2016-ൽ ആണ് അമിത് ഷാ കേരളത്തിലെ ജനങ്ങൾക്ക് ഓണത്തിനു വാമന ജയന്തി ആശംസിച്ച് ശ്രദ്ധ നേടിയത്. 2016-ൽ തന്നെയാണ് നവരാത്രിക്ക് മഹിഷാസുര പൂജ ചെയ്യുന്നു എന്ന പേരിൽ ജെഎൻയുവിലെ ദലിത് ബഹുജൻ വിദ്യാർത്ഥികൾക്കെതിരെ നടപടികൾ ഉണ്ടാവുന്നതും. രാഷ്ട്രീയപരമായി ഇത് ഒട്ടും യാദൃശ്ചികമല്ല. പക്ഷെ ഇതിലെ സങ്കീർണ്ണത ഇവിടെ ഒതുങ്ങുന്നുമില്ല.

ജാർഖണ്ഡിലെ ചില ഗോത്ര വംശജർ മഹിഷാസുരന്റെ പിൻമുറക്കാരാണ് എന്നുമാത്രമല്ല ഇന്നും ‘അസുർ’ എന്ന് ഗോത്ര പേര് നിലനിർത്തുകയും ചെയ്യുന്ന ഇവർക്ക് നവരാത്രി വലിയ ഒരു നഷ്ടത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മയാണ് എന്ന് നമ്മളിൽ പലരും അറിയുന്നത് അന്നാണ്.  വാമന ജയന്തി പരാമർശം കേരളത്തിൽ ഉണ്ടാക്കിയ കോളിളക്കത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു ഉത്തരേന്ത്യൻ സുഹൃത്ത് ഉടൻ ചോദിച്ചത് അപ്പോൾ കേരളവും അതേ രാക്ഷസ പരമ്പരയിൽ ഉള്ളതാണോ എന്നാണ്. ചോദ്യകർത്താവ് പരിഹാസം ആണ് ഉദ്ദേശിച്ചത് എങ്കിലും സത്യത്തിൽ സങ്കീർണ്ണമായ ആദി ദ്രാവിഡ പാരമ്പര്യത്തിന്റെ ആ കണ്ണി എത്ര വിപുലമായാണ് മിത്തുകളിൽ ഒഴുകിപ്പരക്കുന്നത് എന്നോർത്ത് സന്തോഷമാണ് അന്ന് തോന്നിയത്.

ഹിന്ദു ഉത്സവങ്ങൾ ഏറിയ പങ്കും എതെങ്കിലും ഒരു അസുര നിഗ്രഹത്തിന്റെ പേരിൽ ഉള്ളവയാണ്. ദീപാവലി, നവരാത്രി, ദശറ… ഏതെങ്കിലും ഒരു അസുരനെ അസൂയ മൂത്ത ദേവഗണങ്ങളുടെ നിർബന്ധത്താൽ ഭൂമിയുടെ നന്മയ്ക്കു വേണ്ടി ഏതെങ്കിലും ഒരു ദൈവം ചതിച്ചു തോൽപ്പിച്ച് കൊല്ലുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയം എന്ന് ഇതിനെ കൊണ്ടാടുന്നു. ഹിന്ദു മതത്തിന്റെ ചരിത്രം കുറച്ചെങ്കിലും അറിയാവുന്നവർക്ക് ഈ നന്മ – തിന്മ ദ്വന്ദ്വം സാംസ്ക്കാരികമായ ചില വ്യത്യസ്തതകളെ ഉന്മൂലനം ചെയ്ത ഒരു പ്രക്രിയ ആയിരുന്നു എന്നറിയാൻ ബുദ്ധിമുട്ടില്ല. പക്ഷെ ഇന്ന് ബഹുഭൂരിപക്ഷം ആളുകളും ഉൽസവങ്ങളുടെ കേവലാഹ്ലാദത്തിൽ മാത്രം മുഴുകി