സാമ്പത്തിക മാന്ദ്യം സംസ്ഥാന നികുതി വരവിൽ ഉണ്ടാക്കിയ വിടവും കേന്ദ്ര സർക്കാരിന്റെ വിഭവ വിഭജനത്തിലുള്ള ശത്രുത മനോഭാവവും ഒക്കെ ഊന്നി പറഞ്ഞാണ് ധനമന്ത്രി, ഡോക്ടർ തോമസ് ഐസക്, ബജറ്റ് പ്രസംഗം തുടങ്ങിയത്. അത്യാവശ്യം മാക്രോ ഇക്കണോമിക്‌സും പബ്ലിക് ഫിനാൻസും അറിയാവുന്നവർ സ്വാഭാവികമായും പ്രതീക്ഷിക്കുന്നത് ഒരു നിയന്ത്രിത ബജറ്റ് ആണ്. എന്നാൽ ധനമന്ത്രി പതിവുപോലെ സാഹിത്യത്തിലുള്ള തന്റെ അവഗാഹം മുൻനിറുത്തി കൈയടി നേടാനുള്ള വഴികൾ ഒന്നും വിട്ടുപോകാതെയാണ് ബജറ്റ് അവതരണം നടത്തിയത്. ശുഭാപ്‌തി വിശ്വാസവും വികസനവും ക്ഷേമപ്രവർത്തനങ്ങളും നിറഞ്ഞു നിന്ന ബജറ്റ് അവതരണം കേൾക്കുന്ന ഒരാൾക്ക് സ്വാഭാവികമായി തോന്നുന്ന സംശയം ഇതെങ്ങനെ സാധ്യമാകും എന്നാണ്. ഇവിടെയാണ് താൻ സമർത്ഥനായ കണക്കപ്പിള്ളയാണെന്ന് ധനമന്ത്രി കാണിക്കുന്നത് – ചിലവിൽ വലിയ വർദ്ധന ഉണ്ടാകാതെ, ബജറ്റിന് പുറത്തു ഈ ചിലവുകൾ കൊണ്ട് വന്ന് ബജറ്റ് കമ്മി കുറയ്ക്കുന്ന രീതി കഴിഞ്ഞ നാല് വർഷത്തെ പോലെ ഇത്തവണയും ഭംഗിയായി തുടരുന്നു. ധനമന്ത്രി ഓരോ പ്രൊപ്പോസലും യുക്തിയുക്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ ആ പ്രസംഗത്തിലെ യുക്തി ബജറ്റ് കണക്കുകളിൽ കാണ്മാനില്ല.

പദ്ധതികളുടെ അവതരണം വിശകലനം ചെയ്താൽ ആകാശ റെയിൽ പദ്ധതി ഒഴിച്ച് മറ്റുള്ളവയെല്ലാം തന്നെ പ്രളയ നവനിർമ്മാണ പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ വർഷം അവതരിപ്പിച്ചവ തന്നെയാണ്. പുതുതായി ഒന്നും തന്നെ ഇല്ല. അവയുടെ നീക്കിയിരുപ്പുകൾ പ്രധാനമായും കിഫ്‌ബി വഴി ആണ്. നികുതി വരുമാനവും മറ്റു വരുമാനവും സ്റ്റേറ്റിന്റെ ദൈനംദിന ചിലവുകൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിനപ്പുറത്ത് ചിലവാക്കാൻ തക്കത്തിൽ വരുമാനം ഇല്ല. ബജറ്റിലെ കണക്കുകളിലേക്കു കടക്കുമ്പോൾ കാര്യങ്ങൾ അത്ര ആശാവഹം അല്ല.

