“സാറേ, പേമെൻറ് കാശോ പേടിഎമ്മോ? കാശായാൽ നന്നായിരുന്നു”.

ആ ഊബർടാക്സി ഡ്രൈവറുടെ ചോദ്യം കേട്ട് എന്‍റെ ഉള്ളിലെ ഡിജിറ്റൽലോകപൗരൻ മുഖം കോട്ടി. കാശ് ഒരു മിനക്കേടാണ്. മാത്രമല്ല, പേമെൻറ് ഓപ്ഷൻ ആയി ആദ്യംതന്നെ പേടിഎം തിരഞ്ഞെടുത്തത് മാറ്റാൻ ഇനിയിപ്പോൾ മൊബൈൽ ആപ്പ് സമ്മതിക്കുകയുമില്ല.

അയാൾ പ്രാരാബ്ധങ്ങളുടെ കെട്ടഴിച്ചു: കഴിഞ്ഞ ദിവസം നാട്ടിൽ പോയപ്പോൾ ഡെബിറ്റ് കാർഡ് ഭാര്യയെ ഏൽപ്പിച്ചു. പേടിഎമ്മിൽ നിന്ന് പൈസ വന്നാൽ ഉടനെയെടുക്കാനാണ്. കുറേ ചിലവുകളുണ്ട്. മടങ്ങിവന്ന് കാറെടുത്ത് തുടങ്ങുമ്പോൾ കുറച്ച് ഓട്ടങ്ങൾക്കെങ്കിലും കൂലി പണമായി കിട്ടുമെന്ന് കരുതി. പക്ഷെ കാലക്കേടിന് രണ്ടു ദിവസമായി എല്ലാവരും ഉപയോഗിക്കുന്നത് പേടിഎമ്മോ ക്രെഡിറ്റ് കാർഡോ. ഇപ്പോൾ കൈയിൽ കാശായുള്ളത് വെറും 10 രൂപ. ഒരു ചായ കുടിക്കാനോ എന്തെങ്കിലും കഴിക്കാനോ പേടിഎം എടുക്കുന്ന കട നോക്കി നടക്കേണ്ട ഗതികേട്. നാളെ ഈയിട്ടിരിക്കുന്ന ഷർട്ട് മാറ്റണമെങ്കിൽ അലക്കാൻ കൊടുത്ത തുണി വാങ്ങാൻ കാശില്ല…

“സാറൊരു കാര്യം ചെയ്യ്”, അയാൾ പറഞ്ഞു. “ഒരു രണ്ട് കിലോമീറ്റർ പോയി ഞാനീ ഊബറോട്ടം നിർത്താം. അതിന് കൂലി സാറ് പേടിഎം ആയി തന്നോ. പിന്നെയങ്ങോട്ട് ഈ ആപ്പ് ഓഫാക്കി സാറിനെ കൊണ്ടുപോകാം. അതിനുള്ളത് കാശായി താ. അഞ്ചോ പത്തോ രൂപ കുറച്ച് തന്നാലും മതി”.

അങ്ങിനെ ഒരു ഒത്തുതീർപ്പിലെത്തി, ഊബറിന്‍റെ അൽഗോരിതത്തിന്‍റെ കണ്ണുവെട്ടിച്ച്, ഞാനും അയാളും യാത്ര തുടർന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ നമ്മുടെ ജീവിതങ്ങളെ പാടേ മാറ്റിത്തീർക്കുകയാണ്. നിത്യജീവിത ചലനങ്ങളെ എവിടെയോ ഇരുന്ന് അൽഗോരിതങ്ങൾ നിയന്ത്രിക്കുമ്പോൾ ഉണ്ടാകുന്ന പൊരുത്തക്കേടുകളും അസ്വാരസ്യങ്ങളുമൊക്കെയാണ് ഇതൊക്കെ. ജീവിതം ഒരു പാവക്കൂത്തല്ലല്ലോ!

ഇതിപ്പോൾ ഓർക്കാനിടയായതിന് കാരണം ഊബറിനെക്കുറിച്ചുള്ള ഒരു പുതിയ പുസ്തകം വായിച്ചതാണ്. ഒരു ടെക്നോളജി എത്തനോഗ്രാഫറും ഗവേഷകയും ആയ അലക്സ് റോസൻബ്ലാറ്റ് എഴുതിയ “Uberland: How Algorithms Are Rewriting the Rules of Work” എന്ന പുസ്തകം. യുഎസ്എയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിലെ ഊബർ, ലിഫ്റ്റ് (lyft) തുടങ്ങിയ കമ്പനികൾക്ക് വേണ്ടി ടാക്സികളോടിക്കുന്ന നാനൂറോളം ഡ്രൈവർമാരോട് സംസാരിച്ച്, 5000 മൈലുകളോളം ടാക്സിസവാരി നടത്തിയാണ് റോസൻബ്ലാറ്റ് ഈ പുസ്തകത്തിനാധാരമായ പഠനങ്ങൾ നടത്തിയത്. അൽഗോരിതങ്ങളുടെ തടവുകാരായ ഈ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ ഈ പുസ്തകത്തിന്‍റെ ചൂടും ചൂരുമാകുന്നു.

