ദി ബിഗ് ഷോർട്ടിന്‍റെ ഇന്ത്യൻ വ്യാഖ്യാനവും ഓഹരി വിപണിയിലെ ചോദിക്കാത്ത ചോദ്യങ്ങളും

ദി ബിഗ് ഷോർട്ടിന്‍റെ ഇന്ത്യൻ വ്യാഖ്യാനവും ഓഹരി വിപണിയിലെ ചോദിക്കാത്ത ചോദ്യങ്ങളും

SHARE

2008 ലെ അമേരിക്കൻ സബ്പ്രൈം വിപണിയുടേയും ന്യൂയോർക് സ്റ്റോക്ക് എക്സ്‌ചേഞ്ചിന്റേയും തകർച്ചയെ നാടകീയതയും അതിഭാവുകത്വവും ഇല്ലാതെ കാണിക്കുന്ന ഹോളിവുഡ് സിനിമയാണ് ആഡം മക്കേയുടെ “ദി ബിഗ് ഷോർട്” (2016). ഇൻവെസ്റ്റ്മെന്റ് ബാങ്കുകളും അവിടത്തെ ഉദ്യോഗസ്ഥരും സ്റ്റോക്ക് ബ്രോക്കറുമാരും നിരുത്തരവാദികളും, ചതിയന്മാരും വഞ്ചകരും തട്ടിപ്പുകാരും ആണെന്ന് പറഞ്ഞാണ് ഈ സിനിമ അവസാനിക്കുന്നത്. മുഖ്യ കഥാപാത്രങ്ങൾ ആയ സ്റ്റോക്ക് ബ്രോക്കറുമാർ ഊഹകച്ചവടത്തിലൂടെ ലാഭം ഉണ്ടാക്കി ജീവിക്കുന്നവരാണ്. 2005-06ൽ ഭവന വായ്പയെ ചുറ്റിയുള്ള ഊഹകച്ചവടത്തിന്റെ ചതി മനസിലാക്കിയ കുറച്ചു ഓഹരിക്കച്ചവടക്കാർ ആദ്യം കുറുക്കൻ കണ്ണുകളിലൂടെ തന്നെയാണ് കൈവന്ന അവസരത്തെ സമീപിക്കുന്നത്, പിന്നെ ചതിയുടെ ആഴം മനസ്സിലാക്കുമ്പോൾ അത് അമേരിക്കയെ തകർക്കാൻ തരത്തിലെ ഒരു ദുരന്തമാവുമെന്നു മനസ്സിലാക്കുമ്പോൾ, അവരിലെ ധർമജ്ഞർ ഉണരുകയും, വരാൻ പോകുന്ന ദുരന്തത്തെ കുറിച്ച് വൻകിട ബാങ്കുകളിലെ ഉന്നതർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. തങ്ങളുടെ നീക്കങ്ങൾ അതിലാഭം ഉണ്ടാക്കുമെങ്കിലും അത് ഒരുപാട് പേരുടെ കണ്ണീരിന്‍റെ ഉപ്പ് നിറഞ്ഞതാണെന്ന് അവർ അറിയുന്നു. ഏറ്റവും ചെറുപ്പക്കാരായ രണ്ടു പേർ വലിയ ലാഭങ്ങൾ ഊഹ കച്ചവടത്തിലൂടെ ഉണ്ടാക്കാമായിരുന്നിട്ടും, അത് വേണ്ടെന്നു വയ്ക്കുന്നു എന്ന് മാത്രമല്ല, ഈ വരാൻ പോകുന്ന ദുരന്തത്തെ മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചു പരാജയപ്പെടുന്നു. പത്രക്കാർ തങ്ങളുടെ തീർത്തും സ്വാർത്ഥമായ താല്പര്യങ്ങളുടെ പുറത്ത് ആ വാർത്തകളെ മുക്കുകയാണ്. ഇവരെ ആദ്യം പരിഹസിച്ചിരുന്നവർ എല്ലാം ഊഹക്കച്ചവടത്തിൽ ആദ്യം വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും അവസാനം തീർത്തും തകർന്നു തരിപ്പണമാക്കുകയാണ്. സിനിമയുടെ അവസാനം ചില കഥാപാത്രങ്ങൾ കുറ്റബോധത്താൽ സ്റ്റോക്ക് മാർക്കറ്റ് തീർത്തും ഉപേക്ഷിച്ചു. ഒരു കഥാപാത്രം പറയുന്നുണ്ട് എന്തൊക്കെ ചെയ്താലും യഥാർത്ഥ കുറ്റവാളികൾ ഒരിക്കലും പിടിക്കപ്പെടില്ല എന്നുമാത്രമല്ല കുറ്റം കുടിയേറ്റക്കാരിലും അമേരിക്കയിലെ പാവപ്പെട്ടവരിലും ആരോപിക്കപ്പെടും എന്ന്. 2016 ലെ അമേരിക്കൻ ഇലക്ഷനിൽ അത് സംഭവിച്ചു എന്ന് മാത്രമല്ല, ഒരുപക്ഷെ ട്രംപിന്‍റെ വരവിനും ആശയങ്ങൾക്കും അമേരിക്കൻ സമൂഹത്തിൽ കിട്ടിയ അഭൂത സ്വീകാര്യതയ്ക്കും ഒരു കാരണം മുതലാളിത്തത്തിന് കിട്ടിയ ആ വലിയ അടി തന്നെയാണ്.