വരുമാനം-ചിലവും തമ്മിലുള്ള അന്തരം
15 ശതമാനം വരുമാന വർദ്ധനയാണ് 2019-20ലെ പുതുക്കിയ കണക്കു പ്രകാരം (revised estimate), 2020-21ൽ പ്രതീക്ഷിക്കുന്നത്. ഇവിടെ ഓർക്കേണ്ട കാര്യം, 2019-20 സാമ്പത്തിക വര്ഷം കഴിയുമ്പോൾ ബജറ്റിൽ പ്രതീക്ഷിരുന്ന വരുമാനത്തിൽ (budget estimate) നിന്നും ഏകദേശം 13 ശതമാനം കുറവായിരിക്കും. അതിനു മുൻപത്തെ വർഷത്തിൽ (2018-19) 9 ശതമാനം മാത്രമാണ് വരുമാന വർദ്ധന ഉണ്ടായത്. പ്രളയവും നിപ്പയും കാരണമായി പറയാം. കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കാൻ സാധ്യത കൂടുതലുള്ള ഒരു സംസ്ഥാനം ആണ് കേരളം. ധനമന്ത്രിയുടെ കണക്കുകൂട്ടലിൽ പ്രതിരോധിക്കാനുള്ള പദ്ധതികൾക്കൊപ്പം വരുമാനത്തിൽ ഉണ്ടാവുന്ന ചാഞ്ചാട്ടവും ഉൾക്കൊള്ളണം. ഒപ്പം രാജ്യത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം ചാക്രികമല്ല, അടിസ്ഥാനപരമാണെന്ന് വ്യക്തമായിട്ടും, കേന്ദ്ര സർക്കാർ അതിനുതക്ക നടപടികൾ കൊണ്ടുവരാത്ത സാഹചര്യത്തിൽ, 15 ശതമാനം വരുമാന വർദ്ധന സാമാന്യ യുക്തിക്ക് ഉതകുന്നതല്ല.

നികുതി വരുമാനത്തിൽ, പ്രത്യേകിച്ചും ജിഎസ് ടി വരുമാനത്തിൽ 2019-20-ലെ ബജറ്റ് കണക്കും (budget estimate) പുതുക്കിയ കണക്കും പ്രകാരം ഏകദേശം 18-20 ശതമാനം കുറവാണ് ഉണ്ടാകാൻ പോകുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ജിഎസ് ടി വർദ്ധന 10 ശതമാനം മാത്രമാണ്. മറ്റു നികുതികളും സെസ്സും ഒക്കെ 2018-19നേക്കാളും നാമമാത്ര വർദ്ധനവേ കാണിക്കുന്നുള്ളു. അപ്പോൾ 23 ശതമാനം വർദ്ധന എന്നത് ആത്മവിശ്വാസ കൂടുതൽ ആണ് കാണിക്കുന്നത്. തൊഴിൽ വർദ്ധിക്കാതെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവുണ്ടാകാതെ വന്നാൽ ധനമന്ത്രിയുടെ കണക്കുകൂട്ടൽ താറുമാറാകാൻ സമയം വേണ്ട. കാരണം കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പല പ്രൊപ്പോസലുകൾക്കും പണം വേണ്ടവിധത്തിൽ പോയിട്ടില്ല.

ചിലവിന്റെ കാര്യമെടുത്താൽ 2019-20ൽ ബജറ്റ് കണക്കും (budget estimate) പുതുക്കിയ കണക്കും (revised estimate) പ്രകാരം മൊത്തത്തിൽ 13 ശതമാനം കുറവുണ്ടാകുന്നെന്നാണ് കണക്കുകൾ കാണിക്കുന്നത്. പലിശ ഇനത്തിലെ ചിലവ് മാത്രമേ കൂടിയിട്ടുള്ളു കഴിഞ്ഞ വര്ഷം. പദ്ധതി-പദ്ധതി ഇതര ചിലവുകളിൽ കാര്യമായ കുറവാണ്ഉണ്ടായിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ പലകാര്യങ്ങളും പണമില്ലാതെ പദ്ധതി ആവാതെ നിൽക്കുന്നു. ഇത്തവണ പദ്ധതി ചിലവുകളിൽ 23 ശതമാനവും പദ്ധതി ഇതര ചിലവുകളിൽ 12 ശതമാനവും വർദ്ധനയാണ് കണക്കിൽ പെടുത്തിയിരിക്കുന്നത്. 2018-19 ലും ബജറ്റിൽ കാണിച്ചതിലും വളരെ കുറച്ചേ ചിലവാക്കാൻ സാധിച്ചിട്ടുള്ളൂ. സാമ്പത്തിക വ്യവസ്ഥയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാൻ സാധികാത്ത അവസ്ഥയിൽ 2020-21ൽ പണമില്ലാതെ പല പദ്ധതികളും നിർജീവമാകാനുള്ള സാധ്യത കുറവല്ല. കാരണം നികുതി വരുമാനം വർദ്ധിച്ചാൽ തന്നെ അതിന്റെ നല്ലൊരു ശതമാനം ശമ്പളവും പെൻഷനും പലിശയ്ക്കായും നീക്കിവെക്കണം. ഇതിലേതെങ്കിലും മുടങ്ങിയാൽ സർക്കാരിന്റെ കാര്യം കഷ്ടത്തിലാവും.

