നെറയെ
സ്വർണ്ണക്കുമിള പതിച്ച
മുന്നും പിന്നും
ഒരുപോലെ ചുരുണ്ട
കുഞ്ഞൊരോടിവള്ളം

മുറ്റമണലിൽനിന്നും പാറിയെത്തുന്ന കിളികളും
കരിക്കട്ടയിൽ ഒളിഞ്ഞിരിക്കുന്ന
തിരുജടയിൽ
ഒഴുകിയാർക്കുന്ന ഗംഗയും
പള്ളിക്കൂടത്തിന് മുന്നിൽ തൊട്ടുനമസ്കരിച്ച നിക്കറും ഉടുപ്പും
കവളൻമടലിന്റെയും കവുങ്ങുംപാളയുടെയും ലിമിറ്റഡ്  സ്റ്റോപ്പ്‌ വണ്ടികളും
ഈർക്കിലിതെറ്റാലിയും പിണ്ടിച്ചെങ്ങാടവും
മടലുബാറ്റുമായി ഓടിക്കിതച്ചെത്തിയ കുഞ്ഞുഗാവസ്കറും കപിൽദേവും
വള്ളത്തിലിടം പിടിച്ചുകഴിഞ്ഞു
വാശിയോടെ ആഞ്ഞുതുഴയാൻ

കണ്ണെഴുതി
പുരികം തെല്ലുകറുപ്പിച്ച
കുഞ്ഞോടിവള്ളത്തിന്റെ
അമരം പിടിച്ച്
കൊത്തിയെറിയാൻ നിൽക്കുന്നത്
മുൻവശത്തൊരൊടിഞ്ഞ പല്ലിന്റെ
എവിടെയും
ജയിച്ചുമുന്നേറാനുള്ള
വാൽസല്യം നിറഞ്ഞ ആവേശമാണ്

വള്ളത്തിന്റെ തുഞ്ചത്തിരുന്ന്
വള്ളപ്പാട്….വള്ളപ്പാട്
ജയിപ്പിക്കണേയെന്ന്
കാർന്നോന്മാരെ കൂട്ടുവിളിച്ച്
തുഴഞ്ഞുമുന്നേറാൻ തയ്യാറായി
പഴയൊരു
കൈലിമുണ്ടും ജമ്പറും

വെശപ്പാന്തലുകൾ
പന്തിയിൽ ചൂടാറ്റിയ
ഒരുതവി ഉപ്പുമാവ്

ഇട്ടോടിച്ച
വഴിയില്ലാവഴിയുടെ
കുനിഞ്ഞുതാണ ശിരസ്സിലും
കണ്ണീരുറഞ്ഞ മൗനത്തിലും
കാറ്റുകൾ കവിതകളെഴുതുമ്പോൾ

ഒഴുക്കിനെതിരെ
നീന്തിത്തുടിച്ച്
ആർപ്പുവിളിച്ചും കൊരവയിട്ടും
വള്ളത്തിലേക്കെത്തുന്നുണ്ട്
ഒരുപിടി അക്ഷരക്കൂട്ടങ്ങൾ.


 

Comments

comments