ഈ ദുരന്തത്തിന്‍റെ തുടക്കം, തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ ഓഹരികൾ നല്ല റേറ്റിംഗ് ഉള്ള ഓഹരികളുമായി യോജിപ്പിച്ചു കൊണ്ടുള്ള വെള്ളപൂശൽ പരിപാടികളിലൂടെ ആണ്. ഈ ഓഹരികളെ ഊഹക്കച്ചവടത്തിന്‍റെ പലതലങ്ങളിലൂടെ വില്‍പന നടത്തുക. ഊഹക്കച്ചവടത്തിന്‍റെ ചങ്ങലക്കണ്ണികൾ അനിയന്ത്രിതമായി വളരുമ്പോൾ തങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാന കരുക്കൾ എന്തെന്ന് ഒരു കച്ചവടക്കാരനും അറിയുന്നില്ല. യാഥാർഥ്യത്തിൽ ഓഹരി വിപണിയുടെ സൂചികകളുടെ നീക്കത്തിനും ഉത്പാദനത്തിനും തമ്മിൽ യാതൊരു ബന്ധവും ഇല്ലാ. ഓഡിറ്റർമാർ നൽകുന്ന ബാലൻസ് ഷീറ്റിൽ കള്ളമില്ല എന്ന് വിശ്വസിക്കുക, റേറ്റിംഗ് ഏജൻസികളുടെ റേറ്റിംഗുകളും സത്യസന്ധമാണെന്നു കരുതുക മാത്രമാണ് നിക്ഷേപകർക്കാവൂ.

ഇതു കാര്യമായി ബാധിക്കുന്നത് ബാങ്കുകളെയാണ്. കാരണം, ഇതിന്‍റെ ഒക്കെ പുറത്താണ് പലപ്പോഴും വായ്പകൾ അനുവദിക്കുന്നത്. 2008 ലെ സാമ്പത്തിക തകർച്ചയിൽ സ്റ്റാൻഡേർഡ് ആൻഡ് പുവർ അടക്കമുള്ള റേറ്റിംഗ് ഏജൻസികളുടെ വിശ്വാസ്യത തീർത്തും നഷ്ടപ്പെട്ടതാണ്. എന്നിരുന്നാലും അവർ വീണ്ടും അതുപോലെ തന്നെ തുടരുകയാണ് ചെയ്തത്. ഈ സംഭവത്തിനു ശേഷം പല കമ്മീഷനുകളും മറ്റും വരുകയും പുതിയ നിയമങ്ങൾ കൊണ്ടുവരുകയും ഒക്കെ ചെയ്‌തെങ്കിലും ഒരു ദശാബ്ദം കഴിയുമ്പോൾ ഊഹക്കച്ചവടക്കാരുടേയും ഇൻവെസ്റ്റർ ബാങ്കുകളുടേയും പുതിയ തലമുറ വേറെ പേരുകളിൽ, പഴയ പണി തുടരുക തന്നെയാണ്. അത് അമേരിക്കയിൽ മാത്രമല്ല, ലോകം മുഴുവനും തങ്ങളുടെ പ്രവർത്തനത്തിന്‍റെ ഘടന വികലമാണെന്ന് അറിഞ്ഞിട്ടും ഒരിക്കലും അത് ശുദ്ധീകരിക്കാനോ നേരെയാക്കാനോ എന്തിനു നവീകരിക്കാനോ ഒന്ന് ശ്രമിക്ക പോലുമില്ലാതെ പഴയതിലും ശക്തരായി തുടരുകയാണ്.

