വെട്ടാന്‍ കൊണ്ടുവന്ന പോത്തായിരുന്നു.
കുടുക്കിക്കെട്ടി
നിറന്തലയില്‍ കൂടംകൊണ്ടടിച്ച്
വെട്ടിമലര്‍ത്താനായിരുന്നു പ്ലാന്‍.
കത്തി റാകിപ്പറക്കുംനേരം
അയ്യോ അരുതേയെന്ന അശരീരി മുഴങ്ങി.
കണ്ണുകളിലെ നനവില്‍
മിന്നായം പോലെ
ഇണ,
കുത്തുകൂടി കളിക്കുന്ന കുട്ടികള്‍..
അമ്മ..
കയറൂരി വിടാന്‍ തോന്നി.
പോത്തിന് പോത്തിന്‍റെ മേച്ചില്‍പ്പുറം.
പച്ചപരമാര്‍ത്ഥമായ പുല്‍ത്തകിടികള്‍.
ഇടച്ചിറത്തോട്.
കട്ടച്ചെളി.
ഈച്ചകള്‍.
വാലെത്താത്തിടത്തെ
ചെള്ളിന്‍റെ പെരുക്കങ്ങള്‍ക്ക്
കുത്തിക്കലാശം കൊട്ടുന്ന
കിളികള്‍.
പാടത്തിന് മേലാപ്പിലെ
മുഴുവന്‍ ആകാശവും.
തീവണ്ടി കളിച്ചുവരുന്ന കാറ്റും.
ഓന്‍ ഹാപ്പിയാണ്.
എന്‍റെ കാര്യമാണണ്ണാ കഷ്ടം.
എന്തും തിന്നാന്‍ എടുക്കുമ്പോഴും
അവന്‍,
ആ അശരീരി
കഴുത്ത് പീച്ചാനെത്തുന്നു.
നെല്ലിന്‍റെ
കിടാങ്ങളാണത്രേ അരിമണികള്‍.
ചെന്തുണിയില്‍ കിടാങ്ങളെ ഒളിപ്പിച്ച
പടവലങ്ങ, പാവയ്ക്ക.
പൊടിച്ചോരക്കുഞ്ഞന്മാരുമായി കോവയ്ക്ക.
മുക്കണ്ണന്‍ തേങ്ങ.
എന്തിലും ജീവന്‍റെ തുള്ളിച്ചാട്ടം.
എന്നെ ഒറ്റമുറിയിലടച്ചിട്ട്
പട്ടിണി
ആളെ കൂട്ടാന്‍ പോയിരിക്കുകയാണ്.
ഭൂമിയെ ഒറ്റയുരുളയായി വിഴുങ്ങാനുള്ള വിശപ്പ് വരുന്നു.
ഒട്ടി,
ഞരമ്പ് പിടച്ച
എന്‍റെ നടുവിരലിലാണ്
ഇപ്പോഴെന്‍റെ കൊതിക്കണ്ണ്
Be the first to write a comment.