‘The critic is the only independent source of information.The rest is advertising’- Paulin kael

ഒരു സിനിമ മാസ്സാവുന്നതിന് പ്രേക്ഷകർക്ക് വല്ല നഷ്ടമുണ്ടോ?

ഫാൻസ് അസോസിയേഷൻ വികാരഭരിതരാണ്!
‘ലൂസിഫറി’ന്റെ മഹത്വവല്ക്കരണങ്ങളുടെ പെരുക്കമാണ് എങ്ങും. മോഹൻലാൽ എന്ന താരത്തിന്റെ മൂല്യവർധനയ്ക്കുള്ള അവസരമായും, നവ മലയാള സിനിമ തകർക്കാനോ/തിരുത്താനോ ശ്രമിക്കുന്ന താര കേന്ദ്രീകൃത വാർപ്പുകളുടെ അപനിർമിതിക്ക് നല്കാവുന്ന തിരിച്ചടിയായി  ഈ വിജയത്തെ സ്ഥാപിച്ചെടുക്കാൻ  ഫാൻസും കല്പിച്ചു കൂട്ടിയിറങ്ങിയിരിക്കുന്നു.

നിറഞ്ഞ സദസ്സിൽ സകുടുംബമെത്തുന്ന പ്രേക്ഷകരുടെ മുന്നിൽ സാങ്കേതിക തികവോടെ കേവലതാരാരാധനയ്ക്കുള്ള വിഭവമൊരുക്കുക എന്നതിൽ കവിഞ്ഞ്  ‘ലൂസിഫർ ‘ എന്ന  സിനിമയെ നിങ്ങൾ കാണേണ്ട എന്നാണെങ്കിൽ  ചിലത് പറയാതെ വയ്യ.

തികച്ചും പ്രതിലോമകരമായ  ആശയങ്ങൾ കുത്തിനിറച്ച്, രാഷ്ട്രീയത്തേയും മീഡിയയേയും സമൂഹ വിരുദ്ധ സ്ഥാപനങ്ങളായി ചിത്രീകരിക്കാൻ അമിതാവേശം കാണിക്കുന്ന കാപട്യവും/ അരാഷ്ട്രീയതയുമാണ് ലൂസിഫറിന്റെ വിപണിസത്ത.

സിനിമയുടെ വർത്തമാനകാല ഇലക്ഷൻ കാലാവസ്ഥയും സിനിമയ്ക്ക് നല്ലവണ്ണം ഗുണകരമാകുന്നുണ്ട്.
ഇന്ത്യൻ രാഷ്ടീയത്തെ നിയന്ത്രിക്കുന്ന പണത്തിന്റെ 75 ശതമാനവും അനധികൃത ഉറവിടങ്ങളിൽ നിന്നുള്ളതാണ് എന്ന പ്രസ്താവനയോടെ തുടക്കം.അങ്ങനെ കള്ളപ്പണത്തിന്റെ പ്രത്യയശാസ്ത്രം നിയന്ത്രിക്കുന്ന രാഷ്ട്രീയത്തിലേക്ക് ഡ്രഗ് മാഫിയകൂടി കടന്നു വരുന്നതിന്റെ ഭീഷണമായ പരിണിത ഫലമാണ് ‘ലൂസിഫറി ‘ലെ പ്രമേയം.

കക്ഷി രാഷ്ട്രീയം, മൂലധന കേന്ദ്രീകൃത / വിപണി നിയന്ത്രിത മാധ്യമങ്ങൾ തുടങ്ങിയവയൊന്നും സംശുദ്ധിയുടെ നിറകുടങ്ങളല്ല ഇന്ന്. എന്നാൽ അവ അപ്പാടെ മോശവും തെറ്റും അഴിമതിയുടെ കൂത്തരങ്ങും നട്ടെല്ലില്ലാത്ത മനുഷ്യരുടെ കളി നിലവുമാണെന്ന് പറയുകയുo അവിടെ മാഫിയകൾ വാഴുകയും വീഴുകയും അത് ‘ചെറിയ തിന്മയും വലിയ തിന്മയും’ തമ്മിലുള്ള പോർ നിലമാണ് എന്ന് സിനിമയിലൂടെ പ്രഖ്യാപിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നത് അത്ര നിഷ്കളങ്കമായി കാണാൻ കഴിയില്ല.കോൺഗ്രസ് / ഇടതുപക്ഷം എന്നിവയെ കൃത്യമായി ടാർജറ്റ് ചെയ്ത് എഴുതിയുണ്ടാക്കിയ മുരളി ഗോപിയുടെ തിരക്കഥ, ഇന്ത്യയിന്ന് എത്തി നില്ക്കുന്ന ഫാസിസ്റ്റ് രാഷ്ടീയത്തിന് നേർക്ക് മനപൂർവ്വം കണ്ണടയ്ക്കുന്നു.

ഐ.യു.എഫ് എന്ന പാർട്ടിയുടെ സമുന്നത നേതാവ് പി.കെ.ആർ അന്തരിക്കുന്നതോടെ പാർട്ടിയിലും കുടുംബത്തിലും സംഭവിക്കുന്ന ചില അന്തർനാടകങ്ങളും നുഴഞ്ഞു കയറ്റങ്ങളും അവയ്ക്ക് ഒക്കെ പരിഹാരം കാണാൻ അവതാരമായി എത്തുന്ന സ്റ്റീഫൻ നെടുമ്പളളി എന്ന ‘സംരക്ഷകനായ പുരുഷ’ന്റെ വിളയാട്ടവുമാണ് ഈ സിനിമ.തുടക്കത്തിൽ എഴുതിയും ശബ്ദരേഖയിലൂേടെയും വിവരിച്ച ഡ്രഗ് മാഫിയയുടെ രാഷ്ട്രീയ ഇടപെടലുകളുടെ ദൃശ്യവല്ക്കരണമാണ് 3 മണിക്കൂർ  സിനിമ.സിനിമയിലൂടെ പ്രേക്ഷകനു കാണിച്ചു ബോധ്യപ്പെടുത്തേണ്ട സംഗതികൾ ചുളുവിൽ ‘നരേറ്റ്’ ചെയ്ത് വിടുന്ന സൂത്രപ്പണി ഈ സിനിമയിൽ ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. സ്റ്റീഫൻ കുട്ടികളോട് പറയുന്ന കഥകളുടെ രൂപത്തിലും, പ്രിയദർശിനിയുടെ ഡയറി എഴുത്തും ഇത്തരത്തിൽ പല സന്ദർഭങ്ങളിൽ പല വീക്ഷണകോണിൽ ആഖ്യാനത്തിന് പ്രയോഗിച്ച് സിനിമയുടെ ഘടനയ്ക്ക് പുതുമ നല്കാനുള്ള ശ്രമമുണ്ട്.
മാത്രല്ല അവസരങ്ങൾ കിട്ടുമ്പോഴൊക്കെ രാഷ്ട്രീയത്തെ കോമഡി ഷോയെന്നും, രാഷ്ടീയക്കാർ നാടു കട്ടുമുടിക്കുന്നവരെന്നും, പാവം സിനിമാക്കാരെയും സർക്കസ്സുകാരെയുമൊക്കെ ജയിലിടാൻ / വേട്ടയാടാൻ മാത്രമെ പോലീസിനും മീഡിയയ്ക്കും താല്പര്യമുള്ളൂ എന്നുമൊക്കെ പുച്ഛിക്കാനും പരിഹസിക്കാനും രചയിതാവ് മുരളി ഗോപി ആവേശം കാണിക്കുന്നത് പ്രകടമായി അനുഭവപ്പെടുന്നു.