കുറെ ജീവിതങ്ങളുടെ കഥ സത്യസന്ധമായി പകർത്തിവെച്ചതുകൊണ്ടുള്ള പാരായണയോഗ്യത മാത്രമല്ല ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത്. പ്ലാറ്റ്ഫോം ഇക്കോണമി, ഗിഗ് ഇക്കോണമി, ഷെയറിങ്ങ് ഇക്കോണമി എന്നൊക്കെ വിവിധ പേരുകളിൽ വിശേഷിപ്പിക്കപ്പെടുന്ന ആഗോള സമ്പദ് വ്യവസ്ഥയിലെ സമീപകാലമാറ്റങ്ങളെ ഏറ്റവും കൃത്യമായി പ്രതിനിധാനം ചെയ്യുന്ന കമ്പനികളിലൊന്നാണ് ഊബർ. അതിനെ മുൻനിർത്തി ഈ മാറ്റങ്ങളെ അനാവരണം ചെയ്യുന്ന ഒരു സാമൂഹ്യശാസ്ത്രം വിചാരം കൂടിയാണ് ഊബർലാൻഡ്. അതുകൊണ്ടുതന്നെ ഒരു വൻകിട കോർപ്പറേറ്റ്ഭീമന്‍റെ കഥയെന്നതിനുപരി, മാറുന്ന സമകാലീന മുതലാളിത്തത്തിന്‍റെ കഥപറച്ചിലായി ഈ പുസ്തകം മാറുന്നു.

പ്ലാറ്റ്ഫോം ഇക്കോണമി ഇന്‍റർനെറ്റിന്‍റെ വ്യാപനം കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം എന്തു കാര്യങ്ങളും എവിടെവെച്ചും എപ്പോഴും ചെയ്യാമെന്നതാണ്. ക്ലൗഡ് കമ്പ്യൂട്ടിങ്ങ് എന്ന് പൊതുവെ അറിയപ്പെടുന്ന സാങ്കേതികവിദ്യകളിലുണ്ടായ കുതിച്ചുചാട്ടങ്ങളാണ് ഇതിനിടയാക്കിയത്. ഈ മാറ്റത്തിന്‍റെ അനന്തസാധ്യതകൾ മുൻകൂട്ടി കാണാൻ സിലിക്കൺവാലിയിലെ കുശാഗ്രബുദ്ധികൾക്കായി. വിപണിമുതലാളിത്തത്തെ തിരിച്ചറിയാനൊക്കാത്തവിധം മാറ്റാൻ കെൽപ്പുള്ള ഒരു പരിവർത്തനദശയുടെ വക്കിലാണ് തങ്ങളെന്ന് അവർ തിരിച്ചറിഞ്ഞു.

ഉപ്പുതൊട്ട് സ്മാർട്ട്ഫോണും കാറും വീടും വരെയുള്ള ഉത്പന്നങ്ങൾ, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, സവാരി, താമസം തുടങ്ങിയ സേവനങ്ങൾ, സൗഹൃദം, സ്വാന്തനം തുടങ്ങി ലൈംഗികസുഖം വരെയുള്ള അനുഭവങ്ങൾ അനുഭൂതികൾ… അങ്ങിനെ എല്ലാം വിൽക്കാനും വിതരണം ചെയ്യാനുമുള്ള വേദികളായി മാറി മൊബൈൽ ഫോൺ ആപ്പുകളും ഇന്‍റർനെറ്റും. ഗൂഗിൾ, ആമസോൺ, ഫേസ്ബുക്ക്, സേൽസ്ഫോഴ്സ്, ഊബർ തുടങ്ങിയ ന്യൂജൻ സ്ഥാപനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്‍റെ അവിഭാജ്യഘടകങ്ങളായി. അതോടൊപ്പം അവ നമ്മുടെ ജീവിതത്തെ സമൂലമായി മാറ്റിതീർക്കുകയും ചെയ്തുതുടങ്ങി.

വിഭവങ്ങൾ പാഴായി പോകാതെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും പങ്കുവെക്കുകയും ചെയ്യുക. സ്ഥലകാലപരിമിതികളില്ലാതെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്കെത്തിക്കുക. ഇതൊക്കെ അതിവേഗത്തിൽ സമർത്ഥമായി കാര്യക്ഷമതയോടെ ചെയ്യാൻ കഴിയുന്ന സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമുകളാണ് ഈ കമ്പനികളുടെ അടിത്തറ. അതുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മൂലം രൂപപ്പെടുന്ന സമ്പദ്വ്യവസ്ഥയെ പ്ലാറ്റ്ഫോം ഇക്കണോമി എന്നും ഷെയറിങ് ഇക്കോണമി എന്നുമൊക്കെ വിളിക്കുന്നത്.
പഴയ തലമുറയിലെ കച്ചവടസ്ഥാപനങ്ങളിൽ നിന്ന് ഈ പുതുതലമുറക്കാരെ വേർതിരിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്.

ഒന്ന്, ബിഗ്ഡാറ്റയുടെ (bigdata) സമർത്ഥമായ ഉപയോഗം. ലോകമെമ്പാടുമുള്ള മനുഷ്യർ എല്ലാ തരത്തിലുള്ള സാമൂഹ്യവിനിമയങ്ങൾക്കും ഇന്‍റർനെറ്റും ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ ഉണ്ടായിവന്ന കൂറ്റൻ വിവരശേഖരങ്ങളാണ് ബിഗ്ഡാറ്റ എന്നറിയപ്പെടുന്നത്. ബിഗ്ഡാറ്റയെ ഉപയോഗപ്പെടുത്തുന്നു എന്ന് പറയുന്നതിനേക്കാൾ അത് ഈ കമ്പനികളുടെ ജീവരേഖ തന്നെയാണ് എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. ബിഗ്ഡാറ്റയെ വിശകലനവും മനനവും ചെയ്യാൻ ഉപയോഗിക്കുന്ന മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ അവരുടെ ബിസിനസ്സിന്‍റെ മർമ്മപ്രധാനമായ ഘടകങ്ങളാണ്.

