“നാം, ഇന്ത്യയിലെ ജനങ്ങള്‍” എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖ പ്രസ്താവന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതിനകം തന്നെ വളരെയധികം ചര്‍ച്ചകളുടേയും നിരൂപണങ്ങളുടേയും വിഷയം ആയിക്കഴിഞ്ഞു. പൌരത്വ നിയമ ഭേദഗതി വിരുദ്ധ സമരങ്ങളുടെ പ്രചരണത്തിന്‍റെ മുഖ്യ സ്രോതസ്സുകളില്‍ ഒന്ന് ഈ പ്രസ്താവനയാണ്. ഈ ആമുഖത്തില്‍ പറയുന്നത് ജനങ്ങളുടെ ഒത്തൊരുമിച്ചുള്ള തീരുമാനമാണ് ഭരണഘടന എന്നാണ്. ഭരണഘടന സമര്‍പ്പിച്ചിരിക്കുന്നതും ഇതേ ജനങ്ങള്‍ക്ക് തന്നെ എന്നതും ശ്രദ്ധേയമാണ്. ആരാണീ ജനങ്ങള്‍? ജനങ്ങളാണോ രാജ്യമാണോ പ്രാഥമികം? 72 വര്‍ഷത്തെ ഭരണഘടനാ ജീവിതത്തിന്‍റെ അനുഭവം ജനങ്ങളും ഭരണഘടനയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എന്താണ് നമ്മളോട് പറയുന്നത്? ജനാധിപത്യം ഈ ബന്ധത്തില്‍ എത്രമാത്രം പ്രധാനം ആണ്? ഭരണഘടനയുടെ ആമുഖത്തെ ആസ്പദമാക്കിയും, വര്‍ത്തമാനകാല ഇന്ത്യയിലെ സാഹചര്യങ്ങള്‍ ആസ്പദമാക്കിയും ഈ ചോദ്യങ്ങളെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പിലുള്ളത്. പ്രജയില്‍ നിന്നും പൌരനി(രയി)ലേക്കുള്ള പരിണാമത്തിന്‍റെ നിര്‍ണായക നിമിഷങ്ങളില്‍, ആ രൂപാന്തരത്തിന്‍റെ തുടക്ക ബിന്ദുവില്‍ ആണ് ഈ ആമുഖ പ്രസ്താവനയുടെ സ്ഥല-സമയം. മനുഷ്യര്‍ എന്ന നിലയിലുള്ള അസ്ഥിത്വത്തില്‍, ഇത് ഒരേ സമയം തുടര്‍ച്ചയുടേയും ഇടര്‍ച്ചയുടേയും മുഹൂര്‍ത്തം ആണ്. ഒരു പുതിയ മനുഷ്യന്‍ ജനിക്കുന്നതിന്‍റെ അറിയിപ്പ് കൂടിയാണ് ഈ പ്രസ്താവന. നാം നമ്മെത്തന്നെ പുനര്‍നിര്‍വചിക്കുന്ന ഈ സന്ദര്‍ഭത്തില്‍, ഒരു പരമാധികാര, മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് രാജ്യം ഉണ്ടാക്കാന്‍ മാത്രമല്ല, നീതിയും സ്വാതന്ത്യവും തുല്യതയും ഉള്ള ഒരു സമൂഹം ഉണ്ടാക്കുന്നതിന് കൂടിയാണ് നാം തീരുമാനിച്ചത്. രാജ്യം എപ്രകാരം ഉള്ളതാകണം എന്നത്, ജനസമൂഹം എങ്ങിനെ ഉള്ളതാകണം എന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ രണ്ടു ഘടകങ്ങള്‍ – രാജ്യവും ജനങ്ങളും തമ്മിലുള്ള യോജിപ്പുകളും വിയോജിപ്പുകളും – ആണ് ഭരണഘടനയുമായി ബന്ധപ്പെട്ട പല വിഷയങ്ങളുടേയും കാതല്‍. രാജ്യസ്നേഹവും ജനാധിപത്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണതയാണ് ഇന്ന് നമുക്ക് മുന്നില്‍ ഉള്ളത്.