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് 1991ലേ ഹർഷദ് മേത്ത ഓഹരി കുംഭകോണം മുതൽ പല വിവാദങ്ങളും ഒന്നിന് പിന്നെ ഒന്നായി വന്നു. സർക്കാരും സെബിയും പല കമ്മീഷനുകളും, കമ്മിറ്റികളും ഓഹരിവിപണിയുടെ പ്രവർത്തനങ്ങൾ സുതാര്യവും, നിയന്ത്രിത ചട്ടകൂട്ടുകളില്‍ ആക്കാനും ശ്രമിക്കുകയും ഒരു പരിധി വരെ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഓഹരി വിപണിയുടെ വളർച്ച തീർത്തും ഉത്പ്പാദനരഹിത പ്രവർത്തികളില്‍ ഊന്നിയാണ് നടക്കുന്നത്. അതിന്‍റെ ഫലമായി പല കമ്പനികളുടേയും സ്റ്റോക്ക് മൂല്യം യഥാർത്ഥ മൂല്യത്തിന്‍റെ പല ഇരട്ടിയാണ്. ഇത് ഒരു വലിയ ദുരന്തത്തെയാണ് കാണിക്കുന്നത്. സത്യം ടെക്നോളോജിസ് മുതൽ ഒരു പാട് കമ്പനികൾ പെരുപ്പിച്ച വിലയിൽ നിക്ഷേപകരുടെ സമ്പാദ്യത്തെ ധൂളികൾ ആക്കി മാറ്റിയിട്ടുണ്ട്.

പെരുപ്പിച്ച ഓഹരി വിലപോലെ തന്നെ, പെരുപ്പിച്ച ബ്രാൻഡ് മൂല്യവും സാമ്പത്തിക വ്യവസ്ഥ അനുഭവിക്കുന്ന സമാനതകളില്ലാത്ത ചാഞ്ചാട്ടത്തിനു കാരണമാവുന്നുണ്ട്. കാരണം പലപ്പോഴും ബ്രാൻഡ് മൂല്യം ഉപയോഗിച്ച് കമ്പനികൾ വായ്പ എടുക്കാറുണ്ട്. അത് പ്രശ്നങ്ങളിലും എത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, 2012-13ൽ കിംഗ്‌ഫിഷർ എയർലൈൻസ് സാമ്പത്തിക ഞെരുക്കത്തിൽ വീണിരിക്കുന്ന സമയത്ത് അമേരിക്കയിലെ വളരെ പഴയ ഓഡിറ്റ് സ്ഥാപനം ആയ ഗ്രാൻറ് തോൺടൺ കിംഗ്‌ഫിഷർ എയർലൈൻസിന്‍റെ ബ്രാൻഡ് വില 3400 കോടി രൂപയാണെന്ന് സാക്ഷ്യപ്പെടുത്തുകയും, അതിന്‍റെ പുറത്ത് എസ്‌ബിഐയിൽ നിന്നും 2000 കോടി രൂപയുടെ വായ്പ നേടുകയും ചെയ്തു.

