“കാരണം എനിക്ക് തോന്നുന്നത് ഭരണഘടന എത്ര നന്നായാലും ഒരുപാട് മോശം ആളുകൾ അതിൽ പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ അതും മോശമായിത്തീരും. ഭരണഘടനക്ക് നിയമനിർമ്മാണ സഭ, നിർവ്വഹണ നീതിന്യായ വിഭാഗം തുടങ്ങി രാഷ്ട്രത്തിന്റെ ഘടകങ്ങളെ നൽകാനേ സാധിക്കൂ. അവയുടെ പ്രവർത്തനം ആശ്രയിക്കുന്നത് തങ്ങളുടെ ആഗ്രഹങ്ങളും രാഷ്ട്രീയവും നടപ്പിലാക്കാനായി ഇതിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും ആളുകളെയുമാണ്…
… ഈ ഒരു ജനാധിപത്യ സമ്പ്രദായം ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. രണ്ടാമത് ഒരിക്കൽക്കൂടി ഇന്ത്യക്ക് അത് നഷ്ടപ്പെടുമോ? എനിക്കറിയില്ല. ഏറെക്കാലത്തെ ഉപയോഗരാഹിത്യം കൊണ്ടു ഇന്ത്യ പോലൊരു രാജ്യത്ത് ജനാധിപത്യത്തെ തീർത്തും പുതുതായി പരിഗണിക്കാനുള്ള സാധ്യത ഏറെയാണ്. ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറാനുള്ള അപകടസാധ്യതയുണ്ട്. ഈ പുതുതായി പിറന്ന ജനാധിപത്യം രൂപത്തിൽ മാത്രമാവുകയും യഥാർത്ഥത്തിൽ ഏകാധിപത്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഏതെങ്കിലും ഒരു കക്ഷിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചാൽ രണ്ടാമത് പറഞ്ഞത് സത്യമാകാനുള്ള സാധ്യതയും കൂടുന്നു
.”

 (Dr. B. R.അംബേദ്കർ 1949 നവംബർ 25 ഭരണഘടനാ നിർമ്മാണ സഭയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്)

യു എ പി എ നിയമഭേദഗതികൾ, അതിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങൾ, അതിന്‍റെ സ്വാഭാവിക പരിണിത ഫലങ്ങൾ, ഭേദഗതികളുടേയും ഭേദഗതികൾ പാർലിമെന്റിൽ അവതരിപ്പിച്ചു വിജയിപ്പിച്ചതിലേയും നിയമ-ഭരണഘടനാ വിരുദ്ധത തുടങ്ങിയവ ഇതിനോടകം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ വ്യക്തി സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും ഹനിക്കുന്ന നിയമ നിർമ്മാണം സാധ്യമാകുന്നത് എങ്ങനെയാണ്, വ്യക്തി സ്വാതന്ത്ര്യവും ഭരണകൂടത്തിന്‍റെ അധികാരങ്ങളും തമ്മിലും നിയമനിർമ്മാണസഭയും നീതിന്യായവിഭാഗവും തമ്മിലും ഇത്തരം നിയമങ്ങളുടെ നിര്‍മാണത്തിന്റേയും വ്യാഖ്യാനത്തിന്റേയും തലത്തിൽ ഉയർന്നു വരുന്ന സംഘർഷങ്ങളും വൈരുധ്യങ്ങളും എന്തൊക്കെയാണ്, ഇന്ത്യൻ ഭരണഘടനയിൽ എങ്ങനെയാണ് വ്യക്തി സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഉൾച്ചേർത്തിരിക്കുന്നത്, അവയുടെ അടിസ്ഥാനമായ നിയമതത്വങ്ങൾ എന്തെല്ലാമാണ്, എങ്ങനെയാണ് ഇവിടുത്തെ ഉന്നത നീതിപീഠം ഈ ഭരണഘടനാ അനുച്ഛേദങ്ങളെയും തത്വങ്ങളെയും വ്യാഖ്യാനിച്ചത് എന്നെല്ലാമാണ് ഇവിടെ പരിശോധിക്കാൻ ശ്രമിക്കുന്നത്. ഇത് യൂ എ പി എ നിയമത്തിന് മാത്രമല്ല, അത്തരം വ്യക്തികളുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങൾക്കും ബാധകമാണ് എന്നുകൂടി കൂട്ടിച്ചേർക്കട്ടെ. 

നീതിയാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനവും ആത്യന്തിക ലക്ഷ്യവും. അതുകൊണ്ടുതന്നെ ഒരു രാഷ്ടത്തിലെ ജനാധിപത്യത്തിന്‍റെ സൂചിക, അത് അവിടുത്തെ ജനങ്ങളുടെ അവകാശങ്ങളെ എത്രമാത്രം മാനിക്കുന്നു, സംരക്ഷിക്കുന്നു, എത്രമാത്രം നീതിയുക്തമായ ഒരു നിയമവാഴ്ച്ച (rule of law ) ആ രാജ്യത്ത് നിലനിൽക്കുന്നു എന്നതിനെയെല്ലാം അടിസ്ഥാനമാക്കിയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളാണ് ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (right to life and liberty). ഇന്ത്യൻ ഭരണഘടനയുടെ 21-ആം അനുച്ഛേദത്തിലാണ് ഇത് ഉൾച്ചേർത്തിരിക്കുന്നത്. നിയമത്താൽ സ്ഥാപിതമായ മാർഗ്ഗത്തിലൂടെയല്ലാതെ ഒരു വ്യക്തിയുടേയും ജീവനോ സ്വാതന്ത്ര്യമോ ഹനിക്കാൻ പാടില്ല എന്നാണ് അനുച്ഛേദം 21 പറയുന്നത് (No person shall be deprived of his life or personal liberty except according to procedure established by law ). 1215ലെ മാഗ്നാ കാർട്ടയിൽ 39-ആം വകുപ്പാണ് ഈ അവകാശത്തിന്‍റെ പ്രഭവ കേന്ദ്രം. അത് ഇങ്ങനെയാണ്: “No free man is to be arrested, or imprisoned, or disseised, or outlawed, or exiled, or in any other way ruined, nor will we go against him or send against him, except by the lawful judgment of his peers or by the law of the land. ”  ഇതിൽ ‘law of the land ‘ എന്നതിൽ നിന്നാണ് due process എന്ന നിയമ തത്വം വികസിച്ചു വരുന്നത്. വ്യക്തികൾക്കുള്ള അവകാശങ്ങളെ രാഷ്ട്രം മാനിക്കണം എന്നാണ് due process എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. രാഷ്ട്രം നിയമത്തിന് വിധേയമായിരിക്കുകയും വ്യക്തികളുടെ അവകാശങ്ങളിലേക്ക് രാഷ്ട്രം അനിയന്ത്രിതമായി കടന്നുകയറുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. Due process എന്നതിന് നിർമ്മാണ തലവും (substantive aspect ) നിർവ്വഹണ തലവുമുണ്ട് (procedural aspect ). 

രാഷ്ട്രം ഒരു നിയമം നിർമ്മിക്കുകയും ആ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ വ്യക്തികളുടെ അവകാശങ്ങളെ നിയന്ത്രിക്കുന്നതിന് ആ നിയമത്തിൽ തന്നെ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, ആ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിട്ടാണോ നിയമം പ്രയോഗിച്ചത് എന്ന് പരിശോധിക്കുന്നതാണ് അതിന്‍റെ നിർവ്വഹണ തലം. അതേ സമയം ആ നിയമം തന്നെ ശരിയാണോ, നിയമം നീതിയുക്തവും ന്യായീകരിക്കത്തക്കതും അനിയന്ത്രിതാധികാരങ്ങൾ ഇല്ലാത്തതുമാണോ എന്നെല്ലാം പരിശോധിക്കുന്നതാണ് നിർമ്മാണതലം. ഇത് സ്വാഭാവിക നീതിയുടെ (Natural justice) കൂടി ഭാഗമാണ്. നിയമനിർമ്മാണ തലത്തിലും നിർവ്വഹണ തലത്തിലും വ്യക്തിക്ക് നീതി ഉറപ്പ്‌ വരുത്തുക എന്നതാണ് due process. നിയമ നിർവ്വഹണം നിയമത്തിന് അനുസൃതമാകണം. ഒരു നിയമം നിർമ്മിക്കാൻ നിയമനിർമ്മാണ സഭക്ക് അധികാരം ഉണ്ടായിരിക്കും; ആ അധികാരപരിധിക്കുള്ളിൽ (legislative power ) നിന്നുകൊണ്ടു തന്നെയായിരിക്കും നിയമം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെ നിർമ്മിച്ച നിയമം ശരിയായ നിയമമാണോ, നീതിയുക്തമാണോ നീതിയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമുണ്ടോ എന്നെല്ലാം പരിശോധിക്കുന്നതാണ് നിർമ്മാണ തലം. പല നിയമങ്ങളും നിയമ നിർമ്മാണാധികാരത്തിൽ പെട്ടതും നിയമനിർമ്മാണ സഭയുടെ വീക്ഷണത്തിൽ ശരിയായതുമായിരിക്കും. എന്നാൽ നിർമ്മാണ തലത്തിൽ പരിശോധിക്കുമ്പോൾ അവ പലതും ഭരണഘടനാ വിരുദ്ധവും റദ്ദ് ചെയ്യപ്പെടേണ്ടതുമാകും. നിർമ്മാണ തലത്തിലും നിർവ്വഹണ തലത്തിലുമുള്ള due process ഒരു ജനാധിപത്യ രാഷ്ട്രത്തിന്‍റെ നിയമ സംഹിതയിൽ ഉണ്ടെങ്കിൽ മാത്രമേ വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ രാഷ്ട്രം/ഭരണകൂടം നടത്തുന്ന അനിയന്ത്രിതമായ കടന്നുകയറ്റത്തെ ചെറുത്തുകൊണ്ട് വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിയമവാഴ്ച്ച ഉറപ്പ്‌ വരുത്താനും സാധിക്കൂ. ഇംഗ്ലണ്ടിൽ ഈ നിയമതത്വം കാലങ്ങളിലൂടെ വികസിച്ചു വരികയും (customary precedent) ഇംഗ്ലീഷ് നിയമവ്യവസ്ഥയുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ പ്രത്യക്ഷമായിത്തന്നെ ഭരണഘടനയിൽ ഇത് ഉൾപ്പെടുത്തിയിരിക്കുന്നു. പത്തു ഭരണഘടനാ ഭേദഗതികൾ വഴിയാണല്ലോ മനുഷ്യാവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ ഉൾച്ചേർക്കുന്നത്. ഇതിൽ അഞ്ചാമത്തെ ഭേദഗതിയാണ് നീതിയുക്തമായ മാർഗ്ഗത്തിലൂടെ അല്ലാതെ വ്യക്തികളുടെ ജീവനും സ്വാതന്ത്ര്യവും സ്വത്തും നിഷേധിക്കാൻ പാടില്ല എന്ന് വ്യവസ്‌ഥ ചെയ്യുന്നത്. (Person’s life, liberty or property would not be deprived without due process of law). ആദ്യം ഇത് ഫെഡറൽ നിയമങ്ങൾക്ക് മാത്രമാണ് ബാധകമായിരുന്നത് എങ്കിൽ പതിന്നാലാം ഭേദഗതി വഴി സംസ്ഥാന നിയമങ്ങൾക്ക് കൂടി ബാധകമാക്കി. 

