രു സർവകലാശാല അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനം എന്നാൽ കെട്ടിടങ്ങളും മറ്റടിസ്ഥാന സൗകര്യങ്ങളും, പിന്നെ കുറെ അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനം മാത്രമല്ല, അത് അടിസ്ഥാന പരമായി ഒരു ആശയമാണ്. ആ ആശയത്തെ ബൗദ്ധികതയുടെ വിവിധ തലത്തിലൂടെ മാനവികതയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വളർത്തി വലുതാക്കാനുള്ള ഒരു കൂട്ടം മനുഷ്യരുടെ ശ്രമങ്ങളാണ്. ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ ഇട്ടുകൊടുത്താൽ ലോകോത്തര ഉത്പ്പന്നങ്ങൾ താനെ ഉണ്ടായി വരുന്ന സ്ഥലം അല്ല അവിടം. പണം കൊണ്ട് കഴിവുള്ളവരെ മേടിക്കാമെന്നുള്ള വിപണി തന്ത്രങ്ങൾ കൊണ്ട് ലോകോത്തര സർവകലാശാല ഉണ്ടാക്കാൻ അത്ര എളുപ്പത്തിൽ സാധിക്കില്ല. 

അത് മനസിലാക്കാൻ ഉള്ള സാമാന്യബോധം ഇല്ലാത്തത് കൊണ്ടാണ് ഒരു ബിസിനസ് പ്ലാനിന്റെ ബലത്തിലൂടെ മാത്രം ശ്രേഷ്ട സർവകലാശാല പദവി ജിയോ ഇൻസ്റ്റിറ്റ്യന് കിട്ടുന്നതും, അതെ സമയം  ഒരു നോബൽ ജേതാവിനെ ഉത്പ്പാദിപ്പിച്ച ലോക റാങ്കിങ്ങിൽ രണ്ടു ഡിപ്പാർട്മെന്റുകൾ 100 ൽ താഴേയും, മൂന്നെണ്ണം 500ൽ താഴേയും സ്ഥാനം പിടിച്ചിട്ടും, യുജിസി-നാക്കിന്റെ ടോപ് സ്‌കോറർ ആയിട്ടും, ശ്രേഷ്ട പദവിയുടെ അടുത്തെത്താൻ ജവാഹർലാൽ നെഹ്രു സർവകലാശാലയ്ക്ക് പറ്റാതെ വരുന്നതും. അത് കൊണ്ട് തന്നെയാണ്, മാനുഷിക വികസന പദ്ധതികളിൽ (manpower planning) സാമാന്യ ബോധമുള്ളവർ മെയ് 2019 ൽ പുറത്തിറങ്ങിയ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റ് ഡോക്യൂമെന്റിൽ സ്വകാര്യവത്കരണത്തിലൂന്നിയ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ച നയരേഖ ഒരു സ്വാഭാവിക മാറ്റമാണെന്നു ഒട്ടും സംശയമില്ലാതെ മനസിലാക്കുന്നതും, ആശങ്കപ്പെടുന്നതും.  

കാരണം നേരത്തെ പറഞ്ഞത് പ്രകാരം ഉന്നത വിദ്യാഭ്യാസത്തിന്റെ ചിലവ് മാത്രമല്ല, അത് വരെ എത്തിക്കാനുള്ള ചെലവ് പോലും താങ്ങാനുള്ള അവസ്ഥയില്ല ഇന്ത്യയിലെ 80% കുടുംബങ്ങളും. വേറൊരുതരത്തിൽ ലോകത്തിലെ ഏഴാമത്തെ വലിയ സാമ്പത്തിക ശേഷിയായ ഒരു രാജ്യത്തെ 80% കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം തീർത്തും അപ്രാപ്യം ആണ്. ഏതെങ്കിലും തരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടിയ മൂന്ന് വയസ്സിനും 35 വയസ്സിനും ഇടക്ക് പ്രായമുള്ളവരിൽ 42% പേരും പഠനം ഇടക്ക് വച്ച് നിറുത്തിയവരാണ്. സാമ്പത്തിക സഹായം ഇല്ലാത്തതിനാലും (24%) തൊഴിൽ തേടേണ്ടി വന്നത് കൊണ്ടുമാണ് (36%) ഇവർക്ക് പഠനം ഇടക്ക് വച്ച് നിറുതേണ്ടി വന്നത് (NSSO 2019).  

