ഞാന്‍ വരുന്നു. ലോകത്തെ ചുംബിക്കാന്‍ നിങ്ങള്‍ എന്‍റെ ചുവന്നു തുടുത്ത കണ്ണുകളും ചുണ്ടുകള്‍ക്കിരുവശം തെളിയുന്ന നായ്പ്പല്ലുകളും മാത്രം കാണുന്നു. ശവമഞ്ചത്തില്‍ നിന്ന് ഞാന്‍ ഒരു പൂപോലെ ഉദിച്ചുയരുമ്പോള്‍ നിങ്ങളുടെ പാതിരകളില്‍ ഭൂമിയിലെ ചെന്നായ്ക്കള്‍ ഓരിയിടും. എന്‍റെ സുഗന്ധത്തില്‍ നിശാപുഷ്പങ്ങള്‍ വീണ്ടും സുന്ദരികളാവും. പ്രഞ്ചത്തിനു മുന്നില്‍ ഞാനെന്നെ സാക്ഷാത്കരിക്കേണ്ടതെങ്ങനെ എന്ന് ആ നിമിഷം ഞാനറിയും. എന്നിട്ടും നിങ്ങളെന്തേ എന്നെ മനസ്സിലാക്കാത്തത്? സ്വപ്നങ്ങളുടെ ആ നിമിഷം നിങ്ങള്‍ എന്നെ ചുംബിക്കാത്തതെന്ത്?

എന്‍റെ ഓരോ ചുംബനത്തിലും നിങ്ങളുണ്ട്. സുഗന്ധത്താല്‍ തിരിച്ചെണ്ണുന്ന എന്‍റെ  മരണമുണ്ട്.  കാര്‍പെത്യന്‍ മലനിരകളില്‍ നിന്ന് സൂചിമുനയെറിയുന്ന തണുത്ത കാറ്റില്‍ നിലാവൊലിച്ച എന്‍റെ കൊട്ടാരം കാണുന്നില്ലേ?  എന്‍റെ ആയുസ്സുകൊണ്ട് തീര്‍ത്ത ആ കൊട്ടാരം. അതിന്‍റെ ചുമരുകളില്‍ പതുങ്ങിയിരിക്കുന്ന ഓരോ ജീവിയിലും എന്‍റെ ആത്മാവുണ്ട്. എന്നെ ആനന്ദിപ്പിക്കുന്ന ആത്മാവ്. ഞാന്‍ അവയെ ഒന്നു സ്പര്‍ശിക്കട്ടെ. പ്രിയപ്പെട്ടവരെ നിങ്ങളേയും.

ആത്മാവില്‍ ഞാന്‍ അന്ധനല്ല. വിശ്വാസത്തിന് എന്‍റെ കല്ലറയുടെ വലിപ്പമല്ല ഉള്ളത്. നിങ്ങളുടെ ജൊനാഥന്‍ ഇപ്പോള്‍ എത്തിയതെയുള്ളൂ. അവനുറങ്ങട്ടെ! എന്‍റെ കാമുകീകാമുകന്‍മാരെ നിങ്ങളും ഉറങ്ങുക. ഞാന്‍ നിങ്ങളുടെ രക്തത്തില്‍ തൊടില്ല. എങ്കിലും എന്നെ ഒന്നു ചുംബിക്കുക. പ്രിയമുള്ളവരെ ഞാന്‍ തിരസ്കൃതന്‍. നിങ്ങളുടെ ഡ്രാക്കുള.

ഇരുട്ട് എന്നെ ആഴ്ത്തിത്തുടങ്ങി. വിശക്കുന്ന കുട്ടിയെപ്പോലെ. അതിന്‍റെ കണ്ണുകളിലുള്ള സൂര്യന്‍റെ പിണക്കം ഞാനെന്നേ മറന്നുകഴിഞ്ഞൂ. നിനക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നെന്ന് കരുതരുത്. ദൂരെനിന്ന് നീ യാത്ര തുടങ്ങുമ്പോള്‍ ഒരു കുഞ്ഞുശലഭം എന്‍റെ നെഞ്ചില്‍ പിടഞ്ഞുതുടങ്ങിയിരുന്നു. 

എനിക്കറിയാം നീ വരുമെന്ന്. നിന്‍റെ കടവാതിലുകള്‍, നിന്‍റെ ആകസ്മികത വിളിച്ചോതുന്ന ചെന്നായ്പ്പറ്റങ്ങള്‍. അതെ ആ മൂടല്‍മഞ്ഞിന്‍റെ അരണ്ട നോട്ടങ്ങള്‍. എനിക്കറിയാം ജൊനാഥാ, നീ വരുമെന്ന്. അനാഥമാക്കപ്പെടുമ്പോള്‍ അപരന്‍റെ നെഞ്ചിടിപ്പുകളാണ് നാം കേള്‍ക്കുക. നീ അതറിയുന്നുണ്ടെന്ന് എനിക്കറിയാം. നിന്‍റെ ഉറക്കം എന്‍റെ കൂടി ഉറക്കമാണ്. അത് നിന്‍റെ മേശപ്പുറത്തിരിക്കുന്ന മെഴുകുതിരിക്കാലുകളില്‍, നിന്‍റെ സ്പര്‍ശത്താല്‍ പൊടി തൂത്തുമാറ്റപ്പെട്ട ചില്ലുകളില്‍ എല്ലാറ്റിലുമുണ്ട്. ജൊനാഥാ, ഞാന്‍ നിന്നെ വാത്സല്യത്തോടെ ഒന്നു തൊട്ടോട്ടെ. ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നുവെന്ന് ലോകത്തോടു പറയാനുള്ള ഒരവകാശം. അതെങ്കിലും തരൂ. 

(ഡ്രാക്കുള പൊട്ടിക്കരയുന്നു.)

അന്തരീക്ഷം സുഗന്ധപൂരിതമാക്കണമെന്ന് ഞാനെന്നും കരുതാറുണ്ട്. മുഷിവുകളില്‍ ആത്മബലി മാത്രമേ നടക്കൂ. നിനക്കറിയാമല്ലോ, ജൊനാഥാ. നീ വിശ്രമിച്ചോളൂ. ഞാന്‍ നാളെ രാവിലെ എത്തുമ്പോള്‍ നിനക്ക് ഏതു പൂക്കളാണു കരുതേണ്ടത്? ലില്ലിയോ, ജെറേനിയമോ, വെള്ളുള്ളിയോ എന്‍റെ പ്രിയപ്പെട്ടവനേ……..

(നിശബ്ദത)

നീ എഴുന്നേറ്റോ, നിനക്കുചുറ്റുമുള്ള വെളിച്ചത്തിലേക്ക്, നിന്‍റെ ക്ഷീണം എന്നെ അലട്ടിയിരുന്നു. നീ കണ്ണാടിയില്‍ നോക്കുമ്പോള്‍ നിന്‍റെ മുഖത്ത് ഒരുമ്മ തരാന്‍ തോന്നുന്നു. നാട്ടില്‍നിന്നു പിരിയുമ്പോള്‍ നിന്‍റെ അമ്മ, നിന്‍റെ കാമുകി തന്ന ആ ഒരുമ്മ. അതിനു മുന്‍പ്, നീ എന്‍റെ സ്നേഹോപഹാരമായ ഈ പൂക്കള്‍ ഏറ്റുവാങ്ങൂ. 

(ഡ്രാക്കുള പൂക്കള്‍ നല്കുന്നതായി നടിക്കുന്നു)

(നിശബ്ദത)

ജൊനാഥാ, മുഖം വടിക്കുമ്പോള്‍ മുറിവുണ്ടാകരുത്. മുറിവുകള്‍ ലോകത്ത് വിടവുണ്ടാക്കും. അതൊരു സങ്കീര്‍ണലോകമായി പരിണമിക്കും. കൈകളുടെ തന്ത്രിയില്‍ രക്തക്കറ പുരണ്ടാല്‍ ഭൂമിക്കതിന്‍റെ കോമ്പല്ലു മുളയ്ക്കും.

(നിശബ്ദത)

ജൊനാഥാ, നീ ബ്ലെയ്ഡൊന്നു തരൂ. എന്‍റെ കുറ്റിരോമങ്ങള്‍ ഒന്നു വടിക്കട്ടെ. എന്‍റെ നിരാശയുടെ കറുത്ത തുള്ളികള്‍, ഈ ജീവിതത്തിന്‍റെ ബാക്കിയൊന്നുമല്ലല്ലോ. ജൊനാഥാ ഒന്നു തരൂ. (ജൊനാഥാനില്‍ നിന്ന് ബ്ലെയ്ഡ് വാങ്ങി ഡ്രാക്കുള താടി വടിക്കുന്നതായി അഭിനയിക്കുന്നു.)

(നിശബ്ദത)

ഹാ, എന്‍റെ താടിയിലെ മുറിവൊന്നു നോക്കൂ. എന്‍റെ വേദനകളില്‍ നിന്‍റെ ചുണ്ടുകൊണ്ടൊരു സാന്ത്വനമാണ് ഞാനാഗ്രഹിക്കുന്നത്. നീ മനുഷ്യനാണെങ്കില്‍ നിന്‍റെ ഒരു ചുടുചുംബനം. ജൊനാഥാ, നാം രണ്ടുപേരും ഇവിടെ ജീവിക്കുന്നുണ്ടെന്ന് അറിയാനുള്ള ഒരു സ്പര്‍ശം. അതുമാത്രം മതി (ഡ്രാക്കുള മുഖം ജൊനാഥാനോട് അടുപ്പിക്കുന്നതായി ഭാവിക്കുന്നു.)

