ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും സയന്‍സ് ഫിക്ഷനും
ശാസ്ത്രകഥകള്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധം? ശാസ്ത്രത്തിന്‍റെ വസ്തുനിഷ്ഠത, ശാസ്ത്രീയമായ അറിവുകളുടെ സാമൂഹികേതരമായ സവിശേഷ നില, അവയുടെ കണിശത തുടങ്ങിയ കേവലശാസ്ത്രവാദപരമായ എല്ലാ ധാരണകളേയും തകര്‍ക്കുന്നതാണ് ശാസ്ത്രകഥാസാഹിത്യം. മലയാളത്തില്‍ ശാസ്ത്രകഥാ സാഹിത്യത്തിന് നീണ്ട ചരിത്രമുണ്ട്. നമ്മുടെ ആദ്യത്തെ ചെറുകഥകളിലൊന്ന് ശാസ്ത്ര കഥയായിരുന്നു — കുഞ്ഞിരാമന്‍ നായനാരുടെ ദ്വാരക (1893). ശാസ്ത്രനോവലുകള്‍ മലയാളത്തില്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 1927-ല്‍ തൃശൂരില്‍ നടന്ന സമസ്ത കേരള സാഹിത്യപരിഷത്തിന്‍റെ ദ്വിതീയ സമ്മേളനത്തില്‍ ഉയരുന്നുണ്ട് (ബാലകൃഷ്ണന്‍ 2007: 187–188). പക്ഷേ മലയാളത്തില്‍ സയന്‍സ് ഫിക്ഷന്‍ ഒരു പ്രധാന സാഹിത്യവിഭാഗമായി പില്‍ക്കാലത്ത് വളര്‍ന്നു എന്നു പറയാന്‍ നിര്‍വാഹമില്ല. ബാംഗ്ല, മറാത്തി ഭാഷകളില്‍ ആണ് ഈ ഴാണര്‍ (genre) പ്രധാനമായും വികസിച്ചത് (അതേ പുസ്തകം). ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ജനപ്രിയ സാഹിത്യ രചനകള്‍ പലതും ‘പൈങ്കിളി’ വാരികകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള വിവരങ്ങള്‍ തീര്‍ത്തും ലഭ്യമല്ല.
മലയാളത്തില്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളും കുറവാണ്; ആദ്യ ചിത്രമായ കറുത്ത രാത്രികള്‍ക്കുശേഷം (മഹേഷ് എന്ന പേരില്‍ പി. സുബ്രമണ്യം, 1967) പരിമിതമായ തോതിലേ ഈ ഴാണര്‍ അടുത്തകാലം വരെ പരീക്ഷിക്കപ്പെട്ടിരുന്നുള്ളൂ. ഇന്ത്യന്‍ സിനിമയില്‍ തമിഴിലും ഹിന്ദിയിലുമാണ് ഏറ്റവും കൂടുതല്‍ സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ ഇറങ്ങിയിട്ടുള്ളത്. അടുത്ത സമയത്ത് റിലീസ് ആയ 9 (ജെന്യൂസ് മുഹമ്മദ്, 2019), ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 (രതീഷ് ബി. പൊതുവാള്‍, 2019) എന്നീ ചിത്രങ്ങളുടെ ബോക്സോഫീസ് വിജയം മലയാളത്തില്‍ ഇത്തരം സിനിമകള്‍ക്ക് അനുകൂലമായ ഒരു പ്രവണത രൂപപ്പെട്ടു വരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പൊതുവേ ഇന്ത്യന്‍ സിനിമയിലും സാഹിത്യത്തിലും ശാസ്ത്രകഥാ കൃതികളുടെ എണ്ണം കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട് എന്നു കാണാം. സാമൂഹികജീവിതം കൂടുതല്‍ ശാസ്ത്രസാങ്കേതിക പൂരിതമാവുന്നതാവാം (technoscientific culture) സയന്‍സ് ഫിക്ഷന്‍ സിനിമകളുടെയും സാഹിത്യ കൃതികളുടെയും പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.
