നനവുള്ള പീലികൊണ്ടെന്നുടെ കണ്ണിൽ നീ-
യച്ഛന്റെ രൂപം വരച്ചു തന്നു
നനവാർന്ന മേഘങ്ങൾക്കിടയിലായ് നീയെനിക്ക-
ച്ഛന്റെ രൂപം കാട്ടിത്തന്നു

നിറഞ്ഞങ്ങു പെയ്യുന്ന മഴയിലും നീ-
യച്ഛനെയോർത്തു കരഞ്ഞിരുന്നു.
മരണത്തിൽ ചില്ലിട്ട കൂട്ടിലേയ്ക്കെപ്പോഴോ
അച്ഛൻ കയറിപ്പോയതാണ്.

മിന്നുന്ന നക്ഷത്രക്കൂട്ടത്തിൽ നീയന്ന്
അച്ഛനെ ചൂണ്ടിക്കാട്ടിത്തന്നു
എവിടേയ്ക്ക് പോയതാണച്ഛനെന്നറിയില്ല
അമ്മ പറഞ്ഞോരോർമ്മ മാത്രം

പിച്ചവയ്ക്കുമ്പോളെന്നെ പിടിക്കുവാൻ 
വന്നില്ല വന്നില്ലയെന്റെയച്ഛൻ
ഓടിക്കിതച്ചു ഞാൻ വീണുപോയപ്പോഴും
താങ്ങിപ്പിടിക്കുവാൻ വന്നില്ലയച്ഛൻ

നെടുവീർപ്പായേതോ നക്ഷത്രക്കൂട്ടത്തിൽ
എന്നെ നോക്കിയിരിക്കുന്നച്ഛൻ

ചുടുകണ്ണീരിറ്റ് വീഴ്ത്തിക്കൊണ്ടപ്പോഴും
കൈനീട്ടിയിരിക്കുന്നെന്റെയച്ഛൻ…

എൻ നേർക്ക് കൊതിയോടെ നോക്കിയിരിക്കുന്നച്ഛൻ…

Comments

comments