മാതൃദായ ക്രമത്തിൽ നിന്നും മലയാളിയുടെ ആധുനികത ആണത്തത്തിന്റെ പാതയിലേക്ക് പലായന പ്രവണത കാണിച്ചു തുടങ്ങിയത്. അദൃശ്യനായ അച്ഛന്‍റെ സാന്നിധ്യം ഉറപ്പിക്കൽ അതിന്റെ പാട്രിയാർക്കിക് ആധുനികതയുടെ ആവശ്യമായിരുന്നു. കേരളീയ ചിത്രകലയുടെ സാമ്പ്രദായിക പിതൃഭാവനയുടെ ആചാര്യ സ്ഥാനത്തുള്ള രാജാ രവിവർമയുടെ ചിത്രങ്ങളിലുള്ള അദൃശ്യനായ ആ അച്ഛന്റെ വീണ്ടെടുപ്പിന് സാംസ്കാരിക മൂലധനമായി വർത്തിച്ച മലയാള അനുഭൂതി ആഖ്യാനങ്ങൾ വളരെ പിൽക്കാലത്തുപോലും മലയാള സിനിമയിൽ നിറഞ്ഞാടി. ഇന്ദുലേഖയിൽ മാധവൻ നായർസ്ത്രീകളുടെ ലൈംഗിക സ്വയം നിർണയാവകാശത്തെ വിമർശിക്കുമ്പോൾ ഇന്ദുലേഖ അയാളോട് കിട്ടിയ ശപ്പനെ ജീവിതകാലം മുഴുവൻ സഹിക്കുന്നതിനെക്കാൾ നല്ലതല്ലേ ഈ ഏർപ്പാട് എന്ന് പുരുഷ കുലത്തെ ഒന്നാകെ കളിയാക്കുന്നുണ്ട്. സംബന്ധവും ഒഴിമുറി ബന്ധങ്ങളും മറ്റു ഏർപ്പാടുകളും വഴി നിലനിന്നിരുന്ന നായർ സ്ത്രീകളുടെ ലിബറൽ ലൈംഗിക ജീവിത വ്യവഹാരങ്ങളെ ആധുനിക അണുകുടുംബത്തിനകത്ത് പ്രവേശിപ്പിച്ച് അച്ഛന് ദൃശ്യാത്മകത നൽകാൻ ഇന്ദുലേഖ എന്ന നോവലിൽ (രണ്ടു തവണ ഇത് സിനിമ ആയിട്ടുണ്ട്.) കൂടി ആധുനികത അടിപ്പടവ് നിർമിക്കുകയായിരുന്നു. പിന്നീട് ഒറ്റ തന്ത എന്ന രൂപകത്തെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പര്യായമായും കുലചിഹ്നമായും പല സിനിമകളും ഏറ്റെടുത്തു. 1991 ൽ ഇറങ്ങിയ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിൽ നായകൻ പെൺകുട്ടിയോട് ഇങ്ങിനെ പറയുന്നു: “കുറച്ച് ഹാർഷ് ആയ ഭാഷയിൽ പറഞ്ഞാൽ മായാ വിനോദിനി അമ്മയാര്,അച്ഛനാര് എന്നറിയാത്തവളാണ്. അതായത് എവിടെ ജനിച്ചു ആർക്കു ജനിച്ചു എന്നറിയാത്ത ഒരു ബാസ്റ്റാർഡ്. തന്തക്കും തള്ളക്കും ജനിക്കാത്ത നിന്നെ ഈ യോഗ്യനായ ഞാനെങ്ങനാ പ്രണയിക്ക്യാ? എന്റയോ എന്റെ അമ്മയുടെയോ മുഖത്ത് നോക്കാൻ യോഗ്യത ഇല്ലാത്ത നിന്നെ ഞാനെങ്ങനാ കല്യാണം കഴിക്യ?