പ്രധാന ചിലവ് : ശമ്പളം, പെൻഷൻ, പലിശ
100 രൂപ മൊത്ത വരുമാനമുള്ള ഒരു കുടുംബം പണിക്കർക്ക് കൂലിയായും അവരുടെ പെൻഷനും പലിശയും ഒക്കെ ആയി 50 രൂപ ചിലവാക്കുന്ന അവസ്ഥ ഒന്നാലോചിക്കുക. ഈ സാഹചര്യത്തിൽ എത്ര കുടുംബങ്ങൾക്ക് പിടിച്ച് നില്കാനാവും. ഭക്ഷണവും, വസ്ത്രവും, വിദ്യാഭ്യാസവും, ആരോഗ്യവും, മറ്റ് ചിലവുകളും ഒക്കെ ബാക്കി 50 രൂപ കൊണ്ട് നടക്കണം. എളുപ്പമാണോ അത്? കേരളത്തിന്റെ അവസ്ഥയാണിത്. ശമ്പളവും പെൻഷനും കൊടുക്കാതിരിക്കാൻ പറ്റില്ല, പലിശ അടച്ചില്ലെങ്കില് കടക്കാർ തിണ്ണ കയറിയിറങ്ങും. പണിക്കാരെ കുറക്കാൻ ആവുമോ അതുമില്ല. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾ ചെയ്യുന്നത് പോലെ വരുമാനം കുറഞ്ഞു ഇത്തവണ ശമ്പള വർദ്ധന ഇല്ല, ചില അത്യാവശ്യമല്ലാത്ത അലവൻസുകളും കുറക്കുന്നു എന്ന് പറയാൻ പോലും ആകില്ല. കാരണം 2018 പ്രളയ ദുരിത ആശ്വാസത്തിലേക്ക് മാസം മൂന്ന് ദിവസത്തെ ശമ്പളം വച്ച് പത്ത് മാസം കൊടുക്കുവോ എന്ന് ചോദിച്ചപ്പോൾ കോടതിയിൽ പോയവരാണ് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരിൽ കുറേപേർ.