ഇടതുപക്ഷ വിരോധവും മുസ്ലീം വിരുദ്ധതയും പൊതിഞ്ഞുവച്ച് അവതരിപ്പിക്കാൻ നടത്തുന്ന ശ്രമം  ആർക്കും ബോധ്യപ്പെടും.
മോഹൻലാൽ എന്ന നടന്റെ രാഷ്ടീയ പ്രവേശന സാധ്യതകൾ ചർച്ചയാവുന്ന കാലത്ത് ഇത്തരം കപടതകൾ എത്ര തന്നെ Intellectual Mask ധരിച്ച് അവതരിപ്പിച്ചാലും അതിനു പിന്നിലുള്ള ഉദ്ദേശ്യം പ്രേക്ഷകന് മനസ്സിലാവും.

ഗോവർദ്ധൻ എന്ന സത്യാന്വേഷിയുടെ ഫേസ് ബുക്ക് ലൈവിലുടെ സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് ,അവതരണ സങ്കേതമെന്ന നിലയിൽ പുതിയ കുപ്പിയെങ്കിലും പഴയ വീഞ്ഞാണ്!
പ്രധാനകഥാപാത്രങ്ങൾക്കൊന്നും സിനിമയിൽ അവരെന്താണെന്നോ, അവരുടെ സ്വഭാവ രീതികളെന്താണെന്നോ ‘ലൂസിഫറി’ൽ അഭിനയിച്ച് കാണിക്കേണ്ടി വന്നിട്ടില്ല! എല്ലാം പ്രേക്ഷകന് വേണ്ട രീതിയിൽ ശബ്ദരേഖയിൽ പറഞ്ഞു തന്നിരിക്കുന്നു. എഴുത്തുകാരൻ തരുന്ന മുൻവിധിയിൽ  കഥ പിന്തുടരേണ്ടി വരുന്നത് കാണിയിൽ വല്ലാത്ത നിസംഗതയുണ്ടാക്കുന്നുണ്ട്.  ദൃശ്യങ്ങളിലൂടെ വിനിമയം ചെയ്യേണ്ടുന്ന കാര്യങ്ങൾ ആ രീതിയിൽ ആവിഷ്കരിക്കാൻ ശ്രമിക്കാതെ, സംഘട്ടനങ്ങൾക്ക് അതിവിശദമായ സ്ക്രീൻ ടൈം അനുവദിക്കപ്പെട്ടിരിക്കുന്നു.സിനിമ മുന്നേറുമ്പോൾ ഗോവർധന്റെ വാക്കുകൾ ‘സ്റ്റീഫൻ നെടുമ്പള്ളി’യെന്ന അതിനായകന്റെ/ മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ആമുഖത്തിന് ഉളള ബിൽഡപ്പുകളായി മാറുകയാണ്.
മോഹൻലാൽ എന്ന Legendary Actor നെ പൃഥ്വിരാജ് എന്ന സംവിധായകൻ വെറും കൊമേഴ്‌സ്യൽ ഉല്പന്നമായി കാണുന്നതിന്റെ പരിമിതി  ഈ ചിത്രത്തിൽ വല്ലാതെയുണ്ട്.
പ്രത്യേക രീതിയിലുള്ള സംസാരവും കഥാപാത്രരൂപ നിർമിതിയുമുള്ള ഇന്ദ്രജിതിന്റെ ഗോവർധൻ മാത്രമാണ് ഈ സിനിമയിൽ ഒരു  ‘കഥാപാത്ര’മായി തോന്നിയത്. ബാക്കിയെല്ലാം കണ്ടു മടുത്ത പല ‘ടൈപ്പു ‘കളുടെ പൃഥ്വിരാജ് വേർഷൻ മാത്രം.

വളരെ subtle ആയി പെരുമാറുന്ന കഥാപാത്രമായി പെരുമാറുന്ന സ്റ്റീഫൻ ,ലാലിലെ അഭിനേതാവിനേക്കാളേരെ അദ്ദേഹത്തിന്റെ ചില മാനറിസങ്ങൾ, നടപ്പ്, നോട്ടം ,ശരീര വഴക്കം തുടങ്ങിയ ബാഹ്യ ചേഷ്ടകളിലാണ് ഊന്നൽ നല്കിയിരിക്കുന്നത്. ഇവയെല്ലാം ആരാധകരുടെ ആഹ്ലാദാരവങ്ങൾക്കായി മാത്രം ഉൾക്കൊള്ളിച്ച  ഷോട്ടുകൾ ആണ്.

രാഷ്ട്രീയക്കാരുടെ വളരെ തുറന്ന / പ്രകടമായ അംഗവിക്ഷേപ രീതികൾ പാടെ നിഷേധിക്കപ്പെട്ട കഥാപാത്രമായി സ്റ്റീഫൻ നെടുമ്പള്ളി. അത് ആ കഥാപാത്രത്തെ ദുരൂഹമാക്കുകയും അത് അയാളിലെ അപര വ്യക്തിത്വത്തിന്റെ വെളിപ്പെടുത്തലിന്റെ ഇംപാക്റ്റ് കുറക്കുകയും ചെയ്തു. ഒരു രാഷ്ട്രീയക്കാരന് ഒരിക്കലും ചേരാത്ത ശരീരഭാഷ ശരിക്കും ഓർമിപ്പിക്കുന്നത് അധോലോകരാജാവിന്റെ തന്നെയാണ്. സിനിമയുടെ പ്രവചനാത്മകതയെ,  താര സംവിധായകനെന്ന നിലയിലും സിനിമ ഇൻസ്ട്രിയിൽ തനിക്കു കിട്ടുന്ന വൻ മൂലധന/സാങ്കേതിക വിഭവങ്ങളുടെ ലഭ്യത കൊണ്ട് ‘ഇന്റർനാഷണൽ ‘ ആക്കി മാറ്റി മറികടക്കാനാണ് ഇവിടെ ശ്രമം.
ഫ്രാൻസ് / റഷ്യ/മുംബെ എന്നിങ്ങനെ മാറി മറയുന്ന ലൊക്കേഷൻ മാറ്റി നിർത്തിയാൽ പ്രമേയപരമായി പലതും പ്രേക്ഷകന് പെട്ടെന്ന് ഊഹിക്കാം.അതാണ് തിരക്കഥയുടെ പോരായ്മ.