അവയെ കപട ഏകത്വത്തിന്റ, കപട വിശാല സാംസ്കാരികതയുടെ ഒക്കെ ഭാഗമായി കണ്ട് ആശ്വസിച്ച് സമാധാനിക്കുന്നവരായതുകൊണ്ട് ഉൽസവങ്ങളുടെ ചരിത്രത്തിൽ അടങ്ങിയിട്ടുള്ള വിരോധാഭാസങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. അങ്ങിനെ ചിന്തിക്കുന്നതു തന്നെ വ്യർത്ഥമായ ബൗദ്ധിക വ്യായാമം ആയിട്ട് മാത്രം പലരും കാണുന്നു. ഒരു നല്ല രാജാവിനെ വെറുതെ ഒരു ദൈവം വന്ന് ചവിട്ടിത്താഴ്ത്തിയ, ഏതു കൊച്ചു കുട്ടിക്കും കഷ്ടം തോന്നുന്ന ഒരു സന്ദർഭം ആവർത്തിക്കുന്ന, അത്രയൊന്നും ചരിത്ര അപഗ്രഥനം ആവശ്യമില്ലാത്ത, തികച്ചും രാഷ്ട്രീയപരമായ ഒരു കഥയുമായി എത്തുന്ന ഓണം പോലൊരു ഉൽസവത്തിന്റെ ആവേശം പോലും വലിയ ചരിത്ര ബോധമുള്ളവർ എന്ന് അവകാശപ്പെടുന്ന മലയാളികളെ ഒട്ടും ചിന്തിക്കാൻ പ്രേരിപ്പിക്കാത്തത് എന്താണ്? പിന്നിലുള്ള കഥയെ ഒന്ന് മുഖാമുഖം നോക്കിയാൽ ഉടഞ്ഞുപോവുന്നതാണോ ഒരു ഉൽസവത്തിന്റെ ആഹ്ലാദം ? കഥകളും മിത്തുകളും അവയുടെ ബഹുത്വവുമൊക്കെ എന്നു മുതലാണ് ഇത്രയക്ക് വെറുക്കപ്പെട്ടതാവുന്നത്?

മഹാബലിയുടെ മിത്തിന്റെ ആർക്കിടൈപ്പ് ആദ്യമായി ലിഖിത രൂപത്തിൽ കാണപ്പെടുന്നത് ഋഗ് വേദത്തിലാണ്. ആദ്യത്തെ വേദം എന്ന നിലയ്ക്ക് ഋഗ് വേദ  സംഹിതകളുടെ ചരിത്ര പരമായ പ്രാധാന്യത്തെക്കുറിച്ച് ടോണി ജോസഫ് ഈയിടെ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ Early Indians എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ഋഗ് വേദത്തിലാണ് ഹാരപ്പൻ പ്രീ ആര്യൻ സംസ്ക്കാരങ്ങളുടെ സൂചനകളും ആര്യൻ വീക്ഷണകോണിൽ നിന്ന് പ്രത്യക്ഷമായിത്തന്നെ അവയെ എതിർക്കുന്ന വാദങ്ങളും കൂടുതലായി കാണപ്പെടുന്നത്. ഹാരപ്പൻ ആർക്കിയോളജിക്കൽ സൈറ്റുകളിൽ നിന്നും ലഭിച്ച സീലുകളിലും ഒക്കെ കാണപ്പെടുന്ന ലിംഗാരാധനയുടെ സൂചനകളെയും മറ്റും തീവ്രമായി എതിർക്കുന്നുണ്ട് ഋഗ് വേദത്തിൽ. എന്നാൽ  കാലക്രമേണ ഹാരപ്പൻ സംസ്ക്കാരത്തിന്റെ സൂചകങ്ങളെ, കഥകളെ ലിംഗാരാധനയടക്കമുള്ള