(നിശബ്ദത)

ഓര്‍മകളിലേക്ക് തെന്നിമാറുമ്പോള്‍ ആയുസ്സിനു വില വര്‍ദ്ധിക്കും. ഞാന്‍ നിനക്ക് ഈ ലോകം തുറന്നു തരുമ്പോള്‍ ഞാന്‍ എന്‍റെ ആയുസ്സിന് ഒരു വിലയും കല്പിച്ചില്ല. മുറിവുകള്‍ സ്പര്‍ശിച്ചുണക്കാന്‍ കഴിയുന്ന ഒരാളെയാണ് ഞാന്‍ നിന്നില്‍നിന്ന് പ്രതീക്ഷിച്ചത്. 

ജൊനാഥാ, നീ ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറുമ്പോള്‍ എനിക്ക് എന്നെ വെറുക്കേണ്ടിവരും. എന്നെ ഞാന്‍ മതിലുകെട്ടിത്തിരിച്ചാല്‍ പിന്നെ ഞാനെന്തിനു ജീവിക്കണം? നമ്മള്‍ പരസ്പരം സ്വതന്ത്രമാകുന്ന ലോകത്താണ് നീ എത്തിയിരിക്കുന്നത്. നിനക്കിവിടെ നിന്‍റെ ലോകത്തെന്നപോല ജീവിക്കാം. നിനക്കിവിടെ ഇരുന്നു വായിക്കാം. നിന്‍റെ കാമുകി……. മീനയ്ക്ക് കത്തുകളെഴുതാം. സ്വപ്നം കാണാന്‍ കഴിയലല്ലേ ഒരാള്‍ക്ക് ആവശ്യം? നിനക്ക് മീനയെ കാണണമെങ്കില്‍ ഞാനവളെ ഇവിടെ വിളിച്ചുവരുത്താം.

(മീനയെക്കുറിച്ച് ആവര്‍ത്തിക്കുന്നതു കേട്ടപ്പോഴുള്ള ജൊനാഥന്‍റെ സംശയം ഡ്രാക്കുള പ്രകടിപ്പിക്കുന്നു.)

(നിശബ്ദത)

സംശയിക്കാനൊന്നുമില്ല ജൊനാഥാ, നീ മീനയെ ഇഷ്ടപ്പെടുന്നതുപോലെ ഞാനും മീനയെ ഇഷ്ടപ്പെടുന്നു. നീ മീനയെ സ്വന്തമാക്കി തടവിലിടുമ്പോള്‍ ഞാനവളെ സ്നേഹിച്ച് ഈ ലോകത്തിന്‍റേതാക്കുന്നു. നമുയ്ക്കിടയില്‍ സ്നേഹത്തിന്‍റെ കണ്ണുകള്‍ കൊണ്ടുള്ള ദൂരം ഇത്രയേയുള്ളൂ. അവയെ ബന്ധിപ്പിക്കാന്‍ നിനക്കെന്നെ ഇരുട്ടില്‍ തിരയേണ്ടിവരും. മഞ്ഞുകണങ്ങള്‍  ഉരുണ്ടുകൂടുമ്പോള്‍ അതില്‍ എന്നെ തേടേണ്ടിവരും. രണ്ടു സമാന്തരങ്ങള്‍. എങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്‍റെ മീനയെയും. 

(നിശബ്ദത)

നിനക്ക് മടുത്തുകാണും. നിനക്ക് എന്‍റെ ലൈബ്രറിയില്‍ കയറി വായിക്കുകയോ അടഞ്ഞുകിടക്കുന്ന മുറികള്‍ തുറന്നു പരിശോധിക്കുകയോ ചെയ്യാം. എന്‍റെ ട്രാന്‍സില്‍വാനിയയുടെ ഇരുണ്ട ലോകങ്ങളില്‍ നിന്‍റെ അതിനേക്കാള്‍ ഇരുണ്ടുപോയ മനസുമായി ഒരിക്കലും പ്രവേശിക്കരുത്. രാത്രിയില്‍ ഇരതേടി ഇറങ്ങുന്ന രാക്ഷസന്‍മാരായി നിനക്കപ്പോള്‍ തോന്നാം. നീ പ്രവേശിച്ച ലോകത്തിന്‍റെ കാപട്യങ്ങളിലൂടെ എന്‍റെ ട്രാന്‍സില്‍വാനിയയേയും ഈ കോട്ടയേയും കാണരുത്. ദയവായി…..

ഇരുണ്ടുമെലിഞ്ഞ ശരീരം കാണുമ്പോള്‍, നീണ്ടുയര്‍ന്ന മൂക്കു കാണുമ്പോള്‍, രോമനിബിഡമായ ഇരുണ്ടു തടിച്ച പുരികങ്ങള്‍ കാണുമ്പോള്‍, വിളറിയ ചെവി കാണുമ്പോള്‍ നിന്‍റെ പാകപ്പെട്ട മനസ്സ് നിന്‍റെ സാമ്രാജ്യത്തിന്‍റെ ദൈര്‍ഘ്യങ്ങളില്‍ ചെന്നുതട്ടി എന്നെ തിരസ്കരിച്ചേക്കാം. വെളിച്ചം ഊറ്റിക്കുടിച്ച നോട്ടങ്ങളില്‍ അന്ധമാക്കപ്പെട്ട ഒരു കൂട്ടം ആളുകളുടെ ദയയുടെ നോട്ടമുണ്ടാകാം. അങ്ങനെയല്ലേ ജൊനാഥാ? നീ എന്നെ പഠിപ്പിക്കുന്നതുപ്പോലും അങ്ങനെയല്ലേ?

(അല്പനേരത്തെ നിശബ്ദത)

ആ, അല്ലെങ്കില്‍ ഇതൊക്കെപ്പറയാന്‍ ഞാന്‍ ആര്? സ്നേഹത്തന്‍റെ ഭാഷ നിശബ്ദമായി ഹൃദയങ്ങളിലേക്കു പകരാന്‍ ശ്രമിക്കുന്ന ഒരു വിഡ്ഢിക്ക് ഇതൊക്കെപ്പറയാന്‍ എന്ത് അവകാശം? എന്‍റെ വിചിത്രമായ വിഡ്ഢിത്തമോര്‍ത്ത് നീ എപ്പോഴെങ്കിലും ഊറിച്ചിരിച്ചേക്കാം. അന്നു ഞാനന്‍റെ മനസ്സുകൊണ്ട് ലോകത്തെ സ്നേഹിക്കുകയായിരിക്കും. ഒരു കൂറയായോ, എട്ടുകാലിയായോ, നീലവെളിച്ചമായോ, ഇരുണ്ടുകൂടുന്ന മഞ്ഞുകണമായോ…. അന്നത്തേക്കു വേണ്ടി അല്പം ആശ്വാസത്തിന് ഞാന്‍ നിങ്ങളെയൊക്കെ ഒന്നു സ്നേഹിച്ചോട്ടെ. അതല്ലാതെ എനിക്കെന്താണു ചെയ്യാനാവുക.

(ഡ്രാക്കുള ഇരിക്കുന്നു പിന്നെ തുടരുന്നു.)

അല്ല, നിന്‍റെ മുഖം കാണുമ്പോള്‍ ഞാനെന്‍റെ ബാല്യകാലം ഓര്‍ത്തുപോകുന്നു. പക്ഷെ അതൊരാവര്‍ത്തനമല്ലേ എന്ന് നിനക്കു ചോദിക്കാം. അതെ, ആവര്‍ത്തനം തന്നെ. ആവര്‍ത്തനമാണല്ലോ എല്ലാം. കാലാനുസൃതമായ മാറ്റങ്ങളിലൂടെയുള്ള ആവര്‍ത്തനം. അതില്‍ നീ നിന്‍റെ ഭാഗവും ഞാന്‍ എന്‍റെ ഭാഗവും അഭിനയിക്കുന്നു. അല്ലെങ്കില്‍ നാം ഈ അഭിനയം തുടരുന്നുവെന്നു പറയാം. ഞാനിങ്ങനെ തത്വശാസ്ത്രം പറയുമ്പോള്‍ നിന്‍റെ രാത്രികളെ മുറിക്കുന്നപോലെ എനിക്കു തോന്നുന്നു. അല്ലെ ജൊനാഥാ. സ്നേഹിക്കുന്നവര്‍ക്ക് രാത്രികള്‍ വിലപ്പെട്ടതാണ്. കിടക്കയിലേക്കു ചായുന്നതുവരെ ഒരോര്‍മ്മ. അതിനുശേഷം മറ്റൊരോര്‍മ്മ. അതില്‍ ഒരുപാടു സുഗന്ധം ചേര്‍ന്നേക്കാം. അല്ലെ?

(ഡ്രാക്കുള എഴുന്നേറ്റ് സ്വപ്നത്തിലെന്നപോലെ നടക്കുന്നു.)

നീ ഇന്നലെ രാത്രികണ്ട സ്വപ്നങ്ങളിലെ സുന്ദരിമാര്‍ നിന്നോടെന്തെങ്കിലും ചോദിച്ചോ? അവരുടെ നോട്ടങ്ങളില്‍ നിന്‍റെ നോട്ടം തുളുമ്പിയോ? നീ നിന്‍റെ മീനയെക്കുറിച്ചോര്‍ത്ത് അവരെ മാറ്റിനിര്‍ത്തുകയായിരുന്നോ? സ്വപ്നങ്ങളില്‍ സ്വാര്‍ത്ഥത കാണിക്കുക എന്നാല്‍ മനുഷ്യരായി അധഃപതിക്കുന്നുവെന്നല്ലേ അര്‍ത്ഥം? ജീവജാലങ്ങളിലുള്ള സ്നേഹം എന്തെന്നറിയുന്ന നിമിഷമാണ് സ്വപ്നം. നീ അതുപോലും പാഴാക്കി എന്നാണെനിക്കു തോന്നുന്നത്. ആ സുന്ദരിമാര്‍ നിന്‍റെ സ്പര്‍ശത്തിനു വേണ്ടി വന്നവരാണ്. അവരെ ഒരൊറ്റ ചുംബനത്താല്‍ നിന്‍റെ ലോകത്ത് എത്തിക്കാമായിരുന്നു. നിന്‍റെ ചുംബനം അവര്‍ പ്രതീക്ഷിച്ചിരുന്നു. ഗതികിട്ടാത്ത ആത്മാക്കള്‍. അവര്‍ക്ക് എന്നാണിനി ഒരുവസരമുണ്ടാകുക?