ജനക്കൂട്ടം എവിടെ കയ്യടിക്കും എവിടെ വിസിലിടും എന്നൊക്കെ ധാരണയുള്ള കച്ചവട ബോധ്യത്തോടെയുള്ള രചന. അങ്ങിങ്ങ് ഗോഡ്ഫാ‍ാദ്ർ മുതൽ പൾപ്പ് ഫിക്ഷൻ വരെയുള്ളവയിൽ നിന്നടക്കമുള്ള  ചില quotable quotes ഉം വിധി പ്രസ്താവങ്ങളും, താരത്തിന്റെ Off screen Persona തീയ്യറ്ററിലെ കയ്യടിയാക്കി മാറ്റാനുള്ള ലളിത സവാക്യങ്ങളും ചേർന്ന മിശ്രിതമാണ് ഈ എഴുത്ത്.

സ്റ്റീഫൻ നെടുമ്പള്ളി എന്ത് രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നത് എന്ന് മൂന്നുമണിക്കൂർ സിനിമ കണ്ടിട്ടും മനസ്റ്റിലായില്ല. അടി / ഇടി /വെടിവെപ്പ് തുടങ്ങി ‘neo -noir’ സിനിമകളിലെ നായകനെപ്പോലെ ‘Complete heroism ‘ കാണിക്കാനുള്ള ശ്രമത്തിനിടയിൽ ‘complete Actor’ക്ക് അകാല ചരമമായി!
ഈ കഥാപാത്രത്തിന്റെ നടത്തങ്ങളിൽ, പെരുമാറ്റ രീതികളിൽ  punctuation   ആയി സ്ലോ മോഷൻ  ഉപയോഗിച്ചത് ആവർത്തനം കൊണ്ടു മടുപ്പിച്ചു.മുണ്ടിന്റെയും ട്രൗസറിനേറെയും പരസ്യചിത്ര സമാനമായ ഷോട്ട് കോമ്പോസിഷനും സിനിമയുടെ വിഷയവും അതിന് സ്വീകരിച്ച ദ്യശ്യഭാഷയും തമ്മിലുള്ള പൊരുത്തക്കേടുകൾ / വിടവുകൾ കാണിച്ചുതരുന്നു.
സച്ചിൻ ഖണ്ഡേക്കറുടെ പി.കെ ആറും വിവേക് ഒബ്റോയിയുടെ ബോബിയും ,അഭിനേതാക്കൾ എന്ന നിലയിൽ ,അവർ  വിശ്വസനീയമായി അവതരിപ്പിച്ചു എങ്കിലും  ‘ഇറക്കുമതി ‘ കഥാപാത്രങ്ങളായി തന്നെ നിലനില്ക്കുന്നു.ടിപ്പിക്കൽ  മലയാളം രാഷ്ട്രീയ സിനിമകളിലെ ക്ലീഷെകൾ ഒഴിവാക്കാനുള്ള ശ്രമമായി ഇതു വ്യാഖ്യാനിച്ചാലും  ബൈജു, കലാഭവൻ ഷാജോൺ, അനൂപ് ജീ മേനോൻ, സായികുമാർ തുടങ്ങിയവർ ആ ഗണത്തെ പഴയ വാർപ്പിൽ തന്നെ പ്രതിനിധീകരിക്കുന്നുണ്ട്.

സമകാലീന രാഷ്ടീയ വിഷയങ്ങൾക്കെതിരെയുള സൂചനകൾ ഒളിയമ്പുകൾ നിരവധിയുണ്ടെങ്കിലും അവതരണത്തിൽ വന്ന ശൈലീകരണവും കൃത്രിമത്വങ്ങളും വിഷയത്തെ അന്യവല്കരിക്കുന്നു. അതു കൊണ്ടു തന്നെ കാണി, ഇതിലെ രാഷ്ട്രീയ സൂചനകളെ കുറിച്ച് ബോധവാകാനാകാതിരിക്കുകയും താരത്തിന്റെ ‘മാസ് അപ്പീലിൽ ‘ മുഴുകി കൈയ്യടിക്കുകയും ചെയ്യുന്നു. തീർത്തും അരാഷ്ട്രീയമായ / നിർജീവമായ / താരവ്യക്തികേന്ദ്രീകൃതമായ ആസ്വാദനത്തിൽ പ്രേക്ഷകനെ ‘മയക്കി കിടത്താൻ ‘ മാത്രമുള്ള ‘ഫിലിം ഭാഷ’ മാത്രമാണ് പൃഥ്വിരാജ് സ്വീകരിച്ചത് എന്നത് നിരാശ സമ്മാനിക്കുന്നു.

മലയാളത്തിനനുസരിച്ച് ചുണ്ടനക്കുന്നതിൽ വിവേക് ഒബ്റോയി കാണിച്ച ശ്രദ്ധ നല്ലത്.
ശബ്ദം നല്കിയ വിനീത് ആ കഥാപാത്രത്തെ അടയാളപ്പെടുത്തുന്നതിൽ നിർണായകമായി.

സംഘട്ടനരംഗങ്ങളിൽ ലാൽ പ്രകടിപ്പിച്ച മെയ് വഴക്കം തീയറ്ററിൽ ഇരമ്പമുണ്ടാക്കുന്നുണ്ട്. മയിൽ വാഹനമെന്ന പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചത്തേക്ക് കാൽ കയറ്റി വെക്കുന്നത്, അഭിനേതാവ് എന്ന നിലയിൽ ശാരീരികമായി ലാൽ നിലനിർത്തുന്ന വഴക്കത്തിന്റെ, അതിനു പിന്നിലെ കഠിന പരിശ്രമങ്ങളുടെ, ഉത്തരവാദിത്തങ്ങളുടെ തെളിവാണ്.തികച്ചും അഭിനന്ദനാർഹം.
അതേ സമയം ഈ ബോഡി ഫിറ്റ്നനസ് പരസ്യ തന്ത്രമാക്കാനുള്ള കൗശലമാണ് ആ സീനിന്റെ ഉദ്ദേശ്യം എന്ന് വ്യക്തവുമാണ്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ,അതും തമിഴന്റെ നെഞ്ചത്തേക്ക് കാലെടുത്തു വെക്കുന്നത് ‘രക്ഷകന്റെ ‘ ആൺ കരുത്ത് പ്രദർശിപ്പിക്കാനുള്ള സന്ദർഭമായി മാറുന്നു.

അതേ പോലെ ലാലിന്റെ കൈ / കാൽ ചലനങ്ങൾക്കനുസരിച്ച് കൈമെയ് മറന്ന് ചാടുകയും വീഴുകയും ജനൽ / മേശ തുടങ്ങിയവ തകർക്കുകയും ചെയ്ത സംഘട്ടന കലാകാരന്മാർക്ക് ഊഷ്മളമായ അഭിവാദ്യങ്ങൾ ! അവരുടെ വിയർപ്പിൽ കൂടിയാണ് താരരാജാവിന്റെ പൊൻകിരീട വാഴ്ച.