ജനങ്ങളെ എങ്ങിനെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്? എല്ലാ ഇന്ത്യന്‍ പൌരന്മാരും തുല്യരാണ് എന്നതാണ് ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നത് പൊതുവേ അറിയപ്പെടുന്ന ഒന്നാണ്. ഇന്നിത് വളരെ സ്വാഭാവികമായ ഒരു കാര്യമായി തോന്നാം. എന്നാല്‍, ഇംഗ്ലണ്ടില്‍ 1928 ലും, അമേരിക്കയില്‍ 1965 ലും മാത്രമാണ് പരിപൂര്‍ണ അര്‍ത്ഥത്തില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടവകാശം ഉണ്ടായത് എന്നത് പരിഗണിക്കുമ്പോള്‍, ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണത്തിന്‍റെ തുടക്കത്തില്‍ തന്നെ തുല്യത അംഗീകരിക്കപ്പെട്ടിരുന്നു എന്നത് ഒരു ചെറിയ കാര്യമല്ലെന്ന് കരുതേണ്ടി വരും. മൌലികാവകാശങ്ങളും ക്രിമിനല്‍ നിയമങ്ങളും എല്ലാവര്‍ക്കും തുല്യമായി ബാധകം ആണെന്നതും വളരെ പ്രധാനമാണ്. ഇത് തത്വത്തില്‍ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍, തുല്യത എന്നത് സമൂഹത്തില്‍ അപ്പോള്‍ത്തന്നെ നിലനില്‍ക്കുന്ന ഒന്നായല്ല, നേടിയെടുക്കേണ്ട ഒന്നായാണ് ഭരണഘടന കാണുന്നത് എന്ന കാര്യം നാം പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കാറില്ല. കാരണം, ഭരണഘടന നിലവില്‍ വന്നതോടെ തുല്യത നിലവില്‍ വന്നു, നാമെല്ലാം തുല്യരായി എന്ന മിഥ്യ, അധീശ വ്യവഹാരങ്ങള്‍ക്ക് വളരെ സൌകര്യപ്രദം ആണ്. അതുകൊണ്ട് തന്നെ സമൂഹത്തിലെ വ്യത്യാസങ്ങള്‍ എന്ന യാഥാര്‍ത്ഥ്യത്തെ ഭരണഘടന അഭിസംബോധന ചെയ്യുന്നതെങ്ങിനെ എന്നത് വളരെ പ്രധാനം ആണ്. ജനങ്ങളെ വ്യതിരിക്തം അല്ലാത്ത ഒറ്റ സംവര്‍ഗം ആയല്ല ഭരണഘടന കാണുന്നത്. വ്യത്യാസങ്ങള്‍ എന്നത് ഇന്ത്യന്‍ സമൂഹത്തെ നിര്‍ണയിക്കുന്ന അടിസ്ഥാന സ്വഭാവം ആയി ഭരണഘടന മനസ്സിലാക്കുന്നു. രണ്ടു തരത്തില്‍ ആണ് ഇത് പരാമര്‍ശിക്കപ്പെടുന്നത്. തിരശ്ചീനമായുള്ളതും (horizontal) കുത്തനെ ഉള്ളതും (vertical) ആയ വ്യത്യാസങ്ങള്‍. ഭാഷ, മതം, വസ്ത്രധാരണം, ഭക്ഷണം എന്നിവയിലുള്ള വ്യത്യാസത്തെ ആദ്യത്തേതിലും, ജാതി, ലിംഗം, വര്‍ഗ്ഗം എന്നിവയെ അടിസ്ഥാനമാക്കി ഉള്ള വ്യത്യാസങ്ങളെ രണ്ടാമത്തെ ഗണത്തിലും പെടുത്താം. ആദ്യ ഗണത്തിലുള്ള വ്യത്യാസങ്ങള്‍ സമൂഹത്തിന്‍റെ ശക്തിയായും, രണ്ടാമത്തേത് ഇല്ലായ്മ ചെയ്യുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യേണ്ടവയായും ഭരണഘടന വിഭാവനം ചെയ്യുന്നു. ഏത് മതവും സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഒരു മതത്തില്‍ നിന്നും മറ്റ് മതത്തിലേക്ക് മാറാനും ഉള്ള അവകാശങ്ങള്‍ ആദ്യത്തേതിനെ സൂചിപ്പിക്കുമ്പോള്‍, അയിത്തമടക്കം ജാതിയുടെ എല്ലാ ചൂഷണ മര്‍ദ്ദന സംവിധാനങ്ങളേയും ഇല്ലാതാക്കുന്നതിനും സംവരണത്തിലൂടെ പ്രാധിനിധ്യം ഉറപ്പാക്കുന്നതിനും ഉള്ള വകുപ്പുകള്‍ രണ്ടാമത്തേതിനെ സൂചിപ്പിക്കുന്നു.
വളരെയധികം വ്യത്യാസങ്ങളോടെ ജീവിക്കുന്ന ജനവിഭാഗങ്ങള്‍, ആ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു രാജ്യം ഉണ്ടാകുന്നു എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ഇത് കൂടുതല്‍ പരിശോധന ആവശ്യമായ കാര്യമാണ്. കാരണം വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ഒരു ഒന്നിക്കല്‍ ഉണ്ട് എന്നാണ് നാനാത്വത്തില്‍ ഏകത്വം പോലെയുള്ള പ്രയോഗങ്ങളിലൂടെ നാം പലപ്പോഴും വ്യാഖ്യാനിക്കാറുള്ളത്. ഭരണഘടനാപ്രകാരം വ്യത്യസ്തരായി ഇരിക്കാനുള്ള തീരുമാനത്തിലാണ് നാം ഒന്നിക്കുന്നത്. ആ വ്യത്യാസങ്ങള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ മാറ്റിവെച്ചു കൊണ്ടുള്ള ഒന്നിക്കല്‍ അല്ല ഇവിടെ വിഭാവനം ചെയ്യുന്നത്. നിങ്ങളുടെ വിശ്വാസം എന്‍റെ വിശ്വാസത്തില്‍ നിന്നും വ്യത്യസ്തം ആകുമ്പോള്‍ മാത്രമല്ല, എന്‍റെ വിശ്വാസങ്ങള്‍ക്ക് എതിരാകുമ്പോള്‍ പോലും നമുക്ക് ചില പൊതുനിയമങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനാകും എന്ന ആത്മവിശ്വാസം ആണിവിടെ പ്രകടമാകുന്നത്. ഇത് പ്രയോഗത്തില്‍ വരുത്തുക എന്നത് അത്യന്തം ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണവുമായ ഒരു കാര്യമാണ്. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും വ്യത്യാസങ്ങള്‍ക്ക് തുല്യ മൂല്യം നല്‍കുന്നതില്‍ നാം പരാജയപ്പെടുന്നു. നിന്‍റെ വ്യത്യാസം നിലനിര്‍ത്താന്‍ നിനക്കു അവകാശം ഉണ്ടെങ്കിലും ആ വ്യത്യാസം നിന്നെ ഒരു കുറഞ്ഞ മനുഷ്യന്‍ ആക്കുന്നു എന്ന ധാരണ നിലനിര്‍ത്തുന്നതിനുള്ള അവകാശവും ജനാധിപത്യത്തിന്‍റെ ഭാഗമാണ് എന്ന കാഴ്ചപ്പാട് നാം മിക്കപ്പോഴും പുലര്‍ത്തുന്നു. അത്തരം ഒരു അഭിപ്രായം നിലനിര്‍ത്തുന്നു എന്നു മാത്രമല്ല, അവ നമ്മുടെ പ്രയോഗങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. ഇത് അപരനെ സ്വന്തം മാനസികവും ഭൌതികവും ആയ പരിസരങ്ങളില്‍ നിന്ന് ഒഴിവാക്കല്‍ പ്രക്രിയയില്‍ തുടങ്ങി, ആള്‍ക്കൂട്ട കൊലപാതകങ്ങളിലും, ഭരണകൂടത്തിന്‍റെ ന്യൂനപക്ഷ വേട്ടയിലും വരെ എത്തി നില്‍ക്കുന്നു. ഇവിടെ സംഭവിക്കുന്നത് തിരശ്ചീനം എന്ന്‍ ഭരണഘടന വിഭാവനം ചെയ്ത വ്യത്യാസം കുത്തനെയുള്ള വ്യത്യാസം ആയി പ്രയോഗത്തില്‍ മാറുന്നു എന്നുള്ളതാണ്.