(ഡ്രാക്കുള എന്തോ ഓര്‍ത്തിട്ട് എന്നപോലെ)

വേണ്ട അവര്‍ക്ക് അവസരം വേണ്ട. അവര്‍ക്ക് അങ്ങനെയാണ് കഴിയാന്‍ വിധിയെങ്കില്‍ അതുമതി. അതാണ് അവര്‍ക്ക നല്ലത്. (ഒന്നു നിര്‍ത്തിയിട്ട്) ജൊനാഥാ, നിന്‍റെ മുഖത്ത് ദുഃഖം നിഴലിക്കുന്നുണ്ടല്ലോ. തിരിച്ചുപോകാന്‍ നിനക്ക് സമയമായോ? 

(ജൊനാഥന്‍റെ മുഖം ഉയര്‍ന്നതായി ഡ്രാക്കുള നടിക്കുന്നു) നിന്‍റെ യാത്രക്കുള്ള സൗകര്യം ഒരുക്കണമെങ്കില്‍ ഞാനതു ചെയ്യാം. ആരും ദുഃഖിക്കുന്നത് എനിക്കിഷ്ടമല്ല. സ്വന്തം വഴിയില്‍ നടക്കുന്നതു കാണാനാണ് എനിക്കിഷ്ടം. നിനക്ക് തിരിച്ചുപോകാന്‍ സമയമായെങ്കില്‍ നീ പോയ്ക്കോളൂ.

നീ ഇന്നലെ അയ്ക്കാന്‍ വേണ്ടി ഏല്‍പ്പിച്ച മൂന്നു കത്തുകള്‍ ഇതാ. നീ തന്നെ വച്ചോളൂ. ഞാനത് അയയ്ക്കുകയാണെങ്കില്‍ ഏതെങ്കിലും കാരണത്താല്‍ കിട്ടിയില്ലെങ്കില്‍ എന്നെക്കുറിച്ചുള്ള സംശയം വര്‍ദ്ധിക്കും. അതുവേണ്ട നീ തന്നെ വച്ചോളൂ. മൂന്നു കത്തും. ബി സ്ട്രീറ്റ്സിലെത്തുമ്പോള്‍ നീ എന്നെ ഓര്‍ക്കണം. ഒരിക്കല്‍പോലും എന്നെക്കുറിച്ചോര്‍ത്ത് മുഖം വിളറരുത്. നിന്‍റെ ശരീരത്തില്‍ നിന്ന് ഒരിറ്റ് രക്തം പോലും വാര്‍ന്നു പോയിട്ടില്ലെന്ന് കരുതുക.  ഒരിക്കല്‍ നിനക്ക് തിരിച്ചുവരേണ്ടിവരും. അന്ന് നിന്‍റെ മുഖം വിളറിക്കാണരുത്. നിന്‍റെ സുഹൃത്തുക്കളുടെ മുഖവും വിളറി ഇരിക്കരുത്.

(ജൊനാഥന്‍ ഈര്‍ഷ പ്രകടിപ്പിക്കുന്നത് ഡ്രാക്കുളയില്‍ പ്രകടമാക്കുന്നു.)

നിന്നോടൊപ്പം എനിക്കും യാത്രയില്‍ പങ്കുചേരണമെന്നുണ്ട്. നിന്‍റെ രാജ്യത്തെ ജീവജാലങ്ങളിലൂടെ സഞ്ചരിക്കണമെന്നുണ്ട്. നിന്‍റെ സുഹൃത്തുക്കളെ പരിചയപ്പെടമെന്നുണ്ട്. പക്ഷെ എന്തു ചെയ്യാം നീ എനിക്കു തന്ന ഭൂമിയുടെ കരാറുമായി എനിക്ക് അങ്ങോട്ടു വരാന്‍ കഴിയില്ലല്ലോ. നമ്മള്‍ ശരീരംകൊണ്ടും മനസ്സുകൊണ്ടും അന്യദേശക്കാര്‍.

ട്രാന്‍സില്‍വാനിയയില്‍ എന്നെ കാത്തുകഴിയുന്നവരെ ഞാനെങ്ങനെ വിട്ടുപോകും. അവരുടെ തവിട്ടുനിറങ്ങളില്‍ ഇരുണ്ട ഭൂഖണ്ഡത്തിന്‍റെ രക്തമുള്ളപ്പോള്‍ ഞാനവരോടൊപ്പം കഴിയുകയല്ലേ വേണ്ടത്. ജൊനാഥാ, നിന്‍റെ വിശ്വാസത്തിന്‍റെ ഇടനിലങ്ങളില്‍ എന്‍റെ രൂപത്തിന്‍റെ ചാഞ്ചാട്ടങ്ങള്‍ എനിക്കറിയാം. പക്ഷെ എന്‍റെ ശവമഞ്ചം ഞാന്‍ തന്നെ ചുമന്നു നടക്കുമ്പോള്‍ നീ എന്നെ കൂട്ടിക്കൊണ്ടുപോകരുത്. ഞാനിവിടെ ഈ കോട്ടയുടെ ഏകാന്തതയില്‍ തന്നെ കഴിഞ്ഞോളാം. (ഡ്രാക്കുള തകര്‍ന്നിരിക്കുന്നു). വരുന്നവര്‍ക്ക് അവരുടെ ജോലികള്‍ തീര്‍ത്തു മടങ്ങാം. നിന്‍റെ ജോലികള്‍ കഴിഞ്ഞ നിലയ്ക്ക് നിനക്കും മടങ്ങാം.

(ഡ്രാക്കുള നിശബ്ദനായി നടക്കുന്നു. അതിനുശേഷം പോക്കറ്റില്‍നനിന്ന് ടിക്കറ്റെടുക്കുന്നു.)

ജൊനാഥാ, നിന്‍റെ മടക്കയാത്രക്കുള്ള ടിക്കറ്റ് (ഡ്രാക്കുള ജൊനാഥന് ടിക്കറ്റ് നല്‍കുന്നതായി നടിക്കുന്നു) ഇത് എന്നില്‍ നിന്നു വാങ്ങുമ്പോള്‍ എന്‍റെ ഹൃദയമാണ് വാങ്ങുന്നതെന്ന് നിനക്കറിയില്ല. ഹൃദയത്തിന്‍റെ രൂപത്തില്‍ നിനക്ക് ചുറ്റും മഞ്ഞുകണങ്ങല്‍ ഉരുണ്ടുകൂടുമ്പോള്‍ നീ അതില്‍ സ്പര്‍ശിക്കാന്‍ മടിക്കരുത്. നിന്നോടുള്ള എന്‍റെ സ്നേഹം വെള്ളുള്ളിപൂക്കള്‍ക്കോ കുരിശപ്പങ്ങള്‍ക്കോ ശമിപ്പിക്കാന്‍ കഴിയില്ല. എങ്കിലും ജൊനാഥാ വിട…….

ഞാന്‍ നിന്നോടൊപ്പമുള്ളതുകൊണ്ട് നിനക്ക് ഒരിക്കല്‍ ഇവിടേക്കു വരേണ്ടിവരും. നിന്‍റെ ദേഹവും മനസ്സും അതിനായി ആഗ്രഹിക്കും. നിന്‍റെ മീന, നിന്‍റെ സുഹൃത്തുക്കള്‍. എന്‍റെ വിധിയാണല്ലോ? (ജൊനാഥനോട് വിട പറയുന്നതിനായി ഡ്രാക്കുളയുടെ ആംഗ്യം) ആ വിധി എന്‍റേതു മാത്രമായി കരുതും. ഇനിയും നീ പോകൂ.

നിന്‍റെ രാജ്യം എനിക്കുവേണ്ടി ദാഹിക്കുകയാണ്. മുറിവുകളായി എന്‍റെ പ്രവേശം കാത്തുകഴിയുന്നവരെ നീ പോയി കാണൂ. ഞാനല്പം വിശ്രമിക്കട്ടെ! (ഡ്രാക്കുള ആദ്യമായി ശവപ്പെട്ടിയില്‍ പ്രവേശിക്കുന്നു. അതിനുശേഷം ശവപ്പെട്ടിയില്‍നിന്ന് സ്വപ്നത്തിലെന്നപോലെ എഴുന്നേല്‍ക്കുന്നു. സ്വപ്നസമാനം സംസാരിക്കാന്‍ തുടങ്ങുന്നു.)

ഞാന്‍ ഏതു കടലിലാണ്. തിരകള്‍ ആഞ്ഞടിക്കുകയാണല്ലോ? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്താ, ജൊനാഥാ, നീ പരീക്ഷിക്കുകയാണോ? ഞാന്‍ ഈ കപ്പലില്‍ ആടി ഉലയുമ്പോള്‍ എന്‍റെ ആത്മാവാണ് ആടി ഉലയുന്നത്. ഈ തിരകളില്‍ ഞാന്‍ ഇല്ലാതെ ആയാല്‍ എന്നെ സ്നേഹിക്കുന്നവരും ഇല്ലാതാകും. നിലാവുള്ള രാത്രികള്‍ സങ്കല്‍പ്പിക്കാനാവുന്നില്ല. ജൊനാഥാ…………

സ്നേഹംകൊണ്ട് ഞാന്‍ തീര്‍ത്ത എന്‍റെ ട്രാന്‍സില്‍വാനിയയില്‍ നിന്ന് എന്നെ എന്തിനാണ് കൊണ്ടുപോകുന്നത്? ഇവിടെ ഈ കപ്പലിനോടെപ്പം ഞാന്‍ തകര്‍ന്നടിയുമ്പോള്‍ നിനക്ക് എന്താണു ലഭിക്കുക? നിഴലുകള്‍ മറന്നുപോയ ഈ ശരീരംകൊണ്ട് നിനക്കെന്താണ് പ്രയോജനം? ഓ…………..തിര, കൊടുങ്കാറ്റ്……… എന്നെ പരീക്ഷിക്കുന്നത് ഒന്നു നിര്‍ത്തൂ…….  