രാഷ്ട്രം വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ട ഭരണകൂടത്തിന്‍റെ തന്നെ സ്ഥാപനം നീതിന്യായ വിഭാഗമാണ് (judiciary). നേരത്തെ പറഞ്ഞത് പോലെ രാഷ്ട്രത്തിനെതിരെ വ്യക്തികളുടെ അവകാശങ്ങൾ പ്രതിരോധിക്കുന്നതിന് നീതിന്യായ സംവിധാനത്തിന് നിയമ സംവിധാനം നൽകുന്ന അടിസ്ഥാനം ആണ് due process. Due process നിയമ സംവിധാനത്തിന്‍റെ ഭാഗമായാൽ അനിവാര്യമായും സംഭവിക്കുന്നത് നിയമനിർമ്മാണസഭ നിർമ്മിക്കുന്ന ഓരോ നിയമവും നിശിതമായ നീതിന്യായ പരിശോധനക്ക് (judicial review) വിധേയമാക്കപ്പെടും എന്നതാണ്. ഓരോ നിയമങ്ങളും വ്യക്തികൾ കോടതികളിൽ ചോദ്യം ചെയ്യുകയും പലതും കോടതികൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു റദ്ദാക്കുകയും ചെയ്യും. ജനകീയ ഇച്ഛയാൽ തെരെഞ്ഞെടുക്കപ്പെട്ട ഒരു നിയമനിർമ്മാണ സഭയുടെ തീരുമാനങ്ങൾ ആണ് ഇങ്ങനെ ഏതാനും ന്യായാധിപരുടെ വിവേചന ബുദ്ധികൊണ്ട് വിധി നിർണയിക്കപ്പെടുന്നത്. പലപ്പോഴും സാമൂഹിക പുരോഗതിക്ക് അനിവാര്യമായ നിയമങ്ങൾ പോലും നീതിന്യായ പരിശോധനയിൽ പരാജയപ്പെട്ട് പുറത്താക്കപ്പെടും. രാഷ്ട്രത്തിന്‍റെ താൽപ്പര്യം എന്താണ് എന്നതിൽ ഭരണകൂടത്തിന്‍റെ രണ്ടു വിഭാഗങ്ങളായ നിയമനിർമ്മാണസഭയും നീതിന്യായവിഭാഗവും തമ്മിൽ സംഘർഷത്തിൽ ആകും. ഈ ഒരു വൈരുദ്ധ്യം due process എന്ന സങ്കൽപനത്തിൽ അടങ്ങിയിട്ടുണ്ട്. 

ഇന്ത്യൻ ഭരണഘടനാ നിർമ്മാതാക്കളേയും ഈ പ്രശ്നം അലട്ടിയിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ചത് ഈ അനുഛേദത്തെക്കുറിച്ചാണ് (കരടിൽ അനുച്ഛേദം 15, ഇപ്പോൾ 21). കൊളോണിയൽ നിയമസംവിധാനത്തിന് കീഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട, അതിനെതിരെ സമരം ചെയ്ത ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായവർ ആയിരുന്നു ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ. സാമ്രാജ്യത്വ നിയമസംവിധാനത്തിന്‍റെ എല്ലാവിധ അടിച്ചമർത്തലുകളും അനുഭവിച്ചവർ. അവർക്ക് ഈ അടിച്ചമർത്തൽ നിയമങ്ങളെ കുടഞ്ഞെറിഞ്ഞു വ്യക്തികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കണം എന്നുണ്ടായിരുന്നു. അതേസമയം വർഗ്ഗീയതയുടേയും വിഭജനത്തിന്റേയും പ്രത്യക്ഷ അനുഭവങ്ങൾ. ഭൂപരിഷ്കരണം പോലുള്ള സാമൂഹിക പുരോഗതിക്ക് വേണ്ടിയുള്ള അടിസ്ഥാന നിയമ നിർമ്മാണം നടത്താൻ due process തടസ്സമാവുമോ എന്ന ആശങ്കയും അംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പക്ഷേ ഈ ആശങ്കകൾ ഒക്കെ നിലനിൽക്കുമ്പോഴും, വ്യക്തി സ്വാതന്ത്ര്യം ഉറപ്പ്‌ വരുത്തുന്ന നിലയിൽ due process ഉൾപ്പെടുത്തിത്തന്നെയാണ് ഉപദേശക സമിതി കരട് തയ്യാറാക്കിയത്. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ ആയിരുന്നു  ഡോ. ബി. എൻ. റാവു. 1947 ഒക്ടോബറിൽ കരട് പ്രസിദ്ധീകരിക്കുന്ന സമയത്ത് റാവു ‘liberty ‘ എന്നതിനോടുകൂടി ‘personal ‘ എന്നുകൂടി ചേർത്തു. ലിബർട്ടിയെ പേർസണൽ ലിബർട്ടി മാത്രമാക്കി ചുരുക്കിയത് വ്യക്തിസ്വാതന്ത്ര്യത്തെ വളരെയധികം പരിമിതപ്പെടുത്താൻ ഇടയാക്കി എന്ന് ഭരണഘടനാ പഠിതാക്കൾ പിന്നീട് വിലയിരുത്തിയിട്ടുണ്ട്. 