രണ്ട്, തൊഴിൽ, തൊഴിലിടം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്കുള്ള ധാരണകളുടെ പൊളിച്ചെഴുത്ത്. സ്ഥിരം തൊഴിൽ എന്ന സങ്കല്പം തന്നെ ഇല്ലാതായി തുടങ്ങി. തൊഴിലാളി വർഗ്ഗത്തിന്‍റെ സവിശേഷതയായി കരുതപ്പെട്ടിരുന്ന സംഘടിതസ്വഭാവത്തിന് വിള്ളൽ വന്നു.
2011 ലാണ് ഗയ് സ്റ്റാന്റിംഗ് (Guy Standing) എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ‘The Precariat: The New Dangerous Class’ എന്ന പുസ്തകമെഴുതുന്നത്. സുരക്ഷിതമല്ലാത്ത, എപ്പോഴും  തകരാവുന്ന എന്നൊക്കെയാണ് preacrious എന്ന പദത്തിന്‍റെ അർത്ഥം. ആ വാക്കിൽനിന്ന് ഉണ്ടാക്കിയെടുത്ത, proletariat (തൊഴിലാളിവർഗ്ഗം) എന്ന വാക്കിനോട് ശബ്ദസാമ്യമുള്ള, ഒരു പുതിയ പദമാണ് പ്രികാരിയറ്റ് (precariat). പുതിയ കാലത്തെ പണിയാളർ പഴയ തൊഴിലാളിവർഗ്ഗത്തിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു വർഗ്ഗമാണെന്ന് ഈ പദപ്രയോഗം ധ്വനിപ്പിക്കുന്നു.
പാശ്ചാത്യരാജ്യങ്ങളിൽ നവലിബറലിസം ശക്തി പ്രാപിച്ചതോടെ വ്യവസായിക മുതലാളിത്തത്തിനകത്ത് ഒരുപരിധിവരെയെങ്കിലും സാധ്യമായിരുന്ന തൊഴിൽസുരക്ഷ ഏറെകുറെ ഇല്ലാതായതോടെയാണ് സ്ഥിരജോലിയില്ലാത്ത ഈ ‘പുതിയ’ വർഗ്ഗം രൂപം കൊണ്ടത്. മുഴുവൻ സമയ ജോലികളുടെ അഭാവവും, ഉള്ള ജോലികളുടെ കോൺട്രാക്റ്റ് വൽക്കരണവും നിത്യജീവിതത്തിന് ഏതെങ്കിലും ഒരു തൊഴിലിനെ മാത്രം ആശ്രയിക്കുകയെന്നത് ഒരു വലിയ വിഭാഗം ജനങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യമാക്കി തീർത്തു. മാർക്സിനെ പോലുള്ള ചിന്തകർ നിർവചിച്ചതുപോലെ സ്വന്തം അദ്ധ്വാനശേഷിയെ ഒരു ചരക്കായി വിൽക്കാതെ അതിജീവനം സാധ്യമല്ലാത്ത തൊഴിലാളികൾ തന്നെയാണ് ഈ പ്രികാരിയറ്റുകളും. വിപണിയുടെയും ലാഭത്തിന്‍റെയും നിയമങ്ങൾതന്നെയാണ് ഇവരുടെ തൊഴിൽജീവിതത്തെയും നിർണ്ണയിക്കുന്നത്. പക്ഷെ, സംഘടിതതൊഴിലാളി വർഗ്ഗത്തിൽനിന്ന് വ്യത്യസ്തമായി തികച്ചും ശിഥിലവും സുരക്ഷിതത്വമില്ലാത്തതുമായ അവസ്ഥയാണ് ഇവരുടേത് എന്ന് മാത്രം.

ആദ്യകാലങ്ങളിലെ വ്യാവസായികമുതലാളിത്തം രൂപം കൊടുത്ത തൊഴിലാളിവർഗ്ഗത്തിന് സംഘടിതസ്വഭാവം ഉണ്ടായിരുന്നു. ഉദ്പാദന പ്രക്രിയയുടെയും തൊഴിലുകളുടെയും വൻതോതിലുള്ള കേന്ദ്രീകരണവും വ്യവസായികോത്പാദനത്തിന് ആവശ്യമായ തൊഴിൽ പ്രക്രിയകളുടെ (labor process ) സവിശേഷതകളും ഈ സംഘടിതസ്വഭാവത്തിനുള്ള വസ്തുനിഷ്ഠസാഹചര്യങ്ങൾ ഒരുക്കി. ആ സാഹചര്യങ്ങൾ ഇല്ലാതായതോടെ തൊഴിൽസേന പ്രികാരിയറ്റുകളായി. പ്ലാറ്റ്ഫോം ഇക്കോണമിക്ക് ആവശ്യം ഇങ്ങനെ വിഘടിതമായ ഒരു തൊഴിലാളികൂട്ടത്തെയായിരുന്നു.

റോസൻബ്ലാറ്റ് പറയുന്ന ഊബർലാൻഡിലെ കഥകൾ പ്ലാറ്റ്ഫോം ഇക്കണോമിയുടെ ഈ രണ്ട് സവിശേഷതകളെയും നമുക്ക് മുന്നിൽ കൃത്യതയോടെ വരച്ചിടുന്നു.