ഇത് ഏത് കടലിടുക്കാണ്? ഏത് ഉള്‍ക്കടലാണ്? എനിക്കൊന്നും മനസിലാകുന്നില്ല. എന്നെ നിങ്ങള്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുകയാണോ? അനാഥനും ബഹിഷ്കൃതനുമാണ് ഞാന്‍. പക്ഷേ വീണ്ടും എന്നെ ഇല്ലാതാക്കരുത്. സ്നേഹിക്കാന്‍ മാത്രം അറിയുന്ന എന്നെ………

സ്നേഹത്തിന്‍റെ സമ്മാനമാണ് ഇതെങ്കില്‍ ഞാനതു സ്വീകരിക്കാം. ഞാനതിനായി ഈ ലോകം മുഴുവന്‍ അലയാം. പ്രണയത്തിന്‍റെ ചതിയില്‍പ്പെട്ടാല്‍പോലും ഞാനതു സ്വീകരിക്കാം. നിങ്ങള്‍ എന്നെ സ്നേഹിക്കുകയാണെങ്കില്‍……………

എന്തിനാണ് ഈ കപ്പലില്‍ ആളുകളെ ഒഴിവാക്കിയത്? എന്നെ തടവിലാക്കാനാണോ എന്നെ കൊണ്ടുപോകുന്നത്? ഇതൊരു സ്വപ്നമാണോ ജൊനാഥാ…… സ്വപ്നത്തിന്‍റെ തിരയില്‍ ഞാന്‍ ആടി ഉലയുകയാണോ? എന്തൊരു നിലാവാണിവിടെ? ഞാന്‍ ആദ്യമായി സ്നേഹിച്ച പെണ്‍കുട്ടിയുടെ സുഗന്ധമല്ലേ പരക്കുന്നത്. ഞാനിതൊന്നു നുകരട്ടെ. ഹാ അവളുടെ അഴക് ഒഴുകുന്ന മുടിയിഴകള്‍. ഞാന്‍ അതിലൊന്നു സ്പര്‍ശിക്കട്ടെ. ഈ മഞ്ഞുകണങ്ങള്‍ മൂടട്ടെ. (ഡ്രാക്കുള കൈകള്‍ നിവര്‍ത്തി പ്രേമാതുരനായി മുന്നോട്ടു നീങ്ങുന്നു).  ഈ വിശുദ്ധ നിമിഷത്തിനാണ് ഞാന്‍ കാത്തിരുന്നത്. നമ്മള്‍ പരസ്പരം നമ്മളായി മാറുന്ന നിമിഷത്തിന്…. (ആളനക്കമില്ലാത്ത കപ്പല്‍ ഏതോ ഓരു കടല്‍ത്തീരത്ത് അടിയുന്നതായി ഡ്രാക്കുളയ്ക്കു തോന്നുന്നു. ഡ്രാക്കുള  ചുറ്റും നോക്കുന്നു. ആരെയും കാണാതെ നിശ്ചലനായി നില്‍ക്കുന്നു. പിന്നെ പരിക്ഷീണനായി സംസാരിക്കുന്നു).

നീ എന്തിനാണ് എന്നെ ഇവിടെ എത്തിച്ചത്? അപരിചിതമായ രാജ്യത്ത് എന്‍റെ നാടിന്‍റെ ഗന്ധവും വിയര്‍പ്പും കലര്‍ന്ന ഓര്‍മ്മകള്‍ എവിടെ ജൊനാഥാ……. വീടും നാടുമില്ലാത്തവനാക്കി നിരാശയില്‍ മുക്കി കൊല്ലാനാണോ നീ ഇങ്ങനെ ചെയ്തത്? 

(ഡ്രാക്കുള കപ്പലില്‍ നിന്നിറങ്ങുന്നതായി ഭാവിക്കുന്നു).

ജൊനാഥാ…. ഞാന്‍ നിന്നോട് എന്തു തെറ്റാണു ചെയ്തത്. കടല്‍കടത്തി എന്നെ ഇവിടെ എത്തിക്കാന്‍. നിങ്ങളുടെ സംസ്കാരത്തിന്‍റെ മറവില്‍ കുഴിച്ചുമൂടാന്‍ ഞാനെന്തെങ്കിലും ചെയ്തോ? നിന്നെ ഞാന്‍ എന്‍റെ കോട്ടയില്‍ സുരക്ഷിതമായി പാര്‍പ്പിച്ചതിനുള്ള ശിക്ഷയാണോ ഇത്? അറിയാത്ത വഴിയില്‍ എറിഞ്ഞു കൊടുക്കാതെ നിനക്കെന്‍റെ കൂടെ വരാമായിരുന്നില്ലേ? നിനക്ക് നിന്‍റെ രാജ്യത്തിന്‍റെ വെളുത്ത മനസ്സില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലായിരിക്കാം. നിന്നെപ്പോലെ എനിക്ക് പ്രവര്‍ത്തിക്കാനാവില്ലല്ലോ! മനുഷ്യരും മറ്റു ജീവജാലങ്ങളും ഒരുമിച്ച് കഴിയുന്നിടത്ത് ജീവിക്കാനാണ് എനിക്കിഷ്ടം. അവയുടെ കുറുകലുകള്‍, കാറ്റിന്‍റെ കൈകളിലുള്ള കുതിപ്പുകള്‍, ഞാനവ എന്തെന്നില്ലാതെ ഇഷ്ടപ്പെടുന്നു. പക്ഷെ ഞാനിവിടെ തോറ്റുപോയ്. ആരും തുണയില്ലാത്ത അഭയാര്‍ത്ഥിയാണ് ഞാന്‍. 

ജൊനാഥാ, നീ എന്നെ ഇവിടെ നിന്നു രക്ഷപ്പെടുത്തൂ. അല്ലെങ്കില്‍ നീ ആരെയെങ്കിലും പരിചയപ്പെടുത്തൂ. ആര്‍തറുടെ കൂട്ടുകാരിയായ ലൂസിയേയോ, നിന്‍റെ കാമുകി മീനയേയോ പരിചയപ്പെടുത്തിയാല്‍ മതി. വേണ്ട, ലോകത്തെ മുഴുവന്‍ സ്നേഹിക്കുന്ന റെന്‍ഫീല്‍ഡിനെ മതി. ഞാനെന്‍റെ കൊച്ചുവാത്സല്യങ്ങളുമായി അവരോടൊപ്പം കഴിഞ്ഞോളാം. അല്ലെങ്കില്‍ ഞാന്‍ ഈ ഏകാന്തതയില്‍ അലിഞ്ഞില്ലാതാകും. ജൊനാഥാ, എനിക്കായി ഞാനൊന്നും കരുതുന്നില്ലെന്ന് അറിയാമല്ലോ. അതുകൊണ്ട് എനിക്കവരെ സ്നേഹിക്കാന്‍ ഒരവസരം തരൂ……… ഒരവസരം…….

(ഡ്രാക്കുള സ്വപ്നത്തില്‍ തന്നെ നടക്കുന്നു. സുഗന്ധത്തില്‍ ലയിച്ചാണ് ഡ്രാക്കുളയുടെ നടപ്പ്)

(ഡ്രാക്കുള മന്ത്രിക്കുന്നു). നിറഞ്ഞ ചന്ദ്രിക. പാതിരപ്പൂവിന്‍റെ ഗന്ധം എന്നെ എന്തെന്നില്ലാതെ ഉന്മത്തനാക്കുന്നു. അതാ ഒരു പെണ്‍കുട്ടി. ചന്ദ്രികയിലലിഞ്ഞ ഒരു പൂമരം പോലെ….. അവള്‍ എന്നെ തിരയുകയാണോ? ഒരു പക്ഷെ അവളെന്‍റെ വഴികാട്ടിയാകാം. (ആത്മഗതം) അതെ, അവളെന്‍റെ അടുത്തേക്കാണല്ലോ വരുന്നത്. ആ സുഗന്ധപുഷ്പം. എത്ര മനോഹരമാണ്. അവളുടെ നടപ്പ്. അതെ, എന്നിലേക്കവള്‍ അണയുകയാണ്.

അവളുടെ ചുണ്ടുകള്‍ എനിക്കായി ദാഹിക്കുന്നതുപോലെ. ആ ചുണ്ടുകളില്‍ എനിക്ക് ജീവിക്കണം. (അവളുടെ മുഖംകണ്ട് സന്തോഷത്തോടെ ഡ്രാക്കുള) ഹാ! ലൂസി, എന്‍റെ ലൂസി…… നീ ഇവിടെ ഉണ്ടായിരുന്നിട്ടാണോ ഞാനിവിടെ ആരുമില്ലാത്തവനായത്? ഇനി നീ മാത്രം മതി (ലൂസിയെ ഡ്രാക്കുള ചുംബിക്കുന്നതായി നടിക്കുന്നു).