ഈ സമയത്തു തന്നെ റാവു ഭരണഘടനാ നിർമ്മാണത്തെക്കുറിച്ചു നിയമജ്ഞരും ഭരണഘടനാ വിദഗ്ധരുമായി ചർച്ച ചെയ്യുന്നതിനായി അമേരിക്ക, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇതിൽ അമേരിക്കയിൽ വെച്ച് ജസ്റ്റിസ് ഫെലിക്സ് ഫ്രാങ്ക്ഫെർട്ടറുമായി (Justice Felix Frankfurter ) സംസാരിക്കാൻ ഇടവന്നത് വളരെ നിർണ്ണായകമായി. Due process എന്ന സങ്കല്‍പം നിയമനിർമ്മാണസഭയുടെ അധികാരങ്ങളെ എത്രമാത്രം പരിമിതപ്പെടുത്തുന്നു എന്ന്‌ അദ്ദേഹം റാവുവിനെ ബോധ്യപ്പെടുത്തി. തിരിച്ചു വന്ന റാവുവിന് കരട് നിർമ്മാണ കമ്മിറ്റിയെ (drafting committee ) തന്‍റെ ചിന്തകൾ ബോധ്യപ്പെടുത്താൻ സാധിച്ചില്ല. കരട് കമ്മിറ്റിയിൽ അംബേദ്കർ, മുൻഷി, അയ്യർ, സാദുള്ള എന്നിവർ due process ന് അനുകൂലമായി നിന്നു. എൻ ജി അയ്യങ്കാർ, ഖൈത്താൻ, മാർവാരി എന്നിവർ എതിരായും. Due process ഒഴിവാക്കണം എങ്കിൽ അനുകൂലമായി നിൽക്കുന്ന നാലുപേരിൽ ഒരാൾ അപ്പുറത്തേക്ക് മാറണം. അയ്യങ്കാരുടെ നിരന്തരമായ പ്രേരണയിൽ അയ്യർ പ്രതികൂലികളുടെ കൂട്ടത്തിലേക്ക് മാറി. 1948 ജനുവരി 30ന് ഗാന്ധി ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോൾ വർഗീയതയെ ചെറുക്കാനുള്ള നിയമ നിർമ്മാണത്തിന് due process ഒഴിവാക്കണം എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ആ  പ്രചാരണത്തിന് സ്വീകാര്യത ലഭിക്കുകയും ചെയ്തു. അങ്ങനെ due process എന്നത് മാറ്റി ‘according to procedure established by law ‘ എന്നാക്കി മാറ്റി. പക്ഷേ കരട് ഭരണഘടനാ നിർമ്മാണ സഭയിൽ അവതരിപ്പിച്ചപ്പോൾ ശക്തമായ പ്രതിഷേധങ്ങൾ ആണ് ഉയർന്നത്. നിരവധി ഭേദഗതികൾ അവതരിപ്പിക്കപ്പെട്ടു. കരട് കമ്മിറ്റിയിൽ ഉണ്ടായിരുന്ന കെ എം മുൻഷി തന്നെ പ്രതിഷേധത്തിന് നേതൃത്വം നൽകി. മുൻഷിയുടെ നിർബന്ധത്തിൽ കരട് കമ്മിറ്റി 1948 മാർച്ചിൽ ഈ അനുച്ഛേദം പുനഃപരിശോധിക്കാൻ തയ്യാറായെങ്കിലും due process തിരിച്ചു കൊണ്ടുവരാൻ വിസമ്മതിച്ചു. 1948 ഡിസംബർ 13ന് ഭേദഗതികളെല്ലാം തള്ളിക്കൊണ്ട് കരട് അതേരൂപത്തിൽ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചു. പൊതുജന അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർപ്പ് ഉയർന്നതും ഈ അനുച്ഛേദത്തിനെതിരെയായിരുന്നു. 

ഈ സമയങ്ങളിൽ പ്രവിശ്യകളിൽ നിലവിലുണ്ടായിരുന്ന കരുതൽ തടങ്കൽ നിയമങ്ങളുടെ പ്രയോഗങ്ങൾ ഇത് എത്രമാത്രം മൗലികാവകാശങ്ങളുടെ നിഷേധത്തിന് അവസരം ഒരുക്കുമെന്ന് അംഗങ്ങളിൽ ഭയപ്പാടുണ്ടാക്കി. തങ്ങൾ ദുർബ്ബലപ്പെടുത്തിയ വ്യക്തി സ്വാതന്ത്ര്യത്തെ എങ്ങനെ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ചിന്തിക്കാൻ അവർ നിര്‍ബന്ധിതരായി. 1949 മെയ്‌ മാസത്തിൽ നിരവധി അംഗങ്ങൾ ഭരണ നിർവ്വഹണ വിഭാഗത്തിന് (executive ) വ്യക്തികളെ തടവിലാക്കാൻ ഉള്ള അധികാരത്തെ നിയന്ത്രിക്കുന്നതിന് നിരവധി ഭേദഗതികൾ കൊണ്ടുവന്നു. ഒടുവിൽ ഭരണഘടന അവസാനമായി അംഗീകരിക്കാനുള്ള സമയം കൂടി അടുത്ത് വന്നപ്പോൾ ഒത്തുതീർപ്പെന്ന നിലയിൽ അംബേദ്കർ 1949 സെപ്റ്റംബർ 15 ന് 15A (ഇപ്പോൾ 22) എന്നൊരു പുതിയ അനുച്ഛേദം കൊണ്ടുവരികയും ഭരണകൂടം കരുതൽ തടങ്കൽ വഴി വ്യക്തി സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമ്പോൾ പാലിക്കേണ്ട നിരവധി നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇന്ന് കാണുന്ന രൂപത്തിൽ 21, 22 അനുച്ഛേദങ്ങൾ നിലവിൽ വന്നു. അംബേദ്കറുടെ വാദങ്ങൾക്ക് അംഗങ്ങൾ വഴിപ്പെടുകയായിരുന്നു, അർദ്ധ മനസ്സോടെ. ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ കരട് അംഗങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ അംബേദ്കർ ബാധ്യസ്ഥനായിരുന്നു. അതുകൊണ്ടാണ് due process ന് അനുകൂലമായിട്ടും അംബേദ്കറിന് തിരിച്ചു വാദിക്കേണ്ടി വന്നത്. ഇതിനെക്കുറിച്ച് ഭരണഘടനാ ചരിത്രകാരനായ ഗ്രാൻവില്ലി ഓസ്റ്റിൻ (Granville Austin) പറയുന്നത് തന്‍റെ വാദങ്ങൾ അംബേദ്കർ തന്നെ വിശ്വസിച്ചിരുന്നോയെന്ന് സംശയമാണെന്നാണ്. 