ഒന്നുകൂടി വ്യക്തമാക്കിയാൽ കേരളത്തിന്റെ സ്വന്തം നികുതി (states own revenue) വരുമാനത്തിന്റെ 80 ശതമാനം വേണം ശമ്പളവും പെൻഷനും നൽകാൻ. പലിശ അടക്കാൻ ഇത് തികയുകയും ഇല്ലാ. സംസ്ഥാനത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 65 ശതമാനം വരും പെൻഷനും ശമ്പളവും. ചുരുക്കത്തിൽ പറഞ്ഞാൽ നികുതി പിരിക്കുന്നത് നിലവിലുള്ളതും പിരിഞ്ഞുപോയതും ആയ ഉദ്യോഗസ്ഥർക്കായാണ്. ഈ സാഹചര്യത്തിൽ ഭരണ-പ്രതിപക്ഷം ഒന്നിച്ചിരുന്ന് ആലോചിക്കേണ്ട ഒന്നാണ് എല്ലാ അഞ്ചു വർഷം കൂടുമ്പോഴും ശമ്പള കമ്മിഷൻ കൃത്യമായി കൊണ്ടുവന്ന് സംസ്ഥാനത്തിന് താങ്ങാവുന്നതിലധികം ഉദ്യോഗസ്ഥവൃന്ദത്തിനു നൽകണമോ എന്ന്. കാരണം പണം കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തിലും താഴെയുള്ള ഒരു ചെറിയ കൂട്ടത്തിനു മാത്രം നൽകിയാൽ എങ്ങനെ ജനത്തിന്റെ മൊത്തം ഉപഭോഗം വർദ്ധിപ്പിക്കാൻ കഴിയും. എല്ലാവരെയും, പ്രത്യേകിച്ച് ഉദ്യോഗസ്ഥരെ സന്തോഷിപ്പിച്ച് നിറുത്തുന്ന തിരക്കിൽ ധനമന്ത്രി ശമ്പള കമ്മിഷൻ വരുന്ന കാര്യം പറഞ്ഞു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ കാതലായ പ്രശ്നം തീർത്തും അവഗണിച്ചു.

വികസനം കിഫ്‌ബി വഴി
ചുരുക്കത്തിൽ അരിഷ്ടിച്ച് നിൽക്കുന്ന സംസ്ഥാനം അടിസ്ഥാന സൗകര്യ നിർമ്മാണത്തിനായി പൂർണ്ണമായും ബജറ്റ് ഇതര വിഭവസമാഹാരമാണ് നടത്തുന്നത്. വ്യക്തമായി പറഞ്ഞാൽ വിപണിയിൽ നിന്നും മസാല ബോണ്ട് വഴി കടമെടുക്കുകയാണ്. ഉത്പ്പാദനം ലക്ഷ്യമാക്കിയുള്ള പൊതു മേഖല വ്യവസായ സ്ഥാപനങ്ങൾ ആണ് മസാല ബോണ്ടുകളുടെ പ്രധാന ഉപയോക്താക്കൾ. ഒരു സംസ്ഥാനം വിദ്യാഭ്യാസവും, ആരോഗ്യവും, റോഡും, തോടും, പാലവും, റെയിൽവേയും, വ്യവസായ കോറിഡോറും ഒക്കെ അടക്കമുള്ള അടിസ്ഥാന സൗകര്യ നിർമാണത്തിനുള്ള നിക്ഷേപത്തിനായി മസാല ബോണ്ടിനെ ഇത്ര വ്യാപകമായി ആശ്രയിക്കുന്നത് ആദ്യമായിരിക്കും.ഈ തുക ബജറ്റ് ചിലവിന്റെ മൂന്നിലൊന്നാണ്. ധനമന്ത്രി എത്ര ഭംഗിയായി തന്റെ ബജറ്റിന് ഉൾക്കൊള്ളാനാകാത്ത ചിലവിനെ ബജറ്റിന് പുറത്ത് കടത്തി ആ വിടവ് നികത്തിയിരിക്കുന്നത്. കിഫ്‌ബി വഴി ധനമന്ത്രി കേരളത്തിന് ഒരു വലിയ വികസന വാഗ്‌ദാനം ആണ് കഴിഞ്ഞ നാല് വർഷമായി നൽകുന്നത്. അടിസ്ഥാന സൗകര്യത്തിൽ കാതലായ മാറ്റങ്ങൾ ഈ നേതൃത്വം വന്നതിനു ശേഷം ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ,