നിന്നില്‍ ഞാനന്‍റെ ജീവലോകം കണ്ടെത്തും. എനിക്കൊപ്പം കഴിയുന്നതെല്ലാം ഈ നിമിഷം മുതല്‍ ഇവിടെ പിറവികൊള്ളും. നിന്‍റെ ചുണ്ടുകളും മാലാഖമാരാല്‍ ഉഴിഞ്ഞുണര്‍ത്തിയ ഈ പിന്‍കഴുത്തുമാണ് എന്‍റെ യാത്രയുടെ ഭൂപടം. ഇനി നീ രാവുകളില്‍  പൂത്തുലയും. നീയൊരു വസന്തകന്യകയെപ്പോലെ ജീവിക്കും. നിനക്കു ചുറ്റും ഞാന്‍ മഞ്ഞുകണങ്ങളാല്‍ കാവല്‍ നില്‍ക്കും. (ഗാഢചുംബനത്തിന്‍റെ നിര്‍വൃതിയിലലിഞ്ഞ് ഡ്രാക്കുള നില്‍ക്കുന്നു) നീ സ്നേഹത്തിന്‍റെ പ്രപഞ്ചമായി മാറും. നിന്‍റെ കാമുകന്‍ ആര്‍തറിനുപോലും നിന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യം പിടികിട്ടില്ല. നീ രോഗതുരയാണെന്ന് നിന്നെ ചികിത്സിക്കുന്നവര്‍ കരുതുമെങ്കിലും നീ സ്നേഹിത്തിന്‍റെ മഹാസമുദ്രമാണെന്ന് പ്രപഞ്ചത്തിനറിയാം. സ്നേഹമാണ് നിന്നെ നയിക്കുന്നതെന്ന് അറിയാവുന്നത് കൊണ്ടാണ് കുഞ്ഞുങ്ങള്‍ നിന്നോടൊപ്പം വരുന്നത്. നീ സ്നേഹംകൊണ്ട് എല്ലാവരെയും പുതുപ്പിക്കൂ. നിന്നോടൊപ്പം ഞാനുണ്ടാകും. ജൊനാഥന്‍ എന്നെ ഇവിടേക്ക് വലിച്ചെറിഞ്ഞെങ്കിലും നീ എന്നെ തിരിച്ചറിഞ്ഞല്ലോ. സ്ത്രീകള്‍ അങ്ങനെയാണ്. തിരസ്കൃതരെ അവര്‍ തിരിച്ചറിയും. അവര്‍ക്കായി അവര്‍ ജീവിക്കും. നീയും അങ്ങനെയാണ് എന്നെ കണ്ടെത്തിയത്. നിന്‍റെ വെളിച്ചത്തില്‍ ഞാനിവിടെ ജീവിക്കും. ഓരോ നിമിഷവും സുന്ദരമാക്കി. ലൂസി… ഇവിടെ. 

(ഡ്രാക്കുള ലൂസിയെ പറഞ്ഞയയ്ക്കുന്നു) 

അവള്‍ എന്‍റെ ലോകം തിരിച്ചുതന്നു. നിലാവിലും പൂക്കളിലും സുഗന്ധമായി ഞാനിവിടെ ജീവിക്കും. സ്നേഹിച്ച് സ്നേഹത്തിന്‍റെ പൂമരമായി ഞാനിവിടെ കഴിയും. 

(ഡ്രാക്കുളയ്ക്ക് ഉത്സാഹമുണ്ടെങ്കിലും സന്ദേഹത്തോടെ) 

ലൂസിയെ അവര്‍ എന്തിനാണ് രോഗിയായി പരിചരിക്കുന്നത്? സ്നേഹം രോഗമാണോ?  ആര്‍തര്‍ അവള്‍ക്കു  നല്‍കുന്ന സ്നേഹത്തേക്കാള്‍ മറ്റൊരാള്‍ സ്നേഹം നല്‍കുന്നത് രോഗമാകുമോ? വെള്ളുള്ളി മാലയും കുരിശപ്പവും ഇവളെന്തിന് അണിയണം. പ്രൊഫസറും ഡോക്ടറും എന്തിനാണവളെ ഭ്രാന്തിയെപ്പോലെ കാണുന്നത്?  പ്രേതബാധയേറ്റ ഒരാള്‍ക്ക് എങ്ങനെയാണ് സ്നേഹിക്കാന്‍ കഴിയുക? സ്നേഹത്താല്‍ ലോകത്തെ പരിചരിക്കുന്ന എന്‍റെ ലൂസിയോട് എന്തിനാണ് ഇവരിങ്ങനെ പെരുമാറുന്നത്? 

ഞാനവളെ ലോകത്തിനു സ്വന്തമാക്കുകയായിരുന്നില്ലേ (ദുഃഖം നിറച്ച്)? എന്തിനാണവര്‍  സ്വര്‍ത്ഥാരാകുന്നത്. ഒരാളുടെ തടവറയിലേക്ക് പോകാനുള്ളതാണോ സ്ത്രീകളുടെ ജീവിതം? ലൂസി ആര്‍തറിനു മാത്രമുള്ളതല്ല. ഈ ലോകത്തിനുള്ളതാണ്. എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണ്. ഇവള്‍ എന്നെ സ്നേഹിക്കുന്ന ഓരോ നിമിഷവും ഞാനവളെ ലോകത്തിന്‍റെ നന്മയിലേക്കാണെത്തിക്കുന്നത്. ആരുമില്ലാത്ത ഇരുട്ടില്‍ അലയുന്നവര്‍ക്ക് ഇവളുടെ കരുണ ലഭിക്കുമ്പോള്‍ അവരെത്രമാത്രം സ്ന്തോഷിക്കുന്നണ്ടെന്നോ? ഇവര്‍ ഇതൊന്നും മനസിലാക്കാത്തതെന്ത്? ഇവരുടെ സ്വാര്‍ത്ഥതയല്ലേ എന്നെ പാപിയാക്കുന്നത്? സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന എന്നെ. 

(ഡ്രാക്കുള ദുഃഖത്തോടെ കാണികളെ നോക്കുന്നു) 

അവര്‍ ലൂസിയെ മരണത്തിലേക്ക് നയിക്കുകയാണല്ലോ. വിളിറിവെളുത്ത് അവള്‍ അതാ കിടക്കുന്നു. എന്‍റെ ലൂസി. ആ ഡോക്ടറും പ്രൊഫസറും കൂല്ലന്‍റെ സ്നേഹിതയെ ഇല്ലാതാക്കി. മരണത്തിലേക്ക് മറ്റുള്ളവരെ കൊണ്ടുപോകാന്‍ ഇവര്‍ക്ക് എന്ത് അവകാശമാണുള്ളത്? ലൂസി, ലൂസി (സംശയത്തോടെ, അമ്പരപ്പോടെ)

ഇനി, നീ എന്‍റെ ലോകത്തില്ല. നീ എനിക്കിനി ഒരു മായ. (ഡ്രാക്കുള കൈകൊണ്ട് മാറാല മാറ്റുന്നപോലെ) നിന്നെക്കുറിച്ചുള്ള ഓര്‍മ്മയുമായ് ഞാനിവിടെ അലയും. ആ ഓര്‍മ്മയില്‍ ഞാന്‍ തകര്‍ന്നടിഞ്ഞേക്കാം. പക്ഷെ…. പക്ഷെ.. എനിക്ക് നിന്നെ മറക്കാനാവില്ല. നീയും ഞാനും തമ്മിലുള്ള ബന്ധം ഒരു നിമിഷത്തിന്‍റേതായിരിക്കാം. പക്ഷെ അതിന് ഈ ലോകത്തോളം ദൈര്‍ഘ്യമുണ്ട്. ആര്‍ക്കും നമ്മുടെ ബന്ധത്തെ ഇല്ലാതാക്കാനാവില്ല ലൂസി….. എനിക്ക് എല്ലാം നീയായിരുന്നു. ഇവിടത്തെ ഈ അനാഥത്വത്തില്‍ നിന്ന് നീ എന്നെ മോചിപ്പിച്ചു. പക്ഷെ അവര്‍ നിന്നെ…… (ദുഃഖത്തോടെ തലകുനിച്ച് ഡ്രാക്കുള ഇരിക്കുന്നു. പെട്ടെന്ന് എന്തോ കണ്ടിട്ടെന്നപോലെ) 

അതാ, അവിടെ എന്‍റെ ലൂസിയെ അവര്‍ എന്തോ ചെയ്യുകയാണ്. ആ പാവം  പെണ്‍കുട്ടിയുടെ തല അറുത്തു മാറ്റുകയാണല്ലോ. അവളുടെ നെഞ്ചിലാണല്ലോ കുരിശു തറയ്ക്കുന്നത്. ഇത്രമാത്രം നീചരാണോ മനുഷ്യര്‍? സ്നേഹിച്ചവനെക്കൊണ്ടു തന്നെ ഇല്ലാതാക്കാന്‍? ലോകം എന്താണു ദയ കാണിക്കാത്തത്? സ്നേഹത്തിന് ഒരു വിലയുമില്ലേ?

സ്നേഹമെന്നാല്‍ ശരീരദാഹമെന്നാണോ അര്‍ത്ഥം?

നിശബ്ദമായി സ്നേഹമുള്ളിലടക്കിക്കഴിയുന്ന എന്നെ ഇവര്‍ക്കു മനസ്സിലാകാത്തതിന്‍റെ കാരണവും എനിക്കു മനസിലായി. ഇവര്‍ക്ക് സ്നേഹം ഊരിമാറ്റാനാവുന്ന വസ്ത്രം മാത്രമാണ്. അതെ……. എനിക്കു മനസ്സിലായി.

ഞാന്‍ ലൂസിയെ സ്നേഹിച്ചത് അങ്ങനെയല്ല. ഞാന്‍ ആത്മാവുകൊണ്ടാണവളെ സ്നേഹിച്ചത്. ഒരു പുഷ്പംപോലെ സുഗന്ധം പരത്താനാണ് ഞാന്‍ അവളെ സ്നേഹിച്ചത്. ശരീരത്തിനിവേണ്ടി സ്നേഹിക്കുന്ന ഒരാളെയും എനിക്കു കാണേണ്ട. സ്നേഹം എന്തെന്നറിയാത്ത ഇവരുടെ ലോകത്ത് ഞാന്‍ എന്തിനാണ് വന്നത്? (ഡ്രാക്കുള പൊട്ടിക്കരയുന്നു)….. ഇത്തരം ദുരന്തങ്ങള്‍ക്കു സാക്ഷിയാകാനാണോ ഞാനിവിടെ എത്തിയത്? (ഡ്രാക്കുള നിരാശനായി ഇരിക്കുന്നു.)