ഊബർ: മിത്തും യാഥാർഥ്യവും

2007-09 കാലത്തുണ്ടായ, അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് രംഗത്തു തുടങ്ങി പിന്നീട് ലോകമെമ്പാടും ബാധിച്ച, അതിരൂക്ഷമായ സാമ്പത്തികമാന്ദ്യത്തിലാണ് റോസൻബ്ലാറ്റ് പങ്കിടൽ സമ്പദ്വ്യവസ്ഥയുടെയും (sharing economy) ഊബർ പോലുള്ള ബിസിനസ്സുകളുടെയും തുടക്കത്തെ അടയാളപ്പെടുത്തുന്നത്.

അമേരിക്ക വർഷങ്ങളായി കണ്ടിട്ടില്ലാത്ത സാമ്പത്തികദുരിതങ്ങളും തൊഴിലില്ലായ്മയുമാണ് സാമ്പത്തിക പ്രതിസന്ധിയിലൂടെ ഉണ്ടായത്. വർഷങ്ങളായി തുടർന്നുവന്ന നവലിബറൽ സാമ്പത്തികനയങ്ങൾ കാരണം സാധാരണക്കാരുടെ വരുമാനത്തിൽ വർദ്ധനവൊന്നും ഇല്ലാതായിട്ട് കുറച്ച് കാലങ്ങളായിരുന്നു. സാമ്പത്തിക മാന്ദ്യം ഈ പ്രശ്നങ്ങളെ ഗുരുതരമായി മൂർഛിപ്പിച്ചു. പ്രികാരിയറ്റുകളുടെ എണ്ണം കണ്ടമാനം കൂടി. സമ്പത്ത് കുമിഞ്ഞു കൂടുന്നതും നേട്ടങ്ങളുണ്ടാകുന്നതും ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ആൾക്കാർക്കാണെന്ന ബോധ്യം ശക്തമായി.
സിലിക്കൺവാലിയിലെ ഐടി വ്യവസായങ്ങളുടെ തലതൊട്ടപ്പന്മാർ ഈ പ്രതിസന്ധിയിൽ സാധ്യതകൾ കണ്ടെത്തി. റോസൻബ്ലാറ്റ് എഴുതുന്നു: “മഹാമാന്ദ്യത്തിൽ വലഞ്ഞ ജനങ്ങളെ രക്ഷരക്ഷപ്പെടുത്തുക എന്ന വാഗ്ദാനമാണ് പങ്കിടൽ സമ്പദ്വ്യവസ്ഥ വാഗ്ദാനം ചെയ്തത്: സമൂഹത്തിലെ ലക്ഷക്കണക്കിന് ആൾക്കാർക്ക് സാങ്കേതികവിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി അവരുടെ പരിമിതമായ വിഭവങ്ങളെ കാര്യക്ഷമമായി പങ്കിട്ടുപയോഗിക്കാനുമുള്ള മാർഗ്ഗം”

സാമ്പത്തികപ്രതിസന്ധിയിൽ വലയുന്ന അമേരിക്കൻ നഗരങ്ങളിൽ ഊബർ എത്തുന്നത് വളരെ ലളിതമെന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന ഒരു വാഗ്ദാനവുമായിട്ടായിരുന്നു: അമേരിക്കയിലെ നഗരങ്ങളിൽ ഏതു സമയത്തും ടാക്സി വേണ്ടുന്ന ആയിരക്കണക്കിന് ആൾക്കാരെ കാണാം. നിങ്ങൾ സ്വന്തം കാറിൽ അവരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുക എന്ന സാമൂഹ്യദൗത്യം ഏറ്റെടുക്കാൻ തയ്യാറാണോ?
അതായിരുന്നു ഊബറിന്‍റെ ബിസിനസ്. ടാക്സി ഡ്രൈവർമാർക്ക് ഓട്ടം സംഘടിപ്പിച്ച് കൊടുക്കുക. ടാക്സിക്കൂലിയിൽ ഒരുപങ്ക് പറ്റുക.
2009 മാർച്ച് മാസം അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിൽ ആരംഭിച്ച ഊബർ വളരെ പെട്ടന്നാണ് ഒരു ബഹുരാഷ്ട്ര കമ്പനിയായിമാറുന്നത്. 2017 പകുതിയോടെ വിവിധരാജ്യങ്ങളിലെ 630 നഗരങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച കമ്പനി, ഇക്കാലം കൊണ്ട് 5 ബില്യൺ സവാരികൾ ഏർപ്പാടാക്കി. 2018 മാർച്ചിലെ കണക്കുകൾ പ്രകാരം 30 ലക്ഷം ഡ്രൈവർമാരാണ് ഊബർ ടാക്സികൾ ഓടിക്കുന്നത്.

ഒരു ഉപഭോക്താവ് തന്‍റെ ആപ്പുപയോഗിച്ച് ടാക്സി ആവശ്യപ്പെടുന്നത് തൊട്ട് ഊബറിലെ എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം കമ്പ്യൂട്ടർ അൽഗോരിതങ്ങൾക്കാണ്. ഒരു അൽഗോരിതം ആവശ്യക്കാരന് ഏറ്റവും പെട്ടന്ന് ആ സവാരി ലഭ്യമാക്കാൻ പാകത്തിൽ ഒരു ഡ്രൈവറെ തിരഞ്ഞെടുക്കുന്നു. ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം ആ സമയത്തെ ട്രാഫിക് എന്നീ കാര്യങ്ങളൊക്കെ പരിഗണിച്ച് വേറൊരു അൽഗോരിതം ഏറ്റവും വേഗത്തിലെത്താനുതകുന്ന വഴി ഗണിക്കുന്നു. യാത്രാക്കൂലി നിശ്ചയിക്കുന്നതും അതിൽ ഊബറിന്‍റെ പങ്ക്മാറ്റിവെച്ച് ഡ്രൈവർക്ക് കൊടുക്കുന്നതും അൽഗോരിതം. യാത്രാക്കൂലിയുടെ നിരക്ക് ഒരു സ്ഥിരസംഖ്യയല്ല. ഏറെ ആവശ്യക്കാരുള്ള സമയമാണെങ്കിൽ surge pricing എന്ന പ്രക്രിയയിലൂടെ അത് മാറും. അതു ചെയ്യുന്നതും അൽഗോരിതം.