ബാസ്റ്റാഡ്, തന്തക്കു പിറക്കാത്തവൻ, ഒറ്റ തന്തക്കു പിറക്കണം തുടങ്ങിയ പ്രയോഗങ്ങൾ മലയാള സിനിമ പലമട്ടിൽ പിന്നീട് ഏറ്റെടുത്തു. കുമ്പളങ്ങി നൈറ്റ്സിൽ ഷെമ്മി (ഫഹദ് ഫാസിൽ) യെ ഈ സിനിമകളുടെ രൂപകം എന്ന നിലക്ക് വായിച്ചെടുക്കാനെ സാധിക്കു. അയാൾ ആ സിനിമകളുടെ പ്രതിനിധാനം എന്ന നിലക്ക് ഇതേ സംഭാഷണം ആവർത്തിക്കുമ്പോൾ ബോബി എന്ന പെൺകുട്ടി അയാൾക്ക് കൊടുക്കുന്ന മറുപടി ഒരു ഒന്നൊന്നര മറുപടിയാണ്. പല തന്ത എന്നത് ടെക്നിക്കലി സാധ്യമല്ലാത്ത സംഗതിയാണ് എന്നതാണത്. ഷമ്മിയുടെ ഓരോ ചലനങ്ങളും ഭാഷണങ്ങളും തൊണ്ണൂറുകൾക്കുശേഷം മലയാള മാർക്കറ്റ് സിനിമകൾ നിർവഹിച്ചെടുത്ത നായക ശരീരത്തിന്റെ പലവിധ വ്യവഹാരങ്ങളാണ്. ആണത്തത്തിന്റെയും സദാചാര ആൺമലയാളിയുടെയും പെണ്ണിനുനേരെ നീളുന്ന സംരക്ഷണ സഹോദര ഭാവത്തിന്റെയും പിതൃത്വ രൂപമാണയാൾ. അതോടൊപ്പം തന്നെ അയാളിലുള്ള മാനറിസങ്ങൾക്ക് സത്യാനന്തരകാലത്തു പ്രത്യക്ഷപ്പെടുന്ന നിർമിത പൊയ് ക്കോലങ്ങളുടെ ഭാവാദികൾ കൂടിയുണ്ട്. എപ്പോഴും ഉടുത്തൊരുങ്ങി ക്ളീൻ ഷേവ് ഒക്കെ ചെയ്ത്, പഞ്ച് ഡയലോഗുകളൊക്കെ പറഞ് സെന്റിമെൻസ് വേണ്ടിടത്തും വേണ്ടാത്തിടത്തും എന്ന ആ അടവെടുത്തും എന്നിട്ടും വിമർശിക്കുന്നവരെ ഭയപ്പെടുത്തിയും മർദിച്ചും കാര്യം നേടുന്ന ആത്മത്തിൽ അഭിരമിക്കുന്ന മനുഷ്യാവസ്ഥയായി അയാളെ ചിലപ്പോഴൊക്കെ വായിച്ചെടുക്കാം.

ദേവാസുരം എന്ന സിനിമയിലെ പിതൃത്വവിലാപങ്ങൾക്കുള്ള ചില മറുപടികൾ കൂടിയുണ്ട് കുമ്പളങ്ങിയിൽ. മംഗലശേരി നീലകണ്ഠൻ തകർന്നു പോവുന്നത് തന്റെ അച്ഛൻ എന്ന് താൻ വിശ്വസിച്ചിരുന്ന മനുഷ്യന് തന്റെ അമ്മയിൽ പിറന്ന മകനല്ല താൻ എന്നറിഞ്ഞപ്പോഴാണ്. അയാൾ ഇങ്ങിനെ വിലപിക്കുന്നു:
ഞാനൊരു പിഴച്ചു പെറ്റവനാണല്ലെ, തന്തയില്ലാത്തവൻ.കോവിലകത്തെ തമ്പ്രാട്ടിക്കുട്ടിക്ക് വിവാഹത്തിന്നു മുമ്പ് പറ്റിയ ‘നാണം കെട്ട തെറ്റ്!’ ഭ്രൂണഹത്യയിൽ തീർക്കാമായിരുന്നില്ലേ? അല്ലെങ്കിൽ കഴുത്ത് ഞെരിച്ച് കൊല്ലാമായിരുന്നില്ലേ? നദിയിൽ ഒഴുക്കക്കുകയോ തീവണ്ടിപ്പാളത്തിൽ ഉപേക്ഷിക്കുകയോ എന്ത് കൊണ്ട് ചെയ്തില്ല? മഹാമനസ്കത,മനുഷ്യത്വം, ഭിക്ഷ കിട്ടിയതാണെന്നറിയാത്ത പൈതൃകത്തിന്റെ പേരിൽ അഹങ്കരിച്ച ഞാൻ വിഡ്ഢിയായി. ദാനം കൊടുത്ത് മാത്രം ശീലിച്ചവന് ഈ ജൻമംപോലും ഒരാളിന്റെ ദയയാണെന്നറിയുമ്പോൾ ഇതെന്റെ മരണമാണ്. മംഗലശ്ശേരി നീലകണ്oന്റെ മരണം. ആവശ്യത്തിനും അനാവശ്യത്തിനും ഞാനെടുത്തുപയോഗിച്ച ഒരാളിന്റെ പേര്. എന്റെ അച്ഛന്റെ പേര്. എന്റെ നാവിന്റെ തുമ്പിലിട്ട് പൊള്ളുകയാണ്. ആദ്യമായി ഞാൻ വെറുക്കുകയാണ്. എനിക്ക് വെറുപ്പാണ്.