മതേതരത്വത്തിന്‍റെ പല വ്യാഖ്യാനങ്ങളിലും പ്രയോഗങ്ങളിലും ആണ് ഈ പ്രശ്നം ഏറ്റവും അധികം പ്രതിഫലിക്കപ്പെടുന്നത്. ജനങ്ങള്‍ മതപരമായ സ്വത്വത്തിന് പുറത്തു നിന്നുകൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ ഐക്യം സ്ഥാപിക്കുമ്പോള്‍ ആണ് ഏകത്വം ഉണ്ടാകുന്നത് എന്ന മതേതരത്വത്തിന്‍റെ വ്യാഖ്യാനങ്ങള്‍ക്ക് ഇടതുപക്ഷ വീക്ഷണങ്ങളില്‍ പോലും വളരെ സ്വാധീനം ഉണ്ട്. ഈ കാഴചപ്പാടില്‍ മതപരമായ സ്വത്വം എന്നത് താത്കാലികമായി മാറ്റിവെക്കാവുന്ന ഒന്നാണ്. ഇത് ഇന്നത്തെ സവര്‍ണ വ്യവഹാരങ്ങളുമായി ചേര്‍ന്നുപോകുന്ന ഒരു വീക്ഷണമാണ്. ഇന്ത്യയിലെ പൊതുസ്ഥലത്തിന്‍റെ, പൊതുപരിപാടികളുടെ ചുരുക്കത്തില്‍ പൊതു എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതിന്റേയും അംഗീകരിക്കപ്പെട്ട ചട്ടവട്ടങ്ങള്‍ ഒന്നും സവര്‍ണ വിശ്വാസങ്ങളെ ലംഘിക്കുന്നവയല്ല എന്നത് നിരവധി പേര്‍ ഇതിനകം തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉദാഹരണമായി കേരളത്തില്‍ നിലനില്‍ക്കുന്ന വസ്ത്രധാരണത്തിലെ നിബന്ധനകള്‍, പൊതുചടങ്ങുകളിലെ നടപടിക്രമങ്ങള്‍ (വിളക്ക് തെളിയിക്കല്‍ ഉള്‍പ്പെടെ), ചുരുക്കി പറഞ്ഞാല്‍ കേരളത്തിന്റെ സംസ്കാരം എന്നറിയപ്പെടുന്ന എന്തും ഈ വിധത്തില്‍ മതേതരവത്കരിക്കപ്പെട്ട സവര്‍ണ പ്രയോഗങ്ങള്‍ ആണെന്നത് ഒരു പുതിയ അറിവല്ല. ഇതില്‍നിന്നും മനസ്സിലാക്കേണ്ട മറ്റൊരു കാര്യമാണ് ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യുന്നത്.