ഊബറിനെ പോലുള്ള സ്ഥാപനങ്ങൾ ഒരിക്കലും ടാക്സി കമ്പനികളെന്ന് സ്വയം വിശേഷിപ്പിക്കാറില്ല. സവാരിക്കാർക്ക് ന്യായമായ വാടകയിൽ സവാരിയും, ഡ്രൈവർമാർക്ക് അവസരങ്ങളും ഒരുക്കി കൊടുക്കുന്ന സാങ്കേതികവിദ്യ പ്രദാനം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് അവർ പറയുക.

ലളിതസുന്ദരമായ ഇത്തരം ആഖ്യാനങ്ങളിലൂടെ ഊബർ സൃഷ്ടിച്ചെടുത്ത മിത്തിനപ്പുറം വേറൊരു യാഥാർഥ്യമുണ്ട്. അൽഗോരിതങ്ങൾ എല്ലാം നിയന്ത്രിക്കുക മാത്രമല്ല ചെയ്യുന്നത്. നാളിതുവരെ നമ്മളറിഞ്ഞ തൊഴിൽബന്ധങ്ങളെ മാറ്റിയെഴുതുക കൂടിയാണ്. ഇത് കൊണ്ടുള്ള നേട്ടം ഉബർ അവകാശപെടുന്നത് പോലെ ഉപഭോക്താക്കൾക്കോ തൊഴിലാളികൾക്കോ അല്ല. കമ്പനിക്കാണ്. കഴിഞ്ഞ വർഷം ഊബറിൽ 500 മില്യൺ ഡോളർ മുതൽ മുടക്കാൻ ടൊയോട്ടോ തയ്യാറായപ്പോൾ അവർ കമ്പനിക്ക് കണ്ട മതിപ്പ്മൂല്യം 76 ബില്യൺ ഡോളർ ആയിരുന്നു.

വെറുമൊരു ഇടനിലക്കാരനായി സ്വയം വിശേഷിപ്പിക്കുന്ന കമ്പനി വളർച്ചയുടെ കൊടുമുടികൾ അതിശയകരമായി കീഴടക്കുമ്പോൾ, കാറിന് മുതലിറക്കുകയും അതോടിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ഡ്രൈവർമാരുടെ സ്ഥിതിയെന്താണ്? റോസൻബ്ലാറ്റിന്‍റെ പുസ്തകത്തിലൂടെ കടന്ന് പോകുമ്പോൾ നമ്മുക്ക് കിട്ടുന്ന ചിത്രം കോരന്‍റെ കഞ്ഞി കുമ്പിളിൽ തന്നെ എന്നതാണ്.
തൊഴിലാളിയും മുതലാളിയും അല്ലാത്ത പണിയാളൻ
ഊബർ പോലുള്ള പ്ലാറ്റുഫോമുകളിൽ ഒരു പുറം വരുമാനത്തിനോ ഹോബിയെന്നോ നിലയിലോ പാർട്ട് ടൈം ഡ്രൈവ്രർമാരായി ജോലിനോക്കുന്ന, താരതമ്യേന സന്തുഷ്ടരായ കുറച്ച് പേരുണ്ടാകാം. എന്നാൽ ഭൂരിഭാഗത്തിന്‍റെയും കാര്യം അതല്ല. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടപ്പാച്ചിൽ, ചിലവുകൾ, കടം, പലിശ. അങ്ങിനെയൊക്കെ പോകുന്നു അവരുടെ ജീവിതം. കാറിന്‍റെ ഇന്ധനത്തിനും അറ്റകുറ്റ പണികൾക്കും ഉള്ള ചിലവുകൾ തട്ടികഴിച്ചതിന് ശേഷം ഒരു മുഴുവൻസമയ ഡ്രൈവർക്ക് കിട്ടുന്ന വരുമാനം കമ്പനികൾ പൊലിപ്പിച്ച് കാട്ടുന്നതിന്‍റെ അടുത്തെങ്ങും വരില്ല. അതുകൊണ്ട് തന്നെ മിക്ക ഡ്രൈവർമാരും ഒരേ സമയം ഊബറോ ലിഫ്റ്റോ പോലുള്ള ഒന്നിൽ കൂടുതൽ കമ്പനികളിൽ രജിസ്റ്റർ ചെയ്ത് കഴിയുന്നത്ര ട്രിപ്പുകൾ തരപ്പെടുത്തി രാപകലില്ലാതെ പണിയെടുക്കുന്നവരാണ്.

ഒരു ടാക്സി കമ്പനിയോ ട്രാൻസ്പോർടേഷൻ കമ്പനിയായോ അല്ല ഊബർ സ്വയം കാണുന്നത് എന്ന് പറഞ്ഞു. മറിച്ച് ഒരു ടെക്നോളജി കമ്പനിയാണ് തങ്ങൾ എന്നാണ് അവരുടെ അവകാശവാദം. ഇത് ആ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾക്ക് പുറത്തുനിന്ന് പ്രവർത്തിക്കാൻ ഉബറിനെ സഹായിക്കുന്നു.

