ന്ത്യയിലെ ഏറ്റവും ഭദ്രവും സമാധാനപരവുമായ ക്യാമ്പസുകളില്‍ ഒന്നായ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നിന്ന് അടുത്തയിടെ വന്ന വാർത്തകൾ അരാജകത്വത്തിന്‍റെ വാഴ്ചയെ സൂചിപ്പിക്കുന്നത് മാത്രമല്ല, അവിശ്വസനീയവും ആയിരുന്നു – സർവ്വകലാശാലയ്ക്ക് പുറത്ത് നിന്നും വന്ന മുഖംമൂടിധാരികളായ അക്രമികൾ പ്രഫസർമാരേയും വനിതകളടക്കമുള്ള വിദ്യാർഥികളേയും അക്രമത്തിന് ഇരകളാക്കിക്കൊണ്ടും, വസ്തുവകകൾ നശിപ്പിച്ചുകൊണ്ടും, നിയന്ത്രണങ്ങളേതുമില്ലാതെ ക്യാമ്പസിലൂടെ റോന്ത് ചുറ്റി. ആംബുലൻസുകളേയും സഹായത്തിനെത്തിയ ആരോഗ്യപ്രവർത്തകരേയും പോലും വെറുതേ വിടാൻ തയ്യാറാകാതിരുന്ന അക്രമികൾ, “രാജ്യദ്രോഹികൾക്കു നേരെ വെടിവയ്ക്കൂ” എന്ന് ആക്രോശിക്കുന്നുമുണ്ടായിരുന്നു.

മാധ്യമങ്ങൾ നടത്തിയ അന്വേഷണങ്ങളിൽ നിന്നും മറ്റും കൂടുതൽ കൂടുതലായി വ്യക്തമായി വന്നത് ആർ എസ്സ് എസ്സിന്‍റെ വിദ്യാർഥിസംഘങ്ങളാണ് മുൻപിതുവരെ കേൾക്കാത്ത തരത്തിലുള്ള ഈ അക്രമങ്ങൾക്ക് പിന്നിലെന്നാണ്. എന്നാൽ ജെ.എൻ.യുവിൽ അരങ്ങേറിയ ഈ അക്രമത്തിന്‍റെ ഏറ്റവും പ്രധാനമായ സ്വഭാവം ഇതൊന്നുമല്ല. അത് അക്രമം അഴിച്ചുവിട്ട ഗുണ്ടകൾക്കുനേരെ നിസ്സഹായരായി, വെറും കാഴ്ചക്കാരായി നിന്ന പോലീസിന്‍റെ പങ്കാണ്.

ഇത് ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെ നിർവചിക്കുന്ന ഒരു നിമിഷമാണ്. ജെ എൻ യു ആകട്ടെ, അതിനു മുന്നെ പലയിടങ്ങളിലുമുണ്ടായ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് എതിരെയുണ്ടായ ഭരണകൂടത്തിന്‍റെ പ്രതികരണങ്ങളാകട്ടെ, എല്ലാം ഭരണഘടനയെ അക്രമപരമായി നിഷേധിക്കുകയും പൂർണ്ണമായും അപഹസിച്ചുകളയുകയും ചെയ്ത സംഭവങ്ങളായിരുന്നു.

രാജ്യത്തെ എല്ലാ പ്രധാന രാഷ്ട്രീയനേതാക്കളും ജെ എൻ യുവിൽ അരങ്ങേറിയ അക്രമത്തെ അപലപിച്ചുകൊണ്ട് പ്രസ്താവനകളിറക്കി. ജാമിയയിലുണ്ടായ അക്രമങ്ങളെ അപലപിച്ചുകൊണ്ട് “പൊതുമുതൽ നശിപ്പിക്കുന്നതും സാധാരണജീവിതത്തെ അസ്വസ്ഥതപ്പെടുത്തുന്നതും ഒരിക്കലും നമ്മുടെ ധാർമ്മികതയുടെ ഭാഗമായിരുന്നില്ല” എന്ന് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി പക്ഷേ ഈ സംഭവങ്ങളിൽ പാലിച്ച മൌനം ചെവിപൊട്ടിച്ചുകളയാൻ പോന്നവിധം രൂക്ഷമായിരുന്നു.

