ആകാശ് സിംഗ് റാത്തോഡിന്‍റെ ഭരണഘടനാമുഖത്തെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ റിവ്യൂവിന് ഇത് തെറ്റായ ആദ്യവരിയാകില്ല. മറ്റാരുടേതുമല്ല, അംബേദ്കറുടേതാണ് ആ ആമുഖം എന്ന് സ്ഥാപിക്കാനാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് എങ്കില്‍ പോലും.
ഭരണഘടനാമുഖത്തില്‍ സമത്വം എന്ന വാക്ക് എങ്ങനെ വന്നു എന്ന് പരിശോധിക്കുന്ന അധ്യായം ഏതാണ്ട് മുഴുവനായും തന്നെ ബുദ്ധനെക്കുറിച്ചാണ്. ബുദ്ധിസ്റ്റ് ആശയങ്ങളെക്കുറിച്ച്, അതിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച്. അംബേദ്കര്‍ എന്ന ബുദ്ധിസ്റ്റ്, സമത്വം എന്ന ബുദ്ധിസ്റ്റ് ആശയത്തെ എങ്ങനെയാണ് നമ്മുടെ ഭരണഘടനയുടെ ആണിക്കല്ലുകളിലൊന്നായി സ്ഥാപിച്ചത് എന്നതിനെക്കുറിച്ച്. നമ്മുടെ രാജ്യത്തിന് സമത്വം (equality) എന്ന ആശയം എത്രയോ അപരിചിതമായ ഒന്ന്. ആയിരത്താണ്ടുകളായി അസമത്വം എന്ന സംഗതിയാണ് ഇന്ത്യ എന്ന് നമ്മളിപ്പോള്‍ വിളിക്കുന്ന പ്രദേശത്തിന്റെയാകെ സംസ്‌കാര അടിത്തറ. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍, എന്നിങ്ങനെ ശ്രേണീകൃതമായ അസമത്വമായിരുന്നല്ലോ ഇന്നാട്ടിന്‍റെ ജീവിതാടിസ്ഥാനം. അതുക്കെല്ലാം താഴെ അടിച്ചമര്‍ത്തപ്പെട്ട ദലിതര്‍. ക്രൂരമായ അസമത്വത്തെ ഈ പ്രദേശത്തിന്‍റെ സാംസ്‌കാരിക അടിസ്ഥാനമാക്കി സ്ഥാപിച്ച് വെച്ചത് ബ്രാഹ്മണാധിപത്യ രാഷ്ട്രീയം. അഗാധമായ വേരുകളുള്ള ബ്രാഹ്മണ്യ രാഷ്ട്രീയത്തിനെതിരെ വിജയിച്ച ഏകവിപ്ലവം ബുദ്ധിസ്റ്റ് രാഷ്ട്രീയമായിരുന്നു എന്ന ബോധ്യമാണ് അംബേദ്കര്‍ക്കുണ്ടായിരുന്നത് എന്ന് ആകാശ് സിംഗ് റാത്തോഡ് സമയമെടുത്ത് വിശദീകരിക്കുന്നു. പിന്നീടതിനെ പരാജയപ്പെടുത്തുന്നതിൽ വിജയിച്ച പ്രതിവിപ്ലവത്തെക്കുറിച്ചും. ബ്രാഹ്മണര്‍ക്ക് മാത്രം പൗരോഹിത്യാവകാശങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് എല്ലാവരേയും പുരോഹിതരാക്കി ബുദ്ധിസം വിപ്ലവം നടത്തി, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമേ അനുവദിക്കാത്ത ബ്രാഹ്മണിക്കല്‍ രാഷ്ട്രീയത്തിനെതിരെ സ്ത്രീകളെക്കൂടെ പുരോഹിതരാക്കി ബുദ്ധിസം ബദലുണ്ടാക്കി. അസമത്വം എന്ന ആശയം സര്‍വ്വയിടത്തും ആഞ്ഞടിച്ചുറപ്പിച്ച ബ്രാഹ്മണാധിപത്യ രാഷ്ട്രീയത്തിനെതിരെ ബുദ്ധിസം ആദ്യമായി സമത്വം എന്ന ആശയത്തെ പരിചയപ്പെടുത്തി. പരിചയപ്പെടുത്തുക മാത്രമല്ല, അത് നാട്ടിന്‍റെ സകലഭാഗങ്ങളിലും, ഏറ്റവും കീഴ്ത്തട്ടില്‍ എത്തും വിധം പ്രചരിപ്പിക്കാനുള്ള സംവിധാനങ്ങളും ബുദ്ധിസത്തിനുണ്ടായിരുന്നു. ആശയപരമായത് മാത്രമായിരുന്നില്ല ഈ ബദൽ. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിൽ രാജ്യത്തെ എല്ലാ പ്രധാന സാമ്രാജ്യങ്ങളും ബ്രാഹ്മണിക്കല്‍ രാഷ്ട്രീയത്തിന്‍റെ ആശയം നടത്തിപ്പുകാരുടേതായിരുന്നു. ബ്രാഹ്മണരും, ക്ഷത്രിയരും, രജപുത്രരും. എന്നാല്‍ പിന്നീട് ബുദ്ധിസം ചെറുതല്ലാത്ത രാജ്യങ്ങളില്‍ രാജാക്കന്മാരുടെ മതമായും മാറി. സമത്വം എന്ന രാഷ്ട്രീയാശയത്തിന് രാജപിന്തുണ കിട്ടുന്ന ചെറിയൊരു കാലം കൂടെ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ഇതിനേക്കാള്‍ ഇരുണ്ടൊരു നാടായേനേയെന്ന് അംബേദകർ എഴുതിയിട്ടുണ്ട്. ഈ ബുദ്ധിസത്തില്‍ നിന്നാണ് അംബേദ്കര്‍ സമത്വം എന്ന ആശയത്തെ എടുത്ത് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിഷ്ഠിക്കുന്നത്. ഭാരതദേശത്തെ വിജയിച്ച ആദ്യ ആശയവിപ്ലവത്തിൽ നിന്ന് അതിന്‍റെ കാതലായ സമത്വത്തെ.