ഈ വാചോടാപം കൊണ്ട് ഊബറും അതുപോലുള്ള മറ്റ് കമ്പനികളും നേടിയെടുക്കുന്നത് ഇത് മാത്രമല്ല എന്നും റോസൻബ്ലാറ്റ് പറയുന്നു. ഉപഭോക്താക്കളെയും ഡ്രൈവർമാരെയും കൂട്ടിയിണക്കുന്ന ഒരു സാങ്കേതികവിദ്യ മാത്രമാണ് തങ്ങളെന്ന് പറയുമ്പോൾ, ഡ്രൈവർമാരെ ജോലിക്കെടുക്കുകയല്ല അവരുടെയും ഉപഭോക്താക്കളുടെയും ഒരു കൂട്ടായ്മയ്ക്ക് കളമൊരുക്കുക മാത്രമാണ് യൂബർ ചെയ്യുന്നതെന്ന് വരുന്നു. ഉബറിന്‍റെ ഭാഷയിൽ ഡ്രൈവർമാർ ബിസിനസിലെ പങ്കാളികളാണ് (“driver-partners). നിയമസംബന്ധമായ കാര്യങ്ങൾ വരുമ്പോൾ ഊബർ അവരെ സ്വതന്ത്ര കോൺട്രാക്റ്റർമാരെന്നും വിളിക്കും. എപ്പോൾ എത്ര സമയം ജോലി ചെയ്യണമെന്നും ഒരു സവാരി സ്വീകരിക്കണമോ വേണ്ടയോ എന്നും ഒക്കെ തീരുമാനിക്കാനവകാശമുള്ള സ്വതന്ത്ര സംരംഭകർ ആണവർ. ചില പ്ലാറ്റ്ഫോം ഇക്കോണമി കമ്പനികൾ ഇങ്ങനെ ജോലി ചെയ്യുന്നവരെ ചെറു സംരംഭകർ (micropreneur) എന്നാണ് വിളിക്കുന്നത്.

ഏത് പേരിൽ വിളിച്ചാലും യൂബർ പറയുന്ന സ്വാതന്ത്ര്യമൊന്നും ഡ്രൈവർമാർക്കില്ല എന്നതാണ് യാഥാർഥ്യം . ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപാട് പെടുന്ന, ഒന്നിൽ കൂടുതൽ തൊഴിലുകൾ ചെയ്യാൻ നിര്ബന്ധിക്കപ്പെടുന്ന പ്രികാരിയറ്റിന് എന്ത് സ്വാതന്ത്ര്യം? അൽഗോരിതമിക് മാനേജർ പറയുന്ന സവാരിയും കൂലിയും സ്വീകരിക്കുക എന്നല്ലാതെ. അതേസമയം ഇത് ഊബറിന് പഴയ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കില്ലാത്ത ഒരു സ്വാതന്ത്ര്യം നൽകുന്നുണ്ട്. സാധാരണ സ്ഥാപനങ്ങൾ പാലിക്കേണ്ടുന്ന തൊഴിലാളികളോടുള്ള നിയമപരവും ധാർമ്മികവും ആയ ബാധ്യതകളിൽ നിന്നുള്ള സ്വാതന്ത്ര്യം.
ബിദാറിൽനിന്നും ഗുൽബർഗയിൽനിന്നും കോലാറിൽ നിന്നുമൊക്കെ ബാംഗ്ളൂരിലേക്ക് കുടിയേറുന്ന നിരവധി ഡ്രൈവർമാരെ പരിചയപ്പെട്ടിട്ടുണ്ട്. റോസൻബ്ലാറ്റ് പറയുന്ന അമേരിക്കയിലെയും കാനഡയിലെയും ഡ്രൈവർമാരുടെ ഈ ജീവിതകഥകൾ വായിക്കുമ്പോൾ ഇന്ത്യയിലെ മഹാനഗരങ്ങളിലെത്തിപ്പെട്ട് ഊബർ/ഓല ഡ്രൈവർമാരായി ജോലി നോക്കുന്ന ഇങ്ങനെയുള്ള മനുഷ്യരുടെ ദുസ്സഹജീവിതവുമായി വ്യത്യാസമൊന്നുമില്ലല്ലോ എന്നോർത്തു പോകും.

ബോണസും ഇൻസെന്റീവുകളും ഒക്കെയായി മാസം തോറും പതിനായിരങ്ങൾ ഉണ്ടാക്കാമെന്ന കേട്ടുകേൾവികൾ വിശ്വസിച്ച് കിടപ്പാടവും കെട്ടുതാലിയുമൊക്കെ പണയം വെച്ച് കാറു മേടിച്ച് വലിയ പ്രതീക്ഷകളോടെ എത്തുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. കാർഷിക പ്രതിസന്ധിയുടെയും ഗ്രാമങ്ങളെയും ചെറുനഗരങ്ങളെയും കാർന്നുതിന്നുന്ന വ്യാപകമായ തൊഴിലില്ലായ്മയുടെയും ഇരകൾ.