ഇവിടെ ഒരു കാര്യം വ്യക്തമാവുന്നു, വിദ്യാഭ്യാസത്തിനുള്ള നിക്ഷേപം പ്രധാനമായും കുടുംബത്തിന്റെ, അല്ലെങ്കിൽ വിദ്യാർത്ഥിയുടെ മാത്രം ബാധ്യതയാണ്, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസം. ഇന്ത്യൻ സ്റ്റേറ്റ് വിദ്യാഭ്യാസത്തെ ഒരു നിക്ഷേപം ആയി കാണുന്നെ ഇല്ലാ. അതുകൊണ്ടാണ് ഒരു ഇന്ത്യക്കാരന്റെ ശരാശരി വിദ്യാഭ്യാസം ഒൻപതാം ക്ലാസ് ആവുന്നത്. വിദ്യാഭ്യാസത്തിൽ നല്ല പുരോഗതി നേടിയിട്ടുള്ള കേരളത്തിന്റെ ശരാശരി പോലും 11 ആം ക്ലാസ് മാത്രമാണ്. ഉന്നത വിദ്യാഭ്യാസത്തിനുള്ള നീക്കിയിരുപ്പ് തീർത്തും അപര്യാപ്തം ആണ്. വ്യക്തമായി പറഞ്ഞാൽ പതിനഞ്ചു വയസിനു മുകളിൽ പ്രായമുള്ളവലിൽ 16% ജനങ്ങളെ പത്താം ക്ളാസ്സുകാർ ഉള്ളൂ. പന്ത്രണ്ടാം ക്‌ളാസ്സുകാരാകട്ടെ 12 ശതമാനവും. അതിനു മുകളിൽ പഠിച്ചവർ 10.6% മാത്രമാണ്. വേറൊരു തരത്തിൽ പറഞ്ഞാൽ നൂറു പേരിൽ വെറും പത്തു പേര് മാത്രമേ പന്ത്രണ്ടാം ക്ലാസ്സിനപ്പുറം എത്തിയിട്ടുള്ളു. JNU പോലുള്ള ബിരുദബിരുദാനന്തര വിദ്യാലയങ്ങളിൽ എത്തുന്നവർ കഷ്ടി 2% വരും. ഫീസ് വർദ്ധനക്കെതിരെയുള്ള വിദ്യാർത്ഥികളുടെ സമരത്തെ പൊതു സമൂഹം പുശ്ചിക്കുന്നതിനും, എതിർക്കുന്നതിനും ഒരു കാരണം അത് തങ്ങൾക്ക് തീർത്തും അപ്രാപ്യമായത് കൊണ്ട് തന്നെയാണ്. JNU അതിനു എളുപ്പം ഇരയാകുന്നത്, ആ സ്ഥാപനം പാർശ്വവത്കരിക്കപ്പെട്ട മഹാഭൂരിപക്ഷത്തിലെ മിടുക്കർക്ക് അവസരം കൊടുക്കുന്നത് കൊണ്ടും അവർക്ക് പ്രാപ്യമായ രീതിയിൽ പ്രവർത്തിക്കുന്നത് കൊണ്ടുമാണ്.  