എന്നെ അവളൊന്നു സ്നേഹിച്ചുപോയതിന് ഇങ്ങനെ ശിക്ഷിക്കണമായിരുന്നോ? കറുത്തവനെ വെളുത്തവള്‍ക്ക് സ്നേഹിക്കാന്‍ പാടില്ലെന്നുണ്ടോ?  സ്നേഹത്തിനു പോലും നിറം കലര്‍ത്തിയാല്‍ പിന്നെ എന്തായിരിക്കും സംഭവിക്കുക? എനിക്കൊന്നും മനസിലാകുന്നില്ല (ഡ്രാക്കുള തലക്കടിച്ചുകൊണ്ട് അസ്വസ്ഥനായി……)

എന്നെ ആരും സ്നേഹിക്കരുത് എന്ന കാഴ്ചപ്പാട് എത്ര ഭീകരമാണ്. ജീവിക്കാനുള്ള എന്‍റെ അവകാശത്തെ അല്ലേ ചോദ്യം ചെയ്യുന്നത്? ജൊനാഥാ, നീയും ഇതിനു കൂട്ടുനില്‍ക്കുമെന്ന് ഞാന്‍ കരുതിയില്ല. നിന്നെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നു. എന്നിട്ടും നീ അവസരത്തിനൊത്ത് പെരുമാറി. നീ ഇനിയും ഇതുതന്നെ ചെയ്യണം. ദുഃഖിതരെ ദുഃഖത്തിലാഴ്ത്തി ഇല്ലാതാക്കണം. ഞാനതില്‍ മുങ്ങി മരിക്കട്ടെ!

(നിശബ്ദത അന്തരീക്ഷത്തില്‍ രക്തത്തിന്‍റെ ഗന്ധം നിറയുന്നത് ഡ്രാക്കുള അറിയുന്നു. ചുറ്റും നോക്കുന്നു. എന്തോ കണ്ടപോലെ നിശബ്ദനാകുന്നു).

ഈച്ചകളെയും പക്ഷികളെയും സ്നേഹിച്ച എന്‍റെ സുഹൃത്ത് റെന്‍ഫീല്‍ഡല്ലേ ഇത്. രക്തത്തില്‍ കുതിര്‍ന്ന അവന്‍റെ കിടപ്പ്!  ജീവജാലങ്ങളെ സ്നേഹിക്കാന്‍ പാടില്ലെന്നുണ്ടോ? മനുഷ്യര്‍ക്കു മാത്രമേ ജീവിക്കാന്‍ പാടുള്ളൂ?  ഭൂമിയെ ഇല്ലാതാക്കുന്ന മനുഷ്യര്‍ക്കു മാത്രം. ഭാന്ത്രാശുപത്രിയില്‍ നിന്ന് തുറന്നു വിട്ടിരുന്നെങ്കില്‍ അവനിങ്ങനെ മരിക്കേണ്ടിവരുമായിരുന്നോ? അവര്‍ അവനെ കൊന്നു. എന്നെ സ്നേഹിക്കുന്നവര്‍ക്കുള്ള ശിക്ഷ അവര്‍ നടപ്പാക്കുകയാണ് ലൂസിയും റെന്‍ഫീല്‍ഡും പോയി. ഇനി ആരായിരിക്കും.

അവര്‍ എന്നിലേക്കടുക്കുന്നതിന്‍റെ സൂചനയണോ ഇത്? എന്നെ സ്നേഹിക്കുന്നവരെ ഒന്നൊന്നായി ഇല്ലാതാക്കിക്കൊണ്ട്  എന്നെ നശിപ്പിക്കാനായിരിക്കും അവരുടെ പുറപ്പാട്. സ്വയം മരണത്തെക്കുറിച്ച് ആലോചിച്ചു നടക്കുന്ന എനിക്ക് ഇവര്‍ നല്‍കുന്ന മരണം അതിനൊരു സുഗന്ധം പൂശല്‍ മാത്രമാണ്. അവര്‍ എന്നെ കെണിയില്‍ കുരുക്കി കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ തയ്യാറാക്കുന്ന മരണത്തിന് മുന്‍പ് ഞാനതു തയ്യാറാക്കും. എന്‍റെ ജീവന്‍ എന്‍റെ കൈയ്യിലിരിക്കുമ്പോള്‍ എന്തു ചെയ്യണമെന്ന് എനിക്കറിയാം. പക്ഷെ റെന്‍ഫീല്‍ഡ് പോയി. ഭ്രാന്താലയത്തിന് പുറത്ത് മറ്റൊരു ജീവിതം കണ്ടതിന്‍റെ ശിക്ഷ അവന്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. ആര്‍ക്കാണ് വിധിയുടെ മുന്‍പില്‍ തല ഉയര്‍ത്തി നിലക്കാന്‍ കഴിയുക? തല ഉയര്‍ത്തി നിന്നിട്ട് എന്തു നേട്ടമാണുണ്ടാകുക? എന്തായാലും മരണം ഉറപ്പ്. അവന്‍ അതേറ്റുവാങ്ങി. നിന്‍റെ സ്വപ്നതുല്യമായ യാത്രയ്ക്ക് എന്‍റെ ആശംസകള്‍. നീ റെന്‍ഫീല്‍ഡായി ജീവിച്ചു. റെന്‍ഫീല്‍ഡായി മരിച്ചു. ജീവിതവും മരണവും നീ ആഘോഷിച്ചു. ഈ ജീവിതത്തില്‍ ഓര്‍ക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതുമതി. അനാഥനായി മരിക്കുന്നതിനേക്കാള്‍ മറ്റെന്തു സുഖമാണ് വേണ്ടത്. നീ ആ സുഖത്തോടെ വിടവാങ്ങി. റെന്‍ഫീല്‍ഡ്, നീ ഭാഗ്യവാന്‍!  

(ഡ്രാക്കുള എല്ലാം തകര്‍ന്നു നില്‍ക്കുന്നു)

(നിശബ്ദത)

ഇനി ഞാനായിരിക്കും അവരുടെ ലക്ഷ്യം. അതിനു മുന്‍പ് എനിക്കെന്‍റെ നാട്ടിലെത്തണം. മരണത്തെ ഭയക്കുന്നതുകൊണ്ടല്ല സ്വന്തം നാട്ടില്‍ കിടന്നുമരിക്കുമ്പോള്‍ ആ മണ്ണിന്‍റെ ഗന്ധം ഒരിക്കല്‍ക്കൂടി ശ്വസിക്കാനാവും. എന്നെ സ്നേഹിച്ചവരെല്ലാം ഒരിക്കല്‍ക്കൂടി സ്നേഹം പങ്കുവയ്ക്കാം. അതുമാത്രം മതി. മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍  സ്നേഹിച്ചവര്‍ എന്നെയും സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. മണ്ണും മനുഷ്യനും ജീവജാലങ്ങളും എന്‍റെ സ്നേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷേ, ഇവിടെ ഞാന്‍…… തിരിച്ചുപോകാനുള്ള വഴി അറിയാതെ…..

(സംശയത്തേടെ)

ജൊനാഥന്‍ സഹായിക്കുമോ?  ഇല്ല ജൊനാഥന്‍ ഇതുവരെ എന്നെ തിരിഞ്ഞു വരെ നോക്കിയിട്ടില്ല. അവന്‍ എങ്ങനെയാകും സഹായിക്കുക? ഒരുപക്ഷേ മീന…… അവള്‍ സഹായിച്ചേക്കും. അവളെ എങ്ങനെ കാണും? അവള്‍ മാനസികരോഗാശുപത്രിയിലാണെന്നല്ലേ പറഞ്ഞത്? അവര്‍ ഒരുമിച്ച് ഒരു യാത്ര പുറപ്പെടുമെന്നും കേട്ടിരുന്നു. അതെ മീന തന്നെയാണ് എനിക്കാശ്രയിക്കാവുന്ന ഏകവ്യക്തി. മീനയെ കാണാം. 

(ഡ്രാക്കുള മെല്ലെ നടന്നു നീങ്ങുന്ന മീനയെ  കാണുന്നതുപോലെ)

മീന, നിന്നെ ഒരിക്കല്‍പ്പോലും കാണണമെന്ന ആഗ്രഹം  ഉണ്ടായിരുന്നില്ല. എനിക്കൊപ്പം ജൊനാഥന്‍ കോട്ടയില്‍ ഉണ്ടായിരുന്നപ്പോള്‍ നിന്നെ കൂട്ടിക്കൊണ്ടുവരാന്‍ ഞാന്‍ പറഞ്ഞിരുന്നു. അന്ന് അതു സാധിച്ചില്ല. ഇന്ന് നിന്നെ കാണാന്‍ വന്നിരിക്കുകയാണ്. അന്ന് ആഗ്രഹിച്ചതുപോലെയല്ല ഈ വരവ്. ഇന്നത്തെ വരവില്‍ ഒരു യാചനയാണുള്ളത്. ഇപ്പോള്‍ നിനക്കുമാത്രമേ എന്നെ രക്ഷിക്കാനാവൂ.

ജൊനാഥനും സംഘവും എന്നെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. എനിക്കിവിടെ നിന്ന് എന്‍റെ നാട്ടില്‍ തിരിച്ചെത്തണം. അവര്‍ എന്‍റെ സുഹൃത്തുക്കളെ ഇല്ലതാക്കി. എന്‍റെ പവിത്രമായ ഇടങ്ങളും ഇല്ലാതാക്കി. ഈ ഞാന്‍  മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. എനിക്ക് എന്‍റെ നാട്ടിലേക്കു തിരിച്ചുപോകണം മീന. നിനക്കു മാത്രമേ ഇനി എന്നെ രക്ഷിക്കാനാവൂ.

മീന, എന്‍റെ വഴി ഒന്നു പറഞ്ഞുതരൂ. നിനക്ക് ലോകം സ്വന്തമാക്കേണ്ടേ? ഒരൊറ്റ ചുംബനംകൊണ്ട് ഞാന്‍ നിന്നെ ഈ ലോകത്തിന്‍റേതാക്കാം. രാവുകളില്‍ ഒരു സ്വപ്നസുന്ദരിയെപ്പോലെ അലയാം. സ്ത്രീകള്‍ക്ക് സ്വന്തമല്ലാത്ത രാവുകള്‍ നിന്നിലൂടെ അവര്‍ക്കു നല്‍കാം. അവരെ നിനക്കു മോചിപ്പിക്കേണ്ടേ?