പക്ഷെ, കേട്ടുകേൾവിയും യാഥാർഥ്യവും തമ്മിലുള്ള അകലം വലുതാണെന്ന് അവർക്ക് അധികം വൈകാതെ തന്നെ അവർക്ക് ബോധ്യപ്പെടും. നിത്യച്ചിലവുകൾ, ഡീസൽ, വാഹനത്തിന്‍റെ അറ്റകുറ്റ പണി, ഇഎംഐ തുടങ്ങിയ ചിലവുകൾ കഴിഞ്ഞെന്തെങ്കിലും മിച്ചം പിടിക്കണമെങ്കിൽ പന്ത്രണ്ടും പതിനാറും മണിക്കൂറുകൾ നഗരത്തിന്‍റെ ഗതാഗതകുരുക്കുകൾക്കിടയിലൂടെ പൊടിയും പുകയും തിന്ന് വളയം പിടിക്കേണ്ടുന്ന അവസ്ഥ. അതിന് പുറമെയാണ് തങ്ങൾക്ക് കൃത്യമായി മനസിലാക്കാനൊക്കാത്ത സാങ്കേതികവിദ്യകളുടെ തടവുകാരാണെന്ന അസ്വസ്ഥകരമായ തിരിച്ചറിവ്. മൊബൈൽ ആപ്പ്, ഗൂഗിൾ മാപ്, പേടിഎം… തങ്ങൾ ഉപേക്ഷിച്ച് വന്ന ദുസ്സഹ ജീവിതത്തിൽനിന്നും ഏറെയൊന്നും മെച്ചപ്പെട്ടതല്ല മഹാനഗരം തങ്ങൾക്കായി കാത്തുവെച്ചിട്ടുള്ളതെന്ന വിഷമത്തോടെ പറയുന്ന എത്രയോ പേരെ കണ്ടിട്ടുണ്ട്.
ഈയിടെ, പഴയ തൊഴിൽ പുതിയ രീതിയിൽ ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന ഇങ്ങനെയുള്ള ഡ്രൈവർമാരുടെ നിത്യജീവിതത്തിന്‍റെ കാണാപ്പുറങ്ങൾ കാട്ടുന്ന ഒരു നാടകം കാണാനിടയായി. ഇന്ത്യൻ എൻസെംബ്ൾ എന്ന ഒരു തീയേറ്റർ ഗ്രൂപ്പിന് വേണ്ടി ചാണക്യ വ്യാസ് തയ്യാറാക്കിയ ഈ ആ നാടകത്തിന്‍റെ പേര് അൽഗോരിതംസ് എന്നായിരുന്നു. റോസൻബ്ലാറ്റിന്‍റെ പുസ്തകം വായിച്ചപ്പോൾ ആ നാടകത്തിലെ രംഗങ്ങൾ മനസ്സിൽ വന്നു. മേപ്പറഞ്ഞ നാടകം കാണുമ്പോഴുണ്ടായ അതേ അനുഭവമാണ് ഈ പുസ്തകം വായിക്കുമ്പോഴും ഉണ്ടായത്. അൽഗോരിതങ്ങളുടെ തടവുകാരായ ഒട്ടനവധി ജീവിതങ്ങളുടെ നേർക്കാഴ്ചകൾ. പക്ഷെ അലക്സിന്‍റെ ക്യാൻവാസ് ഏറെ വലുതാണെന്ന് മാത്രം. അവരുടെ വിമർശനങ്ങൾക്ക് സാമൂഹ്യശാസ്ത്ര പഠനത്തിന്‍റെ ഔപചാരികത നൽകുന്ന കൃത്യതയുമുണ്ട്.
പക്ഷെ, നാടകമായാലും സാമൂഹ്യശാസ്ത്രപഠനമായാലും, രംഗം അമേരിക്കയായാലും ഇന്ത്യയായാലും, ഇവയിലൊക്കെ ചുരുൾനിവരുന്നത് തികച്ചും സദൃശമായ ജീവിതനാടകങ്ങളാണ്. മൂന്നാം ആഗോളവൽക്കരണമെന്ന് പലരും വിശേഷിപ്പിക്കുന്ന പ്ലാറ്റ്ഫോം ഇക്കണോമിയിലെ കയ്പു നിറഞ്ഞ തൊഴിലനുഭവങ്ങളുടെ സാർവലൗകികത.
ചരിത്രം മാറ്റിയെഴുതാനൊക്കാത്ത വിഫലവ്യാഖ്യാനങ്ങൾ?
ഒരു നല്ല വായനാനുഭവമാണെങ്കിലും, റോസൻബ്ലാറ്റിന്‍റെ തീക്ഷ്ണവിമർശനങ്ങക്ക് എവിടെയൊക്കെയോ മുനയൊടിഞ്ഞു പോയിട്ടുണ്ടന്ന് ഈ പുസ്തകം വായിച്ച് തീരുമ്പോൾ തോന്നും. പരിഹാരങ്ങലും ബദലുകളും മുന്നോട്ട് വെക്കാത്ത വെറുംവിമർശനമായി ഈ പുസ്തകം ചുരുങ്ങിയോ എന്നുതോന്നും. ഒരു ക്ളീഷേ ആയി മാറിയിട്ടുള്ള മാർക്സിന്‍റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ റോസൻബ്ലാറ്റ് നമുക്ക് ചുറ്റും ചുരുൾനിവർത്തുന്ന സമകാലീനമുതലാളിത്തത്തിന്‍റെ ചരിത്രത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്യുന്നത്; അതിനെ മാറ്റിത്തീർക്കാനുള്ള അന്വേഷണങ്ങൾക്ക് അവർ മുതിരുന്നേയില്ല.