അപ്പോൾ, ഇന്ത്യയിലെ ഉന്നതമായ ഒരു സർവ്വകലാശാലയ്ക്ക് നേരെ, അവിടത്തെ അധ്യാപകർക്കും വിദ്യാർഥികൾക്കും നേരെ നടന്ന അക്രമങ്ങൾ നമ്മുടെ ധാർമ്മികതയുടെ ഭാഗമാണെന്നാണോ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്? വലിയതോതിൽ ബലം പ്രയോഗിച്ച് മാത്രമല്ല, പൂർണ്ണമായ നിശബ്ദത കൊണ്ടും ഭരണകൂടത്തിന് അടിച്ചമർത്തൽ സാധ്യമാണ് എന്ന വിരോധാഭാസമാണ് തെളിയുന്നത്. ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യസ്ഥമായ ഭരണകൂടം പക്ഷേ ഭരണഘടനയ്ക്ക് നേരെയും അത് ഉറപ്പ് നൽകുന്ന മൌലികാവകാശങ്ങൾക്ക് നേരെയും കയ്യേറ്റങ്ങളുണ്ടാകുമ്പോൾ മൌനം പാലിക്കുന്നു.

ജെ എൻ യു പ്രദർശിപ്പിച്ചുകൊണ്ടിരുന്ന ജാഗ്രതയെ 2016 കാലം മുതൽക്കുതന്നെ ഭരണകൂടവും അതിന്‍റെ പിണിയാളുകളും അവരുടെ പിന്തുണക്കാരായ പ്രചരണമാധ്യമങ്ങളും കൂടി നികുതിദായകരുടെ ചിലവിൽ നടക്കുന്ന രാജ്യദ്രോഹപരവും രാജ്യവിരുദ്ധവുമായ നീക്കങ്ങളെന്ന് ആരോപിക്കുന്നുണ്ടായിരുന്നു.
എതിർപ്പിന്‍റെ ഈ ചെറിയ തുരുത്തിനെ ഏത് വിധേനയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. അങ്ങനെ, ജെ എൻ യുവിലെ ഒരു മുൻ വിദ്യാർഥി കൂടിയായ വിദേശകാര്യമന്ത്രി പോലും അക്രമത്തെ അപലപിച്ചപ്പോഴും ജെ എൻ യുവിലെ വിഭാഗീയചിന്താഗതിക്കാരായ വിദ്യാർഥികൾ (tukde-tukde gang) എന്ന് പ്രത്യേകം കൂട്ടിച്ചേർത്തു.

മൂന്നാംലോകരാജ്യങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യത്തിൽ പോലും ഭരണകൂടം അടിച്ചമർത്തൽ സ്വഭാവമുള്ളതാണെന്നത് പറയേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് “എൻകൌണ്ടർ കൊലകൾഎന്ന ഓമനപ്പേരിട്ട് വിളിക്കുന്ന, ഭരണകൂടത്തിന്റെന്‍റെ ഒത്താശയോടെ നടക്കുന്ന എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങളുടെ ഒരു നീണ്ട ചരിത്രം തന്നെയുണ്ട്.

ഭരണകൂടം ജനങ്ങളുടെ മേൽ നടത്തുന്ന രാഷ്ട്രീയ കാവൽപ്പണി (vigilantism) ജനങ്ങളും അംഗീകരിച്ചു കൊടുക്കുന്നതാണ്, അതിനെ ആന്തരികവൽക്കരിക്കുന്നതാണ്, ഭരണഘടനയെ സംബന്ധിച്ചിടത്തോളം കൂടുതൽ അപകടകരമായിട്ടുള്ളത്. ഇത്തരം കാവൽപ്പണിയ്ക്കുള്ള ജനപിന്തുണ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിനാശകരമാണ്.