2015 കമ്പനി അടച്ചുപൂട്ടുമ്പോൾ അതിന്‍റെ വില രണ്ടായിരം രൂപ പോലും ഇല്ലായിരുന്നു. ഈ ലോണിന്‍റെ മുകളിൽ യാതൊരു ജപ്തിഭീഷണിയും ഉണ്ടായില്ല, അഥവാ ഉണ്ടായാൽ തന്നെ കാര്യമായ ഫലവുമില്ല. ആ വായ്പയെ വേഗം കിട്ടാക്കടത്തിൽ പെടുത്തി എസ്‌ബിഐ തങ്ങളുടെ തല ഊരി. തീർത്തും സാങ്കല്പികമായ മൂല്യമാണ് ഒരു വസ്തുവിന്‍റെ, കമ്പനിയുടെ ബ്രാൻഡ് മൂല്യം. വിപണിയിലെ ഏറ്റക്കുറച്ചിലും എന്തിന് കമ്പനി നേതൃത്വത്തിന്‍റെ സത്യസന്ധതയും സ്വഭാവശുദ്ധിയും വരെ ഉൾകൊള്ളുന്നതാണ്. ഈ രീതിയിൽ നമ്മുടെ ഓരോ പ്രൊക്ടിന്റേയും പാരിസ്ഥിക സാമൂഹിക സാംസ്കാരിക സൗന്ദര്യ മൂല്യവും ഒക്കെ കണക്കാക്കാൻ തുടങ്ങിയാൽ അവയുടെ വില നിർണയനീയം ആവും. അതു കൊണ്ടൊക്കെ ആണ് ആസ്‌ത്രേലിയയിൽ ഖനനം നടത്താൻ പോയ അദാനിക്ക് എത്ര ശ്രമിച്ചിട്ടും അന്തർദേശിയ കമ്പനികൾ വായ്പ നൽകാൻ വിസമ്മതിച്ചത്. അത്തരം ഒരു വായ്പ ഉണ്ടാക്കുന്ന ബാധ്യതകൾ എന്തൊക്കെ എന്ന് വ്യക്തത ഉള്ളതിനാൽ അവരെല്ലാം പിന്മാറി, അവിടെയും ഈ എടുക്കാ ചരക്കിനെ ഇന്ത്യൻ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐ വിശാലമനസ്കനായി സഹായിക്കാൻ ഒരു ബില്യൺ ഡോളറിന്‍റെ വായ്പയും ആയി എത്തി. ഇതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളുടെ ഫലമായും ഈ വായ്പ വഴി എസ്ബിഐ യുടെ മൊത്തം വിപണി മൂല്യം അന്തർദേശിയ വിപണികളിൽ താഴും എന്ന് വന്നപ്പോൾ എസ്ബിഐ നേതൃത്വം നടപടികൾ മരവിപ്പിച്ചു. പക്ഷേ പൂർണമായും മാറിയോ എന്ന് ഇതുവരെ വ്യക്തവും അല്ല. എന്തായാലും എസ്ബിഐ ഉത്തരവാദിത്തമുള്ള ബാങ്ക് ആണെന്ന് കാണിക്കാൻ 2018 ൽ ഗ്രാന്റ് തോൺടണിനെതിരെ അന്വേഷണം കൊണ്ട് വന്നിട്ടുണ്ട്. ആരെയെങ്കിലും ചോദ്യം ചെയ്‌തതായോ അറസ്റ്റു ചെയ്തതായോ ഇതുവരെ കേട്ടില്ല.

സാമ്പത്തിക ക്രിമിനൽ കേസുകളിൽ വിട്ടുവീഴ്ചകൾക്ക് സാദ്ധ്യത കുറവുള്ള അമേരിക്കയിൽ പോലും 2008 ലെ വിപണി തകർച്ചയിൽ ചെറിയ മീനുകൾ കേസുകളിൽ പെട്ടപ്പോൾ വിരലിലെണ്ണാവുന്ന വൻകിടക്കാരേ ശിക്ഷിക്കപ്പെട്ടുള്ളു. അപ്പോൾ ഇന്ത്യപോലെ പണവും സ്വാധീനവും ചില പാർട്ടി അഗംത്വവും രക്ഷാ കവചം ആകുന്ന ഒരു രാജ്യത്ത് എന്ത് ശിക്ഷയാണ് ഇത്തരം ക്രിമിനലുകൾക്ക് കിട്ടുക?