ശാസ്ത്രകഥാ സിനിമകള്‍ മിക്കവയും ബോക്സോഫീസ് പരാജയങ്ങള്‍ ആണെങ്കിലും തുടര്‍ന്നും ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം പ്രസക്തമാണ്. മലയാളത്തില്‍ അതിശയന്‍ (വിനയന്‍ 2007), ഭരതന്‍ ഇഫക്ട് (അനില്‍ ദാസ്, 2007), റെഡ് റെയ്ന്‍ (രാഹുല്‍ സദാശിവന്‍, 2013) തുടങ്ങിയ ചിത്രങ്ങളൊക്കെ പരാജയങ്ങളോ, ശരാശരി വിജയങ്ങളോ ആയിരുന്നെങ്കിലും പുതിയ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടാതിരുന്നില്ല. സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ ഇന്ത്യന്‍ സാംസ്കാരിക പശ്ചാത്തലത്തോട് സംവദിക്കാനുള്ള ശേഷി നേടിയെടുക്കുന്നതിന് നടത്തുന്ന പരീക്ഷണങ്ങളുടെ നീണ്ട തുടര്‍ച്ചയായി ഈ പരിശ്രമങ്ങളെ കാണാം. പുതിയ ആഖ്യാന തന്ത്രങ്ങള്‍, ദൃശ്യ സങ്കേതങ്ങളുടെ വികാസം, പ്രേക്ഷക സമൂഹത്തിന്‍റെ രൂപീകരണം തുടങ്ങിയവയിലേക്കുള്ള സംഭാവനകള്‍ ഈ പരാജിത സിനിമകള്‍ നടത്തുന്നുണ്ട് (Basu 2011: 558). ഇന്ത്യന്‍ സിനിമാവ്യവസായ രംഗത്തെ മൂലധന നിക്ഷേപതാല്പര്യം സയന്‍സ് ഫിക്ഷന്‍റെ സാധ്യതകളെ മുന്‍കൂട്ടി കാണുന്നുണ്ട് എന്നുകൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. കൃഷ് സിനിമാ പരമ്പര (രാകേഷ് റോഷന്‍, 2003-2013, ഹിന്ദി) എന്തിരന്‍ (എസ്. ഷങ്കര്‍, 2010, തമിഴ്), 2.0 (എസ്. ഷങ്കര്‍, 2018, തമിഴ്) തുടങ്ങിയ ഭീമന്‍ മുതല്‍മുടക്കും സാങ്കേതിക വൈഭവങ്ങളും ആവശ്യമായി വരുന്ന ബ്ലോക്‍ബസ്റ്റര്‍ ചിത്രങ്ങളുടെ വിജയവും ഈ പ്രവണതയെ സൂചിപ്പിക്കുന്നു.
സയന്‍സ് ഫിക്ഷന്‍ കൃതികളുടെ പ്രത്യേകത അവയുടെ ആഖ്യാനത്തിന്‍റെ കേന്ദ്രമായി ശാസ്ത്രസാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തില്‍ യുക്തിപരമായി സങ്കല്‍പ്പിക്കപ്പെട്ട ‘പുതുമ’യാണ് (novum) (Suvin 1977). ഭാവിയിലേക്ക് തുറക്കുന്ന, ഭാവനകൊണ്ട് പണിത പാലമാണ് നോവം. വര്‍ത്തമാനകാല ശാസ്ത്രം മുന്നോട്ട് വെയ്ക്കുന്ന ഭാവിസാധ്യതകളെ നോവത്തിലൂടെ വികസിപ്പിക്കുകയാണ് പൊതുവേ ശാസ്ത്ര കഥകള്‍ ചെയ്യുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ ആഖ്യാന കേന്ദ്രം നിര്‍മ്മിത ബുദ്ധിയുള്ള യന്ത്രമനുഷ്യനാണ് (android). ഇത് ഇന്നത്തെ ശാസ്ത്രത്തിലൂന്നുന്നതും എന്നാല്‍ വികസിതമായിട്ടില്ലാത്തതുമായ ഒരു പുത്തന്‍ സാധ്യതയാണ്. ആന്‍ഡ്രോയിഡ് എന്ന നവ്യത കേരളത്തിലെത്തിയാല്‍ എന്തൊക്കെ സംഭവിക്കാം എന്ന കല്‍പനയാണ് ചിത്രത്തിന്‍റെ ആഖ്യാനസാധ്യതകള്‍ രൂപപ്പെടുത്തുന്നത്. അതായത്, നമുക്ക് അജ്ഞാതവും അപരിചിതവുമായ ഒരു സാമൂഹിക