സ്കൂൾ തലത്തിൽ 8 ആം ക്ലാസ് വരെ സർക്കാർ വിദ്യാലങ്ങളിൽ പഠനം സൗജന്യമാണ്, അതിനപ്പുറം സർക്കാർ വിദ്യാലയമാണെങ്കിലും പഠനം തുടരാൻ പണം കണ്ടെത്തിയേ തീരൂ. JNU പോലുള്ള സർക്കാർ സർവ്വകലാശാലകൾ തങ്ങളുടെ ഫീസും ഹോസ്റ്റൽ ഫീസും വർദ്ധിപ്പിക്കാൻ തുടങ്ങിയാൽ അധികം വൈകാതെ ഇത്തരം ഇടങ്ങളിൽ ഒന്ന് എത്തിനോക്കാൻ പോലും ബഹുഭൂരിപക്ഷത്തിനു കഴിയാതാവും. 1970 മുതൽ തുടങ്ങിയ വിദ്യാഭ്യാസ കർമ്മ പരിപാടികളുടെ നിരന്തര പരിശ്രമം മൂലമാണ് 2010നു അടുപ്പിച്ചു പ്രൈമറി വിദ്യാഭ്യത്തിന്റെ കാര്യത്തിൽ സാർവത്രികത നേടാൻ ഇന്ത്യക്ക് കഴിഞ്ഞത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു വരുന്നവരെ, തുടർ വിദ്യാഭ്യാസത്തിനു സാധ്യതയില്ലാതെ പെട്ടെന്ന് കരകാണാകയത്തിലാഴ്ത്തുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്. 

ഇതിന്റെ മറുവശം 2030നു ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ജീവിക്കാൻ പോകുന്ന രാജ്യമാണ് ഇന്ത്യ. ഭൗതിക നിലവാരമോ, യാതൊരു നൈപുണ്യമോ ഇല്ലാത്ത 1.25 ബില്യണോ അതിനും മുകളിലുള്ള വെറും പാഴ് ജന്മങ്ങൾ ആകാൻ വിധിക്കപെട്ട ജനങ്ങൾ ഉണ്ടാക്കാവുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങൾ എന്തൊക്കെയാകുമെന്നത് അചിന്തനീയം ആണ്. അമേരിക്ക ആവാൻ ശ്രമിച്ചിട്ട്, തകർന്നു തരിപ്പണം ആയ ചില ആഫ്രിക്കൻ രാജ്യങ്ങളെക്കാളും ഗതികെട്ട അവസ്ഥയിലേക്കായിരിക്കും നാം നീങ്ങുക. 

ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക പുരോഗതിയാണ് സർക്കാരിന്റെ ഉദ്ദേശലക്ഷ്യമെങ്കിൽ വിദ്യാഭ്യാസത്തിനുള്ള നീക്കിയിരുപ്പ് ഇരട്ടിപ്പിക്കുകയല്ല, അതിനും അപ്പുറത്താക്കണം. 2019 ൽ പുറത്തു വന്ന ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റ് ഡോക്യുമെന്റ് പ്രകാരം എന്തെങ്കിലും ഒരു ലക്‌ഷ്യം നേടണമെങ്കിൽ സർക്കാർ നീക്കിയിരുപ്പ് വർധിപ്പിച്ചേ പറ്റൂ. അല്ലാതെ കോളേജുകളെയും സർവലാശാലകളേയും ലാഭമുള്ള കച്ചവട സ്ഥാപനങ്ങൾ ആക്കുകയല്ല വേണ്ടത്. സർക്കാരിന്റെ വരുമാനം കച്ചവടത്തിലൂടെ വർദ്ധിപ്പിക്കാനാണ് പൊതുമേഖലാ വ്യവസായ-സാമ്പത്തിക സ്ഥാപനങ്ങളുള്ളത്. അവയെ വേണ്ടവിധത്തിൽ നോക്കി നടത്താനുള്ള ശ്രദ്ധയോ നൈപുണ്യമോ കാണിക്കാത്തവർ സർക്കാർ മേഖലയിലെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുക എന്നത് രാജ്യദ്രോഹം മാത്രമല്ല തീർത്തും ജനദ്രോഹ പരമാണ്. 

