റെ കോളിളക്കം സൃഷ്ടിച്ച കെവിന്‍ വധക്കേസിലെ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ അടക്കമുള്ള 10 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് കോടതി കണ്ടെത്തിയ കെവിന്‍ വധക്കേസിലെ പ്രതികള്‍ ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 

കേരളത്തിലെ ആദ്യ ‘ദുരഭിമാനക്കൊല’യെന്ന് കോടതി റിപ്പോര്‍ട്ടു ചെയ്തതാണ് കെവിന്‍ വധക്കേസിനെ ഏറെ ശ്രദ്ധേയമാക്കിയത്. അതിനര്‍ത്ഥം ഇതിനു മുമ്പ് ജാതി ദുരഭിമാനക്കൊല ഉണ്ടായിട്ടില്ല എന്നല്ല. മറിച്ച് പ്രഥമദൃഷ്ട്യാ പഴുതുകള്‍ അടച്ച് രക്ഷപെടുവാന്‍ കഴിയാതെ ദുരഭിമാനക്കൊല എന്ന് തെളിവുസഹിതം കോടതിക്ക് ബോദ്ധ്യപ്പെട്ടത് ഈ കേസായിരുന്നു എന്നതിനാലാണ് ഇത് കേരളത്തിലെ ആദ്യത്തെ  ദുരഭിമാനക്കൊലയായി സൂചിപ്പിക്കപ്പെടുന്നത്. ജാത്യാധിഷ്ഠിത ദുരഭിമാനക്കൊലയിലേക്ക് കെവിന്‍ വധക്കേസ് മാറാനിടയായ സാമൂഹിക, സാംസ്ക്കാരിക വശങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.

എങ്ങനെയാണ് സാനു ചാക്കോയുടെ ദൈവാനുഭവവും കെവിന്‍റെ ദൈവാനുഭവവും വ്യത്യാസ്തമാകുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.  കെവിനും നീനുവിന്‍റെ കുടുംബവും ഒരേ മതവിശ്വാസികളുമാണ്. എന്നാല്‍ കെവിന്‍ ജാതികൊണ്ട് പുലയനാണ്. ദലിത് ക്രൈസ്തവനായ കെവിന്‍ സവര്‍ണ്ണ സമൂഹങ്ങള്‍ക്കിടയില്‍ സ്വീകാര്യനാവില്ല എന്നതിനാലാണ് ഈ വിവാഹത്തെ നീനുവിന്‍റെ രക്ഷിതാക്കള്‍ എതിര്‍ത്തത്. അതായത് സവര്‍ണ്ണ ക്രൈസ്തവികത, ദലിത് ക്രൈസ്തവികതയെ കൂടെച്ചേര്‍ത്തു നിര്‍ത്തുവാന്‍ ജാത്യാധിഷ്ഠിത ദുരഭിമാനം അനുവദിക്കുന്നില്ല എന്നതാണ് കെവിന്‍ എന്ന യുവാവിനെ കൊലപ്പെടുത്തുവാന്‍ കാരണമായത്.  എപ്രകാരമൊക്കെയാണ് സവര്‍ണ്ണ ക്രൈസ്തവികത കേരളത്തിലെ ദലിത് ക്രിസ്ത്യാനികളോട് വിവേചനം പുലര്‍ത്തുന്നത് എന്നത് പരിശോധിക്കേണ്ടതുണ്ട്. പുലയര്‍, പറയര്‍, കുറവര്‍, കണക്കര്‍, വേട്ടുവര്‍, അയ്നവര്‍ അങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 28 ലക്ഷത്തോളം ദലിത് ക്രിസ്ത്യാനികള്‍ കേരളത്തിലുണ്ട്. അവരെ കൂടെനിര്‍ത്തുന്നതായി ഭാവിച്ച് രാഷ്ട്രീയ, സാമൂഹിക,  സാംസ്കാരിക, വിദ്യാഭ്യാസ മേഖലകള്‍ പിടിച്ചടക്കുവാന്‍ സിറിയന്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ട്രസ്റ്റുകള്‍, റിസോര്‍ട്ടുകള്‍, ആതുരാലയങ്ങള്‍, സ്കൂളുകള്‍, കോളജുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ കേരളത്തിലും പുറത്തുമായി സവര്‍ണ്ണ ക്രൈസ്തവ സമൂഹം കെട്ടിപ്പൊക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും, രാജ്യത്തെ ബാധിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇവര്‍ക്ക് സ്വാധീനം ചെലുത്തുവാന്‍ സാധിച്ചിട്ടുണ്ട്. നഗ്നപാദനായി നടന്ന നസ്രായനായ യേശുക്രിസ്തുവിന്‍റെ അനുയായികള്‍ പാരമ്പര്യ ക്രിസ്ത്യാനികളായി വാഴ്ത്തപ്പെടുകയും അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നു വന്നവര്‍ പരിവര്‍ത്തിത ക്രിസ്ത്യാനികളുമായി മാറ്റപ്പെട്ടതിനു പിന്നില്‍ മതം, ദൈവം, വിശുദ്ധഗ്രന്ഥം എന്നിവ അധികാരരൂപമായി ഉപയോഗിക്കപ്പെട്ടതിന്‍റെ സാമൂഹിക ശാസ്ത്രം വിശകലനം ചെയ്യേണ്ടതുണ്ട്. 

 പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തില്‍ പി. ഭാസ്കരനുണ്ണി സുറിയാനി ക്രിസ്ത്യാനികളെപ്പറ്റി എഴുതിയത് ഇപ്രകാരമാണ് “ജാതി സംബന്ധമായ ഉച്ചനീചത്വം മതം മാറിയതിനുശേഷവും ഇക്കൂട്ടര്‍ വച്ചു പുലര്‍ത്തുകയുണ്ടായി. ക്രിസ്തുമതവിശ്വാസികളെന്നു പറയുന്ന സമയം തന്നെ ഏതു ജാതിയിലെ ക്രിസ്ത്യാനിയെന്നുകൂടി കണ്ടാണ് പെരുമാറിയിരുന്നത്. ബ്രാഹ്മണരില്‍നിന്നും നായന്മാരില്‍നിന്നും മാര്‍ഗ്ഗം കൂടിയവരെന്നു പറയുന്ന കൂട്ടര്‍ താണജാതിയില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരെ വീട്ടില്‍ കയറ്റിയിരുന്നില്ല”. ഈ നൂറ്റാണ്ടിലും പാരമ്പര്യ ക്രൈസ്തവര്‍ പിന്‍തുടരുന്ന ജാതിവിവേചനത്തിന് മാറ്റമുണ്ടായിട്ടില്ല എന്നാണ് കെവിന്‍ വധത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്. 1935-ല്‍ പാമ്പാടി ജോണ്‍ ജോസഫ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തില്‍ സവര്‍ണ്ണ ക്രൈസ്തവരില്‍ നിന്നും ഞങ്ങള്‍ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ വിവേചനം അനുഭവിക്കുന്നു എന്നു കാണിച്ച് നിവേദനം അയച്ചിട്ടുണ്ട്. ജോസഫ് പാമ്പാടി