ബലാത്സംഗം ആരോപിച്ച് ആളുകളെ തെലങ്കാന പോലീസ് വെടിച്ച് കൊന്നതും അതിനെ അനുകൂലിച്ച് വ്യാപകമായി, സിനിമ-സ്പോർട്സ്-രാഷ്ട്രീയ രംഗങ്ങളിൽ നിന്നുൾപ്പടെ, ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രിമാരിൽ നിന്നുവരെ, ഉണ്ടായ പ്രതികരണങ്ങൾ ഇന്ത്യൻ രാഷ്ട്രീയശരീരത്തെ സംബന്ധിച്ച് ഭയമുണർത്തുന്ന ഒരു പ്രവണതയാണ്.

തെലങ്കാന ഒരു ട്രെയ്ലർ മാത്രമായിരുന്നു. ഉത്തർപ്രദേശിലാണ് കാര്യങ്ങൾ കൂടുതലായി തെളിഞ്ഞുവന്നത്. അവിടത്തെ മുഖ്യമന്ത്രി ഒരു മറയുമില്ലാതെ പറഞ്ഞു, താൻ പ്രതിഷേധക്കാർക്കെതിരെ “പ്രതികാരം” ചെയ്യുമെന്ന്. അത് ഭരണകൂടത്തിന്‍റെ ഭാഷയല്ല, അത് കാ‍വൽപ്പണിക്കാരുടെ (vigilantes) ഭാഷയാണ്.

CAA -യ്ക്കെതിരെ പ്രതിഷേധങ്ങളുണ്ട് എന്നതുകൊണ്ട് യോഗി ഗവണ്മെന്റിന്‍റെ പോലീസിന്‍റെ നടപടികൾക്ക് പിന്തുണക്കാരില്ല എന്ന് നാം ധരിക്കരുത്. ലിബറൽ പത്രങ്ങളിൽ പോലീസ് നടപടികൾക്ക് എതിരായി വന്ന എഡിറ്റോറിയലുകൾക്കുള്ള വായനക്കാരുടെ മറുപടികളും ഹിന്ദുത്വപക്ഷപാതികളല്ലാത്ത പലർ പോലും പങ്കുവച്ച വാട്സപ്പ് സന്ദേശങ്ങളും മതി രാഷ്ട്രീയ കാവൽപ്പണി (vigilantism) എത്രകണ്ട് ജനങ്ങളിലേക്ക് കൂടി പടർന്നു എന്നതറിയാൻ. എന്നാൽ ഇതിനൊപ്പം വളർന്ന മറ്റൊന്നു കൂടിയുണ്ട്
– അത് ഭൂരിപക്ഷ വർഗീയതയുടെ യുക്തിയാണ്: “അക്രമകാരികളായ മുസ്ലീമുകളെ” ഒരു പാഠം പഠിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എന്ന യുക്തി.

എന്നാൽ ലക്ഷക്കണക്കിനു “അക്രമകാരികളായ മുസ്ലീമുകളും” മറ്റുള്ളവരും മുംബൈ, ബെംഗലൂരു, കൊച്ചി, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരൊറ്റ അതിക്രമങ്ങളുമില്ലാതെ സമാധാനപരമായി മാർച്ചുകൾ സംഘടിപ്പിച്ചു.