മീന, നീ ആഗ്രഹിക്കുന്നവരിലേക്ക് നിനക്ക് ചെന്നുചേരേണ്ടേ? ഞാന്‍ നിനക്കതിന് ഒരു മാര്‍ഗംമാത്രമാണ്. അതിലൂടെ നിന്‍റെ ലക്ഷ്യമാണ് നിനക്കു നേടാവുന്നത്. സ്ത്രീകള്‍ പൂത്തുലയുന്ന രാത്രി ഏതു സ്ത്രീയാണ് സ്വപ്നം കാണാത്തത്. നിലാവിന്‍റെ പട്ടുടുത്ത് അലയുന്ന രാവുകള്‍. നീ ആഗ്രഹിക്കുംപോലെ നിനക്ക് ജീവിക്കേണ്ടേ?

(ഡ്രാക്കുള അത്യാവശത്തോടെ മീനയെ ചുംബിക്കുന്നതായി നടിക്കുന്നു)

മീന, നീ സ്വപ്നങ്ങളിലേക്ക് പടര്‍ന്നുകഴിഞ്ഞു. നീ നിന്‍റെ സ്വന്തം വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ഞാന്‍ എന്‍റെ വഴികളിലൂടെയും. നീ എനിക്കു നല്‍കി ഈ ജീവിതത്തെ ഞാന്‍ ഒരിക്കലും മറക്കില്ല. നീ എനിക്കു പുതുജീവനാണു നല്‍കിയത്. ഒരു തന്മാത്രയില്‍ പൊട്ടിത്തകരേണ്ട എന്നെ നീ ഈ പ്രപഞ്ചത്തോളം വളര്‍ത്തിയിരിക്കുന്നു. നീ രാവുകളില്‍ ജീവിക്കുക. സ്വപ്ന സുന്ദരിയായ്……

(ഡ്രാക്കുള ഉത്സാഹത്തോടെ തിരിച്ചുനടക്കുന്നു)

(നിശബ്ദതയും ഇരുട്ടും നിറയുന്നു)

നീലകലര്‍ന്ന ചെറുവെളിച്ചത്തിനു കീഴെ, ഒരു ബോട്ടിലെന്നവണ്ണം ഡ്രാക്കുള ഇരിക്കുന്നു. (ബോട്ട് നീങ്ങുന്ന ശബ്ദം ഡ്രാക്കുള ചുറ്റും അസ്വസ്ഥമായി കണ്ണോടിക്കുന്നു.) 

(പിറുപിറുക്കുന്നു)

അതെ, എനിക്കുചുറ്റും ജൊനാഥനും സംഘവുമുണ്ട്. അവര്‍ അടുക്കുകായാണ്. മീന നീ പറഞ്ഞുതന്ന വഴി അപകടം നിറഞ്ഞതായി എനിക്കു തോന്നുന്നു. എങ്കിലും ഞാന്‍ നിന്‍റെ ചുണ്ടുകളുടെ നിമന്ത്രണം കേള്‍ക്കുന്നു. ഈ നദിയിലെ കുഞ്ഞോളങ്ങള്‍ കാണുമ്പോള്‍ നീ എനിക്കടുത്തുണ്ടെന്നു തോന്നുന്നു. ദീര്‍ഘകാലമല്ലെങ്കിലും നമ്മള്‍ ഏതാനും നിമിഷത്തെ പൂര്‍ണിമയില്‍ ലയിച്ചില്ലേ? അവര്‍ എന്നെ വേട്ടയാടുമെന്നറിയാം. എങ്കിലും പച്ചകളുടെ രഹസ്യങ്ങളിലൂടെ ഊര്‍ന്നിറങ്ങുന്നതുപോലുള്ള ഒരു സുഖമാണ് ഈ യാത്ര. ചുറ്റിലുമുള്ളവര്‍ അസ്വസ്ഥരാണെങ്കിലും ഞാന്‍ എന്‍റെ ശവമഞ്ചത്തില്‍ സുഖം കണ്ടെത്തുന്നു.

എന്നെ സ്നേഹിച്ചവരെ മാത്രമാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. എന്നെ അവരെന്തിനു സ്നേഹിച്ചു? അവര്‍ക്ക് ഇല്ലാത്ത സ്വാതന്ത്ര്യത്തില്‍ നിന്ന് അവരെ ഒരു പുഷ്പം പോലെ ലോകത്തേക്ക് ഉണര്‍ത്തിയതുകൊണ്ടാണോ അവരെന്നെ സ്നേഹിച്ചത്? അതോ സ്നേഹം വറ്റി വരണ്ടതുകൊണ്ടാണോ അവരെന്നെ സ്നേഹിച്ചത്? എനിക്കറിയില്ല. ഒന്നിനും ഒരു ഉത്തരമില്ല. ഉത്തരം പറഞ്ഞുകൊണ്ട് കഴിയേണ്ടതല്ല ജീവിതം. സ്നേഹിച്ച് സ്വതന്ത്ര്യമാക്കണ്ടേതാണ് ജീവിതം. പരസ്പരം അറിഞ്ഞ്  നോക്കിക്കൊണ്ടിരിക്കുമ്പോള്‍ നക്ഷത്രക്കണ്ണാടിയില്‍ വീണുകിട്ടുന്ന സുവര്‍ണ നിമിഷമാണ് ജീവിതം. പരസ്പരം അറിയാതെ കഴിയേണ്ടതല്ല അത്. എല്ലാം ലയിച്ചുചേരുന്ന പ്രപഞ്ചമാകുമ്പോഴേ ജീവിതത്തിനര്‍ത്ഥമുണ്ടാകൂ. ഞാനിപ്പോള്‍ എന്‍റെ സ്നേഹികളുമായി പ്രകൃതിയില്‍ ലയിക്കുകയാണ്.

എന്‍റെ ഹൃദയത്തിന്, ശിരസ്സിന്, നായ്പ്പല്ലിനു വേണ്ടി എന്നെ പിന്‍തുടരുന്നവര്‍ അതുചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണ്? സ്വന്തം സാമ്രാജ്യത്തിനു എതിരാളികള്‍ ഇല്ലെന്നു വരുത്താനല്ലേ അങ്ങനെ ചെയ്യുന്നത്?

ഞാന്‍ ആരുടെയും ശത്രുവല്ല. പക്ഷെ അവര്‍ക്ക് ഞാന്‍ ശത്രുവാണ്. അവര്‍ എന്നോടു യുദ്ധത്തിനൊരുങ്ങുന്നത് അതുകൊണ്ടല്ലേ? എനിക്ക് സ്നേഹിക്കാനേ കഴിയൂ. ദ്രോഹിക്കാനറിയില്ല. അനാഥനായതുകൊണ്ട് ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു. (ബോട്ടിന് ഇളക്കംതട്ടുംപോലെ ഡ്രാക്കുള ഇളകുന്നു.) ആ സ്നേഹം നിലനിര്‍ത്താനാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നത്. ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഞാനിത് നിന്നോടായിരിക്കും ആദ്യം പറയുന്നത്. ഞാനെന്താണെന്ന് നീ എങ്കിലും അറിയണം. ഞാനെന്തിനാണ് ജീവിച്ചതെന്ന്. 

(ഡ്രാക്കുളടെ പിന്‍തുടരുന്ന ബോട്ടുകളുടെ ശബ്ദം കേള്‍ക്കുന്നു.)

(ഉള്ളില്‍ ഒതുക്കി പറയുന്നു.)

അവരുടെ ചലനം എനിക്കറിയാന്‍ കഴിയുന്നുണ്ട്. പ്രകൃതി സത്യം പറയും. മനുഷ്യന്‍ ഒരിക്കലും സത്യം പറയില്ല. സത്യം പറയുമായിരുന്നെങ്കില്‍ ജൊനാഥന്‍ ഒരിക്കലും ചതിക്കുമായിരുന്നില്ല. ഞാനിപ്പോള്‍ അവരുടെ ശത്രുവാണ്. കീഴടക്കല്‍ മാത്രമാണ് അവരുടെ ലക്ഷ്യം. അവര്‍ എന്‍റെ സ്നേഹത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല. അല്ലെങ്കില്‍ മീനയെ എന്നില്‍ നിന്നകറ്റുമായിരുന്നോ? അവര്‍ക്ക് എന്നെയാണ് വേണ്ടത്. അതിനാണ് അവര്‍ മീനയെ എന്നില്‍നിന്നകറ്റിയത്. അവര്‍ എന്നെ എടുത്തോട്ടെ. പക്ഷെ…..

ഞാന്‍ മനുഷ്യരെ ഉള്‍പ്പെടെ എല്ലാറ്റിനെയും ആണ് സ്നേഹിച്ചത്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും സ്നേഹിച്ചപോലെ ആരും സ്നേഹിച്ചുകാണില്ല. സ്നേഹിച്ച് ഞാനവരെ സ്വതന്ത്രരാക്കുകയായിരുന്നു. ഞാന്‍ ഒരിഞ്ചു ശരീരത്തിലേ ഉമ്മവച്ചിട്ടുള്ളൂ. ഒരു ചുംബനത്തിന്‍റെ ദൂരത്തിലാണ് ഞാന്‍ എന്നെ സ്നേഹിച്ചവരെ സ്വതന്ത്രരാക്കിയത്. നിങ്ങളുടെ പുരുഷന്മാര്‍ നിങ്ങളെ ആക്രമിച്ചു കീഴ്പ്പെടത്തുമ്പോള്‍ ഞാന്‍ ചെയ്തത്  അതായിരുന്നോ? നിങ്ങള്‍ ഒരു പൂവിനോടു ചോദിക്കൂ. പാറിപ്പറക്കുന്ന ചിത്രശലഭത്തോടു ചോദിക്കൂ. ഞാന്‍ എന്താണെന്ന് അവ പറയും. എനിക്ക് മറ്റൊന്നും പറയാനില്ല. 