അങ്ങനെ വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനും തടവിലിടാനും അതിന് നിയമനിർമ്മാണം നടത്താനും  ഭരണകൂടത്തിന് അനുവാദം നൽകുന്ന അനുച്ഛേദങ്ങൾ ഭരണഘടനയിൽ തന്നെ ഉൾച്ചേർക്കപ്പെട്ടു. അത്തരം നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യാനും അവ പരിശോധിക്കാൻ കോടതികൾക്ക് അധികാരം നൽകുന്ന due process എന്നത് അതിന്‍റെ നിർവ്വഹണ തലത്തിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഭരണഘടന നിലവിൽ വന്ന് ഉടനെ തന്നെ ഈ പരിമിതി അനുഭവത്തിൽ വരികയും ചെയ്തു. അതാണ് പ്രസിദ്ധമായ എ. കെ. ഗോപാലൻ കേസ്. മുപ്പതുകളിൽ കോൺഗ്രസ്‌ സോഷ്യലിസ്റ്റ് പാർട്ടിയിലും 1951ഇൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അഖിലേന്ത്യാ കിസാൻ സഭയുടെ പ്രസിഡന്റുമായിരുന്ന എ. കെ. ഗോപാലൻ എന്ന എ. കെ. ജി നിരന്തരമായ സമരങ്ങളിലൂടെ എന്നും ജയിലിന് അകത്തും പുറത്തുമായിരുന്നു. 1950ലെ കരുതൽ തടങ്കൽ നിയമപ്രകാരം എ. കെ. ജിയെ തടവിലാക്കി. ഇതിനെതിരെ ഹേബിയസ് കോർപ്പസ് ഹർജി വഴി സുപ്രീകോടതിയെ സമീപിക്കുകയായിരുന്നു എ. കെ. ജി. 1950ലെ കരുതൽ തടങ്കൽ നിയമം ഭരണഘടനയിലെ അഭിപ്രായപ്രകടനത്തിനും ആശയപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യം (അനുച്ഛേദം 19(1)(a )) സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം (19(1)(d )) ജീവിക്കാനുള്ള അവകാശം (അനു. 21) എന്നിവയുടെ ലംഘനമാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. Due process ന്‍റെ നിർവ്വഹണ തലം മാത്രമേ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ളൂ എന്നതുകൊണ്ട് പാർലിമെന്റിന് നിയമ നിർമ്മാണ അധികാരം ഉപയോഗിച്ച് നിർമ്മിച്ച നിയമത്തിന്‍റെ സാധുത സുപ്രീകോടതി ശരിവച്ചു. ജസ്റ്റിസ് ഫസൽ അലി മാത്രം ഭൂരിപക്ഷ വിധിന്യായത്തിന് വിയോജിപ്പ് എഴുതി. അദ്ദേഹം പറഞ്ഞു സ്വാഭാവിക നീതി പൊതുനിയമത്തിന്‍റെ ഭാഗമാണ് അതുകൊണ്ട് നിയമങ്ങൾ അനുച്ഛേദം 21ന് വിരുദ്ധമാകാൻ പാടില്ല എന്ന്‌. നിയമത്തിന്‍റെ പ്രയോഗം മാത്രമേ പരിശോധിക്കാൻ കഴിയൂ എന്നത് പൊതുസമൂഹത്തിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. കൽക്കട്ട ഹൈക്കോടതി ജഡ്ജ് ആയിരുന്ന ജസ്റ്റിസ് സെന്നിന്‍റെ ഒരു വാക്യം ഉദ്ധരിച്ചു കൊണ്ട് അന്ന് ഉത്തർപ്രദേശ് ഗവർണ്ണർ ആയിരുന്ന ഹോമിമോഡി രാഷ്‌ട്രപതി രാജേന്ദ്രപ്രസാദിന് എഴുതി: “നീതിന്യായ വിഭാഗം പരിമിതമായ അധികാരം മാത്രമുള്ള നിയമ നിർമ്മാണ സഭയായി മാറിയിരിക്കുന്നു. ഭരണ നിർവ്വഹണ വിഭാഗം നീതിന്യായ വിഭാഗമായും മാറിയിരിക്കുന്നു, അതിന്‍റെ തീരുമാനം അന്തിമവും.” പിന്നീട് വന്ന നിരവധി കേസുകളിലൂടെ എ. കെ. ഗോപാലൻ വിധിന്യായം സൃഷ്ടിച്ച പരിമിതികളെ മറികടക്കാനും due process എന്ന തത്വത്തെ വികസിപ്പിക്കാനും അതിന്‍റെ രണ്ടു തലങ്ങളേയും ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ഭാഗമാക്കാനും സുപ്രീം കോടതി പരിശ്രമിച്ചു. അത് പൂർണ്ണതയിൽ ഏതാണ്ട് എത്തിച്ചത് മനേകാ ഗാന്ധി കേസും. വിദേശത്ത് ഒരു പ്രഭാഷണത്തിന് പോകാനിരുന്ന മനേകാ ഗാന്ധിയുടെ പാസ്പോർട്ട്‌ അന്നത്തെ ഭരണകൂടം പാസ്പോർട്ട്‌ നിയമം ഉപയോഗിച്ച് തടഞ്ഞു വെക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ളതായിരുന്നു മനേകാ ഗാന്ധിയുടെ ഹർജി. ഏഴംഗ ഭരണഘടനാ ബെഞ്ച്  ഏതൊരു നിയമവും just fair and reasonable ആയിരിക്കണം എന്ന് വിധിച്ചു. പിന്നീട് സുനിൽ ബത്രയുടെ കേസിൽ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ ഇന്ത്യൻ ഭരണഘടനയിൽ due process ഇല്ലെങ്കിലും കൂപ്പർ മനേകാ ഗാന്ധി കേസുകൾക്ക് ശേഷം ഫലത്തിൽ അത് ഉൾച്ചേർന്നിരിക്കുന്നു എന്ന് പറഞ്ഞു വെച്ചു. എ. കെ. ഗോപാലൻ കേസിനെ മറികടക്കാൻ സുപ്രീം കോടതി ഉപയോഗിച്ച നീതിന്യായ ചിന്തകളുടെ പരിമിതികളും ദൗർബ്ബല്യങ്ങളും തെറ്റുകളും വരെ സീർവ്വായിയെപ്പോലുള്ള ഭരണഘടനാ വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിരുന്നാലും ഭരണഘടനയിൽ തന്നെയുള്ള ഒരു പരിമിതിയെ ഭരണഘടനാ സങ്കല്പങ്ങൾ വികസിപ്പിച്ചു കൊണ്ട് മറികടക്കാനും വ്യക്തികളുടെ സ്വാതന്ത്ര്യം പരിരക്ഷിക്കാനുമാണ് സുപ്രീകോടതി വിവിധ കാലങ്ങളിലെ വിധിന്യായങ്ങളിലൂടെ പരിശ്രമിച്ചത്. എന്നാൽ ഒരുവശത്തു പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, മറുവശത്തു ചോർന്നു പോകുന്നുണ്ട് എന്നതാണ് യാഥാർഥ്യം. അതിന് കാരണമാകുന്നത് മുൻഷിയെപ്പോലുള്ളവർ ഭരണഘടനാ നിർമ്മാണ സഭയിൽ തന്നെ ചൂണ്ടിക്കാണിച്ച ഭരണഘടനയിൽ തന്നെയുള്ള ഈ 
ദൗർബ്ബല്യമാണ്. 