ശുദ്ധരക്തം കുലീനത്വം ഒറ്റത്തന്ത തുടങ്ങിയ ആധുനികതയുടെ ഉദ്ഘോഷങ്ങൾ പ്രതിസ്ഥാനത്ത് നിർത്തിയാണ് സിനിമയിലെ ജ്യേഷ്ഠനുജന്മാർ പരസ്പരം പേര് വിളിച്ചും തല്ലുകൂടിയും പരിഹസിച്ചും കഴിയുന്ന തീട്ടപ്പറമ്പിനു സമീപത്തെ ആ പഞ്ചായത്തിലെ ഏറ്റവും വൃത്തികെട്ട വീട് എന്ന് അവർ തന്നെ അഭിമാനിച്ചു പറയുന്ന പണി തീരാത്ത വീട് കഥാപാത്രവൽക്കരിക്കുന്നത്. കുമ്പളങ്ങിയിലെ കഥാപാത്രങ്ങളുടെ പേരുകൾ പ്രത്യേകം എടുത്തു പറയണം. ഷെമ്മി, സജി, ബോണി, ഫ്രാങ്കി, ബേബി എന്നൊക്കെയാണത്. മംഗലശേരി, കൊളപ്പുള്ളി, തേവർ പറമ്പിൽ തുടങ്ങിയ മുൻ പിൻ പേരുകൾ ഇല്ല. ഈ ഒറ്റത്തന്താ മാഹാത്മ്യത്തെ പരിഹസിക്കാൻ വേണ്ടിയാവണം, അവരുടെ അപ്പനമ്മമാർ വേറെ വേറെ യാണെന്ന് ബോബനെ കൊണ്ട് ബേബിയോട് പറയിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട് ഈ സിനിമ. ആര്യാധിനിവേശത്തിന്റെ പൊള്ളയായ കുല മാഹാത്മ്യ ഉദ്ഘോഷത്തിന്റെ ബാക്കിപത്രമായിരുന്നു കേരളീയ ആധുനികതാവാദം. കലർപ്പും സങ്കരവും ഇടകലർന്നതുമായ പൂർവ്വകാലത്തിന്റെ ചരിത്രപാഠങ്ങൾ വച്ചു കൊണ്ടാണ് കേരളീയ ആധുനികതാബോധം പിതൃ പുരുഷ ഉൽപ്പന്നമായ അധികാര ഉത്ഘോഷങ്ങൾ കൊണ്ട് ഇവിടെ ആധുനികത പ്രക്ഷേപിച്ചത്. ‘ബ്ലഡ്, ബ്രെഡ് ആന്ഡ് റോസസ്‘ എന്ന തന്റെ പുസ്തകത്തില് എഴുത്തുകാരിയായ ജൂഡി ഗ്രഹാന് സ്ത്രീകളുടെ ആര്ത്തവ ചക്രം എങ്ങനെയാണ് മാനവ സംസ്ക്കാരത്തിന്റെ അടിത്തറ പാകിയത് എന്ന് സമര്ഥിക്കുന്നു. മിത്തുകളുടേയും നരവംശ ശാസ്ത്ര തെളിവുകളുടേയും വ്യക്തിപരമായ ഓര്മ്മകളുടേയും നിരീക്ഷണങ്ങളുടേയും ഉത്പത്തി കഥകളുടേയും സഹായത്തോടെയാണ് ജൂഡി ഗ്രഹാന് കൃഷി, സംസ്ക്കാരം, ശാസ്ത്രം എന്നിവയുടെ കേന്ദ്ര സ്ഥാനത്ത് ആര്ത്തവ ചക്രത്തേയും അനുബന്ധ ആചാരങ്ങളേയും പ്രതിഷ്ഠിക്കുന്നത്. സ്ത്രീകള്ക്ക് പുരുഷന്മാര്ക്കൊപ്പം പ്രാധാന്യവും തുല്യതയും ഉണ്ടായിരുന്ന, രക്തബന്ധത്തിന്റെ അടിസ്ഥാനത്തിലുണ്ടായിരുന്ന