ജീവിതസാധ്യതയെ ശാസ്ത്രത്തിന്‍റെ കൂട്ടുപിടിച്ച് ഈ സിനിമ അവതരിപ്പിക്കുന്നു. അതിലൂടെ ഇന്നത്തെ കേരള സമൂഹത്തെ പുതിയൊരു വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ സിനിമ പ്രേക്ഷകരെ ക്ഷണിക്കുന്നു. ചെറുപ്പക്കാരൊക്കെ ജോലിതേടി നാടുവിടുന്ന കേരളത്തിലെ വൃദ്ധരുടെ ഏകാന്തതയും അത് കുടുംബ ജീവിതത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും പരിശോധിക്കാന്‍ ആന്‍ഡ്രോയിഡെന്ന നവ്യസങ്കേതം സഹായകരമാകുന്നു. വൈറസ് (ആഷിഖ് അബു, 2019) എന്ന മെഡിക്കല്‍ ത്രില്ലര്‍ ശാസ്ത്രത്തെ സംബന്ധിച്ചുള്ളതായിരിക്കുമ്പോള്‍ തന്നെ സയന്‍സ് ഫിക്ഷന്‍ ആകാതിരിക്കുന്നത് അതില്‍ നോവം ഇല്ലാത്തതിനാലാണ്.
വര്‍ത്തമാനകാലം ആയിത്തന്നെയാണ് കുഞ്ഞപ്പനില്‍ ഭാവി പ്രത്യക്ഷപ്പെടുന്നത്. അഥവാ സിനിമയിലെ കാലം ഇന്നിന്‍റെ തുടര്‍ച്ചയാണ്. വര്‍ത്തമാനത്തിലേക്കാണ് ആന്‍ഡ്രോയിഡ് കടന്നു വരുന്നത്. പക്ഷേ ഈ കാലം, യഥാര്‍ത്ഥത്തില്‍ നിലവിലില്ലാത്ത സമീപ ഭാവിയാണ് താനും. എന്നാല്‍ ചില ചിത്രങ്ങളില്‍ അവതരിക്കപ്പെടുന്ന ഭാവി നമുക്ക് തീര്‍ത്തും പരിചിതമല്ലാത്തത്ര വിദൂരമാവാം. Star Wars സിനിമാ പരമ്പര (ജോര്‍ജ് ലൂക്കാസ്, 1977-1983, ഹോളിവുഡ്) ഉദാഹരണമാണ്. ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ വിദൂര ഭാവി ഇതുവരെ കാര്യമായി അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നു കാണാം (Varughese 2017). തുറന്ന ഭാവിയെക്കുറിച്ചുള്ള നമ്മുടെ സാംസ്കാരിക ഭീതിയാവാം സുവര്‍ണ്ണ ഭൂതകാലമെന്നുള്ള മിത്ത് മിക്ക ഇന്ത്യന്‍ ശാസ്ത്ര കഥാഖ്യാനങ്ങളുടേയും കേന്ദ്രമാവുന്നതിന്‍റെ പിന്നില്‍. കാലസഞ്ചാരമെന്ന (time travel) നോവത്തെ ആധാരമാക്കിയുള്ള സിനിമകള്‍ പോലും ഭാവിയിലേക്ക് എത്തിനോക്കാന്‍ വിസമ്മതിക്കുകയും സമീപ/വിദൂര ഭൂതകാലത്തിലേക്ക് യാത്രചെയ്യുകയുമാണ് ഇന്ത്യന്‍ സിനിമകളില്‍ (അതേ പഠനം). ആദിത്യ 360 (ശ്രീനിവാസ റാവു, 1991) എന്ന തെലുങ്കു പടത്തില്‍ വിദൂര ഭാവി പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അത് ആണവദുരന്തത്തിനു ശേഷമുള്ള ഊഷരഭാവിയാണ്. അവിടെ അധികനേരം തങ്ങാതെ കാലസഞ്ചാര പേടകത്തിലെ യാത്രികര്‍ സുവര്‍ണ്ണ ഹൈന്ദവ പ്രാചീനതയിലേക്ക് രക്ഷപ്പെടുകയാണ്. ലവ് സ്റ്റോറി 2050 (ഹാരി ബവേജ, 2008) എന്ന ഹിന്ദി ചിത്രത്തില്‍ മാത്രമാണ് ഭാവി മെച്ചപ്പെട്ട ഒരിടമായി അവതരിപ്പിക്കപ്പെടുന്നത്. പക്ഷേ അവിടെയും പേടകം പെട്ടന്നു തന്നെ വര്‍ത്തമാന കാലത്തിലേക്ക് മടങ്ങുന്നു (അതേ പഠനം).