കുര്‍ബ്ബാന സമയത്ത് അപ്പവും വീഞ്ഞും അവര്‍ക്കെറിഞ്ഞാണ് നല്‍കുന്നത് എന്നും അതില്‍ വിശദമാക്കിയിരുന്നു. റോബിന്‍ ജെഫ്രിയുടെ നായര്‍ മേധാവിത്വത്തിന്‍റെ പതനം എന്ന പുസ്തകത്തില്‍ “സുറിയാനിക്കാര്‍ തങ്ങള്‍ക്കിടയില്‍ തീണ്ടല്‍ ആചാരവിശ്വാസങ്ങളൊന്നും അംഗീകരിച്ചിരുന്നില്ല എങ്കിലും ബ്രാഹ്മണരിലേയ്ക്കും നായന്മാരിലേക്കും അശുദ്ധി കൊണ്ടുചെല്ലുന്നു എന്ന് കുറ്റം ചുമതത്തപ്പെടാതിരിക്കുന്നതിനു വേണ്ടി അവര്‍ താഴ്ന്ന ജാതിക്കാരുമായുള്ള ബന്ധങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രകടനപരമായ കരുതലുള്ളവരുമായിരുന്നു”  എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഡോ. അംബേദ്കര്‍ എഴുതിയത് “ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ മറ്റെല്ലാ ഇന്ത്യാക്കാരേയും പോലെ വംശം, ഭാഷ, ജാതി എന്നിവയാൽ വിഭജിക്കപ്പെട്ടവരാണ്. ഭാഷയുടേയും, വംശത്തിന്‍റെയും ജാതിയുടേയും അടിസ്ഥാനത്തിലുള്ള വിഭിന്നത കേവല ഭിന്നത മാത്രമായിരുന്നിട്ടും ഈ ഭിന്നതകള്‍ ഇല്ലാതാക്കി ബലവത്തായ ഒരു ഏകീകൃത ശക്തിയായി പ്രവര്‍ത്തിക്കുവാന്‍ അവരുടെ മതത്തിന് കഴിഞ്ഞിട്ടില്ല.” ഡോ. സാമുവല്‍ നെല്ലിമുകളിന്‍റെ റിപ്പോര്‍ട്ടില്‍ “സ്നാനപ്പെട്ടതിനുശേഷം അടിമപ്പള്ളിക്കുടത്തില്‍ ഞായറാഴ്ച കൂടിയ അടിമകളെ സുറിയാനി ക്രിസ്ത്യാനികള്‍ അടിച്ചോടിച്ചു. ശനിയാഴ്ച അവര്‍ പ്രാര്‍ത്ഥിക്കാതിരിക്കുവാന്‍ പള്ളിക്കുടത്തിന്‍റെ ഷെഡ് തീവച്ച് നശിപ്പിച്ചു” എന്നു കാണാം. കെവിന്‍റെ മരണം നടന്ന ഈ കാലഘട്ടത്തിലും ദളിത് ക്രിസ്ത്യാനികളോടുള്ള ജാതിവിവേചനം മാറിയിട്ടില്ല എന്നുള്ളത് ഏറെ ചിന്തനീയവും അഗാധപഠനം ആവശ്യമുള്ളതുമായ മേഖലയാണ്. നമ്മെ ചേര്‍ക്കാത്ത മതങ്ങളും നമ്മെ ശുദ്ധി ചെയ്യാത്ത വെള്ളവുമുണ്ടോയെന്ന പൊയ്കയില്‍ അപ്പച്ചന്‍റെ ചോദ്യം ഏറെ പ്രസക്തമാകുന്നത് ഇവിടെയാണ്. എന്നിട്ടും എന്താണ് തരംതിരിവ്. എന്നിട്ടും എന്താണ് അവര്‍ക്കിപ്പോഴും നമ്മള്‍ ശുദ്ധിയില്ലാത്തവരാകുന്നത് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. 

“പള്ളികൊണ്ടും യോജിപ്പില്ല
പട്ടംകൊണ്ടും യോജിപ്പില്ല
കര്‍മ്മാദികള്‍ കൊണ്ടശേഷം യോജിപ്പില്ല
പിന്നെ വിശ്വാസം കൊണ്ടെങ്ങനെ യോജിക്കും ഞാന്‍”

എന്നു പരസ്പരം യോജിക്കാത്ത സാഹചര്യങ്ങളെ പാട്ടിലൂടെയാണ് അദ്ദേഹം ചോദ്യമായി അവതരിപ്പിച്ചത്. കീഴാള ജനതയെ കേവലം അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല പകരം ഹീനരായും, പഴിക്കപ്പെട്ടവരായും, നിന്ദിക്കപ്പെട്ടവരായും ചരിത്രത്തില്‍ അവശേഷിച്ചവര്‍ എന്നര്‍ത്ഥത്തിലാണ് പൊയ്കയില്‍ അപ്പച്ചന്‍ അടയാളപ്പെടുത്തിയത്. ഇവര്‍ എത്തരത്തിലാണ് സവര്‍ണ്ണ ക്രിസ്ത്യാനികളില്‍ നിന്നും അപമാനിതരായി എന്നുള്ളതിന് ഉദാഹരണമാണ് താഴെപ്പറയുന്ന പാട്ടുകള്‍. 
1.