മാതൃദായ സമൂഹങ്ങള് പതിയെ പിതൃദായ വ്യവസ്ഥയ്ക്ക് വഴിമാറിക്കൊടുത്തു. എതാണ്ട് 6000 മുതല് 7000 വരെ വര്ഷങ്ങളെടുത്ത്, വ്യത്യസ്ത ഭൂഖണ്ഡങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്ത രീതികളില് പൂര്ത്തിയായ ഈ പ്രക്രിയയിലൂടെ പുരുഷന് വര്ഗ്ഗാധിഷ്ഠിത, പിതൃദായ സമൂഹങ്ങളുടെ അധികാര സ്ഥാനത്തെത്തി. കോളനിവല്ക്കരണം, മിഷനറി പ്രവര്ത്തനങ്ങള്, വ്യവസായ വിപ്ലവം,പലായനങ്ങൾ ,കുടിയേറ്റങ്ങള് എന്നീ ഘടകങ്ങള് ഈ പ്രക്രിയയില് അവയുടേതായ പങ്ക് വഹിക്കുകയും ചെയ്തു. ആധുനിക കുടുംബം എന്ന സങ്കല്പ്പത്തിന്റെ വരവോടെ ഈ പ്രക്രിയ പൂര്ണമാകുകയും കൃഷിയിലും സമൂഹിക ജീവിതത്തിലും സ്ത്രീകളുടെ സ്ഥാനവും ഇടപെടലും കീഴ്മേല് മറിയുകയും ചെയ്തു. കരുത്തനായ പുരുഷന് തന്റെ പൗരുഷത്തിന്റെ ശക്തിയില് നിര്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വ്യവസായിക സമൂഹത്തിലെ വസ്തുക്കള് മാത്രമായി മാറി ശക്തി സ്വരൂപിണികളായ അമ്മ ദൈവങ്ങളും വിത്തുകളും.അവർ ഉല്പാദനത്തിന്റെയും കൃഷിയിടങ്ങളുടെയും സൂചകങ്ങളായി മാറി. ലൈംഗികതയിലും കുടുംബ ശ്രേണിയിലും അധികാരബന്ധങ്ങൾ പുരുഷന്മാർ സൂക്ഷിക്കുകയും സുഖിക്കുയും ചെയ്തു.

കേരളീയ ഫ്യുഡൽ ജീവിത പരിസരത്തിന്റെ ലൈംഗിക വിവാഹ ചരിത്രം ചികഞ്ഞാൽ നായർസമുദായത്തിൽ മാത്രമല്ല ഇടകലരലും വൈദേശിക ബാഹ്യബന്ധങ്ങളും ഉണ്ടായിരുന്നത്. ലത്തീൻ കത്തോലിക്കരും ഈഴവരും മറ്റു കൃസ്ത്യാനികളും മുസ്ലിങ്ങളും ഒന്നും സങ്കര പ്രക്രിയയിൽ നിന്നും വൈദേശിക ബന്ധങ്ങളിൽ നിന്നും ദേശീയരായ മറ്റു ജനവിഭാഗങ്ങളിൽ നിന്നുള്ള ബന്ധങ്ങളിൽ നിന്നും മുക്തരായിരുന്നില്ല. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഇസ്ലാമിക സമൂഹമായ മാപ്പിളമാരുടെ ആവിര്ഭാവത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അറബികള് തദ്ദേശവാസികളുമായി നടത്തിയ വിവാഹബന്ധങ്ങള് ആണ്. അറബിക്കടലിന്റെ ഇരുതീരങ്ങളിലായി സ്ഥിതി ചെയ്യുന്ന അറേബ്യയും കേരളവും തമ്മിലുള്ള ബന്ധം ഇസ്ലാമിന്റെ ആവിര്ഭാവത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. രണ്ടു വ്യക്തികൾ തമ്മിൽ നടന്ന ഒരു കരാർ എന്നതിലുപരി ഇത്തരം സമുദ്രസഞ്ചാര ബന്ധങ്ങൾ രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള കൊണ്ട് കൊടുക്കലുകളും കൈമാറ്റങ്ങളും നടത്തുകയും അത് പരസ്പരം സ്വാധീന ചെലുത്തുകയും ചെയ്തതിന്റെത് കൂടിയാണ്. വാണിജ്യ വൈവാഹിക ബന്ധങ്ങളുടെ തിരുശേഷിപ്പുകൾ മുസ്ലിംകൾക്കിടയിൽ മാത്രമല്ല മറ്റു ജനവിഭാഗങ്ങൾക്കിടയിലും ദൃശ്യതയുടെയും അദൃശ്യതയുടെയും രൂപത്തിൽ ഇന്നും കാണാൻ പ്രയാസമില്ല. ആദ്യഘട്ടത്തില് ഇസ്ലാമിന്റെ വ്യാപനം നടന്ന തീരപ്രദേശങ്ങളിലെ മുസ്ലിം കുടുംബങ്ങളില് പ്രത്യേകിച്ച് കണ്ണൂര്, തലശ്ശേരി, മാഹി, കോഴിക്കോട്, പൊന്നാനി (മലബാര്) ഇടവ (തിരുവനന്തപുരം) എന്നീ പ്രദേശങ്ങളില് ഇന്നും തുടരുന്ന മരുമക്കത്തായവും നായര് സംബന്ധവുമായി സാമ്യമുള്ള പുതിയാപ്പിള സമ്പ്രദായവും എല്ലാം തന്നെ ഈ പരസ്പര ബന്ധത്തിന്റെ തെളിവുകളാണ്.

പോര്ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും മറ്റും വരവും ഇത്തരം സ്വാധീനങ്ങളും സങ്കര ജീവിതത്തിനും ഇടയതായി ചരിത്രം പറയുന്നു. കേരളത്തില് അറബികള് കൂടുതലായി എത്തിച്ചേര്ന്നത് ‘സത്യത്തിന്റെ നഗരമായ’ കോഴിക്കോടാണ്. സാമൂതിരി നാട്ടു സ്ത്രീകളെ വിവാഹം ചെയ്യുവാനുള്ള അനുവാദം അറബികൾക്ക് കല്പ്പിച്ചുകൊടുത്തിരുന്നു. കൂടാതെ കോഴിക്കോട്ടെ വലിയ കോവിലകം, ചെറിയ കോവിലകം, ഏറാമ്പില് കോവിലകം, അയമ്പാടി കോവിലകം, പടിഞ്ഞാറെ കോവിലകം, കിഴക്കെ കോവിലകം, കുറ്റിച്ചിറ തമ്പുരാട്ടി, തുടങ്ങിയ എട്ടോളം കോവിലകങ്ങളില് നിന്ന് നാനൂറോളം സ്ത്രീകളെ മുസ്ലീങ്ങളുടെ ഭാര്യമാരാവാന് അനുവദിച്ചിരുന്നു. ഇത്തരത്തിലുള്ള നിരുപാധിക പിന്തുണ അറബികളുമായുള്ള വിവാഹ ബന്ധങ്ങള്ക്ക് സാമൂതിരി നല്കിയതില് ചില സാമ്പത്തിക ലക്ഷ്യങ്ങള് കൂടി ഉണ്ടായിരുന്നു. സമുദ്രാന്തര വ്യാപാരവുമായി ബന്ധപ്പെട്ടാണ് ഇക്കാര്യങ്ങൾ നടന്നിരുന്നത്. യാത്രക്കാരായ അറബികളുമായി സാമൂതിരിയുടെ അനുഗ്രഹാശിസ്സുകളോടെ തന്നെ സവർണ ഹിന്ദുസ്ത്രീകൾ അടക്കം വൈവാഹിക ബന്ധങ്ങൾ നടന്നു എന്ന് ചുരുക്കം. ബഹുഭാര്യത്വവും താല്ക്കാലിക വിവാഹവും സാധാരണമായിട്ടുള്ള ഒരു സമൂഹത്തില് നിന്നും കേരളത്തിലെത്തിച്ചേര്ന്ന അറബികള്, ഇവിടെ ലഭ്യമായ അനുകൂല സാഹചര്യത്തില് വ്യാപകമായ രീതിയില് നാട്ടുസ്ത്രീകളുമായി വൈവാഹിക ബന്ധങ്ങള് സ്ഥാപിച്ചിട്ടുണ്ടാവാം എന്ന് അനുമാനിക്കപ്പെടുന്നു.