സങ്കൽപ്പങ്ങളെ ഒക്കെ തുടർന്നുള്ള വേദങ്ങൾ സ്വാംശീകരിച്ച് കാണുന്നുമുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഋഗ് വേദ കാലത്ത് ഈ രണ്ടു സംസ്കാരങ്ങളും തമ്മിൽ നിലനിന്നിരുന്ന വലിയ ഒരു വിടവും കാലക്രമേണ ഹാരപ്പൻ സങ്കൽപ്പങ്ങളെ ആര്യൻ സംസ്കാരം പൂർണ്ണമായും അപ്രോപ്രിയറ്റ് ചെയ്തു എന്നുമുള്ള ചരിത്ര സത്യം തന്നെയാണ്. ഭാഷാശാസ്ത്രജ്ഞർ ഏതാണ്ട് 60-കളിൽ തന്നെ എത്തിച്ചേർന്ന നിഗമനങ്ങൾ പ്രകാരം ഹാരപ്പൻ സ്ക്രിപ്റ്റ് കൂടുതലും അടുത്തു നിൽക്കുന്നത് ദ്രവീഡിയൻ ഭാഷകളോടാണ്. തമിൾ ബ്രഹ്മി സ്ക്രിപ്റ്റ്  ഗ്രഹിച്ചെടുത്ത ഭാഷാശാസ്ത്രജ്ഞനായ ഐരാവതം മഹാദേവൻ, പ്രഫ. ആസ്കോ പർപ്പോള തുടങ്ങിയവരുടെ പഠനങ്ങൾ പ്രകാരം ഹാരപ്പൻ ഭാഷയുടെ സൂചകങ്ങൾ വളരെയധികം തമിഴിനോട് ചേർന്നു നിൽക്കുന്നവയാണ്. ഇൻഡോ യൂറോപ്യൻ ഭാഷകളുമായി, പ്രത്യേകിച്ചും സംസ്കൃതവുമായി ഇൻഡസ് നദീതട സംസ്കാരത്തിന്റെ ഭാഷയ്ക്ക് ഒരു സാമ്യവുമില്ല എന്നത് ഭാഷാശാസ്ത്രം ഏറെക്കുറെ ഉറപ്പിച്ചതാണ്. ഈയടുത്ത് റാഖി ഗർഹിയിലെ ആർക്കിയോജിക്കൽ സൈറ്റിൽ നിന്നും കണ്ടെടുത്ത അസ്ഥികൂടത്തിന്റെ  ജെനറ്റിക് പഠനങ്ങളും ഇതേ നിഗമനത്തിലേക്ക് എത്തുന്നു എന്നത് വളരെ പ്രധാനമാണ്. ശാസ്ത്ര മാസികകളിൽ വന്ന ഈ ജീനോം ഗവേഷണത്തിന്റെ  തീർപ്പുകൾ രാഷ്ട്രീയപരമായിത്തന്നെ എതിർക്കപ്പെട്ടു എന്ന് ഈ പഠനത്തിലെ മുഖ്യ ജനറ്റിസ്റ്റ് ആയ ഡേവിഡ് റെയ്ച്ച് പറയുന്നു. ഹാരപ്പൻ സംസ്ക്കാരത്തിലെ ആളുകളിൽ  ആര്യൻ സംസ്കാരവാഹകരായ സ്റ്റെപ്പെ ജനതയുടെ ജീൻ ഇല്ല എന്ന കണ്ടെെത്തൽ തന്റെ ജീവിതത്തിലെ ഏറ്റവും സംഘർഷഭരിതമായ ഇരുപത്തിന്നാലു മണിക്കൂറുകളിലൂടെ വിട്ടുവീഴ്ചാപരമായ വ്യാഖ്യാനങ്ങളിലേക്ക് വരെ വഴിതിരിച്ചുവിട്ടു എന്നാണ് റെയ്ച്ച് തന്റെ പുസ്തകത്തിൽ പറയുന്നത്. ചരിത്രവും ജെനറ്റിക്സും ഭാഷാശാസ്ത്രവും പറയുന്ന ഈ കാര്യങ്ങൾ ഇവിടുത്തെ മിത്തുകളിൽ തീക്ഷണമായിത്തന്നെ നിഴലിട്ടിരുന്നു എന്നതാണ് സത്യം. 