തെക്കൊരു പള്ളി
വടക്കൊരു പള്ളി
കിഴക്കൊരു പള്ളി
പടിഞ്ഞാറൊരു പള്ളി
തമ്പുരാനൊരു പള്ളി
അടിയാനൊരു പള്ളി
അക്കൂറ്റും ഇക്കൂറ്റും വെവ്വേറെ പള്ളി
പുലയനൊരു പള്ളി പറയനൊരു പള്ളി
മീന്‍പിടുത്തക്കാരന്‍ മരയ്ക്കാനൊരു പള്ളി
പള്ളിയോടു പള്ളി നിരന്നിങ്ങു വന്നിട്ടും
വ്യത്യാസം മാറി ഞാന്‍ കാണുന്നില്ല
.”

2.

പള്ളിയില്‍ പ്രസംഗിക്കുമ്പോള്‍
ഒരു തള്ളയിന്‍ പെങ്ങളേപ്പോലുര ചെയ്യും
പള്ളിപിരിഞ്ഞു വെളിയില്‍
പറക്കള്ളിയെന്നും പുലക്കള്ളിയെന്നും
ഉരചെയ്യും ഉര ചെയ്യും
എന്‍ മാന്യ കൂട്ടുസ്നേഹിതാ

പൊയ്കയില്‍ അപ്പച്ചന്‍റെ കാലഘട്ടത്തിലെ അവസ്ഥയില്‍ എഴുതിയ പാട്ട് എന്നതിനുമപ്പുറം ഇപ്പോഴും നിലകൊള്ളുന്ന സാമൂഹികാവസ്ഥ തന്നെയാണ്. കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് ഇന്നും ചേരമര്‍ ക്രിസ്ത്യന്‍പള്ളിയുണ്ട്.