ശാസ്ത്രസാങ്കേതികവിദ്യാപൂരിതമായ സമൂഹത്തില്‍ ജീവിക്കുന്ന നമ്മുടെ സാംസ്കാരികമായ ഭീതികള്‍, തൃഷ്ണകള്‍, പിരിമുറുക്കങ്ങള്‍, ഉല്‍കണ്ഠകള്‍ എന്നിവയൊക്കെ സയന്‍സ് ഫിക്ഷന്‍ ആഖ്യാനങ്ങള്‍ സമര്‍ഥമായി ആരായുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന് സഹായകരമായ വിധത്തില്‍ മറ്റ് പല ഴാണറുകളുടേയും ചേരുവകള്‍ സയന്‍സ് ഫിക്ഷനില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളും സയന്‍സ് ഫിക്ഷന്‍ ത്രില്ലറുകളും ഉദാഹരണങ്ങളാണ്. സയന്‍സ് ഫിക്ഷന്‍ രതിചിത്രങ്ങളും ഇന്ന് സുലഭമാണ്.
സയന്‍സിന്‍റെ സാമൂഹികതയെക്കുറിച്ചുള്ള ശക്തമായ വിമര്‍ശനങ്ങള്‍ ശാസ്ത്ര കഥാഖ്യാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. സയന്‍സിനെ കേവലശാസ്ത്രവാദപരമായിട്ടല്ല ഈ ഴാണര്‍ സമീപിക്കുന്നത്. ശാസ്ത്രവും രാഷ്ട്രീയവും ഇതില്‍ കുഴമറിയുന്നു; ശാസ്ത്രത്തിന്‍റെ സാംസ്കാരിക തലം തെളിയുന്നു. ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസവുമായി ബന്ധപ്പെട്ട് നമ്മള്‍ ഒരു പ്രത്യേക പാത സ്വീകരിച്ചാല്‍ ഉണ്ടാകാവുന്ന പരിണിതഫലങ്ങള്‍ എന്തായിരിക്കും എന്ന വിമര്‍ശമാണ് മിക്ക ആഖ്യാനങ്ങളും. ഈ സവിശേഷ അര്‍ഥത്തില്‍ സയന്‍സ് ഫിക്ഷന്‍ ഭാവിയെക്കുറിച്ചുള്ള ദര്‍ശനമാണ് മുന്നോട്ട് വെക്കുന്നത്. കൂടുതല്‍ ജനാധിപത്യപരമായ ഒരു ശാസ്ത്രസാങ്കേതിക ഭാവി വികസിപ്പിക്കുന്നതില്‍ ശാസ്ത്രകഥാ കല്‍പനകള്‍ പ്രധാനമാവുന്നു. ശാസ്ത്രത്തിന്‍റെ പ്രവൃത്തിമണ്ഡലത്തിനുള്ളില്‍ സാധ്യമാവാത്ത പുതിയ ഭാവനകള്‍ പൂത്തുലയുന്ന ഇടം കൂടിയാണ് ശാസ്ത്രകഥകളുടേത്. ഭൌതികശാസ്ത്രത്തിലെ പുഴു മാളം (worm hole), ഗ്രഹാന്തര യാത്ര തുടങ്ങിയുള്ള പരികല്‍പനകളുടെ വികാസത്തിന് സയന്‍സ് ഫിക്ഷന്‍ ഭാവനകള്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്. ശാസ്ത്രവും ശാസ്ത്രകഥയും തമ്മില്‍ സങ്കല്‍പ്പനങ്ങളുടെ പങ്കിടല്‍ നടത്തുന്നുണ്ട് എന്നു ചുരുക്കം.