മുതാളിത്തത്തിന്‍റെ ശക്തി അവിടെയാണ്, നിയമത്തെ തങ്ങൾക്ക് അനുകൂലം ആക്കാം, അവ നടപ്പിലാക്കുന്ന കോടതിയും ഉദ്യോഗസ്ഥരേയും എന്തിനു ഇത്തരം ചതിക്കുഴികൾ വിളിച്ചു പറയേണ്ട മാധ്യമങ്ങളെ വരെ തങ്ങളുടെ ചൊല്‍പടിയില്‍ ആക്കിയാണ് മുതലാളിത്തം മൊത്തം സാമൂഹ്യ, രാഷ്ട്രീയ ഭരണ സംവിധാനങ്ങളെ നിലനിർത്തിയിരിക്കുന്നത്. ലോക സാമ്പത്തിക വ്യവസ്ഥയുടെ ഘടന തന്നെ ഇത്തരത്തിൽ ശിഥിലമാണ്. ഇത് ഒരു ദിവസം കൊണ്ടോ, ഒരു പ്രത്യേക ഐഡിയോളജി കൊണ്ടോ ഉരുത്തിരിഞ്ഞു വന്നതല്ല. എന്നും മൂലധനവും മുതലാളിത്വവും ഇത്തരത്തിലെ ഇടപെടലുകളിലൂടെ ആണ് തങ്ങളുടെ സ്ഥാനം അടിച്ചുറപ്പിച്ചിരുന്നത്. ആ ഘടനാശൈഥില്യം താങ്ങാവുന്നതിനും അപ്പുറം ആവുമ്പോൾ, അല്ലെങ്കിൽ അതുമൂലം ഉണ്ടാവുന്ന സാമ്പത്തിക അസ്ഥിരതയും അസമത്വവും താങ്ങാവുന്നതിലും അപ്പുറം ആകുമ്പോൾ ആണ് സാമ്പത്തിക മാന്ദ്യങ്ങളും വിപണി തകർച്ചയും എന്തിന് ആഭ്യന്തര യുദ്ധങ്ങളും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും പടർന്നു പിടിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ വ്യവസായ വിപ്ലവം കൊണ്ടുവന്ന സാമ്പത്തിക-സാമൂഹിക അസമത്വങ്ങൾ ആണ് ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചത്. അതിനെ തുടർന്ന് ഒരു ഉയർച്ച കാണാതെ വലഞ്ഞ സാമ്പത്തിക വ്യവസ്ഥയാണ് ഗ്രേറ്റ് ഡിപ്രെഷൻ എന്നറിയപ്പെടുന്ന ഏകദേശം ഒരു ദശാബ്ദകാലത്തിലേറെ തുടർന്ന മഹാമാന്ദ്യത്തിൽ എത്തിച്ചത്. മൂലധന തകർച്ചയും വികലമായ സാമ്പത്തിക വ്യവസ്ഥയും പ്രതാപിയും ശക്തനും ആയ അധികാരിക്ക് വേണ്ടി തീവ്രമായി ആഗ്രഹിക്കുന്ന ജനതയെ വെള്ളവും വളവും കൊടുത്തു വളർത്തി. ഒപ്പം തങ്ങളുടെ തങ്ങളുടെ നിറവും, വിശ്വാസവും, സംസ്കാരവും ഭാഷയും അല്ലാത്ത ആരൊക്കെയുണ്ടോ അവരെയൊക്കെ ഉന്മൂലനം ചെയ്യേണ്ട ശത്രുക്കൾ ആകുകയാണ്, ഗ്രേറ്റ് ഡിപ്രെഷൻ ചെയ്തത്. അതിന്‍റെ അനന്തര ഫലമാകട്ടെ രണ്ടര മില്യൺ പട്ടാളക്കാരും അതിന്‍റെ ഇരട്ടി, അഞ്ചു മില്യൺ സിവിലിയൻ ജനതയുടെ മരണത്തിലും അതിന്‍റെ പത്തിരട്ടി ജനങ്ങളെ തീരാദുരിതങ്ങളിലും വീഴ്ത്തിയ രണ്ടാം ലോക മഹായുദ്ധമാണ്. ന്യുക്ലിയർ ബോംബാക്രമണത്തോടെ യുദ്ധത്തിന്‍റെ ഭീകരത ഏതാണെന്ന് തലമുറകൾക്കുള്ള വലിയ പാഠങ്ങളും നൽകിക്കൊണ്ടാണ് രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത്.