അവിടെ പാരമ്പര്യ ക്രിസ്ത്യാനികള്‍ കടന്നുചെല്ലാറേയില്ല. മാത്രമല്ല ദലിത് ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങള്‍ പറപ്പള്ളി,  പുലപ്പള്ളി എന്ന് ഒരു മടിയും കൂടാതെ വിളിക്കപ്പെടുകയും ചെയ്യുന്നു. കെവിന്‍റെ മരണത്തിന് വഴിവെച്ചത് അതിഭീകരമായ ജാതി തന്നെയാണെന്നും ദാരിദ്ര്യമല്ലെന്നുമാണ് ഇത് കൃത്യമായി മനസ്സിലാക്കിത്തരുന്നത്. ഹൈറേഞ്ചിലെ കാട് വെട്ടിത്തെളിച്ച് ചോര നീരാക്കി പണിയെടുത്ത ക്രിസ്ത്യാനികളുടെ കഥ മുട്ടത്തുവര്‍ക്കിയടക്കമുള്ളവര്‍ വാഴ്ത്തിപ്പാടി. മദ്ധ്യകേരളത്തിലെ ക്രൈസ്തവ ജീവിതങ്ങള്‍ അടയാളപ്പെടുത്തിയ അദ്ദേഹത്തിന്‍റെ ജനപ്രിയകഥകളില്‍ കുടിയേറ്റ ക്രിസ്ത്യാനിയുടെ സ്ഥൈര്യവും പ്രയത്നശീലവും അച്ചടക്കബോധമുള്ള ആത്മീയതയും വാഴ്ത്തപ്പെട്ടു. അത്തരം കഥകള്‍ പില്‍ക്കാലത്ത്   അഭ്രപാളികളില്‍ എത്തി. കുടിയേറ്റ ക്രിസ്ത്യാനികള്‍, റബ്ബര്‍പ്ലാന്‍റേഷനുകള്‍ ഉണ്ടാക്കിയപ്പോഴും, എസ്റ്റേറ്റുകള്‍ ഉണ്ടാക്കിയപ്പോഴും അവിടെനിന്നും തുടച്ചുനീക്കപ്പെട്ടത് തദ്ദേശവാസികളായ ആദിവാസികളെയായിരുന്നു. ബൈബിളും കുരിശും ആയുധമാക്കി ഒരു ചോര പോലും പൊടിയാതെ തന്ത്രപരമായാണ് ഈ നീക്കം കേരളത്തില്‍ നടന്നത്. കേരളത്തിലെ ക്രൈസ്തവ കുടിയേറ്റങ്ങള്‍,രാഷ്ട്രീയമായും സാമൂഹികമായും, സാംസ്ക്കാരികമായും വരുത്തിയ പ്രതിഫലനങ്ങളെപ്പറ്റി മൈക്കിള്‍   തരകന്‍ നടത്തിയ പഠനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കേരളത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക ഭൂമിക നിര്‍ണ്ണയിക്കുന്ന ശക്തിയായി സുറിയാനി ക്രിസ്ത്യാനികള്‍ വളര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ ജനമനസ്സുകളില്‍ എത്തിച്ചത് അചഞ്ചലമായ വിശ്വാസത്തോടെ ഇവിടുത്തെ ദലിത് ക്രിസ്ത്യാനികളായിരുന്നു. ക്രൈസ്തവരിലെ ഒ.ബി.സി വിഭാഗങ്ങളായ ലത്തീന്‍ കത്തോലിക്കര്‍, നാടാര്‍ ക്രിസ്ത്യാനികള്‍ എന്നിവര്‍ വിവേചനം എന്തെന്നുള്ളത് സുറിയാനി ക്രിസ്ത്യാനികളില്‍ നിന്നും അനുഭവിച്ചിട്ടുള്ളവരാണ്. റോബിന്‍ ജെഫ്രിയുടെ ‘നായര്‍ മേധാവിത്വത്തിന്‍റെ പതനം’ എന്ന പുസ്തകത്തില്‍ പറയുന്നത് ഇപ്രകാരമാണ്. “16-ാം നൂറ്റാണ്ടില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ മാര്‍ഗ്ഗം കൂടിയ ലത്തീന്‍ കത്തോലിക്കര്‍ ജനസംഖ്യയില്‍ ആറുശതമാനം ഉണ്ടായിരുന്നു. അവര്‍ കടലോര പ്രദേശത്ത് കേന്ദ്രികരിച്ചു. സുറിയാനികളേക്കാള്‍ വളരെ താണ നിലയിലുള്ളവരായി എല്ലാവരും പരിഗണിക്കുകയും സുറിയാനികള്‍ അവരെ സശ്രദ്ധം മാറ്റിനിര്‍ത്തുകയും ചെയ്തു.” സവര്‍ണ്ണ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും വിവേചനം അനുഭവിച്ചുവരുന്ന ഒ.ബി.സി ക്രൈസ്തവര്‍ അടിസ്ഥാന ജനവിഭാഗങ്ങളായ  പറയ, പുലയ, കുറവ, വേട്ടുവ, കണക്ക അയ്നവ പാണവിഭാങ്ങളോട് ജാതീയമായ വേര്‍തിരിവ് കാണിക്കാറുണ്ട്. കേരളത്തിലെ മിക്കവാറും എല്‍.സി. പള്ളികളില്‍ ഒ.ബി.സിക്കാര്‍ക്കൊപ്പം ദലിത് ക്രൈസ്തവരും ആരാധനയില്‍ പങ്കുകൊള്ളുന്നുണ്ട്. ഒരേ ഇടവകയില്‍ ആകുമ്പോഴും പറയ, പുലയ, കുറവ വിഭാഗങ്ങളില്‍ നിന്നും വിവാഹബന്ധം ഉണ്ടാകാതെ നിലകൊള്ളുവാന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്. അടിസ്ഥാന ജനവിഭാഗത്തില്‍പ്പെട്ട ഒരാളെ പ്രണയവിവാഹം കഴിച്ചതിന്‍റെ പേരില്‍ ഒരേ പള്ളിയിലെ ഒ.ബി.സി ക്രൈസ്തവ പെണ്‍കുട്ടിയെ ഇപ്പോഴും വീട്ടില്‍ കയറ്റാത്ത സംഭവം ഇന്നും കേരളത്തിലുണ്ട്. ഇത്തരം ജാതി വിവേചനങ്ങള്‍ക്കെതിരെ അതാത് മതമേലധ്യക്ഷര്‍ മൗനം പാലിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ജാതി നിലനിര്‍ത്തിത്തന്നെയാണ് ഇത്തരം ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതും. 