ബ്രാഹ്മണിക്കല്‍ രാഷ്ട്രീയവും, അതിന്‍റെ നടത്തിപ്പുകാരായ ക്ഷത്രിയ രാജാക്കന്മാരും രക്തരൂഷിതമായി നേരിട്ടാണ് ബുദ്ധിസത്തെ പരാജയപ്പെടുത്തിയത്. വിൻസെന്റ് സ്മിത്തിന്‍റെ ഏർലി ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന പുസ്കത്തിൽ നിന്നുള്ള അംബേദ്കറിന്‍റെ ക്വോട്ട് പുസ്തകത്തിൽ .
“Shashanka .. burned the holy bodhi tree at budh gaya. Broke the stone marked with the footprints of Buddha at Pataliputra, destroyed the convents, scattered the monks, carrying his persecutions to the foot of the Nepalese hills.”
ബുദ്ധിസം അതിന്‍റെ സമത്വത്തിന്‍റെ രാഷ്ട്രീയത്തെ സ്ഥാപിക്കാൻ ശ്രമിച്ചതാണ് ഇന്നാട്ടിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിപ്ലവം എന്ന് അംബേദ്കർ എഴുതിയത് റാഥോറിന്‍റെ പുസ്തകം വിശദീകരിക്കുന്നു. അതിനെതിരായ കൗണ്ടർ റെവല്യൂഷൻ രക്തരൂഷിതമായിരുന്നു. അംബേദ്കർ എഴുതുന്ന ബുദ്ധിസ്റ്റ് ചരിത്രപ്രകാരം പുഷ്യാമിത്ര ശുങ്ക എന്ന രാജാവാണ് ബുദ്ധിസത്തെ ചിതറിക്കാൻ ഏറ്റവും പണിയെടുത്ത രാജാവ്. സമത്വം എന്ന പുതിയ രാഷ്ട്രീയപ്രത്യയശാസ്ത്രത്തിനെതിരായ ഗ്രേഡഡ് ഇനീക്വാലിറ്റി പ്രത്യയശാസ്ത്രത്തിന്‍റെ രാഷ്ട്രീയപ്രയോഗമായിരുന്നു അതെന്ന് അംബേദ്കർ വിശ്വസിച്ചിരുന്നു, വിശദീകരിച്ചിരുന്നു പല എഴുത്തുകളിലൂടെ.
ആയിരത്താണ്ടുകളാൽ അടിച്ചുറപ്പിക്കപ്പെട്ട ബ്രാഹ്മണാധിപത്യരാഷ്ട്രീയത്തിന്‍റെ അടിസ്ഥാനസംഗതിയായിരുന്നു അസമത്വം. ആ സംഗതിയാലാണ് ഇന്നാട്ടിൽ ദൈനം ദിന ജീവിതചര്യകൾ പോലും നിശ്ചയിക്കപ്പെട്ടിരുന്നത്. അങ്ങനെയുള്ളൊരു ക്രൂരപ്രദേശത്തിന് പുതിയ രാഷ്ട്രീയജീവിതം നൽകാൻ അംബേദ്‌കറിന് സമത്വം എന്ന ആശയത്തെ എടുത്തുകൊണ്ട് വരാൻ ബുദ്ധിസത്തിന്‍റെ വിപ്ലവപ്രത്യയശാസ്ത്രം ഉണ്ടായിരുന്നു എന്നാണ് equality എന്ന അധ്യായത്തിൽ റാഥോഡ് ശ്രമിക്കുന്നത്. എത്ര വിശ്വസനീയവുമായാണെന്നോ റാഥോഡ് പുസ്തകത്തിൽ അക്കാര്യം പറയുന്നതെന്നോ. ഈ അധ്യായം മാത്രമെടുത്താൽ പോലും അത് ഈ നാടിന്‍റെ പുരാതന, പുരോഗമനശ്രമ ചരിത്രത്തിന്‍റെ വഴികളെ അപ്പാടെ തന്നെ ഉൾക്കൊള്ളുന്നൊരു കഷണമാണ്.