നികുതി പണത്തിന്റെ യഥാർത്ഥ ലക്‌ഷ്യം രാജ്യത്തിൻറെ സമ്പൂർണ്ണ പുരോഗതിക്കും സമാധാന പരമായ ജീവിതത്തിനും വേണ്ട സഹായങ്ങളും സേവനങ്ങളും വേണ്ടപ്പോൾ, വേണ്ട അളവിൽ ജനങ്ങൾക്ക് സുഖമമായി നൽകുക എന്നതാണ്. അല്ലാതെ പരാജയപെട്ട സ്വകാര്യ സംരംഭകരെ സഹായിക്കുക എന്നതല്ല. മാർക്കറ്റ് എക്കണോമിയിൽ സ്റ്റേറ്റിന്റെ സ്ഥാനം അടിസ്ഥാന സൗകര്യങ്ങൾ – വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ നൈപുണ്യം, ആഭ്യന്തര – ബാഹ്യ സുരക്ഷ – പ്രധാനം ചെയ്യുക എന്നതായിരിക്കണം. അല്ലാതെ വായ്പ എടുത്തു മുങ്ങിയവരെ സഹായിക്കുകയോ, കച്ചവടം പൊളിച്ചു ദീവാലികുളിച്ചവരുടെ കടം വീട്ടുകയൊന്നും അല്ല. 

ഉദാഹരണത്തിന്, കോടിക്കണക്കിനുരൂപയുടെ വൻ കിട്ടാക്കടങ്ങൾ എഴുതിതള്ളാൻ മോദിസർക്കാർ 2019 ജൂലൈയിൽ മാത്രം നൽകിയ 70000 കോടി രൂപയുണ്ടെങ്കിൽ JNU പോലത്തെ ഒരു ലോകോത്തര ഉന്നത വിദ്യാഭ്യാസസ്ഥാപനത്തെ 100 വര്ഷം സുഖമായി ഫണ്ട്ചെയ്യാംഅല്ലെങ്കിൽ JNU പോലത്തെ 100ഉം അതിലധികവും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ആവശ്യമുള്ള ഫണ്ട് നൽകാം. അത് പ്രകാരം ഒരു വര്ഷം പത്തുലക്ഷതിലധികം കുട്ടികൾക്കു ബിരുദാനന്തരബിരുദവും ഗവേഷണവും നടത്താം. ഒപ്പം ഒരുലക്ഷത്തിനടുത്ത് ഉന്നതവിദ്യാഭ്യാസം നേടിയവർക്ക് അദ്ധ്യാപകർ ആയി തൊഴിൽ നൽകാം. പിന്നെ വേറൊരു 5 ലക്ഷംപേർക്കെങ്കിലും നേരിട്ടും, അല്ലാതെയും തൊഴിൽ നൽകുകയും ചെയ്യാം. ചുരുക്കത്തിൽ തൊഴിൽ തേടി നടക്കുന്ന ഒരു 15 ലക്ഷം ചെറുപ്പകാരെയെങ്കിലും ഈ പണം കൊണ്ട് കുറച്ച് സൃഷ്ടിപരതയും ഭൗതികതയും ഉള്ള കാര്യങ്ങളിൽ വ്യാപൃതരാക്കാൻ പറ്റും. അതിന്റെ ഗുണം പൊതു സമൂഹത്തിനും ഇവിടത്തെ വ്യവസായികൾക്കും ആണ്. 

JNU വിലെ ഹോസ്റ്റൽ ഫീസിന് പുറകെ ട്യൂഷൻ ഫീസും കൂട്ടും, ഒപ്പം മറ്റു പൊതു ഉന്നത വിദ്യാലയങ്ങളും. കുറച്ചു കഴിയുമ്പോൾ ജനം ചോദിക്കും എന്തിനു പൊതു സർവ്വകലാശാലകൾ. 

ജിയോയുടെ വരവിനായി BSNLലിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ച പോലെ, ജിയോയും അതുപോലുള്ള കടലാസ് സർവകലാശാലകൾക്കുമായി JNU ഉം, ഡൽഹി സർവകലാശാലയും എന്തിനു രാജ്യത്തിൻറെ മുക്കിലും മൂലയിലും ഉള്ള പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതുകെ പതുക്കെ ഇല്ലാതാവും. പിന്നെ അവർ തീരുമാനിക്കും, എന്ത് വേണമെന്ന്. കൊളോണിയൽ ഭരണാധികാരികൾ ചെയ്യാത്ത കാര്യങ്ങൾ ആണ് ഇന്ന് ഒരു ദേശസ്നേഹ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കേണ്ടത് രാജ്യ താല്പര്യമാണ്, ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്വവും ആണ്.

Comments

comments