ഋഗ് വേദത്തിൽ വാമനനും മഹാബലിയും ഇല്ല. പക്ഷെ മൂന്നടി മണ്ണ്  സ്വന്തം ജനതയ്ക്കു വേണ്ടി അളന്നെടുത്ത് തൃവിക്രമനാവുന്ന വിഷ്ണു ഉണ്ട്. പെറ്റു പെരുകി വലുതായ ജനതയ്ക്ക് ഇടമന്വേഷിക്കുന്ന ഇന്ദ്രൻ ഉണ്ട്. സുരൻമാരും അസുരൻമാരും തമ്മിൽ ഉള്ള വടംവലികളും അസുര നിഗ്രഹങ്ങളും മഹാബലിയും ഒക്കെ വരുന്നത് പിന്നീട് പുരാണങ്ങളിൽ, മഹാഭാരതത്തിൽ ഒക്കെയാണ്. വേദ പുരാണങ്ങളുടെ ലിഖിതചരിത്രത്തിലെ ഈ ഒഴുക്ക് വ്യക്തമായി പറയുന്ന ചിലതുണ്ട്. പലതിനെയും ഇല്ലാതാക്കിയും ചവിട്ടിയരച്ചും നിഗ്രഹിച്ചും കാലക്രമേണയാണ് ഹിന്ദുമതം ഇന്നീക്കാണുന്ന വിശാലമായ ‘സനാതന’ രൂപം കൈവരിച്ചത്. പ്രതികരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും പൊട്ടും പൊട്ടിയും ഇവിടുത്തെ കഥകളിലും മിത്തുകളിലും നിർലോഭം കാണപ്പെടുന്നുമുണ്ട്. ഒരു പക്ഷെ അത്തരത്തിലുള്ള ഒരു പ്രതിഷേധത്തിന്റെ ഒരു മറയുമില്ലാത്ത സൂചകമായി ജനകീയമായി മുഖ്യധാരയിൽ തന്നെ നിലനിൽക്കുന്ന ഏക ആഘോഷം ആയിരിക്കണം ഓണം. 

ബലിയെക്കുറിച്ച് മഹാഭാരതത്തിൽ വരുന്ന മറ്റൊരു പരാമർശം യുധിഷ്ഠിരന് ഭീഷ്മർ പറഞ്ഞു കൊടുക്കുന്ന ഒരു കഥയാണ്. നീതിമാനായ ബലി കാലശേഷം എന്തു ചെയ്യുകയായിരിക്കും എന്നറിയാൻ ഇന്ദ്രന് കൗതുകമുണ്ടാവുകയും ബ്രഹ്മാവ് ബലിയെ ഇന്ദ്രന് കാണിച്ചു കൊടുക്കുകയും ചെയ്തുവത്രേ. വെറും ഒരു കഴുതയായിട്ടാണ് ബലി ഇപ്പോൾ ഭൂമിയിൽ ജീവിക്കുന്നത് എന്ന്! ഇതറിഞ്ഞ് ഗൂഡമായി ആഹ്ലാദിക്കുന്ന ഇന്ദ്രനെ ബ്രഹ്മാവ് ശാസിച്ച് കാലപരിണാമത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നു. ഈ ഉപദേശം നൽകുന്നതിനായി കഴുതയാക്കാൻ ഒരു അസുര രാജാവിനെ അതും ഇത്രയും നീതിമാനെന്ന് പുകഴ്കെട്ടവനെ തന്നെ വേണമായിരുന്നോ എന്നോർക്കാതിരിക്കാൻ ആവുകയില്ല. തങ്ങളിൽ ഒരാൾ അല്ലാത്തവനോട്, അപരനോട് സനാതന ഹിന്ദുമതം കാണിക്കുന്ന മര്യാദകേടിന്റെ പല ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ് മഹാഭാരതത്തിലെ ഈ പരാമർശം. താടക, ശൂർപ്പണഘ, ബാലി, ശംബൂകൻ, മഹിഷാസുരൻ തുടങ്ങി അപരത്വത്തിന്റെ അവമതി പേറുന്ന പലരിൽ ഒരാൾ മാത്രമാണ് ബലി. ദക്ഷിണേന്ത്യയിൽ നിലനിൽക്കുന്ന മഹാബലി മിത്തുകളിലൂടെ സഞ്ചരിച്ചു കൊണ്ട് എ. വി. ശക്തിധരൻ ഈ അപരത്വം കേരളത്തിന്റെ ബ്രാഹ്മണിക് അധിനിവേശത്തിന്റെ കൂടെ കഥയാവുന്നത് എങ്ങിനെ എന്ന് പറയുന്നുണ്ട് (Antigod’s own country).