നമ്മുടെ മനുഷ്യകേന്ദ്രീകൃതമായ ചിന്താരീതികളെ സങ്കല്‍പ്പങ്ങള്‍ കൊണ്ട് മറികടക്കുന്നതിന് സയന്‍സ് ഫിക്ഷന് കഴിയുന്നുണ്ട്. മനുഷ്യന്‍, മൃഗം, യന്ത്രം എന്നിവയ്ക്കിടയില്‍ ജ്ഞ്ജാനോദയകാലം മുതല്‍ സങ്കല്‍പ്പിക്കപ്പെട്ടുവരുന്ന ശക്തമായ അതിര്‍ വരമ്പുകള്‍ ശാസ്ത്ര കഥകളില്‍ മാഞ്ഞു പോകുകയും മാറി മറിയുകയും ചെയ്യുന്നു. മനുഷ്യനും മൃഗങ്ങളും, മൃഗങ്ങളും യന്ത്രങ്ങളും, യന്ത്രങ്ങളും മനുഷ്യനും ചേരുന്ന സങ്കരയുടലുകള്‍ ശാസ്ത്ര കഥകളില്‍ ധാരാളം കാണാം. നമ്മള്‍ ഇന്ന് ആയിത്തീര്‍ന്നുകൊണ്ടിരിക്കുന്ന ഭവശാസ്ത്രപരമായ പുതിയ അവസ്ഥയുടെ പ്രകാശനവുമാണ് ഇത്. ഈ പുതിയ മനുഷ്യാനന്തര/മനുഷ്യാതീത ഭവാവസ്ഥ (post human/trans human condition) സാമൂഹികതയെ എങ്ങിനെ മാറ്റിയെഴുതും എന്ന ഭാവനാ പരീക്ഷണമാണ് സയന്‍സ് ഫിക്ഷന്‍ നടത്തുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ഈ പുതിയ സാമൂഹികാവസ്ഥ കേരളത്തിന്‍റെ സവിശേഷ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്നു. ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടത്തിന്‍റെ തുടക്കമാകാനുള്ള ഉള്ളടക്കവും രൂപഭദ്രതയും ഈ കൊച്ചു മലയാളം ചിത്രത്തിനുണ്ട്.
ശാസ്ത്രകഥകളിലെ ഒരു പ്രധാന നോവമാണ് യന്ത്രമനുഷ്യന്‍. മനുഷ്യാതീതമായ ശക്തിവിശേഷങ്ങളുള്ള റോബോട്ടുകളെ കേന്ദ്രീകരിച്ച് ധാരാളം ആഖ്യാനങ്ങള്‍ ഇന്ത്യന്‍ സയന്‍സ് ഫിക്ഷനിലുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പഴയ ദൂരദര്‍ശന്‍ സീരിയലായ ജയന്‍റ് റോബോട്ട് (ജാപ്പനീസില്‍ നിന്നും മൊഴിമാറ്റം), യന്തിരന്‍, ഹോളിവുഡ് (ദിനേശ് ബാബു, 2002, കന്നഡ) തുടങ്ങിയ സിനിമകള്‍ ഒക്കെ ഉദാഹരണം. ആന്‍ഡ്രോയിഡ് കേന്ദ്രകഥാപാത്രമായി വരുന്ന കുഞ്ഞപ്പന്‍ ഈ ഉപ-വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ പൊതുവേ ആന്‍ഡ്രോയിഡ് ചിത്രങ്ങള്‍ക്കുള്ള കെട്ടുകാഴ്ചാ (spectacle) സ്വഭാവം ഈ സിനിമയ്ക്കില്ല. നായകനായ കുഞ്ഞപ്പന്‍ എന്ന ആന്‍ഡ്രോയിഡ് സിനിമയ്ക്കുള്ളിലെ മറ്റ് കഥാപാത്രങ്ങള്‍ക്കോ സിനിമ കാണുന്നവര്‍ക്കോ ഒരു വലിയ കാഴ്ചയല്ല. നമ്മുടെ ജീവിത പരിസരങ്ങളില്‍ നിരന്തരം പരിചിതമായ ഒരു സാധാരണ കഥാപാത്രമെന്ന ലഘുത്വം അതിനുണ്ട്. കുഞ്ഞപ്പനെ ആദ്യമായി അവതരിപ്പിക്കുമ്പോള്‍തന്നെ ഒരു നാട്ടുകാരന്‍ അതിനെ ‘ആന്‍ഡ്രോയിഡ്’ ആയി തിരിച്ചറിയുന്നുണ്ട്. വളരെപ്പെട്ടന്ന് കുഞ്ഞപ്പന്‍ ഒരു നാട്ടുകാരനായി പൊതുവേ സ്വീകരിക്കപ്പെടുന്നു. പ്രത്യേകിച്ചും സ്ത്രീകളും വൃദ്ധരുമാണ് കുഞ്ഞപ്പനെ സുഹൃത്തായി കൂടെക്കൂട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
പക്ഷേ കുഞ്ഞപ്പന്‍ എന്ന ആന്‍ഡ്രോയിഡ്, സിനിമയിലെ സാമൂഹിക പശ്ചാത്തലത്തില്‍ കാര്യമായ പിരിമുറുക്കങ്ങള്‍ക്കും ഉല്‍കണ്ഠകള്‍ക്കും കാരണമാവുന്നുമുണ്ട്. ഏകാകിയായ, അതുകൊണ്ടു തന്നെ മുന്‍കോപിയും പിടിവാശിക്കാരനുമായ, ഭാസ്കരപ്പൊതുവാള്‍ എന്ന അച്ഛനും വിദേശത്തു തൊഴിലെടുക്കുന്ന സുബ്രഹ്മണ്യന്‍ എന്ന മകനും തമ്മിലുള്ള അത്ര സുഖകരമല്ലാത്ത ബന്ധത്തിനു നടുവിലേക്കാണ് കുഞ്ഞപ്പന്‍ എത്തുന്നത്. എന്നാല്‍ പെട്ടന്നുതന്നെ അച്ഛന് മകനെക്കാളും പ്രിയപ്പെട്ടവനായി ഈ യന്ത്രമനുഷ്യന്‍ മാറുന്നു. മകനുമായുള്ള ബന്ധത്തില്‍ തനിക്കൊരിക്കലും സാധിക്കാതെ പോയ ഊഷ്മളമായ അടുപ്പം കുഞ്ഞപ്പനോട് അദ്ദേഹത്തിന് സാധിയ്ക്കുന്നു. സാമൂഹിക ചട്ടങ്ങള്‍ക്കുള്ളില്‍ വൃദ്ധര്‍ക്ക് അനുവദനീയമല്ലാത്ത പ്രണയം പോലുള്ള സാധ്യതകള്‍ അയാള്‍ക്കു മുമ്പില്‍ തുറക്കുന്നത് കുഞ്ഞപ്പനാണ്. അതായത്, മകനുമായുള്ള കൃത്രിമവും ഔപചാരികവുമായ ബന്ധത്തിന്‍റെ പരിമിതികളെ മറികടക്കുന്ന പുതിയ ജൈവസാധ്യതയാണ് ഭാസ്ക്കരപ്പൊതുവാള്‍ക്ക് കുഞ്ഞപ്പന്‍ എന്ന യന്ത്രം. മകനു പകരമെത്തുന്ന, സഹായിയായ യന്ത്രമല്ല, മറിച്ച് അതുവരെ സാമൂഹികമായി ലഭ്യമല്ലാതിരുന്ന ഒരു പുത്തന്‍ വൈകാരികസാധ്യതന്നെയാണ് കുഞ്ഞപ്പന്‍. ഇതേ സാധ്യത പൊതുവാളിന്‍റെ പ്രണയതാല്പര്യമായ സ്ത്രീയ്ക്ക് (അവരും ഏകാകി തന്നെ) ലഭ്യമാക്കുന്നത് മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റുമാണ്.