എണ്ണമറ്റ വാർത്താറിപ്പോർട്ടുകളും അനേകം വീഡിയോകളും വ്യക്തമാക്കുന്നതു പോലെ യു.പിയിലെ പോലീസ് നടപടികളെ “ഭീകര ഭരണം” എന്നാല്ലാതെ മറ്റൊന്നും വിളിയ്ക്കാനില്ല. സ്വയരക്ഷയ്ക്കായി ഒരു പോലീസ് സേന സ്വീകരിക്കുന്ന നടപടികൾ എല്ലാവർക്കും മനസ്സിലാകുന്നതാണ്. എന്നാൽ യു.പിയിൽ കണ്ടത് യാതൊരു ഭീഷണിയുമില്ലാതെ പോലും പോലീസ് വെടിവയ്ക്കുന്നതും മാരകമായ സായുധ പ്രതിരോധങ്ങൾ സ്വീകരിക്കുന്നതിനു മുൻപേ തന്നെ ജനക്കൂട്ടത്തിനു നേരെ
വെടിയുതിർക്കുക എന്ന വഴി സ്വീകരിക്കുന്നതുമാണ്. പ്രകടനങ്ങൾ അവസാനിച്ചു കഴിഞ്ഞുപോലും തല്ലിയൊതുക്കുന്നതും, സ്ത്രീകളേയും വൃദ്ധരേയും പോലും മർദ്ദിക്കുന്നതും വീടുകൾ തകർക്കുന്നതും, കുട്ടികളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നതും, സംസ്കാരത്തിനായി ശവശരീരങ്ങൾ വിട്ടുകൊടുക്കാതിരിക്കുന്നതും,
സമരങ്ങളിൽ പങ്കെടുക്കാത്തവരെ പോലും അറസ്റ്റ് ചെയ്യുന്നതുമെല്ലാം നാം കണ്ടു. മുസ്ലീമുകളെ മാത്രം തിരഞ്ഞുപിടിച്ചാണ് ഇവ ചെയ്തത്.

കൊല്ലപ്പെട്ട 21 പേരിൽ ഒരാളൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടത് പ്രതിഷേധകരുടെ വെടിയേറ്റാണെന്ന് പോലീസ് ഭാഷ്യം, എന്നാൽ പോലീസുകാർക്ക് എന്നിട്ടും ഒന്നും സംഭവിച്ചില്ലായെന്ന വസ്തുതയിൽ തട്ടി തകരുന്ന ജല്പനങ്ങളാണ്. 1997-നും 2006-നും ഇടയ്ക്ക് ഇന്ത്യയിൽ 790 കസ്റ്റഡി മരണങ്ങളുണ്ടായിട്ടുണ്ട് എന്നും അതിൽ 8 പോലീസുകാർ മാത്രമാണ് കുറ്റക്കാരായി വിധിക്കപ്പെട്ടിട്ടുള്ളതും എന്നത് നിലനിൽക്കേ നമ്മളെങ്ങനെയാണ് ഭരണകൂടത്തിന്‍റെ ഇത്തരം സത്യവാങ്മൂലങ്ങളെ വിശ്വസിക്കുക?

നശിപ്പിക്കപ്പെട്ട മുതലുകൾക്കുള്ള നഷ്ടപരിഹാരത്തുക സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി, നിയമപ്രക്രിയയിലൂടെ കടന്നുപോകാതെ തന്നിഷ്ടത്തിന് ജനങ്ങളിൽ നിന്നും ഈടാക്കുക എന്നതാണ് ഭരണകൂടനയം എന്നുള്ളത് രാഷ്ട്രീയ കാവൽപ്പണിയുടെ (vigilantism) ഉത്തമോദാഹരണമാണ്. ഇങ്ങനെ ഉടനടി നീതി എന്ന പേരിൽ നടക്കുന്നത് പിടിച്ചുപറിയല്ലാതെന്താണ്! ഇതിനൊപ്പം കാണേണ്ടത് പല വീഡിയോകളിൽ നിന്നും തെളിയുന്നതുപോലെ പോലീസ് തന്നെയാണ് പലപ്പോഴും വസ്തുവകകൾ നശിപ്പിച്ചിരുന്നത് എന്നതാണ്.

നിരപരാധികളായ നിരവധി മുസ്ലീമുകൾക്ക് എതിരെയുണ്ടായിട്ടുള്ള പോലീസിന്‍റെ ക്രൂരത ഇത്തരം കാവൽപ്പണിയുടെ (vigilantism) ഭാഗമായിരിക്കുമ്പോഴും അത് നിലവിലെ
രാഷ്ട്രീയസാഹചര്യത്തോടൊപ്പമല്ലാതെ വായിച്ചുകൂടാ. പോലീസെന്നത് എല്ലായ്പ്പോഴും സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ. പോലീസിന്‍റെ വർഗ്ഗീയവൽക്കരണം സമൂഹത്തിന്‍റെ വർഗ്ഗീയവൽക്കരണത്തിന്‍റെ പ്രതിഫലനമാണ്, അതിനൊരു നീണ്ട ചരിത്രവുമുണ്ട്. 1987-ൽ യുപി പോലീസിന്‍റെ പ്രാദേശിക സായുധ സേന 42 മുസ്ലീമുകളെ കൊന്നൊടുക്കിയത് കോൺഗ്രസ്സ് സർക്കാർ നിലവിലിരിക്കെയാണ്.