ഇത്തരം കച്ചവടരസക്കൂട്ടിന് വേണ്ടി മാത്രം തല്ലിക്കൂട്ടിയെടുത്ത കഥയാണ് ഉടനീളം ലൂസിഫർ.
കഴിഞ്ഞ പത്തു പതിനഞ്ചു വർഷത്തെ സിനിമാ അഭിനയത്തിനിടയിൽ ഈ മാധ്യമത്തിൽ പൃഥ്വിരാജ് നേടിയെടുത്ത ക്രാഫ്റ്റ്/സാങ്കേതികജ്ഞാനം  ലൂസിഫറിൽ മികവോടെ കാണാം. ഒരു പക്ഷെ പൃഥ്വി ആർജിച്ചെടുത്ത സംവിധാനകലയുടെ പരിശീലനത്തിനായി എഴുതിയുണ്ടാക്കിയ / കോർത്തിണക്കിയ സംഭവപരമ്പരകളുടെ നിരയായി ഈ സിനിമയെ കണ്ടാലും തെറ്റുപറയാൻ കഴിയില്ല.

ആദ്യ സിനിമയിൽ തന്നെ താൻ ഒരു നല്ല വാണിജ്യ സിനിമാ സംവിധായകനാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു,  ഛായാഗ്രാഹണം, ആക്ഷൻ കൊറിയോഗ്രാഫി, എഡിറ്റിംഗ്, ശബ്ദസംവിധാനം ,സംഗീതം ,നൃത്തം, ക്രൗഡ് മാനേജ്മെന്റ് തുടങ്ങി എല്ലാ സാങ്കേതിക ഘടകങ്ങളും  വാണിജ്യ അഭിരുചികളെ തൃപ്തിപ്പെടുത്തും വിധം ഏകോപിപ്പിക്കുന്നതിൽ സംവിധായകൻ വിജയിക്കുന്നു എന്നതുകൊണ്ടാണ് വലിച്ചു നീട്ടി കഥ പറഞ്ഞിട്ടും മൂന്നു മണിക്കൂർ തീയ്യറ്ററിൽ കാണി ഇരിക്കുന്നത്.
ലൂസിഫറിനെ എൻഗേജിങ്ങാക്കുന്നത് അതിന്റെ Making ഒന്നു മാത്രമാണ്.

പക്ഷെ ഉള്ളടക്കത്തിൽ ഐ വി ശശി, ജോഷി, കെ.മധു, ഷാജി കൈലാസ് തുടങ്ങിയ സംവിധായകർ കാണിച്ചുവച്ച  നിരവധി സന്ദർഭങ്ങൾ ,കുറേക്കൂടി ‘സ്റ്റൈലിഷ് ‘ ആയി വിശാലമായ ക്യാൻവാസിൽ ( ബഡ്ജറ്റും അത്രയ്ക്കുണ്ട് !) കാണിച്ചു എന്നല്ലാതെ ഒരു പുതുമയും  ലൂസിഫർ എന്ന സിനിമയിൽ കണ്ടില്ല.മാത്രവുമല്ല അവർ കാണിച്ച ജീവിതം / രാഷ്ട്രീയം മലയാളിയുടെ സാമൂഹ്യ ജീവിതത്തെ അത്രമേൽ ഓർമിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
കച്ചവട സിനിമയുടെ ഫോർമാറ്റിൽ നിന്ന് കൊണ്ടു തന്നെ,ഐ.വി ശശി – ടി.ദാമോദരൻ, രൺജി പണിക്കർ -ഷാജി കൈലാസ് ചിത്രങ്ങൾ ചിലപ്പോഴൊക്കെ ജനകീയ വിചാരണകളായി തന്നെ മാറുകയും, രാഷ്ട്രീയത്തെ ‘തിരുത്തുക ‘ എന്ന ദൗത്യം നിറവേറ്റാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.ലൂസിഫർ മലയാളിയുടെ രാഷട്രീയ പരിസരത്ത് നിന്നു കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല അടരുകളെ വിശകലനം ചെയ്യാനുള്ള ശ്രമമാണ്. അതു കൊണ്ട് പല രംഗങ്ങളും അവിശ്വസനീയവും വെറും ‘സിനിമ ‘യായി കണ്ടു മറക്കാനുള്ളതുമാണ്.

മാത്രവുമല്ല രാഷ്ട്രീയമെന്നത് കൊള്ളരുതാത്തവരുടെ ഇടപാടാണ് എന്ന പുതിയ മധ്യവർഗത്തിന്റെ അരാഷ്ട്രീയ നിലപാടിനെ വല്ലാതെ പിന്തുണച്ചുകൊണ്ട് കടുത്ത പ്രതിലോമപരമായ സിനിമയാകുന്നു ലൂസിഫർ.

തിരക്കഥയുടെ ആദ്യ പകുതി അനാവശ്യ വിശദീകരണങ്ങൾ കൊണ്ട് മടുപ്പിക്കുന്നു.

‘ലൂസിഫർ’ എന്ന ബിബ്ളിക്കൽ മിത്തിന്റെ ആൾട്ടർ ഈഗോ ആയി സ്റ്റീഫൻ നെടുമ്പള്ളിയെ മാറ്റിയെടുക്കാൻ / ആരോപിച്ചെടുക്കാൻ മനപൂർവ്വം ശ്രമിക്കുന്നത് സിനിമയിൽ വല്ലാതെ മുഴച്ചു നില്ക്കുന്നു. അതിനു വേണ്ടി മാത്രം ഇരുണ്ട ഷേഡ്കലർത്തിയതുപോലുണ്ട്.പാട്രിയാർക്കൽ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന ‘പൗരുഷ’ത്തിന്റെ എല്ലാ  കൂട്ടുകളും ചേരുംപടി ചേർത്ത കഥാപാത്ര നിർമിതിയാണ് സ്റ്റീഫന്റത്.

ആൺ കാഴ്ചക്കാരുടെ ഇഷ്ടങ്ങളെ വല്ലാതെ താലോലിക്കുന്നതോടൊപ്പം ഈ സിനിമയിൽ തീർത്തും പാർശ്വവല്ക്കരിക്കപ്പെട്ട ചില വിഭാഗങ്ങൾ ഉണ്ട്.
മലയാള സിനിമയിലെ രണ്ട് പ്രഗത്ഭരായ അഭിനേതാക്കളുടെ മക്കൾ രചയിതാവും സംവിധായകനുമായി വരുമ്പോൾ, പ്രത്യേകിച്ചും സംവിധായകൻ പൃഥ്വിരാജ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ, നിലപാടുകൾ ,ഏറ്റു പറച്ചിലുകൾ പ്രതീക്ഷ നല്കിയിരുന്നു എങ്കിലും ‘ലൂസിഫറി’ൽ ആ നിലപാടുകളെയെല്ലാം പാടെ മറക്കുന്ന ഒത്തുതീർപ്പ് കാണാം.
നാല്‌ സ്ത്രീകഥാപാത്രങ്ങളേ ഈ സിനിമയിൽ ഉള്ളൂ.
അതീവ ദുർബലരും കുടുംബത്തിലും ജോലിയിലും അരക്ഷിതത്വവും നിസഹായവരുമായ മൂന്ന് സ്ത്രീകളും നഗ്നമേനി പ്രദർശന വസ്തുവായ ഐറ്റം ഡാൻസറും.