ആന്‍ഡ്രോയിഡിനെ തിരിച്ചു കൊണ്ടുപോകാനായി എത്തുന്ന മകനുമായി പൊതുവാള്‍ ഇടയുന്നത് ഈ പുതിയ ബന്ധം അവനെ പറഞ്ഞു മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയാതെ വരുമ്പോഴാണ്. മകനുമായുള്ള ബന്ധം യാന്ത്രികവും യന്ത്രവുമായുള്ള അടുപ്പം ജൈവികവുമായി മാറിമറിയുന്നു. സിനിമയുടെ അവസാന സീക്വന്‍സ്സില്‍ മകന്‍റെ ബൈക്കിനു പുറകില്‍ അവനെ കെട്ടിപിടിച്ചിരിക്കുമ്പോള്‍ പൊതുവാള്‍ മനസ്സില്‍ കരുതുന്നത് താന്‍ കുഞ്ഞപ്പനോടൊപ്പമാണ് എന്നാണ്. ആന്‍ഡ്രോയിഡിനു പകരക്കാരനാകാന്‍ മകനാവില്ല എന്ന സൂചന നല്‍കിയാണ് സിനിമ അവസാനിക്കുന്നത്. നിലവിലുള്ള കുടുംബ വ്യവസ്ഥയുടെ പരിമിതികളെ വിമര്‍ശിക്കുന്നതിനോടൊപ്പം പകരം രൂപപ്പെടേണ്ടുന്ന മെച്ചപ്പെട്ട സാമൂഹിക ജീവിത സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതിനും ആന്‍ഡ്രോയിഡ് എന്ന നോവം സിനിമയില്‍ സഹായകരമാകുന്നു. മനുഷ്യാനന്തര സാമൂഹികതയുടെ ആനന്ദസാധ്യതകളെ സിനിമ കുഞ്ഞപ്പനും പൊതുവാളും മകനും തമ്മിലുള്ള ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളിലൂടെ അവതരിപ്പിക്കുന്നു.
കുഞ്ഞപ്പന്‍റെ ലിംഗപദവിയും ജാതിയും മതവും സംബന്ധിച്ച അവ്യക്തതകള്‍ സാമൂഹികമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. നിലവിലുള്ള സാമൂഹിക വ്യവസ്ഥയിലേക്ക് കുഞ്ഞപ്പനെ ഉള്‍ച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ പൊതുവാള്‍ നടത്തുന്നത് (കുഞ്ഞപ്പന്‍ ഹിന്ദുവാണെന്നുള്ള പ്രഖ്യാപനം, നഗ്നനാണെന്ന തിരിച്ചറിവും തുണിയുടുപ്പിക്കലും, ജാതകമെഴുതല്‍ തുടങ്ങിയവ) കൂടുതല്‍ പിരിമുറുക്കങ്ങള്‍ക്കും സാമൂഹിക ഉല്‍കണ്ഠകള്‍ക്കും വഴിതെളിക്കുന്നു. പൊതുവാളിന്‍റെ സവര്‍ണ്ണ ജാതിബോധത്തെ കുഞ്ഞപ്പന്‍ ഉലയ്ക്കുന്നു. അദ്ദേഹത്തിന്‍റെ ജീവിതവീക്ഷണം ആന്‍ഡ്രോയിഡുമായുള്ള സംസര്‍ഗത്തെ തുടര്‍ന്ന് കീഴ്മേല്‍ മറിയുന്നുമുണ്ട്. ആക്രമോത്സുകമായ മലയാളി ആണത്തത്തെ കുഞ്ഞപ്പന്‍ നിരന്തരം പ്രകോപിപ്പിക്കുകയും തളര്‍ത്തുകയും ചെയ്യുന്നുണ്ട്. അങ്ങനെ, കേരളത്തിലെ സാമൂഹിക ബന്ധങ്ങളുടെ ജീര്‍ണ്ണതയ്ക്കു നേരെ പിടിച്ച കണ്ണാടിയായിത്തീരുന്നു കുഞ്ഞപ്പന്‍ എന്ന യന്ത്രമനുഷ്യന്‍. ഒപ്പം, മനുഷ്യാനന്തര സാമൂഹികതയുടെ സാധ്യതകളെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ഭാവനാപരീക്ഷണമായും സിനിമ മാറുന്നു. പക്ഷേ ഒരു പരിധിക്കപ്പുറം ഈ ആനന്ദ സാധ്യതകള്‍ ആരായാന്‍ സംസ്കാരികമായി നമുക്ക് സാധ്യമല്ല എന്നതും ആന്‍ഡ്രോയിഡ് നോവമായി വരുന്ന സിനിമകള്‍ സൂചിപ്പിക്കുന്നുണ്ട്; കുഞ്ഞപ്പന്‍ ഉള്‍പ്പടെയുള്ള സിനിമകള്‍ അവസാനിക്കുന്നത് യന്ത്രമനുഷ്യനെ നശിപ്പിക്കുന്നതോടുകൂടിയാണ് എന്നോര്‍ക്കുക (യെന്തിരന്‍ മറ്റൊരു ഉദാഹരണം).