ജനങ്ങള്‍ തമ്മിലുള്ള മതപരമായ വ്യത്യാസങ്ങളെ അംഗീകരിക്കുമ്പോള്‍ തുല്യത കൈവരണമെങ്കില്‍, മതപരമായ സ്വത്വത്തെ മാറ്റിവെക്കാന്‍ ആകുന്ന ഒന്നായി കാണുന്ന കാഴചപ്പാട് ഉപേക്ഷിക്കേണ്ടി വരും. അങ്ങിനെ ഉപേക്ഷിക്കുമ്പോള്‍ പ്രതിഷേധത്തിന് ഹിജാബ് ധരിച്ചവര്‍ നേതൃത്വം കൊടുക്കുന്നതു കാണുമ്പോഴോ, പ്രതിഷേധ സ്ഥലങ്ങളില്‍ നിസ്കാരം നടത്തുമ്പോഴോ, നിസ്കാരം തന്നെ പ്രതിഷേധം ആയി മാറുമ്പോഴോ, മതേതരത്വത്തിന് എന്തെങ്കിലും അപകടം സംഭവിച്ചതായി ഭയപ്പെടേണ്ടി വരില്ല. മതത്തെ ഭരണഘടന വിഭാവനം ചെയ്തപോലെ ഒരു തിരശ്ചീനമായ വ്യത്യാസം ആയി മാറ്റുന്നതിന്‍റെ ആദ്യപടിയായി ഇതിനെ കാണാവുന്നതാണ്. സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു ചോദ്യം, ജയ് ശ്രീരാം വിളികളും ഇതുപോലെ തന്നെ കാണേണ്ടതില്ലേ എന്നതാണ്. മതേതരത്തത്തെ യാന്ത്രികമായും ഒറ്റപ്പെടുത്തിയും കണക്കിലെടുത്താല്‍ ഇത് ശരിയാണ്. യുക്തിവാദികളുടെ ഇസ്ലാമോഫോബിക് ആയ യാന്ത്രിക വാദങ്ങള്‍ ഉത്ഭവിക്കുന്നത് ഇത്തരം നിലപാടുകളില്‍ നിന്നാണ്. എന്നാല്‍ ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കുമ്പോള്‍ തുല്യ എണ്ണം വാചകങ്ങളില്‍ എസ്.ഡി.പി. ഐ യെക്കൂടി വിമര്‍ശിച്ചില്ല എങ്കില്‍, യഥാര്‍ത്ഥ മതേതരവാദി ആകില്ല എന്നു കരുതുന്ന ഏത് വീക്ഷണവും ഇതിന്‍റെ പ്രതിഫലനം തന്നെ ആണ്. ഇത്തരം വാദങ്ങളുടെ പ്രധാന പ്രശ്നം ജാതിയുടെ ഉച്ച നീചത്വം എന്ന പോലെ തന്നെ വിവിധ മതങ്ങള്‍ തമ്മിലും ഉച്ചനീച്ചത്വം നിലനില്‍ക്കുന്നു എന്നത് വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നതാണ്. ഭരണഘടനപോലും ഈ കാര്യത്തില്‍ വേണ്ടത്ര കാര്യക്ഷമമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. കേരളത്തില്‍ നായന്മാരോ നമ്പൂതിരിമാരോ ജാതിയുടെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നതും ദളിതര്‍ ജാതി അടിസ്ഥാനത്തില്‍ സംഘടിക്കുന്നതും ഒരുപോലെ അല്ല എന്ന്‍ നമുക്ക് എളുപ്പം മനസ്സിലാകും. എന്നാല്‍ മത സ്വത്വത്തിന്‍റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ സംഘടിക്കുന്നതും മുസ്ലിങ്ങള്‍ സംഘടിക്കുന്നതും ഒരുപോലെ കാണാന്‍ ആണ് പലപ്പോഴും മതേതര വാദികള്‍ക്ക് പോലും താല്‍പര്യം. ചുരുക്കത്തില്‍, മര്‍ദ്ദിത ജാതികള്‍ സ്വന്തം സ്വത്വങ്ങളെ അടിസ്ഥാനമാക്കി സംഘടിക്കുന്നതും സമുദായാടിസ്ഥാനത്തില്‍ പ്രത്യേക പരിഗണന അവകാശപ്പെടുന്നതും പോലെ തന്നെയാണ് ഇന്ത്യന്‍ അവസ്ഥയില്‍ മുസ്ലിങ്ങള്‍ പ്രത്യേകമായി സംഘടിക്കുന്നത് എന്ന വസ്തുത സമദൂര സിദ്ധാന്തക്കാര്‍ സൌകര്യപൂര്‍വം മറക്കുന്നു. ഹാദിയയുടെ നീതിക്കായുള്ള പോരാട്ടത്തില്‍ ഈ നിലപാടുകള്‍ തുറന്നു കാണിക്കപ്പെടുകയുണ്ടായി. ഹാദിയക്ക് മതം മാറാനുള്ള അവകാശത്തെ അംഗീകരിച്ച പല ഇടതുപക്ഷക്കാരും (സംസ്ഥാന വനിതാ കമ്മിഷന്‍ മുതല്‍, സ്വതന്ത്ര ഇടതുപക്ഷക്കാര്‍ വരെ പലരും) ഹാദിയയുടെ വിവാഹത്തിനെതിരെ ഹിന്ദുത്വ വാദികളുടെ ലൌ ജിഹാദ് വാദത്തെ നേരിട്ടല്ലാതെ പിന്തുണയ്ക്കും വിധം പ്രചരണം നടത്തിയത് ഈ സമദൂര സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു. ഈ വിഷയം ഊന്നി പറയുന്നത് വ്യത്യാസങ്ങള്‍ എന്നത് പലപ്പോഴും ഉച്ചനീചത്വങ്ങള്‍ക്ക് വിധേയമായാണ് നിലനില്‍ക്കുന്നത് എന്ന്‍ സൂചിപ്പിക്കാന്‍ ആണ്. ജനങ്ങള്‍ ഒരു പൊതു സംവര്‍ഗ്ഗമല്ലാ എന്നത് പോലെതന്നെ മിക്ക വ്യത്യാസങ്ങളും ഒരേ സാമൂഹ്യ നിലകളിലല്ല എന്നതും പ്രധാനം ആണ്. ജാതിയെ സംബന്ധിച്ച് ഇത് നാം വളരെ വ്യക്തമായി അംഗീകരിക്കുമ്പോഴും മതങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ചും ഇന്ത്യന്‍ അവസ്ഥയില്‍ ഇസ്ലാം മതത്തിന്‍റെ നിലയെ സംബന്ധിച്ച കാര്യത്തില്‍ അംഗീകരിക്കാന്‍ നാം ഇപ്പോഴും വിസമ്മിതിക്കുന്നു. ഇത് മുസ്ലിം രാഷ്ട്രീയത്തേയും ആവിഷ്കാരത്തേയും റദ്ദ് ചെയ്യുന്ന ചരിത്രപ്രക്രിയയുടെ തുടര്‍ച്ചയായി മനസ്സിലാക്കാവുന്നതാണ്. കൊളോണിയല്‍ വ്യവഹാരങ്ങളില്‍ ഹിന്ദു മതവും മുസ്ലിം മതവും വ്യതസ്ത സാമൂഹ്യ പദവിയില്‍ ആണ് നിലകൊണ്ടത്. ഈ കൊളോനിയല്‍ വ്യവഹാരങ്ങളുടെ സ്വാധീനം ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണത്തെ നിര്‍ണായകമായി സ്വാധീനിച്ചു. ദേശീയതയുടെ ഹിന്ദുത്വ സ്വഭാവമാണ്, മുസ്ലിം ലീഗിന്‍റെ രൂപീകരണത്തിലും വിഭജനത്തിലും കലാശിച്ചത്. വിഭജനത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് ഭരണഘടന നിര്‍മ്മാണ സഭയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. പാകിസ്ഥാന്‍റെ രൂപീകരണത്തോടെ ‘മുസ്ലിം പ്രശ്നം’ പരിഹരിക്കപ്പെട്ടു എന്നൊരു സങ്കല്‍പം ആണ് ഈ ചര്‍ച്ചകളില്‍ പലപ്പോഴും നമുക്ക് കാണാന്‍ കഴിയുന്നത്. ഇന്ത്യക്കകത്തെ മുസ്ലിങ്ങളുടെ അവസ്ഥ എന്താകും എന്നതിന്‍റെ ഗൌരവമായ ഒരു അവലോകനം ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്നിട്ടില്ല. രാഷ്ട്രീയ പ്രയോഗത്തില്‍ മുസ്ലിങ്ങളുടെ രാഷ്ട്രീയസ്വത്വം പ്രധാനമായി കണക്കിലെടുത്തിരുന്ന മുസ്ലിം നേതാക്കള്‍ മിക്കവരും പാക്കിസ്ഥാനില്‍ ആയിരുന്നു എന്നതും, അംബേദ്കറെ പോലെ കോണ്‍ഗ്രസ്സില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുമ്പോഴും ശക്തമായ സ്വാധീനമുള്ള ഒരു നേതാവും മുസ്ലിങ്ങളെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നില്ല എന്നതും ഭര്‍ണഘടനയുടെ സ്വഭാവത്തെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച് നിരവധി വകുപ്പുകള്‍ ഭരണഘടനയില്‍ ഉണ്ട്. എന്നാല്‍ ഈ വകുപ്പുകളുടെ നിര്‍മ്മാണത്തിനുള്ള അനുമാനങ്ങള്‍ക്ക് ഉള്ള അടിസ്ഥാനം, മതങ്ങള്‍ തമ്മില്‍ ഉച്ചനീച്ചത്വം ഉണ്ട് എന്നതല്ല, ഹിന്ദു മതവുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റ് എല്ലാ മതങ്ങള്‍ക്കും സംഖ്യാപരമായി വലിയ കുറവുണ്ട് എന്ന കാര്യമാണ്. പട്ടിക ജാതിയില്‍ പെട്ടവര്‍, ജാതി അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നു എന്ന വസ്തുത വളരെ ഗൌരവത്തോടെ കണക്കിലെടുത്തപ്പോള്‍, മുസ്ലിങ്ങള്‍, പ്രത്യേകിച്ചും ദേശീയതയുടെ ഹിന്ദുവല്‍ക്കരണത്തിന്‍റെ പശ്ചാത്തലത്തില്‍, വിവേചനത്തിനും പീഡനത്തിനും വിധേയരാകുന്നു എന്ന വസ്തുത ഭരണഘടനയില്‍ ആവശ്യമുള്ള ശക്തിയില്‍ പ്രതിഫലിച്ചിട്ടില്ല. മത വ്യത്യാസങ്ങളെ ഭരണഘടന കാണുന്നത് തിരശ്ചീനമായ വ്യത്യാസം ആയി ആണെന്നത് മതേതരത്തത്തിന്‍റെ തത്വത്തില്‍ ഊന്നിയാണ്. എന്നാല്‍ ജാതി നിര്‍മ്മാര്‍ജനം എന്നപോലെ തന്നെ മതേതരത്വം എന്നതും നിലനില്‍ക്കുന്ന ഒരു സാമൂഹ്യ അവസ്ഥ ആയല്ല നേടിയെടുക്കേണ്ട ഒന്നായാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്.