‘ലേഡി സൂപ്പർ സ്റ്റാർ’ എന്ന് തരം കിട്ടുമ്പോഴൊക്കെ വാഴ്ത്തപ്പെടുകയും സിനിമയുടെ ഭാഗമാകുമ്പോൾ നായകന്റെ നിഴൽ ആയി മാറുകയും ചെയ്യുന്ന ദുര്യോഗം ലുസിഫറിൽ മഞ്ജു വാര്യരുടെ പ്രിയദർശിനി രാംദാസിനെ ദുർബലയാക്കിയിരിക്കുന്നു.ആദ്യ ഭർത്താവ് മരണപ്പെട്ട പ്രിയദർശിനിയും മകൾ ജാഹ്നവിയും രണ്ടാം ഭർത്താവ്  ബിമൽ നായർ എന്ന ബോബിയുടെ കുടെയാണ്.
പി.കെ രാംദാസിന്റെ മകൾ എന്നല്ലാതെ രാഷ്ട്രീയമായ നിലപാടോ പ്രവർത്തനങ്ങളോ പ്രിയക്കില്ല. ലോക ഫ്രോഡായ ബോബിയുടെ വ്യക്തിത്വത്തെ കുറിച്ച് ഒരു ധാരണയും പ്രിയദർശിനിക്കില്ല!
പതിനേഴ് വയസായ സ്വന്തം മകളെ കുറിച്ച്, അവൾ നേരിടുന്ന ലൈംഗിക ചൂഷണത്തെ കുറിച്ച്, മയക്കുമരുന്നിടപാടിനെ കുറിച്ച് ഒരു ചുക്കും ഈ അമ്മയ്ക്കറിയില്ല! മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിമാരിലൊരാൾക്ക് സിനിമയിൽ നല്കിയ വേഷമാണ്! നിർണായക ഘട്ടത്തിൽ ,(മകളുടെ ചരിത്ര്യഭംഗ ഭയമെന്ന് വായിച്ചാൽ പോലും തെറ്റില്ല ) തന്റെ കുടുംബത്തെ രക്ഷിക്കാൻ സ്റ്റീഫനോട് യാചിക്കുക എന്ന രീതിയിൽ രാഷ്ട്രീയ പ്രവേശനം നിഷിദ്ധമായ / അത്തരം ഘട്ടങ്ങളിൽ അറച്ചു നില്ക്കുന്ന ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങളിലൊന്നായി അധ:പതിക്കുന്നു മഞ്ജുവിന്റ പ്രിയദർശിനി രാംദാസ്. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ  ശക്തനായ ‘പുരുഷന്റെ ‘ സഹായം തേടുകയാണ് ഈ ‘ശക്തയായ ‘ കഥാപാത്രത്തിന്റെ പരിണതി.
താൻ തന്റെ അമ്മയുടെ തനിപ്പകർപ്പാണ് എന്നൊക്കെ ആത്മ വിശകലനം നടത്തുന്ന കഥാപാത്രമാണത്. പി.കെ ആറിനെ ഒരിക്കലും മനസിലാക്കാൻ ശ്രമിക്കാതെ പരിഭവവും സങ്കടവും കുടുംബ കലഹവുമായി ഒടുങ്ങിപ്പോയ ‘അമ്മ’യുടെ സ്വരൂപത്തിലേക്ക് പരിണമിക്കുന്നത് തടയാനോ തിരുത്താനോ, എല്ലാ തിരിച്ചറിവുകളുണ്ടായിട്ടും പ്രിയദർശിനിക്ക് കഴിയുന്നില്ല എന്നത് വിചിത്രമായി തോന്നുന്നു. അച്ഛന്റെ പാർട്ടിയെ നയിക്കാൻ വിദേശത്തുള്ള സഹോദരനെ വിളിച്ചു വരുത്തി, തന്റെ സ്ത്രൈണവ്യക്തിത്വം പൂർണമാക്കുന്നു ഈ കഥാപാത്രം.

ബോബിയുടെ സ്വഭാവ വൈകല്യത്തിന് കടുപ്പം നല്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രമാണ് ജാഹ്നവി. ജാഹ്നവിയെ രക്ഷിക്കാൻ സ്റ്റീഫന്റെ സഹായമഭ്യർത്ഥിക്കുന്നതോടെ നായകന്റെ രക്ഷാകർതൃത്വ ദൗത്യത്തിന് ഉശിരേറുന്നു.

IUF ന്റെ നിയന്ത്രണത്തിലുള്ള വാർത്താ ചാനലിന്റെ (എൻ.പി.ടി.വി) ലീഡർ അരുന്ധതി (നൈല ഉഷ ) യാണ് മറ്റൊരു സ്ത്രീ കഥാപാത്രം.തന്റെ ജോലി ആത്മാർത്ഥതയോടെ ചെയ്യണമെന്നാഗ്രഹിക്കുന്ന ജേർണലിസ്റ്റാണ്. പക്ഷേ ഫണ്ടിങ്ങിന്റ പ്രശ്നങ്ങൾ/സമർദ്ദങ്ങൾ അവൾക്കുണ്ടാക്കുന്ന  അസ്വസ്ഥതകൾ ആ കഥാപാത്രത്തെ നിസഹായയാക്കിയിരിക്കുന്നു.ഫണ്ടർ ബോബിയുടെ താലപര്യങ്ങൾക്കനുസരിച്ച് എഡിറ്റോറിയൽ അജണ്ടകൾ തീരുമാനിക്കപ്പെടുമ്പോൾ എതിർത്ത് തോല്പിക്കാൻ അവൾ അശക്തയാണ്.