1945 മുതലുള്ള പുനരുദ്ധാരണ കാലത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും പൊതു മൂലധനം ആണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. കാര്യങ്ങൾ ഒക്കെ ഒരുവിധം നേരെയായി വരുമ്പോൾ ദാ സ്വകാര്യ മൂലധനവും മുതലാളിത്തവും തങ്ങളുടെ പഴയ വിദ്യകളെ പുതിയ കുപ്പികളിൽ നിറച്ചു വില്‍പനക്ക് ഇറങ്ങി. പണത്തിൽ കേന്ദ്രികൃതമായ ഫിനാൻഷ്യൽ ക്യാപിറ്റൽ ആണ് സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത് എന്ന് വരുത്തിത്തീർക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. തൊണ്ണൂറുകളിലെ ഏഷ്യൻ സ്റ്റോക്ക് വിപണിയുടെ വീഴ്‌ച മുതൽ അതിങ്ങനെ ലോക രാജ്യങ്ങളിൽ കയറിയിറങ്ങുകയാണ്. പക്ഷേ ആവശ്യം വേണ്ട തിരുത്തലുകളോ തിരിച്ചുപോക്കോ ഇതുവരെ നടത്താൻ ഇതിന്‍റെ പ്രണീതാക്കൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സോഷ്യലിസത്തില്‍ ഊന്നിയ സാമ്പത്തിക മോഡലുകൾ തീർത്തും പരാജയമാണെന്ന് പറയുന്നവർ മുതലാളിത്തത്തിന്‍റെ തുടർച്ചയായ പരാജയത്തേ അതുണ്ടാക്കി കൊണ്ടിരിക്കുന്ന ദുരന്തങ്ങളെ ഒന്നും കാണുന്നില്ല എന്ന് മാത്രമല്ല അത് വിജയത്തിലേക്കുള്ള, സമാധാനത്തിലേക്കുള്ള അവസാന വഴി മാത്രമാണെന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുകയാണ്.

ഓഹരിവിപണിയുടെ വളർച്ച ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയുടെ സൂചിക ആവുമ്പോൾ ഉത്പാദനത്തിന്റേയോ ഉത്പാദന വസ്തുക്കളുടെ വിതരണത്തിന്റേയോ പ്രശ്നങ്ങൾ ഒരിക്കലും ആരും ചർച്ചക്ക് വിഷയമാക്കുന്നില്ല. അവിടെ ചർച്ച ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ ആവും. 50000 കൃഷിക്കാർ വികലമായ കാർഷികനയങ്ങൾ മൂലം വിപണി കാണാതെ നഷ്ടം വന്നു കടം കയറി ആത്മഹത്യാ ചെയ്താൽ അത് സാമ്പത്തിക വ്യവസ്ഥയേയോ രാഷ്ട്രീയ നേതൃത്വങ്ങളേയോ ഒട്ടും ഉലയ്ക്കാറില്ല, പക്ഷേ ഓഹരി സൂചിക താഴേക്ക് വന്നാൽ ഒരു പക്ഷേ ധനമന്ത്രിക്ക് പണിപോയെന്ന് വരാം. അതാണ് ഫിനാൻഷ്യൽ ക്യാപിറ്റലിന്‍റെ ശക്തി. അതുകൊണ്ടാണ് കോർപ്പറേറ്റ് നികുതി കുറക്കുന്നത് മാന്ദ്യം തടയാനുള്ള ഉത്തേജകം ആകുന്നത്.