ഒരധ്യായത്തിന്‍റെ കഥയാണിത്. Ambedkar’s preamble, a secret history of the constitution of India എന്ന ആകാശ് സിംഗ് റാഥോറിന്‍റെ പുസ്തകം ഇത് പോലെ സമ്പന്നമായ ആറ് അധ്യായങ്ങളുടെ സമാഹാരമാണ്. ഇന്ത്യൻ ഭരണഘടനാമുഖത്തിലെ പ്രധാനപ്പെട്ട ആറ് ആശയങ്ങൾ എങ്ങനെ വന്നുവെന്ന്, ഏത് രാഷ്ട്രീയാശയങ്ങളാണ് അവയെ അവയുടെ സ്ഥാനങ്ങളിൽ ചിട്ടപ്പെടുത്തിയതെന്ന് വിശദീകരിക്കുന്നത്. ജസ്റ്റിസ്, ലിബർട്ടി, ഈക്വാലിറ്റി, ഫ്രറ്റേണിറ്റി, ഡിഗ്നിറ്റി, നേഷൻ എന്നീ വാക്കുകളുടെ അംബേദ്കറിലേക്കുള്ള വരവും, അദ്ദേഹത്തിലൂടെ ആമുഖത്തിലേക്കുമുള്ള വരവുമാണ് പുസ്തകം പറയുന്നത്.
മേൽ വിവരിച്ച ഈക്വാലിറ്റി അധ്യായത്തിലെന്ന പോലെ, ചരിത്രവും തത്വശാസ്ത്രവും വിശദീകരിക്കുന്നവയാണ് മറ്റ് അധ്യായങ്ങളും. ഇവ വെറും വാക്കുകളല്ല, ഓരോ വാക്കും ബൃഹദ് ആലോചനകൾ ചേർന്നുണ്ടായതാണ് എന്ന്. ആലോചനകൾ മാത്രമല്ല,വലിയ തർക്കങ്ങളും കടന്ന് വന്നതാണ് എന്ന്. തർക്കത്തിന്‍റെ ഒരു ഉദാഹരണം ഡിഗ്നിറ്റി എന്ന അധ്യായത്തിൽ ഉണ്ട്.
അക്കാലത്ത് നാട്ടിൽ അത്രയ്ക്ക് പ്രബലമായിരുന്ന ഗാന്ധിയൻ ആശയങ്ങളേയും പണിപ്പെട്ട് നിഷേധിച്ചാണ് അംബേദ്കർ ഭരണഘടനയുടെ ആമുഖത്തെ ഉണ്ടാക്കിയത്. ഗ്രാമകേന്ദ്രിതമായ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗാന്ധിയുടെ കാൽപ്പനികാശയങ്ങളെ ഏഴയലത്ത് അടുപ്പിക്കാതിരിക്കുന്നതിൽ അദ്ദേഹം അധ്വാനിച്ച് വിജയിച്ചു. ഫ്രറ്റേണിറ്റി, ജസ്റ്റിസ് അധ്യായങ്ങളിൽ ഇത് വായിക്കാം. ഇന്ത്യയിലെ ഗ്രാമങ്ങളാണ് ക്രൂരമായ ജാതിരാഷ്ട്രീയത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നടത്തിപ്പ് കേന്ദ്രം എന്ന ബോധ്യത്തെ അംബേദ്കർ ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽ സ്ഥാപിച്ചെടുത്തു. നമുക്ക് രാഷ്ട്രീയജാഗ്രതയും സമത്വവുമുള്ള ഒരു പൊതുമണ്ഡലത്തെ ഉണ്ടാക്കാനാകാത്തത് ജാതിവിവേചനം നിറഞ്ഞതാണ് ഈ നാട് എന്നത് കൊണ്ടാണ്.
///Caste has killed public spirit. Caste has destroyed the sense of public charity.Caste has made public opinion impossible. A Hindu’s public is his caste. His responsibility is only to his caste. ///
ഈ സർവ്വാധികാരിയായ ജാതിയുടെ വിളയാട്ട് കേന്ദ്രങ്ങളാണ് നമ്മുടെ ഗ്രാമങ്ങൾ.
////The village is a sink of localism, a den of ignorance, narrow mindedness and colonialism.