Media ..democracies favourite bitch എന്ന് ഗോവർധനെ കൊണ്ട് സിനിമയുടെ പറയിപ്പിക്കുന്നത് ന്യായീകരിക്കാനെന്നോണം സൃഷ്ടിച്ചു വച്ച മാധ്യമ സ്ഥാപനവും തൊഴിലാളികളും തികഞ്ഞ മാധ്യമവിദ്വേഷത്തിന്റെ ഉത്തമ ഉദാഹരണമാണ്.
സ്റ്റീഫൻ നെടുമ്പള്ളിയുടെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയുടെ ഇന്റർവ്യൂ ,പിന്നീട് അതിനെ തിരുത്തുന്നത് ഒക്കെ, കേരളത്തിന്റെ രാഷ്ട്രീയ പരിസരത്ത് നടന്ന സംഭവങ്ങളുടെ സ്വാധീനത്തിലാണെങ്കിലും മാധ്യമങ്ങളെ അവരുടെ dignity യെ  /integrity യെ പാടെ തള്ളിക്കളയാൻ   തികഞ്ഞ അരാഷ്ട്രീയവാദികളും ഫാസിസ്റ്റുകളും ഉയർത്തുന്ന ആരോപണങ്ങളെ അതുപോലെ പിന്തുടരാനും ആവർത്തിച്ചുറപ്പിക്കാനും ‘ലൂസിഫർ’ ശ്രമിക്കുന്നു. നട്ടെല്ലുള്ള ജേർണലിസ്റ്റുകൾ  നാട്ടിലപ്പാടെ ചത്തൊടുങ്ങിയിട്ടില്ല. നവ മാധ്യമങ്ങളിൽ തങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ സാമുഹ്യ / രാഷട്രീയ നിലപാടുകൾക്ക് വിരുദ്ധമായി വ്യക്തി നിലപാടുകൾ തുറന്നുപറയാനുള്ള  തന്റേടം ഇന്നത്തെ മാധ്യമ പ്രവർത്തകർക്കുണ്ട്. അവരത് ധൈര്യപൂർവ്വം ചെയ്യുന്നുമുണ്ട്. ആ സാഹചര്യങ്ങൾക്കുനേരെ കണ്ണടച്ച എഴുത്തുകാരനും സംവിധായകനും ,പട്ടിണി കിടന്നും രാപകൽ കൂടും കുടുംബവുമില്ലാതെ കഷ്ടപ്പെട്ട് 24×7 ന്യൂസ് ചാനലുകളുടെ അസ്തിത്വം സ്ഥാപിച്ചെടുത്ത മലയാളി ടി.വി ജേർണലിസ്റ്റുകളെ കുറിച്ച് ഒന്നുമറിയില്ല എന്ന് നടിക്കുന്നത് പരിതാപകരമാണ്. Ac ഫ്ലോറുകളിൽ ,കോട്ടും സൂട്ടുമിട്ട് എന്ത് വിഡിത്തവും ഒരു എത്തിക്സും ഇല്ലാത്തവരായി മാധ്യമ പ്രവർത്തകരെ സ്ഥാപിച്ചെടുക്കുന്നതിൽ ഫാസിസ്റ്റുകൾ / ആചാരസംരക്ഷണ കൂട്ടങ്ങൾ / സിനിമ – സെലിബ്രിറ്റികൾ നടത്തുന്ന പ്രചാരവേലകളുടെ പതിപ്പുമാത്രമാണ് ഇതിലെ മാധ്യമ സ്ഥാപനം. പിഴവുകൾ ഇല്ലാത്തവരല്ല മാധ്യമ പ്രവർത്തകർ. TRP റേറ്റിംഗ് നിർണായകവുമാണ്. എന്നാലും പ്രതീക്ഷകൾ അങ്ങിങ്ങുണ്ട്.അതുണ്ടാവുകയും ചെയ്യും. ദുരൂഹമായ മൂലധന/ താര വിവേചന / സ്ത്രീ വിരുദ്ധതകൾ നിലനില്ക്കുന സിനിമ രംഗത്തു നിന്നു കൊണ്ട് പാചകം ചെയ്തെടുക്കുന്ന തനികച്ചവട സിനിമയിൽ ഇത്തരം ഇകഴ്ത്തലുകളും പരിഹാസങ്ങളും ചൊരിയുന്നതിൽ നല്ല അപാകതയുണ്ട്!

തട്ടുപൊളിപ്പൻ മസാല സിനിമകളിലേതു പോലെ അർധ നഗ്നയായ ‘ഐറ്റം ഡാൻസറു’ടെ ശരീരത്തെ ,കാണിയെ ത്രസിപ്പിക്കുന്ന മട്ടിൽ എടുത്തുകാട്ടി സംവിധായകൻ പൃഥ്വിരാജ് ശരിക്കും ഞെട്ടിച്ചു കളഞ്ഞു.നായകന്റെ സംഘട്ടനത്തിന് കൊഴുപ്പേകാൻ പശ്ചാത്തലമാകുന്ന ഡാൻസ് ബാറിൽ സ്വാഭാവികമായി അരങ്ങേറുന്ന നൃത്തമെന്ന നില കവിഞ്ഞ് അതിനെ സംവിധായകൻ നോക്കി കാണുന്ന ‘കണ്ണ് ‘തീർത്തും സ്ത്രീവിരുദ്ധവും അശ്ലീലവുമാണ്.
ലൂസിഫറിലെ മറ്റ് 3 സ്ത്രീ കഥാപാത്രങ്ങളോടുമുള്ള സംവിധായക സമീപനം ഇതിനോട് ചേർത്ത് വായിക്കുമ്പോൾ എഴുത്തുകാരനും സംവിധായകനും മനസ്സിൽ സൂക്ഷിക്കുന്ന ‘ആണത്തം ‘ അതിന്റെ ആഴത്തിൽ മനസ്സിലാകൂ.
വ്യക്തി ജീവിതത്തിൽ അവർ പറയുന്ന അവരുടെ വാക്കുകൾ വെറും intellectual jargon മാത്രമാക്കി മാറ്റുന്ന പ്രവൃത്തിയാണിത് എന്നു പറയാതെ വയ്യ.

രാഷ്ടീയത്തിലേക്ക് പണമിറക്കുന്ന മിഡിൽമാൻ അബ്ദുൾ, ഇവരുടെയെല്ലാം തലതൊട്ടപ്പൻ ഇന്റർപോൾ തിരയുന്ന ഖുറേഷി അബ്രാഹം  എന്ന മാഫിയ തലവൻ, അടി -ഇടി- വെടി – ബോംബ് തുടങ്ങിയ ഐറ്റംസുമായി ഖുറേഷിയുടെ ഗുണ്ട  സിയാദ് മസും എന്നിങ്ങനെ ‘മുസ്ലിങ്ങളെ ‘ കള്ളക്കടത്തുകാരും ഹവാല ഇടപാടുകാരും ഗുണ്ടകളുമാക്കി അവതരിപ്പിക്കുന്നതിൽ കൃത്യമായി ഒരു ഫാസിസ്റ്റ് സംഘ പരിവാർ അജണ്ടയുണ്ട്.
90 കളുടെ അന്ത്യത്തോടെ കൃത്യമായ മൃദുഹിന്ദുത്വ അജണ്ടകളോടെ സിനിമകൾ കാട്ടിത്തന്ന ഈ വികലവ്യക്തിത്വ സ്ഥാപനത്തെ ഭേദിച്ചു കൊണ്ടാണ് പുതിയ മലയാള സിനിമ മുന്നോട്ട് പോകുന്നത്.ആ സമയത്താണ് ഈ പിന്തിരിപ്പൻ ആശയത്തിന്റെ അത്യന്താധുനിക വേർഷൻ അവതരണം.
ഇത് ആഗോള തരത്തിലുള്ള വമ്പൻ കളിയാണ് എന്നൊക്കെ പറഞ്ഞു എഴുത്തിന് വേണ്ടി നടത്തിയ ഗവേഷണങ്ങൾ, തെളിവുകൾ തുടങ്ങിയവ നിരത്തി സ്ഥാപിച്ചെടുക്കാൻ എഴുത്തുകാരന് പറ്റുമായിരിക്കും.
അങ്ങിങ്ങ് ചില യാഥാർത്ഥ്യങ്ങളും കുറേ ഫിക്ഷനും ക്രൈമും കൂട്ടിക്കലർത്തി Entertainment ന് വേണ്ടി നിർമിക്കുന്ന സിനിമയിൽ ഇത്തരം മതപരമായ സൂചനകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് സൂക്ഷിക്കണം.