മാന്ദ്യകാലത്ത് ഉപോഭോഗം വർധിക്കാൻ ജനത്തിന്‍റെ കൈയിൽ പണമില്ലാതെ ഇരിക്കുമ്പോൾ കോർപ്പറേറ്റ് നികുതി കുറച്ചതുമൂലം ഉണ്ടായ അധിക ലാഭത്തിന്‍റെ പ്രതീക്ഷയിൽ പുതിയ നിക്ഷേപങ്ങളും ആയി വരുമെന്ന് ധനമന്ത്രാലയവും വിദ്ഗ്ധരും മാധ്യമങ്ങളും ഏറ്റു പറയുകയും ഓഹരി വിപണി കുതിച്ചുയർന്നു വാനത്തെത്തുകയും ചെയ്യുമ്പോൾ സാമാന്യബോധമുള്ളവർക്ക് ദി ബിഗ് ഷോർട് സിനിമ കണ്ടു, അതിന്‍റെ ഗതകാല ഇന്ത്യൻ വ്യാഖ്യാനത്തെ മനസ്സിൽ നിരൂപിച്ചാൽ മതി. ഒപ്പം ധനമന്ത്രാലയത്തിനും, ആർബിഐയ്ക്കും മാധ്യമങ്ങൾക്കും നല്ല പ്രാമുഖ്യം കൊടുക്കണം. അപ്പോൾ മനസ്സിൽ വരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാവും, അതായത് LICയുടെ 20000 കോടി രൂപ ഓഹരി വിപണിയിൽ ഒലിച്ചുപോയതിന് ആര് ഉത്തരം പറയും എന്ന ചോദ്യം, പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോഓപ്പറേറ്റീവ് ബാങ്കിന്‍റെ തകർച്ചക്ക് ഇടയാക്കിയ 2500 കോടി രൂപയുടെ കടബാധ്യത ഉണ്ടാക്കിയിട്ടും HDIL എന്ന കമ്പനിയുടെ ഉടമസ്ഥന് എന്തിന്‍റെ അടിസ്ഥാനത്തിലാണ് 100 കോടിക്ക് അടുത്ത് വീണ്ടും വായ്പ നൽകിയത് എന്ന ചോദ്യം? കോടിക്കണക്കിനു കുടിശിഖയുള്ള വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് എന്തിനാണ് വീണ്ടും വീണ്ടും കടം നൽകി ബാങ്കുകൾ ബാധ്യത വർധിപ്പിക്കുന്നത് എന്ന ചോദ്യം? 10 ലക്ഷം കോടി രൂപയുടെ വൻകിട കിട്ടാകടങ്ങൾ എഴുതി തള്ളിയിട്ടും കടക്കാരുടെ ആസ്തികളുടെ സൂക്ഷ്മ പരിശോധനയിൽ ഇത്രമാത്രം പരാജയം എങ്ങനെയാണ് സംഭവിക്കുന്നത് എന്ന ചോദ്യം? ഇതിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനോ, ഏറ്റെടുപ്പിക്കാനോ ആരുമില്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യം? ഓഹരി വിപണിയിലെ സൂചിക ഉയർന്നാൽ ഉപഭോഗം വർധിക്കും എന്ന് ഒരുപറ്റം വിദഗ്ധര്‍ക്ക് യാതൊരു മനഃക്ലേശവും ഇല്ലാതെ പറയാൻ കഴിയുന്നത് എന്ത് കൊണ്ടാവും എന്ന ചോദ്യം? ദുരിതത്തിൽ നിന്നും മഹാദുരന്തത്തിലേക്ക് കാർഷിക മേഖലയും ചെറുകിട ഉത്പാദന മേഖലയും കൂപ്പുകുത്തിയിട്ടും എന്ത് കൊണ്ടാണ് അവരുടെ പ്രശ്നങ്ങൾ പാർശ്വവത്കരിക്കപ്പെടുന്നത് എന്ന ചോദ്യം?

ചോദ്യങ്ങൾ അനന്തമാണ്, പക്ഷെ അത് ഉയർത്തികൊണ്ടു വരാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ആവുന്നില്ല രാജാവ് മാത്രമല്ല പ്രജകളിലെ നല്ലൊരു ശതമാനവും നഗ്നരാണെന്ന് പറയാൻ ആരുമില്ലാത്ത ഈ അവസ്ഥ 1930 കളിലെ ഫാസിസിസ്റ് സ്റ്റേറ്റുകളിൽ പോലും ഇത്ര തീവ്രമായ രീതിയിൽ ശുഷ്കിച്ചിരുന്നില്ല. ഇത് ചരിത്രത്തിന്‍റെ അനിവാര്യമായ ആവർത്തനമാണ്. ഒരു പക്ഷേ പുനരുദ്ധാരണം സ്വപ്നം കാണാൻ പോലും ത്രാണിയില്ലാത്ത ഒരു സംസ്കാരത്തിന്‍റെ അവസാനത്തിലേക്കുള്ള യാത്രയും ആവാം.


Comments

comments