മിത്തുകളുടെ കേവലം ഉപരിതല സ്പർശിയായ വ്യാഖ്യാനങ്ങളിലൂടെ അടിച്ചേൽപ്പിക്കപ്പെടുന്ന ധാർമ്മികതകൾക്കപ്പുറമാണ് മിത്തുകളുടെ ചരിത്രം ഉൾക്കൊണ്ടു കൊണ്ട് അവയെ പഠിക്കുക എന്നതിന്റെ ഗൗരവം. അയോധ്യ രാമന്റെ ജന്മഭൂമിയാണെന്നും രാമൻ പണിഞ്ഞ ശ്രീരാമസേതു എന്ന ഒരു പാലം ഉണ്ട് എന്നും എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങും പ്ലാസ്റ്റിക് സർജറിയും ടെസ്റ്റ് റ്റ്യൂബ് ശിശുക്കളും വേദിക് കാലഘട്ടത്തിൽ ഉണ്ടായിരുന്നു എന്നുമൊക്കെ പറയാൻ മിത്തുകളെയും പുരാണങ്ങളെയും ആശ്രയിക്കുന്ന ഹൈന്ദവ രാഷ്ട്രീയം പക്ഷെ അതേ മിത്തുകളിൽ തന്നെ നിലനിൽക്കുന്ന സാമൂഹ്യ ശാസ്ത്ര സമസ്യകളെ ചരിത്ര സൂചികകളെ ഒന്നും ഒരിക്കലും തിരിഞ്ഞു നോക്കാറില്ല. മിത്തുകളുടെ വ്യാഖ്യാനത്തിന്റെ പഠനശാഖകൾ തന്നെ നിലവിൽ വന്നിട്ടുണ്ട് എന്നും അവയെ അവലോകനം ചെയ്യുന്നതിന് ഇന്ന് ശാസ്ത്രീയമായ രീതികൾ ഉണ്ട് എന്നുമൊക്കെ ഹൈന്ദവ രാഷ്ട്രീയം ഒരിക്കലും തിരിച്ചറിയാൻ തയ്യാറാവുകയില്ല. സംസ്കൃതത്തിന്റെ അധിനിവേശ രാഷ്ട്രീയത്തെക്കുറിച്ച്  പഠിച്ച പ്രശസ്ത ഇൻഡോളജിസ്റ്റും ലിംഗ്വിസ്റ്റും ആയ ഷെൽഡൺ പൊല്ലോക്കും റൊമീല താപ്പറുമെല്ലാം ഹിന്ദുത്വ രാഷ്ട്രീയത്തിന് അനഭിമതരാകുന്നത് ചരിത്രത്തോടും ശാസ്ത്രീയമായ അപഗ്രഥനങ്ങളോടുമെല്ലാം ഹൈന്ദവരാഷ്ട്രീയം പുലർത്തുന്ന കടുത്ത അവജ്ഞ കൊണ്ടും ഭീതി കൊണ്ടും തന്നെയാണ്. മഹിഷാസുരനെയും മഹാബലിയെയും ഒക്കെ അധിനിവേശ പ്രത്യയശാസ്ത്രക്കാർ ഇന്നും ഭയക്കുന്നതും അതുകൊണ്ടു തന്നെ. 

Comments

comments