19-ാം നൂറ്റാണ്ട് വരെ അടിമത്തം നിലനിന്നിരുന്നു. ഡോ.പി. സനല്‍മോഹന്‍ തന്‍റെ ‘മോഡേണിറ്റി ഓഫ് സ്ലേവറി’യില്‍ നിരവധി മിഷനറി റിപ്പോര്‍ട്ടുകളെ അധികരിച്ചുകൊണ്ടുതന്നെ ഈ മേഖലയില്‍ നടത്തിയ പഠനം വളരെ ശ്രദ്ധേയമാണ്. ഇംഗ്ലീഷുകാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ അടിമ വ്യാപാരത്തില്‍ പങ്കെടുത്തിരുന്നു എന്നതിനു രേഖകളുണ്ട്. ആളടിമകളായിരുന്ന അടിസ്ഥാന വിഭാഗങ്ങളാണ് പില്‍ക്കാലത്ത് കൂടുതലും ക്രിസ്തുമതത്തിലേക്ക് ചേക്കേറിയത്. അവര്‍ സവര്‍ണ്ണ ചട്ടക്കൂടിനകത്ത് എക്കാലവും വിവേചനം അനുഭവിച്ച് കൊണ്ടേയിരുന്നു. പൗരസ്ത്യ ക്രൈസ്തവരുടെ ആചാരങ്ങള്‍ക്കുമേല്‍ വന്‍തോതില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് റാഡിക്കല്‍ ചിന്താഗതികളുമായി പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ കടന്നുവന്നത്. ഭൂഖണ്ഡങ്ങള്‍ കടന്ന് പ്രൊട്ടസ്റ്റന്‍റ് സഭാപ്രവര്‍ത്തനങ്ങള്‍ കേരളത്തിലുമെത്തി. മദ്ധ്യതിരുവിതാംകൂറില്‍ കടന്നുവന്ന ഉണര്‍വ്വ്, വേര്‍പാട് യോഗങ്ങള്‍ കൊണ്ടുവന്ന പാട്ടും താളാത്മകതയും ഇഴചേര്‍ത്ത വിശ്വാസം നിരവധി ദലിത് ക്രൈസ്തവരെ പള്ളിവിട്ട് അത്തരം സഭകളിലേക്ക് ചേക്കേറുവാന്‍ പ്രേരിപ്പിച്ചു. ഒരേ ഫെയ്ത്ത് ഹോമില്‍ ഒരുമിച്ച് മറുഭാഷ പറഞ്ഞ യാക്കോബായ ക്രിസ്ത്യാനിയും, ക്നാനായ ക്രിസ്ത്യാനിയും, ദലിത് ക്രിസ്ത്യാനിയും ആത്മാവില്‍ അഭിഷേകം പ്രാപിച്ചെങ്കിലും വിവാഹക്കമ്പോളങ്ങളില്‍ പറയരും പുലയരുമടക്കമുള്ളവരെ അകറ്റിനിര്‍ത്തി. പാരമ്പര്യ ക്രൈസ്തവ സഭയിലെ മാമൂലുകള്‍ പൊട്ടിച്ചെറിഞ്ഞ പെന്തക്കോസ്ത് അനുഭാവികളുടെ കല്യാണപരസ്യങ്ങള്‍ ഏതാണ്ട് ഇപ്രകാരമാണ്. “യാക്കോബായ പെന്തക്കോസ്ത് യുവാവിന് യാക്കോബായയില്‍ നിന്നും രക്ഷിക്കപ്പെട്ട് പെന്തക്കോസ്ത് അനുഭവം പ്രാപിച്ച യുവതിയില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. “ പാരമ്പര്യ ക്രൈസ്തവസഭയിലെ മാമൂലുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്നാനപ്പെട്ട് കര്‍ത്താവില്‍ വീണ്ടും ജനിച്ചവര്‍ (Rebirth) എന്തുകൊണ്ടാണ് പറയരോ പുലയരോ കുറവരോ വേട്ടുവരോ ആയ പെന്തക്കോസ്തുകാരെ ജീവിതപങ്കാളിയായി പരിഗണിക്കുന്നില്ല എന്നതിന് കാരണം അവരുടെ ജാതിതന്നെയാണ്. പ്രമുഖ ഇവാഞ്ചലിസ്റ്റ് പി.