Indian villages represent a kind of colonialism of the Hindus designed to exploit the untouchables.
The untouchables have no rights. They have no rights because they are outside the village republic and they are outside the so called republic because they are outside the Hindu fold.///
ഗാന്ധി സർവ്വപ്രതാപിയായിരുന്നു, സർവ്വാദരണീയനായിരുന്നു. ഗാന്ധിയൻ രാഷ്ട്രീയമായിരുന്നു സ്വാതന്ത്ര്യത്തെ പ്രാപ്തമാക്കിത്തന്നത്. അല്ലെങ്കിൽ അതായിരുന്നു മുഖ്യധാര. ഭരണഘടനാ അസംബ്ലിയിൽ ആ രാഷ്ട്രീയത്തോട് അത്യധിക ആദരവുള്ളവരായിരുന്നു ഭൂരിഭാഗവും. അന്ധമായ ചോദ്യം ചെയ്യാനാകാത്ത വിശ്വാസം അദ്ദേഹത്തിൽ ഉള്ളവരും കുറവായിരുന്നില്ല. ഗാന്ധിയുടെ കൊലപാതകത്തിന് ശേഷമാണ് ഭരണഘടന എഴുതി പൂർത്തിയായത് എന്നും ഓർക്കണം.
കൊല്ലപ്പെട്ട ശേഷമുള്ള ഗാന്ധിജിയുടെ അമാനുഷികമായ ഔന്നത്യത്തിന്‍റെ ഛായയിൽ നിന്ന് തന്നെ വേണമായിരുന്നു അംബേദ്കറിന് ഗാന്ധിയുടെ പിന്തിരിപ്പൻ നിലപാടുകളെ നിഷേധിക്കാൻ. പക്ഷെ, സമത്വമുള്ള ഒരു ആധുനിക സമൂഹത്തിന്‍റെ മാർഗരേഖയിൽ ഉൾപ്പെടാൻ പാടില്ലാത്ത പിന്തിരിപ്പൻ ആശയങ്ങളും അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തിനകത്ത് ഉണ്ടായിരുന്നു. അവയെ അകറ്റി നിർത്താൻ അംബേദ്കർ കാണിച്ച രാഷ്ട്രീയജാഗ്രതയും അതിന്‍റെ വിജയവും റാഥോറിന്‍റെ പുസ്തകത്തിലുണ്ട്.
ആരാണ് ഭരണഘടനയുടെ ആമുഖം എഴുതിയത്. ബി എൻ റാവു, ജവഹർലാൽ നെഹ്റു എന്നീ ഉത്തരങ്ങളാണ് സാധാരണയായി കിട്ടുക. പൊതുപരീക്ഷകളിൽ മാർക്ക് കിട്ടാറുള്ള ഉത്തരം ജവഹർലാൽ നെഹ്രുവിന്‍റെ പേരാണ്. ആകാശ് സിംഗ് റാഥോറിന്‍റെ പുസ്തകം ആ ഉത്തരം തെറ്റാണ് എന്ന് തെളിയിക്കാനുള്ള ശ്രമമാണ്, ലളിതമായ അർഥത്തിൽ. പേര് സൂചിപ്പിക്കും പോലെ അംബേദ്‌കറാണ് ആമുഖരചയിതാവ് എന്ന ഇപ്പോൾ രഹസ്യമായി കിടക്കുന്നൊരു വസ്തുതയുടെ വെളിപ്പെടുത്തലിനായുള്ള പുസ്തകമാണത്. എന്നാൽ അതേ സമയം അത് ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും, രാഷ്ട്രീയമായ ഭൂതകാലത്തെക്കുറിച്ചുമുള്ള അത്യധികം പ്രകാശമാനമായൊരു ടെക്സ്റ്റായി അനുഭവപ്പെടും വായനക്കാരന്. ത്രില്ലടിപ്പിക്കുന്നൊരു വായനയാണ് അതിന്റേത്. കടുത്ത ഭാവിയെ നേരിടാനൊരുങ്ങുന്ന നമ്മളെ, ഈ ആപത്ഘട്ടത്തിൽ വെളിച്ചം നിറഞ്ഞ ഭൂതകാല രാഷ്ട്രീയപ്രവർത്തനങ്ങളെ കൈയെത്തിപ്പിടിക്കാൻ പ്രാപ്തരാക്കുന്ന ചരിത്രപുസ്തകമാണ്. ഉറപ്പായും വായിക്കേണ്ടത്.
///No past civilizational glories, no future superpower status, nothing redounds more to the true greatness of a nation than the dignity of every individual in it. Dr. Ambedkar held this view, and the appearance of the term ‘dignity’ in the preamble to our constitution stemmed from this unique conviction. ///
================================================================
സനീഷ് ഇളയിടത്ത് (മാധ്യമ പ്രവർത്തകൻ )
Be the first to write a comment.