കുത്തനെയുള്ള വ്യത്യാസങ്ങളെ ഇല്ലാതാക്കുകയും (അല്ലെങ്കില്‍ അവയെ തിരശ്ചീനമായ വ്യത്യാസമായി മാറ്റുകയും), തിരശ്ചീനമായ വ്യത്യാസങ്ങളെ ജനങ്ങളുടെ പ്രാഥമികം ആയ സ്വത്വമായി മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം നിലവില്‍ വരുന്നത്. സ്വാതന്ത്ര്യം നേടിയതോട് കൂടിയോ ഭരണഘടന നിലവില്‍ വന്നതോട് കൂടിയോ ജനാധിപത്യം നിലവില്‍ വന്നില്ല. ഭരണഘടന നിലവില്‍ വന്ന് ആദ്യ തിരഞ്ഞെടുപ്പിന് ശേഷം 1953 ല്‍ അംബേദ്കര്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇത് വ്യക്തം ആക്കുന്നുണ്ട്. ഇന്ത്യയില്‍ ജനാധിപത്യം കാര്യക്ഷമം ആകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അംബേദ്കര്‍ ഇങ്ങിനെ ആണ് മറുപടി നല്‍കുന്നത്: “ഇല്ല. പേരിനു മാത്രം ഉണ്ടാകും. ജനാധിപത്യത്തിന്‍റെ കേവല ചമയങ്ങള്‍, തിരഞ്ഞെടുപ്പ്, പ്രധാനമന്ത്രി അങ്ങിനെ ചിലത് മാത്രം….. പാര്‍ലിമെന്ററി സംവിധാനവുമായി തികച്ചും പൊരുത്തപ്പെടാത്ത സാമൂഹ്യഘടന ആണ് ഇവിടെ ഉള്ളത്. “ (ഇന്‍റര്‍വ്യു https://www.youtube.com/watch?v=A5MkfHelbvI എന്ന ലിങ്കില്‍ കാണാം). അംബേദ്കര്‍ ഇവിടെ സൂചിപ്പിക്കുന്നത് ജാതി വ്യവസ്ഥയെ ആണ്. എന്നാല്‍ ഇത് മതപരമായ വിവേചനത്തെ സംബന്ധിച്ചും ശരിയാണ്.
ഭരണഘടന എന്നത് വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ഒരു കരാര്‍ ആയിക്കൂടി വേണം മനസ്സിലാക്കാന്‍. വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ട് തന്നെ തുല്യത ലഭിക്കുന്നതിന് ഉള്ള അവകാശം എല്ലാ സമുദായങ്ങള്‍ക്കും ഉണ്ട് എന്നതാണു ഈ കരാറിന്‍റെ അന്തസ്സത്ത. തുല്യത എന്നത് പ്രത്യേക പ്രയോഗങ്ങളിലൂടെ നേടി എടുക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെയാണ് കീഴാള സമുദായങ്ങള്‍ക്ക് പ്രത്യേക പരിഗണന ആവശ്യം ആയി വരുന്നത്. ഇത് ഭരണഘടനയിലെ വകുപ്പുകള്‍ കൊണ്ട് മാത്രമോ, പാര്‍ലിമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍കൊണ്ട് മാത്രമോ നടപ്പിലാക്കാന്‍ കഴിയില്ല. പ്രത്യേക പരിഗണനയെന്നത് നമ്മുടെ ദൈനംദിന പ്രവൃത്തിയുടെ, നമ്മുടെ ജനാധിപത്യസംസ്കാരത്തിന്‍റെ തന്നെ ഭാഗം ആകുമ്പോള്‍ ആണ് ജനാധിപത്യത്തിനുള്ള സാധ്യതകള്‍ തുറക്കപ്പെടുന്നത്.
ഇന്നത്തെ ഇന്ത്യയില്‍ വ്യത്യസ്തതകളെ നിലനിര്‍ത്തുന്നതിന് അഥവാ ജനാധിപത്യം നിലനിര്‍ത്തുന്നതിന് ഏറ്റവും തടസ്സം ഹിന്ദുത്വ വാദം ആണെന്നത് സംശയാതീതം ആണ്. എന്നാല്‍ ഹിന്ദുത്വ വാദങ്ങള്‍ക്ക് ജനസമ്മതി ലഭിക്കുന്നത് മതത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം അല്ല എന്ന കാര്യവും ഓര്‍മ്മിക്കേണ്ടതുണ്ട്. ഇവിടെ ആണ് രാജ്യസ്നേഹം എന്ന ഘടകത്തിന്‍റെ പ്രാധാന്യം. രാജ്യസ്നേഹമോ ജനാധിപത്യമോ ഏതെങ്കിലുമൊന്ന് എന്ന രീതിയില്‍ രാജ്യസ്നേഹത്തെ ജനാധിപത്യത്തിന് എതിരായി വെയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒക്കെതന്നെ ജനാധിപത്യത്തിന്‍റെ വിജയസാധ്യത തുലോം കുറവാണെന്ന് അഷുതോഷ് വാഷ്ണേയ് “ഇന്ത്യന്‍ വീക്ഷണകോണിലൂടെ ഏഷ്യയിലെ ജനാധിപത്യം” എന്ന ലേഖനത്തില്‍ സൂചിപ്പിക്കുന്നു. എന്താണ് രാജ്യസ്നേഹം?
ആധുനിക ദേശ രാഷ്ടങ്ങള്‍ സ്ഥലപരമായി നിര്‍വചിക്കപ്പെട്ടവയാണ്. അതിര്‍ത്തികള്‍ അതിന്‍റെ നിര്‍ണായക ഭാഗമാണ്. അതുകൊണ്ടുതന്നെ രാജ്യസ്നേഹവും ആത്യന്തികമായി അതിര്‍ നിര്‍ണയിച്ച ഒരു സ്ഥലത്തോടുള്ള സ്നേഹവും കടപ്പാടുമാണ്. എന്നാല്‍ പലപ്പോഴും രാജ്യസ്നേഹത്തെ മറ്റ് അനുബന്ധ ഘടകങ്ങളായ സംസ്കാരം, ഭാഷ, മതം തുടങ്ങിയവ കൊണ്ട് വ്യാഖ്യാനിക്കാന്‍ ആണ് നാം താല്‍പര്യപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മൂര്‍ത്തമായ സാഹചര്യങ്ങള്‍ അത്തരം വ്യാഖ്യാനങ്ങള്‍ക്ക് വലിയ തടസ്സം ആണ്. പൊതുവായ ഭാഷയോ മതമോ, സംസ്കാരമോ ഇല്ലാതിരിക്കെ, നാനാത്വത്തിലെ ഏകത്വം തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പം മാത്രമാണ്. നാനാത്വത്തെ ചേര്‍ത്തുവെക്കുന്നത് അവ സ്ഥലപരമായ ഒരു അതിര്‍ത്തിയാല്‍ വളഞ്ഞു വെക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം ആണ്. അതിര്‍ത്തിയുടെ ഈ വളഞ്ഞുവെക്കല്‍ നമ്മെ ഒന്നിപ്പിക്കുന്നു എന്നും, നാം വ്യത്യസ്തതകള്‍ക്കിടയില്‍ ഏകരാണെന്നും, ഉപാധികളില്ലാതെ സമ്മതിക്കുന്നതിനെ ആണ് രാജ്യസ്നേഹം എന്ന്‍ നാം പലപ്പോഴും വിളിക്കുന്നത്. രാജ്യത്തിന് എന്തെങ്കിലും പ്രത്യേക ഗുണം ഉള്ളതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ രാജത്തെ സ്നേഹിക്കണം എന്നല്ല ഇവിടുത്തെ നിബന്ധന.