സ്റ്റീഫന്റെ അച്ഛന് ഒരു നക്സലൈറ്റ് ബന്ധമുണ്ടെന്ന് അയാൾ പറയുന്നുണ്ട്. അയാളുടെ പിതൃത്വം സംശയത്തിന്റെ നിഴലിൽ നിർത്തിയിരിക്കുന്നു. അത് പി.കെ രാംദാസ് ആണോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.പക്ഷെ തുടക്കം മുതൽ സ്റ്റീഫനെ അനുഗമിക്കുന്ന ഒരു മനുഷ്യനുണ്ട്. രൂക്ഷമായ കണ്ണുകളും താടിയുമുള്ള അയാൾ സ്റ്റീഫന്റെ സംരക്ഷകൻ/ആരാധകനെന്നതു പോലെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സംഘട്ടന രംഗങ്ങളിൽ സ്റ്റീഫന്റ അതിമാനുഷ പ്രകടനങ്ങൾ കണ്ട് കോൾമയിർ കൊള്ളുന്ന ഈ മനുഷ്യന്റെ ഭാവപ്രകടനം കാണിയിലേക്ക് പകരുന്ന ഊർജം ചെറുതല്ല. എന്തിനും പോന്ന  സംഘമായി , മയിൽ വാഹനം സ്റ്റീഫനെ അറസ്റ്റു ചെയ്തു കൊണ്ടു പോകുമ്പോഴും പിന്നീട് അയാളെ വകവരുത്താനും ഇവരുണ്ട്.പ്രകട പരമല്ലെങ്കിൽ കൂടി ഗിരിവർഗങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന മാവോയിസ്റ്റുകളുടെ ഛായ കറുത്ത, മെലിഞ്ഞ,തമിഴ് സംസാരിക്കുന്ന ഈ മനുഷ്യർക്കുണ്ട്.
പക്ഷേ സ്റ്റീഫൻ നെടുമ്പിള്ളിയുടെ ഹീറോയിസത്തെ ഇരട്ടി വലിപ്പത്തിൽ പ്രതിഫലിപ്പിക്കാനുള്ള ഭൂതകണ്ണാടികളാണ് തദ്ദേശിയരായ ഈ കഥാപാത്രങ്ങൾ/ മനുഷ്യർ. അല്ലാതെ അവരുടെ രാഷ്ടീയത്തെ അടയാളപ്പെടുത്താനൊന്നും ‘കളസം കാണിച്ച് കളരി’ കാണിക്കുന്നതിനിടയിൽ സമയമില്ല!

സ്റ്റീഫന്റെ തൂവെള്ള വസ്ത്രങ്ങളും മുഖഭാവങ്ങളുടെ അതി സമീപ ദൃശ്യങ്ങളുടെ ആധിക്യവും ഈ മനുഷ്യരുടെ ഇരുണ്ട നിറവും നിറമില്ലാ/ മുഖമില്ലാ നില്പുകളും ചേർത്തുവായിക്കുമ്പോൾ വരേണ്യതയുടെ പ്രത്യയശാസ്ത്രം കാഴ്ചയിൽ കലരുന്നു.
ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാതെയോ പഠിക്കാതെയോ അല്ല ഈ സിനിമ തയ്യാറാക്കിയിട്ടുള്ളത്. ഇത് തീയറ്ററിലെ ആൾക്കൂട്ടത്തെ / ആൺകൂട്ടത്തെ / ആരാധകക്കൂട്ടത്തെ കയ്യിലെടുക്കാനുള്ള തന്ത്രമായി കണ്ട് ബോധപൂർവ്വം ചെയ്യുന്നതാണ്.

ഇടതു പക്ഷത്തെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് മേടയിൽ രാജൻ എന്ന തനി അവസരവാദിയിലൂടെയാണ്.IUF ന്റെ ഉൾപാർട്ടി പ്രശ്നത്തിൽ ഇടപെടാൻ മഹേഷ് വർമ സഹായമഭ്യർത്ഥിക്കുമ്പോൾ, റിമാന്റിലുള്ള സ്റ്റീഫനെ ജയിലിൽ വച്ച് തീർക്കാൻ ഏർപ്പാടു ചെയ്യുന്ന കമ്യൂണിസ്റ്റ് നേതാവ് . എത്ര നിഷ്കളങ്കമായ ചിന്തകൾ! സമ്മതിക്കണം!
വർഗീയതയും ജാതീയതയും മാത്രം കലർത്തി, സമൂഹത്തിന്റെ ഛിദ്രത ആഗ്രഹിക്കുന്ന ഫാസിസ്റ്റ് / സംഘപരിവാർ രാഷ്ട്രീയത്തെ കാണാത്ത കണ്ണുകൊണ്ട് ‘ഇടതു- വലതു ‘പക്ഷക്കാർക്കിടയിലെ ‘അന്തർധാര’യെ കുറിച്ച് ഉപന്യസിക്കുന്നു.
മാടമ്പള്ളി കൃഷ്ണനെന്ന പഴയ വിപ്ളവകാരിയെ ഇടയ്ക്ക് ഒന്ന് പുകഴ്ത്തിയും ‘വരിക വരിക സഹജരേ’ എന്ന പടപ്പാട്ട് പാടിപ്പിച്ചും ലഘൂകരിക്കാൻ ശ്രമമുണ്ട്!
ഉപ്പുസത്യഗ്രഹ കാലത്ത് അംശി നാരായണപ്പിള്ളയെഴുതി കേരളം മുഴുവൻ ഏറ്റു പാടിയ ഈ ഗാനം മുരളി ഗോപിയുടെ ഗായകാഭിനിവേശം തീർക്കാനുള്ളത് മാത്രമായി പോയി. അതിന് വേണ്ടി കൃത്രിമത്വം നിറഞ്ഞ രംഗവും എഴുതിച്ചേർത്തു. പാട്ടിന്റെ ദൃശ്യങ്ങളും അതിന്റെ അന്തസാരവും ഒത്തുപോകാതെ എറ്റവും അപക്വമായ സ്വീക്വൻസായി, ഈ ഗാനരംഗം.