ജി. വര്‍ഗീസ് കുടുംബസമാധാനം എന്ന തന്‍റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് “കുടുംബമായി കൂടിയാലോചിച്ച് വ്യക്തിത്വമുള്ള ഒരു തലമുറയെ കെട്ടിപ്പടുക്കുവാന്‍ തക്ക ഒരു കുടുംബപ്പേര് സ്വീകരിക്കുക. മലയാളിക്കും അല്ലാത്തവര്‍ക്കും പറയാനെളുപ്പമായതും ചെറുതുമായ പേര് വേണം സ്വീകരിക്കുവാന്‍, തലമുറകളെ കെട്ടിപ്പടുക്കുക!!”പഴയ കുടികിടപ്പിന്‍റെ ബാക്കിപത്രമായി ഏതെങ്കിലും സവര്‍ണ്ണ ക്രൈസ്തവ കുടുംബത്തിന്‍റെ പേരും ചുമന്ന് ജീവിക്കുന്ന / അതുമല്ലെങ്കില്‍ ഇന്നും ഭൂമിയില്ലാത്ത / കോളനികളില്‍ കഴിയുന്ന അടച്ചുറപ്പുള്ള വീടുകളില്ലാത്ത ദലിത് പെന്തക്കോസ്തുകളെയല്ല ഈ കുടുംബപ്പേര് സ്വീകരിക്കുവാനായി അദ്ദേഹം ക്ഷണിക്കുന്നത്. വിദേശങ്ങളില്‍ സ്വന്തം കുടുംബപ്പേര് അടക്കമുള്ള തറവാട്ടുമഹിമ ആഴത്തില്‍ പടര്‍ത്തി അന്തര്‍ദേശീയമാകുവാന്‍ അല്ലെങ്കില്‍ ആയിക്കൊണ്ടിരിക്കുന്ന സവര്‍ണ്ണ ക്രൈസ്തവ സമൂഹത്തോടാണ് അദ്ദേഹം അത് ആഹ്വാനം ചെയ്യുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. കെവിന്‍ എന്ന പുലയനായ ദലിത് ക്രിസ്ത്യാനിയുടെ മരണത്തിനിടയാക്കിയത് സവര്‍ണ്ണ ക്രൈസ്തവീകതയാണ്. അതിഭീകരമായ ആ ജാതി വിവേചനത്തെ കണ്ടില്ലെന്നു നടിക്കാനാവില്ല.   മുതുമുത്തച്ഛന്‍റെ തലമുറയില്‍പ്പെട്ടവര്‍ ബ്രാഹ്മണരില്‍ നിന്നും ക്രിസ്ത്യാനികളായി മാറിയ കുടുംബമഹിമയും, തറവാട്ടു മഹിമയും കുടുംബചരിത്രം എഴുതുമ്പോള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ക്ക്  പഴയ ആളടിമകള്‍ രക്ഷകനായി സ്വീകരിച്ച കര്‍ത്താവായ യേശുക്രിസ്തുവിനെ നോക്കിക്കാണാനാവില്ല. പകരം അവര്‍ ഏതു ജാതിയില്‍ നിന്നാണ് കടന്നുവന്നത് എന്നതിലേക്കാണ് കാഴ്ചയെത്തുക. സ്വര്‍ഗ്ഗവും സോഷ്യലിസവും ഒരു ജനതയ്ക്കു തന്ന് അധികാരവും പദവികളും വിശുദ്ധ ബൈബിളിന്‍റെ മറവില്‍ പിടിച്ചടക്കിയ ജാതി വിവേചനമാണ് കണ്ണ് ചൂഴ്ന്നെടുത്ത് കെവിനെ ഇല്ലാതാക്കിയത്. കേരളം വരുംകാലങ്ങളില്‍ ആയുധമില്ലാതെ നടത്തിയ ഈ അധിനിവേശത്തെ ചോദ്യം ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ഇനിയും കെവിന്‍മാര്‍ നഷ്ടപ്പെട്ടുകൊണ്ടരിക്കും. കെവിന്‍റെ മരണം ദാരിദ്ര്യാധിഷ്ഠിത വിവേചനമല്ല ജാത്യാധിഷ്ഠിത ദുരഭിമാനക്കൊലയാണ്. പൂര്‍ണ്ണമായും “Caste based murder” തന്നെയാണത്. അതേ, കെവിന്‍ കേരളത്തിലെ 28 ലക്ഷം ദലിത് ക്രിസ്ത്യാനികളില്‍പ്പെട്ട ഒരു യുവാവായതുകൊണ്ടു മാത്രമാണ് ഇത്തരത്തില്‍ അരുംകൊല ചെയ്യപ്പെട്ടത്.


Comments

comments