പക്ഷെ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നീങ്ങിയില്ലെങ്കിൽ എന്തിന് ഉദ്യോഗസ്ഥവൃന്ദവും ഇനി വരുന്ന രാഷ്ട്രീയ നേതൃത്വവും കാര്യക്ഷമതയോടെ പണിയെടുത്തില്ലെങ്കിൽ കിഫ്‌ബി സംസ്ഥാനത്തിന്റെ കടക്ക് വെട്ടുന്ന അവസ്ഥ ഉണ്ടാക്കും. കിഫ്‌ബി ആവശ്യപ്പെടുന്ന പ്രവർത്തന ക്ഷമത ഒരു സാധാരണ സർക്കാർ സംവിധാനത്തിനും അപ്പുറം ആണ്. സർക്കാർ സംവിധാനത്തിലെ ഉദ്യോഗസ്ഥവൃന്ദത്തിൽ ഒരു ചെറിയ ശതമാനമേ കാലത്തിനും, സർക്കാർ നൽകുന്ന നേതൃത്വത്തിനും അനുസരിച്ച് ഉയരാൻ തയ്യാറാവാറുള്ളു. അത് കൊണ്ട് തന്നെ ഈ വികസനം തുടരാനുള്ള വ്യവസ്ഥകൾ ഉദ്യോഗസ്ഥവൃന്ദത്തിനുമേൽ കൊണ്ട് വന്നേ പറ്റു. പണി നടന്നാലും ഇല്ലെങ്കിലും, അതിന്റെ ഗുണം ജനത്തിനുണ്ടായാലും ഇല്ലെങ്കിലും കുട്ടികൾ പഠിച്ചാലും ഇല്ലെങ്കിലും തങ്ങൾക്ക് മാസാദ്യം ശമ്പളം ഒരു കുറവും കൂടാതെ കിട്ടും, വർഷാവർഷമുള്ള ഇൻക്രിമെന്റും, സമയസമയമുള്ള സ്ഥാനക്കയറ്റവും തങ്ങളുടെ ഉത്തരവാദിത്വവും ആയി ഒരു ബന്ധവും ഇല്ലാത്തവ ആണെന്ന ധാരണ മാറണം. അല്ലെങ്കിൽ കേരളത്തിലെ പൊതു മേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ അവസ്ഥ ആവും കിഫ്‌ബി വഴി ഉണ്ടായിരിക്കുന്ന പല നിക്ഷേപങ്ങൾക്കും. അത് വലിയൊരു വെല്ലുവിളി ആണ്.

ആശ്വാസ തുരുത്ത് – ലാഭത്തിലേക്ക് നീങ്ങുന്ന പൊതു മേഖല വ്യവസായങ്ങൾ
കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 150 കോടിയിൽ മേൽ (2015-16) നഷ്ടം രേഖപ്പെടുത്തിയ പൊതുമേഖലയിലെ വ്യവസായശാലകളിൽ 17 എണ്ണം 2018-19ൽ 260 കോടിയോളം രൂപ ലാഭം ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ ലാഭത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റ കാലത്ത് (2006-11) ലാഭത്തിൽ എത്തിയ പല സ്ഥാപനങ്ങളും അടുത്ത അഞ്ചു വർഷം കൊണ്ട് നഷ്ടത്തിലായി. അതിന്റെ ഉത്തരവാദിത്തം സർക്കാരിന് മാത്രമല്ല, അവിടത്തെ ഉദ്യോഗസ്ഥർക്കും തൊഴിലാളിക്കും ഉണ്ട്. മീശയുള്ള ആശാനേ കാണുമ്പോഴേ പണിയെടുക്കൂ അല്ലെങ്കിൽ സർക്കാരിന് പണികൊടുക്കും എന്നുള്ള മനഃസ്ഥിതി മാറിയേ പറ്റു. ഈ സ്ഥാപനങ്ങളെ ലാഭത്തിലേക്കും നഷ്ടത്തിലേക്കും നയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കി, ഭരണം മാറിയാലും സ്ഥാപനങ്ങളെ നേരെ നയിക്കേണ്ട ഉത്തരവാദിത്തം ആ സ്ഥാപനങ്ങളുടെ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാക്കിയില്ലെങ്കിൽ കാട്ടിലെ മരം തേവരുടെ ആന എന്ന പരിപാടി തുടരും.