ഷെയറിങ്ങ് ഇക്കണോമി നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ അഭിലഷണീയമല്ല; പക്ഷെ അനിവാര്യമാണ്. ഇങ്ങനെയൊരുഅശുഭാപ്തി വിശ്വാസം ഈ വിമർശനങ്ങളുടെ അന്തർധാരയായി വർദ്ധിക്കുന്നതായി തോന്നും. അവർ എഴുതുന്നു: “Both as workers and consumers, we have integrated the algorithms of Silicon Valley into our daily lives. The case of Uber shows us that technology has changed work in ways that are unexpected and potentially irreversible… Uber’s employment model, driven by algorithmic practices, represents how technology is permanently altering not only how we define work but also how it is organized”.
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിൽ, ജീവിക്കാനായി തൊഴിലെടുക്കേണ്ടവർക്ക്, മനുഷ്യരാശിയിലെ ബഹുഭൂരിപക്ഷത്തിന്, ഭാവിസമൂഹത്തിൽ എന്തെങ്കിലും പ്രത്യാശക്ക് വഴിയുണ്ടോ എന്ന ചോദ്യം നിർണ്ണായകമാണ്. റോസൻബ്ലാറ്റ് ആ ചോദ്യത്തിനുത്തരം നൽകാതെ വിടുന്നു.
തങ്ങളുണ്ടാക്കുന്ന സാങ്കേതികവിദ്യകൾ സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യഘാതങ്ങളെ കുറിച്ച് ടെക്നോളജി കമ്പനികളുടെ തലവന്മാർ തന്നെ ബോധവാന്മാരാണ്. ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന അസംതൃപ്തികൾക്ക് തടയിട്ടില്ലെങ്കിൽ കാര്യങ്ങളുടെ സുഗമമായ മുന്നോട്ട് പോക്ക് അസാധ്യമാണെന്ന് അവരിൽ പലരും കരുതുന്നു; അതിനായി പല ആശയങ്ങളും നിർദ്ദേശിക്കുന്നു. അങ്ങിനെയുള്ള ഒന്നായിരുന്നു ഫേസ്ബുക്കിന്‍റെ സ്ഥാപകരിലൊരാളായ ക്രിസ് ഹ്യൂഗ്സ് നിർദ്ദേശിച്ച സാർവത്രിക അടിസ്ഥാന വരുമാനം (universal basic income) എന്ന നിർദ്ദേശം. മാർക്ക് സുക്കർബർഗ് അടക്കമുള്ളവരുടെ പിന്തുണ ഈ ആശയത്തിന് കിട്ടുകയുമുണ്ടായി.
പക്ഷെ, സ്വന്തം വാണിജ്യതാല്പര്യങ്ങൾക്ക് ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ എന്നതിനപ്പുറം ജനസാമാന്യത്തിന്‍റെ താല്പര്യങ്ങളെ മുൻനിർത്തി ഈ മാറ്റങ്ങളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ മുതലാളിത്തത്തിന്‍റെ പക്ഷത്തുനിന്ന് ഉണ്ടാകുമെന്ന് കരുതാൻ ന്യായമില്ല. അതുകൊണ്ടാണ് ആഗോളമുതലാളിത്തത്തിന്‍റെ പുതുരൂപങ്ങളുടെ കടിഞ്ഞാണില്ലാത്ത വളർച്ചക്ക് വലിയ വിലകൊടുക്കേണ്ടി വരുന്ന ജനങ്ങൾക്ക്, പ്രത്യകിച്ച് തൊഴിലാളികൾക്ക്, ബദലന്വേഷണങ്ങൾ നടത്താനും പ്രാവർത്തികമാക്കാനും ഉള്ള ഇച്ഛാശക്തി കൈവരിക്കാനൊക്കുമോ എന്ന ചോദ്യമുയരുന്നത്.
നിർഭാഗ്യവശാൽ ഈ ചോദ്യത്തിനുത്തരം തേടുമ്പോൾ മനസ്സിൽ വരുന്ന കാര്യങ്ങൾ വലിയ പ്രത്യാശ തരുന്നവയല്ല. ഇരുപതാം നൂറ്റാണ്ടിന്‍റെ ഉത്തരാർദ്ധം തൊട്ട് ശാസ്ത്രസാങ്കേതിക വിദ്യകളുടെ രൂപത്തിൽ ഉദ്പാദനശക്തികൾക്കുണ്ടായ വളർച്ച, ഉദ്പാദന-വിതരണ പ്രക്രിയകളിൽ മനുഷ്യാദ്ധ്വാനത്തിന്‍റെ ആവശ്യം കുറച്ചുകൊണ്ട് വരികയാണ്. മനുഷ്യന്‍റെ അദ്ധ്വാനത്തിന് വിലയില്ലാതാകുമ്പോൾ അദ്ധ്വാനശേഷി മാത്രം കൈമുതലാവർക്ക് പിന്നെ എന്താണ് വില! അങ്ങിനെ, തൊഴിലെടുക്കുന്നവർ വെറും പ്രികാരിയറ്റുകളായി മാറുമ്പോൾ അവർക്ക് നഷ്ടമാകുന്നത് പഴയ തൊഴിലാളികൾക്കുള്ള സംഘടിതശക്തിയാണ്. അതിജീവനത്തിനുള്ള നെട്ടോട്ടത്തിന് മാത്രം സമയമുള്ള, വിഘടിതരായി നിലനിൽക്കുന്ന, പ്രികാരിയറ്റുകൾ തങ്ങൾക്ക് അനുഗുണമായ ഒരു സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിവുള്ള ഒരു ശക്തിയായി മാറാനുള്ള സാധ്യത എത്രമാത്രമുണ്ടാകും?
റോസൻബ്ലാറ്റിനെ പോലുള്ളവരുടെ വിചാരങ്ങളിൽനിന്ന് ശുഭാപ്തിവിശ്വാസം ചോർന്നുപോകുന്നതിനുള്ള പ്രധാനകാരണം ഈ സാധ്യതയുടെ അഭാവമായിരിക്കണം.


 

Comments

comments