ഛായാഗ്രാഹകൻ സുജിത് വാസുദേവ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നതിൽ കാണിച്ചിരിക്കുന്ന സാങ്കേതികത്തികവ്, കോംപോസിഷണൽ ബ്യൂട്ടി ,ടോൺ എല്ലാം ആ അർത്ഥത്തിൽ മാറ്റി നിർത്തി കണ്ടാൽ മികച്ചത്.മോഹൻലാലിന്റെ കണ്ണുകളുടെ ആശയ വിനിമയശേഷിയെ ഇത്രത്തോളം മികച്ച രീതിയിൽ ചൂഷണം ചെയ്ത സിനിമ അടുത്തുണ്ടായിട്ടില്ല.
ക്യാമറ ചലനങ്ങളിൽ കാണിച്ച മിതത്വം, ക്ലോസപുകളിൽ  വൈകാരിക / വാചിക ഇoപാക്ടുകൾ ഉണ്ടാക്കാൻ സ്വീകരിച്ച കാഴ്ചക്കോണുകൾ, ജനസഞ്ചയത്തിന്റെ വലിപ്പം  കാണിച്ചു തരുന്ന ഷോട്ടുകൾ എല്ലാം സിനിമയെ എൻഗേജിങ്ങാക്കുന്നതിൽ നിർണായകമാണ്.

ടൊവിനോയുടെ മേക്ക് ഓവറും രഷ്ട്രീയ രംഗ പ്രവേശവും മലയാള സിനിമയിൽ സ്ഥിരം കാണുന്ന പൊതുപരിപാടി നിർമിതിയിൽ നിന്ന് വേറിട്ടതാണ്.

സംഘട്ടന രംഗങ്ങളും അതിന്റെ ആഘാതശേഷിയിൽ അവതരിപ്പിക്കുന്നുണ്ട് ഛായാഗ്രഹകൻ. കണ്ണിന് ഭാരം ഇല്ലാതെ കണ്ടിരിക്കാം.
കൂൾ ടോൺ വെളുപ്പിന് നല്കുന്ന മിഴിവ് ,വെള്ളിവെളിച്ചം കാഴ്ചയിൽ വ്യത്യസ്തത അനുഭവപ്പെടുത്തുന്നു.
അതേസമയം മയിൽ വാഹനത്തിന്റെ അവസാന നിമിഷത്തിൽ അയാളുടെ Povയിൽ out of focus ൽ നില്ക്കുന്ന സ്റ്റീഫന് നല്കിയിരിക്കുന്ന വെള്ളി പ്രഭ ഒരു നിമിഷത്തേക്ക് രാത്രിയെ പകലായി തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
സിനിമയുടെ ടെംപോ/ ഒഴുക്ക് നിലനിർത്തുന്നതിൽ എഡിറ്റർ സംജാദ് മൊഹമ്മദിന്റെ കരവിരുതുണ്ട്. ആക്ഷൻ രംഗങ്ങൾ പ്രത്യേകിച്ചും.

അതിഭാവുകത്വവും ഹീറോയിസവും നിറഞ്ഞ സിനിമയെ പൊലിപ്പിച്ചു കാട്ടാനുള്ള സംഗീതമാണ് ദീപക് ദേവിന്റെത്.ശബ്ദമിശ്രണത്തിന്റെ സഹായവും കൂടിയാവുമ്പോൾ ഫാൻസുകാർക്ക് ആഹ്ളാദിക്കാനുള്ള വകയുണ്ട്.
വളരെ കുറച്ച് ,ചെറു സംഭാഷണങ്ങൾ മാത്രമേ സ്റ്റീഫൻ നെടുമ്പള്ളിക്കുള്ളൂ.അതിന്റെ ഗൗരവം ചോരാതെ, ശക്തമായി / വ്യക്തമായി പ്രേക്ഷകരികരിലെത്താൻ എഡിറ്റിംഗിനും  ശബ്ദമിശ്രണത്തിനുമൊപ്പം ദീപകിന്റെ ശ്രദ്ധയും കൂടി എടുത്തു പറയണം. ശബ്ദകോലാഹലമല്ലാതെ ഷോട്ടുകളെ, ക്യാമറാ ചലനങ്ങളെ ഹൈലൈറ്റ് ചെയ്തവതരിപ്പിക്കുന്നതിൽ ദീപക് വിജയിക്കുന്നുണ്ട്. എഴുത്തിലെ പ്രവചനനീയതയെ ബോറടിയാക്കാതെ മൂന്നു മണിക്കുർ പിടിച്ചിരുത്തുന്നതിൽ പശ്ചാത്തല സംഗീതത്തിന് വലിയ റോൾ ഉണ്ട്. അതേ സമയം ‘ വരിക വരിക സഹചരേ’ ഉൾപടെയുള്ള ഗാനങ്ങൾ നേരം കൊല്ലിയായി ചെയ്തതുപോലുണ്ട്.
അവയൊന്നും ഇല്ലെങ്കിലും സിനിമയ്ക്ക് കുഴപ്പമൊന്നുമില്ല.

ആദ്യ സിനിമ സംവിധാനത്തിൽ നിന്ന് കമേഴ്സ്യൽ സിനിമയിൽ വിജയിക്കാനാവശ്യമായ ക്രാഫ്റ്റ്മാൻഷിപ്പ് തനിക്ക് ഉണ്ടെന്ന് പൃഥ്വിരാജ് തെളിയിക്കുന്നു. അതേ സമയം കണ്ടു ശീലിച്ച കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി പൃഥ്വിരാജ് എന്ന സംവിധായകന്റെ കയ്യൊപ്പുള്ള തീർത്തും മൗലികമായ ഒറ്റനിമിഷം പോലും ഈ സിനിമയിലില്ല.
താൻ ആർജിച്ച  സാങ്കേതിക ജ്ഞാനം കുറേക്കൂടി ഗൗരവവും പ്രധാനവുമായ ആശയാവിഷ്കാരത്തിന് ഉപയോഗിക്കാനും മുന്നേറാനും കഴിയട്ടെ.
ഉപരിപ്ലവമായ സിനിമകളുടെ ലോകത്തു നിന്ന് മാറി നില്ക്കാനുള്ള ഇച്ഛാശക്തിയുണ്ടാവട്ടെ!

സിനിമ ,അത് മാസ്സായാലും അല്ലെങ്കിലും
പ്രേക്ഷകർ കാണുന്നതിന്റെ ,കണ്ടിട്ട്  ചിന്തിക്കുന്നതിന്റെ നീതിയെ ചോദ്യം ചെയരുത്. കാരണം നമ്മൾ കേരളത്തിലാണ്. ലൂസിഫർ പറയുന്ന ചെകുത്താന്മാരുടെ കേരളത്തിലല്ല ,  പെണ്ണുങ്ങളും ദളിതരും ഒക്കെ ഉണർന്നിരിക്കുന്ന കേരളത്തിൽ.

Comments

comments