എന്നിരുന്നാലും നിലവിലെ ഭരണത്തിൻ കീഴിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്‍റെ വ്യാപ്തിക്ക് താരതമ്യങ്ങളില്ല. അതിനു പ്രധാനകാരണം യോഗി ആദിത്യനാഥിനെപ്പോലെ ഒരാളാണ് യുപിയിൽ അധികാരത്തിൽ എന്നതാണ്. പാർലമെന്റ് അംഗമായിരിക്കെ സ്ഥിരമായി പകയും വെറുപ്പും പടർത്തുന്ന പ്രസംഗങ്ങൾ നടത്തിയിരുന്നയാളാണത്. ഒന്നിൽ അയാൾ പറഞ്ഞത് “അവർ ഒരു ഹിന്ദു പെൺകുട്ടിയെ എടുത്താൽ നാം 100 മുസ്ലീം പെൺകുട്ടികളെ എടുക്കും, അവർ ഒരു ഹിന്ദുവിനെ കൊന്നാൽ
നാം 100 മുസ്ലീമുകളെ കൊല്ലും”
എന്നാണ്.

നിയമവും ജനാധിപത്യവും പുലരുന്ന മറ്റേതൊരു സമുഹത്തിലും മേൽപ്പറഞ്ഞ പരാമർശത്തിന്‍റെ പേരിൽ ആദിത്യനാഥ് ജയിലിലായേനെ എന്നു മാത്രമല്ല, അതിനു ശേഷം ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കില്ലായിരുന്നു. എന്നാൽ അതിനു പകരം നാം കാണുന്നത് അയാൾ ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ പോലീസ് സേനയെ നിയന്ത്രിക്കുന്നു എന്നതാണ്. തനിക്ക് നേരെയുള്ള വിദ്വേഷപ്രസംഗ കേസുകൾ അയാൾ തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതാണ്. CAA വിരുദ്ധ സമരങ്ങളോട്
ആദിത്യനാഥിന്‍റെ കീഴിലുള്ള പോലീസ് ഈ വിധമല്ലാതെ പ്രതികരിക്കുമായിരുന്നു എന്ന് നാം പ്രതീക്ഷിക്കണോ?

ഭരണഘടനയുടെ തത്വത്തിന് വിരുദ്ധമായുള്ള ഭരണകൂടത്തിന്‍റെ കാവൽപ്പണിയും (vigilantism) അതിന്‍റെ ഭാഗമായി മാറുന്ന ആൾക്കൂട്ടങ്ങളും ഭൂരിപക്ഷപിന്തുണയുടെ ബലത്തിലാണ് എന്നാണ് ആൾക്കൂട്ട അതിക്രമങ്ങൾക്ക് അനുകൂലമായുണ്ടാകുന്ന നിരവധിയായ പ്രതികരണങ്ങൾ സൂചിപിക്കുന്നത്. 2018 ഡിസംബറിൽ നാനൂറോളം വരുന്ന ഗോസംരക്ഷരെന്ന ആൾക്കൂട്ടം ബുലന്ദ്ശഹർ ജില്ലയിലെ ഒരു പോലീസ് പോസ്റ്റ് അക്രമിച്ച് തീയിടുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുബോധ് സിംഗ് എന്ന പോലീസ് ഇൻസ്പെക്ടറെ വധിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ആരോപണവിധേയരുടെ സ്വത്ത് കണ്ടുകെട്ടിയില്ല. ഒരു പോലീസുകാരന്‍റെ വധമെന്ന രാജ്യവിരുദ്ധത ഉണ്ടായിട്ടും നരേന്ദ്ര മോദി അതിനെ അപലപിച്ചില്ല. സംഭവത്തിലെ മുഖ്യ ആരോപിതനായ ബജ്രംഗ് ദൾ നേതാവ് ഇപ്പോൾ ജാമ്യത്തിലാണ്.

പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരെയുള്ള സമരങ്ങൾ നിയമവിരുദ്ധമാണെന്ന ന്യായം പറഞ്ഞും ആ സമരങ്ങളിലെ പൊതുമുതൽനശീകരണം മൂലമുണ്ടായ നഷ്ടങ്ങളുടെ കണക്കുകൾ നിരത്തിയും CAA വിരുദ്ധ സമരങ്ങളെ എതിർക്കുന്നവർ പക്ഷേ ഈ സംഭവങ്ങളെ തുടർന്നുണ്ടായ മരണങ്ങളുടെ എണ്ണം കണക്കിലെടുക്കുന്നതേയില്ല എന്നത് ഞെട്ടിക്കുന്നതാണ്. അതും നഷ്ടപ്പെട്ട ജീവനുകളിൽ പലരും, എട്ട് വയസ്സുള്ള ഒരു കുട്ടിയുൾപ്പടെ, പ്രതിഷേധകരല്ലായിരുന്നു എന്നറിഞ്ഞിട്ടും.

ആസ്സാമിൽ സമരം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പൊയ്ക്കോണ്ടിരുന്നപ്പോൾ കൊല്ലപ്പെട്ട സാം സ്റ്റാഫോർഡ് എന്ന പതിനേഴുകാരന്റെയോ യുപി-യിൽ പ്രതിഷേധസമരങ്ങൾ നടന്നതിനു കുറേ അകലെ, വീട്ടിൽ ഗർഭിണിയായ ഭാര്യ കാത്തിരിക്കെ, കൊല്ലപ്പെട്ട നൂർ മുഹമ്മദ് എന്ന ഇരുപത്തിയാറു വയസ്സുകാരനായ കൂലിവേലക്കാരന്റെയോ മരണങ്ങൾക്കും മീതെ കത്തിനശിച്ച ബസ്സുകളുടെ പേരിൽ ദുഃഖിക്കുന്ന സമൂഹം എന്ത് തരത്തിലുള്ളതാണ്.

പൊതുമുതലിനെക്കുറിച്ച് ഇത്തരത്തിൽ വിശുദ്ധമായ ഉത്കണ്ഠ പുലർത്തുന്നവർ പക്ഷേ മനപൂർവ്വം മറന്നു കളയുന്നത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ വിദ്ധ്വംസക പ്രവർത്തനമായിരുന്ന ബാബറി മസ്ജിദിന്‍റെ നശീകരണത്തേയും തുടർന്നുണ്ടായ കലാപങ്ങളിൽ കൊല്ലപ്പെട്ട, രണ്ടായിരത്തിലധികം (അതിൽ കൂടുതലും മുസ്ലീമുകളായിരുന്നു) മനുഷ്യജീവനുകളേയുമാണ്. ഇതിന്‍റെ പേരിൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട ബിജെപിയുടെ ഉന്നതരായ നേതാക്കൾ 28 കൊല്ലം കഴിഞ്ഞിട്ടും ഇതുവരേയും
ശിക്ഷിക്കപ്പെട്ടിട്ടില്ല.

പാർലമെന്റ് പാസ്സാക്കിയ ഒന്ന് എന്ന മട്ടിൽ നിയമത്തിന്‍റെ പാവനതയുടെ പുതിയ വ്യക്താക്കളായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ശബരിമലയിൽ സുപ്രീം കോടതി
വിധി എന്ന നിയമം നടപ്പിലാക്കാനുള്ള കേരളസർക്കാരിന്‍റെ ശ്രമങ്ങളെ, അവിടത്തേത് ഒരു വിശ്വാസത്തിന്‍റെ പ്രശ്നമാണെന്നു പറഞ്ഞ് കടന്നാക്രമിച്ച നരേന്ദ്ര മോദിയെ പിന്തുണച്ചവരാണിവർ. അന്ന്, നടപ്പിലാക്കാൻ കഴിയാത്ത വിധികൾ കോടതികൾ പ്രസ്താവിക്കരുത് എന്ന് പറഞ്ഞ അമിത് ഷാ കേരളസർക്കാരിനെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ദിവസങ്ങളോളം ഹിന്ദുത്വഗ്രൂപ്പുകൾ നടത്തിയ പ്രക്ഷോഭങ്ങളിൽ അന്ന് നൂറുകണക്കിന് സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയായിരുന്നു.

