വർ മരിച്ചുവീണ തെരുവിലൂടെ ഞാൻ നടന്നിട്ടുണ്ട്
അല്ലയല്ല
ഞാൻ നടന്നു കൊണ്ടിരിക്കുന്നു.
വണ്ടിച്ചക്രങ്ങളുരഞ്ഞു മിനുത്ത കരിങ്കൽപ്പാതയിൽ നിലാവ് വീഴുന്നു.
നക്ഷത്രങ്ങളതിൽ ബിംബിക്കുന്നു.
താരബിംബിത പാത കുറുകേ കടക്കുന്ന ഞാൻ
പ്രപഞ്ചത്തിനു കുറുകേ പാറുന്നുവെന്ന് കവി പാടിയതു പോലെ
പാടണമെന്നെനിക്കുണ്ട്.
കഴിയുന്നില്ല
സുതാര്യ കരിങ്കൽപ്പാതയ്ക്ക് കീഴേയവർ
മരിച്ചുപോയവർ
കൈകൾ വിടർത്തി നിലവിളിയ്ക്കുന്നു.
സർപ്പങ്ങളിഴയുന്നതു പോലവരിൽ പിണഞ്ഞു ഞാനും നിലവിളിയ്ക്കുന്നു.
കരിങ്കൽക്കണ്ണാടിപ്പാളി തുളച്ചമ്മയുടെ ചൂണ്ടുവിരൽ
അപരലോകത്തിലുള്ള എന്നിലേക്ക് നീളുന്നു പോലുമുണ്ട്.

ആഗ്രയിൽ നിന്നും കാൺപൂരിൽ നിന്നും വന്ന
കരയുന്ന തുകൽച്ചെരുപ്പുമിട്ട് ഞാൻ
തെരുവിലൂടെ നടക്കുന്നു.
തെരുവിനെ,
യമുനയെന്നും
ഗംഗയെന്നും
ബ്രഹ്മപുത്രയെന്നും കരുതുന്നു.
എൻ്റെ കരച്ചിലൂറയ്ക്കിട്ട
എൻ്റെ തുകലിട്ട ചെരുപ്പിനു കീഴെ
തെരുവുകൾ പൊള്ളുന്നു പൊള്ളുന്നു.

ഗ്വാളിയോറിലെത്തി നിൽക്കുന്നു.
മിയാ താൻസെൻ
ദീപക്
മേഘ മൽഹാർ
ഒന്നുമില്ല.
സിന്ധ്യയുടെ കുതിരലായത്തിലെ അടിമ
മഹുവ കുടിച്ചുന്മത്തനായി
ഉൾക്കാടുകളിൽ ഞാവലുകളെ സ്വപ്നം കാണുന്നു
വയലറ്റ് സ്വപ്നത്തിൽ ഗോണ്ടുകൾ ഭീലുകൾ ധുർവകൾ
ഉരിഞ്ഞ തുകലുമായി ആൽമരം ചുറ്റുന്നു.
ഒറ്റച്ചാട്ടയടിയിൽ,
ഭിണ്ടിലേക്കുള്ള തീവണ്ടിയുടെ മുന്നിൽ നിൽക്കുന്നു.
തീവണ്ടി മുകളിലവർ
തലകൾ മൂടി കുനിഞ്ഞിരിക്കുന്നു.
തീവണ്ടി, മേൽപ്പാലമെത്തുമ്പോഴവരുയരുന്നു
അറ്റുപോയ തലകൾ
സിന്ധ്യയുടെ കൊട്ടാരത്തിലെ
കടുവത്തലകൾ പോലെ വായ പിളർക്കുന്നു.
അനന്തമായ വിരുന്നിലേക്ക് പിളർന്ന വായകളിൽ നിറയൊഴിച്ച്
സിന്ധ്യകൾ, ഝാൻസിറാണിക്ക് മുന്നിൽ
കോട്ടവാതിൽ കൊട്ടിയടയ്ക്കുന്നു.
റാണി കുതിരയുമായി വീഴുമ്പോൾ
കാട്ടിലൊരിടത്ത്,
മുതുകിൽ മുറുക്കിക്കെട്ടിയ കുഞ്ഞുമായൊരമ്മ
കള്ളിമുള്ളിൽ തുടകൾ വിടർത്തി മലർന്നു കിടക്കുന്നു.
എന്നിലൂടെ ചരിത്രത്തിന്റെ തീവണ്ടി പാഞ്ഞുപോകുന്നു.
ചിതറുന്ന ഹൃദയങ്ങൾ പോലെ
ഏപ്രിലിൽ കേസരി മാവുകൾ പൂക്കുന്നു.
ഉജ്ജയിനിയിലെ മഹാകാല ക്ഷേത്രത്തിനു മുന്നിലിരുന്നമ്മ
അറ്റുപോയ തലകൾ തുന്നുന്നു.

ഞങ്ങളുടെ കവിതയിലിത്രയും
ചാവുകൾ നിറയുന്നതെങ്ങിനെ.
നർമ്മദ അമർ കണ്ടകിലേക്ക്
തിരിച്ചൊഴുകുന്നതെങ്ങിനെ . .
അന്തമറ്റയുറവകൾക്കുമുറവയായമ്മ
ഇറ്റു വെള്ളമിറക്കാതെ ചത്തു പോകുന്നതെങ്ങിനെ .
പിരമിഡിനടിയിൽ ചതഞ്ഞ വിരലുകൾ
നോവിലും നോവായി പാട്ടുമായിപ്പോഴും
പൂവുകൾ പോലെ വിടരുന്നതെങ്ങിനെ.


 

Comments

comments