ഇന്ത്യയിൽ നടപ്പിലാക്കിയ ഭീകരവാദ വിരുദ്ധ നിയമങ്ങളുടെ ചരിത്രം പരിശോധിക്കുക. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷമാണ് ടാഡ നടപ്പിലാക്കുന്നത്. അന്ന് ഭീകരവാദ അന്തരീക്ഷം നിലവിലുണ്ടായിരുന്ന പഞ്ചാബിന് മാത്രമായി ഉദ്ദേശിക്കപ്പെട്ടതാണെങ്കിലും പിന്നീട് 23 സംസ്ഥാനങ്ങളിലേക്കും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ടാഡയുടെ പ്രയോഗം എങ്ങനെയായിരുന്നു?  കണക്കുകൾ പറയുന്നത് ഈ നിയമം ന്യൂനപക്ഷങ്ങൾക്ക് എതിരേയായിരുന്നു എന്നാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ കണക്ക് പ്രകാരം രാജസ്ഥാനിൽ ടാഡ പ്രകാരം തടവിലാക്കപ്പെട്ട 432 പേരിൽ 409 പേരും ന്യൂനപക്ഷ മതത്തിൽപ്പെട്ടവരായിരുന്നു. 1993 ആകുമ്പോഴേക്കും ഗുജറാത്തിൽ 19,000 പേർ ടാഡ പ്രകാരം തടവിലാവുകയും അതിൽ ഭൂരിപക്ഷവും ന്യൂനപക്ഷ മതത്തിൽപ്പെട്ടവരുമായിരുന്നു. ബീഹാറിൽ ഭൂവുടമൾക്കെതിരെ സമരം ചെയ്തവരും ഭൂമിക്കും വെള്ളത്തിനും വേണ്ടി സമരം ചെയ്ത ദളിതരേയുമാണ് ഭീകരവാദികളാക്കി ടാഡ പ്രകാരം തടവിലിട്ടത്. അതേസമയം ദളിതരെ കൊന്നവർക്കെതിരെ ടാഡ ചുമത്തിയതുമില്ല. മുംബൈ സ്‌ഫോടനക്കേസിൽ യാക്കൂബ് മേമൻ തൂക്കിലേറ്റപ്പെട്ടു. എന്നാൽ മുംബൈ കലാപത്തിൽ ന്യൂനപക്ഷങ്ങൾക്ക് എതിരെ അക്രമം നടത്തിയവർ ശിക്ഷിക്കപ്പെട്ടതേയില്ല. അവയെല്ലാം തിരിച്ചറിയപ്പെടാതേയും തെളിവുകൾ ഇല്ലാതേയും അവസാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയിരുന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര 1995ഇൽ ഈ നിർദ്ദയ നിയമം പുതുക്കരുത് എന്ന് പാർലിമെന്റ് അംഗങ്ങളോട് കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. എന്തായാലും പാർലിമെന്റ് പുതുക്കാതിരുന്നതോടെ ടാഡ 1995ഇൽ റദ്ദായിപ്പോയി. 2002ഇൽ പുതിയൊരു ഭീകരവാദ വിരുദ്ധ നിയമം അവതരിച്ചു, പോട്ട (Prevention of terrorist activities act, POTA). അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്ററിന്‍റെ തകർച്ചയും ഇന്ത്യൻ പാർലമെന്റിനു നേരെ നടന്ന അക്രമണവുമൊക്കെയായിരിന്നു പോട്ടയുടെ പ്രേരക ഘടകങ്ങൾ. പോട്ടയും പ്രയോഗത്തിൽ വ്യത്യസ്തമായിരുന്നില്ല. 2002 ഗോധ്ര തീവണ്ടി കത്തിക്കലിൽ 62 മുസ്‌ലിംകൾക്കെതിരെ പോട്ടോ (അന്ന് ഓർഡിനൻസ് ആയിരുന്നു) ചുമത്തി. എന്നാൽ ഗോധ്രക്ക് ശേഷം മുസ്ലിങ്ങൾക്ക് എതിരെ നടന്ന വംശഹത്യയെന്നു വിളിക്കപ്പെട്ട ആക്രമണത്തിന്‍റെ പേരിൽ ആർക്കെതിരെയും ഭീകരവാദ വിരുദ്ധ നിയമം പ്രയോഗിച്ചില്ല. 2004 വരെ ഗുജറാത്തിൽ പോട്ട ചുമത്തിയ 280 പേരിൽ 279 പേരും മുസ്‌ലിംകളായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സമരങ്ങളിൽ ഏർപ്പെടുന്നവർ, ദളിതർ സാമൂഹിക പ്രവർത്തകർ എന്നിവർക്കൊക്കെ എതിരെയാണ് പോട്ട ചുമത്തിയിരുന്നത്. 2004ഇൽ യൂ പി എ ഭരണകൂടം പോട്ട റദ്ദാക്കി. യൂ എ പി എ യിൽ ഭീകരവാദ വിരുദ്ധ വകുപ്പുകൾ ഉൾപ്പെടുത്തുന്നതിന് മുൻപുള്ള നിയമങ്ങളുടെ പ്രയോഗം ഇത്രയും ഉദാഹരിച്ചത് നിർമ്മാണ തലത്തിൽ മാത്രമല്ല നിർവ്വഹണ തലത്തിലും ഇന്ത്യയിലെ ഭീകരവാദ വിരുദ്ധ നിയമങ്ങൾ നീതിയുക്തമല്ല എന്ന് കാണിക്കാനാണ്. നിർഭാഗ്യവശാൽ കർത്താർ സിംഗ് കേസിലൂടെയും പി യൂ സി എൽ കേസിലൂടെയും യഥാക്രമം ടാഡ പോട്ട എന്നിവയുടെ ഭരണഘടനാ സാധുത ശരിവെക്കുകയാണ് സുപ്രീകോടതി ചെയ്തത്. പാര്‍ലിമെന്റിന് നിയമനിർമ്മാണാധികാരം മാത്രം പോരാ അത് നീതിയുടെ അടിസ്ഥാന മൂല്യങ്ങളെ നിഷേധിക്കാൻ പാടില്ല എന്ന due process ലെ നിർമ്മാണ തലം (sustantive aspect) സുപ്രീകോടതി അവഗണിക്കുക ആയിരുന്നു. 