വ്യവസായ മേഖലയിൽ നിക്ഷേപങ്ങളുടെ കാര്യത്തിൽ കാര്യമായ മാറ്റം ഉണ്ടായതായാണ് ഇക്കണോമിക് റിവ്യൂ കാണിക്കുന്നത്.
സംസ്ഥാന ആഭ്യന്തരവരുമാനത്തിൽ വ്യവസായ മേഖലയുടെ വിഹിതം 2014-15ൽ 9.8 ശതമാനമായിരുന്നത് 2018-19ൽ 13.2 ശതമാനമായി ഉയർന്നു. ദേശീയ ഫാക്ടറി ഉൽപാദനത്തിൽ കേരളത്തിന്റെ വിഹിതം 1.2 ശതമാനത്തിൽ നിന്ന് 1.6 ശതമാനമായി ഉയർന്നു. ബ്ലൂ കോളർ തൊഴിലിനൊപ്പം തന്നെ, വൈറ്റ് കോളർ തൊഴിലിന്റെ ഉത്പാദനത്തിലും ശ്രദ്ധ കൊടുത്തിട്ടുണ്ട് ബജറ്റിൽ. ബജറ്റ് പ്രസംഗവും അതിനെ തുടർന്നുള്ള യുക്തിയുക്തമായ ധനമന്ത്രിയുടെ ബജറ്റ് അവതരണവും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ആശാവഹമാണെന്ന തോന്നൽ പൊതു ജനത്തിന് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

കെഎം മാണിയും ധാർമികതയും
രാഷ്ട്രീയത്തിൽ മൂല്യങ്ങളും ധാർമികതയും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കാലമാണ്. കെ എം മാണിയ്ക്കായി നൽകിയ അഞ്ചു കോടി രൂപ ഒരു പൊതു പ്രവർത്തകനിൽ വേണമെന്ന് കരുതുന്ന രാഷ്ട്രീ സംശുദ്ധിയ്ക്ക് വലിയ വിലയൊന്നും ഇല്ല എന്ന് വിളിച്ചോതുന്നതാണ്. അഴിമതി, അതും സംസ്ഥാന ഖജനാവിന് ഓട്ടയിടുന്ന തരത്തിലെ പ്രവൃത്തി ചെയ്ത ഒരാൾക്ക് സ്മാരകം പണിയാൻ പൊതു ഖജനാവിൽ നിന്നും പണം നൽകുക എന്നത് വരും തലമുറകൾക്ക് കൊടുക്കുന്ന ഏറ്റവും മോശപ്പെട്ട ഒരു പാഠമാണ്. ഐസക് മറന്നു പോയ ഒരു കാര്യം ഉണ്ട്, ആ അഞ്ചു കോടിയുടെ കൂടെ ഈ സർക്കാരിന് വിലമതിക്കാനാകാത്ത, ഇനി തിരിച്ചെടുക്കാൻ ആവാത്ത തരത്തിൽ ഒരു വലിയ നഷ്ടം സംഭവിച്ചു, അത് പൊതു പ്രവർത്തനത്തിൽ മൂല്യങ്ങൾക്കുള്ള വിലയാണ്. അഞ്ച് ദശാബ്‌ദത്തിനു മുകളിൽ എംഎൽഎ ആയിരുന്നത് ചെറിയ കാര്യമല്ല, പക്ഷെ ഒരു പൊതു പ്രവർത്തകൻ പ്രത്യേകിച്ചും ഒരു മന്ത്രി പുലർത്തേണ്ട മിനിമം സത്യസന്ധത തനിക്ക് പുല്ലാണെന്ന് വിളിച്ചോതി യാതൊരു ധാർമികതയുമില്ലാതെ അഴിമതി നടത്തിയ ഒരാൾക്ക് അഞ്ചു കോടി വകയിരുത്തുമ്പോൾ ഐസക് പുതു തലമുറയോട് പറഞ്ഞത്, അധാർമികത തെറ്റല്ല എന്ന് മാത്രമല്ല അംഗീകരിക്കപ്പെടേണ്ടതാണെന്നാണ്. ഐസക്കിൽ നിന്നും കേരളം പ്രതീക്ഷിക്കാത്ത ഒരു പ്രഖ്യാപനം ആയിപ്പോയി എന്ന് പറയാതെ വയ്യ.

Comments

comments