(സങ്കടത്തോടെ ഡ്രാക്കുള)

മീന, എന്‍റെ ബോട്ട് തകര്‍ന്നെന്നു തോന്നുന്നു. ഞാന്‍ എന്‍റെ നദിക്കരയിലാണ് ഇപ്പോള്‍. നീ എനിക്ക് വഴികാട്ടിയതിന് നന്ദി. പക്ഷെ അവര്‍ എനിക്കു ചുറ്റും ഉണ്ട്. നിസ്സഹായനായ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും? മീന, നിനക്കു മനസ്സിലാകുന്നില്ലേ? മീന, ഞാന്‍ നിന്നോടു കുമ്പസാരിക്കുകയല്ല. മരിക്കണമെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ജൊനാഥാ, നീയും നിന്‍റെ സംഘവും കൊണ്ടുവന്നിരിക്കുന്ന വെള്ളുള്ളി മാലയും കുരിശപ്പവും എനിക്ക് തരിക. ഞാന്‍ അത് അണിയട്ടെ. 

(ഡ്രാക്കുള കയ്യിലുള്ള ജെറേനിയവും റോസാപ്പൂവും അവര്‍ക്കു നല്‍കുന്നു.)

നിങ്ങളുടെ നെഞ്ചിടിപ്പ് എനിക്കു കേള്‍ക്കാം നിങ്ങളുടെ ശത്രുവിന് ഇരുപതാളുകളുടെ ബലമുണ്ടെന്ന് നിങ്ങള്‍ കരുതുന്നു. എനിക്ക് ഒരാളുടെപോലും ബലമില്ല. നിങ്ങള്‍ വിചാരിക്കുംപോലെ കരുത്തനല്ല ഞാന്‍.

എന്‍റെ ശരീരം മുഴുവന്‍ പൂക്കളാണ്. തേനിറ്റുന്ന പൂക്കള്‍. ചില ശലഭങ്ങള്‍ അതിലേക്കു വരുന്നു. ഞാന്‍ അവക്ക് തേന്‍ നല്‍കുന്നു. നിങ്ങള്‍ക്കും വേണമെങ്കില്‍ തേന്‍നുകരാം.

(ഡ്രാക്കുള സ്വപ്നത്തില്‍ നിന്നു മോചിതനായിട്ട് കുരിശപ്പവും വെള്ളുള്ളി മാലയും വാങ്ങുന്നതായി ഭാവിക്കുന്നു).

(നിശബ്ദത)

ഞാന്‍ മടങ്ങുകയാണ്. ലോകത്തെ ചുംബിക്കാന്‍ വന്ന ഞാന്‍ മടങ്ങുകയാണ്.എന്‍റെ ചുവന്നുതുടുത്ത കണ്ണുകളും ചുണ്ടുകള്‍ക്കിരുവശം തെളിയുന്ന നായ്പ്പല്ലുകളും നിങ്ങളിനി കാണില്ല. ശവമഞ്ചത്തില്‍ നിന്ന് ഒരു പാതിരപ്പൂപോലെ ഞാനിനി ഉദിച്ചുയരില്ല. എന്‍റെ സുഗന്ധത്തില്‍ നിശാപുഷ്പങ്ങള്‍ വീണ്ടും സുന്ദരികളാവില്ല. ഞാന്‍ സ്നേഹത്തിനായി അലഞ്ഞു മടുത്തുപോയി.

ജൊനാഥാ, നീയും നിന്‍റെ സുഹൃത്തുകളും എന്നെ ഒന്നു ചുംബിക്കുകയാണെങ്കില്‍ ഈ ലോകം അത്രക്കൊന്നും വെറുപ്പുള്ളതല്ലെന്ന് എനിക്ക് കരുതാമല്ലോ. അല്ലെങ്കില്‍ ഞാന്‍ ഈ ലോകത്തെ സ്നേഹിച്ചതിനുള്ള ശിക്ഷയായിട്ട് ഞാനതു കരുതും. എനിക്കുവേണ്ടി ആരും കരയില്ല. ഞാന്‍ സ്നേഹിച്ച ഈ കോട്ടപോലും എന്നെ ഓര്‍ത്തെന്നു വരില്ല.  എന്‍റെ സ്നേഹം കൊണ്ടുണര്‍ന്നിരുന്ന ഈ നദികളും എന്‍റെ വേഗങ്ങളെ തണുപ്പിച്ച ഈ ചുരവും ഞാന്‍ വിട്ടുപോകുകയാണ്.

നിഴലില്ലാത്ത എനിക്ക് എന്തിനാണ് ഈ അനാഥജീവിതം? ഒരിക്കല്‍ എന്നെ സ്നേഹിച്ചവര്‍ തള്ളിപ്പറയുമ്പോള്‍ ഞാനെന്തിനു ജീവിക്കണം? ഞാനെന്‍റെ മടുപ്പുമായി മടങ്ങുകയാണ്. പക്ഷെ നിങ്ങള്‍ ഒരിക്കലും ജീവിതത്തില്‍ തോറ്റിട്ടില്ലെന്നു കരുതണം. അനന്തകാലം ജീവിക്കണം.

(ഡ്രാക്കുള ശവമഞ്ചത്തിലേക്കു നടന്നുനീങ്ങി അതില്‍ കിടക്കുന്നു.)

ഇനിയും എനിക്കു മടുപ്പിന്‍റെ അടയാളമാകാന്‍ കഴിയില്ല. ജൊനാഥാ നിങ്ങള്‍  എനിക്കുതന്ന കുരിശപ്പവും വെള്ളുള്ളിപ്പൂക്കളും  ഞാന്‍ അണിയുകയാണ്. എന്‍റെ മരണം കണ്ട് നിങ്ങള്‍ക്കു മടങ്ങാം. മറ്റുള്ളവരുടെ മുന്നില്‍ സ്വന്തം മരണം അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷെ, ഇപ്പോള്‍….

എന്‍റെ മരണം എനിക്ക് ആനന്ദിക്കാനുള്ളതാണ്. ഞാനത് എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നോ. പാതിരയ്ക്ക് വിരിയുന്ന പൂപോലെ ഞാനത് ആസ്വദിക്കട്ടെ! എന്‍റെ തോല്‍വിയിലൂടെ ഈ നിമിഷം, ഞാന്‍ സ്നേഹിച്ചവര്‍ക്ക് സമ്മാനമായി എന്താണ് നല്‍കുക? ഒരൊറ്റ ചുംബനമോ? 

നിങ്ങള്‍ എനിക്കടുത്തുവരൂ. ഒരു പനിനീര്‍ക്കണംപോലെ എന്‍റെ ചുംബനം ഏറ്റു വാങ്ങൂ. ഞാന്‍ ഡ്രാക്കുള, ബഹിഷ്കൃതന്‍, പാപി, പാതിരകളെ സ്നേഹിച്ചവന്‍. ഇവന്‍റെ ഈ ചുംബനമെങ്കിലും സ്വീകരിക്കൂ. ഇത്രമാത്രം.

ട്രാന്‍സില്‍വാനിയയുടെ ഇരുട്ടുമാത്രം മതി എന്‍റെ ലോകം സൃഷ്ടിക്കാന്‍. ഞാനിവിടെ ജീവിച്ചു മരിക്കുമ്പോള്‍ നിങ്ങളുടെ ഭയമാണ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്. അത് നിങ്ങളുടേതു മാത്രമാണ്. നിങ്ങള്‍ ആ ഭയത്തില്‍ എന്നും ജീവിക്കും. ഞാനെന്‍റെ സുഹൃത്തുക്കളുടെ ഭയത്തിനുള്ള മറുപടിയെന്നോണം മരിക്കാം. നിങ്ങളുടെ ഭീരുത്വം നിങ്ങളെ എന്നും വേട്ടയായിക്കൊണ്ടിരിക്കും. നിങ്ങള്‍ എന്നെ അല്ലെങ്കില്‍ മറ്റൊരാളെ ഇതുപോലെ പിന്‍തുടരും. അതാണ് വിധി.

ആ വിധിയില്‍ നിന്ന് നിങ്ങള്‍ക്കൊരിക്കലും രക്ഷപ്പെടാനാവില്ല. അന്യരെ വേട്ടയാടാന്‍ വേണ്ടിയുള്ള ചിന്ത നിങ്ങളുടെ ഹൃദയത്തിലും തലച്ചോറിലുമുണ്ട്. എന്നില്‍ അതില്ല. എന്‍റെ ഈ രൂപം എന്‍റേതുമാത്രമല്ല. തിരസ്കൃതമായ ഒരു ജനതയുടേത് കൂടിയാണ്. എങ്കിലും ഞാന്‍ മടങ്ങുകയാണ്. ഇനി നിങ്ങള്‍ക്ക് ഈ ബഹിഷ്കൃതന്‍റെ സ്നേഹം ലഭിക്കില്ല. വിട. സുഹൃത്തുക്കളെ……വിട…..

(ഡ്രാക്കുള കിടന്നുകൊണ്ട് കോട്ടിന്‍റെ കീശയില്‍നിന്ന് ഒരു വെളുത്ത റോസാപ്പൂവെടുത്ത് ചുംബിക്കാന്‍ മുഖമുയര്‍ത്തുന്നു. പക്ഷെ ഡ്രാക്കുളയ്ക്ക് മുഖം ഉയര്‍ത്താനാവുന്നില്ല. നിശ്ചലമാകുന്നു. ദുഃഖസാന്ദ്രമായ പശ്ചാത്തലത്തില്‍ നീലവെളിച്ചം ഡ്രാക്കുളയിലെത്തി ഇല്ലാതാകുന്നു).


Comments

comments