ഭേദഗതികൾ വഴി ഭീകരവാദ വിരുദ്ധ വകുപ്പുകൾ കൂട്ടിച്ചേർത്താണ് നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം (Unlawful activities (prevention)  Act, 1967) ഇന്ന് കാണുന്ന രൂപത്തിലായത്. ക്രിമിനൽ നിയമതത്വ സംഹിതയുടെ (criminal jurisprudence) പ്രാഥമിക തത്വങ്ങൾ പോലും പാലിക്കാത്ത തികച്ചും ജനാധിപത്യ വിരുദ്ധമായ നിയമമാണ് യൂ എ പി എ. പതിനേഴാം പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ തന്നെ കൊണ്ടുവന്ന യു എ പി എ ഭേദഗതികൾ അവശേഷിക്കുന്ന വ്യക്തി സ്വാതന്ത്ര്യം കൂടി എടുത്തു കളയുന്നതാണ്. നേരത്തെ സംഘടനകളെയാണ് പട്ടികയിൽ പെടുത്തി ഭീകരവാദികളായി മുദ്ര കുത്താൻ കഴിഞ്ഞിരുന്നത് എങ്കിൽ നിയമത്തിൽ പുതുതായി ചേർക്കുന്ന നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഇനിമേലിൽ വ്യക്തികളെയും ഭീകരവാദികളാക്കാം. നിലവിൽ ആനന്ദ് തെൽതുംദേയുൾപ്പടെയുള്ളവർക്കെതിരെ യു എ പി എ ചുമത്തിയിട്ടുണ്ട്. ലോക് സഭയിൽ അർബൻ മാവോയിസ്റ്റുകളെ വെറുതെ വിടില്ല എന്ന് അമിത് ഷാ പറഞ്ഞതിൽ നിന്നും ആരെയാണ് ഈ ഭേദഗതികൾ ഉന്നം വെക്കുന്നത് 
എന്ന് വ്യക്തമാണ്. ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ തിരിച്ചറിയുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്ത് ഒടുവിൽ ഒരു അനിവാര്യ തിന്മയായി തുടരാൻ അനുവദിച്ച ഭരണഘടനയിലെ  21, 22 അനുച്ഛേദങ്ങളിലെ ദൗർബ്ബല്യമാണ് ഇത്തരം നിർദ്ദയ നിയമങ്ങളെ സാധ്യമാക്കുന്നത്. ബുദ്ധമത സംഘങ്ങളിൽ ഉണ്ടായിരുന്ന പാർലിമെന്ററി ജനാധിപത്യത്തിനോട് സമാനമായ സംവിധാനങ്ങളെയാണ് ഇന്ത്യക്ക് പരിചയം ഉണ്ടായിരുന്ന ജനാധിപത്യത്തിന്‍റെ പൂർവമാതൃകയായി അംബേദ്കർ തന്‍റെ പ്രസംഗത്തിൽ സൂചിപ്പിക്കുന്നത്. ബ്രാഹ്മണിക്കൽ ഹിന്ദുമതമാണ് ആ ജനാധിപത്യ അനുഭവങ്ങളെ ഇല്ലാതാക്കിയത് എന്ന് നമുക്കറിയാം. ജനാധിപത്യം രൂപത്തിൽ മാത്രം അവശേഷിക്കുകയും യാഥാർഥ്യത്തിൽ അത് ഏകാധിപത്യമായി മാറിത്തീരാനുമുള്ള ഒരു ഭാവി സാധ്യതയെക്കുറിച്ചു ആമുഖത്തിൽ ഉദ്ധരിച്ച പ്രസംഗത്തിൽ അംബേദ്കർ ആശങ്കപ്പെടുന്നുണ്ട്. ഒന്നാം ജനാധിപത്യ അനുഭവത്തെ തുടച്ചു നീക്കിയ അതേ പ്രത്യയശാസ്ത്രം തന്നെയാണ് ഇന്ന് ജനാധിപത്യത്തെ കേവലം പുറന്തോട് മാത്രമാക്കി സമഗ്രാധിപത്യത്തിലേക്ക് നയിക്കുന്നത് എന്നത് ഇന്ത്യ ജനാധിപത്യവൽക്കരിക്കപ്പെടുന്നതിനുള്ള എക്കാലത്തെയും വലിയ പ്രതിബന്ധം ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തിന്‍റെ അധീശത്വമാണ് എന്ന യാഥാർഥ്യം കൂടി വെളിവാക്കുന്നുണ്ട്

അവലംബിച്ച പ്രധാനപ്പെട്ട ഗ്രന്ഥങ്ങളും ലേഖനങ്ങളും

———————————————————————————————

1. H.M.Seervai : Constitutional law of India Vol.2, 4th ed. Silver jubilee ed, 1993
2. Granville Austin: The Indian Constitution: Cornerstone of a Nation, OUP, 34th ed.2019
3. Granville Austin: Working a democratic Constitution: A history of the Indian Experience, OUP,11th ed,2018
4. B.ShivRao: The framing of Indian Constitution A study, The Indian Institute of Public Administration,168
5. Rajiv Dhavan&Alice Jacob: Indian Constitution trends and issues, The Indian Law Institute, 1978
6. K.V.Ramasubrahmaniam : The evolution of The Indian Constitution, Raja&Co,1935
7. Susan Abraham: Misuse of the Unlawful Activities(Prevention) Act, EPW, Vol.52, Issue no.12, 25.03.2017
8. Manisha Sethi: Tenuous Legality: Tensions within anti terrorism law in India, Vol.13, Socio-legal review,2017

പരാമർശിക്കുന്ന പ്രധാനപ്പെട്ട കേസുകൾ

1. A.K. Gopalan v State of Madras (1950) SCR 88
2. R.C. Cooper v Union of India, AIR 1970 SC 564
3. Maneka Gandhi v Union of India AIR 1973 SC 947
4. Sunil Batra v Delhi Administration (1978) SCC 494
5. Kartar Singh v State of Punchab (1994)3 SCC 569
6. PUCL v Union of India (2004) 9SCC580 


Comments

comments