സയന്‍സ് സാംസ്കാരിക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നുള്ളത് പഠിക്കുന്ന ഗവേഷണമേഖല ‘ശാസ്ത്രസാങ്കേതിക വിദ്യകളുടെ സാംസ്കാരിക പഠനം’ (Cultural Studies of Science and Technology) എന്നറിയപ്പെടുന്നു. സയന്‍സ് ഫിക്ഷന്‍ പഠനങ്ങള്‍ ഈ മേഖലയിലെ ഒരു പ്രധാന ഊന്നലാണ്. സിനിമാ പഠനങ്ങള്‍, സാംസ്കാരിക പഠനം, സാഹിത്യ പഠനം, ശാസ്ത്ര-സാമൂഹികതാ പഠനങ്ങള്‍ എന്നിവയോട് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയാണ് ഈ പഠനമേഖല പ്രവര്‍ത്തിക്കുന്നത്. കേവലം ശാസ്ത്രപ്രചരണം എന്നതിനപ്പുറം പുതിയ രാഷ്ട്രീയ സാധ്യതകള്‍ മുമ്പോട്ടു വെക്കുന്ന സാംസ്കാരിക പാഠങ്ങളായി സയന്‍സ് ഫിക്ഷന്‍ കൃതികളെ തിരിച്ചറിയാന്‍ ഈ ഗവേഷണ മേഖല നമ്മെ സഹായിക്കുന്നു.
തുടര്‍ വായനക്ക്
ബാലകൃഷ്ണന്‍, ഡോ. കാവുമ്പായി. 2007. മലയാള ശാസ്ത്രസാഹിത്യ പ്രസ്ഥാനം: ഒരു പഠനം. തൃശൂര്‍ : കേരള ശാസ്ത്ര സാഹിത്യ പരിഷത്.
Basu, Anustup. 2011. “The Eternal Return and Overcoming ‘Cape Fear’: Science, Sensation, Superman and Hindu Nationalism in Recent Hindi Cinema”, South Asian History and Culture 2(4): 557-571.
Kuhn, Annette (ed.). 1990. Alien Zone: Cultural Theory and Contemporary Science Fiction Cinema. London and New York: Verso.
Lakkad, Abhishek. 2014. “Cultural Imaginaries of Science: A brief History of Indian Science-Fiction Cinema”, Science Studies in South Asian Film & Media (special issue on Science Fiction and Fantasy) 6(2): 105-120.
McNeil, Maureen. 2007. Feminist Cultural Studies of Science and Technology. London and New York: Routledge.
Menon, Dilip M. 1998. “Caste and Colonial Modernity: Reading Saraswativijayam”, in idem. Blindness of Insights. New Delhi: Navayana. Pp. 110-144.
Suvin, Darko. 2010 [1977]. “Science Fiction and the Novum”, in idem. Defined by a Hollow: Essays on Utopia, Science Fiction and Political Epistemology. Oxford: Peter Lang.
Varughese, Shiju Sam. 2017. “Crisis of Neoliberal Future: Urban Utopia in Indian Science Fiction Cinema”, in Tereza Kuldova and Mathew A. Varghese (eds.). Urban Utopias: Excess and Expulsion in Neoliberal South Asia. New York: Palgrave Macmillan, pp. 97-115.
Be the first to write a comment.