ഇത്തരം ഉപാധികളില്ലാത്ത ആവശ്യങ്ങളുടെ സാഹചര്യത്തില്‍, സവിശേഷ സ്വഭാവഘടനയുടെ ചില ഉപാധികള്‍ കൊണ്ടുവരാനാണ് ഭരണഘടന പൊതുവേയും, ആമുഖ പ്രസ്താവന പ്രത്യേകിച്ചും ശ്രമിക്കുന്നത്. ഏതെങ്കിലും ഒരു രാജ്യം ഉണ്ടാക്കുന്നതിനല്ല നാം ഒന്നിച്ചിരിക്കുന്നത്, സ്വതന്ത്ര മതേതര സോഷ്യലിസ്റ്റ് രാജ്യം ഉണ്ടാക്കുന്നതിനാണ്. ആ പ്രത്യേക രാജ്യത്തെ സ്നേഹിക്കാന്‍ മാത്രമുള്ള ബാധ്യതയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഈ ഉപാധികളെ മറച്ചു വെക്കുക എന്നത് എല്ലാ ഭരണകൂടങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്. പകരം കല്‍പിതമായി മാത്രം ഉള്ള ഒരു ശത്രുവിനെതിരെ ഉള്ള വെറുപ്പും വിദ്വേഷവും രാജ്യസ്നേഹത്തിന്‍റെ അളവുകോല്‍ ആക്കുന്നത് അതി സാധാരണം ആയിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ശത്രുവിനെ പ്രതിനിധാനം ചെയ്യുന്നത് പാക്കിസ്ഥാന്‍ ഭരണകൂടമോ, അവിടുത്തെ ജനങ്ങളോ മാത്രം അല്ല. മുസ്ലിം മതത്തില്‍ ഉള്‍പ്പെട്ടവരെ എല്ലാം അതിന്‍റെ സൂചകങ്ങള്‍ ആയി കാണുന്ന ഒരു വ്യവഹാരം ആണ് ഇന്ത്യന്‍ ദേശീയതയെ പലപ്പോഴും നിര്‍ണയിക്കുന്നത്. ഇതിന്‍റെ ഏറ്റവും പുതിയ അവതാരം ആണ് പൌരത്വ നിയമ ഭേദഗതി.
രാജ്യം എന്നത് ഉളള് പൊള്ളയായ ഒരു സൂചകമാണെന്ന് ബെനഡിക്ട് ആന്‍റെഴ്സണ്‍ രാജ്യ സങ്കല്‍പ്പത്തെക്കുറിച്ച് പ്രസ്താവിച്ചത്, രാജ്യസ്നേഹത്തെ സംബന്ധിച്ചും അന്വര്‍ത്ഥമാണ്. എന്നാല്‍ എന്തെങ്കിലുമൊരു ഉള്ളടക്കമില്ലാതെ രാജ്യസ്നേഹം പ്രയോഗത്തില്‍ നിലനില്‍ക്കില്ല. അതുകൊണ്ടുതന്നെ അതില്‍ സന്ദര്‍ഭത്തിനും സൌകര്യത്തിനും അനുസരിച്ച് എന്തെങ്കിലും നിറക്കേണ്ടിയിരിക്കുന്നു. ഇത് യുദ്ധമോ, പട്ടാളക്കാരുടെ ധീരതയോ, ഏതെങ്കിലും നേതാവിനോടുള്ള കൂറോ, രാജ്യത്തിനകത്ത് തന്നെ ഉള്ള ഏതെങ്കിലും ഒരു വിഭാഗത്തോടുള്ള വെറുപ്പോ, മറ്റു രാജ്യങ്ങളേക്കാള്‍ ഉയര്‍ന്നതാണ് തങ്ങളുടെ രാജ്യത്തിന്‍റെ നില എന്ന ചിന്തയോ ഒക്കെ ആവാം. രാജ്യസ്നേഹത്തിന്‍റെ പുറം തൊലിക്കകത്ത് നിറയ്ക്കുന്ന എന്തും വിശുദ്ധം ആകുന്നു. അവ ചോദ്യം ചെയ്യപ്പെട്ടുകൂടാ. വ്യത്യാസം എന്നത് താല്‍ക്കാലികം ആയെങ്കിലും റദ്ദ് ചെയ്യാതെ രാജ്യത്തെ സ്നേഹിക്കാന്‍ കഴിയില്ല എന്നതാണു ഇന്ന് പ്രയോഗത്തിലുള്ള എല്ലാ രാജ്യസ്നേഹ സങ്കല്‍പ്പങ്ങളുടേയും അപകടം. മുന്‍പ് സൂചിപ്പിച്ചതുപോലെ “നാം വ്യത്യസ്തര്‍ ആണ്, എങ്കിലും…” എന്നതാണു നമ്മുടെ രാജ്യസ്നേഹ വാചകങ്ങളുടെ പൊതുഘടന. “നാം വ്യത്യസ്ഥര്‍ ആണ്, അതിനാല്‍…” എന്ന രൂപത്തിലേക്ക് ഈ ഘടനയെ മാറ്റാനാകുമോ എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ഉദാഹരണത്തിന് ജാതിക്കെതിരെ പോരാടുന്ന ആളുകളുടെ കൂട്ടായ്മ കൂടി ആയാണ് ഭരണഘടന രാജ്യത്തെ സങ്കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഒരു കാലത്തും ഒരാള്‍ ജാതിക്കെതിരെ പോരാടുന്നു എന്നത് അയാളെ രാജ്യസ്നേഹി ആയി കണക്കാക്കുന്നതിനുള്ള മാനദണ്ഡം ആയിരുന്നിട്ടില്ല. എന്നാല്‍ പട്ടാളക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ന്യായീകരിക്കുന്ന ഒരാള്‍ അതുകൊണ്ടുതന്നെ രാജ്യസ്നേഹി ആയി കണക്കാക്കപ്പെടുന്നു. ചുരുക്കത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏത് നിര്‍വചനമോ പ്രയോഗമോ കണക്കിലെടുത്താലും ജനാധിപത്യവും രാജ്യസ്നേഹവും എപ്പോഴും സംഘര്‍ഷത്തിലാണെന്ന് കാണാം.