മാതൃദായക്രമം പുലര്ത്തിവന്നിരുന്ന കേരളത്തിലെ നായര്, തിയ്യ, മുക്കുവ, എന്നീ പ്രധാന സമുദായങ്ങളിലെ സ്ത്രീകള്ക്കിടയില് സ്വന്തം തറവാട്ടില് നിന്നുകൊണ്ടുതന്നെ ഒന്നില് കൂടുതല് പുരുഷന്മാരുമായുള്ള ബന്ധങ്ങളും ബഹുഭര്തൃത്വവും സംബന്ധവും സാധാരണമായിരുന്നു. സ്ത്രീകള്ക്ക് പ്രാധാന്യമുള്ള കുടുംബ വ്യവസ്ഥിതിയില് ഭര്ത്താവ് ഭാര്യാകുടുംബത്തില് ഇടയ്ക്കിടെയുള്ള ഒരു സന്ദര്ശകന് മാത്രമായിരുന്നു. പ്രാകൃത സമൂഹത്തില് നിലനിന്നിരുന്നത് നിബന്ധനകളൊന്നും തന്നെയില്ലാത്ത സ്ത്രീ പുരുഷ ബന്ധങ്ങളാണ്. പിന്നീട് അത് ബഹുഭര്തൃത്വത്തിലേക്കും അടുത്ത ഘട്ടത്തില് ബഹുഭാര്യത്വത്തിലേക്കും പിന്നീട് ഇന്നത്തെ രീതിയിലുള്ള ഏകഭാര്യ സമ്പ്രദായത്തിലേക്കും എത്തിച്ചേര്ന്നു എന്നതാണ് പ്രശസ്ത ചരിത്രകാരനായ മക്ലനന് വിവാഹബന്ധ പരിണാമത്തിന്റെ വിവധ ഘട്ടങ്ങളെ കുറിച്ച് പറയുന്നത്. ജാതി മത പരിഗണനകള്ക്കതീതമായി ബന്ധങ്ങള് പുലര്ത്തിയിരുന്ന മലബാറിലെ വിവിധ മാതൃദായക്രമ സമൂഹങ്ങളെക്കുറിച്ച് മലബാര് മാര്യേജ് കമ്മീഷനും പരാമര്ശിക്കുന്നുണ്ട്. പറഞ്ഞു വന്നത് ഇടകലരലുകളുടെയും കൊണ്ടുകൊടുക്കലുകളുടെയും ചരിത്രപാഠങ്ങളെ അപനിർമിച്ചു കൊണ്ടുള്ള അനുഭൂതി ജീവിതാഖ്യാനങ്ങളിലേക്കുള്ള താക്കോൽ പഴുതുകൾ പ്രക്ഷേപിക്കാൻ കുമ്പളങ്ങി നയറ്റ്സ് ശ്രമിച്ചു എന്നതാണ്.
മലയാളത്തിൽ തിയറ്ററുകൾ നിറഞ്ഞോടി കയ്യടി വാങ്ങിയ ഭാവനാ ജീവിത പരിസരങ്ങളിലെ പോപ്പുലിസ്റ്റ് പരിചരണ രീതിയും ഇതിവൃത്ത ആഖ്യാനവും സ്വീകരിച്ചു തന്നെയാണ് കുമ്പളങ്ങിയും സ്ഥല പ്രമേയ സംഭാഷണ രീതികളിൽ കൂടി വികസിക്കുന്നത്.കലാമൂല്യവും രാഷ്ട്രീയ ശരികളും ഉൽപ്പാദിക്കുന്ന രീതിയല്ല അത്. സിനിമ ഒരു വലിയ കള്ളമാണ് എന്ന്പറഞ്ഞത് ഗൊദാർദ് ആണ്.