ഇത്തരം രാഷ്ട്രീയ കാവൽപ്പണിയും (vigilantism) ഭരണഘടനയോടുള്ള അനാദരവും ഭൂരിപക്ഷ പിന്തുണയുള്ളിടത്തോളം സാധ്യം തന്നെ. അതിനാലാണ് CAA-യ്ക്കെതിരെ പ്രതിഷേധിച്ച മുസ്ലീമുകളായ സമരക്കാരോട് നിങ്ങൾ പാക്കിസ്താനിലേയ്ക്ക് പോകൂ എന്ന് മീററ്റിൽ ഒരു പോലീസ് ഓഫീസർ ആക്രോശിച്ചത് കേട്ട് നമ്മൾ ഞെട്ടരുതാത്തത്.

കഴിഞ്ഞ ഏപ്രിലിൽ, വയനാട്ടിലെ മുസ്ലീമുകളെ ഉദ്ദേശിച്ചുകൊണ്ട്, “അത് ഇന്ത്യയാണോ പാക്കിസ്താനാണോ എന്ന് മനസ്സിലാകുന്നില്ല” എന്നു പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രിയോളം കുറ്റക്കാരനാണോ ആ പോലീസുകാരൻ? അതോ പ്രതിഷേധകരെ അവരുടെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പറയുന്ന ഒരു പ്രധാനമന്ത്രിയോളം അപരാധിയോ? ഇതേ അമിത് ഷായും നരേന്ദ്രമോദിയും തന്നെയാണ് “അർബൻ നക്സൽ”, “ടുക്ഡെ-ടുക്ഡെ” എന്നിങ്ങനെ ജെഎൻയുവിനെയും മറ്റും വിശദീകരിക്കാൻ ഹിന്ദുത്വപക്ഷക്കാർ ഉപയോഗിക്കുന്ന “മനോഹരങ്ങളായ” ശൈലികളുടെ ഉപജ്ഞാതാക്കളും.

അതുകൊണ്ട്, ആർക്കും തെറ്റിപ്പോകാതിരിക്കട്ടെ: “മുസ്ലീമുകളായ” സി പ്രതിഷേധകർക്കെതിരെയാവട്ടെ, “ദേശവിരുദ്ധരായ” ജെഎൻയുക്കാർക്ക് എതിരെയാവട്ടെ, ഉണ്ടാകുന്ന രാഷ്ട്രീയ കാവൽപ്പണിക്കുള്ള സാധുത ലഭിക്കുന്നത് അവർക്കൊപ്പമുള്ള “ജനത്തിന്‍റെ” പിന്തുണ ശക്തിയേറ്റുന്ന, ദേശത്തിന്‍റെ ഏറ്റവും വലിയ അധിപന്മാരുടെ പക്കൽ നിന്നാണ്. ഭരണഘടന ഇതിലും വലുതായി അവഹേളിക്കപ്പെടാനില്ല.

—————————————————————————————————————-

(നിസ്സിം മണ്ണത്തൂക്കാരൻ കാനഡയിലെ ഡാൽഹൌസി യൂണിവേഴ്സിറ്റിയിൽ അധ്യാപകനാണ്. ഈ കുറിപ്പിന്‍റെ ഒരു പ്രാഗ്ര് രൂപം The Wire മാഗസിനിൽ മുൻപ് വന്നിരുന്നു. ലേഖകന്‍റെ റ്റ്വിറ്റർ ഹാൻഡിൽ: @nmannathukkaren)

വിവർത്തനം: സ്വാതി ജോർജ്ജ്

Comments

comments