ഇങ്ങിനെ രാജ്യസ്നേഹം രാജ്യത്തിനകത്തെ ബഹുഭൂരിപക്ഷം പേര്‍ക്കും ഗുണകരമല്ലാത്ത സന്ദര്‍ഭങ്ങളില്‍, ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള സാധ്യതകള്‍ നമ്മുടെ ഭരണഘടനക്ക് അകത്ത് തന്നെ ഉണ്ട്. മൌലികാവകാശത്തെ മറ്റെല്ലാറ്റിനും മുകളില്‍ കാണുന്ന വകുപ്പുകള്‍ ഇതിന് ഉദാഹരണമാണ്. കൂടാതെ ഭരണഘടനയിലെ വകുപ്പുകള്‍ തന്നെ മാറ്റാന്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ക്ക് അവകാശം നല്‍കുന്നതിലൂടെ, ജനങ്ങളെ രാജ്യത്തിന്‍റെ ഏറ്റവും പ്രധാനമായ ഘടകമായി പ്രഖ്യാപിക്കുകയാണ് ഭരണഘടനാശില്പികള്‍ ചെയ്തത്. ഇപ്പോള്‍ നടന്ന ഭരണഘടന ഭേദഗതി, നിയമപ്രകാരം ശരിയാണ് എന്നു വന്നാല്‍ പോലും (അത് തീര്‍ത്തും സംശയാസ്പദമായ കാര്യം ആണ്) ജനാധിപത്യപരമായി ശരിയല്ല എങ്കില്‍, അതിനെ ഭരണഘടനയുടെ വകുപ്പില്‍ വരുന്ന മാറ്റം ആയല്ല, ഭരണഘടന തന്നെ ഇല്ലാതാക്കാന്‍ ഉള്ള ശ്രമം ആയാണ് മനസ്സിലാക്കേണ്ടത്. വിവിധ വിഭാഗം ജനങ്ങള്‍ ഒന്നിച്ചു ചേരുവാന്‍ തീരുമാനിച്ചത് എന്ത് അടിസ്ഥാനത്തില്‍ ആണെന്നാണ് ആമുഖ പ്രസ്താവന പറയുന്നത്. ആ വ്യവസ്ഥകള്‍ ഇല്ലാതാകുന്നതോടെ ഭരണഘടനയുടെ മറ്റു വകുപ്പുകള്‍ക്കൊന്നും നിലനില്‍പ്പില്ലാതാകുന്നു. ഈ വെല്ലുവിളിയെ നേരിടാന്‍ ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യം ആണ്. എന്നാലത് സാധിക്കണമെങ്കില്‍ ജനാധിപത്യപരം ആയി രാജ്യത്തെ സ്നേഹിക്കാന്‍ സാധിക്കുന്ന പ്രയോഗങ്ങള്‍ക്ക് സമൂഹത്തില്‍ സ്വാധീനം ഉണ്ടാകണം. അത് തീര്‍ത്തും അസാധ്യമാണെങ്കില്‍, ജനാധിപത്യത്തിന് വേണ്ടി രാജ്യസ്നേഹത്തെ മാറ്റിവെക്കാന്‍ തയ്യാറാകണം. കുറച്ചുകൂടി സ്വീകാര്യ സാധ്യതയുള്ള ഭാഷയില്‍ പറഞ്ഞാല്‍, ജനാധിപത്യത്തോടുള്ള കൂറിനെ രാജ്യസ്നേഹം ആയി മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകേണ്ടിയിരിക്കുന്നു.
Reference
- Dr. B R Ambedkar, Interview with BBC, https://www.youtube.com/watch?v=A5MkfHelbvI
- Ashutosh Varshney, “Asian Democracy through an Indian Prism,” The Journal of Asian Studies, Vol. 74, No. 4 (NOVEMBER 2015), pp. 917-926
- Benedict Anderson, Imagined Communities: Reflections on the Origin and Spread of Nationalism, Verso. London 1983
Be the first to write a comment.