ഭാവന ചെയ്തെടുത്ത അനുഭൂതി വിനോദ വ്യവസായത്തിന്റെ ഉൽപ്പന്നമെന്ന നിലക്ക് ചരിത്രത്തിന്റെയും സത്യത്തിന്റെയും അഭാവങ്ങൾ കൊണ്ട് ജനപ്രിയ അബോധങ്ങൾ സൃഷ്ടിക്കുകയാണ് അവ ചെയ്തത്. നായക ശരീരങ്ങളും ദന്ത ഗോപുരങ്ങളും കൊണ്ട് സെറ്റിട്ട കെട്ടു കാഴ്ചകൾ എന്നതായിരുന്നു ആ ഉൽപ്പന്നത്തിന്റെ സാംസ്കാരിക മൂലധനം എന്നത് സിനിമ ഉപകരണമാക്കിയുള്ള പല പുതുവായനങ്ങളും പാഠങ്ങൾ നിർമ്മിക്കുന്നു. കുമ്പളങ്ങിയിലും ഇത്തരം കെട്ടു കഥാപാത്രങ്ങൾ ഉണ്ട്.സജിയുടെയും ഷെമ്മിയുടെയും കഥാപാത്രഭാവനകൾ അത്തരത്തിൽ വാർത്തെടുത്തതാണ് എന്ന് സിനിമയുടെ പിറകിലുള്ളവർ തന്നെ പറയുന്നുമുണ്ട്.എന്നാൽ ആ കഥാപാത്രങ്ങൾ പ്രത്യേകിച്ചും ഷെമ്മിയുടേത് ഒരു സ്വഭാവ സവിശേഷതയും മലയാള സിനിമയുടെ തന്നെ രാഷ്ട്രീയ പരിഹാസ കവനം എന്ന ധർമവും നിർവഹിക്കുന്നു എന്നത് എടുത്തു പറയണം.മലയാള അനുഭൂതി ജീവിതങ്ങളിൽ സാഹിത്യത്തിനും സിനിമക്കും വലിയ പങ്കുണ്ട്.ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന് തുല്യമായ രീതിയിൽ സാഹിത്യം ഇന്നേ വരെ സംസാരിക്കാത്ത പ്രമേയങ്ങളും ജീവിതവും ഭാഷയും സംസാരിച്ചുകൊണ്ട് പുതുകാലത്തെ അത് അഭിമുഖീകരിക്കുകയും സാഹിത്യത്തെ തന്നെ അത് രണ്ടായി പകുക്കുയുമാണ് ചെയ്തത്. സാഹിത്യത്തിൽ ഇത് സംഭവിക്കുന്നതിനു മുമ്പ് തന്നെ പരിചരണത്തിലും ഭാഷയിലും വൈകാരിക ആഖ്യാനത്തിലും സിനിമയിൽ ന്യു ജെനെറേഷൻ സിനിമകൾ എന്ന പേരിൽ വന്ന ചലച്ചിത്രങ്ങൾ ഇതിന് തുടക്കം കുറിച്ചു.എന്നാൽ പ്രമേയത്തിലും അന്തരീക്ഷ ജീവിത ചിത്രീകരണത്തിലും സാഹചര്യ സൃഷ്ടിയിലും ഈ മ യൗ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയസിനിമകളിൽ ലിജോ ജോസ് പല്ലിശേരി അടക്കമുള്ളവരാണ് ഇങ്ങിനെ സിനിമയെ പകുക്കുന്നതിന് തുടക്കമിട്ടത്. അതിന് അടിവരയിടുന്ന സിനിമ എഴുത്താണ് ശ്യാം പുഷ്കർ നിർവഹിച്ചത് എന്ന് പറയണം. എന്നാൽ താൻ സിനിമയുടെ കലാമൂല്യത്തേക്കാൾ അത് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ട്രീറ്റ്മെൻറ് ആണ് ആഗ്രഹിക്കുന്നത് എന്നതിന് വലിയ തെളിവ് അവശേഷിപ്പിക്കുന്ന വിധം ഷെമ്മി എന്ന കഥാപാത്രത്തിന്റെ കൈയിൽ ചുറ്റിക അടക്കം സകല ആയുധങ്ങളും എടുത്തു കൊടുത്ത് ക്ളൈമാക്സ് അലക്കുലുത്ത് ആക്കുക തന്നെ ചെയ്തു. എന്നാൽ ആ ലത്തീൻ കാത്തോലിക്കാ കുടുംബത്തിലെ ഇളയ സന്തതിയെ കൊണ്ട് വല വീശിപ്പിടിച്ചത് തൊണ്ണൂറുകളിലെ മലയാള സിനിമ എന്ന കെട്ടുകഥയെ ആണ് എന്നതാണ് ഇതിന്റെ പരിഹാസ നാടകം.

Reference,
1 Mappila review, 1942,
2. Hakkim Sayyad Shamsulla Qudiri, Malabar, Muslim Universtiy Press, Aligarh, p. 25, quoted in S
3 .മാപ്പിളമാരുടെ ആവിർഭാവവും മുതുവാ വിവാഹവും .അസ്മ എം പി


 

Comments

comments